Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 23

യാസീൻ പകുതി മുതൽ തുടങ്ങി സ്വാഫ്ഫാത് , സ്വാദ് സൂറകൾ കടന്ന് സുമർ ഏകദേശം പകുതി വരെ നീണ്ടു നില്ക്കുന്നതാണ് ഈ ഭാഗം . എല്ലാ ആയതും മക്കിയ്യാണ്. എല്ലാത്തിന്റേയും ഊന്നൽ മേഖലയും ഏകദേശം മരണം , പരലോകം എന്നിവയാണ്. കഴിഞ്ഞ ജുസ്ഇന്റെ അവസാനം ആ ഗ്രാമവാസികൾ ചില പ്രബോധകന്മാരെ ശഹീദുകളാക്കിയ സംഭവമോർക്കുന്നുണ്ടാവും. അവർക്ക് ആ നാട്ടുകാരിൽ നിന്നുണ്ടായ മോശം പ്രതികരണങ്ങളും രക്ഷസാക്ഷികൾക്ക് നാഥനിൽ നിന്നുള്ള നിലക്കാത്ത പ്രതിഫലവും ഗ്രാമീണരുടെ ആക്രമണവും നാം വായിച്ചു.

പീഡകർക്കും പീഡിതർക്കും നല്കിയ ഉചിതമായ പ്രതിഫലം അവിടെ സ്മരിച്ചിരുന്നു. ആ നാട്ടുകാർ തികച്ചും നിസ്സാരരായതും ഒരു ഘോര ശബ്ദത്തോടെ അവർ കെട്ടടങ്ങിയതും ഹൃദയത്തെ പിടിച്ച് കുലുക്കുന്ന ശൈലിയിലാണ് ഖുർആൻ വിവരിച്ചത്. ഇതേ അനുഭവം തന്നെയായിരുന്നു മുമ്പ് പ്രബോധകന്മാരെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്തവർക്കെന്നും എല്ലാ പീഡകരേയും റബ്ബിന്റെ മുമ്പിൽ ഹാജരാക്കപ്പെടുന്നവരാകുന്നു എന്നുമുള്ള ഭീഷണിയും ഉണർത്തലുമാണ് 32ാം വാക്യം വരെയുള്ളത്. ശേഷം നിർജീവമായ ഭൂമിയെ സജീവമാക്കി ഈന്തപ്പന, മുന്തിരി എന്നിവയുടെ തോട്ടങ്ങൾ അവർക്ക് ആസ്വദിക്കാൻ നല്കിയതും സസ്യങ്ങളേയും ചന്തുക്കളേയും ഇണകളായി സൃഷ്ടിച്ചതും രാവും പകലും സൂര്യനും ചന്ദ്രനും കപ്പലും മറ്റ് അനുഗ്രഹങ്ങൾ മനുഷ്യർക്ക് ചൊരിഞ്ഞ് നല്കിയതും ചുരുക്കിപ്പറയുകയാണ് 44 വരെ സൂക്തങ്ങൾ.

synedic, siderial എന്നീ ചന്ദ്ര – സൂര്യ ചംക്രമണം നിരീക്ഷിക്കുന്നവർക്ക് പ്രപഞ്ചത്തിന്റെ കൃത്യത / accuracy ബോധ്യപ്പെടുന്നതാണ് .
അതാണ് ഖദ്ദർനാഹു മനാസിൽ എന്നതിന്റെ അർഥം.ഉദാഹരണത്തിന് ചന്ദ്രന്റെ 28/29 ഘട്ടങ്ങൾ/ elongations (മനാസിൽ )ഉം ഉർജൂനുൽ ഖദീം അഥവാ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടു പോലത്തെ ദൃശ്യമായ ചന്ദ്രന്റെ അവസാനത്തിന് ശേഷമുള്ള അമാവാസി / newmoon എന്നിവയും നിരീക്ഷിക്കാതെ അസ്തമിക്കുന്ന ചന്ദ്രനെ കാണാൻ പടിഞ്ഞാറ് (മഗ്രിബിൽ ) അറബിക്കടൽ തീരത്ത് നോക്കുന്ന രീതി ഒരിക്കലും ഗോളശാസ്ത്രപരമായി ശരിയല്ല. സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ചന്ദ്രന്റെ പ്രകാശിക്കാത്ത മുഖം ഭൂമിക്ക് നേരെ വരുന്നതാണ് അമാവാസി. മാസപ്പിറവി നഗ്ന നേത്രങ്ങൾകൊണ്ട് ദൃശ്യമാകണമെങ്കിൽ അമാവാസി കഴിഞ്ഞ് ചന്ദ്രന് 20 മണിക്കൂർ പ്രായവും(Moon age) സൂര്യ- ചന്ദ്ര -ഭൂമി രേഖയിൽ നിന്ന് 10 ഡിഗ്രി കോണകലവും (Elongation)ഉണ്ടാവണം. എങ്കിൽ മാത്രമേ ചന്ദ്രക്കല നഗ്‌ന നേത്രങ്ങൾകൊണ്ട് കാണാൻ സാദ്ധ്യമാവുകയുള്ളൂ.

