Current Date

Search
Close this search box.
Search
Close this search box.

ആത്മാവും മനസ്സും ഒന്നാണോ? വിശുദ്ധ ഖുര്‍ആനിലൂടെ ഒരന്വേഷണം

അല്ലാഹു സൃഷ്ടിച്ച മഹത്തായ സൃഷ്ടികളില്‍ പെട്ടതാണ് ആത്മാവ് ( الروح). വിശുദ്ധ ഖുര്‍ആനില്‍ പലയിടങ്ങളില്‍ അല്ലാഹു ആത്മാവിനെ ആദരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ആത്മാവിന്റെ ഉത്തരവാദിത്തം ഉന്നതമാണ്. എന്നാല്‍, മനസ്സെന്നത് ശരീരവുമായി ബന്ധപ്പെട്ടതാണ്.

റൂഹ് എന്ന പദം വിശുദ്ധ ഖുര്‍ആനില്‍ വിവിധ രീതിയില്‍ കാണാവുന്നതാണ്.
ഒന്ന്: ഖുര്‍ആന്‍ – ‘അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്‍പനയാല്‍ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷേ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരില്‍ നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴി കാണിക്കുന്നു. തീര്‍ച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാര്‍ഗനിര്‍ദേശനം നല്‍കുന്നത്.’ (അശ്ശൂറ: 52)

രണ്ട്: വഹ്‌യ് (ദിവ്യബോധനം) – ‘അവന്‍ പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്റെ അധിപനുമാകുന്നു. തന്റെ ദാസന്മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തന്റെ സന്ദേശമാകുന്ന ചൈതന്യം അവന്‍ നല്‍കുന്നു.’ (ഗാഫിര്‍: 15)

മൂന്ന്: ജിബ്രീല്‍ – ‘എന്നിട്ട് അവന്‍ കാണാതിരിക്കാന്‍ അവള്‍ ഒരു മറയുണ്ടാക്കി. അപ്പോള്‍ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക് നിയോഗിച്ചു.’ (മറിയം: 17) ‘വിശ്വസ്താത്മാവ് (ജിബ്രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.’ (അശ്ശുഅറാഅ്: 193)

നാല്: അല്ലാഹു ഉദ്ദേശിക്കുന്ന വിശ്വാസികളായ ദാസന്മാര്‍ക്ക് നല്‍കുന്ന ശക്തി, സ്ഥൈര്യം, വിജയം – ‘അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്‍ക്കുന്നവരുമായി സ്നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുകാര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും. അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു.’ (അല്‍മുജാദല: 22)

അഞ്ച്: മസീഹുബ്‌നു മര്‍യം – ‘വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക.’ (അന്നിസാഅ്: 171)

ആറ്: മനുഷ്യജീവിതം – ‘നിന്നോടവന്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.’ (അല്‍ഇസ്റാഅ്: 85) (അര്‍റൂഹ് -ഇബ്നുല്‍ ഖയ്യിം, പേജ്: 241) ജീവിതവും, മാറ്റങ്ങളും, നന്മകള്‍ കൊണ്ടുവരുന്നതും, തിന്മകള്‍ തടയുന്നതുമായ ഭാഗമാണ് മനുഷ്യജീവിതം. (മുഫറദാത്തു അല്‍ഫാദില്‍ ഖുര്‍ആന്‍ -റാഗിബ്, പേജ്: 369) ഈയൊരു അര്‍ഥമാണ് ഈ ഗ്രന്ഥത്തില്‍ ഉദ്ദേശിക്കപ്പെടുന്നത്. എന്നാല്‍, അനുഭവപ്പെടുന്ന ഈ ശരീരത്തിന്റെ രൂപത്തോട് വ്യത്യാസപ്പെടുന്ന രൂപമാണ് റൂഹ്. ജീവനുള്ള ചലനാത്മകമായ മൃതുവായ ഉന്നതമായ പ്രകാശപൂര്‍ണമായ ശരീരമാണത്. അത് അവയവങ്ങളുടെ ഉണ്മയിലേക്ക് പ്രവേശിക്കുന്നു.

റൂഹ് പണ്ടുമുതല്‍ക്കെ ഉള്ളതാണോ അതല്ല പിന്നീട് സൃഷ്ടിക്കപ്പെട്ടതാണോ?

