Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 20

സൂറ: നംല് 56 – 93 ആയതുകൾ, സൂറ: ഖസ്വസ്വ് (88 ആയതുകൾ) മുഴുവനായും സൂറ: അൻകബൂത് ആദ്യത്തിലെ 45 ആയതുകളുമാണ് 20ാം ജുസ്അ് . ചരിത്രത്തിൽ നാം വായിച്ച നബിമാരെല്ലാം ഏകദൈവത്വം പ്രബോധനം ചെയ്തതോടൊപ്പം സമൂഹത്തിൽ കാണപ്പെടുന്ന ദൂഷ്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർത്തിരുന്നു എന്ന് നാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സൂറ: നംലിൽ 54 – 58 പ്രതിപാദിക്കപ്പെടുന്ന ലൂത്വ് നബി (അ) തന്നെ വലിയ ഉദാഹരണം. സ്വവർഗ സംഭോഗത്തിനെതിരെയായിരുന്നു അദ്ദേഹത്തിന് സംസാരിക്കേണ്ടി വന്നത്. അത്ഭുതമതല്ല ഏത് വഷളത്തരത്തിനെതിരാണോ അദ്ദേഹം ബോധവത്കരണം നടത്തിയിരുന്നത് (عمل قوم لوط) ആ നബിയുടെ പേരിൽ തന്നെ ആ പണിയെ വിളിക്കാൻ തുടങ്ങി എന്നതാണ്.لواط/ലിവാത്വ് എന്ന പദം ഇന്നത്തെ LGBTQ എന്ന് നല്ല ഇമ്പമുള്ള പേര് കൊടുത്തു മൊഞ്ചാക്കിയത് പോലെ ആ പ്രവാചകന്റെ പേരിൽ കൊണ്ടുപോയി സ്ഥാപിച്ചത് ഓറിയന്റലിസ്റ്റുകളാവാനേ തരമുള്ളൂ. ഇതുവരെ സൂചിപ്പിച്ച പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയാവുന്നതിൽ അല്ലാഹുവിനെ സ്തുതിക്കുകയും നിഷേധികളുടെ ആരാധനകളോട് ചോദ്യചിഹ്നമുയർത്തിക്കൊണ്ട് പ്രപഞ്ചത്തിലെ ദൃഷ്ടാന്തങ്ങളായ ആകാശം, ഭൂമി, മലകൾ, കര, കടൽ, കാറ്റ്, സൃഷ്ടികൾ, ദൃശ്യം, അദൃശ്യം എന്നിങ്ങനെയുള്ള പ്രകൃതി പ്രതിഭാസങ്ങളിലെ (نواميس كونية) ഏകത്വം എടുത്തു പറയുകയാണ് 65 വരെ വാചകങ്ങൾ.

ഈ ബഹുദൈവത്വത്തിനും നിഷേധത്തിനും കാരണം പരലോക വിഷയത്തിൽ അവരുടെ വിവരത്തിന്റെ അപര്യാപ്തതയോ അവരുടെ അറിവ് ആകെക്കൂടി പരലോക നിഷേധത്തിലായതോ ആവാമെന്നും അതുകൊണ്ടാണ് മണ്ണിൽ അലിഞ്ഞില്ലാതായാലും പുന:സൃഷ്ടിക്കപ്പെടുമെന്ന വാദം ഇതിഹാസങ്ങൾ മാത്രമാണെന്നുമുള്ള നിഷേധ നിലപാട് അവർ വ്യക്തമാക്കുന്നത് ( 68 ) എന്ന് പറഞ്ഞതിന് ശേഷം പ്രവാചക ഹൃദയത്തിന് സാന്ത്വനമേകുന്ന വാചകങ്ങളാണ് 75-ാം സൂക്തം വരെ വ്യക്തമാക്കുന്നത്.

മുൻ ജനതതികളുടെ സംശയങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കുമുള്ള മറുപടിയും വിശ്വാസികൾക്കുള്ള മാർഗദർശനവും ഖുർആനിലും അതിന്റെ വാഹകനായ പ്രവാചകനിലുമുണ്ടെന്നും സ്പഷ്ടമായ സത്യത്തിലായ താങ്കൾ ഇനി അല്ലാഹുവിൽ ഭരമേല്പിച്ചു മുന്നോട്ട് പോകാൻ തീരുമാനിച്ചുകൊള്ളൂവെന്നും സത്യാന്വേഷണവാഞ്ജ നഷ്ടപ്പെട്ട മൃതഹൃത്തരെ സത്യം കേൾപ്പിക്കാനോ കാണിച്ചു കൊടുക്കാനോ താങ്കൾക്കാവില്ല എന്ന സത്യമാണ് 81 വരെ ആയതുകൾ ഉൾകൊള്ളുന്നത്.

അന്ത്യദിനമെന്ന ഖണ്ഡിതമായ ഖൗൽ / വാക്ക് വന്നാൽ ഖിയാമതിന്റെ അടയാളമായ അത്ഭുത ജന്തുവായ’ ദാബ്ബതുൽ അർദ് ‘ പുറപ്പെടുകയും തുടർന്ന് നിഷേധിക്കൂട്ടങ്ങളെ ഒരുമിച്ചു കൂട്ടുകയും ഒന്നും ഉരിയാടാൻ പോലും കഴിയാതെ ഖൗൽ / വാക്ക് അവരുടെ മേൽ വന്നു ഭവിക്കുകയും ചെയ്യുമെന്നുള്ള പരലോകക്കാഴ്ചകളാണ് 85 വരെ സൂക്തങ്ങളിലുള്ളത്. ലോകത്തിന്റെ മാറിമറിയലിനും പരലോകത്തിന്റെ സത്യതക്കും തെളിവുകളായി രാത്രി, പകൽ , മലകൾ, മേഘം എന്നിവയുടെ അവസ്ഥാന്തങ്ങൾ തെളിവുകളായുദ്ധരിക്കുകയാണ് 88 വരെ ആയതുകൾ .സുകൃതവന്മാർക്കന്ന് പേടിക്കാനില്ലെന്നും തിന്മ മുഖമുദ്രയായവർ , പക്ഷേ മുഖംകുത്തിയ അവസ്ഥയിലാവും ഒരുമിച്ചു കൂട്ടപ്പെടുക എന്ന ചിത്രാലേഖനത്തിന് ശേഷം പ്രവാചക ദൗത്യത്തിന്റെ ലക്ഷ്യവും മാർഗവും രീതിയും വ്യക്തമാക്കി നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന യാതൊന്നിനെപ്പറ്റിയും റബ്ബ് അശ്രദ്ധനല്ല എന്നും അവനുമാത്രമാണ് സ്തുതികളുടെ അർഹത എന്നുമുള്ള പ്രഘോഷണത്തോടെ സൂറ: നംൽ സമാപിക്കുന്നു.

തുടർന്നുവരുന്നത് മൂസാ നബി (അ), ഫിർഔൻ ഖാറൂൻ എന്നിവരുടെ ചരിത്രം വ്യക്തമായി പറയുന്നു സൂറ: ഖസ്വസ്വ് (കഥാകഥനം) ആണ് . മക്കയിൽ അവതരിച്ചതാണ് ഈ സൂറ: വചനങ്ങൾ 88 –

