Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 15

(سُبْحَانَ الَّذِي أَسْرَى بِعَبْدِه…) 17:1 ൽ തുടങ്ങി
لَقَدْ جِئْتَ شَيْئًا نُكْرًا 18:74 വരെയുള്ള 20 പേജുകളിലായി ഒന്നര അധ്യായങ്ങളാണ് ഈ ഭാഗത്തുള്ളത്. ആ സൂക്തങ്ങളെല്ലാം മക്കിയ്യാണ് താനും.
الإسراء، الحديد، الحشر، الصف، الجمعة، التغابن، الأعلى എന്നീ സൂറകളാണ് തസ്ബീഹിന്റെ ക്രിയാ ധാതുക്കൾ കൊണ്ട് തുടങ്ങുന്ന 7 അധ്യായങ്ങൾ . അവയെ ആണ് മുസബ്ബിഹാത് എന്ന് പറയുന്നത്. സുബ്ഹാൻ എന്നുകൂടി പേരുള്ള ഈ സൂറ ആരംഭിക്കുന്നത് ഇങ്ങനെയാണ് :

തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങൾ കാണിക്കുന്നതിനുവേണ്ടി മസ്ജിദുൽ ഹറാമിൽനിന്ന് മസ്ജിദുൽ അഖ്സ്വയിലേക്ക്-അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവിൽ സഞ്ചരിപ്പിച്ചവൻ പരിശുദ്ധന (സുബ്ഹാന )ത്രെ. സത്യത്തിൽ അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനും തന്നെയാകുന്നു.

— 17 : 1
സൂറ: നജ്മിലെ ഏതാനും സൂക്തങ്ങൾ കാണുക: അല്ലാഹുവിന്റെ ദാസന് ബോധനം ചെയ്യേണ്ട സന്ദേശം ബോധനംചെയ്തു. കണ്ണുകൊണ്ട് കണ്ടതിനെ ഹൃദയം കളവാക്കിയിട്ടില്ല. നേരിൽ കണ്ടതിനെക്കുറിച്ച് നിങ്ങൾ അദ്ദേഹവുമായി തർക്കിക്കുകയാണോ? മറ്റൊരിക്കൽ സിദ്റതുൽ മുൻതഹാക്കടുത്ത് ഇറങ്ങുന്നതായും അദ്ദേഹം അവനെ കണ്ടിട്ടുണ്ട്. അതിനടുത്താണ് ജന്നത്തുൽ മഅ്വാ. അന്നേരം സിദ്റത്തിനെ മഹത്തായ ഒന്ന് പൊതിയുന്നുണ്ടായിരുന്നു. കണ്ണഞ്ചിപ്പോയിട്ടില്ല. പരിധി വിട്ടിട്ടുമില്ല. തന്റെ റബ്ബിന്റെ മഹത്തായ ദൃഷ്ടാന്തങ്ങൾ അദ്ദേഹം തീർച്ചയായും കണ്ടിട്ടുണ്ട്.

— 53: 13-18
ഇസ്രാഇയിലെ തന്നെ 60ാം സൂക്തം: നിന്റെ നാഥൻ അവരെ വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോടു പറഞ്ഞിരുന്നത് ഓർക്കുക.ഇപ്പോൾ നാം നിനക്കു കാണിച്ചുതന്ന സംഗതിയും (മിഅറാജ് സംഭവമാണ് ഉദ്ദ്യേശ്യം), ഖുർആനിൽ ശപിക്കപ്പെട്ട ആ വൃക്ഷവുംഈ ജനത്തിന് ഒരു പരീക്ഷണം തന്നെയാക്കിവെച്ചിരിക്കുന്നു.

— 17: 60
എന്നീ 3 സൂക്തങ്ങൾ CE 621 പ്രവാചകൻ (സ) മക്കയിൽ ഉണ്ടായിരിക്കുമ്പോഴുള്ള വലിയ ഒരു സംഭവത്തിലേക്ക് സൂചനകൾ നൽകുന്നു . ഇതിൽ മസ്ജിദുൽ ഹറാമിൽ നിന്ന് മസ്ജിദുൽ അഖ്സ്വാ വരെയുള്ള നബിയുടെ യാത്രയെ ഇസ്റാഅ്(രാപ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്റാജ്(ആകാശാരോഹണം) എന്നും പറയപ്പെടുന്നു. സൂറ: ഇസ്റാഇലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമർശമുണ്ട്. റജബ് മാസത്തിലെ ഒരു രാത്രിയിൽ ജിബ്‌രീൽ മുഹമ്മദ് നബിയെ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നും ഫലസ്തീനിലെ മസ്ജിദുൽ അഖ്സ്വയിലേക്ക് ‘ബുറാഖ്’ എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു, പൂർവികരായ പ്രവാചകന്മാർ പലരെയും നബി അവിടെ കാണുകയും പിന്നീട്‍, ശേഷം ദൈവസന്നിധിയിൽ എത്തുകയും ചെയ്തു. അവിടെവച്ച് നബിക്ക് ലഭിച്ച ചില സുപ്രധാന നിർദ്ദേശങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ച് നേരത്തെ നമസ്കാരം. “അൽ ഇസ്റാഅ് വഅൽ മിഅ്റാജ് ” എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നും , അതല്ല യാത്ര ഒരു ആത്മീയ അനുഭവം ആയിരുന്നു എന്നും രണ്ടു പക്ഷമുണ്ട്. “ബി അബ്ദിഹി” (അല്ലാഹു അടിമയേയും കൊണ്ട് ) എന്ന പ്രയോഗം കൊണ്ടും തദ്‌വിഷയകമായി വന്നിരിക്കുന്ന സ്വഹീഹായ ഹദീസുകളിൽ നിന്നും ഈ യാത്ര ഭൗതികവും ആത്മീയവുമായ ഒന്നായിരുന്നുവെന്നാണ് മൗദൂദി സാഹിബിനെ പോലുള്ളവരുടെ പക്ഷം.

മൂസാ നബി (അ)യുടെയും ബനൂ ഇസ്റാഈലിന്റേയും ചരിത്രം ആദം (അ)മിന്റെയും പിശാചിന്റേയും കഥയുടെ ഒരു ഭാഗം എന്നിവ സൂറ: ഇസ്രാഇൽ വരുന്നുണ്ട്. അല്ലാഹു മനുഷ്യനെ ആദരിച്ചിരിക്കുന്നു എന്നതാണ് സൂറയുടെ യഥാർത്ഥ പ്രമേയം. ഇതു സംബന്ധിയായ സൂക്തം 70 ആണ് വരുന്നതെങ്കിലും അധ്യായത്തിന്റെ അച്ചുതണ്ട് ആ വിഷയമാണ്. സൂറ: കൈകാര്യം ചെയ്യുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകം റസൂലിന്റെ വ്യക്തിത്വമാണ് . മക്കയിലെ ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള മനോഭാവവും ന്യായമായും വിഷയീഭവിക്കുന്നു. നൂഹ് നബി മുതൽ മൂസാ നബിയടക്കമുള്ള പ്രവാചകന്മാരേയും ജനതതികളേയും – ബനൂ ഇസ്റാഈൽ അടക്കം – ലഘുവായി സൂറയിലെ 5 വരെ സൂക്തങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. തുടർന്ന് ഭൗതികമായി നിങ്ങളേയും ശാക്തീകരിച്ചിട്ടുണ്ടെന്നും നിങ്ങളുടെ നന്മയിലും തിന്മയിലുമാണ് നിങ്ങളുടെ പരിണതിയുള്ളതെന്ന് സൂചിപ്പിക്കുകയാണ് 8 വരെ ആയതുകൾ.

