Current Date

Search
Close this search box.
Search
Close this search box.

ഖുർആൻറെ പ്രായോഗിക തത്ത്വശാസ്ത്രം

നിഷേധികൾ സജീവമാവുമ്പോൾ വിശ്വാസികൾ മടിയന്മാരാവുകയോ ?! കേവലം സന്ദേഹമാണ്!
കൃഷി, വ്യവസായം, വാണിജ്യം, ഭരണനിർവ്വഹണം, സാങ്കേതിക വിദ്യ എന്നിവയിൽ നിഷേധികൾ വളരെ സജീവമായി മുന്നോട്ടു പോവുമ്പോൾ ഈ മേഖലകളിലെല്ലാം നാം – വിശ്വാസികൾ – നിഷ്‌ക്രിയരാണെങ്കിൽ ഭാവിയിൽ എന്താവും നമ്മുടെ സ്ഥിതി?!

ഈ മാനസിക മന്ദതയും ഭൗതികവും ധാർമ്മികവുമായ അനാസ്ഥയിൽ നാമിനിയും മുന്നോട്ടു പോയാൽ എപ്പോഴെങ്കിലും വിജയിക്കാൻ നമുക്കാവുമോ? അതോ എല്ലാ ഇടങ്ങളിലും തോറ്റുകൊടുക്കാൻ തന്നെയാണോ വിശ്വാസികളുടെ ഭാവം ?!

വേദനാജനകമായ ഇത്തരം യാഥാർത്ഥ്യങ്ങൾ സംസാരിക്കുമ്പോൾ നമുക്ക് മൗനം പാലിക്കാനാണ് തിട്ടൂരം !! പ്രവാചകന്മാരെ ലോഹ വ്യവസായങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും പടക്കോപ്പുകൾ നിർമിച്ച സച്ചരിതരായ മുൻഗാമികൾ നമുക്കുണ്ടായിരുന്നുവെന്നും കോട്ടകൾ പണിയുന്നതിലും സംരക്ഷിക്കുന്നതിലും വിദഗ്ധരായ അനുചരർ തുടർന്നും അവർക്കുണ്ടായിരുന്നുവെന്നും വിശുദ്ധ ഖുർആൻ സൂചനകൾ നൽകുന്നു.
ഭൂമിശാസ്ത്രം, അന്തരീക്ഷത്തിന്റെ പാളികളെ സംബന്ധിച്ച വിജ്ഞാനീയങ്ങൾ, എഞ്ചിനീയറിംഗ്, പ്രകൃതി, രസതന്ത്രം, ഗോളശാസ്ത്രം എന്നിവയെല്ലാം ഗ്രഹിച്ച ദാവൂദ് നബിയുടെ ചരിത്രത്തിലേക്കുള്ള ഖുർആനിക സൂചന തന്നെ ധാരാളം :

“പൂര്‍ണ്ണവലിപ്പമുള്ള കവചങ്ങള്‍ നിര്‍മിക്കുകയും, അതിന്‍റെ കണ്ണികള്‍ ശരിയായ അളവിലാക്കുകയും, നിങ്ങളെല്ലാവരും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുക” 34:11

ചൂളകൾ കത്തിക്കുകയും ലോഹങ്ങൾ ഉരുക്കുകയും അജയ്യമായ കോട്ടകളുടെ നിരകൾ പണിയുകയും ചെയ്തു ദുൽ ഖർനൈൻ ചരിത്രത്തിൽ പാപ്പരായോ ??
കപ്പലുകൾ പണിത് എതിരാളികൾക്ക് ഉപരോധം ശക്തമാക്കിയ മുഹമ്മദുൽ ഫാതിഹ് എപ്പോഴെങ്കിലും പരാജയപ്പെട്ടോ ??

പ്രപഞ്ചത്തിന്റെയും ജീവിതത്തിന്റെയും സ്പന്ദനമായ ശാസ്ത്രത്തെ പരാന്നഭോജിയായി കണക്കാക്കുന്നവർ, പൊള്ളയായ വാക്കുകളാൽ വിരലുകൾ ചലിപ്പിച്ചു കൊണ്ടിരിക്കുന്ന ജപമാലകളിൽ മതം സുരക്ഷിതമാണെന്ന് തെറ്റുധരിച്ചിരിക്കുന്നവരാണ്. സ്വപ്നങ്ങൾ കാണാൻ പോലും കഴിയാത്ത നിത്യ പീഡിത ജന്മങ്ങൾ !! . ലോകത്ത് നടക്കുന്ന മാറ്റങ്ങൾ കാണാൻ സാധിക്കാത്ത കേവലം അന്ധർ !! ഖുർആൻറെ പ്രായോഗിക തത്ത്വശാസ്ത്രത്തിലേക്ക് മടങ്ങി , അതിന്റെ ചൈതന്യം ആവാഹിച്ചിരുന്നുവെങ്കിൽ അവർ ഒരിക്കലും നിസ്സംഗരാവില്ലായിരുന്നു.

‘തീര്‍ച്ചയായും, നമ്മുടെ ദൂതന്മാരെ വ്യക്തമായ തെളിവുകള്‍ സഹിതം നാം അയച്ചിരിക്കുന്നു. മനുഷ്യര്‍ നീതിമുറയനുസരിച്ച് നിലകൊള്ളുവാന്‍ വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും, നീതിയാകുന്ന തുലാസ്സും ഇറക്കുകയും ചെയ്തിരിക്കുന്നു. ഇരുമ്പും നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു അത്. നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌. ” 57:25

( അന്താരാഷ്ട്ര പണ്ഡിത വേദി നടത്തുന്ന
IUMS online.org മാഗസിൻ പ്രസിദ്ധീകരിച്ച ലഘു കുറിപ്പ് )

വിവ : ഹഫീദ് നദ്‌വി കൊച്ചി

Related Articles