Current Date

Search
Close this search box.
Search
Close this search box.

തൃപ്തിയാകണം മനസ്സെല്ലാ കാലവും …

رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ
(അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു ,
അവരല്ലാഹുവിനെ പറ്റിയും സംപ്രീതരാണ് ..)

ഖുർആനിൽ 4 സ്ഥലങ്ങളിൽ ആവർത്തിക്കുന്ന വാക്യമാണിത്. ഓരോ തവണയും ഈ ഭാഗം കടന്നുപോകുമ്പോൾ ഈയുള്ളവൻ അത് ആവർത്തിച്ച് പാരായണം ചെയ്തു പരിചിന്തനം നടത്താൻ ശ്രമിക്കും. മാഇദ :119, തൗബ :100 , മുജാദല : 22, ബയ്യിന: 8 എന്നീ ഭാഗങ്ങളിലെല്ലാം ഒരേ പോലെ വന്നിരിക്കുന്ന വാക്യമാണത്.

സംതൃപ്‌തി(രിദ)യുടെ അർത്ഥത്തെക്കുറിച്ചുള്ള ലളിതമായ ചർച്ചയിൽ ഇമാം കിലാബാദി തന്റെ തഅർറുഫ് എന്ന ഗ്രന്ഥത്തിൽ മാഇദയിലെ 119-ാം ആയത്തിന്റെ വിശദീകരണത്തിൽ റാബിഅതുൽ അദവിയ്യ (റഹ്‌)യുടെ സദസ്സിൽ വെച്ച് സുഫ്‌യാനു ഥൗരി (റഹ്) നടത്തിയ ദുആയും അതിന് അദവിയ്യ നടത്തിയ പ്രതികരണവും പരാമർശിക്കുന്നുണ്ട്. ഇമാം ഥൗരി പ്രാർത്ഥിച്ചുവത്രെ:
اللهم ارض عني “അല്ലാഹുവേ , എന്നിൽ തൃപ്തിപ്പെടണമേ”
ഇത് കേട്ടപ്പോൾ മഹതി പ്രതിവചിച്ചത് :
( أما تستحي أن تطلب رضا من أنت ليس عنه براض)
നിങ്ങൾ പൂർണമായും തൃപ്തരല്ലാത്ത ഒരാളോട് തൃപ്തി ചോദിക്കാൻ നിങ്ങൾക്ക് നാണമില്ലേ?
എന്നാണ്. അഥവാ ഒന്നാമത്തെ തൃപ്തി ലഭിക്കാൻ രണ്ടാമത്തെ തൃപ്തി അനിവാര്യമാണെന്നർഥം

ഈ സൂക്തം കൃത്യമായി ആ രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്നു:

ആദ്യ ഭാഗം :رَضِيَ اللَّهُ عَنْهُمْ ദാസനെപ്പറ്റിയുള്ള അല്ലാഹുവിന്റെ സംതൃപ്തിയാണ്..
നാമെല്ലാവരും പരിശ്രമിക്കുന്നത് അതിന് വേണ്ടിയാണ്.
കർമ്മങ്ങളെല്ലാം ചെയ്യുന്നത് ആ രിദാക്ക് വേണ്ടി മാത്രമാണ്.ഈ ഭാഗം എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുമെന്ന് കരുതുന്നു.

രണ്ടാം ഭാഗം: وَرَضُوا عَنْهُ ഇതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം. നാം ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതും അതിലാണ്

കുറിപ്പുകാരനടക്കമുള്ള എല്ലാവരോടുമുള്ള ചോദ്യമിതാണ്: നമ്മുടെ നാഥനിൽ നാം യഥാർത്ഥത്തിൽ സംതൃപ്തരാണോ? ..
കടുത്ത ചോദ്യം.. അല്ലേ? ചോദ്യം വീണ്ടും ആവർത്തിക്കട്ടെ…
നാഥനിൽ തൃപ്തരാകുക എന്നതിന്റെ അർത്ഥമെന്താണെന്നറിയാമോ? .. ദൈവത്തോടുള്ള സംതൃപ്തി. അത് സമ്പൂർണ സമർപ്പണവും തുഷ്ടിയുമാണ്.
ഇഹലോക ജീവിതത്തിൽ നല്ലതോ ചീത്തയോ ആയ എല്ലാ കാര്യങ്ങളിലും റബ്ബ് നമുക്കായി നിശ്ചയിച്ചിരിക്കുന്നതിലുള്ള സംപ്രീതി .

