Current Date

Search
Close this search box.
Search
Close this search box.

അടുക്കളയിൽ നിന്നും ഒരു ഖുർആൻ വ്യാഖ്യാനം

വിവാഹം കഴിഞ്ഞ് പഠിച്ചതൊന്നും പിന്നെ ഓർക്കാൻ പോലും കഴിയാത്ത ഒരുപാട് പുരുഷ കേസരികളെയും മഹിളാ രത്നങ്ങളെയും നമുക്കറിയാം. അവരിൽ പലരും പിന്നെ മക്കൾ പഠിക്കുന്ന സ്കൂളിലോ കോളേജിലോ പോലും പോവുന്നത് വർഷത്തിൽ വല്ലപ്പോഴും മാത്രം നടക്കുന്ന പി ടി എ മീറ്റിങ്ങുകൾക്കാവും.എന്നാൽ അങ്ങ് മധേഷ്യയിൽ കൃത്യമായി പറഞ്ഞാൽ ഫലസ്തീനിലെ ഒരു വീട്ടമ്മ ഖുർആൻ വ്യാഖ്യാനമെഴുതി ചരിത്രം കുറിച്ചത് ഈയിടെയാണ്. സെക്കന്ററി സ്കൂളിനും ഹൃസ്വമായ ട്രൈനിങ് പഠനത്തിനും ശേഷം 1962 ൽ 18-ാം വയസ്സിൽ വിവാഹിതയായെങ്കിലും ഭർത്താവിന്റെയും പിതാവിന്റെയും പൂർണ്ണ പിന്തുണയിൽ നാഇല എന്ന ആ വീട്ടമ്മ സൃഷ്ടിച്ച ചരിത്ര വിജയമെന്തെന്ന് അന്വേഷിക്കുന്നത് നമ്മിലേവരിലും കൗതുകവും ആവേശവുമുണർത്തുന്നതാണ്. 1944 ൽ ഫലസ്തീനിലെ ഖൽഖീലിയ്യയിൽ മത പശ്ചാത്തലമുള്ള സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്ന നാഇല ഹസൻ സ്വബ് രിയാണ് ഖുർആൻ മുഴുവനായും വ്യാഖ്യാനിച്ച ആദ്യ വനിതയായി ചരിത്രത്തിൽ തന്റെ നിയോഗം അടയാളപ്പെടുത്തിയത്.

അതും എല്ലാവരും വിശ്രമ ജീവിതം ആസ്വദിക്കുന്ന അമ്പത് വയസ്സിന് ശേഷം, നിരന്തരമായ 25 വർഷത്തെ സപര്യയിലൂടെ സമ്പൂർണ്ണ ഖുർആൻ വ്യാഖ്യാനമെഴുതിയ വനിത എന്ന നിലയിൽ കാലം രേഖപ്പെടുത്തുന്നത് ശൈഖ നാഇലയെ ആയിരിക്കും.. അൽ-അസ്ഹറിലെ ബിരുദധാരിയും, ഖൽഖീലിയ്യ ഗവർണറേറ്റിലെ മുഫ്തിയും, ഉമരി മസ്ജിദിലെ (പഴയ പള്ളി) ഇമാമും, അദ്ധ്യാപകനുമായിരുന്ന പരേതനായ ശൈഖ് ഹാശിം ഹസൻ സ്വബ്രിയുടെ മകളും 1978 CE വരെ മുറാബിത്വീൻ, സഅദിയ സ്കൂളുകളിലെ അധ്യാപകനും അഖ്‌സ്വാ പള്ളിയിലെ ഖത്വീബും ഫലസ്തീൻ പ്രദേശങ്ങളിലെ മുഫ്തിയുമായിരുന്ന ശൈഖ് ഡോ. ഇക്രിമ സെയ്ദ് സബ്രിയുടെ ഭാര്യയുമാണ് നാഇല .

ഇസ്ലാമിക ചരിത്രത്തിലെ ആദ്യ ഖുർആൻ പണ്ഡിത ഹസ്റത് ആഇശ ബീവി (റ)ആയിരുന്നു എന്ന് നമുക്കറിയാം.പിന്നീട് ഇമാം സിരിക് ലി പറഞ്ഞത് പോലെ ഹസ്റത് ഹസൻ (റ) ന്റെ പുത്രി നഫീസ (റഹ്) ഖുർആൻ വ്യാഖ്യാനത്തിലും ഹദീസിലും ഒരുപോലെ പണ്ഡിതയായിരുന്നുവെന്നതും ശേഷം ഇബ്നു നുജയ്യയുടെ മാതാവും, തുടർന്ന് യാസ്മീന ബിൻത് സീറാവന്ദിയും, പിന്നീട് ജാനാൻ ബീഗവും , ഒടുവിൽ ഔറംഗസീബ് സുൽത്താന്റെ പുത്രി റൈബുനിസായും ഇന്നലെകളിൽ ഖുർആനിക വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തിയവരും ഇസ്ലാമിക വിഷയങ്ങളിൽ എഴുതിയിരുന്നവരുമായിരുന്നു.