(52 മുതൽ 55 വരെ ആയത്തുകൾ മദീന:യിൽ അവതരിച്ചതാണെന്നും 85-ആം വചനം മദീനയിലേക്കുള്ള ഹിജ്രക്ക് മദ്ധ്യേ ജുഹ്ഫ:യിൽ അവതരിച്ചതാണെന്നും മുഖാതിൽ (റ) പ്രസ്താവിച്ചിട്ടുണ്ട്.) കേവലാക്ഷരങ്ങൾക്കും ഖുർആനെ കുറിച്ച ആമുഖ പ്രഭാഷണത്തിനും ശേഷം മൂസാ (അ) യുടെ ജനനവും ഫിർഔന്റെ കൊട്ടാരത്തിലെ ബാല്യവും അദ്ദേഹത്തിന്റെ മാതാവിന്റേയും സഹോദരിയുടേയും ത്യാഗവും അതിനു മുമ്പും ശേഷവുമുള്ള കാലവും ഫിർഔന്റെ വിശ്വാസിനിയായ ഭാര്യ ആസ്യാ ബീവിയും ഹാമാനും മദ്യൻകാരും ത്വൂർ മലയുമെല്ലാം ആധികാരികമായി പറഞ്ഞ് കൊണ്ട് മുമ്പൊരു താക്കീതുകാരനും നിയോഗിച്ചിട്ടില്ലാത്ത ഉമ്മിയ്യീൻ സമൂഹത്തിലാണ് നബി (സ) എഴുന്നേറ്റ് നില്ക്കുന്നതെന്നുമാണ് മൊത്തത്തിലുള്ള മൂസവി ചരിത്രാവലോകനം നടത്തി 46ാം സൂക്തത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ശരിയായ ആദർശ വിദ്യാഭ്യാസം നൽകാൻ ആരും വരാതിരുന്നത് കൊണ്ടാണ് ഞങ്ങൾ ഇങ്ങനെ ആയത് എന്ന ന്യായീകരണം ഇല്ലാതിരിക്കാൻ അഥവാ ഇത്മാമുൽ ഹുജ്ജ: എന്ന നിലയിലാണ് ഓരോ പ്രവാചകനിയോഗമെന്നും പ്രവാചകൻ ( സ ) മൂസാ നബി കൊണ്ടുവന്നതു പോലെയുള്ള തെളിവുകളായി വന്നപ്പോൾ പരസ്പരം പിന്തുണ നല്കിയ രണ്ടു ജാലവിദ്യകൾ എന്ന് പറഞ്ഞ് പിന്തിരിഞ്ഞ നിഷേധികളോട് അവയെക്കാൾ സന്മാർഗം കാണിക്കുന്ന ഗ്രന്ഥം കൊണ്ടുവന്നാൽ ഞാനത് പിൻപറ്റാമെന്ന് പ്രഖ്യാപിക്കാനും അവർക്കതിന് കഴിയില്ലെന്നും തന്നിഷ്ടത്തെ പിൻപറ്റുന്ന ഇത്തരം അക്രമികളെ നേർവഴിക്കാക്കാൻ പടച്ചതമ്പുരാന് പോലും കഴിയില്ല എന്ന സത്യം വ്യക്തമാക്കുകയാണ് 50 വരെ ആയതുകൾ. ഖുർആന്റെ ക്രമപ്രവൃദ്ധമായ അവതരണവും അവക്കിടയിൽ വലിയ കാലവിളംബങ്ങളില്ലാത്ത സംഗതിയും മുമ്പ് വേദം ലഭിച്ചവർ അതിൽ വിശ്വസിച്ച് കീഴ്പ്പെടുന്നുണ്ടെന്നും അവരുടെ നന്മകൾ നിമിത്തം രണ്ടുമടങ്ങ് പ്രതിഫലമുണ്ടെന്നും വ്യർഥമായ സംവാദങ്ങളോട് തുല്യ അകലം പാലിച്ചു പിന്മാറുന്ന ജ്ഞാനികളാണവരെന്നുമാണ് 55 വരെ സൂക്തങ്ങൾ വരച്ചു കാണിക്കുന്നത്.