റബ്ബിനോടുള്ള സംതൃപ്തി ….അസുഖം വന്നാലും , കഷ്ടതയിൽ അകപ്പെട്ടാലും റബ്ബ് നമ്മെ സുഖപ്പെടുത്തുമെന്ന് നമ്മുടെ ഹൃദയം ഉറപ്പിക്കുന്നുവെങ്കിൽ അതാണ് സംതൃപ്തി. ആളുകളോട് പരാതിപ്പെടുന്നത് നിർത്തുക എന്നത്,  ആ രിദയുടെ ഭാഗമാണ്. നമ്മുടെ കാര്യം അവനെ ഏൽപ്പിക്കുകയും പരാതി അവനിലേക്ക് മാത്രം സമർപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതാണ് യഥാർഥ രിദ. അഥവാ ദൈവത്തോടുള്ള സംതൃപ്തി. രക്ഷിതാവ് നൽകുകയും തടയുകയും ചെയ്താൽ അവനിൽ തൃപ്തനാകുക എന്നാണ് അതിനർത്ഥം. അവൻ നമ്മെ സമ്പന്നരാക്കുകയാണെങ്കിൽ, അല്ലെങ്കിൽ അവൻ നമ്മിൽ നിന്ന് സമ്പന്നത എടുത്തുകളയുകയാണെങ്കിൽ.. നാം ആരോഗ്യവാന്മാരാണെങ്കിൽ, അഥവാ നാം രോഗികളാണെങ്കിൽ.. എല്ലാ സാഹചര്യങ്ങളിലും നമ്മുടെ രക്ഷിതാവിനെ തൃപ്തിപ്പെടുത്താൻ കഴിയുന്നവരാവണം വിശ്വാസികൾ .

ഈ ആയത്ത് ഗൗരവത്തിൽ പരിഗണിക്കുമ്പോൾ നാം മനസ്സിലാക്കേണ്ട 5 പ്രധാന കാര്യങ്ങളുണ്ട്:

1. സംതൃപ്തി ഒരിക്കലും നമുക്ക് അനുഭവപ്പെടുന്ന വേദനയുമായി ഒരിക്കലും പൊരുത്തപ്പെടണമെന്നില്ല.. നമ്മൾ മനുഷ്യരാണ്, ഈ ലോകം കഷ്ടപ്പാടുകളുടെ കൂടെ ഇടമാണ് .. ആരും അവയിൽ നിന്ന് രക്ഷപ്പെടില്ല. സ്വന്തം മകൻ ഇബ്റാഹീം മരിച്ചപ്പോൾ കരഞ്ഞ നബി (സ)യെയാണ് നാം ചരിത്രത്തിൽ കാണുന്നത്.

2. സംതൃപ്തി എന്നത് ഏറ്റവും ഉയർന്ന ക്ഷമയാണ്. വേദന സഹിക്കാൻ കാരണം വിധിയിലുള്ള സംതൃപ്തിയാണ്. അത് ലഭിക്കാൻ നമ്മുടെ കയ്യിൽ ക്ഷമയല്ലാതെ മറ്റൊന്നുമില്ല.
عَجَباً لأمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ لَهُ خَيْرٌ، وَلَيْسَ ذَلِكَ لأِحَدٍ إِلاَّ للْمُؤْمِن: إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْراً لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خيْراً لَهُ

(വിശ്വാസിയുടെ കാര്യം അത്ഭുതം ! അവനെല്ലാം നല്ലതായി ഭവിക്കുന്നു. വിശ്വാസിക്കല്ലാതെ മറ്റാർക്കും അത് ലഭ്യമല്ല. സന്തോഷദായകമായത് സംഭവിച്ചാൽ അവൻ നന്ദിയുള്ളവനാവും. അതവന് നന്മയായി ഭവിക്കും.കഷ്ടപ്പെടുന്നത് വല്ലതും സംഭവിച്ചാൽ അവൻ ക്ഷമിക്കും; അതുമവന്ന് നന്മയായി ഭവിക്കും. )

പ്രയാസത്തെ ക്ഷമകൊണ്ടും അനുഗ്രഹത്തെ നന്ദി കൊണ്ടും അനുഗ്രഹമാക്കുന്നവനാണ് വിശ്വാസി എന്ന
ഈ പ്രവാചകാധ്യാപനം ആ സംതൃപ്തിയുടെ അളവുകോലാണ് .

