Current Date

Search
Close this search box.
Search
Close this search box.

സൂറ: യൂസുഫിലെ ചില അപൂർവ്വ ചിത്രങ്ങൾ

യൂസുഫിലും സഹോദരിലും ചില ദൃഷ്ടാന്തങ്ങളുണ്ട് (സൂറ യൂസുഫ് 12:7) എന്ന വാചകം ഈ അധ്യായത്തിന്റെ ആമുഖമായി തന്നെ സൂറ: യൂസുഫ് പറയുന്നുണ്ട്.

യൂസുഫെന്ന പുത്രന്റെ സ്വപ്നം തന്റെ പിതാവായ യഅ്ഖൂബ് പ്രവാചകനോട് തുറന്ന് പറയുന്നത് അധ്യായത്തിന്റെ ആരംഭത്തിൽ തന്നെ നാമറിയുന്നുണ്ട്. മോനാരോടും ഇത് പറയരുതെന്ന് പ്രബോധകനായ പിതാവ് തന്റെ മകന്റെ നല്ല ഭാവിയോർത്ത് ഉപദേശിക്കുന്ന ചിത്രീകരണത്തിൽ ( 12:4-5) തുടങ്ങുന്നു അധ്യായത്തിന്റെ ദൃശ്യാവിഷ്കരണം. സമാനമായ മറ്റൊരു രംഗം ഇബ്രാഹീം (അ) എന്ന പിതാവ് കാണുന്ന സ്വപ്നം പുത്രനോട് പങ്കുവെക്കുന്ന സ്വപ്നവും അതിന്റെ സാക്ഷാത്കാരത്തിന് പിതാവിനോടൊപ്പം പുത്രനും ജീവൻ സമർപ്പിക്കാൻ പോലും തയ്യാറാവുന്ന ചരിത്രവും(37: 102) ഖുർആൻ മറ്റൊരിടത്ത് പറയുന്നുണ്ട്.പാരന്റിങുകാർ പറയുന്ന dream sharing അഥവാ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാനുള്ള മടിയാവണം കുടുംബകങ്ങളിലും സമൂഹങ്ങളിലും നാമിന്നനുഭവിക്കുന്ന പ്രധാനപ്പെട്ട ആശയവിനിമയ വിടവ് / കമ്മ്യൂണിക്കേഷൻ ഗ്യാപിന് പ്രധാന കാരണം.

യൂസുഫിന്റെ സഹോദരന്മാരുടെ അദ്ദേഹത്തോടുള്ള അസൂയ ഒരിക്കലും പണത്തോടായിരുന്നില്ല എന്നത് ഈ അധ്യായത്തിലെ രണ്ടാമത്തെ പ്രധാന രംഗമാണ് !!

“യൂസുഫും അവൻറെ സഹോദരനുമാണ്‌ നമ്മുടെ പിതാവിന്‌ നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ”(12: 8) എന്ന് പരസ്യമായി ചെറുപ്പത്തിലേ പ്രഖ്യാപിക്കുന്നുണ്ടവർ. ഗൃഹാതുരത്വം തുളുമ്പുന്ന ഈ പായാരം പറച്ചിൽ കേട്ടാൽ തന്നെ തിരിയും കൈയ്യിന്റെ ദാനത്തേക്കാൾ വേണ്ടപ്പെട്ടവരുടെ ഹൃദയത്തിന്റെ ദാനങ്ങൾ മക്കൾക്ക് വിലപ്പെട്ടതാണെന്ന് . അതായിരുന്നു അവരുടെ അസൂയയുടെയും ഗൂഢാലോചനയുടേയും കേന്ദ്രബിന്ദു. പിതാവിന്റെ സ്നേഹത്തിലെ ഏറ്റക്കുറവ് പോലും മക്കളിൽ അസൂയാ കാരണമാവുമയും പ്രവാചകന്റെ വീടകം പോലും ഗൂഢാലോചനയുടെ കേന്ദ്രമായി പരിണമിക്കുകയും ചെയ്തുവെന്നു സാരം.

