Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 22

അഹ്സാബ് 31 – 73 വരെ സൂക്തങ്ങളും സൂറ: സബഅ് (54 ആയത്) സൂറ: ഫാത്വിർ (45 ആയത്) എന്നിവ മുഴുവനായും സൂറ: യാസീൻ 27 ആയതുകളുമാണ് ഈ ജുസ്ഇലുള്ളത്. വിശ്വാസികളുടെ മാതാക്കളായ പ്രവാചകന്റെ ഭാര്യമാരെ അഭിസംബോധന ചെയ്ത് തർബിയതിലും പെരുമാറ്റത്തിലും ഉന്നത സ്ഥാനങ്ങളിൽ തുടരാൻ അവരെ പ്രാപ്തരാക്കുന്നതിനായി ഇടപെടുകയാണ് ഈ ഭാഗം .വിശ്വാസികൾക്കും വിശ്വാസിനികൾക്കും ഏറ്റവും മികച്ച മാതൃകയാകാൻ അവരെ പ്രേരിപ്പിക്കുകയാണ് 33:34 വരെയുള്ള സൂക്തങ്ങൾ .യഥാർത്ഥത്തിൽ അവരെയാണ് അഭിസംബോധന ചെയ്തതെങ്കിലും ഇപ്പറയുന്ന ധാർമിക സദാചാര പാഠങ്ങൾക്ക് എല്ലാ മുസ്ലിംകളും അഭിസംബോധിതരാണ്. ഇസ്ലാം ലിംഗ ബന്ധിതമല്ലാത്ത ദർശനമായത് കൊണ്ട് തന്നെ ആര് എന്ത് നന്മകൾ ചെയ്താലും ചെയ്തവർക്ക് ഫലം ലഭിക്കുമെന്നും അല്ലാഹുവും അവന്റെ റസൂലും തീരുമാനിച്ച കഴിഞ്ഞ ഒരു കാര്യത്തിൽ പിന്നെ സംശയമില്ലെന്നും അവിടെ വേറെയാർക്കും സ്വതന്ത്രമായ അഭിപ്രായമില്ലെന്നും പ്രഖ്യാപിച്ചിട്ട് 37-ാം സൂക്തത്തിൽ പറയാൻ പോവുന്ന സംഗതിയുടെ മുഖവുര അവതരിപ്പിക്കുന്നു.

നബി ( സ ) യുടെ മൗലയായിരുന്ന , ഖുർആൻ പേരെടുത്ത് പറഞ്ഞ സൈദുബ്നു ഹാരിഥ: (റ) യെ തന്റെ വളർത്തു പുത്രനാക്കുകയും യുവാവായപ്പോൾ തന്റെ ബന്ധുവായ ജഹ്ശിന്റെ പുത്രി സൈനബി (റ) നെ വിവാഹം കഴിപ്പിക്കുക വഴി ഇസ്ലാമിലെ സമത്വത്തിന്റെ ചരിത്രം സൃഷ്ടിക്കുകയായിരുന്നു നബി. സൗന്ദര്യത്തിലും ആഭിചാത്യത്തിലുമുള്ള അവർ തമ്മിലുള്ള പ്രശ്നം വിവാഹ മോചനത്തിലെത്തുമാറ് ബന്ധം വഷളായെങ്കിലും പ്രവാചകനത് പരസ്യമാക്കിയില്ല എന്നും ആ ബന്ധം സൈദിന് പ്രയാസമായി പൊല്ലാപ്പായപ്പോൾ ഇസ്ലാമിൽ നികാഹ് മാത്രമല്ല; പ്രത്യുത ത്വലാഖും അതിലെ അധ്യാപനമാണെന്ന് തെളിയിക്കാനെന്നോണവും വളർത്തു പുത്രൻ നിയമപരമായി സ്വന്തം പുത്രനല്ല എന്ന നിയമവശം വ്യക്തമാക്കുന്നതിന്റെ ഭാഗമായും അവരെ നബി (സ) നികാഹ് ചെയ്തു. ജനങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത് നബി എന്ന നിലക്ക് പ്രശ്നമാകേണ്ടതല്ല. എന്നാലും സമൂഹത്തിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അല്ലാഹു നിശ്ചയിച്ച കാര്യം നിർവ്വഹിക്കാൻ യാതൊരു മനസ്സാക്ഷിക്കുത്തും വേണ്ടതില്ലെന്നും സമൂഹം ഉണ്ടാക്കി വെച്ചിരിക്കുന്ന പരമ്പരാഗത വാർപ്പുമാതൃകകളെ പൊളിക്കുക എന്നത് സുന്നതുല്ലാഹ് / ദൈവിക നടപടിക്രമത്തിന്റെ ഭാഗമാണെന്നും തെളിയിക്കുകയാണ് 38 വരെ ആയതുകൾ.

അത്തരം വിപ്ലവകാരികൾക്ക് പേടി സമൂഹത്തെ ആയിരിക്കില്ല എന്നും അല്ലാഹുവിന്റെ മുമ്പിൽ മാത്രമേ അവർ കണക്ക് ബോധിപ്പിക്കൂവെന്ന അവലോകനമാണ് 39ാം ആയത്. തുടർന്ന് നബിയുടെ ആഗമനം ഇതുവരെയുള്ള പ്രവാചകത്വത്തിനുള്ള സമാപനവും മുദ്രണവുമാണെന്നും അത് കൊണ്ട് തന്നെ ഇത്തരം സമൂലമായ മാറ്റങ്ങൾ വരുത്താൻ ഇനി ആളില്ലെന്നുമുള്ള പ്രഖ്യാപനമാണ് 40-ാം സൂക്തം. ഈ ഖുർആനിക ശകലത്തെ ഖാദിയാനീ – അഹ്മദി സുഹ്യുത്തുക്കൾ മറ്റൊരുതലത്തിൽ വ്യാഖ്യാനിച്ചൊപ്പിക്കുന്നത് സന്ദർഭത്തിൽ നിന്നും വളരെ വ്യത്യസ്തമായതും ഇന്നോളമുള്ള മുസ്ലിം സമൂഹം തള്ളിക്കളഞ്ഞതുമാണ്.

വിശ്വാസികളുടെ ബാധ്യത നിർവ്വഹിക്കാൻ ഓർമപ്പെടുത്തുകയും നബിയുടെ ദൗത്യം ഉണർത്തുകയും സ്വർഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയുമാണ് 47 വരെ സൂക്തങ്ങൾ.

സമൂഹത്തിലെ ഛിദ്രശക്തികളായ നിഷേധികളേയും ആഭ്യന്തര ശുതുക്കളായ കപടരേയും അനുസരിക്കുകയോ കൈകാര്യകർത്താക്കളാക്കുകയോ ചെയ്യരുതെന്ന് ഉണർത്തുകയാണ് 48ാം ആയത്. തുടർന്ന് തീർത്തും മുസ്ലിം പേർസണൽ / ഫാമിലി ലോയുമായി ബന്ധമുള്ള ഇദ്ദ ,മതാഅ് തുടങ്ങിയവയും നബി (സ) ക്ക് പ്രത്യേകമായി അനുവദനീയമാക്കപ്പെട്ട വിവാഹ ബന്ധങ്ങളും 50 വരെ സൂക്തങ്ങൾ വ്യക്തമാക്കിയതിന് ശേഷം ഈ പറഞ്ഞ ബന്ധങ്ങൾ അനുവദനീയത മാത്രമാണെന്നുണർത്തുകയാണ് 52 വരെ സൂക്തങ്ങൾ .തുടർന്ന് നബിയോടും അദ്ദേഹത്തിന്റെ കുടുംബം, വീട് എന്നിവയോടും വിശ്വാസികൾ പുലർത്തേണ്ട ബന്ധവും കാത്തുസൂക്ഷിക്കേണ്ട സാമൂഹ്യ അകലത്തിന്റെ പരിമാണവുമെന്താണെന്നാണ് 55 വരെ സൂക്തങ്ങൾ സംസാരിക്കുന്നത്.

നബി (സ) ജീവിച്ചിരിക്കുമ്പോഴും വഫാതായാലും അദ്ദേഹത്തിന്റെ ഭാര്യമാരുടെ സ്റ്റാറ്റസ് എന്താണെന്ന പ്രഖ്യാപനമാണീ ആയതുകൾ. തുടർന്ന് നിങ്ങളുടെ എല്ലാമെല്ലാമായ നബി (സ) ക്ക് വേണ്ടി കാരുണ്യവും ശാന്തിയുമുണ്ടാവാൻ പ്രാർഥി (സ്വലാത് ) ക്കുകയും അദ്ദേഹത്തിന്റെ ആജ്ഞകൾക്ക് പൂർണമായി കീഴ്പ്പെടുകയുമാണ് വേണ്ടതെന്നും അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ അനുയായികളെയോ മാനസികമായും ശാരീരികമായും ശല്യം ചെയ്യുന്നവർ അപവാദവും പ്രതൃക്ഷമായ പാപവുമാണ് പേറുന്നതെന്നുമാണ് 58 വരെ സൂക്തങ്ങളുടെ സാരാംശം. തുടർന്ന് 59ാം ആയതിൽ മുസ്ലിം സ്ത്രീയുടെ സാമൂഹികപരതയുടെ അടയാളമായ ജിൽബാബ് / ഹിജാവിന്റെ വിധിയാണ് വ്യക്തമാക്കുന്നത്. إلا ما ظهر منها ….നൂർ :31 ൽ നാം ഈ വിഷയം കൈകാര്യം ചെയ്തതാണ്.

തികച്ചും അന്യായമായും അകാരണമായും വിശ്വാസികളെ ദ്രോഹിക്കുന്നവരേയും കുഴപ്പം ഇളക്കിവിടുന്നവരേയും നിർദാക്ഷിണ്യം കൈകാര്യം ചെയ്യുന്നത് നാം മനസ്സിലാക്കിയ സുന്നതുല്ലാഹ് / ദൈവിക നടപടിയുടെ ഭാഗമാണെന്നാണ് 62 വരെ ആയതുകൾ ബോധ്യപ്പെടുത്തുന്നത്. തുടർന്ന് അന്ത്യസമയം, നരകം, അവിടെയുള്ള ശാശ്വതത്വം, അവിടെയെത്താനുള്ള വിവിധ നിമിത്തങ്ങൾ, നിമിത്തകാരികൾക്കുള്ള പ്രത്യേക ശിക്ഷ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങളാണ് 68 വരെ സൂക്തങ്ങൾ.

പ്രവാചകന്മാരെ തിരിച്ചറിയാതെ അവരെ മാനസികമായി തളർത്തുന്ന പ്രതിഭാസം പുത്തനല്ലെന്നും നിഷേധികളുടേയും കപടരുടേയും പതിവാണതെന്നും അല്ലാഹുവിനെ സൂക്ഷിച്ച് ഋജുവും ലളിതവുമായ ഭാഷയിൽ തന്നെ സംസാരിക്കുന്ന സുകൃതവന്മാർക്ക് മഹത്തായ വിജയമുണ്ടെന്നും സന്തോഷ വാർത്ത അറിയിച്ച് ഈ ഉത്തരവാദിത്വത്തിന്റെ മഹത്വവും പ്രാധാന്യവും പ്രതിപാദിച്ച് അവയെ ഏറ്റെടുത്തവരുടേയും അലംഭാവം വരുത്തിയവരുടേയും പരിണതികൾ പ്രത്യേകം പ്രത്യേകം എടുത്തു പറഞ്ഞും സൂറ: സമാപിക്കുന്നു.

മക്കയിൽ അവതരിച്ച 54 സൂക്തങ്ങളാണ് സൂറ: സബഇലുള്ളത്. 15ാം വചനത്തിൽ ഷേബാ ദേശത്തെപ്പറ്റി പറയുന്നതിനാലാണ് ഈ പേര് നല്കപ്പെട്ടത്. സൂറ: നംലിൽ അവിടത്തെ ചില വിശേഷങ്ങൾ നാം മനസ്സിലാക്കിയിരുന്നു.