ആധുനിക കാലത്ത് സൈനബുൽ ഗസാലി ഖുർആനിലെ ആദ്യഭാഗത്തിന് നദ്റാതുൻ ഫീ കിതാബില്ലാഹ് എന്ന പേരിൽ വ്യാഖ്യാനമെഴുതിയത് പ്രസിദ്ധമാണ്. ആധുനിക കാലത്ത് ആഇശ അബ്ദുർറഹ്മാൻ ബിൻതുശ്ശാത്വിഇയുടെ അത്തഫ്സീറുൽ ബയാനീ എന്ന ഖുർആനിലെ അവസാന ഭാഗത്തിന്റെ വ്യാഖ്യാനവും വിശദീകരണവും വിഖ്യാതങ്ങളാണ് . അവയൊന്നും സമ്പൂർണ്ണ വ്യാഖ്യാനങ്ങളായിരുന്നില്ല താനും.

ഹന്നാൻ ബിൻത് മുഹമ്മദ് അല്ലഹ്‌ഹാൻ, ഡോക്ടർ മാജിദ അബ്ദുറസാഖ് , കാമില ബിൻത് മുഹമ്മദ് കുവാരി (ദോഹ) എന്നിവർ
ഖുർആനിക വിഷയങ്ങളിൽ കൂടുതൽ പഠനം നടത്തുകയും എഴുതുകയും ചെയ്തു വന്ന അപൂർവ്വം ചില വനിതാ രത്നങ്ങളാണ് ; സംശയമില്ല. സംറ കോറോൺ ജെക്മെഖിൽ തുര്ക്കിക്കാരിയായ ഗവേഷകയാണ്. അവർ പതിമൂന്ന് വോള്യങ്ങളിലായി തുർക്കി ഭാഷയിലെഴുതിയ തഫ്സീറാണ് ‘അൽഖാരിഅ്’. എന്നാൽ നമ്മുടെ കഥാനായിക ശൈഖ നാഇല ഖുർആന്റെ സമ്പൂർണ വ്യാഖ്യാന ഗ്രന്ഥമായ അൽ മുബ്സ്വിർ ലി നൂരിൽ ഖുർആൻ ( ഖുർആനിക വെളിച്ചത്തിന്റെ പ്രകാശനം ) എന്ന പേരിൽ 10 വാള്യങ്ങളിലായി (മൂന്നു ജുസ്ഇന് ഒരു വാള്യമെന്ന നിലക്ക് ) പരിപൂർണാർഥത്തിലുള്ള അറബി തഫ്സീർ രചിക്കുന്നത്. അതിനായ് അവർ ഇറങ്ങിപ്പോന്ന സ്ഥാപനത്തിന്റെ ലൈബ്രറി മുതൽ ചെറുപ്പത്തിൽ പോവാനാഗ്രഹിച്ച അന്താരാഷ്ട്ര ലൈബ്രറികളെല്ലാം കയറി ഇറങ്ങുകയായിരുന്നു.

പിതാവിന്റെയും ഭർത്താവിന്റെയും ഗ്രന്ഥശേഖരങ്ങളും ഉപദേശ നിർദേശങ്ങളും നാഇലക്ക് എപ്പോഴും തണലായുണ്ടായിരുന്നു.പിന്നീട് ആ തഫ്സീറിന്റെ പ്രത്യേകതകളും രീതികളും ശൈലികളും പഠിതാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ നഹ്ജുൽ മുബ്സ്വിർ എന്ന പേരിൽ ഒരാമുഖം രചിച്ചു. അങ്ങനെ 11 വാള്യങ്ങളുള്ള അതി ബൃഹത്തായ ഒരു തഫ്സീർ ഖുർആൻ വ്യാഖ്യാന ശാസ്ത്രത്തിന് ആധുനിക കാലത്ത് സമ്മാനിച്ചത് പച്ച മലയാളത്തിൽ പറഞ്ഞാൽ ഒരു ഈ വല്ലിമ്മയുടെ അധ്വാന ഫലമാണ്.