ഖുർആൻ കൊണ്ട് ലക്ഷ്യമാക്കപ്പെട്ടതെന്തെന്നും മനുഷ്യ സൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യമെന്തെന്നും പരാജിത സമൂഹങ്ങളുടെ നീക്കിയിരിപ്പെത്രയെന്നും നന്മ – തിന്മകളുടെ ശക്തികളും ദൗർബല്യങ്ങളും എങ്ങിനെയെന്നും ഉണർത്തി ബഹുദൈവത്വത്തിന്റെ നിരർഥക ബോധ്യപ്പെടുത്തുകയാണ് 21 വരെ സൂക്തികൾ . തുടർന്ന് വരുന്നത് ദൈവ്യപ്രോക്ത ഗ്രന്ഥങ്ങളുടെയെല്ലാം സത്തയായ ചില കല്പനകളാണ്. നിലവിലുള്ള ബൈബിളിലെ പത്തുകല്പനകളും ഖുർആൻ പറയുന്ന ഈ കല്പനകളും (23-38) താരതമ്യം ചെയ്താൽ അത്തരം ചില തിരിച്ചറിവുകൾ ലഭ്യമാവും.

സീനായ് പർവതത്തിൽ വച്ച് യഹോവ ഇസ്രയേൽ ജനവുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥയായി മൂസാ പ്രവാചകന് നൽകിയ കല്പനകളാണ്‌ പത്തു കൽപനകൾ എന്നറിയപ്പെടുന്നത്.യഹൂദർക്കും ക്രൈസ്തവർക്കും ഒരുപോലെ പ്രധാനങ്ങളായ ഈ നിയമങ്ങൾ ബൈബിളിൽ പുറപ്പാടു പുസ്തകം 20: 2-17ലും നിയമാവർത്തന പുസ്തകം 5: 6-21-ലും കാണാം. യഹോവയോടും സഹസൃഷ്ടികളോടുമുള്ള ബന്ധത്തെ ക്രമപ്പെടുത്തുന്ന ഈ പ്രമാണങ്ങൾ യഹൂദരുടെയും ക്രൈസ്തവരുടെയും ജീവിത പ്രമാണങ്ങളാണ്.

1) “ഞാനല്ലാതെ അന്യ ദൈവങ്ങൾ നിങ്ങൾക്കുണ്ടാകരുത് ”
2) “ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു.”
3) “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു”
4) “ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു;
5) “നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.”
6) “കൊല ചെയ്യരുത് ”
7) “വ്യഭിചാരം ചെയ്യരുത്”
8) “മോഷ്ടിക്കരുത്”
9) “കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.”
10) “കൂട്ടുകാരന്റെ ഭവനത്തെ മോഹിക്കരുതു. കൂട്ടുകാരന്റെ ഭാര്യയെയും അവന്റെ ദാസനെയും ദാസിയെയും അവന്റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു.”

ഏറ്റവും സമഗ്രവും ശാസ്ത്രീയവുമായ കല്പനകൾ പഠിപ്പിക്കുന്നത് ഏറ്റവും അവസാനത്തെ വെളിപാടായ ഖുർആനാണെന്ന് ബോധ്യപ്പെടാൻ ഒരു താരതമ്യം ഉപകരിക്കും. സൂറ: അൻആമിലെ 151-153 സൂക്തങ്ങൾ 17:23-38 ന്റെ വളരെ ചുരുക്കിയുള്ള അവതരണമാണ്.
ദൈവേതരരെ പങ്കാളികളാക്കുന്നതിലേയും ദൈവത്തിന് മക്കളെ സങ്കല്പിക്കുന്നതിലേയും നിരർഥകത ഖുർആൻ അത്തരം വിഷയങ്ങളിലുള്ള ഉണർത്തലുകളുടെ ഗ്രന്ഥമാണെന്നാണ് തുടർന്നുള്ള 41 വരെ സൂക്തങ്ങൾ സൂചിപ്പിക്കുന്നത്.

ഏകനായ റബ്ബിന് പങ്കുകാരനില്ലെന്നും ആകാശഭൂമികളിലുള്ളതൊക്കെയും അവന്റെ പ്രകീർത്തന (തസ്ബീഹ്)മാണ് നടത്തുന്നതെന്നും ഹൃദയത്തിൽ മറയുള്ളവർ താങ്കളുടെ ഖുർആൻ പ്രഘോഷണത്തെ തടയാൻ ശ്രമിക്കുന്നുവെന്നും താങ്കൾ മാരണ ബാധിതനാണ് തുടങ്ങിയ നിരവധി ആരോപണങ്ങൾക്ക് ഉദ്ദൃതരാവുന്നുവെന്നും അതിനുള്ള ഉദാഹരണങ്ങളും ന്യായീകരണങ്ങളും പടച്ചുവിടുകയാണ് അവർ എന്നുമുണർത്തുകയാണ് 49 വരെ ആയതുകൾ. നബി (സ) പ്രബോധനം നടത്തുന്ന പുന:സൃഷ്ടിവാദത്തെ ചോദ്യം ചെയ്യുകയും അന്തിമദിനത്തിന്റെ തെളിവുകൾ ചോദിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവർക്കുള്ള മറുപടിയും ഭീഷണിയുമാണ് 58 വരെ സൂക്തങ്ങൾ അനാവരണം ചെയ്യുന്നത്.

തുടർന്ന് 66 വരെ ആയതുകളിൽ ധിക്കാരികളായ സമൂഹങ്ങളെ എങ്ങിനെ റബ്ബ് പിടികൂടി എന്നു പറഞ്ഞു കൊണ്ട് പ്രകൃതി പ്രതിഭാസങ്ങളെ മുന്നിൽ വെച്ച് സംവദിക്കുകയാണ് ഖുർആൻ . ആ അഭിസംബോധനയിൽ കരയിലും കടലിലും ആകാശത്തും ഭൂമിയിലും കാറ്റിലും മഴയിലുമെല്ലാമുള്ള പ്രകൃതി ദൃഷ്ടാന്തങ്ങൾ എത്ര സുന്ദരമായാണ് അടക്കി വെച്ചിരിക്കുന്നതെന്നറിയാൻ 69 വരെ സൂക്തങ്ങൾ പാരായണം ചെയ്യുന്നതാണ് നല്ലത്.

