“ഐശ്വര്യമുള്ളവരായിരിക്കെ ഒഴിഞ്ഞു നിൽക്കാൻ നിന്നോട് സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ആയിരിക്കുന്നതിൽ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരിൽ മാത്രമാണ് ( കുറ്റം ആരോപിക്കാൻ ) മാർഗമുള്ളത്. അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. ” എന്ന് മുദ്ര ചാർത്തപ്പെട്ട ഒഴിവ്കഴിവ് വിഭാഗത്തെ ഭാവിയിലും നന്മകളിൽ പ്രതീക്ഷിക്കേണ്ടതില്ല;നന്മയുടെ വിലയറിയാത്തവന്മാർ എന്നും അരിക്കു മുന്നിലും പടക്കു പിന്നിലുമായിരിക്കുമെന്ന ലഘുതത്വമാണ് ജുസ്ഇന്റെ ആമുഖമായി തൗബ 93 ാം ആയത് ഉണർത്തുന്നത്. തുടർന്ന് 99 വരെ സൂക്തങ്ങളിൽ ഗ്രാമീണ അറബികളായ ബദുക്കളിലെ ആത്മാർത്ഥരേയും കപടവിശ്വാസികളേയും പ്രത്യേകം എടുത്തു പറയുന്നു.
നന്മകളിൽ സദാ മുന്നേറിക്കൊണ്ടിരിക്കുന്ന സാബിഖുകളേയും നന്മയും തിന്മയും ഇടകലർന്ന വിഭാഗത്തേയും ചെയ്ത കർമങ്ങളിൽ ആശയുടേയും ആശങ്കയുടേയും മധ്യേ ജീവിക്കുന്നവരുമായ ആളുകളെയുമാണ് 106 വരെ സൂക്തികൾ അനാവരണം ചെയ്യുന്നത്. മത ചിഹ്നങ്ങളെപ്പോലും മതവിരുദ്ധ പ്രവർത്തനങ്ങൾക്കും കുത്തിത്തിരിപ്പിനും ഉപയോഗപ്പെടുത്തി മസ്ജിദുദ്ദിറാർ കേന്ദ്രീകരിച്ച് ഇസ്ലാമിക മുന്നേറ്റങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നവരും ആത്മാർഥമായി അല്ലാഹുവിന്റെ മാർഗത്തിൽ അധ്വാനിക്കുന്നവരേയും താരതമ്യം ചെയ്യുകയാണ് 110 വരെ ആയതുകൾ.
വിലപ്പെട്ടതെല്ലാം ദൈവിക മാർഗത്തിൽ സമർപ്പിച്ച് തങ്ങളുടെ കയ്യിലുള്ള ആത്മാർഥയെ മൂലധനമാക്കി മുന്നോട്ട് ഗമിക്കുന്ന സദ്ഗുണ സമ്പരായ വിശ്വാസികൾക്ക് സന്തോഷവാർത്തയുണ്ടെന്നാണ് 112 വരെ സൂക്തങ്ങൾ പ്രഖ്യാപിക്കുന്നത്. നിഷേധികളായി ജീവിതം തീർത്തവർക്ക് വേണ്ടി പാപമോചനത്തിനർഥിക്കരുതെന്നും ഇബ്രാഹീം പ്രവാചകന്റെ മാതൃക അതിൽ അപവാദമാണെന്നും സന്മാർഗത്തിലായവർ വഴി തെറ്റുകയില്ലെന്നും സകലലോകത്തിന്റെയും അധിപനായ നാഥനാണ് ഹൃദയങ്ങൾക്ക് മരണവും ജീവിതവും വിധിക്കുന്നതെന്നും പ്രതിസന്ധി ഘട്ടത്തിൽ പതറാൻ സാധ്യതയുണ്ടായിരുന്ന മാനസങ്ങളെ സന്മാർഗത്തിൽ ഉറപ്പിച്ചു നിർത്തിയത് അവന്റെ കാരുണ്യത്തിന്റെ അംശമാണ് എന്നുമാണ് 117 വരെ ആയതുകൾ സൂചിപ്പിക്കുന്നത്.
ശേഷം ചില സാഹചര്യങ്ങൾ മൂലം പിന്തിപ്പോയ കഅ്ബ്, മുറാറ , ഹിലാൽ എന്നീ സ്വഹാബികളുടെ തൗബയുടെ നാൾവഴികളിലൂടെയുള്ള ഒരു മിന്നലാട്ടമാണ് 120 വരെ സൂക്തങ്ങളിലുള്ളത്. അബ്ദുല്ലാഹിബ്നു കഅ്ബ് (റ) തന്റെ പിതാവിൽനിന്നും ഉദ്ധരിക്കുന്ന സുദീർഘമായ ഒരു ഹദീസിന്റെ സാരം സംക്ഷിപ്തരൂപത്തിൽ ഇവിടെ വിവരിക്കാം.
അദ്ദേഹം (കഅ്ബ്) ഇങ്ങനെ പറയുന്നു: “ബദ്റും തബൂക്കും ഒഴിച്ചുള്ള മറ്റെല്ലാ യുദ്ധങ്ങളിലും നബി യുടെ കൂടെ ഞാനും പങ്കെടുത്തിരുന്നു. അഖബയെന്ന സ്ഥലത്തുവെച്ചു നബി യുമായി നടന്ന സത്യപ്രതിജ്ഞയിൽ ഞാനും ഭാഗവാക്കായിരുന്നു. എന്റെ പക്കൽ ബദ്റിനെക്കാൾ കൂടുതൽ പ്രാധാന്യം അതിനാണുള്ളത്. തബൂക്കിൽ പങ്കെടുക്കുന്നതിന് യാതൊരു പ്രതിബന്ധവും എനിക്കുണ്ടായിരുന്നില്ല. നേരെമറിച്ചു അന്നായിരുന്നു പൂർവ്വോപരി ശാരീരികവും സാമ്പത്തികവുമായ കഴിവുണ്ടായിരുന്നത്. അസഹ്യമായ ഉഷ്ണം, ശത്രുക്കളുടെ സംഖ്യാധിക്യം, മരുഭൂമിയിൽ കൂടിയുള്ള ദീർഘയാത്ര തുടങ്ങിയ വിവിധ കാരണങ്ങളാൽ പതിവിനെതിരായി ഉദ്ദിഷ്ട സ്ഥാനത്തെ സംബന്ധിച്ചു അവിടുന്ന് വ്യക്തമായ രൂപത്തിൽ തന്നെ അറിയിച്ചിരുന്നു.
നബിയും അനുചരന്മാരും യുദ്ധത്തിനാവശ്യമായ സന്നാഹങ്ങളെല്ലാം പൂർത്തിയാക്കി. ഉദാസീനതഹേതുവായി യാതൊരു സജ്ജീകരണവും ഞാൻ ചെയ്തില്ല. അബലരും അപ്രാപ്തരുമായ സ്ത്രീകൾ, കുട്ടികൾ, യാത്രക്ക് പ്രതിബന്ധമുള്ള രോഗികൾ ഇസ്ലാമിന്റെ നാശത്തിനായി തീവ്രയത്നം ചെയ്യുന്ന മുനാഫിഖുകൾ മുതലായവർ മാത്രമേ നബിയുടെയും അനുയായികളുടെയും യാത്രാനന്തരം മദീനയിൽ അവശേഷിച്ചുള്ളൂ. പ്രസ്തുത വിഭാഗക്കാരുടെ ഇടയിൽ ഞാനും അകപ്പെട്ടുപോയതിനാൽ എനിക്ക് അതിയായ വ്യസനമുണ്ടായിരുന്നു.
തബൂക്കിൽ എത്തിയപ്പോൾ കഅ്ബ് വന്നിട്ടില്ലേ എന്നു നബി അന്വേഷണം നടത്തുകയുണ്ടായി. ഐഹികമായ സുഖസന്തോഷങ്ങളിൽ വ്യാപൃതനായതു നിമിത്തം അദ്ദേഹം ഇവിടെ സന്നിഹിതനായിട്ടില്ലെന്ന് ഒരാൾ മറുപടി പറഞ്ഞു. ഇതുകേട്ട മാത്രയിൽ മുആദുബിൻ ജബൽ (റ) ഇങ്ങനെ പറഞ്ഞു: നീ പറഞ്ഞത് ശരിയല്ല. ഒരുത്തമ മനുഷ്യനായിട്ടാണ് അദ്ദേഹത്തെ ഞാൻ മനസ്സിലാക്കുന്നത്. നബി ഇതെല്ലാം കേട്ട് മൌനമവലംബിച്ചു.
നബിയും അനുചരന്മാരും യുദ്ധം കഴിഞ്ഞു മടക്കയാത്രയായെന്നറിഞ്ഞതോട് കൂടി അസഹ്യമായ മനോവേദനയും പരിഭ്രമവും എന്നെ അലട്ടാൻ തുടങ്ങി. അവിടുത്തെ കോപത്തിൽ നിന്നു രക്ഷനേടാനുള്ള പോംവഴി എന്താണെന്നു സ്വയം ചിന്തിക്കുന്നതിലും ബുദ്ധിയുള്ളവരോട് ആലോചന നടത്തുന്നതിലുമായി എന്റെ ശ്രമം. അവിടുന്ന് നാടുമായി വളരെയധികം സമീപിച്ചു കഴിഞ്ഞുവെന്നറിഞ്ഞപ്പോൾ വ്യാജതന്ത്രങ്ങളുപയോഗിക്കാനുള്ള പരിപാടി വേണ്ടെന്നുവെക്കുകയും എന്തുതന്നെ സംഭവിച്ചാലും സത്യം മാത്രം പറയാൻ തീരുമാനിക്കുകയും ചെയ്തു. നബി (സ്വ) യാത്രയിൽ നിന്നു തിരിച്ചുവരികയും പതിവനുസരിച്ച് പള്ളിയിൽ കയറി രണ്ട് റക്അത്ത് നിസ്കരിച്ചു ജനങ്ങൾക്ക് അഭിമുഖമായിരിക്കുകയും ചെയ്തു.
എൺപതോളം മുനാഫിഖുകൾ യുദ്ധത്തിൽ പങ്കെടുക്കാത്തതിന് ക്ഷമാപണം ചെയ്യുകയും കള്ളസത്യം മുഖേന തങ്ങളുടെ നിരപരാധിത്വം ധരിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി അവരുടെ ബാഹ്യനില അവിടുന്ന് സ്വീകരിക്കുകയും ആ കാര്യം അല്ലാഹുവിങ്കലേൽപ്പിക്കുകയും ചെയ്തു. ഞാൻ അവിടുത്തെ സദസ്സിൽ ചെന്നു സലാം ചൊല്ലിയപ്പോൾ കോപാകുലനായ മട്ടിൽ മന്ദഹസിച്ചു കൊണ്ട് അവിടുന്നിങ്ങനെ ചോദിച്ചു: ‘താങ്കൾ എന്തുകൊണ്ട് യുദ്ധത്തിൽ പങ്കെടുത്തില്ല.’ ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: “അല്ലയോ പ്രവാചകരേ, ഞാൻ അതിസമർഥനും വാഗ്മിയും തന്ത്രശാലിയുമാണ്. എന്നാൽ അതൊന്നും അവിടുത്തെ തിരുസന്നിധിയിൽ വിലപ്പോകയില്ലെന്നു എനിക്കറിയാം. താൽക്കാലികമായ രക്ഷക്കുവേണ്ടി ഞാൻ വ്യാജം പറയുന്നതായാൽ എന്റെ യഥാർഥാവസ്ഥ അല്ലാഹു അവിടുത്തേക്കറിയിച്ചുതരികയും ഇഹത്തിലും പരത്തിലും ഞാൻ പരാജിതനായിത്തീരുകയും ചെയ്യും. സത്യം തുറന്നുപറഞ്ഞാൽ ക്ഷണനേരത്തേക്ക് ചില ക്ളേശങ്ങൾ അനുഭവിക്കേണ്ടിവരുമെങ്കിലും ഭാസുരമായ ഒരു ഭാവി ഞാൻ പ്രതീക്ഷിക്കുന്നു. യുദ്ധത്തിൽ പങ്കെടുക്കുന്നതിനെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള ഒരു പ്രതിബന്ധവും എനിക്കുണ്ടായിരുന്നില്ല. പൂർവ്വോപരി സാമ്പത്തികവും ശാരീരികവുമായ എല്ലാ കഴിവുകളുണ്ടായിട്ടും യുദ്ധത്തിൽ പങ്കെടുക്കാതിരുന്നത് എന്റെ പക്കൽ നിന്നു വന്ന തെറ്റാണെന്ന് ഞാൻ സമ്മതിക്കുന്നു.”
ഇതുകേട്ടപ്പോൾ നബി ഇങ്ങനെ പറഞ്ഞു: “നിങ്ങളെ സംബന്ധിച്ചു അല്ലാഹുവിന്റെ വ്യക്തമായ തീരുമാനം അറിഞ്ഞു കഴിഞ്ഞാൽ അതനുസരിച്ചു പ്രവർത്തിക്കാം. ഇപ്പോൾ നിങ്ങൾ സ്ഥലം വിട്ടുകൊള്ളുക.”
മറ്റു ചിലർ ചെയ്തതുപോലെ കുതന്ത്രങ്ങൾ പ്രയോഗിച്ച് അവിടുത്തെ കോപത്തിൽ നിന്നു രക്ഷപ്പെടാത്തതിൽ എന്റെ കുടുംബക്കാരായ പലരും എന്നെ അധിക്ഷേപിക്കാൻ തുടങ്ങി. അവരുടെ പ്രേരണയുടെ ശക്തി നിമിത്തം ഞാൻ വീണ്ടും പോയി കളവു പറയട്ടെ എന്നു തോന്നിപ്പോയി. പിന്നെ ഞാൻ അവരോട് ഇങ്ങനെ ചോദിച്ചു: “എനിക്ക് വന്നുവശായതുപോലെയുള്ള ദുരവസ്ഥ മറ്റാർക്കെങ്കിലും സംഭവിച്ചിട്ടുണ്ടോ?” “ഹിലാലുബ്നു ഉമയ്യതിനും മുറാറ ബ്നു റബീഇനും ഇതേ അവസ്ഥ അനുഭവപ്പെട്ടിട്ടുണ്ടായിരുന്നു.” എന്നായിരുന്നു അവരുടെ മറുപടി. ബദർ യുദ്ധത്തിൽ പങ്കെടുത്ത പ്രസ്തുത രണ്ടു മഹാന്മാർ അനുഭവിക്കുന്നതുപോലെയുള്ള ക്ളേശങ്ങൾ ഞാനും അനുഭവിക്കുന്നതിൽ ആശ്ചര്യപ്പെടാനില്ലെന്നു കരുതി സമാധാനിച്ചു.
ഞങ്ങൾ മൂന്നുപേരോടും, ആരും തന്നെ സംസാരിച്ചു പോകരുതെന്നായിരുന്നു അവിടുത്തെ ആജ്ഞ. തന്നിമിത്തം ജനങ്ങൾ ഞങ്ങളോട് നിസ്സഹകരിക്കുകയും അപരിചിതരായ ജനങ്ങളുൾക്കൊള്ളുന്ന ഒരു വിദേശത്ത് താമസിക്കുന്ന സ്ഥിതി ഞങ്ങൾക്കനുഭവപ്പെടുകയും ചെയ്തു. ഈ നിസ്സഹകരണം തുടർച്ചയായി അമ്പത് ദിവസത്തോളം നീണ്ടുനിൽക്കുകയുണ്ടായി.
എന്റെ രണ്ട് സ്നേഹിതന്മാർ അസഹ്യമായ വ്യസനത്തോടുകൂടി അശ്രുക്കൾ പൊഴിച്ചുകൊണ്ട് വീട്ടിൽ ഒതുങ്ങിക്കൂടിയെങ്കിലും യുവത്വവും ശേഷിയുമുള്ള ഞാൻ ബജാറിൽക്കൂടി സഞ്ചരിക്കുകയും ജമാഅത്തിന് പള്ളിയിൽ പോവുകയും ചെയ്തിരുന്നു. എന്നാൽ ആരും തന്നെ ഒരക്ഷരം പോലും മിണ്ടുന്നില്ല. നിസ്കാരാനന്തരം നബിയുടെ അടുത്തുചെന്നു സലാം ചൊല്ലിയാൽ അവിടുന്ന് സലാം മടക്കിയോ എന്നു ഞാൻ സംശയിച്ചുപോകും.
നബിയുടെ സമീപ സ്ഥലത്തുവെച്ച് ഞാൻ നമസ്കരിക്കുകയും അവിടുത്തെ നേരെ ഒളിഞ്ഞു നോക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് തിരിഞ്ഞുകളയും. എന്റെ ദൃഷ്ടി തിരിച്ചാൽ എന്നെ നോക്കുകയും ചെയ്യും. ഒരു ദിവസം ഒരു സ്നേഹിതനും പിതൃവ്യ പുത്രനുമായ അബു ഖതാദയുടെ അടുത്തു ചെന്നു ഞാൻ സലാം ചൊല്ലി. അദ്ദേഹം സലാം മടക്കുന്നില്ല. ഞാൻ അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന ആളാണെന്ന് നീ അറിയുകയില്ലെ എന്ന് അല്ലാഹുവിൽ ആണയിട്ടു കൊണ്ട് അദ്ദേഹത്തോട് ഞാൻ ചോദിച്ചു. ആവർത്തിച്ചു രണ്ടുപ്രാവശ്യം ചോദിച്ചിട്ടും അദ്ദേഹം മിണ്ടുന്നില്ല.
മൂന്നാമത്തെ ചോദ്യത്തിന് ‘ആവോ, അല്ലാഹു അഅ്ലം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇരുനേത്രങ്ങളിൽ നിന്നും ബാഷ്പം ഒഴുക്കിക്കൊണ്ട് ഞാൻ തിരിച്ചുനടന്നു.
ധാന്യ വിൽപ്പനാർഥം സിറിയയിൽ നിന്നു മദീനയിൽ വന്ന ഒരു കർഷകൻ എന്നെ സംബന്ധിച്ചു ബജാറിലുള്ള ചിലരോടന്വേഷിച്ചപ്പോൾ അവർ എന്റെ നേരെ വിരൽച്ചൂണ്ടിക്കാണിച്ചുകൊടുത്തു. ഗസ്സാൻ വംശജനായ ക്രിസ്തീയ രാജാവിന്റെ ഒരു കത്തുമായി അവൻ എന്നെ സമീപിച്ചു. കത്തു വാങ്ങി വായിച്ചുനോക്കുമ്പോൾ അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു:
“എന്തെന്നാൽ നിന്റെ നേതാവ് നബി നിന്നോട് വഴക്കടിച്ചു നിൽക്കുകയാണെന്ന് ഞങ്ങളറിഞ്ഞു. അതിൽ തീരേ കുണ്ഠിതപ്പെടേണ്ടതില്ല. ഇങ്ങോട്ട് വരിക. സർവ്വവിധ സഹായങ്ങളും ചെയ്തുതരാൻ ഞങ്ങൾ സന്നദ്ധരാണ്.” ഈ കത്ത് അതിഭയങ്കരമായൊരു വിപത്തിന്റെ സൂചനയാണെന്ന് കരുതി അതിനെ ഞാൻ അഗ്നിക്കിരയാക്കി. നാൽപ്പതാം ദിവസം ഭാര്യയുമായി സമീപിക്കരുതെന്നുള്ള അവിടുത്തെ നിരോധാജ്ഞയുമായി ഒരു ദൂതൻ എന്നെ സമീപിച്ചു. ഞാൻ വിവാഹമോചനം നടത്തണമോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. വേണ്ടാ അവളുമായി സമീപിക്കരുതെന്ന് മാത്രമേയുള്ളൂവെന്ന് അദ്ദേഹം മറുപടി പറഞ്ഞു.
എന്റെ രണ്ട് സുഹൃത്തുക്കൾക്കും ഇതേ പ്രകാരത്തിലുള്ള നിരോധാജ്ഞ അവിടുന്ന് നൽകിയിരുന്നു. നമ്മെ വലയം ചെയ്ത പ്രശ്നത്തിനൊരു പരിഹാരം ലഭിക്കുന്നതുവരെ നീ സ്വഗൃഹത്തിൽ പോയി താമസിച്ചുകൊള്ളുകയെന്ന് ഞാൻ ഭാര്യയെ അറിയിക്കുകയും അതനുസരിച്ച് അവൾ പ്രവർത്തിക്കുകയും ചെയ്തു. വൃദ്ധനും അബലനുമായ ഹിലാലിനെ ശുശ്രൂഷിക്കുന്നതിൽ നിന്നു എന്നെ തടയരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ കേണപേക്ഷിച്ചതിന്റെ ഫലമായി ദാമ്പത്യപരമായ സുഖസന്തോഷങ്ങളനുഭവിക്കാതെ ശുശ്രൂഷ മാത്രം നടത്തുന്നതിന് ആ സ്ത്രീക്ക് അവിടുന്ന് അനുമതി നൽകി.
ഇങ്ങനെയുള്ള ഒരു അനുമതി ഞാനും വാങ്ങാനായി എന്റെ കുടുംബക്കാരിൽ പലരും എന്നെ നിർബന്ധിച്ചെങ്കിലും എന്റെ ശാരീരികമായ പ്രത്യേക സാഹചര്യങ്ങളോർത്ത് ഞാനതിന് മുതിർന്നില്ല. പത്തുദിവസം എന്റെ ജീവിതം ഇതേ നിലയിൽതന്നെ തുടർന്നു. നിസ്സഹകരണത്തിന്റെ അമ്പതാം ദിവസത്തിലെ പ്രഭാത നിസ്കാരാനന്തരം സൽഅ് പർവ്വതത്തിന്റെ കൊടുമുടിയിൽ നിന്നു ആരോ ഉച്ചത്തിൽ ‘കഅ്ബെ, നീ സന്തോഷിക്കുക’യെന്ന് വിളിച്ചു പറയുന്ന ശബ്ദം എന്റെ ശ്രവണപുടത്തിൽ പതിഞ്ഞു.
സന്തോഷകരമായ ആ വാർത്ത കേട്ട മാത്രയിൽ ഞാൻ സുജൂദിൽ വീണുപോയി. ഞങ്ങളുടെ ‘തൌബ’ സ്വീകരിക്കപ്പെട്ട വാർത്ത അവിടുന്ന് അനുയായികളെ അറിയിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെ ആശീർവദിക്കാനായി ജനങ്ങൾ തുരുതുരെ പുറപ്പെട്ടു. അതിനായി ഒരാൾ കുതിരപ്പുറത്തു പുറപ്പെട്ടെങ്കിലും വിളിച്ചുപറഞ്ഞ ശബ്ദമാണ് ആദ്യമായി കേട്ടത്. വിളിച്ചുപറഞ്ഞ ആൾ എന്റെ അടുത്തെത്തിയപ്പോൾ എന്റെ ശരീരത്തിലുണ്ടായിരുന്ന രണ്ടു വസ്ത്രങ്ങൾ ഞാൻ അദ്ദേഹത്തിനഴിച്ചു കൊടുക്കുകയും തൽക്കാലത്തേക്ക് രണ്ടു വസ്ത്രങ്ങൾ വായ്പ വാങ്ങി ധരിക്കുകയും ചെയ്തു.
ഞാൻ ഉടനെ പള്ളിയിലേക്ക് തിരിച്ചു. നബിയും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ത്വൽഹതുബ്നു ഉബൈദുല്ല (റ) ദ്രുതഗതിയിൽ വന്ന് എനിക്ക് ഹസ്തദാനം ചെയ്യുകയും ആശീർവ്വാദം നൽകുകയും ചെയ്തു. പ്രസന്നവദനനായിക്കൊണ്ട് നബിയും എന്നെ ആശീർവദിച്ചു. അവിടുത്തെ സന്നിധിയിൽ ഇരുന്നുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞു:
“എന്റെ പശ്ചാതാപം സ്വീകരിച്ചതിന്റെ നന്ദിയായി എന്റെ സർവ്വധനവും അല്ലാഹുവിനും റസൂലിനും സംഭാവന നൽകാൻ തീരുമാനിച്ചിരിക്കുന്നു.” അൽപ്പം സൂക്ഷിച്ചുവെച്ചു ബാക്കി ഭാഗം കൊടുക്കുന്നതാണ് ഉത്തമമെന്ന് നബി അരുൾ ചെയ്യുകയും ഞാനത് സ്വീകരിക്കുകയും ചെയ്തു. പിന്നെ ഞാൻ ഇങ്ങനെ പറഞ്ഞു: “സത്യമാണ് എന്നെ രക്ഷിച്ചത്. എന്റെ ആയുഷ്കാലം മുഴുവനും സത്യമേ പറയുകയുള്ളൂവെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.”
കഅബ് പറയുന്നു: “സത്യം പറഞ്ഞതുകൊണ്ട് എന്നെപ്പോലെയുള്ള നേട്ടം കൈ വന്ന മറ്റാരെയും ഞാൻ കണ്ടിട്ടില്ല. ഞാനിത് പറഞ്ഞതു മുതൽ മനഃപൂർവ്വം ഒരൊറ്റകളവുപോലും പറഞ്ഞിട്ടില്ല.”
ഭാവിയിലും അല്ലാഹു എന്നെ അതിൽ നിന്നു രക്ഷിക്കുമെന്നാണ് എന്റെ പ്രതീക്ഷ. കളവു പറഞ്ഞു തടിതപ്പിയ മുനാഫിഖുകളെ അധിക്ഷേപിച്ചും സത്യം പറഞ്ഞവരെ പുകഴ്ത്തിയും ഖുർആനിലെ ചില വചനങ്ങൾ അവതരിക്കുകയുണ്ടായി. ഞാനും വ്യാജം പറഞ്ഞിരുന്നുവെങ്കിൽ കപടവിശ്വാസികളെപ്പോലെ നാശ ഗർത്തത്തിലാപതിച്ചുപോകുമായിരുന്നേനെ. ഇസ്ലാം മതാവലംബം കഴിച്ചാൽ നബിയോട് സത്യം പറയാനുള്ള ഭാഗ്യം കൈവന്നതിനേക്കാൾ വമ്പിച്ചൊരനുഗ്രഹം അല്ലാഹു എനിക്ക് ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല.
ഏറെ തെറ്റുധരിച്ച ഒരായതാണ് തൗബയിലെ 122 ) മത്തേത് . ചിലർ യുദ്ധത്തിന് പോവുമ്പോൾ ബാക്കി ചിലർ ഇസ്ലാം പഠിക്കട്ടെ എന്നാണ് അതിനെ പൊതുവെ വ്യാഖ്യാനിക്കപ്പെടാറ്. സയ്യിദ് ഖുതുബ് (റഹ്) പക്ഷേ അടർക്കളത്തിൽ നിന്നും ഇസ്ലാമിനെ മനസ്സിലാക്കട്ടെ എന്നാണതിനെ വായിച്ചത്. കാരണം കേവലം കിതാബോതാനുള്ള യാത്രക്ക് നഫർ എന്ന് പറയുകയില്ല എന്നാണദ്ദേഹത്തിന്റെ വിശദീകരണം. അല്ലെങ്കിലും അടങ്ങിയിരിക്കുന്ന (ഖുഊദ് ) പ്രകൃതത്തേക്കാൾ ചടുലമായ (ഹറകീ ) പ്രവർത്തനങ്ങളാണ് ഇസ്്ലാം പ്രത്യക്ഷീകരിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
നിഷേധികളോട് സന്ധിയില്ലാ പോരാട്ടമാണ് വേണ്ടതെന്നും ഏതുഘട്ടത്തിലും ഈമാനിന്റെ ഉഛസ്ഥായിയിലാവുക വിശ്വാസത്തിന്റെ ഭാഗമാണെന്നും എന്തിലും സന്ദേഹിച്ച്, അന്തിച്ച് നില്ക്കൽ കാപട്യത്തിന്റെ ലക്ഷണമാണെന്നും സൂചിപ്പിച്ച് വിശ്വാസികളുടെ വിഷയത്തിൽ വളരെ ജാഗ്രതയും കരുതലും പ്രവാചക സ്വഭാവത്തിന്റെ പ്രത്യേകതയാണെന്നും ആര് പിന്തിരിഞ്ഞ് കളഞ്ഞാലും സർവ്വശക്തനായ റബ്ബ് നിങ്ങളുടെ കൂടെയുണ്ടാവും എന്ന സാന്ത്വന സ്പർശത്തിൽ തൗബ: അധ്യായം സമാപിക്കുന്നു.
മക്കീ സൂറത്തുകളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങളായ തൗഹീദിൻറെ സ്ഥാപനം, ശിർക്കിൻറെ ഖണ്ഡനം, പ്രവാചകത്വം, മരണാനന്തരജീവിതം, പ്രതിഫലനടപടി മുതലായവയും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്നെയാണ് സൂറ: യൂനുസിലെ മുഖ്യ ഊന്നലുകൾ. 98-ാം വചനത്തിൽ യൂനുസ് (അ)ൻറെ ജനതയെപറ്റി പരാമർശിക്കുന്നുണ്ട്. സൂറത് യൂനുസ് എന്ന നാമകരണത്തിന് കാരണമതാണ്.
ബി.സി എട്ടാം നൂറ്റണ്ടിൽ ഇസ്രയേലിൻറെ വടക്കൻ പ്രദേശമായ നീനുവയിലേക്ക് നിയോഗിതനായ പ്രവാചകനായാണ് യൂനുസ് (അ) പരിചയപ്പെടുത്തുന്നത്. ബൈബിളിലെ യോനായുടെ പുസ്തകത്തിലെ കേന്ദ്ര കഥാപാത്രവും ഈ പ്രവാചകനാണ്. മത്സ്യത്തിന്റെ വായിലകപ്പെട്ട ആ പ്രവാചകനെ കുറിച്ചു വിശുദ്ധ ഖുർആനിൽ സാഹിബുൽ ഹൂത്,ദുന്നൂൻ (മത്സ്യസഹവാസി) എന്നീ പേരുകളും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
ഒരു രാജ്യം [രാജ്യക്കാർ] വിശ്വസിക്കുകയും, എന്നിട്ടതിൻറെ വിശ്വാസം അതിന് പ്രയോജനപ്പെടുകയും ആയിക്കൂടെ?; യൂനുസിൻറെ ജനത അല്ലാത്ത. അവർ വിശ്വസിച്ചപ്പോൾ, അവരിൽ നിന്ന് ഇഹലോക ജീവിതത്തിൽ അപമാനത്തിൻറെ ശിക്ഷയെ നാം നീക്കം ചെയ്തു; ഒരു സമയംവരെ അവർക്ക് നാം സുഖം നൽകുകയും ചെയ്തു. ( 10:98 )
109 ആയതുള്ള ഈ സൂറയിൽ തങ്ങളുടെ ശിക്ഷ വന്ന് മൂടും മുമ്പ് ആബാലവൃദ്ധം അല്ലാഹുവിലേക്ക് മടങ്ങിയെന്നും നാഥനോട് അനുതപിക്കുകയും ചെയ്തുവെന്നും പ്രഖ്യാപിക്കുന്നു. ഒരു പക്ഷേ ഒരു ജനത ഒന്നടങ്കം നന്നാവുന്ന ചരിത്രം ഈ സൂറ: യിൽ മാത്രമാവും വന്നിട്ടുണ്ടാവുക.
ഖുർആനിന്റെ സൂക്തങ്ങളും അവയുടെ അവതരണവും സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മനുഷ്യനാവുന്നതും വിശാലമായ പ്രപഞ്ചത്തിന്റെ തുടക്കവും അല്ലാഹുവിന്റെ ഉണ്മയുടെ ദൃഷ്ടാന്തങ്ങളായാണ് സൂറ: തുടക്കം മുതലേ അവതരിപ്പിക്കുന്നത്. തുടർന്ന് സൂര്യ-ചന്ദ്രാദികളുടെ കണക്കും അവയുടെ ധർമ്മവും കിറുകൃത്യമാണെന്നും ബോധമുള്ളവർക്ക് അവയുടെ കണക്കിലും രാപകലുകളുടെ മാറിവരലിലുമെല്ലാം അല്ലാഹുവിന്റെ ഏകത്വത്തിന്റെ ദൃഷ്ടാന്തങ്ങളാണെന്നാണ് സൂറ: യൂനുസിലെ 6 വരെ സൂക്തങ്ങൾ പഠിപ്പിക്കുന്നത്. (ഖഗോളശാസ്ത്രത്തിലേക്കുള്ള ഒരുപാട് വാതായനങ്ങൾ മലർക്കെ തുറന്നു വെക്കുന്ന സൂറയിലെ 5ാം സൂക്തം പ്രത്യേകം പഠിക്കേണ്ടതാണ്.)
ഈ പ്രാപഞ്ചിക പ്രതിഭാസങ്ങളെ മന:പൂർവംഗൗനിക്കാത്ത, പരലോക ഭീതിയില്ലാത്തയാളുകൾക്കും നരകമാണെന്നും തങ്ങളുടെ വിശ്വാസം കാരണത്താൽ സന്മാർഗം സിദ്ധിച്ചവർ സ്വർഗ പ്രവേശം സാധ്യമായവരുമാണെന്നാണ് 10 വരെ ആയതുകൾ സൂചിപ്പിക്കുന്നത്. വ്യക്തികളെ അസുഖം, വിപത്ത്, ദുരിതം എന്നിവ ബാധിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക അവസ്ഥയെക്കുറിച്ചും പ്രത്യക്ഷമായ ഉത്കണ്ഠ, പ്രക്ഷുബ്ധത, ബലഹീനത, എന്നിവ ബാധിക്കുന്നതിനെക്കുറിച്ചുള്ള വിവരണവും ഖിലാഫതാണ് ഭൂമിയിൽ നിർവ്വഹിക്കാനുള്ള നിങ്ങളുടെ ധർമമെന്നുമുള്ള ഓർമപ്പെടുത്തലാണ് 14 വരെ ആയതുകൾ. ഖുർആൻ കൊണ്ട് അവരെ പ്രബോധനം നടത്തുന്നത് അവർക്കസഹനീയമാണെന്നും അതിലെ പലതും അവരുടെ ഉറക്കം കെടുത്താൻ പോന്നുതാണെന്നും അവർ വിളിച്ച് പ്രാർഥിക്കുന്ന വസ്തുക്കളൊന്നും അവർക്ക് ഉപകാരമോ ശുപാർശ പോലുമോ ചെയ്യാൻ കഴിയുന്നതല്ലെന്നും ബോധ്യപ്പെടുത്തുന്നതാണ് 18 വരെ സൂക്തങ്ങൾ . ആദിയിൽ പ്രപഞ്ചത്തിൽ എല്ലാം ഒന്നായിരുന്നുവെന്നും തുടർന്ന് ഓരോ സമൂഹത്തിനും അതിന്റേതായ ജീവിത രീതികളുണ്ടായെന്നും അദൃശ്യ ജ്ഞാനം റബ്ബിൽ മാത്രം പരിമിതമാണെന്നുള്ള ലളിത സുന്ദര സത്യമാണ് 20 വരെ സൂക്തങ്ങളിലുള്ളത്.