അൽഹംദു കൊണ്ട് തുടങ്ങുന്ന 4-ാമത്തെ അധ്യായമാണിത്. ആകാശ ഭൂമികളും അവയിൽ പ്രവേശിക്കുന്നതും ഇറങ്ങുന്നതുമെല്ലാമായ പ്രതിഭാസങ്ങൾ അവതരിപ്പിച്ച് അന്ത്യ സമയത്തിന്റെ സത്യതയേയും സാധ്യതയേയും അനിവാര്യതയേയും വ്യക്തമാക്കുകയാണ് ആമുഖമായ ആദ്യത്തെ 5 സൂക്തങ്ങൾ. ഈ സത്യം അംഗീകരിച്ചവരുടെയും നിഷേധിച്ചവരുടെയും അവസ്ഥാന്തരങ്ങളും നിലപാടുകളും പരിണതികളും ഹൃസ്വമായി ചിത്രീകരിക്കുന്നു 9 വരെ ആയതുകൾ.

തുടർന്ന് ദാവൂദ്, സുലൈമാൻ (അലൈഹിമാ സ്സലാം) എന്നീ രണ്ട് പ്രവാചകന്മാരേയും സബഅടക്കമുള്ള സമൂഹങ്ങളെയും ഇബ്ലീസ് തന്റെ ധാരണ / വാക്ക് ശരിയാണെന്ന് തെളിയിച്ചതുമെല്ലാം 20 വരെ സൂക്തങ്ങളിൽ തുടർന്ന് വായിക്കാം. മനുഷ്യരെ ഒന്നടങ്കം പിഴപ്പിക്കാനുള്ള അധികാരമൊന്നും പിശാച് നേടിയിട്ടില്ലെങ്കിലും ചില മനുഷ്യരുടെയെങ്കിലും വിശ്വാസ ദാർഢ്യവും പ്രലോഭനങ്ങളെ അതിജയിക്കാനുള്ള കഴിവും പരീക്ഷിക്കുന്നതിന് അല്ലാഹു തന്നെഅവസരമൊരുക്കുന്നതാണെന്നും ഏതെങ്കിലും ശുപാർശ പ്രയോജനപ്പെടണമെങ്കിൽ ശുപാർശകന് അതിനുള്ള യോഗ്യതയും അനുമതിയും വേണ്ടതുണ്ടെന്നും ന്യായ വിധി നാളിൽ എല്ലാ പടപ്പുകളും തങ്ങളുടെ കാര്യത്തിൽ തീരുമാനമെന്തെന്നറിയാതെ സംഭ്രമത്തിലായിയിക്കുമെന്നും കർമങ്ങളുടെ കണക്കു നോക്കി അവരുടെ സങ്കേതം നിശ്ചയിക്കപ്പെടുമ്പോൾ ” നിങ്ങളുടെ റബ്ബ് എന്ത് പറഞ്ഞു” എന്ന ചോദ്യമുയരുമെന്നാണ് 23 വരെ സൂക്തങ്ങൾ പറഞ്ഞുവെക്കുന്നത്. തുടർന്ന് നിഷേധികളോട് ചോദിക്കാനുള്ള ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പരിഹാസോക്തി കലർന്ന ചില കല്പനകളുമാണ് 27 വരെ ആയതുകൾ. നാഥൻ എല്ലാവർക്കുമുള്ളതും അവന്റെ കല്പനകളും സന്ദേശവാഹകനും അതുപോലെ തന്നെ മനുഷ്യാർക്കാകമാനമുള്ളതെന്ന പ്രഖ്യാപനമാണ് 28-ാം സൂക്തത്തിന്റെ ഊന്നൽ.

