Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 19

(وَقَالَ الَّذِينَ لَا يَرْجُونَ لِقَاءَنَا…) 25:21 അല്ലാഹുവിനേയും അവന്റെ പ്രതിഫലത്തേയും കണ്ടുമുട്ടാൻ ആശിക്കാത്തവരായ അഹങ്കാരികളെ കുറിച്ച് പറഞ്ഞു കൊണ്ട് സൂറ: ശുഅറാഇലൂടെ ( 227 ആയത്) സൂറ:നംൽ 55 വരെയുള്ള ഭാഗമാണ് 19ാം ജുസ്അ് . ലിഖാഉല്ലാഹ് എന്നാൽ റബ്ബിനെ നേരിൽ കണ്ട് മുട്ടലാണെന്നും പ്രതിഫലം സ്വീകരിക്കലാണെന്നും ദൈവശാസ്ത്ര സംവാദത്തിന് ഇൽമുൽ കലാമിന്റെ പഴക്കമുണ്ട്.

من أحب لقاء الله أحب الله لقاءه، ومن كره لقاء الله كره الله لقاءه، എന്നാണ് ഹദീസ് . അഥവാ അല്ലാഹുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നവനെ കണ്ടുമുട്ടാൻ അല്ലാഹുവിനും ആഗ്രഹമായിരിക്കുമെന്നും വെറുക്കുന്നവനെ അവനും വെറുക്കുമെന്നാണാശയം . ഉയിർത്തെഴ്ന്നേല്പിന്റെ ദിവസത്തേയാണ് 30 വരെ ആയതുകൾ ചിത്രീകരിക്കുന്നത്. അന്നേ ദിവസത്തെ സന്തോഷമെന്നാൽ ലിഖാഉല്ലാഹ് ആണ് . ആ ലിഖാഇനെ ഇഷ്ടപ്പെടാത്തവർക്ക് കർക്കശമായ വിലക്കായിരിക്കുമെന്നും അവരുടെ കർമങ്ങളെല്ലാം ധൂളിപോലെ ആയിരിക്കുമെന്ന് പറഞ്ഞതിന് ശേഷം സ്വർഗവാസികളുടെ വാസസ്ഥലത്തേയും അനുഗ്രഹങ്ങളുമാണ് ഇവിടെ വർണിക്കുന്നത്. ആകാശത്തിലെ വെൺമേഘപടലത്തിലൂടെ മാലാഖമാരിറങ്ങുന്ന അന്ന് നിഷേധികളുടെ വിഷമകരമായ ദിനമായിരിക്കും. ചെയ്തുപോയ തെറ്റുകൾ ഓർത്ത് തന്റെ കൈകൾ കടിക്കുകയും ഭൂതകാലത്തെ അവരുടെ വിവരക്കേടുകളെ ശപിക്കുകയും ചെയ്യുന്ന രംഗമൊന്ന് ആലോചിച്ചു നോക്കൂ. റസൂൽ പറയുന്നു: ‘എന്റെ രക്ഷിതാവേ, എന്റെ ജനങ്ങൾ ഈ ഖുർആനെ വർജ്ജിക്കപ്പെട്ടതാക്കിക്കളഞ്ഞു!’. 25:30

ഖുർആനെ ഹജ്ർ ചെയ്യൽ / ഒഴിവാക്കൽ പല രൂപത്തിലാണ്
1-കേൾക്കൽ , ഓതൽ എന്നിവ ഉപേക്ഷിക്കുക.
2- അതനുസരിച്ചുള്ള പ്രവർത്തികൾ ഉപേക്ഷിക്കുക .
3 – അതുമായുള്ള വ്യവഹാരത്തെ ഉപേക്ഷിക്കുകയും മറ്റ് വ്യവസ്ഥകളോട് വിധി തേടുകയും ചെയ്യുക എന്നിങ്ങനെ ഖുർആനെ അഗണ്യകോടിയിൽ തള്ളുന്ന വേറെയും അവസ്ഥാന്തരങ്ങളുണ്ട്.

وہ زمانے میں معزز تھے مسلماں ہو کر
اور تم خوار ہوئے تارک قرآں ہو کر
അക്കാലത്ത് മുസ്ലീംകൾ എന്ന നിലയിലവർ ബഹുമാനിക്കപ്പെട്ടിരുന്നു ,
നിങ്ങൾ ഖുർആനെ ഉപേക്ഷിച്ചതാ അപമാനിതരായിരിക്കുന്നു.

എന്ന് ദാർശനിക കവി ഇഖ്ബാൽ പറഞ്ഞതും ഈ ഹജ്റിനെ കുറിച്ചാണ് . الَّذِينَ جَعَلُوا الْقُرْآنَ عِضِينَ 15:91 ൽ നാം പഠിച്ചതും ഏതാണ്ട് അതേ അർഥത്തിലാണ്.തങ്ങൾക്ക് വേണ്ടതു മാത്രം അതിൽ നിന്ന് എടുക്കുകയും ബാക്കി ഭാഗങ്ങൾ പരിഗണിക്കാതിരിക്കുന്നതിനേക്കാൾ വലിയ ഹജ്ർ എന്ത്?! ഓരോ പ്രവാചകനും ചില കുറ്റവാളികളായ ശത്രുക്കളുണ്ടാവുമെന്ന് അത്തരക്കാരാണ്പ ല തരത്തിലുള്ള സംശയങ്ങൾ ഉന്നയിക്കുക എന്നും ഖുർആനെ നബിക്ക് ഘട്ടങ്ങളായി അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ ശാന്തതക്കും പാരായണത്തിന്റെ സൗകര്യത്തിനുമാണെന്നും തദ്വിഷയകമായി അവരേത് പ്രശ്നമുന്നയിച്ചാലും ഉചിതമായ മറുപടി അല്ലാഹു നല്കുന്നുണ്ടെന്നും അവരുടെ പരിണതി വളരെ മോശമാണെന്നും വ്യക്തമാക്കുകയാണ് 34 വരെ ആയതുകൾ .

തുടർന്ന് മൂസാ, ഹാറൂൻ, നൂഹ് , ഹൂദ്, സ്വാലിഹ്, ശുഐബ്, ലൂത്വ് (അലൈഹി മുസ്സലാം) എന്നീ നബിമാരെ അനുസ്മരിക്കുകയും അവരുടെ കാലത്തുണ്ടായിരുന്ന ധിക്കാരികളെ നിശ്ശേഷം നശിപ്പിച്ചെന്നും ചരിത്രങ്ങൾ അനുസ്മരിച്ച് നബി (സ) യെ പരിഹാസ പാത്രമായി ചിത്രീകരിക്കുന്ന മക്കയിലെ നിഷേധികളുടെ ചില വർത്തമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് 42 വരെ ആയതുകളിൽ നമുക്ക് കാണാം. ഇപ്പറഞ്ഞവരെല്ലാം തന്നിഷ്ടത്തെ ദൈവമാക്കിയവരോ ദൈവത്തെ തന്നിഷ്ടമാക്കിയവരോ ആണ് /ആയിരുന്നെന്നും കന്നുകാലികളേക്കാൾ പിഴച്ച ജീവിത ശൈലികൾ വെച്ചുപുലർത്തുന്നവരാണവർ എന്നുമാണ് 44 വരെ സൂക്തങ്ങൾ സംസാരിക്കുന്നത്. തുടർന്ന് നിഴൽ, രാത്രി, ഉറക്കം, കാറ്റ്, കന്നുകാലികൾ, മഴവെള്ളം എന്നീ ആയാതുകൾ / പ്രപഞ്ച ദൃഷ്ടാന്തങ്ങൾ അനുസ്മരിച്ച് അധിക ജനങ്ങളും നന്ദികേട് കാണിക്കുന്നവരാണ് എന്ന് സ്ഥാപിക്കുകയാണ് 50 വരെ ആയതുകൾ. എത്ര ദൂതന്മാരെയും വേദങ്ങളെയും ഇറക്കാൻ അവന് സാധിക്കുമെന്നും എല്ലാത്തിനും അലംഘ്യമായ സമയമുണ്ടെന്നും പറഞ്ഞു കൊണ്ട് സത്യനിഷേധികളെ അനുസരിക്കരുതെന്നും ഖുർആൻ കൊണ്ട് അവരോട് വലിയ ആശയ സമരം നടത്തണമെന്നുമാണ് 52 ആയതുകൾ പഠിപ്പിക്കുന്നത്.