തീർച്ചയായും, ആദമിന്റെ സന്തതികളെ നാം ആദരിച്ചിട്ടുണ്ട്‌; കരയിലും കടലിലും അവരെ നാം [വാഹനം] കയറ്റുകയും ചെയ്‌തിരിക്കുന്നു; നല്ല വസ്‌തുക്കളിൽ നിന്നും അവർക്കു ആഹാരം നൽകുകയും ചെയ്‌തിരിക്കുന്നു; സൃഷ്‌ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും ഒരു വലിയ ശ്രേഷ്‌ഠത അവർക്ക്‌ നൽകുകയും ചെയ്‌തിരിക്കുന്നു (70)എന്ന് പറയുന്നത് മനുഷ്യന് നാഥൻ നല്കിയ അനുഗ്രഹങ്ങളുടെ ചുരുക്കമാണ്. ഈ ആദരവ് പരലോകത്തും തുടരുമെന്നും കണ്ണടച്ചു ഇരുട്ടാക്കിയവർക്ക് അവരർഹിക്കുന്ന ശിക്ഷയും ആലംബരാഹിത്യവുമാണ് ഉള്ളതെന്നുമാണ് 75 വരെ സൂക്തങ്ങളുടെ താല്പര്യം.

താങ്കളെ പ്രകോപിപ്പിക്കാനും പുറത്താക്കാനുമുള്ള ശ്രമങ്ങളുണ്ടാവുമെന്നും അത് പ്രാപഞ്ചിക (സുന്നത് ) നടപടിക്രമമാണെന്നും പ്രബോധനവും പ്രവർത്തനങ്ങളും പ്രാർഥനകളുമായി മുന്നോട്ടു പോയാൽ സത്യം പുലരുകയും അസത്യം ഇല്ലാതാവുമെന്നും സന്തോഷവാർത്ത അറിയിക്കുകയാണ് 81 വരെ ആയതുകൾ. ഖുർആൻ ശമനവും ശാന്തിയുമാണെന്നും അക്രമികൾക്കത് നഷ്ടകാരിയാണെന്നും മനുഷ്യ പ്രകൃതം അനുഗ്രഹങ്ങളിൽ അതിരുവിടുന്നതും നിഗ്രഹങ്ങളിൽ നിരാശ പൂണ്ട് പിൻതിരിയുന്നതുമാണെന്നും ഓരോരുത്തരും അവരവരുടെ ഭാഗധേയത്തിനും സ്വത്വപ്രകൃതത്തിനുമനുസരിച്ചാണ് ചരിക്കുന്നതെന്നുമുള്ള ലളിത സത്യം അനാവരണം ചെയ്യുന്നതാണ് 83 വരെ സൂക്തികൾ.

അതിഭൗതിക / അഭൗമിക സംഗതികളെ കുറിച്ച ജ്ഞാനം ദൈവികമാണെന്നും മനുഷ്യ – ജിന്ന് കൂട്ടായ്മയിലൂടെ പോലും ഇത്തരം വെളുപാടുകൾ സാധ്യമല്ലെന്നും ഇതുപോലെയുള്ള വിജ്ഞാനീയങ്ങളുടെ മഹാവിസ്മയമാണ് ഈ ഖുർആനെന്നും പക്ഷേ അധികജനങ്ങളും ആ യാഥാർഥ്യത്തെ നിഷേധിക്കുകയാണ് ചെയ്യുന്നത് എന്നുമാണ് 89 വരെ ആയതുകൾ നമ്മെ പഠിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന് തെളിവായി ഇന്നയിന്ന മാസ്മരികതകൾ പ്രദർശിപ്പിക്കണമെന്ന നിഷേധികളുടെ ആവശ്യപ്പെടലുകളാണ് 93 വരെ ആയതുകളുടെ സാരാംശം.

മനഷ്യനായ ആൾ പ്രവാചകനാവുകയോ എന്ന സംശയത്തെ അതി സുന്ദരമായ മറുപടിയിലൂടെ മിണ്ടാട്ടം മുട്ടിക്കുന്ന ശൈലിയാണ് 96 വരെ ആയതുകളിലുള്ളത് : നിങ്ങളെല്ലാവരും മാലാഖമാരായിരുന്നുവെങ്കിൽ അത്തരം ഒരു സംവിധാനത്തെ കുറിച്ച് കൂടുതൽ ചിന്തിക്കാമായിരുന്നുവെന്നും ഇപ്പോൾ നിങ്ങളെന്താണെന്ന് അല്ലാഹുവിന് പൂർണ ബോധ്യമുണ്ടെന്നുമാണ് പരിഹാസോക്തി കലർന്ന ആ മറുപടി. അല്ലാഹു സന്മാർഗം നല്കിയവനേ അത് ലഭ്യമാവൂ എന്നും അല്ലാത്തവൻ എന്നുമെന്നും തീരാത്ത സംശയങ്ങളുടെ ലോകത്തായിരിക്കുമെന്നുമാണ് 98 വരെ സൂക്തങ്ങൾ വ്യക്തമാക്കുന്നത്.

ആകാശ – ഭൂമികളും അവയിലുള്ള സകലതും സൃഷ്ടിക്കുകയും അവയുടെ അവധി നിശ്ചയിക്കുകയും ചെയ്തതും അവനാണെന്നും നിങ്ങളുടെ വരുതിയിലായിരുന്നു ആ ഖജാനകളെങ്കിൽ തനി ലുബ്ധരായി പിശുക്കിക്കൂട്ടുമായിരുന്നുവെന്നും മനുഷ്യനോട് ഓർമപ്പെടുത്തുകയാണ് 100 വരെ സൂക്തങ്ങൾ .
തുടർന്ന് മൂസാ നബിയുടെ പ്രവാചകത്വം അനുസ്മരിച്ച് മൂസവി ചരിത്രത്തിന് മുഹമ്മദീ കാലവുമായുള്ള സമാനതകൾ വളരെ ചുരുക്കിപ്പറഞ്ഞ് കൊണ്ട് മുഹമ്മദ് നബിയുടെ ദൗത്യം ഓർമ്മപ്പെടുത്തി അദ്ദേഹത്തിലവതീർണ്ണമായ ഗ്രന്ഥത്തിന്റെ ഗാംഭീര്യം ബോധ്യപ്പെടുത്തുകയാണ് 106 വരെ ആയതുകൾ ചെയ്യുന്നത്.
ഈ വിജ്ഞാനം വിശ്വാസിയുടെ പ്രത്യേകതയാണെന്നും അതംഗീകരിച്ചാലേ ആ നാഥന് മുന്നിൽ സവിനയം സാഷ്ടാംഗം വണങ്ങുകയുള്ളൂ എന്ന സംഗതിയാണ് 109 വരെ സൂക്തങ്ങളിലുള്ളത് . ( ഇവിടെ പാരായണത്തിന്റെ സാഷ്ടാംഗമുണ്ട് ) .
റബ്ബിന് വിശിഷ്ടങ്ങളായ നാമങ്ങളെല്ലാമുണ്ടെങ്കിലും ഒച്ചയിൽ അതെല്ലാം ചൊല്ലി യാഗങ്ങൾ നടത്തേണ്ടതില്ലെന്നും വളരെ നിശബ്ദമായും ലളിതമായുമാണ് അവനെ ഇബാദത് നടത്തേണ്ടതെന്നും സമന്മാർ /പുത്രന്മാരില്ലാത്ത നാഥനെ ശരിയാം വണ്ണം മഹത്വപ്പെടുത്തണമെന്നും ഉദ്ബോധിപ്പിച്ച് സൂറ: ഇസ്രാഅ് സമാപിക്കുന്നു. സൂറ: തുടങ്ങിയത് തസ്ബീഹു കൊണ്ടും സമാപിച്ചത് തക്ബീർ കൊണ്ടുമാണെന്ന് പ്രത്യേകം ശ്രദ്ധിക്കണം .

തുടർന്ന് സൂറതുൽ കഹ്ഫ് ആരംഭിക്കുന്നു. തീർത്തും മക്കിയ്യായ ഈ സൂറ:യുടെ ഊന്നൽ പരലോക – പുനർ ജീവിതവുമായി ബന്ധപ്പെട്ട വിശ്വാസ കാര്യങ്ങളാണ്.

കഹ്ഫ് എന്നാൽ ഗുഹ എന്നാണർത്ഥം. 9 മുതൽ 26 കൂടിയുള്ള വചനങ്ങളിൽ ഗുഹയിൽ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നു. ഈ അദ്ധ്യായത്തിന് ‘സൂറ: കഹ്ഫ്’ എന്ന് പേർ ലഭിക്കാൻ കാരണമതാണ്. 110 ആയതുകളാണ് കഹ്ഫിലുള്ളത്. അതിൽ 74 വരെ ഈ ജുസ്ഇന്റെ ഭാഗമാണ്.

ഗുഹാ വാസികളായ ഏതാനും വിശ്വാസികളുടെ ചരിത്രം ,രണ്ട് തോട്ടത്തിന്റെ ഉടമസ്ഥന്റെയും അയാളുടെ കൂട്ടുകാരന്റെയും കഥ, ആദാമിന്റെയും പിശാചിന്റെയും ഇടയിലുണ്ടായ സന്ത്രാസങ്ങൾ, മൂസ – ഖിദ്ർ സംഭവം, ദുൽ ഖർനൈനിന്റെ വിശേഷങ്ങൾ എന്നീ 4 സംഗതികൾ വിശ്വാസത്തിന്റെയും ധാർമ്മിക മൂല്യങ്ങളുടെയും നിഷേധം, തിന്മ എന്നിവയുമായുള്ള ഏറ്റുമുട്ടൽ പ്രതിപാദിക്കപ്പെടുന്ന അധ്യായമാണിത് എന്നാണ് സുപ്രസിദ്ധ ചിന്തകൻ മൗലാനാ അബുൽ ഹസൻ നദ്‌വി അഭിപ്രായപ്പെട്ടിട്ടുള്ളത്.

വിശുദ്ധ ഖുർആൻ വേർതിരിച്ചുകാണിച്ച പ്രത്യേക സ്വഭാവത്തെക്കുറിച്ചും പ്രവാചക ദൗത്യത്തിന്റെ വ്യത്യസ്ത മേഖലകളെ കുറിച്ചുമുള്ള സംസാരത്തിന് ശേഷം വിശ്വാസ വൈകല്യം സംഭവിച്ച ചില മതവിശ്വാസികളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ ഏകദൈവ വിശ്വാസത്തെ ചോദ്യം ചെയ്യപ്പെടുകയും മക്കളും ബന്ധുക്കളുമുള്ള ഒരു ദൈവ സങ്കല്പമാണതെന്നും തീർത്തും കളവിലധിഷ്ഠിതമായ , പാപപങ്കിലമായ വാദമാണതെന്നും സ്ഥാപിക്കുന്നതോടൊപ്പം അവർ സത്യം സ്വീകരിക്കാത്തതിൽ മനംനൊന്ത് വെന്ത്തീർക്കാനുള്ളതല്ല താങ്കളുടെ ജീവൻ എന്ന് സാന്ത്വനവുമാണ് 6 വരെയുള്ള സൂക്തങ്ങൾ . ഇന്ന് ഭൂമിയെ അലങ്കാരമാക്കുന്നതും അന്ത്യനാളിൽ അതിനെ മൊട്ടക്കുന്നാക്കുന്നതുമെല്ലാം അവന് നിസാരമാണെന്ന ആമുഖത്തിന് ശേഷം ഗുഹാ വാസികളുടെ വിവരണമാണ് വരുന്നത്.

സൂറതുൽകഹ്ഫ് 9 – 26 വരെയാണ് അസ്വ്ഹാബുൽകഹ്ഫിന്റെ ചരിത്രം. വിശ്വാസത്തിന്റെ പേരിൽ നാടുവിടേണ്ടി വന്ന ചെറുപ്പക്കാരുടേയും അവരുടെ കൂടെയുണ്ടായിരുന്ന നായയുടേയും വിശദവിവരങ്ങൾ ചരിത്രകാരനായ മുഹമ്മദു ബ്‌നു ഇസ്ഹാഖ് (റഹ്) പറഞ്ഞകഥയെ എ. ജമീലാ ടീച്ചർ ഇപ്രകാരമാണ് ചുരുക്കിരേഖപ്പെടുത്തന്നത് : മക്കയിൽ തങ്ങളുടെ രൂക്ഷമായ പ്രതിരോധങ്ങൾക്കിടയിലുമുണ്ടാകുന്ന ഇസ്‌ലാമിന്റെ വളർച്ച ഖുറൈശികളെ വല്ലാതെ ചൊടിപ്പിച്ചു. ഇനിയെന്ത് എന്ന ആലോചന അവരെ യഹൂദരുടെ പാളയത്തിൽ ഉപദേശം തേടിയെത്തിക്കുകയും ചെയ്തു. യഹൂദർ വേദപരിജ്ഞാനമുള്ളവരാണല്ലോ.

ആ നിലയ്ക്കാണ് ഖുറൈശി പ്രമാണികളായ നദ്റുബ്‌നു ഹാരിസും ഉത്ബതുബ്‌നു അബീമുഐതും യഹൂദരെത്തേടി മദീനയിലെത്തുന്നത്. യഹൂദരുടെ ഉപദേശം ഇങ്ങനെയായിരുന്നു. നിങ്ങളയാളോട് മൂന്ന് കാര്യങ്ങളെക്കുറിച്ച് ചോദിക്കുക.
1. പൂർവകാലത്ത് നാടുവിട്ടുപോയ ചെറുപ്പക്കാരെക്കുറിച്ച്.
2. പശ്ചിമ ചക്രവാളം വരെയും പൂർവ ചക്രവാളം വരെയും പടനയിച്ച രാജാവിനെക്കുറിച്ച്.
3. റൂഹിനെക്കുറിച്ച്, അതെന്താണെന്ന്? ഇതൊക്കെ നേരാംവണ്ണം അദ്ദേഹം നിങ്ങൾക്ക് പറഞ്ഞുതരുന്നുവെങ്കിൽ അദ്ദേഹം പ്രവാചകൻ തന്നെയാണെന്ന് മനസ്സിലാക്കുക. ഇല്ലെങ്കിൽ വ്യാജനാണെന്നും ഉറപ്പിക്കുക. ഈ മൂന്ന് ചോദ്യങ്ങളും മനസ്സിൽ കെട്ടിപ്പൂട്ടിവെച്ച് ദൗത്യസംഘം മക്കയിൽ തിരിച്ചെത്തി.

നിങ്ങൾ ചോദിച്ച കാര്യങ്ങൾക്ക് നാളെ മറുപടി പറയാമെന്നതായിരുന്നു പ്രവാചകൻ(സ)യുടെ പ്രതികരണം. വഹ്‌യ് മുഖേന അല്ലാഹു വിവരം തരുമെന്ന് നബി(സ) പ്രതീക്ഷിച്ചു. പക്ഷേ അങ്ങനെയുണ്ടായില്ല. ദിവസങ്ങൾ പലതും കടന്നുപോയി. തിരുമേനി(സ)ക്ക് വല്ലാത്ത മന:ക്ലേശം. പ്രവാചകന്റെ മറുപടിക്ക് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഖുറൈശിക്കൂട്ടം. അവസാനം ‘നീ ഒരു കാര്യത്തെക്കുറിച്ചും നാളെ ഞാനത് ചെയ്യും എന്ന് പറഞ്ഞുകൂടാ. അല്ലാഹു ഇച്ഛിക്കുന്നുവെങ്കിലല്ലാതെ നിനക്ക് ഒന്നും ചെയ്യാനാവില്ല എന്ന തിരുത്തൽകൂടി 23ാം വചനത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് 9ാം വചനം മുതൽ പ്രസ്തുത കഥാകഥനം ഖുർആൻ തുടങ്ങിവെച്ചത്. അസ്ഹാബുൽ കഹ്ഫിന്റെ കഥ പറയുന്നതിനിടയിൽ പ്രവാചകനെ അല്ലാഹു ഒരു മര്യാദ പഠിപ്പിക്കുക കൂടി ചെയ്യുകയാണിവിടെ. വഹ്‌യ് മുഖേനയല്ലാതെ വേദപരിചയമില്ലാത്ത തിരുനബിക്ക് കഥ അറിയില്ലായിരുന്നു. വേദക്കാർക്കാകട്ടെ കഥ സുപരിചിതവുമാണ്.

CE 249-259 കാലയളവിലാണ് കഥാനായകന്മാരായ യുവാക്കൾ ജീവിച്ചിരുന്നത്. ഏഷ്യാ മൈനറിന്റെ പടിഞ്ഞാറൻ തീരമായ ത്വർസൂസ്(ഏഹസ്യൂസ്) എന്ന റോമൻ നഗരമായിരുന്നു അവരുടെ ജന്മസ്ഥലം. അക്കാലത്ത് നാട് ഭരിച്ചിരുന്ന ദഖ്‌യാനൂസ് എന്ന രാജാവാകട്ടെ തികഞ്ഞ വിഗ്രഹാരാധകനും മർദകനുമായിരുന്നു. വിഗ്രഹാരാധനയ്ക്ക് മടിക്കുന്നവരെ അയാൾ കഠിനമായ പീഡനങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരുന്നു. നാട്ടിലെ തുച്ഛം മാത്രമായിരുന്ന ഏകദൈവവിശ്വാസികൾക്ക് അതുമൂലം പൊറുതിമുട്ടി. ഈസാ(അ) പ്രബോധനം ചെയ്തിരുന്ന ഏകദൈവവിശ്വാസം അക്കാലത്ത് ആ നാട്ടിലും അല്പാല്പം വെളിച്ചം കണ്ടുതുടങ്ങിയിരുന്നു. പ്രസ്തുത കാലയളവിലാണ് ഖുർആൻ ചൂണ്ടിക്കാണിക്കുന്ന ആ യുവാക്കൾ തങ്ങളുടെ വിശ്വാസസംരക്ഷണത്തിനായി നാടും വീടും വിട്ട് ഒളിച്ചോടേണ്ടിവന്നത്. അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ രാജാവിന്റെ ശിക്ഷാവിധിപ്രകാരം അവർ കൊല ചെയ്യപ്പെടുമായിരുന്നു.

ഒന്നുകിൽ വിഗ്രഹാരാധനയിലേക്കുള്ള മടക്കം. അല്ലെങ്കിൽ മരണം. രണ്ടിലൊന്നേ ഏകദൈവവിശ്വാസികളും നിർദോഷികളുമായ ആ യുവാക്കളുടെ മുമ്പിലുണ്ടായരുന്നുള്ളൂ. അവരുടെ ഇളം പ്രായം പരിഗണിച്ച് ദൂരെ പര്യടനത്തിന് പോയ സന്ദർഭം രാജാവ് അവരുടെ മുമ്പിൽ വെച്ചുകൊടുത്ത ഉപാധി അങ്ങനെയായിരുന്നു. വിശ്വാസദൃഢത അവരെ നാട്ടിൽനിന്ന് ഒളിച്ചോടാനാണ് തീരുമാനമെടുപ്പിച്ചത്. എന്തുവിലകൊടുക്കേണ്ടിവന്നാലും തങ്ങൾ വിശ്വസിക്കുന്ന സത്യംവിട്ട് പഴയ മിഥ്യയിലേക്ക് ഒരു മടക്കമില്ലെന്ന് അവരുറപ്പിച്ചു. അങ്ങനെയാണ് എല്ലാം പരിത്യജിച്ച് അകലെയുള്ള മലമുകളിലെ ഒരു ഗുഹയിൽ ഈ യുവാക്കൾ എത്തിച്ചേരുന്നത്. കൂടെ തുണയായി ഒരു നായയും അവരോടൊപ്പമുണ്ട്. വിശുദ്ധ ഖുർആൻ അവരുടെ ആദർശനിഷ്ഠയെ പരിചയപ്പടുത്തുന്നത് കാണുക :

‘ഏതാനും യുവാക്കൾ ഗുഹയിൽ അഭയം പ്രാപിച്ചതോർക്കുക. അപ്പോഴവർ പ്രാർഥിക്കുന്നുണ്ടായിരുന്നു. നിന്നിൽ നിന്നുള്ള കാരുണ്യം ഞങ്ങളിലരുളേണമേ. ഞങ്ങളുടെ പ്രശ്‌നം വിവേകപൂർവം കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കേണമേ’ ( 18:10)
ആയത്തിൽ സൂചിപ്പിച്ച ‘അംറ്’ അഥവാ കാര്യം എന്നതിൽ ആ യുവാക്കളുടെ അപ്പോഴത്തെ നിസ്സഹായാവസ്ഥയും അവർ നേരിടുന്ന പ്രശ്‌നങ്ങളുമാണെന്നാണ് പണ്ഡിതാഭിപ്രായം. ആമുഖമായി പറയുന്ന അക്കാര്യം കഥയുടെ മർമത്തിൽ നിന്ന് വായനക്കാരന്റെ മനസ്സ് തെന്നിപ്പോകാതിരിക്കേണ്ടതിനുമാകാം. ദൈവകാരുണ്യം മാത്രം മുന്നിൽവെച്ചുകൊണ്ടാണല്ലോ എല്ലാം ത്യജിച്ച് തങ്ങളുടെ യൗവനം ദൈവപ്രീതിക്ക് വേണ്ടി മാറ്റിവെക്കാൻ ആ യുവാക്കളുടെ മനസ്സ് വഴങ്ങിയത്. അതുകൊണ്ടുതന്നെ സകല ഭയാശങ്കകളിൽ നിന്നും മുക്തരാക്കി സർവശക്തനായ നാഥൻ അവരെ ഉറക്കിക്കിടത്തി. ദീർഘമായ കാലയളവ് നീണ്ടുനിന്ന ഒരു സുഖനിദ്ര. മൂന്ന് നൂറ്റാണ്ടുകൾ എന്നതാണ് പണ്ഡിതനിഗമനം. തിട്ടമായ എണ്ണം എത്രയെന്ന് ഖുർആൻ പറയുന്നില്ല.

”നാം അവരെ ആ ഗുഹയിൽ തന്നെ നീണ്ട സംവത്സരങ്ങൾ ഗാഢനിദ്രയിലാഴ്ത്തി. പിന്നീട് അവരെ നാം നിദ്രയിൽ നിന്ന് ഉണർത്തി. രണ്ട് കക്ഷികളിൽ തങ്ങളുടെ ഗുഹാവാസകാലം കൃത്യമായി തിട്ടപ്പെടുത്തുന്നത് ആരാണെന്ന് കണ്ടറിയാൻ” (വി.ഖു 18:11,12)
ഇനി അവർ ഉണർന്നേ മതിയാകൂ. തന്റെ കാലികൾക്ക് താവളമൊരുക്കുന്ന ഒരു ഇടയൻ മുഖേന അതുണ്ടാവുകയാണ്. ഇടയൻ ഗുഹാമുഖത്തുള്ള കല്ല് നീക്കുന്ന ശബ്ദമായിരുന്നു അവരെ ഉണർത്തിയത്.

‘നമ്മൾ എത്രനേരം ഉറങ്ങിക്കാണും”. അവർ തമ്മതമ്മിൽ ചോദിച്ചു: ഒരു ദിവസം മുഴുവൻ. അല്ലെങ്കിൽ ഒരു ദിവസത്തിന്റെ അല്പഭാഗം. അവർക്കിടയിൽ തന്നെ ഇക്കാര്യത്തിൽ തർക്കമായി. അവസാനം അവരുടെ ഉറക്കസമയത്തെക്കുറിച്ച് അല്ലാഹുവിന് കൃത്യമായി അറിയാമെന്ന് അവർ സമാധാനിക്കുന്നു. മൂന്ന് നൂറ്റാണ്ടുകാലം ഭക്ഷണവും വെള്ളവും ആവശ്യമില്ലാതിരുന്ന അവർ ഉണർന്നതോടെ വിശപ്പും ദാഹവുമറിഞ്ഞു.
പതിവുപോലെ കൂട്ടത്തിലൊരാൾ പാത്തും പതുങ്ങിയും അങ്ങാടിയിൽ പോയി കയ്യിലുള്ള നാണയവുമായി ഭക്ഷണം വാങ്ങാനെത്തി. പട്ടണത്തിലെത്തിയപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത അമ്പരപ്പ്. താൻ മുമ്പ് കണ്ടുപരിചയിച്ച പട്ടണത്തിൽ എന്തൊക്കെയോ മാറ്റങ്ങളുണ്ട്. പഴയ വിഗ്രഹാരാധനയുടെ അടയാളങ്ങളായ കേന്ദ്രങ്ങളൊന്നും എവിടെയും കാണാനില്ല. എവിടെ നോക്കിയാലും ഈസാ മസീഹിനെക്കുറിച്ച് പുകഴ്ത്തിപ്പറയുന്ന സംസാരങ്ങൾ. ഏകദൈവവിശ്വാസത്തിന്റെ പ്രകടനങ്ങൾ. എന്തായാലും തന്റെ കൈയിലുള്ള നാണയം അയാൾ ഭക്ഷണത്തിനായി നീട്ടിക്കൊടുത്തു. കച്ചവടക്കാരൻ നാണയം കണ്ട് അതിശയം കൂറി. നൂറ്റാണ്ടുകൾക്ക് മുമ്പ് നാട് ഭരിച്ചിരുന്ന ദഖ്‌യാനൂസ് രാജാവിന്റെ ചിത്രമുള്ള നാണയം. ആഗതന് നിധി കിട്ടിയിരിക്കാമെന്ന് കച്ചവടക്കാരൻ. അവസാനം ജനങ്ങളുടെ നിരന്തരമായ വിചാരണക്കൊടുവിൽ യുവാവ് കാര്യം വെളിപ്പെടുത്തി. തുടർന്ന് അധികാരികൾ വിവരമറിഞ്ഞു. അപ്പോഴേക്കും ദഖ്‌യാനൂസിന്റെ മരണത്തോടെ നാട്ടിലെ വിശ്വാസ സംസ്‌കാരങ്ങളും മാറിക്കഴിഞ്ഞിരുന്നു.

സി ഇ അഞ്ചാം നൂറ്റാണ്ടായിരുന്നു അന്ന്. രാജ്യം ഭരിക്കുന്ന തിയോഡഷ്യസ് തികഞ്ഞ ക്രിസ്തുമത വിശ്വാസിയും ഏകദൈവവിശ്വാസ പ്രചാരകനുമായിരുന്നു. രാജാവും പരിവാരങ്ങളും യുവാക്കൾ ഉറങ്ങിക്കിടന്നിരുന്ന ഗുഹ സന്ദർശിച്ചു. ഗുഹാവാസികളെ ആലിംഗനം ചെയ്തു. അതിനുശേഷം ഗുഹയിൽതന്നെ തിരിച്ചെത്തി. പ്രാർഥനയിലേർപ്പെട്ട യുവാക്കൾ ആ നിലയിൽ ഒന്നിച്ച് ഒരേ സന്ദർഭത്തിൽ അവിടെവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. രാജകല്പനപ്രകാരം അവർ അവിടെത്തന്നെ മറമാടപ്പെട്ടു. തുടർന്ന് അവിടെ ഒരു ആരാധനാലയം നിർമിതമായി. ജനങ്ങളുടെ ഒരു പൊതുസ്വഭാവമാണല്ലോ അത്. ദൈവികദൃഷ്ടാന്തങ്ങളിൽ നിന്ന് പാഠമുൾക്കൊള്ളുക എന്നതിലുപരി വീരാരാധനക്കുള്ള പ്രാധാന്യമാണ് എവിടെയും മുന്നിട്ട് നില്ക്കുക.

മൂന്നൂറുകൊല്ലം ഉറങ്ങിക്കിടന്നിട്ടും ഗുഹാവാസികൾക്ക് അതിന്റെ കൃത്യമായ കാലം മനസ്സിലാക്കാൻ പെട്ടെന്ന് സാധിക്കാതെ പോയി. പിന്നീടുള്ള സംഭവങ്ങൾ അതവരെ ബോധ്യപ്പെടുത്തി. കാലം അവരിൽ നിന്ന് ഒരുപാട് നീക്കം ചെയ്യപ്പെട്ടിരുന്നു എന്ന്. മരണത്തിനും ഉയിർത്തെഴുന്നേല്പിനുമിടയിലുള്ള അവസ്ഥയുടെ ഒരു അനുഭവജ്ഞാനം കൂടിയായിരുന്നു അവർക്കത്. പരലോകത്തിൽ ഉയിർത്തെഴുന്നേല്ക്കുന്ന ഓരോ മനുഷ്യനും അതുതന്നെയാണ് തോന്നുക. താനിതാ അല്പനേരം മുമ്പ് ഉറങ്ങി. ഇപ്പോഴിതാ എഴുന്നേറ്റിരിക്കുന്നു എന്ന്. ”അവർ പറയും. നമ്മുടെ നാശമേ, നമ്മുടെ ഉറക്കത്തിൽ നിന്ന് നമ്മെ എഴുന്നേല്പിച്ചത്.