അവരെ തഫ്സീർ എഴുതാൻ പ്രേരിപ്പിച്ച നിരവധി നിമിത്തങ്ങളുണ്ട്, അവർ തന്നെ പറഞ്ഞതുപോലെ: “ പരമ്പരാഗത വ്യാഖ്യാന ഗ്രന്ഥങ്ങൾ, സംഭവ ലോകത്തെ യാഥാർത്ഥ്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള വായനക്കാരന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്തുന്നില്ല എന്ന ബോധ്യമാണ് പുതിയ ഖുർആൻ പഠനത്തിന് തന്നെ പ്രേരിപ്പിച്ചത്.ഖുർആൻ അല്ലാഹുവിന്റെ കലാം/സംസാരമാണ്. സ്ഥലവും കാലവും ലോകവുമെല്ലാം പരിഗണിച്ച് നാം അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ കൈകാര്യം ചെയ്യുമ്പോൾ, പ്രത്യേകിച്ചും ആളുകളുടെ യാഥാർത്ഥ്യത്തിലേക്കുള്ള അതിനുള്ള മറുപടി നല്കാൻ അതിന്നാവണം.പുതിയ തലമുറയിൽ പലരും പുരാതന ഗ്രന്ഥങ്ങൾ പഠിക്കാൻ വിമുഖത കാണിക്കുന്നതായി കണ്ടെത്തിയ ശൈഖ ക്ലാസിക്കലായ ആ ഗ്രന്ഥത്തിന്റെ അർത്ഥം മനസ്സിലാക്കാനുള്ള സാധാരണക്കാരന്റെ ബുദ്ധിമുട്ടും അഭ്യസ്ഥവിദ്യന് പോലും മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഷാപരമായ പ്രയോഗവുമെല്ലാം ലളിതമായി അവതരിപ്പിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ടപ്പോഴാണ് ഈ മഹാശ്രമത്തിന് ഉദ്യുക്തയായത്. ആധുനിക ശാസ്ത്രവുമായും കാലിക പ്രസക്തിയുള്ള കണ്ടെത്തലുകളുമായും ബന്ധിപ്പിച്ച് ഖുർആന്റെ വെളിച്ചത്തെ കൂടുതൽ തെളിച്ചമുള്ളതാക്കാനുള്ള എളിയ പരിശ്രമമായാണ് അവർ മുബ്സ്വിറിനെ കാണുന്നത്.

തഫ്സീർ എഴുതുന്നതിനുമുമ്പ് അവർ നടത്തിയ സെമിനാറുകളിൽ പങ്കെടുത്ത പലരുടെയും ചോദ്യങ്ങളുടെയും ആഗ്രഹങ്ങളുടെയും അകാദമികമായ മറുപടി കൂടിയാണത്. നബി (സ്വ) സ്വപ്നത്തിലെത്തി തന്നോട് ഈ ദൗത്യം ഏറ്റെടുക്കുവാൻ ഒന്നിൽക്കൂടുതൽ തവണ ഉണർത്തിയതായും അവർ ഓർക്കുന്നു. രചന ആരംഭിച്ച് നാലു വാള്യങ്ങൾ പൂർത്തിയായ ശേഷം തന്റെ ഗ്രന്ഥത്തെ നബി ആലിംഗനം ചെയ്യുന്നതും തുടർന്ന് മസ്ജിദുന്നബവിയിൽ തഹജ്ജുദുമായി കഴിച്ചു കൂട്ടിയ ഭക്തി സാന്ദ്രമായ മറ്റൊരു രാത്രിയിലും ഇതേ അനുഭവമുണ്ടായതും അവർ തഫ്സീർ രചന വേഗത്തിലാക്കാൻ കാരണമായതായി ശൈഖ അനുസ്മരിക്കുന്നു.