നദീജലം സമുദ്ര ജലവുമായി കലരാത്തതും വിവാഹ – കുടുംബ ബന്ധങ്ങളിലൂടെ മനുഷ്യ ജീവിതത്തിന്റെ ഭദ്രതയും ഐക്യവും സ്ഥാപിതമാവുന്നതും അല്ലാഹുവിന്റെ അടയാളങ്ങളായി അറിയിച്ചുകൊണ്ട് ഇത്രയും അനുഗ്രഹങ്ങൾ ലഭ്യമായിട്ടും ആ മനുഷ്യർ റബ്ബിനെതിരെ ദൈവേതരരെ സഹായികളാക്കുന്ന വൈരുധ്യം എടുത്ത് കാണിക്കുകയാണ് 55 വരെ സൂക്തികൾ.
പ്രവാചകത്വത്തിന്റെ ദൗത്യങ്ങളെന്തെന്നും റബ്ബിങ്കലേക്കുള്ള മാർഗം സ്വീകരിക്കലല്ലാതെ ആ ദൗത്യം കൊണ്ട് ഭൗതിക സൗകര്യങ്ങൾ കാംക്ഷിക്കരുതെന്നും ആകാശ ഭൂമികളുടെ നാഥനെ ഭരമേല്പിക്കണമെന്നുമാണ് പ്രവാചകനോട് 59 വരെ വാചകങ്ങൾ സംസാരിക്കുന്നത്. അല്ലാഹു പരമകാരുണികനാണ് എന്ന വിശേഷണത്തെ അവർ നിഷേധിക്കുകയും ദൈവേതരുടെ പ്രീതി പ്രതീക്ഷിക്കുകയുമാണ് അവർ ചെയ്യുന്നതെന്നും വാസ്തവത്തിൽ ഈ അനുഗ്രഹങ്ങൾക്കെല്ലാം അല്ലാഹുവിനെ വിധേയപ്പെടുകയാണ് അവർ ചെയ്യേണ്ടിയിരുന്നതെന്നുമാണ് 60-ാം ആയത് തുറന്നു പറയുന്നത്. ( ഇവിടെ തിലാവതിന്റെ സുജൂദുണ്ട് )

ഭൂമിയിൽ കൂടി വിനയത്തോടെ നടക്കുന്നവരാണ് പരമകാരുണികന്റെ ദാസന്മാർ / ഇബാദുർറഹ്മാൻ എന്ന് പറയുമ്പോൾ മന്ദംമന്ദം നടന്നു പോകുമെന്നല്ല ആയതിന്റെ താല്പര്യം. ഭൂമിയിൽകൂടി നടക്കുന്നത് വിനയത്തോടെയായിരിക്കും. അടക്കത്തോടും, ഒതുക്കത്തോടും കൂടി, അനാവശ്യത്തിലും അക്രമത്തിലും പങ്കെടുക്കാതെ, വിനോദങ്ങളിൽ മുഴുകാതെ, അഹംഭാവമോ, പത്രാസോ കൂടാതെ വളരെ പാകതയുള്ളവരായിട്ടാണ് അവർ ഭൂമുഖത്തു കഴിഞ്ഞുകൂടുക. ഇബ്നു അബ്ബാസ് (റ) പറഞ്ഞതു പോലെ അറിവും, സഹനവും, ഒതുക്കവും, മാന്യതയും ഉള്ളവരായിരിക്കുമവർ.മാത്രമല്ല ജീവിതത്തിലുടനീളം വിനയമുള്ളവരും അഹങ്കാരമില്ലാത്തവരുമായിരിക്കും. 63-ാം ആയതിലെ ജാഹിൽ എന്ന് പറയുന്നത് വിഡ്ഢിയോ അറിവില്ലാത്തവനോ അല്ല. അജ്ഞതയിലും അവിവേകത്തിലും ഉറച്ച് നിൽക്കുന്നവനാണ്.ഇത്തരം ആളുകൾ അവരുമായി അഭിമുഖീകരിക്കുമ്പോൾ അവർ സമാധാനപരമായ വാക്കുകൾ ഉപയോഗിക്കും. അവർ ഇങ്ങോട്ട് ഉപയോഗിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങളോ, മര്യാദകെട്ട വാക്കുകളോ അങ്ങോട്ട്‌ പറയാതെ, വിട്ടുവീഴ്ച്ചയും, നല്ലവാക്കും ഉപയോഗിക്കും എന്നർത്ഥം. തഖ് വയുടെ ബലത്താൽ നരകത്തിൽ നിന്ന് രക്ഷപെട്ട് സ്വ4ഗ്ഗം അതിജയിച്ചടക്കാമെന്ന് സ്വയം അഭിമാനിക്കുകയല്ല അവ4 ചെയ്യുന്നത്.മറിച്ച് സ്വന്തം മാനുഷിക ദൗ4ബല്യങ്ങൾ അംഗീകരിച്ച് കൊണ്ട് നരകത്തിൽ നിന്ന് രക്ഷപെടനായി അല്ലാഹുവിനോട് ആത്മാർഥമായി ദുആ ചെയ്യുകയാണ് അവ4 ചെയ്യുന്നത്.

റഹ്’മാൻ ആയ റബ്ബിന്റെ അടിമകൾ വ്യർത്ഥമായ കാര്യങ്ങളുടെ സമീപത്തുകൂടി പോകുമ്പോൾ മാന്യന്മാരായ നിലയിൽ പോകണമെന്ന് പറഞ്ഞതിന്റെ താൽപര്യം, അതിൽ പങ്കെടുക്കയില്ലെന്ന് മാത്രമല്ല, അതിൽ താൽപര്യം കാണിക്കുകയോ, ശ്രദ്ധ പതിപ്പിക്കുകയോ ചെയ്യാതെ തിരിഞ്ഞു പോകുമെന്നാകുന്നു. ഈ സൂക്തത്തെ വിശദീകരിച്ചു കൊണ്ട് മഹാനായ ഇമാം ഇബ്നു കഥീർ (റഹ് )പറയുന്നു: ” വ്യാജമായ (ഹറാമായ )വാക്കുകളും, പ്രവർത്തികളും എന്നാൽ; അത് നിഷേധികളുടെ ആഘോഷങ്ങളാണ് എന്നാണ് .

ഇബാദുർറഹ്മാൻ തങ്ങളുടെ സ്വന്തം കാര്യങ്ങളിൽ മാത്രമല്ല, കുടുംബത്തിന്റെ നന്മയിലും വളരെ താൽപര്യവും ആകാംക്ഷയും ഉള്ളവരായിരിക്കും. തങ്ങളുടെ ഭാര്യമാരും സന്തതികളുമെല്ലാം സൽക്കർമ്മികളും, സജ്ജനങ്ങളും ആയിത്തീരുവാനും, അതുവഴി തങ്ങൾക്ക് ഇഹത്തിലും, പരത്തിലും കൺകുളിർമ്മയും, മനസ്സന്തോഷവും കൈവരുവാനും അവർ സദാ അല്ലാഹുവോട് പ്രാർത്ഥന നടത്തും. മാത്രമല്ല, ഇസ്‌ലാമിക നടപടിക്രമങ്ങൾ ശരിക്കും ആചരിച്ചു വരുന്ന ആ മുത്തഖികൾക്ക് തങ്ങളേയും, തങ്ങളുടെ ഭാര്യമാരെയും സന്താനങ്ങളേയും മാതൃകയാക്കുകയും ചെയ്യേണമേ എന്ന് അവർ പ്രാർത്ഥന ചെയ്യുക കൂടി ചെയ്യുന്നു. അവരുടെ ആഗ്രഹവും ഗുണകാംക്ഷയും അത്രയും വലുതായിരിക്കും. അഥവാ ഇബാദുർറഹ്മാന്റെ ഏറ്റവും വലിയ ലക്ഷ്യം സൂക്ഷ്മാലുക്കളുടെ നേതൃഗുണമുള്ള മനുഷ്യന്റെ നിർമിതിയാവും . മരണശേഷം അവശേഷിക്കുന്ന കർമങ്ങളിലൊന്നായി പ്രവാചകൻ എണ്ണിപ്പറഞ്ഞത് മരണപ്പെട്ടവന് വേണ്ടി പ്രാർഥിക്കുന്ന സ്വാലിഹായ സന്താനമാണ്. കൃത്യമായ ആസൂത്രണവും പരിശ്രമവും ക്ഷമയോടെ നിലനിർത്തുന്ന ഒരു രക്ഷിതാവിന് ഉയർന്ന ഫലങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതിൽ സംശയമില്ല. പരമകാരുണികന്റെ നല്ലവരായ ദാസൻമാരുടെ ഗുണങ്ങൾ വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതിലൊന്ന് മുത്തഖീങ്ങളുടെ നേതൃത്വത്തിലെത്താൻ പ്രാർഥിക്കുന്ന ഈ ഉയർന്ന സംസ്‌കാരത്തെയാണ്.

അത്തരക്കാർക്ക് ഉന്നതമായ സ്ഥാനം / ഗുർഫ: യും ആശംസകളും നിത്യവാസവുമുണ്ടെന്ന് പറഞ്ഞതിന് ശേഷം മനുഷ്യൻ എത്ര ഉന്നതനായാലും പ്രാർഥന നടത്തുന്നവരെ മാത്രമേ അവൻ പരിഗണിക്കൂവെന്നും അഹങ്കാരികളെ ഇവിടെയും നാളെ പരലോകത്തും റബ്ബ് പരിഗണിക്കില്ലെന്നും ഓർമപ്പെടുത്തി ഫുർഖാൻ സൂറ: സമാപിക്കുന്നു. ശുഅറാഅ് എന്നാൽ കവികൾ എന്നാണർഥം . 224ാം വചനത്തിൽ രണ്ടുതരം കവികളെ കുറിച്ച് പരാമർശമുണ്ട്.

മക്കയിൽ അവതരിച്ച സൂറയാണ് . മൊത്തം 227 ആയതുകളാണുള്ളത് . (അവസാനത്തെ 4 ആയതുകൾ മദീനയിൽ അവതരിച്ചതാണെന്നാണ് പണ്ഡിതമതം) അല്ലാഹുവിന്റെ ഏകത്വം, പരലോകം , മുഹമ്മദ് (സ ) ന്റെ പ്രവാചകനെന്ന നിലക്കുള്ള അംഗീകാരം, നിഷേധത്തിന്റെ അനന്തരഫലങ്ങൾ എന്നിവയും പ്രവാചക കഥകളും സൂറ:യിൽ അടങ്ങിയിരിക്കുന്നു.

കേവലാക്ഷരങ്ങൾക്കു ശേഷം ഖുർആനും പ്രവാചകന്റെ ജീവിതവുമാണ് കടന്നുവരുന്നത്. സൂറ: കഹ്ഫ് 6ാം സൂക്തത്തിൽ വ്യക്തമാക്കിയിട്ടുള്ളത് പോലെ ആളുകൾ വിശ്വസിക്കുന്നില്ല എന്ന പേരിൽ ജീവൻ നശിപ്പിക്കരുതെന്നും എന്ത് ദൃഷ്ടാന്തം കിട്ടിയാലും തിരിഞ്ഞുകളയുകയും പരിഹസിക്കുകയും ചെയ്യുന്ന അവരെയോർത്ത് താങ്കൾ സങ്കടപ്പെടരുതെന്ന് നബിയെ സാന്ത്വനിപ്പിക്കുകയാണ് ആദ്യ 6 സൂക്തങ്ങളിൽ . പ്രതാപിയായ അല്ലാഹു പ്രപഞ്ചത്തിലെല്ലാ അനുഗ്രഹങ്ങളും ലഭ്യമാക്കിയെന്നും എന്നാൽ അധികപേരും വിശ്വസിക്കുന്നില്ലെന്നും 9 വരെ ആയതുകളിൽ ആമുഖമായി പറഞ്ഞതിനു ശേഷം മൂസാ, നൂഹ് , ഹൂദ്, സ്വാലിഹ്, ലൂത്വ് , ശുഐബ് (അലൈഹി മുസ്സലാം) എന്നീ പ്രവാചകന്മാരേയും അവരുടെ ധിക്കാരികളായ സമൂഹങ്ങളുടേയും ചരിത്രം 190 വരെ ആയതുകളിൽ വരുന്നുണ്ട്.

كَذَّبَتْ قَوْمُ نُوحٍ الْمُرْسَلِينَ 105: 26 ഇതേ പ്രയോഗം മേൽ പറഞ്ഞ ഏതാണ്ടെല്ലാ നബിമാരെ കുറിച്ചും വന്നിട്ടുണ്ട്. كَذَّبَتْ قَوْمُ ….. الْمُرْسَلِينَ എന്നാണ് പ്രയോഗം . ഓരോ സമൂഹവും അവരിലേക്ക് വന്ന നബിയെ മാത്രമേ കളവാക്കിയിട്ടുള്ളൂവെങ്കിലും ആ ഒരാളെ കളവാക്കൽ എല്ലാ മുർസലുകളേയും കളവാക്കുന്നത് പോലെയാണ് എന്ന് പറയുന്നത് പോലെയാണ് ഖുർആന്റെ ഈ ശൈലി. ഇത്തരം സംഭവങ്ങൾ പറഞ്ഞതിന് ശേഷം പ്രവാചകൻ (സ) യെ സാന്ത്വനിപ്പിക്കുകയും അദ്ദേഹത്തിനവതീർണമായ ഗ്രന്ഥം അബ്ദുല്ലാഹിബ്നു സലാമിനെ പോലുള്ള യഹൂദ പണ്ഡിതന്മാർ സത്യപ്പെടുത്തിയതും എന്നിട്ടും പലരും വിശ്വസിച്ചില്ലെന്നും അത് അവരുടെ ഹൃദയങ്ങളിൽ കടത്തിവിടപ്പെട്ട നിഷേധത്തിന്റെ ഫലമാണ് എന്നതാണ് 200 വരെ ആയതുകളിലുള്ളത്. നീണ്ടകാലത്തെ സമൃദ്ധിയുടെ ഫലങ്ങൾ കൈവശം വെച്ചിരിക്കുന്ന സമയത്താണ് ശിക്ഷ വിധിക്കപ്പെടുന്നതെങ്കിലും അവർക്കതിനെ തടയാനോ ലഘൂകരിക്കാനോ കഴിയില്ലെന്നും ഓർമപ്പെടുത്തുന്ന താക്കീതുകാർ വരാതെ ഒരു രാജ്യത്തേയും നശിപ്പിക്കാറില്ലെന്നുമാണ് 209 വരെ സൂക്തങ്ങൾ ഓർമപ്പെടുത്തുന്നത്.

മുഹമ്മദ് നബിയുടെ കൂടെ ചൊല്ലിക്കൊടുക്കാൻ പിശാചുക്കളില്ലെന്നും അവർക്കത് കേൾക്കാൻ പോലും ഉതവി ലഭിക്കില്ലെന്നും ഉണർത്തി 220 വരെ ആയതുകളിൽ പ്രവാചകൻ (സ) ക്ക് പ്രത്യേകമായ ചില ഉണർത്തലുകൾ നടത്തുകയാണ് അല്ലാഹു .തുടർന്ന് നിഷേധികൾ പറഞ്ഞ ആരോപണങ്ങളെ ബൂമറാങ് പോലെ തിരിച്ചു മറുപടി പറയുകയാണ് ഖുർആൻ ചെയ്യുന്നത്. ഇത് പിശാചിന്റെ വർത്തമാനമല്ലെന്നും പ്രവാചകൻ മുഹമ്മദ് (സ) കവിയല്ലെന്നും കവികൾ പൊതുവെ അലഞ്ഞു നടക്കുന്നവരും പ്രവർത്തിക്കാത്തത് പറയുന്നവരുമാണ് എന്ന് മൊത്തത്തിൽ പറഞ്ഞതിന് ശേഷം കവികളിലെ ചില അപവാദങ്ങളെ എടുത്തു പറയുന്നുണ്ട് . നിഷേധികളായ കവികളുടെ ഭത്സനങ്ങൾക്ക് കവിതയിലൂടെ തന്നെ മറുപടി പറഞ്ഞ എത്രയോ കവികൾ ഇസ്ലാമിക ചരിത്രത്തിലും വർത്തമാനത്തിലും പ്രോജ്വലരായി നിറഞ്ഞു നില്ക്കുന്നുണ്ട് എന്ന സത്യം നിഷേധിക്കുക വയ്യ.

അടുത്ത അധ്യായം സൂറ: നംൽ (ഉറുമ്പ്) ആണ് . മക്കയിൽ അവതരിച്ച 93 ആയതുകളാണവ. അവയിൽ 55 വരെ ആയതുകൾ ഈ ജുസ്ഇന്റെ തന്നെ ഭാഗമാണ്. 18ാം ആയതിൽ സുലൈമാൻ (അ) ന്റെ ചരിത്രം പറയുമ്പോൾ ഉറുമ്പിന്റെ സംസാരമെന്ന ഒരസാധാരണ സംഭവം അദ്ദേഹത്തിന്റെ മുഅ്ജിസത് എന്ന നിലയിൽ പറയുന്നത് കൊണ്ടാണ് ഈ അധ്യായത്തിന് ഇപ്രകാരം പേര് വന്നത് എന്നാണ് പണ്ഡിതമതം.

