Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 13

സൂറ: യൂസുഫ് 53 – 111, സൂറ: റഅ്ദ് മുഴുവനായും (43 ആയതുകൾ), സൂറ: ഇബ്രാഹീം മുഴുവനായും (52 ആയതുകൾ) ആണ് ഈ ജുസ്ഇലുള്ളത്.

വമാ ഉബർരിഉ നഫ്സീ……
ഇതാര് പറഞ്ഞുവെന്ന ദീർഘമായ ചർച്ചകൾ അസ്ഥാനത്താണ് . യൂസുഫ് നബി തന്നെ പറഞ്ഞതായാലും ആ കുലസ്ത്രീ പറഞ്ഞതായാലും ഇനി മറ്റാരെങ്കിലും പറഞ്ഞതാണെങ്കിലും മനുഷ്യ ജീവിതത്തിന്റെ സന്ത്രാസങ്ങളെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുവാൻ ആ ആവിഷ്കാരത്തിനായി .

ഖുർആൻ ചർച്ചചെയ്യുന്ന നഫ്സ് (മനസ്സ് )മൂന്ന് വിധമാണെന്ന് മുഫസ്സിറുകൾ പറയുന്നു:
1.നഫ്സ് അമ്മാറ:-
“ഇന്നന്നഫ്സ ല അമ്മാറതുൻ ബി സ്സൂഇ”(യൂസുഫ് :53 ) തീർച്ചയായും നഫ്സ് തിന്മയെ പ്രേരിപ്പിക്കുന്നത് തന്നെ. ഈ വശത്തിലൂടെയാണ് പിശാച് മനുഷ്യനെ തെറ്റിലേക്കു പ്രേരിപ്പിക്കുന്നത്. തൌഹീദ്-രിസാലത്ത്-ആഖിറത് എന്ന ആയുധം കൊണ്ട് മാത്രമേ പിശാചിനെ തറപറ്റിക്കാൻ കഴിയൂ.
2.നഫ്സ് ലവ്വാമ :-
കുറ്റപ്പെടുത്തുന്ന മനസ്സ് ( ഖിയാമ : 2 ) (മനസ്സാക്ഷി)-ചിലപ്പോൾ നാം സ്വയം നമ്മുടെ മനസ്സിനോട് സം‍വദിക്കാറില്ലേ? അത് ലവ്വാമ തലത്തിലുള്ള ആത്മഭാഷണമാണ്.തെറ്റ് ചെയ്താൽ നാം സ്വയം തന്നെ കുറ്റപ്പെടുത്താറില്ലേ? അതാണ് ലവ്വാമ.
3.നഫ്സ് മുത്വമഇന്ന:-
“ആഗ്രഹം പൂർത്തീകരിച്ചത് /സമാധാനം അടങ്ങിയത്“എന്നർത്ഥം.ദൈവ സ്നേഹം,ദൈവാനുസരണം,പരലോക ചിന്ത എന്നിവയ്ക്ക് സമ്പൂർണ്ണാധിപത്യമുള്ള സ്വയം സംസ്ക്കരിക്കപ്പെട്ട നഫ്സ്. (ഫജ്ർ : 27)

നിങ്ങളുടെ ഗതകാലചരിത്രം നിങ്ങളെ ഏതു സാഹചര്യത്തിലും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്. അതിനെ കലർപ്പില്ലാതെ പരിപാലിക്കുക എന്ന അതിസൂക്ഷ്മ പാഠം നൽകുക കൂടി ചെയ്യുന്നുണ്ട് യൂസുഫ് അധ്യായം. “‍ ശരണം! നിശ്ചയമായും അവനാണ്‌ എൻറെ രക്ഷിതാവ്‌. അവൻ എൻറെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു.” എന്ന് 23ാം സൂക്തത്തിൽ പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ?!

തന്നെക്കൊണ്ടാവും അഥവാ തന്നെക്കൊണ്ടേ ആവൂ എന്ന് ബോധ്യപ്പെടുന്ന പദവികൾ ചോദിച്ചു വാങ്ങാമെന്നുള്ള സൂചന 54 ലുണ്ട്. രാജാവിന്റെ രീതിയനുസരിച്ച് തൊണ്ടികണ്ടെത്തപ്പെട്ടവനേയാണ് പിടികൂടുക എന്ന പറഞ്ഞ 76-ാം ആയതിലുപയോഗിച്ചത് ദീൻ എന്നതിന്റെ ഭാഷാർഥമാണ്.