റൂഹ് (ആത്മാവ്) പണ്ടുമുതല്‍ക്കെ ഉള്ളതല്ലെന്നും, പിന്നീട് സൃഷ്ടിക്കപ്പെട്ടതാണെന്നുമാണ് പണ്ഡിതരുടെയും അഹ്ലു സുന്നയുടെയും അഭിപ്രായം. ഈ വിഷയത്തിലെ പണ്ഡിതരുടെ യോജിപ്പ് അത് പിന്നീട് സൃഷ്ടിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, മുസ്ലിം പണ്ഡിതരിലെ വൈജ്ഞാനിക പ്രതിഭയായ മുഹമ്മദ് ബിന്‍ നസ്വര്‍ അല്‍മര്‍വസി മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധ ഖുര്‍ആനിലെയും പ്രവാചക സുന്നത്തിലെയും പ്രമാണങ്ങള്‍ സൃഷ്ടി വൈവിധ്യങ്ങളെ സംബന്ധിച്ച് വ്യക്തമാക്കുന്നു. ‘പറയുക: അല്ലാഹുവത്രെ എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ്.’ (അര്‍റഅദ്: 16) ഇത് ഒന്നിനെയും പ്രത്യേകമാക്കാതെ പൊതുവായി പറഞ്ഞതാണ്. അല്ലാഹു പറയുന്നു: ‘മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ?’ (അല്‍ഇന്‍സാന്‍: 1) അല്ലാഹു സകരിയ്യ(അ)യോട് പറഞ്ഞു: ‘തീര്‍ച്ചയായും നിന്നെ സൃഷ്ടിച്ചപ്പോള്‍ ഒരു വസ്തുവും ഉണ്ടായിരുന്നില്ല.’ (മര്‍യം: 9) മനുഷ്യനെന്നത് ശരീരവും ആത്മാവും കൂടിചേര്‍ന്നതാണ്. ശരീരത്തെക്കാള്‍ പ്രത്യേകമായതാണ് ആത്മാവ്. ശരീരമെന്നത് ആത്മാവ് ഉള്‍കൊള്ളുന്ന സങ്കേതമാണ്.

ആത്മാക്കള്‍ പിടികൂടപ്പെടുകയും, മാലാഖമാര്‍ കൊണ്ടുവരുന്ന സുഗന്ധം പൂശിയ പുടവയില്‍ കിടത്തുകയും, അവയുമായി ഉയരുകയും, അുനുഗ്രഹം നല്‍കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും, ഉറക്കത്തില്‍ പിടിച്ചുവെക്കപ്പെടുകയും, വിട്ടയക്കുകയും ചെയ്യുന്നതായി അല്ലാഹുവിന്റെ റസൂലില്‍ നിന്നുളള വിവിധ പ്രമാണങ്ങളില്‍ വന്നിരിക്കുന്നു. ഇതെല്ലാം പിന്നീട് സൃഷ്ടിക്കപ്പെട്ടവയുടെ കാര്യമാണ്. (അല്‍ഖിയാമ അസ്സുഗറ – ഡോ. ഉമറുല്‍ അശ്ഖര്‍, പേജ്: 95)

റൂഹ് ശിക്ഷണങ്ങള്‍ക്ക് വിധേയമാകാത്ത സൃഷ്ടിയായിരുന്നെങ്കില്‍ അത് ദൈവികത്വത്തെ സ്ഥാപിക്കുന്നില്ല. പൊടിപടലങ്ങളുടെ ലോകത്തായിരിക്കുമ്പോള്‍, ദാസന്മാരില്‍ നിന്ന് കരാര്‍ സ്വീകരിച്ച് അല്ലാഹു ആത്മാക്കളോട് ചോദിക്കുന്നു: ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു; അതെ. ഇക്കാര്യം അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വെളിപ്പെടുത്തുന്നുണ്ട്. ‘നിന്റെ രക്ഷിതാവ് ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന് അവരുടെ സന്താനങ്ങളെ പുറത്തുകൊണ്ടുവരികയും, അവരുടെ കാര്യത്തില്‍ അവരെ തന്നെ അവന്‍ സാക്ഷിനിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം (ഓര്‍ക്കുക). അവന്‍ ചോദിച്ചു: ഞാന്‍ നിങ്ങളുടെ രക്ഷിതാവല്ലയോ? അവര്‍ പറഞ്ഞു: അതെ. ഞങ്ങള്‍ സാക്ഷ്യംവഹിച്ചിരിക്കുന്നു.’ (അല്‍അഅ്റാഫ്: 172) അവന്‍ അവരുടെ രക്ഷതാവായിരിക്കുന്നിടത്തോളം അവര്‍ അവന്റെ ശിക്ഷണത്തിന് വിധേയരായ സൃഷ്ടികള്‍ മാത്രമാണ്.

റൂഹ് സൃഷ്ടിയല്ലെന്നും അത് അല്ലാഹുവിന്റെ അസ്തിത്വത്തിന്റെ ഭാഗമാണെന്നും വാദിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇവിടെ കുറിക്കുന്നത്. ‘ഈ കീറത്തുണി ഈ വസ്ത്രത്തില്‍ നിന്നുള്ളതാണ്’ എന്ന് പറയപ്പെടുന്നതുപോലെ ദൈവിത്തിന്റെ അസ്തിത്വത്തില്‍ നിന്നാണ് ആത്മാവെന്ന് വാദിക്കുന്നവരുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന ‘ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു’ (അല്‍ഇസ്റാഅ്: 85) എന്നതിന്റെ ഉദ്ദേശം, അവന്റെ കല്‍പന പ്രകാരമാണ് അല്ലെങ്കില്‍ അവന്റെ വചനത്താല്‍ അതുണ്ടാകുന്നു എന്നതാണ് കുറിക്കുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന ‘الأمر’ എന്ന പദം ചിലപ്പോള്‍ മസ്ദറായും (Origin) മറ്റുചിലപ്പോള്‍ മഫ്ഊലായും (Object) ഉദ്ദേശിക്കപ്പെടാറുണ്ട്. മഫ്ഊലായ ഉദ്ദേശത്തില്‍ അഥവാ കല്‍പിക്കപ്പെട്ടത് എന്നര്‍ഥത്തില്‍ -അല്ലാഹു പറയുന്നു: ‘അല്ലാഹുവിന്റെ കല്‍പന വരാനായിരിക്കുന്നു. എന്നാല്‍ നിങ്ങളതിന് ധൃതികൂട്ടേണ്ട.’ (അന്നഹല്‍: 1)

‘من’ എന്നത് തുടക്കത്തെ സൂചിപ്പിക്കുന്ന പദമാണ്. ‘من أمر ربي’ (ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു.) എന്നത് ദൈവത്തിന്റെ ഭാഗമാണ് റൂഹ് എന്നതല്ല സൂചിപ്പിക്കുന്നത്. മറിച്ച്, ദൈവത്തില്‍ നിന്നാണ് അതുണ്ടാകുന്നതെന്നാണ്. ‘وسخر لكم ما في السماوات وما في الأرض جميعا منه’ (ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം തന്റെ വകയായി അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു.), ‘وما بكم من نعمة فمن الله’ (നിങ്ങളില്‍ അനുഗ്രഹമായി എന്തുണ്ടെങ്കിലും അത് അല്ലാഹുവിങ്കല്‍ നിന്നുള്ളതാകുന്നു.), ആദമിനോട് അല്ലാഹു പറയുന്നു: ‘ونفخت فيه من روحي’ (എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതി.), മറിയമിനോട് അല്ലാഹു പറയുന്നു: ‘فنفخنا فيها من روحنا’ (അപ്പോള്‍ നമ്മുടെ ആത്മചൈന്യത്തില്‍ നിന്ന് നാം അതില്‍ ഊതുകയുണ്ടായി.)
ഇവിടെ എല്ലാം അവനില്‍ നിന്നാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എന്നാല്‍, അതിനര്‍ഥം അത് അവന്റെ അസ്തിത്വത്തിനറെ ഭാഗമാണെന്നതല്ല. മറിച്ച്, അവന്റെ എല്ലാം സൃഷ്ടിയാണെന്ന് അടിവരയിടുകയാണ്.

അല്ലാഹുവിലേക്ക് ചേര്‍ക്കപ്പെടുന്നത് രണ്ട് രീതിയിലാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്, അല്ലാഹുവിന്റെ വിശേഷണങ്ങള്‍ – അറിവ്, ശേഷി, വാക്യം, കേള്‍വി, ക്ഷമ തുടങ്ങിയ അവന്റെ വിശേഷണങ്ങളാണ്. ഇതെല്ലാം വിശേഷിപ്പിക്കപ്പെടുന്നവനിലേക്ക് ചേര്‍ക്കുന്ന വിശേഷണങ്ങളാണ്. അവന്റെ അറിവ്, വാക്യം, കഴിവ്, ജീവിതം തുടങ്ങിയവ അവന്റെ വിശേഷണങ്ങളാണ്. അപ്രകാരം അവന്റെ മുഖവും കൈകകളും. രണ്ട്, അവനില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന വസ്തുക്കളെ അവനിലേക്ക് ചേര്‍ക്കുന്നത്. ഉദാഹരണമായി, വീട്, ഒട്ടകം, അടിമ, പ്രവാചകന്‍, ആത്മാവ് എന്നിവ പോലെ. അല്ലാഹു പറയുന്നു: ‘ناقة الله وسقياها’ (അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക.), ‘تبارك الذي نزل الفرقان على عبده’ (തന്റെ ദാസന്റെ മേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ഖുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു.), ‘وطهر بيتي للطائفين’ (ത്വവാഫ് ചെയ്യുന്നവര്‍ക്ക് വേണ്ടി എന്റെ ഭവനം ശുദ്ധമാക്കിവെക്കണം). എന്നാല്‍, ചേര്‍ക്കുന്നത് ചേര്‍ക്കപ്പെടുന്നതിനെ മറ്റൊന്നില്‍ നിന്ന് വ്യതിരിക്തമാക്കുന്ന സവിശേഷവും ശ്രേഷ്ഠവുമായിരിക്കണം. (അല്‍ഖിയാമ അസ്സുഗറ – ഡോ. ഉമറുല്‍ അശ്ഖര്‍, പേജ്: 95)

റൂഹും നഫ്‌സും ഒന്നുതന്നെയാണോ?

പല കാര്യങ്ങള്‍ക്കും നഫ്സ് എന്ന് പറയാറുണ്ട്. അപ്രകാരം തന്നെയാണ് റൂഹും. ചിലപ്പോള്‍ അവ രണ്ടിന്റെയും അര്‍ഥം യോജിക്കുകയും, ചിലപ്പോള്‍ വിയോജിക്കുകയും ചെയ്യുന്നു. എന്നാല്‍, റൂഹിന് നഫ്‌സ് എന്ന് പറയാറുണ്ട്. പക്ഷേ, മിക്കപ്പോഴും ശരീരവുമായി ബന്ധപ്പെട്ടതിനെയാണ് നഫ്സ് എന്ന് വിളിക്കുന്നത്. അമൂര്‍ത്തമായതിനെയാണ് റൂഹ് എന്ന് വിളിക്കുന്നത്. രക്തത്തനും നഫ്‌സ് എന്ന് പറയാറുണ്ട്. ‘ما لا نفس له سائلة لا ينجس الماء إذا مات فيه’ രക്തമൊഴുകാത്ത ജീവികള്‍ ചാവുകയാണെങ്കില്‍ വെള്ളം മലിനമാവുകയില്ലെന്ന് ഹദീസില്‍ കാണാവുന്നതാണ്. അസ്തിത്വം, ഉണ്മ, സത്ത എന്നിവ നഫ്‌സ് എന്ന് വിളിക്കാറുണ്ട്. ‘فسلموا على أنفسكم’ (നിങ്ങള്‍ അന്യോന്യം സലാം പറയണം.), ‘ولا تقتلوا أنفسكم’ (നിങ്ങള്‍ നിങ്ങളെ തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്.).

ശരീരത്തിന് റൂഹ് എന്ന് പറയുകയില്ല. ഖുര്‍ആന്‍ (وكذلك أوحينا إليك روحا من أمرنا), ജിബ്‌രീല്‍ (نزل به الروح الأمين), മനുഷ്യശരീരത്തിലെ പാറിപറക്കുന്ന വായു എന്നിവക്ക് റൂഹ് എന്ന് പറയാറുണ്ട്. അല്ലാഹു അവന്റെ വലിയ്യുകളെ ശക്തിപ്പെടുത്തുന്നതും മറ്റൊരു റൂഹാണ്. അല്ലാഹു പറയുന്നു: ‘أولئك كتب في قلوبهم الإيمان وأيدهم بروح منه’ (അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു.)

എന്നാല്‍, ഇവയെക്കാളെല്ലാം പ്രത്യേകമായിട്ടുള്ളതിനെ റൂഹ് എന്ന് പറയാറുണ്ട്. അത്, അല്ലാഹുവിനെ അറിയാനും, അവനിലേക്കുള്ള മടങ്ങാനും, അവനോടുള്ള സ്‌നേഹിക്കാനും, അവന്റെ ഉദ്ദേശത്തിനും ആവശ്യത്തിനും അനുസൃതമായുള്ള ദൃഢബോധത്തിനുമുള്ള കഴിവാണ്. ആത്മാവിനെ ശരീരത്തിലേക്ക് ചേര്‍ക്കുന്നതുപോലെ ഈ റൂഹിനെ റൂഹിലേക്ക് ചേര്‍ക്കേണ്ടതുണ്ട്. അറിവിനും, ഇഹ്‌സാനും, സ്‌നേഹത്തിനും, തവക്കുലിനും, സത്യസന്ധതക്കും റൂഹുണ്ട്. ഈ റൂഹില്‍ ആളുകള്‍ വ്യത്യസ്ത ധ്രുവങ്ങളിലാണ്. ഈ റൂഹിന്റെ കാര്യത്തില്‍ ആര്‍ അതിജയിച്ച് നല്‍ക്കുന്നുവോ അവന്‍ ആത്മീയാചാര്യനാകുന്നു (روحاني). ഇത് ആര്‍ നഷ്ടപ്പെടുത്തുന്നുവോ അവന്‍ ഭൂമിയില്‍ പതിതിനായി മാറുന്നു. (അല്‍മന്‍ഹിയ്യ അല്‍ഇലാഹിയ്യ ഫി തഹ്ദീബിത്തഹാവിയ്യ -അബ്ദുല്‍ ആഖിറില്‍ ഗനീമി -പേജ്: 235)

വിവ: അര്‍ശദ് കാരക്കാട്

Related Articles