സ്വന്തമിഷ്ടപ്രകാരം സന്മാർഗം നല്കാൻ അദ്ദേഹത്തിനാവുമായിരുന്നെങ്കിൽ നബിയുടെ പിതൃവ്യനായ അബൂ ത്വാലിബിനത് കിട്ടുമായിരുന്നു. ഹാശിമിയായ അബൂ ലഹബ് നരകത്തിലും എത്യോപ്യനായ ബിലാൽ സ്വർഗത്തിലും , ഖുറൈശിയായ അബൂ ജഹൽ നരകത്തിലും പേർഷ്യക്കാരനായ സൽമാൻ സ്വർഗ്ഗത്തിലും , മഖ്സൂമിയായ വലീദ് ഇബ്നു മുഗീറ: നരകത്തിലും റോമക്കാരനായ സുഹൈബ് സ്വർഗ്ഗത്തിലും … നരകത്തിൽ പ്രവേശിച്ച തറവാടികളായ ഖുറൈശികളെല്ലാം അവരുടെ ദുഷ്പ്രവൃത്തികൾ മൂലമാണ്. സ്വർഗ്ഗത്തിൽ പ്രവേശിച്ച ദരിദ്രർ സർവ്വശക്തനായ അല്ലാഹുവിന്റെ കാരുണ്യത്താൽ അവരുടെ സൽപ്രവൃത്തികളിലൂടെ മാത്രമാണ്.

ഇസ്ലാം സ്വാധീനം നേടിയാൽ ഖുറൈശികൾക്കുള്ള മേൽക്കൈ നഷ്ടപ്പെടുമെന്ന് അവരിലെ നേതാക്കൾക്ക് ആശങ്കയുണ്ടായിരുന്നു. തങ്ങൾക്ക് ലഭിക്കുന്ന ഭൗതിക ഉപജീവനങ്ങൾക്കുപരിയായി കൂടുതൽ സൗഭാഗ്യങ്ങൾ അനുഭവിക്കുവാൻ അവർക്കായേനെ എന്നും അല്ലാഹുവിന്റെ നടപടിക്രമം / സുന്നതുല്ലാഹ് മനസ്സിലാക്കാതെ അവർ അനാവശ്യ ആശങ്കകളിലാണെന്നും മതിമറന്ന് ജീവിച്ച എത്രയോ ജനതതികളെ മറ്റൊരു അവകാശിയുമില്ലാത്ത അവസ്ഥയിലാക്കിയിട്ടുണ്ടെന്നും ഒരു ദൂതനെ അയക്കാതെ ഒരു സമൂഹത്തെ നശിപ്പിക്കിലെന്നും വല്ലതും ഐഹികജീവിതത്തിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അതു വെറും മോഡൽ /ഷോ ആണെന്നും കൂടുതൽ ലാസ്റ്റ് ചെയ്യുന്ന (നിലനില്ക്കുന്ന ) ഉത്തമമായവ അവന്റെയടുക്കലുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് 60 വരെ സൂക്തികൾ.

പരലോക വിശ്വാസമുള്ളവന് അനന്ത ശിക്ഷയിൽ നിന്നും മോചനം നേടാൻ കഴിയുമെന്നും മതിമറന്നു ജീവിക്കുന്ന ബഹുദൈവ വക്താക്കൾക്ക് അവരുടെ പങ്കുകാർ ഉപകാരപ്പെടില്ലെന്നും ശിക്ഷയെപറ്റിയുള്ള വാക്ക് സ്ഥിരപ്പെടുകയും ആ പങ്കുകാർ അവരെ തള്ളിപ്പറയുമെന്നും അവർ ശിക്ഷ നേരിൽ കാണുമ്പോൾ ഇഹലോകത്ത് സന്മാർഗം പ്രാപിച്ചിരുന്നുവെങ്കിൽ എത്ര നന്നായേനേ എന്ന് കൊതിക്കുമെന്നും പ്രവാചകന്മാരുടെ സന്ദേശത്തോട് നിങ്ങളുടെ നിലപാടെന്തായിരുന്നുവെന്ന് അല്ലാഹു തന്നെ അവരോട് വിളിച്ചുചോദിക്കുമെന്നും ആ വർത്തമാനങ്ങളെല്ലാം അവ്യക്തമായ അവർക്ക് അന്യോന്യം ചോദിച്ചറിയാൻ പോലും കഴിയില്ലെന്നുമുള്ള നിസ്സഹായാവസ്ഥയാണ് 66 വരെ വാചകങ്ങൾ. എന്നാൽ നിഷ്കളങ്കമായി ഖേദിച്ചവർക്ക് രക്ഷപ്പെടാൻ വകുപ്പുണ്ടെന്നും സകലരുടേയും സർവ്വതും അവനറിയുണ്ടെന്നും പ്രഖ്യാപിച്ചതിന് ശേഷം സകല സ്തുതികൾക്കുമർഹനായ ഏകനായ നാഥന്റെ ഉണ്മയുടെ ചില തെളിവുകൾ ഉദ്ധരിച്ചു കൊണ്ട് അവയെല്ലാം നിങ്ങളിൽ നന്ദിയെന്ന നന്മയെ വളർത്താനായിരുന്നു എന്ന ഓർമപ്പെടുത്തലാണ് 73 വരെ സൂക്തികൾ.

എവിടെ നിങ്ങൾ വിളിച്ചു പ്രാർഥിച്ചിരുന്ന എന്റെ പങ്കാളികളെന്ന് ആക്ഷേപ പൂർവ്വം വിളിച്ചു ചോദിച്ചിട്ട് ഓരോ സമൂഹത്തിലേയും സാക്ഷികളായിരുന്ന പ്രവാചകന്മാരുടെ അവർക്കെതിരെയുള്ള സാക്ഷിമൊഴിയെടുത്തതിന് ശേഷം അവരുടെ പങ്കാളികൾ പോലും അവരെ വിട്ട് മാറിപ്പോവുന്ന കാഴ്ച അവർ കാണേണ്ടിവരുമെന്നുമാണ് 75 വരെ ആയതുകൾ പറയുന്നത്. തുടർന്ന് ഇസ്രായീലി സമൂഹത്തിലെ ഏറ്റവും വലിയ ബൂർഷ്വയായ ഖാറൂനിനേയും അയാളുടെ ആസ്തിയും അഹങ്കാരവും അയാളെ കുറിച്ച ജന സംസാരങ്ങളും കൂട്ടത്തിലെ പക്വമതികളുടെ വർത്തമാനങ്ങളും അവന് വന്ന ശിക്ഷയേയും നിസ്സഹായതയേയും ചുരുങ്ങിയ വാചകങ്ങളിൽ 81 വരെ സൂക്തങ്ങൾ കൃത്യമായി വരച്ചു വെച്ചു.

ഖാറൂനാവാൻ കൊതിച്ചിരുന്നവർ പോലും അയാളുടെ നാശം കണ്ടപ്പോൾ അതൊന്നും നമുക്ക് വേണ്ടേയെന്ന് പറയുകയും അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കാരണമാണ് ഞങ്ങൾ ആണ്ട് പോവാഞ്ഞതെന്നുമുള്ള ആത്മഭാഷണത്തിന് ശേഷം പാരത്രിക ഭവനം സൂക്ഷ്മതയവലംബിക്കുകയും നന്മകളിൽ ചരിക്കുന്നവർക്കുമാണെന്ന് പ്രഖ്യാപിച്ച ശേഷം ഖുർആൻ പ്രബോധനം ചെയ്ത പ്രവാചകൻ (സ) ജേതാവായി തന്റെ നാട്ടിൽ തിരിച്ചെത്തുമെന്നും പരലോകത്തെ മഹത്തായ പദവിയിൽ എത്തുമെന്നും ഈ ഗ്രന്ഥം ദൈവിക കാരുണ്യത്തിന്റെ സൂചനയാണെന്നും ഈ വചനങ്ങൾ പ്രസരിപ്പിക്കുന്ന നന്മയും സമാധാനവും ഇഷ്ടപ്പെടാത്തവർ താങ്കളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും പിന്തിരിയി രുതെന്നും വിധികർതൃത്വവും മടക്കവും അവങ്കലേക്കാണെന്നും അവന്റെ അവകാശങ്ങളിൽ അവനു പങ്കുകാരനില്ലെന്നുമുണർത്തി തൗഹീദും രിസാലതും ആഖിറതും തുല്യ പ്രാധാന്യം നൽകി സൂറ: സമാപിക്കുന്നു.