യൂസുഫി (അ)ന്റെ പേരിൽ മാത്രം ദുഃഖിക്കുന്ന പിതൃ മനസ്സ് 84-ാം സൂക്തത്തിൽ കാണാം.
യൂസഫ് ഒഴികെ അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും അദ്ദേഹത്തോടൊപ്പമുണ്ടെങ്കിലും
ചില വിടവുകൾ ചിലർക്ക് മാത്രമേ പൂരിപ്പിക്കാൻ കഴിയൂ എന്നറിയിക്കുന്നു.അതായത്, മറ്റാരെ കൊണ്ടും ചില ശൂന്യതകൾ പരിഹരിക്കാൻ കഴിയില്ല.

“അതിനാൽ ഞങ്ങളുടെ സഹോദരനെ ഞങ്ങളോടൊപ്പം ” 63-ാം ആയത്തിൽ പറഞ്ഞ അതേ സഹോദരന്മാർ(പിടിക്കപ്പെടുന്നതിന് മുമ്പേ )ഞങ്ങളാരും കള്ളൻമാരല്ല എന്ന് പറഞ്ഞ “അവർ തന്നെ (പിടിക്കപ്പെട്ടതിനു ശേഷം ) അവൻ കള്ളനാണ് , അവന്റെ സഹോദരൻ പണ്ടേ ” എന്നു മാറ്റിപ്പറയുന്ന രാഷ്ട്രീയം ഈ ഇസ്രായേലീ മക്കളിൽ നിന്നാവും ആഗോള തെരെഞ്ഞെടുപ്പ് തന്ത്രമായി രാഷ്ട്രീയക്കാർ പഠിച്ചിട്ടുണ്ടാവുക.
അഥവാ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ  ഉപ്പാ,ഞങ്ങളുടെ ചങ്ക് ബ്രോയെ ഞങ്ങളുടെ കൂടെ വിട്ടു കൂടെ(കാര്യം കാണും വരെ) ഡാഡ് ,തന്റെ മോൻ കട്ടു(ആരോപിതനായാൽ / പിടിക്കപ്പെട്ടാൽ ) [12:81] എന്നതിനെ കാലികമായൊന്ന് വായിച്ച് നോക്കുക.

“യൂസുഫ് അത് തൻറെ മനസ്സിൽ ഗോപ്യമാക്കിവെച്ചുവെന്ന്” എന്ന് 12:77 ൽ പറയുന്നത് നാം നമ്മുടെ നിത്യജീവിതത്തിൽ പാലിക്കേണ്ട ഒരു ശീലമാണ്. നമ്മുടെ അടുത്തുള്ളവരിൽ നിന്ന് ചിലപ്പോൾ വേദനിപ്പിക്കുന്ന വാക്കുകൾ കേട്ടേക്കാം, അവയെ അവഗണിച്ച് അവരിൽ നിന്ന് പിന്തിരിയുക,പ്രതികരിക്കാൻ തിരക്കുകൂട്ടരുത്,
മറച്ചുവെക്കൽ ഒരു നല്ല നന്മയാണ് എന്നിങ്ങനെയുള്ള അനുപമമായ അതി സൂക്ഷ്മ വ്യക്തിവികാസപാഠങ്ങൾ നല്കുന്നു.

“പോയി യൂസുഫിനെയും സഹോദരനെയും അന്വേഷിച്ചു ” എന്ന 87-ാം സൂക്തം വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട മകനും ഈയിടെ മാത്രം നഷ്ടപ്പെട്ട മകനും മാതാപിതാക്കളുടെ മനസ്സിൽ ഇപ്പോഴും ഒരുപോലെയാണെന്ന് പഠിപ്പിക്കുന്നു. സർവോപരി എത്ര കൊല്ലം മുമ്പ് കാണാതായ സന്താനത്തേയും തിരിച്ചു കിട്ടാൻ ദൈവവിധിയുണ്ടെങ്കിൽ അതിന് യാതൊരു തടസ്സവുമില്ലെന്ന സന്തോഷ വാർത്തയുമുൾകൊള്ളുന്നുണ്ട് ആ വാചകം.