1966 മുതൽ പ്രസിദ്ധീകരിച്ച ഫലസ്തീനിയൻ ദിനപത്രങ്ങളിലെ ലേഖനങ്ങളും ’72 ൽ വംദാത് ഫീ ദലാം (ഇരുട്ടിലെ വെട്ടങ്ങൾ) എന്ന പേരിലെഴുതിയ കഥകളും കവാകിബുന്നിസാ എന്ന പേരിൽ ’78-ൽ 30-ലധികം ചരിത്ര പ്രസിദ്ധരായ വനിതാരത്നങ്ങളെക്കുറിച്ചുള്ള പഠനവും ’79 ൽ ഫലസ്തീനിയ്യ: സഅബ്ഖാ ( ഫലസ്തീനിയായി തുടരും )എന്ന രാഷ്ട്രീയ ലേഖനങ്ങളുടെയും നാടകങ്ങളുടെയും ഇൻതിഫാദ സംബന്ധിയായ ചെറുകഥാ സമാഹാരവും ’80 ൽ രചിച്ച ഹാദിഹി ഉമ്മതീ :അൽ ഖുദ്സ് (ഖുദ്സ് എന്റെ സമൂഹം ) സാമൂഹികവും ആദർശപരവും സാംസ്കാരികവുമായ ലേഖനങ്ങളും അടങ്ങിയ ഒരുപാട് ഗ്രന്ഥങ്ങൾ ശൈഖ രചിച്ചിട്ടുണ്ട്.’95 ൽ ഉംറ: അനുഷ്ഠാനങ്ങളെക്കുറിച്ചും 2000 ൽ ഹജ്ജിന്റെ കർമ്മങ്ങളെ കുറിച്ചും ലളിത ഭാഷയിലുള്ള ഫിഖ്ഹീ ഗ്രന്ഥങ്ങളും ശൈഖ നാഇലയുടെതായി ലഭ്യമാണ്.

ഉത്തരവാദിത്വങ്ങൾ :

1-1982 മുതൽ ഖുദ്‌സിലെ വിമൻ ഓഫ് ഇസ്‌ലാം അസോസിയേഷന്റെ പ്രസിഡന്റ്.
2- റെഡ് ക്രസന്റ് സൊസൈറ്റി – ഖുദ്സ് അംഗം.
3- പലസ്തീനിലെ ഫെഡറേഷൻ ഓഫ് വോളണ്ടറി വിമൻസ് അസോസിയേഷനിലെ അംഗം.
4- ഫലസ്തീനിയൻ റൈറ്റേഴ്സ് യൂണിയൻ അംഗം.
5- റാമല്ലയിലെ സൈതൂന ബലദുനാ
മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗം
6- ഫലസ്തീൻ എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും ജനറൽ യൂണിയൻ അംഗം

വിദ്യാഭ്യാസം | നേട്ടങ്ങൾ

‘ 62 ൽ ഹൈസ്കൂൾ സെർട്ടിഫിക്കറ്റ് പാസാവുമ്പോഴേക്കും അധ്യാപക പരിശീലനവും ലഭിച്ചിരുന്നു.മൂന്നു വർഷം റിയാദിൽ പഠിപ്പിച്ചു. അൽ-അഖ്സ മസ്ജിദിൽ പ്രതിവാര ക്ലാസുകൾ നൽകുന്നു. അവർ പ്രസിഡന്റായുള്ള വിമൻ ഓഫ് ഇസ്‌ലാം അസോസിയേഷനിൽ ഖുർആൻ പ്രഭാഷണങ്ങൾ.
1990 മുതൽ ബ്രസീൽ, റൊമാനിയ, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഇന്ത്യ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ് , തുർക്കി, ബോസ്‌നിയ & ഹെർസഗോവിന, ബെൽജിയം, നോർവേ, ഫ്രാൻസ്, സ്വീഡൻ, ഡെൻമാർക്ക്, കാനഡ, ജർമ്മനി, എന്നിവിടങ്ങളിലെ ഇസ്ലാമിക കേന്ദ്രങ്ങളിൽ ഖുർആൻ പ്രഭാഷണങ്ങളും പരിപാടികളും നടത്തുകയും ചെയ്തിട്ടുണ്ട്.

2002-ൽ ലാറ്റിനമേരിക്കയിലും കരീബിയനിലും നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കാളിത്തം.
1980-1990 മുതൽ അമ്മാനിലെ ജോർദാനിയൻ റേഡിയോയിൽ മതപ്രഭാഷണങ്ങൾ .
2003 UAE പ്രസിഡന്റായിരുന്ന ശൈഖ് സായിദിന്റെ ക്ഷണപ്രകാരം എമിറേറ്റുകളിൽ നടത്തിയ റമദാൻ ക്ലാസുകൾ .തുടർന്ന് ശൈഖ ഉഹൂദ് ബിൻത് റാശിദ് അൽ മുഅല്ലയുടെ ക്ഷണപ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റിലെ ഉമ്മുൽ-ഖുവൈനിലും ഒമാൻ, ബഹ്‌റൈൻ, ഖത്വർ , മൊറോക്കോ, ലിബിയ, യെമൻ, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നടത്തിയ ഖുർആൻ പ്രഭാഷണ പരമ്പരകളും ശൈഖ നാഇലയുടെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളാണ്.

റഫറൻസ്
https://aja.me/5cxeu4
സ്വാലിഹ് പുതുപൊന്നാനിയുടെ FB എഴുത്തുകൾ

Related Articles