പരലോക താക്കീതെന്നാണെന്ന നിഷേധികളുടെ പരിഹാസചോദ്യവും അതിന് കൃത്യമായ മറുപടിയുമാണ് 30 വരെ ആയതുകൾ .
ഖുർആനിലും മറ്റു ദൈവപ്രോക്ത ഗ്രന്ഥങ്ങളിലും വിശ്വാസിക്കാൻ പറ്റാഞ്ഞതിന് കാരണക്കാർ നിങ്ങളാണെന്ന് നേതാക്കന്മാരോടും അവരങ്ങോട്ടും കറ്റാരോപണങ്ങൾ നടത്തുന്ന രംഗം 33 വരെ സൂക്തങ്ങളിൽ അതി മനോഹരമായ ശൈലിയിൽ പരാമർശിച്ചിട്ടുണ്ട്.
ബലവാനായാലും ദുർബലനായാലും ചെയ്തതിനുള്ള രക്ഷയും ശിക്ഷയും നല്കുന്നത് അല്ലാഹുവാണെന്നും ഇഹലോകത്ത് കാണുന്ന സമൃദ്ധി പരലോകവിജയത്തിന്റെ മാനദണ്ഡമല്ലെന്നും സമ്പത്തും അധികാരവും മക്കളുമൊന്നുമല്ല രക്ഷയുടെ അളവുകോലെന്നും സ്വന്തം കർമ്മങ്ങൾ നിശ്ചയിക്കുന്ന ഭാഗധേയമാണ് സ്വർഗവും നരകവുമെന്നാണ് 38 വരെ സൂക്തങ്ങൾ ഉണർത്തുന്നത്. ഒരാളുടെ ഭൗതിക സൗകര്യങ്ങളുടെ സുസ്ഥിതിയല്ല മറിച്ച് അവരുടെ കർമ്മങ്ങളും ചെലവഴിക്കലുമാണ് അവരുടെ സ്വർഗ-നരകങ്ങളുടെ വിഷയത്തിൽ അവലംബമെന്നും പരലോകത്ത് എല്ലാവർക്കും അർഹിച്ചത് മാത്രമാണ് ലഭ്യമാവുന്നതെന്നുമാണ് 42 വരെ ആയതുകൾ വ്യക്തമാക്കുന്നത്.

തുടർന്ന് പാരമ്പര്യവാദികൾ പൊതു ജനത്തെ സത്യസന്ദേശവാഹകനിൽ നിന്നും തടയാൻ ശ്രമിക്കുന്നതും ഇതെല്ലാം മുൻ ധിക്കാരി സമൂഹങ്ങളുടേയും രീതിയാണെന്നും ഇവരെക്കാൾ ശക്തരായിരുന്നവരെപ്പോലും ഇന്നലെകളിൽ വെറുതെ വിട്ടിട്ടില്ലെങ്കിൽ ഇവരേയും വിടാൻ ഭാവമില്ല എന്നുമാണ് 45 വരെ ആയതുകൾ തുറന്നടിച്ച് പറയുന്നത്. ശേഷം നബി (സ)യുടെ പ്രബോധനത്തിന്റെ തേട്ടമെന്തെന്നും അതിനദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്താണെന്നും പ്രഖ്യാപിച്ച് സത്യം പുലരുമെന്നും സന്മാർഗം പിൻപറ്റിയവർ ആരാണെന്ന് അന്ന് വ്യക്തമാക്കുന്നതാണെന്നും 50 വരെ സൂക്തങ്ങൾ വിളിച്ചോതുന്നു. അവസാനം സത്യവിശ്വാസികളുടെ സന്തോഷവും ആഹ്ലാദവും കാണുമ്പോൾ നിഷേധികൾക്ക് പിടിപെടുന്ന പരിഭ്രാന്തിയും വെപ്രാളവും നിരാശയും വളരെ ശക്തമായ ശൈലിയിൽ ചിത്രീകരിച്ച് സൂറ: സമാപിക്കുന്നു.

തുടർന്ന് സൂറ:ഫാത്വിർ (സ്രഷ്ടാവ്) ആരംഭിക്കുന്നു. സൂറതുൽ മലാഇക : (മലക്കുകൾ) എന്നും ഇതിനു പേരുണ്ട്. ആദ്യ സൂക്തത്തിൽ തന്നെ പ്രസ്തുത രണ്ടു വാക്കുകളും വന്നിട്ടുണ്ട്. മക്കയിൽ അവതരിച്ച ഈ സൂറ:യിൽ 45 ആയതുകളാണുള്ളത്. അൽഹംദുവിലാരംഭിക്കുന്ന 5ാമത്തെ സൂറയാണിത്. പ്രപഞ്ചത്തിന്റെ വിവിധ കോണുകളിലേക്ക് വ്യത്യസ്ത മേഖലകളിലായി പല ദൗത്യങ്ങളുമായി നിയോഗിക്കപ്പെടുന്ന മലക്കുകളേയും പല ഘട്ടങ്ങളായി ഉണ്ടായ വിസ്മയിപ്പിക്കുന്ന സൃഷ്ടി വൈഭവങ്ങളേയും പരിചയപ്പെടുത്തി അവന്റെ കാരുണ്യത്തിന്റേയും അനുഗ്രഹത്തിന്റേയും പല കാര്യങ്ങളും ഉണർത്തി പ്രവാചകനെ കളവാക്കുന്നവരോട് ഐഹിക ജീവിതമോ പരമവഞ്ചകനായ പിശാചിന്റെ വഞ്ചനയോ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെയെന്നും ഉർത്തി പിശാച് മനുഷ്യന്റെ എന്നത്തേയും വലിയ ശത്രുവാണെന്നും അവനെ ആ ഗൗരവത്തിൽ തന്നെ നോക്കിക്കാണണമെന്നും അങ്ങിനെ കാണുന്നവർക്കും കാണാത്തവർക്കുമുള്ള പ്രതിഫലം വ്യത്യസ്തമാണെന്നും അവർ പ്രവർത്തിച്ച് വരുന്നതെല്ലാം അല്ലാഹു അറിയുന്നുണ്ട് എന്ന ആമുഖവുമാണ് 8 വരെ സൂക്തങ്ങളിൽ .

തുടർന്ന് കാറ്റ്, മേഘം, പ്രതാപം, മണ്ണ്, ബീജം, കടൽ, ജലാശയം, കപ്പൽ , പകൽ , രാത്രി, സൂര്യൻ, ചന്ദ്രൻ മുതലായ പ്രകൃതി പ്രതിഭാസങ്ങൾ എടുത്തു പറഞ്ഞ് അല്ലാഹുവല്ലാതെ അവർ വിളിച്ചു പ്രാർഥിക്കുന്നവർക്ക് പ്രാർഥന കേൾക്കാനോ ഉത്തരം നല്കാനോ കഴിയില്ല എന്ന് മാത്രമല്ല മുശ്രിക്കുകൾ അവർക്കായി ചെയ്ത പൂജകളും വഴിപാടുകളും ഈ ദൈവങ്ങൾ നിഷേധിക്കുമെന്നാണ് 11 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത്.

എല്ലാവരും സ്വയം പര്യാപ്തനായ അല്ലാഹുവിന്റെ ആശ്രിതരാണെന്നും ആരെയും നിലനിർത്താനും നിലംപരിശാക്കാനും അവന് പ്രയാസമില്ലെന്നും അന്ത്യനാളിൽ ആർക്കും ആരുടേയും പാപഭാരങ്ങൾ ഏറ്റെടുക്കാനോ കുറച്ചു കൊടുക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കിയതിന് ശേഷം അന്ധനും കാഴ്ചയുള്ളവനും, ഇരുളുകളും വെളിച്ചവും , വെയിലും നിഴലും, ജീവനുള്ളതും ചത്തതുമെല്ലാം താരതമ്യം ചെയ്ത് പ്രവാചക ദൗത്യത്തിന്റെ വ്യത്യസ്ത മേഖലകളും നിഷേധികളുടെ നിഷേധത്തിന്റെ ചരിത്രവും അവരെ അല്ലാഹു പിടികൂടിയതുമെല്ലാം സൂചിപ്പിച്ചതിന് ശേഷം ആകാശം, വെള്ളം, ഫലങ്ങൾ, നിറങ്ങൾ, മലകൾ,പക്ഷികൾ, മൃഗങ്ങൾ എന്നിവയിലെ നാനാത്വത്തിൽ ഏകത്വം ദർശിക്കുവാൻ ദൈവഭക്തിയുള്ള വിജ്ഞാനികൾക്കേ സാധിക്കൂ എന്നും വ്യക്തമാക്കുകയാണ് 28 വരെ സൂക്തങ്ങൾ. തുടർന്ന് സത്യവേദം അംഗീകരിക്കുന്നവരും അതിനെ നിഷേധിക്കുന്നവരും തമ്മിലുള്ള വ്യത്യാസവും അവരുടെ പരിണതികളിലുടെ വ്യതിരിക്തകളും ചുരുങ്ങിയ പദങ്ങളിൽ വരച്ചു വെക്കുകയാണ് 37 വരെ ആയതുകൾ.

ശേഷം അല്ലാഹുവിന്റെ അറിവിന്റെ പരിമാണവും മനുഷ്യ സൃഷ്ടിപ്പിന്റെ ലക്ഷ്യവും അതിൽ വീഴ്ച വരുത്തുന്നവരുടെ ശിക്ഷയുമാണ് 40 വരെ വാക്യങ്ങളിലുള്ളത്. ആകാശ ഭൂമികളുടെ സന്തുലനാവസ്ഥയും നിഷേധികളും ധിക്കാരവും അവർക്കുള്ള സങ്കേതവും അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ കൃത്യതയും പറഞ്ഞ് കൊണ്ട് ഇതെല്ലാം ബോധപൂർവ്വം ഭൂമിയിലൂടെ സഞ്ചരിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും തെറ്റുകൾക്ക് ഉടനെ നടപടിയെടുക്കുന്ന രീതി ഉപരിസൂചിത സുന്നതിൽ പെട്ടതല്ലെന്നും സമയമെത്തിയാൽ തന്റെ ദാസന്മാരെ കൃത്യമായി കണ്ടറിയുന്നവനാണ് അല്ലാഹുവെന്ന അടിസ്ഥാന വിശ്വാസം ഊട്ടിയുറപ്പിക്കുന്ന വാചകത്തോടെ സൂറ: ഫാത്വിർ സമാപിക്കുന്നു.

മക്കയിൽ അവതരിച്ച സൂറ: യാസീനാണ് അടുത്ത അധ്യായം, 83 ആയതുകളിൽ ആദ്യ 27 സൂക്തങ്ങളാണ് ഈ ഭാഗത്ത് വരുന്നത്. 5 ‘യാസീൻ’ ഖുർആൻറെ ഹൃദയമാണ്.’ ( قلب القرآن) എന്ന് റസൂൽ (സ) പറഞ്ഞിരിക്കുന്നു. ഖിയാമത്ത് നാളിനേയും, അതിലുണ്ടാകുന്ന സംഭവ വികാസങ്ങളെയും കുറിച്ച് ഈ അധ്യായത്തിൽ കൂടുതൽ വിവരിച്ചിട്ടുള്ളതുകൊണ്ടാണ് ഇതിന് ഈ പേര് വന്നതെന്നു ഇമാം ഗസ്സാലി (റഹ്) പ്രസ്താവിച്ചിരിക്കുന്നു. മരണാസന്നരർക്ക് ഈ സൂറ: പാരായണം ചെയ്തു കൊടുക്കുവാനുള്ള പ്രോത്സാഹനങ്ങൾ ഹദീസുകളിൽ കാണാം.

കേവലാക്ഷരങ്ങൾക്കും ഖുർആനെയും പ്രവാചകനെയും കുറിച്ച ആമുഖത്തിനും ശേഷം ഈസാ നബിയുടെ ശേഷമുള്ള ചെറിയ കാലവിളംബത്തിന് ശേഷം അശ്രദ്ധരായവരിലേക്കാണ് റസൂലുല്ലാഹ് ന്റെ നിയോഗമെന്നും എന്നിട്ടും അവർ സത്യം സ്വീകരിക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല കഴുത്തിൽ അഹങ്കാരത്തിന്റെ വലിയ ചങ്ങലയുള്ളതിനാൽ തലകുത്തനെ പിടിച്ച് മുമ്പിലും പിന്നിലും ഒന്നും കാണാൻ കഴിയില്ലാത്ത അവരെ സംബന്ധിച്ചിടത്തോളം ഉപദേശം ഉപകാരം ചെയ്യില്ലെന്നും ബോധനം പിൻപറ്റാൻ സ്വതേ സന്നദ്ധതയുള്ളവർക്കേ ഈ താക്കീത് ഉപകാരപ്പെടൂവെന്നും എല്ലാവരുടെയും പ്രവർത്തനങ്ങളും അവയുണ്ടാക്കുന്ന ഫലങ്ങളും കൃത്യമായി നിജപ്പെടുത്തപ്പെടുന്നുണ്ടെന്നുമാണ് 12 വരെ സൂക്തങ്ങൾ പറയുന്നത്. ശേഷം 27 വരെ സൂക്തങ്ങളിൽ വന്ന ചിത്രീകരണം വശ്യവും ഹൃദയങ്ങളെ സ്പർശിക്കുന്നതുമാണ്.

ഈസാ (അ) ക്ക് ശേഷമുള്ള കാലത്ത് രണ്ട് പ്രബോധകന്മാർ വന്നതും അവരുടെ സത്യവും നീതിയും സാക്ഷ്യപ്പെടുത്തുന്നതും അവരിലേക്ക് മൂന്നാമതൊരാൾ ആഗതനാവുന്നതും ആ സമൂഹമവരെ അങ്ങേയറ്റം നിഷേധിച്ചതും പ്രബോധകർ അവരുടെ ദൗത്യം ഉച്ചൈസ്തരം പ്രഖ്യാപിച്ചതും ആ നാട്ടുകാരവരെ മാനസികമായി തളർത്തിയതും ‘കുരുത്തംകെട്ട ‘വരായി ചിത്രീകരിച്ചതും അപ്പോഴേക്കും അതേ നാടിന്റെ അങ്ങേതലക്ക് നിന്ന് നിഷ്കളങ്കനായ മറ്റൊരാൾ ഓടിവന്ന് ആ നിസ്വാർത്ഥരായ പ്രബോധകന്മാരെ പിൻപറ്റാൻ ആവശ്യപ്പെടുന്നതും സത്യപ്രബോധകരായവരുടെ ഗുണങ്ങൾ എടുത്തു പറയുകയും സൃഷ്ടിച്ചവനായ നാഥന് കീഴ്പ്പെടാതിരിക്കാൻ എന്തുണ്ട് ന്യായമെന്നും ദൈവേതരരെ പങ്കാളികളാക്കിയാൽ അവരുടെ ശുപാർശയോ സഹായമോ ലഭ്യമാവില്ല എന്നും ധൈര്യ പൂർവ്വം പ്രഖ്യാപിക്കുന്നതും അതോടുകൂടെ ആ നാട്ടുകാർ പ്രബോധകരെ മുഴുവൻ രക്ത സാക്ഷികളാക്കിയതും സ്വർഗത്തിൽ പ്രവേശിക്കുന്ന വേളയിൽ പോലും നാട്ടുകാർ സത്യം മനസ്സിലാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചതും വളരെ ചുരുങ്ങിയ ഭാഷയിൽ പറഞ്ഞ് പോവുകയാണ്. ആ നാടിന്റെ പേരും പ്രബോധകരുടെ വിലാസവുമൊന്നും ഖുർആൻ പറയുന്നില്ല എന്നതുകൊണ്ട് തന്നെ അവ നമ്മുടെ ഈമാൻ കാര്യത്തിൽ പെട്ടതല്ല എന്ന് സമാധാനിക്കാം. ഖുർആൻ കഥാകഥനങ്ങളുടെ ഗുണപാഠമാണ് കാര്യം. അവയിലെ പേരോ വിശദാംശങ്ങളോ അല്ല എന്നതാണ് സയ്യിദ് ഖുതുബിനെ പോലെയുള്ള ചിന്തകരുടെ രീതി. അതാണ് ഖുർആന്റെ ആത്മാവിനോട് യോജിക്കുന്ന സമീപനവും.

Related Articles