മനുഷ്യ സൃഷ്ടിപ്പിന്റെ വ്യത്യസ്തതകളും വ്യതിരിക്തയും വ്യക്തമാക്കുന്ന ചില അടയാളങ്ങൾ എടുത്ത് പറഞ്ഞ് ഋജുവായ വഴിയിലേക്കും തദ്വാരാ സമാധാന ഗേഹ / സ്വർഗത്തിലേക്കുമാണ് നാഥൻ നിങ്ങളെ ക്ഷണിക്കുന്നതെന്നും ഓർമപ്പെടുത്തുകയാണ് 25 വരെ ആയതുകൾ. സത്കർമ്മങ്ങൾക്ക് സത്ഫലവും സ്വർഗമാവുന്ന റിവാർഡും ഉണ്ടെന്നും നേരെ മറിച്ചാണെങ്കിൽ ഓരോരുത്തരും അവരവരുടെ കർമഫലം നേരിടേണ്ടി വരുമെന്ന ലളിതസത്യം അനാവരണം ചെയ്യുന്നത് 30 വരെ സൂക്തങ്ങളിൽ കാണാം.
അല്ലാഹുവിന്റെ അപരിമേയമായ കഴിവുകളുടെ ചില ചിത്രങ്ങൾ സമർപ്പിച്ച് മനുഷ്യവിധിയുടെ വളരെ ഉപരിയാണ് ദൈവഹിതമെന്ന് സ്ഥാപിക്കുകയയും മനുഷ്യരിലധികവും ഊഹാധിഷ്ഠിതമായ ജീവിതമാണ് നയിക്കുന്നതെന്നും വിവരങ്ങളെല്ലാം റബ്ബിങ്കൽ മാത്രം പരിമിതമാണ് എന്നാണ് 36 വരെ സൂക്തങ്ങൾ ബോധ്യപ്പെടുത്തുന്നത്.
പിന്നീട് ഖുർആന്റെയും പ്രവാചകന്റേയും സത്യത ഊന്നിപ്പറയുകയും അത് നിഷേധികൾ പോലും സ്വമനസ്സാലെ അംഗീകരിക്കുകയും തുടർന്നവർ കണ്ണ് / കാത് അടച്ച് നിഷേധിക്കുകയും ചെയ്യുകയാണെന്നും അവരത് കാണാനോ കേൾക്കാനോ ശ്രമിച്ചിരുന്നുവെങ്കിൽ അവർക്കതിനാവുമായിരുന്നു എന്നുമാണ് 43 വരെ സൂക്തങ്ങൾ ഉറക്കെ വിളിച്ചു പറയുന്നത്.
അല്ലാഹു ആരോടും അക്രമം പ്രവർത്തിക്കില്ലെന്നും പരലോകത്ത് ആരെങ്കിലും നഷ്ടപ്പെട്ടവനാവുന്നുവെങ്കിൽ സ്വയംകൃതാനർഥമാണെന്നും അവസാന വിചാരണ നാഥന്റെ അടുക്കൽ തന്നെയാണെന്നും ഓരോ സമൂഹത്തിലേക്കും പ്രവാചക നിയോഗം നടന്നിട്ടുണ്ടെന്നും ആരോടും തരിമ്പും അനീതി ചെയ്യപ്പെടിലെന്നുമുള്ള പാഠങ്ങളാണ് 47 വരെ ആയതുകൾ.
പ്രബോധിതർക്ക് നിർബന്ധമായും സ്വർഗമോ നരകമോ പതിച്ചു നല്കുവാൻ പ്രവാചകനാവില്ലെന്നും സ്വകർമഫലമായി ശിക്ഷ വന്നു പതിക്കുമ്പോൾ വേവലാതി എന്തിനാണെന്നുമുള്ള ചോദ്യങ്ങളാണ് 52 വരെ സൂക്തങ്ങൾ പങ്കുവെക്കുന്നത്.
പരലോകത്തിന്റെ സത്യത ബോധ്യപ്പെടുത്തുന്ന ചില യാഥാർഥ്യങ്ങളാണ് തുടർന്ന് 56 വരെ ആയതുകളിൽ അവതരിപ്പിക്കുന്നത്. ഖുർആന്റേയും പ്രവാചകന്റേയും ദൗത്യങ്ങളും ധർമങ്ങളുമാണ് തുടർന്ന് 61 വരെ സൂക്തങ്ങളിലുള്ളത്.
ഈ സത്യം അംഗീകരിക്കുകയും സൂക്ഷിക്കുകയും ചെയ്താൽ ശരിയായ വിലായതിന്റെ മർതബയിലേക്ക് (ഔലിയാ പട്ടത്തിലേക്ക് ) ഉയരുവാനും സ്വർഗ പ്രവേശം സാധ്യമാവാനുമെന്നാണ് 64 വരെ ആയതുകൾ ഉദ്ബോധിപ്പിക്കുന്നത്.