3. സംതൃപ്തി ഹൃദയത്തിൽ ദിവ്യസ്നേഹം നിറഞ്ഞ ഒരാൾക്ക് മാത്രം എത്തിച്ചേരാൻ കഴിയുന്ന ഉയർന്ന പദവിയാണ്.. ഏത് പ്രയാസങ്ങളിലൂടെയും കടന്നുപോകുമ്പോൾ നമുക്ക് ചുറ്റും ചില മനുഷ്യരുണ്ട്.
(رضيت بالله رباً وبالإسلام ديناً وبمحمد صلى الله عليه وسلم نبياًورسولاً ) ..

(അല്ലാഹുവിനെ എന്റെ നാഥനായും ഇസ്‌ലാമിനെ എന്റെ ദർശനമായും മുഹമ്മദ് നബിയെ ഒരു പ്രവാചകനെന്ന നിലയിലും ദൂതനെന്ന നിലയിലും ഞാൻ സംതൃപ്തനാണ്)എന്ന പ്രഖ്യാപനം എന്തൊരു മഹത്തായ വിശ്വാസ പ്രഘോഷണമാണ് !. എന്തൊരു അത്ഭുതകരമായ പ്രതിജ്ഞയാണത് !
4. പാപങ്ങൾ പൊറുക്കാനോ സ്വർഗത്തിൽ പദവികൾ ഉയർത്താനോ അല്ലാതെ റബ്ബ് നമ്മെ പരീക്ഷിക്കില്ലെന്ന് ഉറപ്പായി അറിയുക.ശേഷം നാഥന്റെ തൃപ്തിക്ക് വേണ്ടി പ്രാർത്ഥിക്കുക..
5. ഒരാൾ തന്റെ നാഥനിൽ തൃപ്തനല്ലെങ്കിൽ
ലോകം മുഴുവൻ അവൻ സ്വന്തമാക്കിയാലും അയാൾക്ക് ഒരിക്കലും തൃപ്തനാവാനാകില്ല
( من رضي فله الرضا ومن سخط فله السخط )
(തൃപ്തനായവന് സംതൃപ്തിയും കോപവും ഉണ്ടാകും
അതൃപ്തിയുള്ളവന് അതൃപ്തിയും ഉണ്ടാകും.)
എന്ന നബിവചനം ആ അർഥത്തിലാണ്.

“അർത്ഥമെത്ര വളരെയുണ്ടായാലും
തൃപ്തിയാകാ മനസ്സിന്നൊരു കാലം.
പത്തു കിട്ടുകിൽ നൂറു മതിയെന്നും
ശതമാകിൽ സഹസ്രം മതിയെന്നും ”
മഹാകവി പൂന്താനം പറഞ്ഞത് ആ അവസ്ഥാന്തരമാണ് –
ما أصابك لم يكن ليخطأك .. وما أخطأك لم يكن ليصيبك

(നിനക്കു സംഭവിക്കാനുള്ളത് നിന്നെ കാണാതെ പോകില്ല.. നിനക്ക് സംഭവിക്കാൻ പാടില്ലാത്തത് നിനക്ക് സംഭവിക്കുകയുമില്ല) പരമമായ ആ സത്യം അംഗീകരിച്ച് കഴിഞ്ഞാൽ അലി (റ) പറഞ്ഞ തഖ്‌വയുടെ യാഥാർഥ്യം നാമറിയും “التقوى هي الخوف من الجليل والعمل بالتنزيل و الرضى /القناعة بالقليل والاستعداد ليوم الرحيل”
തഖ്‌വ എന്നത് പ്രതാപവാനെ കുറിച്ച ഭയം, വെളിപാടനുസരിച്ചുള്ള പ്രവർത്തനം, കുറച്ച് കൊണ്ടുണ്ടാവുന്ന സംതൃപ്തി (രിദ/ ഖനാഅ ), പുറപ്പെടുന്ന ദിവസത്തിനുള്ള തയ്യാറെടുപ്പ് എന്നിവയാണ്.”

അഥവാ അല്ലാഹുവിനോട് ( اللهم ارض عني ) എന്ന് രിദ/ തൃപ്തി ചോദിക്കും മുമ്പ് അതിനുള്ള യോഗ്യത നാം ബോധംപൂർവ്വം നേടുക.

***

التعرف/ الكلاباذي 

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles