Current Date

Search
Close this search box.
Search
Close this search box.

സ്വർഗം വിശ്വാസികളുടെ പരമലക്ഷ്യം

إِنَّ الَّذِينَ آَمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتُ النَّعِيمِ
നിശ്ചയം വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് അനുഗ്രഹീതമായ സ്വർഗീയാരാമങ്ങളുണ്ട് (സൂറ: ലുഖ്മാൻ : 8)

വിശ്വാസികൾക്ക് അല്ലാഹുവിൽ നിന്നുള്ള, വാക്കുകൾ കൊണ്ട് വർണിക്കാനാകാത്ത സമ്മാനമാണ് സ്വർഗം. ഖുർആനിക പദം ജന്ന/جنة. തോട്ടം, ഉദ്യാനം എന്നെല്ലാമാണ് വിവക്ഷ. ഏഴാകാശവും കടന്ന്ചെന്ന് സിദ്റത്തുൽ മുൻതഹയോളമെത്തിയ പ്രവാചകൻ(സ) സ്വർഗത്തെക്കുറിച്ച് പറഞ്ഞത് ‘ഒരു കണ്ണും കാണാത്തതും ഒരു കാതും കേൾക്കാത്തതും ഒരു മനുഷ്യ മനസ്സും സങ്കൽപ്പിച്ചിട്ടില്ലാത്തതുമായ വസ്തുക്കളാണ് അല്ലാഹു സ്വർഗത്തിൽ ഒരുക്കിയിട്ടുള്ളത് ‘ എന്നാണ്. സ്വർഗത്തിൽ ഏറ്റവും ഉന്നതമായത് ഫിർദൗസാണ്. പ്രവാചകൻ(സ) പറഞ്ഞു: ”നിങ്ങൾ അല്ലാഹുവിനോട് ചോദിക്കുമ്പോൾ ഫിർദൗസ് തന്നെ ചോദിക്കുക. സ്വർഗത്തിന്റെ മധ്യത്തിലാണത്. ഏറ്റവും ഉന്നതമായ പടിയുമാണത്. അതിന്മേൽ കാര്യണ്യവാന്റെ സിംഹാസനം നിലകൊള്ളുന്നു.”

വിശാലമായ ആ സ്വർഗം നേടിയെടുക്കാൻ നിങ്ങൾ ധൃതി കാണിക്കുവിൻ എന്നതാണ് അല്ലാഹുവിന്റെ ഉപദേശം.
അല്ലാഹു പറയുന്നു:
سَابِقُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ السَّمَاءِ وَالْأَرْضِ നിങ്ങളുടെ രക്ഷിതാവിൽ നിന്നുള്ള പാപമോചനത്തിലേക്കും ആകാശ ഭൂമികളോളം വിശാലമായ സ്വർഗത്തിലേക്കും നിങ്ങൾ മുൻകടന്നു വരുവിൻ (സൂറ: അൽ ഹദീദ് : 21)
പ്രവാചകൻ (സ) സ്വർഗാവസ്ഥയെ ചുരുക്കി പറഞ്ഞതിങ്ങനെയാണ് : ” വിളിച്ച് പറയുന്നവൻ വിളംബരം ചെയ്യും: നിങ്ങൾക്കവിടെ സ്ഥിരമായ ആരോഗ്യമുണ്ട്; രോഗമില്ല. സ്ഥിരമായ ജീവിതമുണ്ട്; മരണമില്ല. നിത്യ യൗവനമുണ്ട്; വാർധക്യമില്ല. നിത്യാനന്ദമുണ്ട്; ഒന്നിന്റെയും പോരായ്മയില്ല. ” (മുസ്‌ലിം)

ഈ സ്വർഗം ആർക്കാണ് ലഭിക്കുക ?
അല്ലാഹുവിന് വഴിപ്പെട്ട് അവന്റെ ദൂതന്റെ ജീവിതം പ്രായോഗികമായി പകർത്തി സൂക്ഷ്മതയോടെ ജീവിച്ചവർക്കുള്ളതാണ് സ്വർഗം. ഇസ്‌ലാമിന്റെ വിശ്വാസ കാര്യങ്ങൾ അംഗീകരിച്ച് പ്രഖ്യാപിക്കുമ്പോഴാണ് ഒരാൾ മുസ്‌ലിമാകുന്നത്. ഇഹലോക ജീവിതത്തിൽ സത്യവും ധർമവും നീതിയും മുറുകെ പിടിച്ചു സൂക്ഷ്മമായി ജീവിച്ചവർക്ക് മരണാനന്തരം ദൈവത്തിൽ നിന്നുള്ള സമ്മാനമാണ് സ്വർഗം. നബി(സ) പറഞ്ഞു: “നിങ്ങൾ വിശ്വാസികൾ ആകുന്നതുവരെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. ” (മുസ്‌ലിം)

