Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 17

സൂറ: അമ്പിയാഅ് (112 ആയത്) സൂറ: ഹജ്ജ് (78 ആയത്) മുഴുവനായും ഒരു ജുസ്ആണ് . 16 നബിമാരുടെ ചരിത്രത്തിലൂടെ കടന്നുപോവുന്നത് കൊണ്ടാണ് അമ്പിയാഎന്ന പേര് വന്നത്. സൂറ: ഹജ്ജാവട്ടെ ഹജ്ജിന്റെ ആത്മാവ് സന്നിവേശിപ്പിച്ചിട്ടുമുണ്ട്. ഈ ജുസ്ഇൽ അമ്പിയാ മുഴുവനായും ഹജ്ജിലെ ഏതാനും ആയതുകളും മക്കിയ്യാണ്. മക്കി സൂറ:കളുടെ ഊന്നലാണ് പൊതുവെ ഈ ഭാഗത്തും കാണുന്നത്.

(اقْتَرَبَ لِلنَّاسِ حِسَابُهُم…) ജനങ്ങൾക്കവരുടെ വിചാരണ ആസന്നമായി എന്നതിലാരംഭിച്ച് സൂറ: ഹജ്ജ് അവസാനത്തോടെ ഈ ഭാഗം പൂർത്തിയാവുന്നു. സൂറ: അമ്പിയ പ്രധാന പ്രപഞ്ച നിയമങ്ങൾ അവതരിപ്പിക്കുകയും അവയുമായി നമ്മുടെ വിശ്വാസം ബന്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്. ആകാശവും ഭൂമിയും അവകൾക്കിടയിലുള്ളതെല്ലാം ആ നവാമീസി/ വ്യവസ്ഥകളിലെ ചില മാതൃകകൾ മാത്രം. ഈ ഭൂമിയിലെ ജീവിതത്തെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഐക്യത്തിലേക്കും ജീവിത ഉറവിടത്തിന്റെ ഏകതയിലേക്കും അവ നമ്മുടെ ധാരണകളെ നയിക്കുന്നു.

എല്ലാ ജീവജാലങ്ങളെയും വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു (30) എന്ന പ്രഖ്യാപനം കേവലം പ്രകൃതിപരമല്ല ; പ്രത്യുത ശാസ്ത്രീയമായ അടിസ്ഥാനമുള്ളതാണെന്ന് നമുക്ക് ബോധ്യപ്പെടും. നശ്ർ , ഹശ്ർ , ഹിസാബ് തുടങ്ങി പാരത്രികമായ രംഗ ചിത്രീകരണങ്ങൾ അമ്പിയാ സൂറയിൽ വരുന്നുണ്ട്. ആദ്യ സൂക്തം വ്യക്തമാക്കുന്നത് തന്നെ വിചാരണയെ കുറിച്ച് അശ്രദ്ധരായ മനുഷ്യരെ കുറിച്ചാണ് . ഏത് സത്യം വന്നാലും കളിയും വിനോദവുമായി അതിനെ നേരിടുകയും അതെല്ലാം കേവലം പാഴ്കിനാവുകളാണെന്ന് പുലമ്പുകയും ചെയ്യുന്ന അക്രമികളുടെ വാചോടാപങ്ങൾ നാഥനറിയുന്നുവെന്നും ഇതെല്ലാ യുഗങ്ങളിലുമുള്ളതാണെന്ന പ്രഖ്യാപനമാണ് ആദ്യ 6 സൂക്തങ്ങളിലുള്ളത്.

എല്ലാ സമൂഹങ്ങളിലേക്കും നബിമാരെ നിയോഗിച്ചിട്ടുണ്ടെന്നും അവർ അമാനുഷരായിരുന്നില്ലായെന്നും അവരെ അംഗീകരിക്കുന്നവരെ രക്ഷിക്കുകയും അല്ലാത്തവരെ ശിക്ഷിക്കുകയും ചെയ്യുക എന്നത് പ്രകൃതി നടപടിയാണ് എന്നുമാണ് 9 വരെ ആയതുകൾ നമ്മോട് പറയുന്നത്.സത്യസന്ദേശം അയക്കലും അവരിൽ നിന്നുള്ള ധിക്കാരികൾ അതിൽ നിന്ന് കുതറി മാറലും ആ അക്രമികളെ പിടികൂടി കൊയ്തിട്ട വിളപോലെ ആക്കലും മറ്റൊരു സമൂഹത്തെ തൽസ്ഥാനത്ത് വളർത്തികൊണ്ടുവരലുമെല്ലാം ആ നടപടിയുടെ ഭാഗമാണെന്ന് ഉണർത്തുകയാണ് 15 വരെ ആയതുകൾ .പ്രപഞ്ചം മുഴുവൻ വൃഥാ സൃഷ്ടിക്കപ്പെട്ടതല്ലെന്നും സത്യത്തെക്കൊണ്ട് അസത്യത്തെ തകർത്തുകളയുമെന്നും രാപകലുകൾ പ്രകീർത്തനം നടത്തുന്ന , അഹങ്കാരമോ ക്ഷീണമോ ഏശാത്ത മാലാഖമാർ അവന്റെ കൂടെ എപ്പോഴുമുണ്ടെന്ന പ്രഖ്യാപനമാണ് 20 വരെ സൂക്തങ്ങൾ .