ഈ ഗ്രന്ഥത്തിൽ അതിന്റെ വിശദാംശങ്ങളുണ്ടെന്നും അവനു പുറമേ യാതൊരു അഭയസ്ഥാനവും കണ്ടെത്താനാവുകയില്ല എന്ന ഉപസംഹാരത്തോടെ (27) അല്ലാഹുവിന്റെ പ്രീതി മാത്രം ലാക്കാക്കി കൊണ്ട് പ്രവാചക സന്നിതിയിലെത്തിയ പാവങ്ങളെ മാറ്റി നിർത്തി ധനാഠ്യരെ കൂടെ നിർത്താൻ ശ്രമിക്കരുതെന്നും അക്രമികൾക്കും സത്കർമ്മികൾക്കും അർഹമായ പരിഗണനയും പ്രതിഫലവും അല്ലാഹുവിങ്കൽ ഉണ്ടെന്നും അറിയിക്കുകയാണ് 31 വരെ ആയതുകൾ .

രണ്ട് തോട്ടങ്ങളുടെ ഉടമയുടേയും അദ്ദേഹത്തിന്റെ കൂട്ടുകാരന്റേയും അവർക്കുണ്ടായ സാമ്പത്തിക പരീക്ഷണത്തിന്റേയും കഥാകഥനമാണ് 32 – 44 വരെ സൂക്തങ്ങൾ. അല്ലാഹുവിൽ നിന്ന് ധാരാളം അനുഗ്രഹം കിട്ടിയ ഒരു മനുഷ്യൻ. ഫലസമൃദ്ധമായ രണ്ട് തോട്ടങ്ങൾ അദ്ദേഹത്തിനു ലഭിച്ച ദൈവികാനുഗ്രഹങ്ങളിൽ ഒന്നായിരുന്നു. പക്ഷെ, എല്ലാം അയാൾ മറന്നു. അഹങ്കരിച്ചു. വിനയാന്വിതനാകണം എന്ന തന്റെ കൂട്ടുകാരന്റെ ഉപദേശം പോലും അയാൾ തിരസ്‌കരിച്ചു. അയാളുടെ വാക്കുകൾ ഖുർആൻ പ്രസ്താവിക്കുന്നത് ഇപ്രകാരമാണ്:

അങ്ങനെ അവൻ തന്റെ ചങ്ങാതിയോട് സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ് നിന്നെക്കാൾ കൂടുതൽ ധനമുള്ളവനും
കൂടുതൽ സംഘബലമുള്ളവനും. (കഹ്ഫ്: 34)

അഹങ്കാരത്തോടെയാണ് അവൻ തന്റെ തോട്ടങ്ങളിൽ പ്രവേശിച്ചിരുന്നത്. അന്ത്യ നാളിനെ അവൻ അവിശ്വസിച്ചു. ഇനി ഉണ്ടെങ്കിൽ തന്നെ ഇപ്പോഴുള്ളതിനേക്കാൾ മെച്ചമുള്ള സ്ഥാനങ്ങൾ തനിക്ക് ലഭിക്കും എന്നവൻ വീമ്പു പറഞ്ഞു.
പക്ഷെ, അല്ലാഹു അവന്റെ അവിശ്വാസത്തിനും അഹങ്കാരത്തിനും അർഹമായ ഫലം നൽകി. സമ്പത്ത് ഒരുപാട് ചെലവഴിച്ച് ഫലമൂലാദികൾ വെച്ചു പിടിപ്പിച്ച അവന്റെ കൃഷിയിടങ്ങളെ അല്ലാഹു പാടെ നശിപ്പിച്ചു. അപ്പോഴാണ് അവൻ ഖേദത്തോടെ വിരൽ കടിച്ചത്!
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ലഭ്യമാകുമ്പോഴും അവ അനുഭവിക്കുമ്പോഴും ഏതൊരാളും അല്ലാഹുവിന്ന് നന്ദി ചെയ്യാനും അവന്റെ മുമ്പാകെ വിനയാന്വിതനാകാനും ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം, അല്ലാഹുവിന്റെ ശിക്ഷക്ക് അവൻ വിധേയമാകുന്നതാണ് എന്നുമുള്ള സന്ദേശമാണ് ഈ ഖുർആനിക കഥനം നൽകുന്നത്.

ധനത്തെ സർവസ്വമായി കരുതുന്നവർ ചെയ്യുന്നത് ശിർക്കാണെന്ന സൂചന 38-ാം ആയതിലുള്ള ഉന്നതമായ പാഠം കഥയുടെ ഉള്ളിലായത് കൊണ്ട് ശ്രദ്ധിക്കാതെ പോവരുത് . ഇവിടെ വലായത് (രക്ഷാധികാരം) ധനത്തിലാണെന്ന് നിനച്ചു പോയ വന്റെ പര്യവസാനം ചിത്രീകരിച്ച് ആ ധാരണ തിരുത്തുകയാണ് റബ്ബ് ചെയ്യുന്നത്.

തുടർന്ന് ഐഹിക ജീവിതത്തിന്റെയും സ്വത്തു സന്താനങ്ങളുടേയും ഉപമകളുദ്ധരിച്ച് പരലോകത്തിലെ ചില ചിത്രങ്ങൾ പാരായണം ചെയ്യുന്നവന്റെ വരച്ച് വെക്കുകയാണ് 49 വരെ സൂക്തങ്ങളിൽ . തുടർന്ന് മലക്കുകളോട് ആദമിന് പ്രണാമം അർപ്പിക്കുവാൻ പറഞ്ഞ പലയിടങ്ങളിലായി ഖുർആൻ സൂചിപ്പിച്ച സംഭവം വിവരിച്ച് കൊണ്ട് അക്രമികൾക്ക് കിട്ടിയ ബദൽ തീർത്തും പൈശാചികമാണെന്ന പരിഹാസോക്തിയിൽ 50ാം സൂക്തം സമാപിക്കുന്നു.

ഇത്തരം വഴി പിഴപ്പിക്കുന്ന പിശാചുക്കളെ സഹായികളായി സ്വീകരിക്കൽ അല്ലാഹുവിന്റെ ഉലൂഹിയത്തിനെതിരാണെന്നും വേണെമെങ്കിൽ നിങ്ങൾ ജൽപിച്ചിരുന്ന സഹായികളെ ഇവിടെയോ നാളെ പരലോകത്തോ വിളിച്ചു നോക്കിയാലും വിദൂരതയും നാശഹേതുവും നരക കാരണവുമായിരിക്കുമെന്നും അതിൽ നിന്ന് വിട്ട് മാറുവാൻ യാതൊരു മാർഗവും കണ്ടെത്തുകയില്ല എന്നുമാണ് 53 വരെ ആയതുകൾ പഠിപ്പിക്കുന്നത്.