“ഞാൻ യൂസുഫ്, ഇതാണ് എന്റെ സഹോദരൻ ” (12:90) എന്ന പ്രൊമോഷൻ വാചകം നോക്കൂ.
തന്റെ പ്രൊഫൈൽ രാഷ്ട്രീയപരമായി അപ്ഡേറ്റ് ചെയ്യാൻ പറ്റുന്ന സന്ദർഭത്തിലും യൂസുഫ് നബി (സ) പറഞ്ഞത് താൻ അവരുടെ പഴേ യൂസുഫ് മോൻ തന്നെയെന്നാണ്. ഇപ്പോൾ ഈജിപ്തിലെ VVIP ആണ് “ഞാനെന്ന് ” വേണമെങ്കിൽ പറയാമായിരുന്നു. എന്നിട്ടും വേണ്ടപ്പെട്ടവരുടെ മുമ്പിൽ പ്രോട്ടോകോളുകൾക്ക് സ്ഥാനമില്ല എന്ന് തെര്യപ്പെടുത്തി തരുകയായിരുന്നു നേർത്ത ആത്മാവിന്റെ ഉടമയായ യൂസുഫ് .സ്ഥാനങ്ങളിലോ പദവികളിലോ പൊങ്ങച്ചം കാണിക്കാൻ ശ്രമിക്കുന്ന രീതി നല്ലമനുഷ്യരിൽ നമുക്ക് കാണാൻ കഴിയില്ല.

സൂറ യൂസുഫിനെ മികച്ച കഥകൾ (അഹ്സനുൽ ഖസ്വസ് 12:2 ) എന്നാണ് ഖുർആൻ വിളിച്ചത്.
ഒരു സ്വപ്നത്തിൽ ആരംഭിച്ച് , ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതോടെ അവസാനിച്ച അധ്യായമാണിത്.
നമ്മുടെ സ്വപ്നങ്ങളിൽ സ്ഥേയസോടെ ഉറച്ചുനിൽക്കാൻ നാഥൻ നമ്മോട് പറയുകയാണ്
ഈ അധ്യായത്തിലുടനീളം.

രോഗിയുടെ അസുഖം സുഖപ്പെടുമെന്നും കാണാതായവൻ മടങ്ങിവരുമെന്നും ദുഃഖിക്കുന്നവർ സന്തോഷിക്കുമെന്നും ഏത് വിഷമവും നാഥൻ നീക്കുമെന്നും ലക്ഷ്യസ്ഥാനത്തേക്ക് അനുക്രമം മുന്നേറുന്നവൻ അവിടേക്കെത്തുമെന്നും ഈ സൂറ: ആദ്യന്തം മൊത്തത്തിൽ പഠിപ്പിക്കുന്നു.

നിന്റെ സ്വപ്നങ്ങൾ ഒരു പക്ഷേ ഇപ്പോൾ പൊട്ടക്കിണറ്റിലാവും. എന്നാലും അസീസെന്ന പ്രതീക്ഷയുടെ തേരിലേറി അവരാജകൊട്ടാരത്തിലേക്ക് പറക്കും, രോഗിയുടെ ദീനം മാറും, കാത്തിരിക്കുന്നവനെ സ്നേഹത്തോടെ തിരിച്ചു തരും. പ്രയാസങ്ങൾ മാറും; ദു:ഖിതൻ ശുഭാന്ത്യത്തിൽ പുഞ്ചിരിക്കും. ഏത് പ്രയാസത്തിനോടൊപ്പവും എളുപ്പമുണ്ട്.വിഷാദത്തിന് ശേഷം സന്തോഷ ദായകമായ പ്രഭാതവും കാത്തിരിക്കുന്നുവെന്നും
അത്തരം ഗുണപാഠമാണ് ഈ കഥകളിലുള്ളതുമെന്ന് വളരെ മൃദുവായി വിളിച്ചു പറഞ്ഞു ഈ അധ്യായം സമാപിക്കുന്നു.

തുടർന്ന് മദീനയിൽ അവതരിച്ച 43 ആയതുകളുള്ള റഅ്ദ് സൂറ:യാണ്. [ അത് മക്കയിൽ അവതരിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്] പതിമൂന്നാം വചനത്തിൽ ഇടിയെ സംബന്ധിച്ചുള്ള പരാമർശത്തിൽനിന്നാണ് ‘ഇടി’ എന്നർത്ഥമായ الرَّعْدُ (റഅ്ദ്) എന്നു ഈ സൂറത്തിനു പേര് വന്നത്.

കേവലാക്ഷരങ്ങൾക്കു ശേഷം ഖുർആനിന്റെ ശ്രേഷ്ഠതയാണ് അനാവരണം ചെയ്യുന്നതെന്ന് നാം നേരത്തെ സൂചിപ്പിച്ചിട്ടുള്ളതാണ്. സത്യത്തിന്റെ ശക്തിയും അസത്യത്തിന്റെ ബലഹീനതയും ബോധ്യപ്പെടുത്തി തൗഹീദ് /
ഏകദൈവികതയും ഭൗതികാനുഗ്രഹങ്ങളും പുനരുത്ഥാനവും അന്തിമ പ്രതിഫലവും ചൂണ്ടി കാണിക്കുന്നതാണ് ആദ്യ 5 സൂക്തങ്ങൾ. സൂറ: ഒരു പ്രധാന അച്ചുതണ്ടിനെ ചുറ്റിപ്പറ്റിയാണ്, അതായത് സത്യം വ്യക്തവും ഉറച്ചതും മാറ്റമില്ലാത്തതുമാണ്, അസത്യം ദുർബലവും തെറ്റായതും വഞ്ചനാപരവുമാണ് എന്ന വാസ്തവം ഊന്നിപ്പറയുന്നതാണീ സൂറ: ഒന്നടങ്കം. ബഹുദൈവ വിശ്വാസികൾ മരണാനന്തര പുനരുത്ഥാനത്തെ ചോദ്യം ചെയ്യുകയും അത് യാഥാർഥ്യമാണെങ്കിൽ പെട്ടെന്നായിക്കോട്ടേ എന്ന് വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ അതിനെ വളരെ സരസമായി നേരിടുകയും നബിയുടെ ദൗത്യം ഊന്നിപ്പറയുകയുമാണ് 6-7 ആയതുകൾ .

എല്ലാ പെണ്ണും ഗർഭം ധരിക്കുന്നതു അല്ലാഹു അറിയുന്നു; ഗർഭാശയങ്ങൾ കുറവു വരുത്തുന്നതും, അവ(ക്കു) വർദ്ധനവ് വരുന്നതും . എല്ലാ കാര്യവും അവന്റെ അടുക്കൽ ഒരു തോതനുസരിച്ചാകുന്നു എന്ന ശാസ്ത്രീയ സൂചനകളുള്ള സൂക്തമാണ് 8-ാം ആയത്. ദൃശ്യവും അദൃശ്യവും രാവും പകലുമെല്ലാം അവന്റെ പരിധിയിൽ പെട്ടതാണെന്നും ആർക്കെങ്കിലും റബ്ബ് തിന്മയുദ്ദേശിച്ചാൽ അതിനെ തടയാനാരുമില്ലെന്ന വിധിവിശ്വാസവുമായി തൗഹീദിനെ ബന്ധിപ്പിക്കുകയാണ് 11 വരെ സൂക്തങ്ങൾ .

ഉറുദു കവി സഫർ അലി ഖാൻ പറഞ്ഞ
خدا نے آج تک اس قوم کی حالت نہیں بدلی
نہ ہو جس کو خیال آپ اپنی حالت کے بدلنے کا
ഒരു ജനതയുടെ അവസ്ഥയെ ദൈവം ഇന്നുവരെ മാറ്റിയിട്ടില്ല
അവരുടെ സാഹചര്യം മാറ്റുന്നതിനെക്കുറിച്ച ചിന്തപോലും അവർക്കില്ലെങ്കിൽ എന്ന ശകലം റഅ്ദ് :11 ന്റെ സുന്ദരമായ കാവ്യാവിഷ്കാരമാണ്.

പ്രപഞ്ചം പരസ്പരവിരുദ്ധമായതായിട്ടും അവയുടെ ഒത്തുചേരലിലെ താളൈക്യം വിവരിക്കാൻ 3, 4, മുതൽ 13ൽ പറയുന്ന ഇടി / റഅ്ദടക്കമുള്ള ദൃഷ്ടാന്തങ്ങൾ . പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നുണ്ടെന്നും സ്വമേധയയോ പരമേധയോ അവനെ വണങ്ങുന്നുണ്ടെന്നുമാണ് 15 വരെ സൂക്തങ്ങൾ പറയുന്നത്.
(15-ാം ആയതിൽ പാരായണത്തിന്റെ സുജൂദുണ്ട് )

തുടർന്ന് ആകാശ ഭൂമികളുടേയും സമുദ്രത്തിലേയും താഴ്വരകളിലേയും സകല വസ്തുക്കളും അവന്റെതാണെന്നും അവന്റെ വിളിക്ക് ഉത്തരം നല്കുന്നവന് സർവ്വ നന്മയും ഐശ്വര്യവും ലഭ്യമാവുമെന്നും അല്ലാത്തവന്റെത് മോശം സങ്കേതമാണെന്നുമാണ് 18 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നത്.

പരീക്ഷണങ്ങളുടെ പേമാരികളും മഹാമാരികളും സത്യത്തെയും ധർമ്മത്തെയും ജനമനസ്സുകളിലേക്ക് കൂടുതൽ സ്വാധീനമുള്ളതാക്കി തീർക്കുമെന്നും അല്ലാത്തവ വെറും ഒച്ചപ്പാടും ജഗപൊഗയുമായി പെട്ടെന്ന് , പെയ്തതിനേക്കാൾ വേഗത്തിൽ മലയിറങ്ങുമെന്നാണ് ഉപരിസൂചിത സൂക്തം വിശ്വാസികളോട് പറയുന്നത്. നാമത്തിലുള്ള മതത്തേക്കാൾ മർമ്മത്തിലുള്ള ധർമ്മം ജനമനസ്സുകളിലേക്ക് ഉയർന്നു പറക്കുകയും നനവുള്ള ഹൃദയങ്ങളിലേക്ക് ഊർന്നിറങ്ങുകയും ചെയ്യുമെന്നതിന് ചരിത്രം സാക്ഷി .

ഇസ്ലാമിനെ മുളയിലേ നുള്ളിക്കളയാൻ മുന്നോട്ട് വന്ന സുമാമ ബിൻ ഉസാൽ (ثمامة بن أثال) (റ) ഇസ്ലാമിന്റെ ആതിഥ്യ മര്യാദയിലും വിശ്വാസികളുടെ പരസ്പരം ഉൾകൊള്ളൽ മനസ്സിലാക്കിയും മനംമാറിയതും പ്രവാചകന്റെ സന്തത സഹചാരിയായി കൂടിയതും മക്കയിലെ ഖുറൈശികളിൽ നിന്ന് കേട്ടറിഞ്ഞ മുഹമ്മദിന്റെ ” ഭ്രാന്ത് “ചികിത്സിക്കാൻ കച്ചകെട്ടിയിറങ്ങിയ മന്ത്രവൈദ്യൻ ദമാദ് (ضِماد الأزدي ) (റ)ഭ്രാന്താരോപകർക്കാണ് ചികിത്സ വേണ്ടതെന്ന് തിരിച്ചറിഞ്ഞ് ഇസ്ലാമാശ്ലേഷിച്ചതുമെല്ലാം ആരോപണങ്ങളുടെ വൻമതിലുകൾക്കപ്പുറം ഇസ്ലാം അജയ്യമാണെന്ന തിരിച്ചറിവാണുണ്ടാക്കേണ്ടത്. പേമാരിയുടെ കുത്തൊഴുക്കിലെ നുരയും പതയും കണ്ട് നിരാശപ്പെടേണ്ടതില്ല എന്നാണ് ഉപരിസൂചിത സൂക്തം മൊത്തത്തിൽ പഠിപ്പിക്കുന്നത്.

സയ്യിദ് ഖുതുബ് പറഞ്ഞതുപോലെ ജീവിതത്തിൽ ശരിയും തെറ്റും സത്യവും അസത്യവുമെല്ലാം എന്നും വിപരീതങ്ങളാണ്. മായജലം ധൃതിയിൽ ഒഴുകുകയും ഉയരുകയും നുരയും പതയും പൊങ്ങിക്കിടക്കുന്നതായി കാണപ്പെടുകയും ചെയ്യും; ആ പ്രതിഭാസം താൽക്കാലികം മാത്രമായിരിക്കും . നുരയടങ്ങി , പ്രളയവെള്ളമിറങ്ങുമ്പോൾ , അത് ഉടൻ വരണ്ടതായിത്തീരുന്നു. സത്യജലം നിശ്ചലമായി, ഒച്ചപ്പാടില്ലാതെ ഭൂമിയിലേക്കാണ്ടിറങ്ങി നിർജീവ ഭൂമിക്ക് പുതുജീവനേകും , ഭൂമിയിലേക്കിറങ്ങുമ്പോഴേക്കും ആ വെള്ളം പിന്മാറിയെന്നും വറ്റിയെന്നും കണ്ടു നിൽക്കുന്നവർ ഒരുവേള ചിന്തിച്ചേക്കാം. എന്നാൽ സത്യ ജീവൻ പുനരുജ്ജീവിപ്പിച്ച് ആ നനവും പശിമയും ഭൂമിയിൽ അവശേഷിക്കുന്നത് ജീവനുള്ള ഏതു വസ്തുവിനും ഏതർഥത്തിലും പ്രയോജനകരമാണ് എന്ന് അധികം കഴിയും മുമ്പ് ബോധ്യപ്പെടുകയും ചെയ്യും. ഏത് പ്രളയം കഴിഞ്ഞാലും ദുരന്തം തീർന്നാലും അവരുണ്ടാക്കിയ നന്മ ഒലിച്ചു പോവില്ല ; പെട്ടെന്ന് മലയിറങ്ങുകയുമില്ല. വിശ്വാസികളുടെ നിസ്വാർഥസേവനം കൊണ്ട് അവരത് സ്ഥായിയായി അടയാളപ്പെടുത്തപ്പെടുമെന്നാണ് ഈയിടെ നടന്ന ദുരിതാശ്വാസങ്ങൾ നമുക്കു നല്കുന്ന പാഠം. ഖുർആന്റെ ഉപമകൾ നിത്യസത്യമാണെന്ന് ഓരോ ദിവസവും കൂടുതൽ കൂടുതലായി വ്യക്തമായി കൊണ്ടിരിക്കുന്നു.

(ഓൺലൈവിൽ ഈ ആയതു സംബന്ധമായി വന്ന കുറിപ്പുകാരന്റെ കുറിപ്പിനോട് കടപ്പാട്)
വിശ്വാസികളുടെ മേന്മയും അവർക്ക് ഇരുലോകത്തുമായി ഒരുക്കി വെച്ചിരിക്കുന്ന അനുഗ്രഹങ്ങളും ശാന്തിയും പരലോകത്ത് അവരെ കാത്തിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന അനുഗ്രഹങ്ങളും കാരുണ്യവും ചുരുക്കിപ്പറഞ്ഞ്
ലോകത്തെയും ഭൂമിയെയും പ്രപഞ്ചത്തെയും ചലിപ്പിക്കാൻ കഴിയുന്ന പ്രപഞ്ചത്തിലെ ഒരേയൊരു ശക്തിയാണ് ഖുർആനിൽ മാത്രം അല്ലാഹു സന്നിവേശിപ്പിച്ചിരിക്കുന്നത് എന്നാണ് 31 വരെ ആയതുകൾ പഠിപ്പിക്കുന്നത്.
മുഹമ്മദ് നബിക്ക് മുമ്പുള്ള നബിമാർ പരിഹാസത്തിനും പരീക്ഷണങ്ങൾക്കും വിധേയരായതും പ്രതിയോഗികൾ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചതും സൂചിപ്പിച്ച് അവരെ കാത്തിരിക്കുന്ന ശിക്ഷ എന്താണെന്ന് സൂചിപ്പിക്കുകയാണ് 34 വരെ സൂക്തികൾ.