പ്രപഞ്ചത്തിന്റെ ആധിപത്യത്തിൽ നിഷേധികൾ സങ്കല്പിക്കുന്നത് പോലെ ഒന്നിൽ കൂടുതൽ ദൈവങ്ങളുണ്ടായിരുന്നെങ്കിൽ അത് പ്രശ്നമാവുമായിരുന്നുവെന്നും അവരുടെ വാദത്തിന് വല്ല തെളിവുമുണ്ടെങ്കിൽ കൊണ്ടുവരൂ എന്ന് വെല്ലുവിളിക്കുകയുമാണ് 24 വരെയുള്ള ഭാഗം. മുൻകഴിഞ്ഞ നബിമാരുടെയെല്ലാം പ്രബോധനത്തിന്റെ അടിസ്ഥാനം തൗഹീദാണെന്നും ദൈവപുത്രന്മാരായി അവർ സങ്കല്പിക്കുന്നവരെല്ലാം അവന്റെ ആദരണീയ ദാസന്മാരായിരുന്നുവെന്നും അവന്റെ കല്പന പൂർണമായി അംഗീകരിക്കുന്നവരായിരുന്നു അവരെന്നും അവരുടെ സകല കാര്യങ്ങളും കൃത്യമായി മനസ്സിലാക്കിയവനാണ് റബ്ബെന്നും അവരിലാരും താൻ ദൈവമാണെന്നോ ദൈവപുത്രനാണെന്നോയുള്ള അക്രമപരമായ വാദം മുന്നോട്ട് വെച്ചിട്ടില്ലെന്നും മുശ്രിക്കുകളുടെ വാദങ്ങൾക്ക് ഖണ്ഡനമായി മുന്നോട്ട് വെക്കുകയാണ് 29 വരെ ആയതുകൾ . “അവിശ്വസിച്ചവർ കണ്ടില്ലേ: ആകാശങ്ങളും, ഭൂമിയും അടഞ്ഞുനിൽക്കുന്നതായിരുന്നു; എന്നിട്ടു അവ രണ്ടും നാം പിളർത്തിയിരിക്കുകയാണ് എന്ന്!? എല്ലാ ജീവവസ്തുക്കളേയും നാം വെള്ളത്തിൽനിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലയോ?!” (30 ) എന്ന ആയതും തുടർന്നുള്ള മലകളുടെ സൃഷ്ടിപ്പ്, ആകാശത്തെ മേൽപുരയാക്കിയത് , രാത്രി – പകൽ , ചന്ദ്രൻ , ഭ്രമണപഥം തുടങ്ങിയ നിരവധി പ്രകൃതി പ്രതിഭാസങ്ങളിലൂടെ ( 33 വരെ സൂക്തങ്ങൾ) പല ശാസ്ത്രീയ സംഗതികളും ദൈവികതയുടെ ഏകത്വത്തിന് തെളിവായി ഉദ്ധരിക്കുകയാണ് ചെയ്യുന്നത്.

ഒരു മനുഷ്യനും അനശ്വരത ഇല്ലെന്നും ഓരോ വ്യക്തിയും മരണം ആസ്വദിക്കുമെന്നും മടക്കം അല്ലാഹുവിലേക്കാണെന്നുമുള്ള പ്രകൃതി സത്യം ഓർമപ്പെടുത്തുകയാണ് 35 വരെയുള്ള ആയതുകൾ. നിഷേധികൾ പ്രവാചകനെ പരിഹസിക്കുന്നത് സത്യം മനസ്സിലാക്കാതെ ധൃതിയിൽ ചെയ്യന്നതാണെന്നും ധൃതിക്കൂട്ടാതെ പ്രവാചകനേയും അദ്ദേഹത്തിന്റെ തെളിവുകളേയും സമീപിച്ചിരുന്നുവെങ്കിൽ സംഗതി മാറിയേനെ എന്നും നിരൂപിച്ചു കൊണ്ട് ഈ വാഗ്ദാനം എന്ന് പുലരുമെന്ന അവരുടെ ആവശ്യപ്പെടൽ പോലും ഉപരി സൂചിത അജലതി / ധൃതിയുടെ ഭാഗമാണെന്നും സമർഥിക്കുകയാണ് 38 വരെ സൂക്തങ്ങൾ . തീർത്തും നിസ്സഹായാരാവുന്ന പെട്ടെന്ന് വന്നു അമ്പരപ്പിച്ച് കളയുന്ന ആ സന്ദർഭത്തെ ആ ഗൗരവത്തിൽ അവർ മനസ്സിലാക്കിയിരുന്നുവെങ്കിൽ പരലോകത്തേയോ പ്രവാചകന്മാരെയോ അവർ കളവാക്കുമായിരുന്നില്ല എന്നും പ്രവാചകന്മാർ പരിഹസിക്കപ്പെടുന്നത് മുൻ പ്രവാചകന്മാരും ഏറെ സഹിച്ചതാണെന്നും ഉണർത്തി നബിയെ സാന്ത്വനിപ്പിക്കുകയാണ് 41 വരെ ആയതുകൾ .

രാപകലുകളിൽ നിങ്ങൾക്ക് സഹായമാവുന്ന വല്ല ദൈവങ്ങളും നിങ്ങൾക്കുണ്ടോ എന്നും ഭൂമിയെ നാനാഭാഗങ്ങളിൽ നിന്നും ചുരുക്കി കൊണ്ട് വന്നാൽ രക്ഷപ്പെടാൻ അവരുടെ കൈയ്യിലെന്തുണ്ട് എന്നും പരിഹാസപൂർവ്വം ചോദ്യം ചെയ്യപ്പെടുകയാണ് 44 വരെ സൂക്തങ്ങൾ . വഹ്യിന്റെ പിൻബലത്തിലാണ് റസൂലിന്റെ താക്കീതെന്നും ബധിരന്മാരായ നിഷേധികൾ ഇപ്പോളത് കേൾക്കുന്നില്ലെങ്കിലും ശിക്ഷയുടെ ചെറിയൊരു ലാഞ്ചന ഉണ്ടാവുമ്പോഴേക്കും എല്ലാ തെറ്റുകൾ ഏറ്റുപറയുമെന്നും നീതിയുടെ തുലാസുകൾ സ്ഥാപിച്ച ആ വേളയിൽ കൃത്യമായ കണക്ക് പ്രകാരം രക്ഷാശിക്ഷകൾ വിധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും ഭീഷണിയുമാണ് 47 വരെ സൂക്തികൾ . മുമ്പ് മൂസാക്കും ഹാറൂനും നല്കിയ പ്രമാണവും പ്രകാശവും അദൃശ്യത്തേയും അന്ത്യനാളിനേയും പറ്റി ബോധമുള്ളവർക്ക് പോന്നതായിരുന്നു എന്നും ഇപ്പോൾ അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ – നിങ്ങൾ നിഷേധിക്കുന്നുവെങ്കിലും – എല്ലാവർക്കുമുള്ള ഉത്ബോധനമാണെന്നാണ് 50 വരെ സൂക്തങ്ങൾ ചുരുക്കിപ്പറയുന്നത്.

ഇബ്രാഹീം ,ഇസ്ഹാഖ് , യഅ്ഖൂബ് ,ലൂത്വ് , നൂഹ് , ഇസ്മായീൽ ,അയ്യൂബ് ,ഇദ്രീസ് , ദുൽ കിഫ്ൽ, യൂനുസ് ,സകറിയ , യഹ്യ ,സുലൈമാൻ ,ദാവൂദ് എന്നിവരേയും മർയം ബീവിയേയും ഈസാ (عليهم السلام) എന്നിവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൂടെ കടന്നുപോവുന്നതാണ് 91 വരെ ആയതുകൾ . ഈ പ്രവാചകന്മാരെല്ലാം ജനങ്ങളെ ക്ഷണിച്ചത് മനുഷ്യർ ഒരൊറ്റ സമുദായമാണെന്നും അവർക്കെല്ലാം ഒറ്റ ആരാധ്യനുമെന്ന സന്ദേശമായിരുന്നുവെന്നും എന്നാൽ പിന്നീട് പല പേരിലും അവർ ശിഥിലരായെന്നും എല്ലാവരും മടങ്ങുന്നത് അതേ ഏക റബ്ബിലേക്കാണെന്നും വിശ്വാസത്തോടെ ചെയ്യുന്ന ഓരോ കർമവും രേഖപ്പെടുത്തപ്പെടുകയും നിഷേധിക്കപ്പെടുകയില്ലാത്തതാണെന്നുമാണ് 94 വരെ സൂക്തങ്ങളുടെ സാരാംശം .

ഭൗതിക നാശത്തോടെ ശിക്ഷ അവസാനിക്കുന്നില്ലെന്നും അവസാനിക്കാത്ത ശിക്ഷ ആസ്വദിക്കാനായി അവർ വരാതിരിക്കില്ലെന്നും 95ാം ആയത് ഉണർത്തുന്നു. സൂറ: കഹ്ഫിൽ പരാമർശിക്കപ്പെട്ട യഅ്ജൂജ് -മഅ്ജൂജ് വിഭാഗങ്ങൾക്ക് ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കാൻ കഴിയുംവിധം ലോകാവസാനം ഇങ്ങെത്തിയെന്നും നിഷേധികൾ ഇമവെട്ടാതെ തങ്ങളുടെ ഭാഗധേയത്തെ ശപിച്ച് നിന്നുപോവുമെന്നും അവരും അവരുടെ മൂർത്തികളും നരകത്തിലെ ഇന്ധനമാവുമെന്നും ആ ദൈവേതരർ ശരിക്കും ദൈവമായിരുന്നുവെങ്കിൽ ഇങ്ങിനെയൊരു അനുഭവത്തിൽ പെടില്ലായിരുന്നുവെന്നും സ്വവിഹ്വലതകളാൽ മറ്റുള്ളവരുടെ വിലാപം കേൾക്കാൻ കഴിയാത്ത പരിഭ്രാന്തിയിലായിരിക്കും ആരാധകരും ആരാധനാ മൂർത്തികളുമെന്ന ചിത്രീകരണമാണ് 100 വരെ ആയതുകളിലുള്ളത്.

അല്ലാഹുവിന്റെ നന്മ/തൗഫീഖ് ലഭിച്ചവർ ഈ ശിക്ഷയിൽ നിന്നും അതിന്റെ എല്ലാവിധ ഒച്ചപ്പാടുകളിൽ നിന്നും മറ്റു സംഭ്രമങ്ങളിൽ നിന്നും അകന്ന് മാലാഖമാരോടെ അകമ്പടിയോടെ സ്വർഗത്തിൽ പ്രവേശിക്കപ്പെടുമെന്ന സന്തോഷവാർത്തയാണ് 103 വരെ സൂക്തങ്ങളിലുള്ളത്. സൃഷ്ടിയുടെ ആരംഭത്തിലുള്ളത് പോലെ പ്രപഞ്ചം മാറുമെന്നും വേദത്തിലൂടെ തങ്ങളുടെ സദ്‌വൃത്തത വ്യക്തമാവുകയും ചെയ്ത അല്ലാഹുവിന്റെ അടിയാറുകൾ ഭൂമിയെ അനന്തരമെടുക്കുമെന്ന സന്തോഷ വാർത്തയിൽ അല്ലാഹുവിന് കീഴ്പെട്ട് ജീവിക്കുന്നവർക്ക് സന്ദേശമുണ്ട് എന്നുമാണ് തുടർന്ന് 107 വരെ സൂക്തങ്ങളിൽ റബ്ബ് വ്യക്തമാക്കുന്നത്.

മുഹമ്മദ് നബിയുടെ നിയോഗം ലോകത്തിന് കാരുണ്യവും ആരാധ്യൻ ഏകനാണെന്ന സന്ദേശം പ്രപഞ്ചത്തിന് ആസകലവുമാണെന്നും ഇപ്പറഞ്ഞവ എല്ലാവർക്കും ബാധകവുമാണെന്നുമാണ് പ്രവാചകനോട് പ്രഖ്യാപിക്കാൻ 109 വരെ ആയതുകൾ ആഹ്വാനം ചെയ്തത്. രഹസ്യവും പരസ്യവും അവനറിയുന്നുവെന്നും പരീക്ഷണവും സുഖാനുഭവവും മാത്രമാണ് ഇവിടെയുള്ളതെന്നും റബ്ബാണ് സഹായമർഥിക്കപ്പെടാനർഹനുമെന്ന പ്രാർഥനാ ഭാവത്തിലാണ് അമ്പിയാ സൂറ: അവസാനിക്കുന്നത്.

തുടർന്ന് 22-ാം അധ്യായമായ ഹജ്ജ് ആരംഭിക്കുന്നു. 78 ആയതുകളാണതിലുള്ളത് [52 മുതൽ 55 കൂടിയ ആയത്തുകൾ മക്കയുടെയും മദീനയുടെയും ഇടയ്‌ക്കുവെച്ച്‌ അവതരിച്ചതും, ബാക്കി മദീനയിൽ അവതരിച്ചതാണെന്നും, 19 മുതൽ 24 കൂടിയ വചനങ്ങളൊഴിച്ച്‌ ബാക്കി മദീനയിൽ അവതരിച്ചതുമാണെന്നും അഭിപ്രായങ്ങളുണ്ട്‌. മിക്കവാറും വചനങ്ങൾ മദനിയും, ബാക്കി മക്കിയും ആണെന്ന്‌ പറയുന്നതായിരിക്കും കൂടുതൽ ശരിയായിട്ടുള്ളതെന്നാണ് മർഹൂം അമാനി മൗലവി അഭിപ്രായപ്പെടുന്നത്.