തുടർന്ന് പ്രബോധകനായ റസൂലിനെ സാന്ത്വനിപ്പിക്കുന്നതോടൊപ്പം നിഷേധികൾ തെറ്റിപ്പോവാൻ കാരണം ഊഹങ്ങളുടെ പിന്നാലെ പോയതാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് 66 വരെ ആയതുകൾ. ശേഷം അല്ലാഹുവിന്റെ കഴിവിന്റെ വൈപുല്യവും ദൈവേതരരുടെ നിസ്സാരതയും ഉണർത്തി ബഹുദൈവ വിശ്വാസത്തിന്റെ പിടിയിൽ നിന്നും വിമോചിതനാവേണ്ടതിന്റെ ഗൗരവം ഉണർത്തുകയാണ് 70 വരെ സൂക്തങ്ങൾ.
തുടർന്ന് മുൻ പ്രവാചകന്മാരുടെ ചരിത്രങ്ങളായി നൂഹ് , മൂസാ (അലൈഹിമാസ്സലാം) മാതൃകയായി അവതരിപ്പിച്ച് ഖുറൈശിലെ ബഹുദൈവ വിശ്വാസികൾക്കും സത്യത്തെ അവഗണിച്ച മറ്റുള്ളവർക്കും ചില പ്രത്യേക മാതൃകകൾ (ഉദാ: ഫിർഔന്റെ ശവം ) എടുത്തു പറയുകയാണ് 92 വരെ നീണ്ടുനില്ക്കുന്ന ആയതുകൾ .
തുടർന്ന് ബനൂ ഇസ്രായീലിന്റെ നല്ല നാളുകളും അവ ബോധ്യമുള്ള പുരോഹിതന്മാരേയും അവരുടെ മുമ്പിൽ കൊണ്ടു വന്നിട്ട് സൂറ: യുടെ പേരിന് നിദാനമായ യൂനുസ് (അ) ചരിത്രവും ആ ജനതയുടെ പ്രത്യേകതയും (നാം സൂറയുടെ തുടക്കത്തിൽ വിശദമായി നല്കിയിട്ടുണ്ട് ) സൂചിപ്പിച്ചുകൊണ്ട് അല്ലാഹുവിന്റെ ഉതവിയാണ് വിശ്വാസമെന്നും ഉദ്ബോധനങ്ങളും വഅ്ളുകളും വിശ്വാസമില്ലാത്തവർക്ക് ഫലം ചെയ്തിട്ടില്ലെന്നും വ്യക്തമാക്കുകയാണ് 101 വരെ വാചകങ്ങൾ.
നിഷേധികൾ അന്തിമ വിധിയാണ് കാത്തിരിക്കുന്നതെങ്കിൽ നാമും കാത്തിരിക്കാൻ തയ്യാറാണെന്നും ഫൈനൽ റൗണ്ടിൽ വിജയം വിശ്വാസികൾക്കുമാത്രമാണെന്നും ഉണർത്തുകയാണ് 103 വരെ സൂക്തങ്ങൾ . തുടർന്ന് സത്യത്തിന്റെ വിഷയത്തിൽ ഇപ്പോഴും സന്ദേഹം വെച്ചുപുലർത്തുന്നവരോടുള്ള മുഖാമുഖവും സംവാദവുമാണ് പ്രവാചകനോട് ആഹ്വാനം ചെയ്യുന്നത്. ഋജുമാനസനായി നാഥനിലേക്ക് മടങ്ങാനും അക്രമികളുടെ വഴികേടിൽ നിന്നും വ്യത്യസ്തമായ ജീവിതം നയിക്കാനുള്ള ആഹ്വാനവുമാണ് 106 വരെ ആയതുകൾ.
എന്തെങ്കിലും വിപത്ത് ബാധിച്ചാൽ അത് തടയാനോ നന്മ വരുന്നുണ്ടെങ്കിൽ അതിന്റെ ഗതി തിരിച്ചു വിടാനോ അല്ലാഹുവിന് മാത്രമേ കഴിയൂവെന്നും ആഗതമായ സത്യത്തിൽ വിശ്വസിക്കുകയും ആ മാർഗത്തിൽ സഹനത്തോടെ മുന്നേറലുമാണ് സത്യപ്രബോധകൻ എന്ന നിലക്ക് താങ്കൾക്ക് അഭിലഷണീയം എന്ന ആത്യന്തികമായ ഉദ്ബോധനത്തോടെ സൂറ: യൂനുസ് അവസാനിക്കുകയും അടുത്ത അധ്യായമായ ഹൂദിലെ
1-അലിഫ്-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്. അതിലെ വചനങ്ങൾ ആശയഭദ്രതയുള്ളതാണ്. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിൻറെ അടുക്കൽ നിന്നുള്ളതത്രെ അത്.
2 -എന്തെന്നാൽ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്. തീർച്ചയായും അവങ്കൽ നിന്ന് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ടതാക്കീതുകാരനും സന്തോഷവാർത്തക്കാരനുമത്രെ ഞാൻ.
3 -നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും എന്നിട്ട് അവനിലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ നിർണിതമായ ഒരു അവധിവരെ അവൻ നിങ്ങൾക്ക് നല്ല സൌഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവർക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ നിശ്ചയമായും ഭയപ്പെടുന്നു.
4 -അല്ലാഹുവിങ്കലേക്കാണ് നിങ്ങളുടെ മടക്കം. അവൻ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ.
5 -ശ്രദ്ധിക്കുക: അവനിൽ നിന്ന് ഒളിക്കാൻ വേണ്ടി അവർ തങ്ങളുടെ നെഞ്ചുകൾ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവർ തങ്ങളുടെ വസ്ത്രങ്ങൾകൊണ്ട് പുതച്ച്മൂടുമ്പോൾ പോലും അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവൻ അറിയുന്നു. തീർച്ചയായും അവൻ നെഞ്ചുകളിലുള്ളത് അറിയുന്നവനാകുന്നു … എന്നീ 5 സൂക്തങ്ങളോടെ 11ാം ജുസുഅ് അവസാനിക്കുകയും ചെയ്തു. (വിശദവിവരങ്ങൾ നാളെ ഇ.അ)