കേവലാക്ഷരങ്ങൾക്ക് ശേഷം ഖുർആനികവചനങ്ങളെയും അവയുടെ സാധുതയെയും കുറിച്ച് പറഞ്ഞതിന് ശേഷം വിശ്വാസികളുടേയും നിഷേധികളുടേയും ലഘുവായ താരതമ്യമാണ് 5 വരെ സൂക്തങ്ങളിലുള്ളത്. തുടർന്ന് ഒന്നാം സൂക്തത്തിൽ പറഞ്ഞ ഖുർആന്റെ ആധികാരികത തന്നെ ഊന്നി പറയുന്നു. 7ാം സൂക്തം മുതൽ മൂസാ, ദാവൂദ്, സുലൈമാൻ , സ്വാലിഹ്, ലൂത്വ് (അലൈഹി മുസ്സലാം) എന്നീ പ്രവാചകന്മാരുടേയും അവരുടെ ജനതതികളുടേയും ചരിത്രമാണ് .

ഇവിടെ പരാമർശിക്കപ്പെട്ട ഉറുമ്പിന്റെ പേരും വിലാസവും ഗോത്രത്തിന്റെ പേരടക്കം ഒരു വിഭാഗം ഇസ്രായേലീ കഥകൾ വെച്ച് പറയുമ്പോൾ മറ്റൊരു വിഭാഗം അത് ഉറുമ്പല്ലെന്നും സുലൈമാ (അ)ന്റെ ജൈത്രയാത്ര കടന്നുപോയ വഴിയിലെ ഒരു ദുർബല തറവാടാണെന്നും തീർത്തും വ്യത്യസ്തമായ രീതിയിലും ചർച്ച ചെയ്തിട്ടുണ്ട്. സത്യം പക്ഷേ അത് സുലൈമാൻ (അ) ന്റെ ഹുദ്ഹുദ് , ഇഫ്രീത് എന്നിങ്ങനെയുള്ള അമാനുഷികത / മുഅ്ജിസതുകളിൽ ഒന്നായിരുന്നുവെന്ന് വിശ്വസിക്കലാണ്. അതേ ഭാഗത്ത് ചർച്ച ചെയ്യുന്ന സബഅ് പുരാതന യമനിലെ ഷേബാ നഗരത്തിന്റേയോ ഗോത്രത്തിന്റേയോ പേരാണെന്നും അന്നത്തെ രാജ്ഞിയുടെ പേര് ബിൽഖീസ് എന്നായിരുന്നുവെന്നും ബുദ്ധികൂർമ്മതയാൽ പ്രസിദ്ധയായ അവരുടെ ചില വിവരണങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിലും ഖുർആനിൽ അവരെ പറയുന്നയിടങ്ങളിലും (27:22, 34: 15 – 16 ) കാണുന്നുണ്ട്. വേദ ജ്ഞാനമുള്ള ആൾ എന്ന ഭാഗത്തും (40 ) ഉറുമ്പിന്റെ വിഷയം ചർച്ച ചെയ്ത പോലെ അടിസ്ഥാനങ്ങളില്ലാത്ത ഇസ്രാഈലീ കഥകൾ ധാരാളമുണ്ട്. അത്തരം വിശദാംശങ്ങൾ നമ്മളറിയൽ അനിവാര്യമായിരുന്നുവെങ്കിൽ അല്ലാഹു തന്നെ അത് വ്യക്തമാക്കുമായിരുന്നു എന്നാണ് സയ്യിദു ഖുതുബിനെ പോലെയുള്ള മുഫസ്സിറുകൾ അഭിപ്രായപെട്ടിട്ടുള്ളത്. ഉറുമ്പിന്റെ സംസാരം കേട്ട് പുഞ്ചിരിച്ച സുലൈമാൻ (അ) ചെയ്ത ഒരു പ്രാർഥന പ്രത്യേകമായി പഠിക്കുന്നതു നന്നാവും :

റബ്ബേ, എനിക്കും, എൻറെ മാതാപിതാക്കൾക്കും നീ ചെയ്തുതന്നിട്ടുള്ള നിൻറെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സൽക്കർമ്മം പ്രവർത്തിക്കുവാനും എനിക്ക് നീ പ്രചോദനം നൽകേണമേ! നിൻറെ കാരുണ്യം കൊണ്ട്, സദ്‌വൃത്തരായ നിൻറെ അടിയാന്മാരിൽ എന്നെ നീ ഉൾപ്പെടുത്തിത്തരുകയും വേണമേ!’ 19 رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ:

Related Articles