ഏകദൈവവിശ്വാസം, പരലോകം, പുനരുത്ഥാനത്തിന്റെ തെളിവ്, ബഹുദൈവ വിശ്വാസത്തിന്റെ നിഷേധം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മക്കീ സൂറ: കളോടാണ് സൂറ: ഹജ്ജിന് സാമ്യത കൂടുതൽ. പുനരുത്ഥാനത്തിന്റെ രംഗങ്ങളും പ്രാപഞ്ചിക അടയാളങ്ങളും , യുദ്ധം ചെയ്യാനുള്ള അനുമതിയും ശആഇറുല്ലാഹി / ദൈവികാടയാളങ്ങളുടെ സംരക്ഷണം, വിജയ വാഗ്ദാനം എന്നിവയെല്ലാം 78 സൂക്തങ്ങളുള്ള ഈ സൂറയിൽ കടന്നു വരുന്നുണ്ട്. CE 628 മാർച്ച്‌ മാസം /AH.6 ദുൽ ഖഅ്‌ദ യിൽ നടന്ന ഹുദൈബിയ സന്ധിയുടെ ലംഘനത്തിനും ശേഷം കഅ്ബയടക്കമുള്ള ശആഇറുല്ലായുടെ സംരക്ഷണവും മക്കയിലെ ദുർബലരെ സഹായിക്കലുമൊക്കെ അവസാന ഭാഗത്ത് വരുന്നുണ്ട്. അന്ത്യനാളിനേയും പരലോകത്തേയും നിഷേധികളെ ഉന്മത്തരാക്കിയിരിക്കുന്ന ഭയവിഹ്വലതയേയുമാണ് ഹജ്ജിലെ ആദ്യ 2 സൂക്തങ്ങൾ പ്രത്യക്ഷീകരിക്കുന്നത്.

യാതൊരു വിവരവുമില്ലാതെ തർക്കിച്ചു കൊണ്ടിരിക്കുന്ന മനുഷ്യക്കൂട്ടങ്ങളെ എടുത്ത് പറഞ്ഞ് പിശാചിനെ മിത്രമാക്കുന്നവർ – അവർ ആരാവട്ടെ – ജ്വലിക്കുന്ന നരക ശിക്ഷയിലേക്കുള്ള ജന്മങ്ങളായിരിക്കുമെന്ന തത്വം ആമുഖമായി പ്രഖ്യാപിക്കുകയാണ് 4 വരെ ആയതുകൾ. ആദിമനുഷ്യൻ കളിമൺ രൂപത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടതായത് കൊണ്ട് മണ്ണിലെ ധാതുലവണങ്ങളുടേയും സ്വഭാവം അന്തർലീന മായിരിക്കുമെന്നതോടൊപ്പം അവന്റെ സൃഷ്ടിപ്പിന്റെ വ്യത്യസ്ത ഘട്ടങ്ങൾ തന്നെ ആലോചിച്ചാൽ ജീവനില്ലാത്തതിനെ ജീവനും ചൈതന്യമുള്ളവനാക്കാൻ കഴിയുന്നവനാണ് അല്ലാഹു എന്ന് ബോധ്യപ്പെടുമെന്ന് പറഞ്ഞ് കൊണ്ട് അവയെ കുറിച്ച് ചിന്തിച്ചാൽ തന്നെ അന്ത്യ സമയത്തിന്റെ ആഗമനവും പുനരുഥാനവും സത്യമാണെന്നും യാതൊരറിവും മാർഗദർശനവും കൂടാതെ അഹങ്കാരത്തോടെ തിരിഞ്ഞ് കൊണ്ട് , അല്ലാഹുവിന്റെ മാർഗത്തിനെതിരെ സംസാരിക്കുന്നതെന്നും മുൻകൂട്ടി ചെയ്ത കർമങ്ങൾ കാരണവുമായാണ് അവർക്ക് ശിക്ഷ വിധിക്കപ്പെടുന്നത് എന്നുമാണ് 10 വരെ ആയതുകൾ സ്പഷ്ടമാക്കുന്നത്.

സാഹചര്യങ്ങളുടേയും സന്ദർഭങ്ങളുടേയും ‘ വക്കി’ലിരുന്ന് ദൈവസേവ നടത്തുന്നവർ ആ വക്ക് വിട്ടുപോയാൽ ദൈവകോപത്തിലാണ് പതിക്കുകയെന്നും യാതൊരു ഉപകാരവുമില്ലാത്ത പൂജാ – വഴിപാടുകളാണ് അവർ നടത്തുന്നതെന്നും ചീത്ത സഹായി എന്ന് ചീത്തവിളിച്ച് ആ ആരാധകർ അത്തരം ആൾ ദൈവങ്ങളെ ഉപേക്ഷിക്കുമെന്നുമുണർത്തി ആത്മാർഥമായി പ്രാർഥിക്കുന്ന വിശ്വാസികൾക്ക് അവരർഹിക്കുന്ന പ്രതിഫലമുണ്ടെന്നും അല്ലാത്തവരവരുടെ രോഷവുമായി പോയി ചാകട്ടെ എന്നുമാണ് 15 വരെ സൂക്തങ്ങളുണർത്തുന്നത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾ അവനുദ്ദേശിക്കുന്നവരെ നേർവഴി കാണിക്കുന്നതും തീർപ്പ് കൽപ്പിക്കുന്നതുമാണെന്നും ജാതിയോ മതമോ പേരോ അല്ല, പ്രത്യുത അല്ലാഹുവിന്റെ തീർപ്പാണ് അവിടെ മുഖ്യമെന്നുമാണ് 17 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത്. ഈ അർഥത്തിലാണ് സൂറ: ബഖറ : 62-ാം സൂക്തത്തേയും നമ്മൾ വായിക്കേണ്ടത് എന്ന് സാന്ദർഭികമായി പറയട്ടെ . അല്ലാഹു അപമാനിതനാക്കാൻ ഉദ്ദേശിച്ചവരൊഴിച്ച് സകലം അവന് വിധേയപ്പെടുകയും പ്രണാമമർപ്പിക്കുകയും ചെയ്യുന്നു എന്നാണ് 17-ാം ആയത് സ്ഥാപിക്കുന്നത്. ( ഇവിടെ തിലാവതിന്റെ സുജൂദുണ്ട് ) സത്യവും അസത്യവും രണ്ടു കക്ഷികളാണെന്നും രക്ഷിതാവിന്റെ വിഷയത്തിൽ പോലും അവർക്ക് ഏകാഭിപ്രായമില്ലെന്നും എല്ലാവർക്കും അവരർഹിക്കുന്ന രക്ഷാശിക്ഷകളുണ്ടെന്നും അവർ ചെയ്തതിനുള്ള സങ്കേതങ്ങളും ലഭ്യമാവുമെന്നാണ് 24 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നത്.

അല്ലാഹുവിന് വേണ്ടി നിർമിക്കപ്പെട്ട കേന്ദ്രങ്ങൾ വിശിഷ്യാ കഅ്ബയിൽ നിന്നും ഏകദൈവാരാധകരെ തടയുന്നവർ തങ്ങൾക്ക് വരാനുള്ള വേദനയേറിയ ശിക്ഷയോർക്കണമെന്നും ഇബ്രാഹീം നബിക്ക് ആ ഭവനത്തിന്റെ സ്ഥാനം സൗകര്യപ്പെടുത്തി കൊടുത്തപ്പോഴേ പ്രഖ്യാപിച്ചിട്ടുള്ള സംഗതിയാണതെന്നും അവിടേക്കുള്ള തീർത്ഥാടനത്തിന് വിളംബരം ചെയ്തത് അദ്ദേഹം നേരിട്ടാണെന്നും ജനങ്ങൾക്ക് ആത്മീയവും ഭൗതികവുമായ രംഗങ്ങളും പ്രയോജനങ്ങളും അവിടെയുണ്ടെന്നും അനുഷ്ഠാനങ്ങൾ നിർവഹിക്കാനുള്ള സാഹചര്യമവിടെ ഉണ്ടാവണമെന്നുമാണ് 29 വരെ സൂക്തങ്ങൾ ആഹ്വാനം ചെയ്യുന്നത്. അല്ലാഹുവിന്റെ ഹുറുമാത്/ശആഇർ (പവിത്രതയും ചിഹ്നങ്ങളും ) ആദരിക്കുന്നത് ഹൃദയത്തിലെ ധർമനിഷ്ഠയുടെ ഭാഗമാണെന്നുമാണ് 32 വരെ ആയതുകളിൽ ഉണർത്തുന്നത്.

ആ ചിഹ്നങ്ങളിൽ പ്രയോജനങ്ങളുണ്ടെന്നും ഓരോ സമൂഹത്തിനും അവരുടെതായ ആരാധനാകർമങ്ങളുണ്ടെന്നും ബലിയുടേയും അനുഷ്ഠാനങ്ങളുടേയും ആത്മാവ് വിനീതരായ സമർപ്പണമാണെന്നും ഉണർത്തി ദൈവസ്മരണയാൽ ഹൃദയം കിടിലം കൊള്ളുന്നവരും ക്ഷമാലുക്കളും നമസ്കാരം, ദാനധർമ്മങ്ങൾ എന്നിവയിൽ കൃത്യതയും സൂക്ഷ്മതയുമുള്ളവരാണ് ഉപരിസൂചിത വിനീതർ എന്നുമാണ് 35 വരെ ആയതുകൾ പഠിപ്പിക്കുന്നത്.

കഅ്ബ പോലെ തന്നെ ബലിയൊട്ടകങ്ങളും മാടുകളും ശആഇറുല്ലാഹിയിൽ പെട്ടെതാണെന്നും അവയുടെ ബലിയുടെ ആത്മാവ് ദൈവഭക്തിയാണെന്നും ഓർമ്മപ്പെടുത്തുകയാണ് 37 വരെ സൂക്തങ്ങൾ. മർദ്ദിതർക്ക് വേണ്ടി പ്രതിരോധമാവാമെന്നും അത് പ്രകൃതിയുടെ സമതുലനാവസ്ഥയുടെ തേട്ടമാണെന്നും പര്യവസാനം അല്ലാഹുവിനുള്ള താകുന്നു എന്നും മദീനയിലുള്ള സ്ഥാപിത ഭരണകൂടത്തെ ഓർമപ്പെടുത്തുകയാണ് 41 വരെ ആയതുകൾ.