ഭക്തരായ വിശ്വാസികൾക്ക് താല്പര്യമുള്ള സ്വർഗത്തിന്റെ ചിത്രം നല്കിയതിനു ശേഷം ഈ മാർഗത്തിൽ കുതന്ത്രങ്ങൾ പ്രയോഗിക്കുന്നവരുടെ പരിണതി എന്താണെന്നും താങ്കളുടെ ദൗത്യത്തിന് സാക്ഷി അല്ലാഹുവാണ് എന്ന സാന്ത്വനത്തിൽ സൂറ: അവസാനിക്കുന്നു.

തുടർന്ന് വരുന്ന സൂറ: ഇബ്രാഹിം സൂറ മക്കിയ്യാണ് ( 28, 29 ആയതുകൾ മദനിയ്യാണെന്നാണ് പണ്ഡിത മതം) സൂറ: നൂഹിന് ശേഷമാണ് ഇബ്രാഹീം അധ്യായമിറങ്ങിയത്. കേവലാക്ഷരങ്ങളും പ്രവാചക നിയോഗത്തിന്റെ ലക്ഷ്യവും പറഞ്ഞാണ് അധ്യായമാരംഭിക്കുന്നത്. ദിവ്യ വെളിച്ചമായ നൂർ ഏക വചനമായതും ഇരുളുകൾ / ളുലുമാത് ബഹുവചനവുമായതിന്റേയും യുക്തി സൂറ: അൻആമിന്റെ ആമുഖത്തിൽ നാം സൂചിപ്പിച്ചിരുന്നു.
ഇരുളുകളിൽ നിന്നുമുള്ള പുറപ്പാട് / ഇഖ്റാജാണ് പ്രവാചകന്റെ നിയോഗലക്ഷ്യമെന്നാണ് ഇവിടെ അല്ലാഹു പറയുന്നത്. മുസ്ലിം ഉമ്മത്തിന്റെ നിയോഗവും ഈ ഇഖ്റാജ് തന്നെ എന്ന്
كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ 3:110
നാം നേരത്തെ സൂചിപ്പിച്ചതാണല്ലോ?!
ഭൗതിക പ്രമത്തതയിൽ ആണ്ടുപോയതാണ് നിഷേധികൾക്ക് സംഭവിച്ചതെന്നും ഈ പെട്ടുപോക്കിൽ നിന്നുള്ള ഇഖ്റാജ് തന്നെയാണ് മുൻ പ്രവാചകന്മാരെല്ലാം നിർവഹിച്ചതെന്നും ഉദാഹരണമായി മൂസാ (അ) യെ അനുസ്മരിച്ച് അദ്ദേഹത്തിന്റെ ചരിത്രത്തിലെ ഫിർഔൻ എന്ന ധിക്കാരിയും ഭീകരനുമായ ഭരണാധികാരിയെ അയാളുടെ മനുഷ്യഹത്യയിലൊന്നു എടുത്തു പറയുകയാണ് 6 വരെ സൂക്തങ്ങൾ. തുടർന്ന് നൂഹ് , ഹൂദ്, സ്വാലിഹ് (അലൈഹി മുസ്സലാം) എന്നിവരുടെ പ്രബോധനത്തെ സൂചിപ്പിച്ച് പോവുകയാണ് 9 വരെ ആയതുകൾ .

എല്ലാ പ്രവാചകന്മാർ മുഖേന അവതരിപ്പിക്കപ്പെട്ട സന്ദേശവും അവരെ നേരിട്ട ധിക്കാരികളുടെ പ്രതികരണവും ഒന്നുതന്നെയായിരുന്നുവെന്നും കൊടുങ്കാറ്റുള്ള നാളിലെ വെറും പുകപടലങ്ങൾ മാത്രമാണ് ഏതു കാലത്തേയും നിഷേധികളുടെ പ്രവർത്തനങ്ങളുടെ ആകെത്തുക എന്നുമാണ് 18 വരെ ആയതുകൾ നമ്മെ ചുരുക്കി പഠിപ്പിക്കുന്നത്. ആകാശ – ഭൂമികളെ സൃഷ്ടിച്ചവന് പുതിയൊരു ലോകം പണിയാൻ പ്രയാസമില്ലെന്നും ഓരോരുത്തർക്കും അവരവരുടെ കർമഫലമുണ്ടെന്നുമാണ് 23 വരെ സൂക്തങ്ങൾ നമ്മെ ഉണർത്തുന്നത്.