രംഗം മുന്നോട്ട് പോവുമ്പോൾ 13-ാം സൂക്തത്തിലെ അവനെ ചെന്നായ തിന്നുകളയുമെന്ന് ഞാൻ ഭയപ്പെടുന്നുവെന്ന സ്നേഹനിധിയായ പിതാവ് യഅ്ഖൂബിന്റെ വർത്തമാനത്തിൽ നിന്ന് “ചെന്നായ ” എന്ന അസാധാരണ വാക്ക് ആ മക്കൾ കേൾക്കുന്നു. അവരത് അദ്ദേഹത്തോട് തന്നെ അധികം താമസിക്കാതെ ഉപയോഗിച്ചു കളഞ്ഞുവെന്നത് പാരന്റിങ്ങിലെ ബോധപൂർവം ശ്രദ്ധിക്കേണ്ട സംഗതിയിയിലേക്കാണ് സൂചന നൽകുന്നത്. മക്കളുടെ മുമ്പിൽ നാമുപയോഗിക്കുന്ന പദപ്രയോഗങ്ങളിൽ പോലും ശ്രദ്ധിക്കണമെന്നാണ് ആ പരാമർശം നമ്മെ പഠിപ്പിക്കുന്നു.

യൂസഫി (അ)ന്റെ കുപ്പായം ( ഖമീസ് ) സൂറ: യിൽ 3 സന്ദർഭങ്ങളിൽ ആവർത്തിച്ചിട്ടുണ്ട് . ഒരു വസ്തു തന്നെ മൂന്നു സംഗതികളുടെ രൂപകമായി വരുന്നത് ക്ലാസിക്കൽ സാഹിത്യങ്ങളിൽ പോലും വിരളമാണ്; മൂന്നും മൂന്നു സന്ദർഭങ്ങൾ .
ഒന്ന് 12:18 ൽ സങ്കടത്തിന് കാരണമായാണ് കുപ്പായം ചിത്രീകരിക്കുന്നതെങ്കിൽ
രണ്ട് 12:26-27 ൽ നിരപരാധിത്വം തെളിയിക്കുന്ന തെളിവായാണ് ബോധ്യപ്പെടുത്തുന്നത്.
മൂന്ന് 12: 93 സന്തോഷവാർത്താ സൂചകവും..
ഇന്ന് നിങ്ങളെ ദു:ഖിപ്പിക്കുന്നത് നാളെ നിങ്ങളുടെ നിരപരാധിത്വം തെളിയിക്കാനും അവസാനം സന്തോഷദായകവുമാണെന്നാണ് ആ കുപ്പായം പ്രതീകവത്കരിക്കുന്നത്.

പാതിവ്രത്യം സ്ത്രീകളിൽ മാത്രമായി പരിമിതപ്പെടുത്തുന്ന നാട്ടു നടപ്പുശീലങ്ങൾ ധാർമ്മികമായി ശരിയല്ലെന്നും പുരുഷന്മാരിലും പാതിവ്രത്യം വളരെ വലിയതോതിൽ ബാധകമാണെന്നും 23-ാം സൂക്തം സൂചിപ്പിക്കുന്നു . അഥവാ മക്കളിൽ വളർത്തു ദോഷം സംഭവിച്ചിട്ടുണ്ടെങ്കിൽ ആൺമക്കളിലും പെൺമക്കളിലും ഒരുപോലെ അത് പ്രകടമാവുമെന്നും ആ വാചകം പറയാതെ പറയുന്നുണ്ട്.

രാജ്ഞിയുടെ മണിയറയിലെ രഹസ്യ ജാരനായി സസുഖം വാഴാമായിരുന്ന, നാട്ടിലെ സുന്ദരികളുടെ ഹീറോയായ യൂസുഫ് മണിയറക്ക് പകരം ജയിലറ തെരെഞ്ഞെടുക്കുന്നത് (12:33 ) ഒരു തണലും ലഭിക്കാത്ത നാളിൽ തണൽ ലഭിക്കുന്ന ഖിയാമത്ത് നാളുവരേക്കുമുള്ള സപ്തസുഭഗരിലേക്കുള്ള മാർഗമെന്തെന്ന് പ്രായോഗിക ജീവിതം കൊണ്ട് കാണിക്കുകയായിരുന്നു എന്ന് വേണം നാം മനസ്സിലാക്കാൻ .

തടവിൽ കഴിയുമ്പോഴും പിന്നീട് ഭക്ഷ്യവകുപ്പ് മന്ത്രിയായപ്പോഴും യൂസുഫിനോടു അവർ പറഞ്ഞത് : “ഞങ്ങൾ നിങ്ങളെ സുകൃതവനായി കാണുന്നു.” എന്നാണ് (12:36, 78) തനിത്തങ്കം സാഹചര്യങ്ങളാൽ മാറില്ല എന്നർഥം !! അധികാരത്തിന്റെ ചക്കരക്കുടം കാണുമ്പോൾ കയ്യിട്ടു വാരാതിരിക്കാൻ മനസ്സിൽ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് യൂസുഫിന്റെ ആ സുകൃതം (ഇഹ്സാൻ).