അൻകബൂത്ത് സൂറ: യിലെ 41-ാം സൂക്തത്തിൽ വന്ന അൻകബൂത് (എട്ടുകാലി ) എന്ന പദത്തിൽ നിന്നാണ് സൂറ:യുടെ നാമകരണം. മക്കീയ്യായ ഈ സൂറയിൽ 69 ആയതുകളുള്ളതിൽ 45 ഉം ഈ ജുസ്ഇൽ തന്നെയാണ്. കേവലാക്ഷരങ്ങളിലൂടെ ശ്രദ്ധ ക്ഷണിക്കലിന് ശേഷം വളരെ ഗൗരവത്തിലുള്ള വർത്തമാനമാണിവിടെ പറയുന്നത്. വിശ്വാസം പ്രഖ്യാപിച്ച് നടക്കുന്നവരെയൊക്കെ സ്വർഗം നൽകി ആദരിക്കൽ അല്ലാഹുവിന്റെ രീതിയല്ലെന്നും മുൻഗാമികളെ പോലെ സകല പ്രലോഭനങ്ങളേയും പ്രകോപനങ്ങളെയും അഗ്നിപരീക്ഷണളെയും അതിജയിച്ച്, അതിജീവിച്ച് കലർപ്പില്ലാത്ത വിശ്വാസം കർമ്മങ്ങളിലൂടെസാക്ഷീകരിക്കുന്നവർക്കുള്ളതാണ് ലിഖാഉല്ലാഹ് (അല്ലാഹുവിനെ സന്ധിക്കലും പ്രതിഫലം സ്വീകരിക്കലും ) എന്നാണ് 5 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നത്.

അല്ലാഹുവിന്റെ മാർഗത്തിലുള്ള സമരം ശരിക്കും സ്വന്തം പാരത്രിക വിജയത്തിന്റെ ഗുണത്തിനാണെന്നും അവരുടെ തിന്മകൾ പൊറുക്കപ്പെടുകയും പ്രവർത്തനങ്ങൾക്കുള്ള ഏറ്റവും നല്ല പ്രതിഫലം ലഭിക്കുമെന്നുമുള്ള വാഗ്ദാനമാണ് 7 വരെ സൂക്തങ്ങൾ .
മാതാപിതാക്കളോട് ഇഹ്സാൻ /നന്മ ചെയ്യണമെന്ന് 2:83,4:36, 6:151, 17:23 എന്ന് തുടങ്ങിയ സൂക്തങ്ങളിലും മറ്റും നാം വിശദമായി ചർച്ച ചെയ്തതാണ് . ഇനിയും പല ഭാഗങ്ങളിലായത് വരും ഇ അ. അവർ വിശ്വാസികളല്ലെങ്കിൽ പോലും അവരോട് നന്മ വിട്ട് പെരുമാറരുതെന്നും തിന്മയ്ക്കും ബഹുദൈവികതക്കും ആരേയും അനുസരിക്കേണ്ടതില്ലെന്നും അത്തരക്കാരെയാണ് സദ്വൃത്തരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുക എന്നതാണ് 9 വരെ സൂക്തങ്ങൾ ആലേഖനം ചെയ്തിരിക്കുന്നത്.