24 -അല്ലാഹു നല്ല വചനത്തിന്‌ എങ്ങനെയാണ്‌ ഉപമ നൽകിയിരിക്കുന്നത്‌ എന്ന്‌ നീ കണ്ടില്ലേ? ( അത്‌ ) ഒരു നല്ല മരം പോലെയാകുന്നു. അതിൻറെ മുരട്‌ ഉറച്ചുനിൽക്കുന്നതും അതിൻറെ ശാഖകൾ ആകാശത്തേക്ക്‌ ഉയർന്ന്‌ നിൽക്കുന്നതുമാകുന്നു.
25 -അതിൻറെ രക്ഷിതാവിൻറെ ഉത്തരവനുസരിച്ച്‌ അത്‌ എല്ലാ കാലത്തും അതിൻറെ ഫലം നൽകിക്കൊണ്ടിരിക്കും. മനുഷ്യർക്ക്‌ അവർ ആലോചിച്ച്‌ മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകൾ വിവരിച്ചുകൊടുക്കുന്നു.
26 -ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തിൽ നിന്ന്‌ അത്‌ പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന്‌ യാതൊരു നിലനിൽപുമില്ല.
27 -ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട്‌ സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച്‌ നിർത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുർമാർഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താൻ ഉദ്ദേശിക്കുന്നതെന്തോ അത്‌ പ്രവർത്തിക്കുന്നു.

എന്ന ഉപമകളിലൂടെ (24- 27 ) സത്യാസത്യത്തിന്റെ താരതമ്യമാണ് എല്ലാ അർഥത്തിലും ഇവിടെ നടത്തിയിരിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധികളേയും അവയെ അംഗീകരിച്ചവരേയും ചുരുങ്ങിയ വാചകങ്ങളിൽ താരതമ്യം ചെയ്യുകയാണ് 31 വരെ സൂക്തങ്ങൾ .തുടർന്ന് ആ സർവ്വശക്തന്റെ അനുഗ്രഹങ്ങളുടെ ചില മാതൃകകൾ എടുത്തു പറഞ്ഞ് പൊതുവെ ഇത്തരം അനുഗ്രഹങ്ങളെ നിഷേധിക്കുന്നവരും അക്രമികളുമാണെന്ന് സ്ഥിരീകരിക്കുകയാണ് 34 വരെ സൂക്തങ്ങൾ ചെയ്യുന്നത്.

തുടർന്ന് സൂറ:യുടെ പ്രധാന കഥാപുരുഷൻ പ്രവാചക കുലപതി ഇബ്രാഹീം (അ) ന്റെ ചരിത്രവും പ്രവർത്തനവും പ്രാർഥനകളും വളരെ ചുരുങ്ങിയ രീതിയിൽ 41 വരെ ആയതുകൾ പഠിപ്പിക്കുന്നു. ശേഷം അല്ലാഹുവിന്റെ അധികാര പരിധിയിൽ പെടാത്തതായി ഒന്നുമില്ലെന്നും മുന്നറിയിപ്പാണ് നബിയുടെ ദൗത്യത്തിന്റെ പ്രധാന ഭാഗമെന്നും അല്ലാഹു അവന്റെ വാഗ്ദാനങ്ങൾ പൂർത്തിയാക്കുമെന്നും അപ്പോൾ പാപികളുടെ ആപാദചൂഡം നിന്ദ്യതയായിരിക്കുമെന്നും ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങളുടെ ഫലങ്ങൾ ആസ്വദിക്കേണ്ടി വരുമെന്നും ഉണർത്തി ഈ സന്ദേശം ബോധവും മൂളയുമുള്ളവർക്കെല്ലാം എത്തിച്ച് കൊടുക്കലാണ് എല്ലാ പ്രവാചകന്മാരുടേയും പ്രബോധനത്തിന്റെ ആകെത്തുക എന്നും ബോധ്യപ്പെടുത്തി സൂറ ഇബ്റാഹീമും അതോടൊപ്പം 13-ാം ജുസുഉം സമാപിക്കുന്നു.

Related Articles