Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ മഴ – 12

സൂറ: ഹൂദ് ഏകദേശം പൂർണമായും യൂസുഫ് 52 ആയതു വരെയുമാണ് ഈ ജുസുഇലുള്ളത്. ഹൂദും യൂസുഫും മക്കിയ്യാണ്. സൂറത് ഹൂദും, അതിൻറെ സഹോദരികളായ സൂറകളും എന്നെ നരപ്പിച്ചു’ എന്നു നബി പറഞ്ഞതായി തിർമിദീ, ത്വബ്റാനീ, ഹാകിം മുതലായവർ ഉദ്ധരിച്ച ഹദീസുകളിൽ വന്നിരിക്കുന്നു. ഖിയാമത് നാളിലെ സ്ഥിതിഗതികളെ ക്കുറിച്ചും മറ്റും ശക്തമായ ഭാഷയിലുള്ള താക്കീതുകളും പരാമർശങ്ങളും അടങ്ങിയിട്ടുള്ള സൂറത്തുൽ വാഖിഅഃ മുതലായ ചില സൂറത്തുകളാണ് ‘സഹോദരികളായ സൂറത്കൾ’
( هودٌ، والواقعةُ، والمرسلاتُ، وعمَّ يتَسَاءَلُونَ، وإِذَا الشَّمْسُ كُوِّرَتْ)
കൊണ്ടുവിവക്ഷയെന്നു പ്രസ്തുത ഹദീസിൻറെ ചില രിവായതുകളിൽനിന്നു വ്യക്തമാകുന്നു. പ്രസ്തുത സൂറകളിലെ വിഷയങ്ങളുടെ ഗൗരവം നിമിത്തം എനിക്കു വേഗത്തിൽ നര പിടിപെട്ടുവെന്നത്ര തിരുമേനി പറഞ്ഞതിൻറെ സാരം. 50 മുതൽ 60 കൂടിയുള്ള വചനങ്ങൾ ഹൂദു (അ) നെയും അദ്ദേഹത്തിൻറെ ജനതയെയും സംബന്ധിച്ചാണ്. ഈ അദ്ധ്യായത്തിന് സൂറത്ത് ഹൂദ്‌ എന്ന നാമകരണത്തിൻറെ കാരണമതാണ്.

സൂറയുടെ പേര് പ്രതിനിധീകരിക്കുന്നത് പോലെ പ്രവാചകന്മാരുടെ ചില വിശ്വാസപരമായ അടിസ്ഥാനങ്ങളുമാണ് അടങ്ങിയിരിക്കുന്നത്. മനുഷ്യചരിത്രത്തിലെ ദൈവിക വിശ്വാസ-സംസ്കരണ പ്രവർത്തനങ്ങളിലെ ഊന്നലാണ് പ്രധാന ലക്ഷ്യം. തുടർന്ന് സൂറ യൂസഫിന്റെ ആദ്യ പകുതിയിൽ പതിവ്രതനായ പ്രവാചകൻ യൂസുഫ് ബിൻ യഅ്ഖൂബ് ബിൻ ഇസ്ഹാഖ് ബിൻ ഇബ്രാഹിം (അലൈഹിമു സ്സലാം) വിവിധ തരത്തിലുള്ള പരീക്ഷണങ്ങളും അനുഭവിച്ചത് പറഞ്ഞ് പോവുന്നു.സ്വസഹോദരങ്ങളുടെ ഗൂഡാലോചനയിൽ തുടങ്ങി വിവിധ അഗ്നിപരീക്ഷണങ്ങൾ ഏകദേശം ക്രമത്തിൽ വിവരിക്കുന്നു.

സൂറ: ഹൂദിന്റെ തുടക്കത്തിൽ, വർത്തമാനം ആരംഭിക്കുന്നത് ഖുർആൻ അതിന്റെ വാക്യങ്ങളിൽ അടങ്ങിയിരിക്കുന്ന ജ്ഞാനത്തെയും അതിന്റെ ആഴത്തേയും പരാമർശിച്ചാണ് . കൂടാതെ അനുഗ്രഹങ്ങളോടൊപ്പം നല്ല വിഭവങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പാപ മുക്ത ജീവിതം നയിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. എങ്കിലവർക്ക് നല്ല ജീവിതം നൽകാനും, അവരുടെ പാപമോചനത്തിനുമുള്ള സാഹചര്യം ഒരുക്കി കൊടുക്കുമെന്നാണ് ആമുഖമായി ആദ്യ 5 ആയതുകളിൽ സൂചിപ്പിക്കുന്നത്.

അവിശ്വാസികളും തിന്മ ചെയ്തവരുമായവരുടെ കൂട്ടത്തിനും, വിശ്വസിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്തവരുടെ കൂട്ടത്തിനും അവരർഹിക്കുന്ന വിഭവങ്ങളും വാസയോഗ്യമായ ഇടങ്ങളും ഒരുക്കിയിട്ടുണ്ടെന്നും രണ്ടാം വിഭാഗത്തിന് വേണ്ടി മാത്രം പ്രത്യേക പ്രതിഫലവും പാപമോചനവും വാഗ്ദാനം ചെയ്യുന്നതാണ് 11 വരെ സൂക്തങ്ങൾ .തുടർന്ന് നിഷേധികളായവരുടെ പരിഹാസങ്ങളിലോ ഭീഷണികളിലോ പെട്ടുപോവരുതെന്നും അനുക്രമം ലക്ഷ്യത്തിലേക്ക് മുന്നേറണമെന്നും മൂസാ പ്രവാചകന്റെ മാതൃക കാട്ടി ധൈര്യം പകരുകയും പരലോക ബോധമില്ലാത്തതാണ് ധിക്കാരികളുടെ നെഗളിപ്പിന് കാരണമെന്നും ഇരുലോകവും നഷ്ടപ്പെട്ട ദുർഭഗരാണവർ എന്നും താങ്കളുടെ കൂടെ വിശ്വാസികളായി ചേർന്നവർക്ക് സ്വർഗീയ ശാശ്വത സമാധാനവും സന്തോഷം നിറഞ്ഞ ജീവിതവും ഉറപ്പാണെന്നുമാണ് 23 വരെ സൂക്തങ്ങളിൽ പറയുന്നത്.
മുൻ പ്രവാചകന്മാരുടെ ചരിത്രത്തെ സംക്ഷിപ്തമായ അവതരിപ്പിക്കുന്നതിന്റെ മുന്നോടിയായി അന്ധനും ബധിരനും, കാഴ്ചയും കേൾവിയും ഉള്ളവൻ എന്നിങ്ങനെ പ്രബോധിതരെ ആലങ്കാരികമായി രണ്ടു വിഭാഗങ്ങളായി തിരിക്കുന്നുണ്ട് 24ാം ആയതിൽ . ശേഷം നൂഹ് , ഹൂദ്, സ്വാലിഹ്, ഇബ്രാഹീം, ലൂത്വ് , ശുഐബ്, മൂസാ (അലൈഹിമുസ്സലാം) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രബോധന ചരിത്രവും അവർ കൊണ്ടുവന്ന സത്യത്തിന്റെ വിജയവുമെല്ലാം 100 ആയതുകൾ വരെ നിറഞ്ഞ് നിൽക്കുന്നു. തൗഹീദ് പറയുന്നതോടൊപ്പം സമൂഹത്തിലെ ധാർമികച്യുതികൾ പറയുന്നതിൽ ഇവരാരും വീഴ്ച വരുത്തിയിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രസ്തുത സമൂഹങ്ങളിലിറങ്ങിയ ശിക്ഷകൾക്ക് അവരർഹരായിരുന്നുവെന്നും ഭീതിപ്പെടുത്തുന്ന പരിണതിയിലേക്കും അവിടെയുള്ള ശാശ്വത ശിക്ഷയുമാണ് അവരെ കാത്തിരിക്കുന്നത് എന്നുമാണ് 107 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നത്. എന്നാൽ തൊട്ടടുത്ത സൂക്തത്തിൽ സുഭഗരായ വിശ്വാസികൾക്ക് ആത്മീയമായ ഔന്നത്യവും പാരത്രിക വിജയത്തിന്റെ ജീവിതവും അണമുറിയാത്ത അനുഗ്രഹങ്ങളുമുണ്ടെന്ന് അതോടൊപ്പം സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. തുടർന്ന് മുഹമ്മദ് നബി (സ) യെ സാന്ത്വനിപ്പിക്കുകയാണ് റബ്ബ് ചെയ്യുന്നത്. മൂസാ (അ) തന്റെ വേണ്ടപ്പെട്ടവർക്കിടയിൽ അഭിപ്രായ വ്യത്യാസത്തിന് നിമിത്തമായിട്ടുണ്ടെങ്കിൽ താങ്കളുടെ സമൂഹത്തിൽ താങ്കൾക്കും ആ അനുഭവമുണ്ടാവാമെന്നും സത്യമാർഗത്തിൽ അടിയുറച്ച് (ഇസ്തിഖാമ: ) നിൽക്കുകയാണ് പ്രബോധകർക്ക് പ്രഥമമായി വേണ്ടഗുണമെന്നും അക്രമികളെ തിരിച്ചറിയാൻ താമസിക്കരുതെന്നും പ്രാർഥനയും പ്രവർത്തനവും ക്ഷമയുമായി ഏറ്റെടുത്ത പ്രബോധന മാർഗത്തിൽ പ്രവർത്തിക്കുക എന്നതാണ് താങ്കളുടെ ഉത്തരവാദിത്വമെന്ന് ഉണർത്തുകയാണ് 115 വരെ സൂക്തങ്ങൾ. ശേഷം സൂറ: യുടെ അവസാനം വരെ ഉപരിസൂചിത ചരിത്രങ്ങളിൽ നിന്നും സംഭവലോകത്ത് നാം മനസ്സിലാക്കേണ്ട വസ്തുതകളെന്തൊക്കെ ആണെന്നും അതിനുള്ള മുന്നൊരുക്കം എങ്ങിനെ നടത്തണമെന്നുമുള്ള ചില ആത്മ വിചാരങ്ങളാണ്. അത് നബിയോട് മാത്രമല്ല; പ്രത്യുത ഓരോ പ്രബോധകനും ചരിത്രത്തിൽ നിന്നും പലതും ഉൾകൊള്ളാനുണ്ട് എന്ന് ഓർമപ്പെടുത്തുകയാണ് ഹൂദ് 123 വരെ സൂക്തികൾ .

തുടർന്ന് സൂറ: യൂസുഫിലെ 52 വരെ ആയതുകളാണ് ഈ ജുസ്ഇലുള്ളത്.

യൂസുഫിലും സഹോദരിലും ചില ദൃഷ്ടാന്തങ്ങളുണ്ട് (സൂറ യൂസുഫ് 12:7) എന്ന വാചകമാണ് ഈ അധ്യായത്തിന്റെ ആമുഖം

യൂസുഫെന്ന പുത്രന്റെ സ്വപ്നം തന്റെ പിതാവായ യഅ്ഖൂബ് പ്രവാചകനോട് തുറന്ന് പറയുന്നത് അധ്യായത്തിന്റെ ആരംഭത്തിൽ തന്നെ നാമറിയുന്നുണ്ട്. മോനാരോടും ഇത് പറയരുതെന്ന് പ്രബോധകനായ പിതാവ് തന്റെ മകന്റെ നല്ല ഭാവിയോർത്ത് ഉപദേശിക്കുന്ന ചിത്രീകരണത്തിൽ ( 12:4-5) തുടങ്ങുന്നു അധ്യായത്തിന്റെ ദൃശ്യാവിഷ്കരണം. സമാനമായ മറ്റൊരു രംഗം ഇബ്രാഹീം (അ) എന്ന പിതാവ് കാണുന്ന സ്വപ്നം പുത്രനോട് പങ്കുവെക്കുന്ന സ്വപ്നവും അതിന്റെ സാക്ഷാത്കാരത്തിന് പിതാവിനോടൊപ്പം പുത്രനും ജീവൻ സമർപ്പിക്കാൻ പോലും തയ്യാറാവുന്ന ചരിത്രവും(37: 102) ഖുർആൻ മറ്റൊരിടത്ത് പറയുന്നുണ്ട്.പാരന്റിങുകാർ പറയുന്ന dream sharing അഥവാ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാനുള്ള മടിയാവണം കുടുംബകങ്ങളിലും സമൂഹങ്ങളിലും നാമിന്നനുഭവിക്കുന്ന പ്രധാനപ്പെട്ട ആശയവിനിമയ വിടവ് / കമ്മ്യൂണിക്കേഷൻ ഗ്യാപിന് പ്രധാന കാരണം.

യൂസുഫിന്റെ സഹോദരന്മാരുടെ അദ്ദേഹത്തോടുള്ള അസൂയ ഒരിക്കലും പണത്തോടായിരുന്നില്ല എന്നത് ഈ അധ്യായത്തിലെ രണ്ടാമത്തെ പ്രധാന രംഗമാണ് !!

“യൂസുഫും അവൻറെ സഹോദരനുമാണ്‌ നമ്മുടെ പിതാവിന്‌ നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ”(12: 8) എന്ന് പരസ്യമായി ചെറുപ്പത്തിലേ പ്രഖ്യാപിക്കുന്നുണ്ടവർ. ഗൃഹാതുരത്വം തുളുമ്പുന്ന ഈ പായാരം പറച്ചിൽ കേട്ടാൽ തന്നെ തിരിയും
കൈയ്യിന്റെ ദാനത്തേക്കാൾ വേണ്ടപ്പെട്ടവരുടെ ഹൃദയത്തിന്റെ ദാനങ്ങൾ മക്കൾക്ക് വിലപ്പെട്ടതാണെന്ന് . അതായിരുന്നു അവരുടെ അസൂയയുടെയും ഗൂഢാലോചനയുടേയും കേന്ദ്രബിന്ദു. പിതാവിന്റെ സ്നേഹത്തിലെ ഏറ്റക്കുറവ് പോലും മക്കളിൽ അസൂയാ കാരണമാവുമയും പ്രവാചകന്റെ വീടകം പോലും ഗൂഢാലോചനയുടെ കേന്ദ്രമായി പരിണമിക്കുകയും ചെയ്തുവെന്നു സാരം.

രംഗം മുന്നോട്ട് പോവുമ്പോൾ 13-ാം സൂക്തത്തിലെ “അവനെ ചെന്നായ തിന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നു”വെന്ന സ്നേഹനിധിയായ പിതാവ് യഅ്ഖൂബിന്റെ വർത്തമാനത്തിൽ നിന്ന് “ചെന്നായ ” എന്ന അസാധാരണ വാക്ക് ആ മക്കൾ കേൾക്കുന്നു. അവരത് അദ്ദേഹത്തോട് തന്നെ അധികം താമസിക്കാതെ ഉപയോഗിച്ചു കളഞ്ഞുവെന്നത് പാരന്റിങ്ങിലെ ബോധപൂർവം ശ്രദ്ധിക്കേണ്ട സംഗതിയിയിലേക്കാണ് സൂചന നൽകുന്നത്. മക്കളുടെ മുമ്പിൽ നാമുപയോഗിക്കുന്ന പദപ്രയോഗങ്ങളിൽ പോലും ശ്രദ്ധിക്കണമെന്നാണ് ആ പരാമർശം നമ്മെ പഠിപ്പിക്കുന്നത്.

യൂസഫി (അ)ന്റെ കുപ്പായം ( ഖമീസ് ) സൂറ: യിൽ 3 സന്ദർഭങ്ങളിൽ ആവർത്തിച്ചിട്ടുണ്ട് . ഒരു വസ്തു തന്നെ മൂന്നു സംഗതികളുടെ രൂപകമായി വരുന്നത് ക്ലാസിക്കൽ സാഹിത്യങ്ങളിൽ പോലും വിരളമാണ്; മൂന്നും മൂന്നു സന്ദർഭങ്ങൾ .
ഒന്ന് 12:18 ൽ സങ്കടത്തിന് കാരണമായാണ് കുപ്പായം ചിത്രീകരിക്കുന്നതെങ്കിൽ
രണ്ട് 12:26-27 ൽ നിരപരാധിത്വം തെളിയിക്കുന്ന തെളിവായാണ് ബോധ്യപ്പെടുത്തുന്നത്.
മൂന്ന് 12: 93 സന്തോഷവാർത്താ സൂചകവും.. (അടുത്ത ജുസ്ഇൽ വരും ഇ. അ )
ഇന്ന് നിങ്ങളെ ദു:ഖിപ്പിക്കുന്നത് നാളെ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും അവസാനം സന്തോഷദായകവുമാണെന്നാണ് ആ കുപ്പായം പ്രതീകവത്കരിക്കുന്നത്.

പാതിവ്രത്യം സ്ത്രീകളിൽ മാത്രമായി പരിമിതപ്പെടുത്തുന്ന നാട്ടു നടപ്പുശീലങ്ങൾ ധാർമ്മികമായി ശരിയല്ലെന്നും
പുരുഷന്മാരിലും പാതിവ്രത്യം വളരെ വലിയതോതിൽ ബാധകമാണെന്നും 23-ാം സൂക്തം സൂചിപ്പിക്കുന്നു . അഥവാ മക്കളിൽ വളർത്തു ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ ആൺമക്കളിലും പെൺമക്കളിലും ഒരുപോലെ അത് പ്രകടമാവുമെന്നും ആ വാചകം പറയാതെ പറയുന്നുണ്ട്.

രാജ്ഞിയുടെ മണിയറയിലെ രഹസ്യ ജാരനായി സസുഖം വാഴാമായിരുന്ന, നാട്ടിലെ സുന്ദരികളുടെ ഹീറോയായ യൂസുഫ് മണിയറക്ക് പകരം ജയിലറ തെരെഞ്ഞെടുക്കുന്നത് (12:33 ) ഒരു തണലും ലഭിക്കാത്ത നാളിൽ തണൽ ലഭിക്കുന്ന ഖിയാമത്ത് നാളുവരേക്കുമുള്ള സപ്തസുഭഗരിലേക്കുള്ള മാർഗമെന്തെന്ന് പ്രായോഗിക ജീവിതം കൊണ്ട് കാണിക്കുകയായിരുന്നു എന്ന് വേണം നാം മനസ്സിലാക്കാൻ .

തടവിൽ കഴിയുമ്പോഴും പിന്നീട് ഭക്ഷ്യവകുപ്പ് മന്ത്രിയായപ്പോഴും യൂസുഫിനോടു അവർ പറഞ്ഞത് :
“ഞങ്ങൾ നിങ്ങളെ സുകൃതവനായി കാണുന്നു.” എന്നാണ് (12:36, 78)
തനിത്തങ്കം സാഹചര്യങ്ങളാൽ മാറില്ല എന്നർഥം !!
അധികാരത്തിന്റെ ചക്കരക്കുടം കാണുമ്പോൾ കയ്യിട്ടു വാരാതിരിക്കാൻ മനസ്സിൽ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് യൂസുഫിന്റെ ആ സുകൃതം (ഇഹ്സാൻ).

ആ നാട്ടിലെ സൊസൈറ്റി ലേഡികൾ പറഞ്ഞത് 51ാം സൂക്തത്തിൽ പറയുന്നതിങ്ങനെ :
“അല്ലാഹുവിൻറെ പരിശുദ്ധിയെ വാഴ്ത്തുന്നു! അയാളെപ്പറ്റി യാതൊരു തിൻമയും ഞങ്ങൾ അറിഞ്ഞിട്ടില്ല.” എന്ന അവരുടെ ഏറ്റുപറച്ചിലും വഞ്ചന എന്നിൽ നിന്നും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല എന്ന സത്യ പ്രബോധകനായ യൂസുഫിന്റെ തുറന്നു പറച്ചിലോടും കൂടെ ജുസ്അ് 52ാം ആയതിൽ അവസാനിക്കുന്നു.

(കുറിപ്പുകാരന്റെ സൂറ: യൂസുഫ് സംബന്ധിയായ ഒരു പഠനം ഇസ്ലാം ഓൺ ലൈവിൽ വന്നിട്ടുണ്ട് )

Related Articles