നബി (സ)യെ നൂഹ് , ഹൂദ്, സ്വാലിഹ്, ഇബ്റാഹീം, ലൂത്വ് , മൂസാ (അലൈഹിമുസ്സലാം) പ്രവാചകന്മാരുടേയും അവരുടെ ജനതകളുടെ ധിക്കാരവും പറഞ്ഞ് സാന്ത്വനിപ്പിക്കുകയും അത് ഭൂമിയിൽ സഞ്ചരിച്ചാൽ ബോധ്യപ്പെടുന്നതാണെന്നും ഹൃദയങ്ങളുടെ അന്ധതയേയാണ് അദ്ദേഹത്തിന്റെ നാട്ടുകാരെ ബോധ്യപ്പെടുത്തുന്നത് (45-46) ശിക്ഷയുടെ കാര്യത്തിൽ ധൃതികൂട്ടുന്ന നിഷേധികൂട്ടങ്ങൾക്ക് ഉപരിസൂചിത ജനതതികളെയും അവരുടെ ശിക്ഷയും ഓർമപ്പെടുത്താനും അവയുടെ മുന്നറിയിപ്പാണ് എന്റെ പ്രവാചകത്വത്തിന്റെ പ്രധാന ഭാഗമെന്നുമുണർത്താനും അല്ലാഹു നബിയോട് ആവശ്യപ്പെടുകയാണ് 49 വരെ സൂക്തങ്ങളിൽ .

വിശ്വാസത്തോടൊപ്പം അതിന്റെ കർമ സാക്ഷ്യം നിർവഹിക്കുന്നവർക്കു പാപമോചനവും മാന്യമായ ഉപജീവനമുണ്ടെന്നും അല്ലാത്തവർ നരകത്തിനർഹരാണെന്നും തെളിവുകൾ സഹിതം സ്ഥാപിക്കുകയാണ് 51 വരെ വാചകങ്ങൾ. താങ്കൾക്ക് മുമ്പുള്ള ഏത് പ്രവാചകനും താങ്കൾക്കനുഭവപ്പെട്ട എല്ലാം നേരിട്ടനുഭവിച്ചരാണെന്നും പിശാച് കുത്തിച്ചെലുത്തുന്ന അക്രമികൾ വിദൂരമായ കക്ഷിമാത്സര്യത്തിലാണെന്നും വിജ്ഞാനം നല്കപ്പെട്ടവർ അന്തിമ വിശകലനത്തിൽ നേരായ പാതയിലേക്ക് നയിക്കപ്പെടുമെന്നും നിഷേധികളെന്നും സംശയത്തിലായിരിക്കുമെന്നാണ് അല്ലാഹു 55 വരെ സൂക്തങ്ങളിൽ ഉണർത്തുന്നത്.

പരലോകത്ത് ആധിപത്യം അല്ലാഹുവിന് മാത്രം പരിമിതമാവുന്ന വേളയിൽ ജന്നാതു ന്നഈമും അദാബും മുഹീനും ( അനുഗ്രഹത്തിന്റെ സ്വർഗവും അപമാനകരമായ ശിക്ഷയും ) നിശ്ചയിക്കുകയും രണ്ടിനും അർഹരായ ആളുകളെ അവകളിലേക്കെത്തിക്കുകയും ചെയ്യുമെന്നാണ് തുടർന്നുള്ള 2 ആയതുകളിൽ വ്യക്തമാക്കുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗത്തിന് തയ്യാറാവുന്ന മുജാഹിദ് കൊല്ലപ്പെട്ടാൽ ശഹീദും (രക്തസാക്ഷി ) സ്വാഭാവിക മരണമടഞ്ഞാൽ സഈദു ( സുഭഗൻ ) മായിരിക്കുമെന്നും തൃപ്തികരമായ സ്ഥലത്ത് (സ്വർഗത്തിൽ ) എത്തിച്ചേരുകയും ചെയ്യുമെന്നാണ് 59 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത്.

പീഡനത്തിന് വിധേയരായവർ അതിക്രമത്തിന് വീണ്ടും ഇരയായാൽ അവിടെ ദൈവികസഹായം ഉറപ്പാണെന്നും 60ാം സൂക്തം വ്യക്തമാക്കുന്നു. അല്ലാഹുവിന്റെ ഉണ്മ നിത്യസത്യമാണെന്നും പ്രപഞ്ച സൃഷ്ടിയുടെ കൃത്യതയ്ക്കു അടിസ്ഥാനം ആ ഹഖ്‌ഖ് / സത്യം ആണെന്നും അല്ലാത്തവയെല്ലാം ബാത്വിൽ / അസത്യമാണെന്നും പ്രഖ്യാപിച്ചതിന് ശേഷം ആകാശവും ഭൂമിയും മഴയും പച്ചപ്പും കരയും കടലും കപ്പലും ജീവിതവും മരണവുമെല്ലാമായ പ്രാപഞ്ചിക പ്രതിഭാസങ്ങളെ വിശദീകരിച്ചു കൊണ്ട് ഓരോ സമൂഹത്തിനും അവരുടെ ജീവിതവും സംസ്കാരവും അനുഷ്ടാന രീതികളുണ്ടെന്നും ആ വിഷയത്തിൽ ശണ്ഠവേണ്ടെന്നും വക്രതയില്ലാത്ത മാർഗത്തിലേക്ക് പ്രബോധനമാവാമെന്നും തർക്കത്തിന് വരുന്നവരോട് നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സർവജ്ഞനായ അല്ലാഹു അറിയുന്നുണ്ടെന്നും ഭിന്നതകൾക്കിടയിൽ ഉയിർത്തെഴുനേല്പ് നാളിൽ റബ്ബ് വിധിയെഴുതിക്കൊള്ളും എന്ന് പ്രഖ്യാപിക്കാനും ആവശ്യപ്പെടുന്നത് 70 വരെ സൂക്തങ്ങളിൽ നമുക്ക് വായിക്കാം. പ്രമാണമോ അറിവോ ഇല്ലാത്ത വിഷയങ്ങളിലാണ് അവർ വഴിപ്പെട്ടിരിക്കുന്നതെന്നും വ്യക്തമായ ദൃഷ്ടാന്തങ്ങൾ കേൾപ്പിക്കപ്പെട്ടാൽ അവരുടെ മുഖത്ത് അനിഷ്ടം പ്രകടമാവുമെന്നും പ്രബോധനം നടത്തുന്നവരെ കയ്യേറ്റം ചെയ്യാൻ വരെ മുതിർന്നേക്കാമെന്നും നരകമാണവരുടെ സങ്കേതമെന്നുമുണർത്തുകയാണ് 72 വരെ ആയതുകൾ .

ദൈവേതരായ ആരാധ്യ കഥാപാത്രങ്ങൾ ഇരീച്ചയെ പോലും സൃഷ്ടിക്കാനോ അത് വല്ലതും തട്ടിയെടുത്താൽ അത് തിരിച്ചു പിടിക്കാൻ കെല്പില്ലാത്തവരാണെന്നും അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുർബ്ബലർ എന്ന പ്രഖ്യാപനത്തിന് ശേഷം നിഷേധികൾ അല്ലാഹുവിനർഹതപ്പെട്ട അവകാശങ്ങൾ വകവെച്ച് കൊടുത്തിട്ടില്ലെന്നും അറിയിക്കുന്നതാണ് 74 വരെ സൂക്തങ്ങൾ . മനുഷ്യർക്ക് സത്യസന്ദേശമെത്തിക്കാൻ മനുഷ്യൻമാരായ ദൂതന്മാരേയും ആ ദൂതന്മാർക്ക് സന്ദേശമെത്തിക്കാൻ മാലാഖമാരേയും നിയോഗിക്കുമെന്നും അവരുടെ മുൻ-പിൻ വിവരങ്ങളെല്ലാം അവങ്കലേക്ക് തന്നെയാണ് മടക്കപ്പെടുന്നതെന്നും പറഞ്ഞതിന് ശേഷം വിജയിക്കണമെന്നുണ്ടെങ്കിൽ നിങ്ങളുടെ രക്ഷിതാവിന് കീഴടങ്ങാനും നന്മകളിൽ മുന്നേറാനും ആഹ്വാനം ചെയ്യുന്ന ആയതുകളാണ് 77 വരെയുള്ളത്. ( ഈ ആയതിലും തിലാവതിന്റെ സുജൂദുണ്ട് ) .

അല്ലാഹുവിന്റെ മാർഗത്തിലുള്ള സമരം മുറപ്രകാരമനുഷ്ഠിക്കണമെന്നും പ്രവാചക കുലപതിയായ ഇബ്രാഹീം (അ) ന്റെ വഴിയാണതിൽ അഭികാമ്യമെന്നും പ്രവാചകനും അനുയായികളും നിർവ്വഹിച്ചതു പോലെ സത്യസാക്ഷ്യവും കർമസാക്ഷ്യവുമാണ് നിങ്ങളും നിർവഹിക്കേണ്ടതെന്നും അതിന് കെല്പ് നല്കുന്നതാവണം നിങ്ങളുടെ ആരാധനകളെന്നും സർവ്വോപരി രക്ഷാധികാരിയായ അല്ലാഹുവെ മുറുകെ പിടിക്കണമെന്നും ആഹ്വാനം ചെയ്തു സൂറ: ഹജ്ജ് പരിസമാപ്തി കുറിക്കുന്നു.

Related Articles