ആ നാട്ടിലെ സൊസൈറ്റി ലേഡികൾ പറഞ്ഞത് 51ാം സൂക്തത്തിൽ പറയുന്നതിങ്ങനെ : “അല്ലാഹുവിൻറെ പരിശുദ്ധിയെ വാഴ്ത്തുന്നു! അയാളെപ്പറ്റി യാതൊരു തിൻമയും ഞങ്ങൾ അറിഞ്ഞിട്ടില്ല.”

നിങ്ങളുടെ ഗതകാലചരിത്രം നിങ്ങളെ ഏതു സാഹചര്യത്തിലും സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതാണ്. അതിനെ കലർപ്പില്ലാതെ പരിപാലിക്കുക എന്ന അതിസൂക്ഷ്മ പാഠം നൽകുക കൂടി ചെയ്യുന്നുണ്ട് പ്രസ്തുത സൂക്തം.

“‍ ശരണം! നിശ്ചയമായും അവനാണ്‌ എൻറെ രക്ഷിതാവ്‌. അവൻ എൻറെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു.”

യൂസുഫിന്റെ പേരിൽ മാത്രം ദുഃഖിക്കുന്ന പിതൃ മനസ്സ് 84-ാം സൂക്തത്തിൽ കാണാം. യൂസഫ് ഒഴികെ അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും അദ്ദേഹത്തോടൊപ്പമുണ്ടെങ്കിലും ചില വിടവുകൾ ചിലർക്ക് മാത്രമേ പൂരിപ്പിക്കാൻ കഴിയൂ എന്നറിയിക്കുന്നു.അതായത്, മറ്റാരെ കൊണ്ടും ചില ശൂന്യതകൾ പരിഹരിക്കാൻ കഴിയില്ല.

“അതിനാൽ ഞങ്ങളുടെ സഹോദരനെ ഞങ്ങളോടൊപ്പം ” 63-ാം ആയത്തിൽ പറഞ്ഞ അതേ സഹോദരന്മാർ(പിടിക്കപ്പെടുന്നതിന് മുമ്പേ )ഞങ്ങളാരും കള്ളൻമാരല്ല എന്ന് പറഞ്ഞ “അവർ തന്നെ (പിടിക്കപ്പെട്ടതിനു ശേഷം ) അവൻ കള്ളനാണ് , അവന്റെ സഹോദരൻ പണ്ടേ ” എന്നു മാറ്റിപ്പറയുന്ന രാഷ്ട്രീയം ഈ ഇസ്രായേലീ മക്കളിൽ നിന്നാവും ആഗോള തെരെഞ്ഞെടുപ്പ് തന്ത്രമായി രാഷ്ട്രീയക്കാർ പഠിച്ചിട്ടുണ്ടാവുക. അഥവാ ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ ഉപ്പാ,ഞങ്ങളുടെ ചങ്ക് ബ്രോയെ ഞങ്ങളുടെ കൂടെ വിട്ടു കൂടെ(കാര്യം കാണും വരെ) ഡാഡ് ,തന്റെ മോൻ കട്ടു(ആരോപിതനായാൽ / പിടിക്കപ്പെട്ടാൽ ) [12:81] എന്നതിനെ കാലികമായൊന്ന് വായിച്ച് നോക്കുക.

“യൂസുഫ് അത് തൻറെ മനസ്സിൽ ഗോപ്യമാക്കിവെച്ചുവെന്ന്” എന്ന് 12:77 ൽ പറയുന്നത് നാം നമ്മുടെ നിത്യജീവിതത്തിൽ പാലിക്കേണ്ട ഒരു ശീലമാണ്. നമ്മുടെ അടുത്തുള്ളവരിൽ നിന്ന് ചിലപ്പോൾ വേദനിപ്പിക്കുന്ന വാക്കുകൾ കേട്ടേക്കാം, അവയെ അവഗണിച്ച് അവരിൽ നിന്ന് പിന്തിരിയുക,പ്രതികരിക്കാൻ തിരക്കുകൂട്ടരുത്, മറച്ചുവെക്കൽ ഒരു നല്ല നന്മയാണ് എന്നിങ്ങനെയുള്ള അനുപമമായ അതി സൂക്ഷ്മ വ്യക്തിവികാസപാഠങ്ങൾ നല്കുന്നു.

“പോയി യൂസുഫിനെയും സഹോദരനെയും അന്വേഷിച്ചു ” എന്ന 87-ാം സൂക്തം വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട മകനും ഈയിടെ മാത്രം നഷ്ടപ്പെട്ട മകനും മാതാപിതാക്കളുടെ മനസ്സിൽ ഇപ്പോഴും ഒരുപോലെയാണെന്ന് പഠിപ്പിക്കുന്നു. സർവോപരി എത്ര കൊല്ലം മുമ്പ് കാണാതായ സന്താനത്തേയും തിരിച്ചു കിട്ടാൻ ദൈവവിധിയുണ്ടെങ്കിൽ അതിന് യാതൊരു തടസ്സവുമില്ലെന്ന സന്തോഷ വാർത്തയുമുൾകൊള്ളുന്നുണ്ട് ആ വാചകം.

“ഞാൻ യൂസുഫ്, ഇതാണ് എന്റെ സഹോദരൻ ” (12:90) എന്ന പ്രൊമോഷൻ വാചകം നോക്കൂ. തന്റെ പ്രൊഫൈൽ രാഷ്ട്രീയപരമായി അപ്ഡേറ്റ് ചെയ്യാൻ പറ്റുന്ന സന്ദർഭത്തിലും യൂസുഫ് നബി (സ) പറഞ്ഞത് താൻ അവരുടെ പഴേ യൂസുഫ് മോൻ തന്നെയെന്നാണ്. ഇപ്പോൾ ഈജിപ്തിലെ VVIP ആണ് “ഞാനെന്ന് ” വേണമെങ്കിൽ പറയാമായിരുന്നു. എന്നിട്ടും വേണ്ടപ്പെട്ടവരുടെ മുമ്പിൽ പ്രോട്ടോകോളുകൾക്ക് സ്ഥാനമില്ല എന്ന് തെര്യപ്പെടുത്തി തരുകയായിരുന്നു നേർത്ത ആത്മാവിന്റെ ഉടമയായ യൂസുഫ് .സ്ഥാനങ്ങളിലോ പദവികളിലോ പൊങ്ങച്ചം കാണിക്കാൻ ശ്രമിക്കുന്ന രീതി നല്ലമനുഷ്യരിൽ നമുക്ക് കാണാൻ കഴിയില്ല.

സൂറ യൂസുഫിനെ മികച്ച കഥകൾ (അഹ്സനുൽ ഖസ്വസ് ) എന്നാണ് ഖുർആൻ വിളിച്ചത്. ഒരു സ്വപ്നത്തിൽ ആരംഭിച്ച് , ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതോടെ അവസാനിച്ച അധ്യായമാണിത്. നമ്മുടെ സ്വപ്നങ്ങളിൽ സ്ഥേയസോടെ ഉറച്ചുനിൽക്കാൻ നാഥൻ നമ്മോട് പറയുകയാണ്ഈ അധ്യായത്തിലുടനീളം.

രോഗിയുടെ അസുഖം സുഖപ്പെടുമെന്നും കാണാതായവൻ മടങ്ങിവരുമെന്നും ദുഃഖിക്കുന്നവർ സന്തോഷിക്കുമെന്നും ഏത് വിഷമവും നാഥൻ നീക്കുമെന്നും ലക്ഷ്യസ്ഥാനത്തേക്ക് അനുക്രമം മുന്നേറുന്നവൻ അവിടേക്കെത്തുമെന്നും ഈ സൂറ: ആദ്യന്തം മൊത്തത്തിൽ പഠിപ്പിക്കുന്നു.

നിന്റെ സ്വപ്നങ്ങൾ ഒരു പക്ഷേ ഇപ്പോൾ പൊട്ടക്കിണറ്റിലാവും. എന്നാലും അസീസെന്ന പ്രതീക്ഷയുടെ തേരിലേറി അവർ രാജകൊട്ടാരത്തിലേക്ക് പറക്കും, രോഗിയുടെ ദീനം മാറും, കാത്തിരിക്കുന്നവനെ സ്നേഹത്തോടെ തിരിച്ചു തരും. പ്രയാസങ്ങൾ മാറും; ദു:ഖിതൻ ശുഭാന്ത്യത്തിൽ പുഞ്ചിരിക്കും. ഏത് പ്രയാസത്തിനോടൊപ്പവും എളുപ്പമുണ്ട്.വിഷാദത്തിന് ശേഷം സന്തോഷ ദായകമായ പ്രഭാതവും കാത്തിരിക്കുന്നുവെന്നും വളരെ മൃദുവായി വിളിച്ചു പറയുന്നുണ്ട് ഈ അധ്യായം.

Related Articles