ഈ ആയതുകൾ വ്യാഴാഴ്ച രാത്രി വെള്ളിയാഴ്ച രാവ് എന്ന പേരിൽ ഓതി വിടുകയുമാണ് നാം ചെയ്യുന്നത്. ‘രാവ് പകലിനെ മറികടക്കുന്നില്ല ‘ എന്ന ശാസ്ത്രീയ സത്യം മന്ത്രമായി മാറുകയും രാത്രികൊണ്ട് ദിവസം ആരംഭിക്കുകയും ചെയ്യുന്ന അശാസ്ത്രീയത മുസ്ലിംകളിലും വളരെ കുറവ് ജൂതന്മാരിലുമാണ് ഇപ്പോഴും കാണപ്പെടുന്നത്.

സത്യനിഷേധികളും ധിക്കാരികളുമായ പൂർവ്വികർക്ക് വന്ന് ഭവിച്ച ശിക്ഷയെ പറ്റിയും മരണാനന്തരം വരാനിരിക്കുന്ന ശിക്ഷയേയും ഓർമിക്കുന്ന വല്ല ദൃഷ്ടാന്തങ്ങളും ഓർമിപ്പിക്കപ്പെട്ടാൽ അവരതിൽ നിന്നും തിരിഞ്ഞുകളയുകയും അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കാൻ ആഹ്വാനം വന്നാൽ പിശുക്കിന്റെ സകല ന്യായീകരണങ്ങളും അവലംബിക്കുകയും അന്ത്യദിനത്തെപ്പറ്റിയുള്ള താക്കീതുകൾക്ക് ധൃതി കൂട്ടുകയും തർക്കിക്കുകയും ചെയ്യുന്നതിനിടയിൽ മറ്റൊന്നും ചെയ്യാൻ കഴിയുന്നതിന് മുമ്പ് ചത്തുമലക്കുമെന്നും മറ്റൊരു ഊത്തോടെ ശ്മശാനത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കപ്പെടുകയും , ശേഷം ഒരുമിച്ച് കൂട്ടൽ , രക്ഷാ – ശിക്ഷകൾ , സ്വർഗം – നരകം, കുറ്റവാളികളുടെ വേർതിരിവ് എന്നീ പരലോകക്കാഴ്ചകളുമാണ് 59 വരെ സൂക്തങ്ങളിലുള്ളത്.

പ്രപഞ്ച നാഥന് മാത്രം കീഴടങ്ങുക എന്നതിൽ നിന്ന് മനുഷ്യനെ തെറ്റിച്ച് പിശാചിന്റെ പ്രേരണക്ക് വശംവദരായി പക്കാ ബഹുദൈവത്വവും ദൈവ നിഷേധവും പ്രവർത്തിച്ചിട്ടും മുൻകാലങ്ങളിൽ ചെയ്തത് പോലെ എന്താണ് ഞങ്ങളെ റബ്ബ് ശിക്ഷിക്കുന്നില്ലെന്നാണ് അവരുടെ ചോദ്യം. അറിവുകളുടെയും കഴിവുകളുടെയും പാരമ്യത്തിലെത്തി നില്ക്കുന്ന മനുഷ്യൻ തന്റെ ഭൂതവും ഭാവിയും വിസ്മരിച്ച് ധിക്കാരിയായി ചുമയും. എന്നാൽ വല്ലവനും ദീർഘായുസ്സ് നൽകപ്പെട്ടാൽ അവന്റെ പ്രകൃതി തന്നെ മാറ്റേണ്ടി വന്നേനെ എന്നുമാണ് 68 വരെ ആയതുകളിലുള്ളത്.

തുടർന്ന് നബിയെ കുറിച്ച് മക്കകാരുടെ മറ്റൊരു ആരോപണം” അദ്ദേഹം കവി ” യാണെന്ന ആരോപണത്തെ കുറിച്ചാണ് തുടർന്ന് സംസാരിക്കുന്നത്. അദ്ദേഹം പറയുന്നത് കവിതയല്ലെന്നും കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് താക്കീതും ശിക്ഷയുടെ വചനം / ഖൗലുമാണത്. സുവ്യക്തമായ തെളിവ് ലഭിച്ചാലവർക്ക് ഒഴികഴിവിനുള്ള പഴുത് ഇല്ലാതാവും എന്ന് പറഞ്ഞു കൊണ്ട് പ്രപഞ്ചത്തിലെ കന്നുകാലികളെ മെരുക്കി തന്നതും വ്യത്യസ്ത ഉപകാരങ്ങളവയിൽ നിക്ഷേപിച്ചതും ഉണർത്തി അവരുടെ നന്ദികേടും ബഹുദൈവത്വരയും എടുത്തു പറഞ്ഞു പരലോകക്കാഴ്ചകൾ അവരുടെ മുമ്പിൽ ചിത്രീകരിക്കുകയാണ് 75 വരെ ആയതുകൾ . നിഷേധികളുടെ വാക്കുകേട്ട് ദുഃഖിക്കരുതെന്നും വളരെ നിസാരമായ കണത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യൻ അഹങ്കാരിയാവുന്നതെങ്ങിനെയെന്നും എല്ലുകൾ ദ്രവിച്ച ശേഷം ഉണ്ടാക്കുന്നത് ശൂന്യതയിൽ നിന്നുമുണ്ടാക്കുന്നതിനേക്കാൾ നിസാരമാണവന് എന്നും ഉണർത്തുന്നു. ശേഷം മരക്കഷ്ണങ്ങൾ ഉരസി തീയുണ്ടാവുന്നതും ആകാശ ഭൂമികളുമടങ്ങുന്ന സൃഷ്ടികളുമെല്ലാം പരിശുദ്ധനായ അല്ലാഹുവിന് ഒരു “കുൻ ഫയകൂൻ ” ന്റെ പോലും സമയം വേണ്ടതില്ലാത്തനിസാരകാര്യമാണെന്നുമുണർത്തി സൂറ: സമാപിക്കുന്നു. (ഉണ്ടാവുക, ഉണ്ടാവും =كن فيكون)

തുടർന്ന് സുറ:സ്വാഫ്ഫാത് (അണിനിരന്നവ) ആരംഭിക്കുന്നു.മക്കയിൽ അവതരിച്ച ഈ സൂറയിൽ 182 വചനങ്ങളാണുള്ളത്
പ്രപഞ്ചത്തിലെ പല വസ്തുക്കൾ (മലക്ക്, കാറ്റ്, മേഘം ….) കൊണ്ടുള്ള ശപഥം ചെയ്തു കൊണ്ട് തുടങ്ങുന്ന പല അധ്യായങ്ങളും ഖുർആനിലുണ്ട്. ഇവിടെ അണിനിരന്നവർ, തടയുന്നവർ, കീർത്തനം ആലപിക്കുന്നവർ എന്നീ വിശേഷണങ്ങൾ മാലാഖമാരെ കുറിച്ചാണെന്നാണ് മുഖ്യധാരാ മുഫസ്സിറുകളുടെ വിശദീകരണം. പ്രപഞ്ചത്തിലെ അതി സൂക്ഷ്മസംവിധാനം സ്രഷ്ടാവിന്റെ മഹത്വവും ഏകത്വവും വ്യക്തമാക്കുന്നുണ്ടെന്നും അവയെല്ലാം നിഷേധികൾ ഒറ്റയടിക്ക് പരിഹസിച്ച് തമാശയാക്കി കളയുകയാണെന്നും എല്ലാ സമൂഹങ്ങളിലെയും പോലെ ” മണ്ണായി ലയിച്ച് കഴിഞ്ഞാലും ഉയിർത്തെഴുന്നേല്പോ ” പോലുള്ള സ്ഥിരം പല്ലവിയുമായാണ് അവർ വരുന്നതെന്നും ആ നിഷേധമെല്ലാം തീരുമാനത്തിന്റെ നാളിൽ മാത്രമേ ബോധ്യപ്പെടൂ എന്ന 21 വരെയുള്ള ആമുഖത്തിന് ശേഷം പരലോകക്കാഴ്ചകളും ഇഹലോകത്ത് നബിയെ കുറിച്ച് അവർ പറഞ്ഞ ആരോപണങ്ങളും അവരർഹിക്കുന്ന ശിക്ഷയാണ് അവർക്ക് കിട്ടാൻ പോകുന്നതെന്ന സംഗതികളാണ് 39 വരെ ആയതുകളുടെ സാരാംശം.
സുഭഗരായ സ്വർഗവാസികളുടെ അനുഗ്രഹങ്ങളുടേയും സ്മരണകളുടേയും രണ്ടു ചേരിയിൽ അണിനിരന്ന രണ്ടു നിലപാടുകാരുടെ സംഭാഷണങ്ങളുമൊക്കെയായി ചിത്രീകരണം മുന്നോട്ട് പോയി സ്വർഗ വാസികളുടയും നരകക്കാരുടേയും ഭക്ഷണ/പാനീയ വിശേഷണങ്ങളിലൂടെ കടന്ന് അവരുടെ മുൻഗാമികളുടെ കാൽപാടുകളിലൂടെ കുതിച്ചു പായുന്ന ആ നിഷേധികൾ അവരിലേക്കയക്കപ്പെട്ട ദൂതന്മാരെ കളവാക്കിയതടക്കം വളരെ ചെറിയ സൂക്തങ്ങളിലായി (74 വരെ ) ഹാർദ്ദമായി ചിത്രീകരിക്കുന്നു. അല്ലാഹുവിന്റെ നിഷ്കളങ്കരായ വളരെ കുറച്ച് ദാസന്മാർ മാത്രമേ സത്യത്തെ അംഗീകരിച്ചിരുന്നുള്ളൂവെന്ന് നൂഹ് , ഇബ്റാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, മൂസാ, ഹാറൂൻ, ഇല്യാസ്, ലൂത്വ് , യൂനുസ് (അലൈഹി മുസ്സലാം) എന്നീ പ്രവാചകന്മാരുടേയും അവരുടെ സമൂഹങ്ങളുടെ വ്യത്യസ്ത നിലപാടുകളും 148 വരെ സൂക്തങ്ങളിൽ ചരിത്രക്രമത്തിലല്ലാതെ പറഞ്ഞു പോവുന്നു. പല സമൂഹങ്ങളിലുമുണ്ടായിരുന്ന ശിർക്കീ (ബഹുദൈവ ) സങ്കല്പങ്ങൾ തന്നെയാണ് മക്കാ മുശ്രിക്കുകളും മനസ്സിൽ താലോലിക്കുന്നതെന്നും ദൈവത്തിന് മക്കളുണ്ടാവുക എന്ന വാദത്തേക്കാൾ വലിയ നുണയില്ലെന്നും അപ്രകാരമാണ് ജിന്നിനേയും അല്ലാഹുവിനേയും ബന്ധിപ്പിച്ചവരുണ്ടാക്കുന്ന അതിമാനുഷ കഥകളെന്നും അവരുണ്ടാക്കുന്ന കഥകളിലൊന്നും വിശ്വസിക്കാത്ത നിഷ്കളങ്കരായ ചില ദാസന്മാർ എല്ലാ സമൂഹങ്ങളിലുമുണ്ടായിരുന്നുവെന്നും അവരൊഴിച്ചുള്ള കുഴപ്പത്തിൽ പെട്ട നിഷേധികളുടെ പരിണതി നരകമാണെന്നും ആ പരിമിതരായ നിഷ്കളങ്കരായ (മുഖ്ലസ്വ്) ദാസന്മാർക്കായി സ്വർഗവുമുണ്ടെന്നുമാണ് 160 വരെ സൂക്തങ്ങൾ ഉദ്‌ഘോഷിക്കുന്നത്.

പൂർവികരിൽ നിന്ന് വല്ല ഉത്ബോധനവും കിട്ടിയിരുന്നുവെങ്കിൽ ഞങ്ങൾ നന്നായി പോയേനേ എന്ന് നിഷേധികൾ പായാരം പറയുമെന്നും എന്നാൽ വിധി മുമ്പേ തീരുമാനിച്ചതാണെന്നും അറിയിക്കുകയാണ് 71 വരെ സൂക്തങ്ങൾ . അല്ലാഹുവിന്റെ പ്രത്യേക പരിഗണനയും സ്നേഹവും ലഭിക്കുന്ന സുകൃതവാന്മാർ, നിഷ്കളങ്കരായ ദാസന്മാർ, മാലാഖമാർ എന്നിവരെല്ലാം അല്ലാഹുവിന്റെ സഹായം ലഭിക്കുന്ന സൈന്യമാണെന്നും, അല്ലാത്തവരിൽ നിന്ന് തിരിഞ്ഞ് കളയാനും ആഹ്വാനം ചെയ്ത് കൊണ്ട് ലോക രക്ഷിതാവായ അല്ലാഹുവിനു സ്തുതിയും അവന്റെ ദൂതന്മാർക്ക് സമാധാനവും ലഭ്യമാവുമെന്ന സന്തോഷ വാർത്തയോടെ സൂറ: സമാപിക്കുന്നു.

തുടർന്ന് സൂറ: സ്വാദ് ആരംഭിക്കുന്നു. മക്കയിൽ അവതരിച്ച ഈ അധ്യായത്തിൽ 88 വാക്യങ്ങളാണുള്ളത്.

ഒറ്റ കേവലാക്ഷരം കൊണ്ട് തുടങ്ങി ഖുർആനെ കൊണ്ടുള്ള ശപഥത്തോടെ ലോകത്തിലിതുവരെയുണ്ടായിട്ടുള്ള പ്രവാചകത്വത്തിന്റെ അത്ഭുതങ്ങളും നിഷേധികൾക്കുണ്ടായ ശിക്ഷകളുടെ സ്ഥിരീകരണവുമാണ് ആദ്യ 6 സൂക്തങ്ങളിൽ ആമുഖമായി പറഞ്ഞത് . മുഹമ്മദ് നബിയടക്കമുള്ള പ്രവാചകന്മാർ തങ്ങളുടെ ജീവിതം മുഴുവൻ സമയവും അവരവരുടെ സമൂഹത്തിന്റെ കൂടെ തന്നെ ആയിരുന്നിട്ടും ദൃഷ്ടാന്തങ്ങളെല്ലാം കൃത്രിമ സൃഷ്ടിയാണെന്ന് വിളിച്ചു പറയുകയായിരുന്നു എല്ലാ സമൂഹങ്ങളും പോലെ മുഹമ്മദ് നബിയുടെ സമൂഹവും. പ്രവാചകൻ തങ്ങളുടെ കൂട്ടത്തിലെ നേതാവോ സമ്പന്നനോ ആവാത്തതിലുള്ള ഈർഷ്യം കൊണ്ട് പരസ്പരം ആശയപ്പൊരുത്തമില്ലെങ്കിലും അദ്ദേഹത്തെ എതിർക്കാനുള്ള സഖ്യകക്ഷിയായി മക്കക്കാരെല്ലാം നിലനിന്ന അവസ്ഥാ വർണനയാണ് 12 വരെ ആയതുകളിൽ .

സമൂഹം പ്രവാചകനെതിരെ സംഘടിക്കൽ ആദ്യ സംഭവമല്ലെന്നും നൂഹ് , ഹൂദ്, സ്വാലിഹ്, ദാവൂദ് ( അലൈഹി മുസ്സലാം) എന്നീ പ്രവാചകന്മാരുടേയും ചരിത്രം ചിലത് ചുരുക്കിയും ചിലത് വിശദമായും 26 വരെ ആയതുകളിൽ പറഞ്ഞ് കൊണ്ട് ആകാശ ഭൂമികളുടെയും അതിലെ കുഴപ്പക്കാരുടേയും ധർമനിഷ്ഠ പാലിക്കുന്നവരുടേയും താരതമ്യവും വിശുദ്ധ ഖുർആന്റെ സത്യതയും വളരെ ചുരുക്കി 29 വരെ സൂക്തങ്ങളിൽ വിവരിച്ചു കൊണ്ട് ദാവൂദ്, സുലൈമാൻ , അയ്യൂബ്, ഇബ്രാഹീം, ഇസ്ഹാഖ്, യഅ്ഖൂബ്, ഇസ്മാഈൽ, അൽയസഅ് (അലൈഹി മുസ്സലാം) എന്നീ പ്രവാചകന്മാരെയെല്ലാം ചരിത്രത്തിലെ ഉത്തമന്മാരായി എണ്ണിയിട്ട് മുഹമ്മദ് നബിയുടെ ഉത്ബോധനത്തെയും അത് പിൻപറ്റുന്നവർക്കുള്ള സ്വർഗീയാനുഗ്രഹങ്ങളും അതിനെ നിഷേധിക്കുന്നവർക്കുള്ള ശിക്ഷകളുടെ കാഠിന്യവും 60 വരെ ആയതുകളിൽ പറഞ്ഞതിന് ശേഷം നരകക്കാരായ ചിലരുടെ ശാപപ്രാർഥനയും നരകവാസികൾ തമ്മിലുള്ള വഴക്കും 64 വരെ സൂക്തങ്ങളിൽ ചിന്തനീയമായി ചിത്രീകരിക്കുന്നു. ശേഷം നബി (സ) യുടെ അടിസ്ഥാന ദൗത്യമെന്തെന്നും ആ ദൗത്യമാരാണദ്ദേഹത്തെ ഏല്പിച്ചത് എന്നുമുള്ള പ്രഖ്യാപനവുമാണ് 70 വരെ ആയതുകൾ.

മനുഷ്യന്മാരെ പ്രതിനിധികളാക്കിയപ്പോൾ മലക്കുകൾ അവരുടെ സംശയമുണർത്തിയത് സൂറ: ബഖറ 30 ലും മറ്റ് പലയിടങ്ങളിലും പറഞ്ഞ സംഭവം നിരക്ഷരനായ നബി (സ) ക്ക് ദിവ്യ സന്ദേശമായല്ലാതെ എങ്ങനെയാണ് ലഭ്യമായതെന്ന ഒരു ചോദ്യവുമാണ് ഈ സൂക്തങ്ങൾ പറയാതെ പറയുന്നത്. ആദം (അ) – ഇബ് ലീസ് സംവാദവും ഇബ്ലീസിന്റെ വെല്ലുവിളിയും (7:11, 15:31, 17:61, 18:50, 20 : 116 തുടങ്ങി ….) നിരവധി സ്ഥലങ്ങളിലും പറഞ്ഞതു ഓർമിപ്പിച്ച് കൊണ്ട് ഈ പ്രബോധനം ലോകർക്കാകമാനമുള്ളതാണെന്നും അതിന്റെ പേരിൽ യാതൊരു പ്രതിഫലവും ഞാൻ ചോദിക്കുന്നില്ലെന്നും ഒരു കാലയളവിന് ശേഷം ഇതിലെ വൃത്താന്തം നിങ്ങൾക്ക് മനസ്സിലാവുമെന്ന നബി (സ)യുടെ ഉള്ളുതുറന്ന സംസാരത്തോടെ സൂറ: സമാപിക്കുന്നു.

അവസാനമായി സൂറ: സുമറി (കൂട്ടങ്ങൾ) ലെ 31 ആയതുകളാണ് ഈ ജുസ്ഇലുള്ളത്. മക്കയിൽ അവതരിച്ച ഈ സൂറ: യിൽ മൊത്തം 75 വചനങ്ങളുണ്ട്. അവസാനഭാഗത്ത് വിശ്വാസികളുടേയും നിഷേധികളുടേയും സ്വർഗ – നരകപ്രവേശത്തെ കുറിച്ച് പറയുന്നിടത്ത് കൂട്ടമായി (സുമറൻ ) എന്ന പ്രയോഗം വന്നതാണീ പേരിന് നിദാനം. വിശുദ്ധ ഖുർആന്റെ സത്യതയും പടച്ചവന്റെ അവകാശങ്ങളും അധികാരങ്ങളും സ്ഥാപിക്കുകയും നിഷേധികളുടെ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടുമാണ് ആദ്യത്തെ 4 സൂക്തങ്ങളിൽ ആമുഖമായി പറഞ്ഞത്. ഭൂമി – സൂര്യൻ, രാവ് – പകൽ ,സൂര്യൻ – ചന്ദ്രൻ , കന്നുകാലികൾ, ഗർഭം, ഉദരം, ഗർഭാവസ്ഥ എന്നിവ കൃത്യമായും വ്യക്തമായും ലളിതമായും കണ്ടിട്ടും അനുഭവിച്ചിട്ടും എങ്ങിനെയാണ് സത്യത്തിൽ നിന്നും തെറ്റിക്കപ്പെടുന്നത് എന്നും തീർച്ചയായും ഹൃദയങ്ങളിലുള്ള നന്ദി, നിഷേധം എന്നീ സകല കാര്യങ്ങളും അല്ലാഹുവറിയുന്നു എന്നുമാണ് 7 വരെ സൂക്തങ്ങൾ നിഷേധികളോട് അഭിസംബോധന ചെയ്യുന്നത്. തനി അവസരവാദിയായ മനുഷ്യനും സദാ അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കുന്നവനും പ്രതിഫലത്തിലെങ്ങനെയാണ് തുല്യരാവുന്നതെന്നും നന്മ പ്രവർത്തിച്ചവർക്ക് ഐഹിക ജീവിതത്തിൽ തന്നെ സൽഫലമുണ്ടെന്നും കീഴ് വണക്കമാണ് വിശ്വാസികൾക്കെന്നും ഭൂഷണമായതെന്നും കീഴ്പ്പെടുന്നവരിൽ ഒന്നാമനാവണമെന്നും ആ വണക്കം അവന് നിഷ്കളങ്കമാക്കാനാണ് പ്രവാചകനോടൊപ്പം ഓരോ വിശ്വാസിയും കല്പിക്കപ്പെട്ടതെന്നുമാണ് 14 വരെ സൂക്തങ്ങൾ ഉണർത്തുന്നത്.

നഷ്ടത്തിന്റെ ജീവിത ശൈലി ഏതെന്നും സന്തോഷ വാർത്തകൾ ലഭിക്കുന്ന സുഭഗരാരെന്നും ഓരോരുത്തരും അവരവരുടെ ഭാഗധേയം നിർണ്ണയിക്കുകയാണെന്നും നരകത്തിന് അർഹത നേടിയവനെ രക്ഷിക്കാൻ നബിക്കുപോലും കഴിയില്ലെന്നുമാണ് 19 വരെ സൂക്തങ്ങളിലുള്ളത്. തുടർന്ന് സൂക്ഷ്മ ജീവിതം നയിച്ചവർക്കുള്ള സ്വർഗീയാനുഗ്രഹങ്ങളും അല്ലാഹുവിന്റെ ഏകത്വത്തിന്റെ നിദർശനമായ ആകാശവും ഉറവകളും ചെടികളും വൈക്കോലുമെല്ലാം ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെ കുറിക്കുന്ന ചമൽകാരങ്ങളും ഗുണപാഠങ്ങളും ആണ് എന്നാണ് 21 വരെ ആയതുകൾ ഉണർത്തുന്നത്.

അല്ലാഹു വിശാലത നല്കിയ ഹൃദയങ്ങൾ ഇസ്ലാമിന്റെ ശാദ്വലഛായയിലെത്തുമെന്നും അല്ലാത്തവ ദുർമാർഗത്തിലുമാവുമെന്നും പറഞ്ഞതിന് ശേഷം അല്ലാഹു അവതരിപ്പിച്ച ഖുർആനെന്ന ഉത്തമ വർത്തമാനം / അഹ്സനുൽ ഹദീസ് ഉൾകൊള്ളുന്നവരിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുമെന്നും അല്ലാത്തവരെന്നും ഐഹിക ജീവിതത്തിലും പരലോകത്തും നിന്ദ്യതയിലായിരിക്കുമെന്നും സൂക്ഷ്മത പാലിക്കുന്നവർക്കായി ഉപമകളിലൂടെ വിവരിക്കുന്നു.

തുടർന്ന് ബഹുദൈവ വിശ്വാസികളെ പരസ്പരം വഴക്കടിക്കുന്ന യജമാനന്മാരുടെ അടിമയായി ഉപമിക്കുന്നു. അത്തരം ഒരാൾക്ക് പരസ്പര വിരുദ്ധങ്ങളായ കല്പനകൾ അനുസരിച്ച് പ്രവർത്തിക്കേണ്ടിവരുകയും ആരെയും തൃപ്തിപ്പെടുത്താനാവാതെ പ്രയാസപ്പെടുമെന്നും ഒരു യജമാനന്റെ മാത്രം അടിമയായി കഴിയുന്നവന്റെ ജീവിതം പ്രയാസരഹിതമായിരിക്കുമെന്ന ഉപമക്ക് ശേഷം മരണവും ഉയിർത്തെഴുന്നേല്പും ഓർമപ്പെടുത്തി ജുസ്അ് സമാപിക്കുന്നു.

Related Articles