തുടർന്ന് ഖുർആനെ കുറിച്ചും സന്മാർഗത്തെ സംബന്ധിച്ചും പ്രവാചകന്മാരുടെ ദൗത്യത്തെ ആസ്പദിച്ചും സൂചിപ്പിച്ചു കൊണ്ട് ദൈവിക ദൃഷ്ടാന്തങ്ങളേയും താക്കീതുകളേയും പരിഹാസ്യമാക്കിയ അക്രമികൾ ഒരിക്കലും സന്മാർഗം സ്വീകരിക്കുകയില്ല എന്ന് തുറന്നു പ്രഖ്യാപിക്കുകയാണ് 57 വരെ സൂക്തങ്ങളിൽ . ഉപരിസൂചിത പടപ്പുകൾ ചെയ്തു കൂട്ടിയതിനൊക്കെ ഉടൻ നടപടി സ്വീകരിക്കുകയായിരുന്നുവെങ്കിൽ പെട്ടെന്ന് തന്നെ ശിക്ഷ വന്നു തുടങ്ങിയേനെ എന്നും ഒരു നിശ്ചിത അവധി വരാനുണ്ടെന്നും അതിനെ മറികടക്കാനാർക്കുമാവില്ല എന്നുമുള്ള വിളംബരവും അതിന്റെ മാതൃകയുമാണ് 59 ാം സൂക്തം വരെ വ്യക്തമാക്കുന്നത്.

ഇനി 82 വരെ സൂക്തങ്ങൾ മൂസാ – ഖിദ്ർ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു ഈ ചരിത്രം .

മുഹമ്മദ് നബി(സ) ഒരിക്കൽ ഈ കഥ ഇങ്ങിനെ പറയുകയുണ്ടായി. ഒരിക്കൽ മൂസാ നബി(അ) ബനൂ ഇസ്്‌റാഈല്യർക്ക് സാരോപദേശം നൽകുകയായിരുന്നു. ആ സമയം അദ്ദേഹത്തോട് ഒരാൾ ചോദിച്ചു: ആളുകളിൽ ഏറ്റവും വലിയ ജ്ഞാനി ആരാണ്? അദ്ദേഹം പറഞ്ഞു: ഞാൻ തന്നെ! പക്ഷെ, അല്ലാഹു അദ്ദേഹത്തെ തിരുത്തി; അദ്ദേഹമല്ല, ഏറ്റവും വലിയ ജ്ഞാനി. അല്ലാഹു പറഞ്ഞു: ശരി, മൂസാ, രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനത്ത് (മജ്മഉൽ ബഹ്റൈൻ) എന്റെയൊരു ദാസനുണ്ട്. അദ്ദേഹം നിന്നെക്കാൾ അറിവുള്ളവനാണ്. അതു കേട്ടപ്പോൾ മൂസാ(അ) പറഞ്ഞു: രക്ഷിതാവേ, അദ്ദേഹത്തെ എങ്ങനെ എനിക്ക് കണ്ടുമുട്ടാനാകും?

അല്ലാഹു പറഞ്ഞ ആ ‘ജ്ഞാനിയായ ദൈവ ദാസനെ’ കണ്ടെത്താൻ അല്ലാഹുവിന്റെ നിർദ്ദേശാനുസരണം അദ്ദേഹം തന്റെ ഭൃത്യനോടൊപ്പം യാത്ര പുറപ്പെട്ടു.

മണിക്കൂറുകൾ കടന്നു, മൂസാ (അ) തന്റെ വാല്യക്കാരന്റെ കൂടെ ശ്രദ്ധയോടെ മുന്നോട്ട് പോവുകയാണ്. ആ ഗുരുവിനെ കണ്ടുമുട്ടാനാണ് പുറപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തെ കണ്ട് വിജ്ഞാനത്തെ കുറിച്ച് ആധികാരികമായി സംസാരിക്കണം. ദൈവമദ്ദേഹത്തിന് വാരിക്കോരി നല്കിയിട്ടുള്ള വിജ്ഞാനസാഗരത്തിൽ നിന്നും ആവോളം നുകരണം. നടത്തം തുടങ്ങിയിട്ട് നിറുത്തിയിട്ടില്ല. നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള മത്സ്യത്തിന്റെ കാര്യമോർമ വന്നു. ഇനി വല്ലതും കഴിച്ചിട്ട് മുന്നോട്ട് പോവാം . വാല്യക്കാരൻ ഭക്ഷണമായി കരുതിയ മീൻ തിരയുന്നു. അതെടുക്കാൻ മറന്നു പോയത് ഓർക്കുന്നു. രണ്ടാളും തിരിച്ച് നടക്കുന്നു. അവിടെ വെച്ച് മത്സ്യത്തിന് സംഭവിച്ചത് നേരിട്ട് ബോധ്യപ്പെടുന്നു. അവർ തേടി നടന്ന വിജ്ഞാനത്തിന്റെ മഹാ സാഗരമായ ഖിദ്റിനെ കണ്ടു മുട്ടുന്നു. ഇങ്ങിനെ ലോകത്ത് വളരെ വിരളമായി (نادر)സംഭവിക്കുന്ന വിവരണത്തിന് വളരെ വിരളമായ വ്യാകരണ നിയമം (قاعدة الندرة) (മറ്റൊരു നുദ്റ സൂറ: ഫത്ഹിൽ വരും ഇ. അ ) ഇവിടെ ഉപയോഗിച്ചു.
وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَهُ ۚ …. (63) (ഞാനത് ഓർക്കുമെന്നതിനാൽ ശൈത്വാനാണ് അതെന്നെ മറപ്പിച്ചത് )
ഖിയാമത് നാൾ വരെ വരാനുള്ളവർക്കുള്ള പാഠമായിക്കൊണ്ട് ഖുർആൻ ആ സംഭവങ്ങൾ അടയാളപ്പെടുത്തുന്നു.
യാത്രക്കൊടുവിൽ രണ്ട് കടലുകളുടെ സംഗമ സ്ഥാനത്തു വെച്ച് ഖിദ്റി(അ)നെ മൂസാ നബി കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഒരു വിദ്യാർത്ഥിയെപ്പോലെ മൂസാ നബി(അ) യാത്ര ചെയ്തു. യാത്രയിൽ ഖിദ്റിൽ നിന്ന് തനിക്കറിയാത്ത ഒരുപാടു സംഗതികൾ മൂസാ നബി പഠിച്ചെടുത്തു. മാത്രമല്ല, താൻ ചെയ്ത പ്രവർത്തനങ്ങളും അതിന്റെ പിന്നിലെ അറിവുകളും എന്റേതല്ല, മറിച്ച് എന്റെ നാഥനിൽ നിന്ന് ലഭ്യമായതാണ് എന്ന അഹങ്കാരമില്ലാത്ത മഹാവിനയത്തിന്റെ വാക്കുകളും ഖിദ്റിൽ നിന്നും കേട്ടറിഞ്ഞു.
രണ്ടു പേരും വിടപറയുന്ന സമയത്ത് മൂസാ നബിയോട് ഖിദ്ർ പറയുന്ന വാക്കുകൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്.

അത് വിശദമായി അടുത്ത ജുസ്ഇൽ ചർച്ച ചെയ്യാം ഇ. അ

Related Articles