അവസരത്തിനൊത്ത് നയം മാറുന്ന കപടന്മാരെയും വിശ്വാസികളെയും കൃത്യമായി അല്ലാഹുവിനറിയാമെന്നാണ് തൊട്ടടുത്ത വാചകം. വിശ്വാസികളെ പലതും പറഞ്ഞു പ്രലോഭിപ്പിച്ച് കൂടെ കൂട്ടാൻ ശ്രമിക്കുന്ന നിഷേധികൾ അവരുടേയും അവർ വഴിപിഴപ്പിച്ചവരുടേയും പാപഭാരങ്ങളുമായാണ് ഉയിർത്തെഴുന്നേല്പിന്റെ നാളിൽ വരിക എന്ന ചിത്രീകരണമാണ് 13 വരെ സൂക്തങ്ങളിലുള്ളത്. തുടർന്ന് നൂഹ് , ഇബ്രാഹീം (അലൈഹിമാസ്സലാം) എന്നിവരുടെ പ്രബോധനത്തിന്റെ രത്നച്ചുരുക്കം അവതരിപ്പിച്ച് കൊണ്ട് നിഷേധികളുടെ പരിണതി ഏത് സമയത്തും ഒന്നു തന്നെയാണെന്നും സൃഷ്ടിപ്പിന്റെ യാഥാർഥ്യമറിയാൻ ഭൂമിയിലൂടെ സഞ്ചരിക്കാനുമാണ് 20 വരെ സൂക്തങ്ങൾ ഉണർത്തുന്നത്.

അല്ലാഹുവിന്റെ രക്ഷയും ശിക്ഷയും അവന്റെ മാത്രം വരുതിയിലാണെന്നും ഭൂമിയിലോ ആകാശത്തോ അവന്റെ സമന്മാരോ രക്ഷാധികാരിയായി ആയോ സഹായിയായോ ആരുമില്ലെന്നും അല്ലാഹുവിന്റെ ലിഖാഇനെ നിഷേധിക്കുന്നവർക്ക് അവരെ മുന്നോട്ട് നയിക്കുന്ന മറ്റെന്ത് പ്രതീക്ഷയാണുള്ളതെന്നും വേദനയേറിയ ശിക്ഷയാണവർക്കുള്ളതെന്നും ഉണർത്തുകയാണ് 23ാം വരെ സൂക്തങ്ങളിൽ . 16-ാം സൂക്തത്തിൽ സൂചിപ്പിക്കുക മാത്രം ചെയ്ത ഇബ്രാഹീം നബിയുടെ പ്രവാചകത്വത്തിന്റെ അവസാന ഘട്ടവും അദ്ദേഹത്തിന്റെ സഹോദരപുത്രനായ ലൂത്വി (അ)നോട് യാത്ര ചോദിച്ച് പലായനം ചെയ്തതും തുടർന്ന് ഇസ്ഹാഖ് (അ), യഅ്ഖൂബ് (അ) എന്നിവരിലൂടെ കഥാ ശൃംഖല മുന്നോട്ട് പോയി ലൂത്വ് (അ ) യുടെ ചരിത്രത്തിലെ അനുപമമായ ചില രംഗങ്ങളിലൂടെ കടന്ന് ആ സദോം ദേശത്തുകാരുടെ അന്ത്യവും ചിത്രീകരിച്ച് ശുഐബ് (അ), ഹൂദ് (അ), സ്വാലിഹ് (അ ), മൂസാ (അ) എന്നീ പ്രവാചകന്മാരേയും അക്കാലത്തെ നിഷേധികളുടെ ചില നേതാക്കന്മാരുടെ ബ്ലാക്ക് ലിസ്റ്റ് നിരത്തി അവരെയെല്ലാം അവരുടെ അക്രമങ്ങളുടെ പേരിൽ പിടികൂടിയെന്ന നൂറ്റാണ്ടുകളുടെ ചരിത്രം ഏതാനും വരികളിൽ കുറുക്കിപ്പറയുന്നതാണ് 40 വരെ ആയതുകളിലുള്ളത്.

അല്ലാഹുവിന്‌ പുറമെ വല്ല രക്ഷാധികാരികളെയും സ്വീകരിച്ചവരുടെ ഉപമ എട്ടുകാലിയുടേത്‌ പോലെയാകുന്നു. അത്‌ ഒരു വീടുണ്ടാക്കി. വീടുകളിൽ വെച്ച്‌ ഏറ്റവും ദുർബലമായത്‌ എട്ടുകാലിയുടെ വീട്‌ തന്നെ. അവർ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിൽ 29:41

പെട്ടെന്ന് പൊട്ടുന്നതാണ് ചിലന്തിവല എന്നയർഥത്തിലാണ് ഈ സൂക്തം മനസിലാക്കി വരാറ്. വാസ്തവത്തിൽ ചിലന്തിയുടെ വീട് എന്നത് നാം പഠിക്കേണ്ട ഒരു രഹസ്യമാണെന്നാണ് മനസിലാവുന്നത്. ഇണ ചേർന്നു കഴിഞ്ഞാൽ തന്നെ ഭർത്താവിനെ കൊന്നുകളയുന്നിടത്ത് തുടങ്ങുന്നു എട്ടുകാലി വീsകത്തിലെ ആഭ്യന്തര കലഹം.50 മുതൽ 60 വരെ മുട്ടകൾക്കാണ് അമ്മച്ചിലന്തി അടയിരിക്കുന്നത്. എന്നാൽ ജീവനോടെ പുറത്ത് വരുന്നതോ വെറും 5-6. അഥവാ ജനിച്ചു പ്രാപ്തി വരുന്നതിന് മുമ്പേ തുടങ്ങുന്നു അവയുടെ ‘സഹോദര സേവ ‘ എന്നർഥം. അവസാനം വലയിൽ നിന്ന് പുറത്ത് വരുന്ന ഈ ചുണക്കുട്ടികളുടെ ആദ്യ ഇര മൃതപ്രായയായ അമ്മ തന്നെയായിരിക്കും. തീരെ സുഭദ്രമല്ലാത്തതാണ് ബഹുദൈവാരാധകരുടെ പ്രാർഥനാ സംവിധാനം എന്ന് പഠിപ്പിക്കാനാണ് വിശുദ്ധ വേദഗ്രന്ഥത്തിലെ ഉപമ പറഞ്ഞതിന് ശേഷം അവനല്ലാതെ വിളിച്ചു പ്രാർഥിക്കുന്നവരെയും ആരാധ്യരേയും അവനറിയാമെന്നും ഉപരിസൂചിത ഉപമകൾ കൂട്ടത്തിലെ ബോധമുള്ളവർക്ക് വേണ്ടി വിവരിച്ചതാണെന്നും പ്രപഞ്ചമുടനീളമവന്റെ ഉണ്മയുടെ ദൃഷ്ടാന്തങ്ങളുണ്ടെന്നും സൂചിപ്പിക്കുകയാണ് 44 വരെ ആയതുകൾ .

ശേഷം ബോധനം നൽകപ്പെട്ട സന്ദേശങ്ങൾ ജനങ്ങളിൽ പ്രബോധനം നടത്താനും അതിനുള്ള ആത്മബലം കിട്ടാൻ നമസ്കാരം മുറപ്രകാരം നിലനിർത്തുവാനുമാണ് ഉണർത്തുന്നത്. നമസ്കാരം ഒരേ സമയം അല്ലാഹുവോടുള്ള പ്രാർഥനയും പ്രതിജ്ഞയും സംഭാഷണവും പ്രയാണവും വഴിപ്പെടലുമാണെന്നും അത് മുറപോലെ നിർവഹിക്കുന്നവർ ദുശ്ശീലങ്ങൾ, ദുശ്ചിന്ത, എന്നിവയിൽ നിന്നും മുക്തരായി അച്ഛസ്ഫടിക മുഗ്ദവും ആദർശ ശുഭ്രവുമായ ജീവിതം പുലർത്തുന്നവരുമായിരിക്കുമെന്ന പ്രസ്താവനയോടെ ജുസ്അ് ഇവിടെ സമാപിക്കുകയാണ്.

Related Articles