ഉമറുബ്നു ഖത്വാബി(റ) ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഖത്താബിന്റെ മകൻ ഉമർ , സത്യവിശ്വാസികളല്ലാതെ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് താങ്കൾ ജനങ്ങളോട് വിളിച്ച് പറയണം . അദ്ദേഹം പറഞ്ഞു: ഞാൻ പുറപ്പെട്ടുകൊണ്ട് വിളിച്ചു പറഞ്ഞു: അറിയുക, വിശ്വാസികൾ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയുള്ളൂ. “(മുസ്‌ലിം)

അനേകം സുകൃതങ്ങളോട് ചേർത്ത് സ്വർഗം വാഗ്ദാനം ചെയ്യപ്പെടുന്നത് ഖുർആനിലും ഹദീസിലും കാണാം. അതിലൊന്നാണ് മനുഷ്യന്റെ മാർഗദർശനത്തിന് അല്ലാഹു നൽകിയ ഖുർആൻ ഹൃദയത്തിൽ സൂക്ഷിക്കൽ. ഖുർആൻ മനപാഠമാക്കിയ ആൾ സ്വർഗത്തിൽ പ്രവേശിച്ചാൽ ‘ഖുർആൻ ഓതിക്കൊണ്ട് മേൽപോട്ട് കയറിക്കൊള്ളൂ ‘ എന്ന് അദ്ദേഹത്തോട് പറയപ്പെടുമെന്നും അങ്ങനെ ഒരു സൂക്തത്തിന് ഒരുപടി കണ്ട് പഠിച്ച മുഴുവൻ സൂക്തങ്ങളും അവസാനിക്കുന്നതുവരെ അദ്ദേഹം സ്വർഗത്തിന്റെ ഉന്നതങ്ങളിലേക്ക് കയറുന്നതായിരിക്കുമെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം സ്വർഗപ്രവേശനമാണ്. അല്ലാഹു പറയുന്നു:
كُلُّ نَفْسٍۢ ذَآئِقَةُ ٱلْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ ٱلْقِيَٰمَةِ ۖ فَمَن زُحْزِحَ عَنِ ٱلنَّارِ وَأُدْخِلَ ٱلْجَنَّةَ فَقَدْ فَازَ ۗ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَٰعُ ٱلْغُرُورِ
” ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആര് നരകത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.” (ആലു ഇംറാൻ : 185)

സ്വർഗകവാടങ്ങൾക്ക് നൽകപ്പെട്ട പേരുകൾ സ്വർഗം ലഭിക്കാനുള്ള മാർഗമാണ് പറഞ്ഞ് തരുന്നത്. സ്വർഗം ഉറപ്പായ സ്വഹാബികളെ പരിചയപ്പെടുത്തിത്തന്നതും അവരെ പിൻപറ്റി സ്വർഗം നേടുന്നതിനാണ്.

അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവർക്കുള്ളതാണ് സ്വർഗം. വിശ്വാസിയുടെ ജീവിതം അലസവും അശ്രദ്ധവുമായിക്കൂട. ഐഹിക ജീവിതത്തിലെ തന്റെ സുഖങ്ങൾ മാത്രം ലക്ഷ്യമാക്കാതെ പാരത്രിക ജീവിത നേട്ടങ്ങൾക്ക് വേണ്ടി കൂടി ശ്രമിക്കണം. ഇഹലോകം കർമഭൂമിയാണ്. ഇവിടെ വെച്ച് ചെയ്യുന്ന സൽക്കർമങ്ങൾ മാനദണ്ഡമാക്കിയായിരിക്കും പരലോകത്തെ പ്രതിഫലം. കർമങ്ങൾ ചെയ്യേണ്ട രീതിയിൽ ചെയ്യുമ്പോഴാണ് വിജയം നേടാൻ സാധിക്കുക. അതുകൊണ്ട് തന്നെ റബ്ബിന്റെ വിചാരണക്ക് മുമ്പ് സ്വയം വിചാരണ ചെയ്തു കൊണ്ട് ജീവിതത്തെ മികച്ചതാക്കുക. എങ്കിൽ നാഥൻ അനുഗ്രഹിച്ച് സ്വർഗാവകാശികളിൽ ഉൾപ്പെടാം.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles