Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ വ്യാഖ്യാനവും മോഡേണിറ്റിയുടെ ചിന്താ പരിസരവും

നിലവിലെ മത വ്യവഹാരങ്ങൾ മുഴുവൻ അഴിച്ചു പണിയണം എന്ന മട്ടിൽ ചർച്ച നടക്കുന്ന കാലമാണ്. പലതരം ആവശ്യങ്ങളാണ് ചർച്ചകളിൽ ഉയർന്നു വരുന്നത്. ‘ഖുർആൻ പല തലങ്ങൾ/ആശയങ്ങൾ വഹിക്കുന്നു’ (അൽ ഖുർആനു ഹമ്മാലതു ഔജുഹിൻ ) എന്ന വാക്യം എടുത്തുദ്ധരിച്ചു കൊണ്ട്, ഖുർആനെ സംബന്ധിച്ച് വന്നു കൊണ്ടിരിക്കുന്ന വ്യത്യസ്ത വ്യാഖ്യാനങ്ങൾക്ക് നിയമാനുസൃതത്വം നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ഇങ്ങനെയും വ്യാഖ്യാനമാവാമല്ലോ എന്നാണ് ചോദ്യം. അത്തരം വ്യാഖ്യാനങ്ങളധികവും ആധുനികതയുടെ ആശയ പരിസരത്ത് നടക്കുന്നവയുമായിരിക്കും. ഗവേഷകർ പറയുന്നത് മേൽപ്പറഞ്ഞ വാക്യം നബി വചനമെന്ന നിലയിൽ പ്രമാണികമായ ഒരു ഹദീസ് ഗ്രന്ഥത്തിലും വന്നിട്ടില്ല എന്നാണ്. നബി പറഞ്ഞതായി ഉദ്ധരിക്കപ്പെട്ട വാക്യം ഇങ്ങനെയാണ്. ഇബ്നു അബ്ബാസിൽ നിന്ന്. റസൂൽ (സ) പറഞ്ഞു: “ഖുർആൻ വിധേയപ്പെടുന്നത് ( ദലൂൽ) ആണ്. പല മാനങ്ങൾ ഉള്ളതാണ്. അതിന്റെ ഏറ്റവും മികച്ച വശത്തെ നിങ്ങൾ ചുമലേറ്റുക.” (ദാറഖുത്വ് നി ). യഹ് യ ബ്നു അബീ അസ് യദ് മുഖേനയും ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ശറഈ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന സുഊദിക്കാരനായ അബ്ദുല്ല സഖീൽ പറയുന്നത്, മേൽ പറഞ്ഞ ഹദീസ് വളരെ ദുർബലമാണെന്ന് ശൈഖ് നാസ്വിറുദ്ദീൻ അൽബാനി വിധി പറഞ്ഞിട്ടുണ്ടെന്നാണ്. മൂന്ന് തരം ദുർബലാവസ്ഥകൾ ഉള്ളത് കൊണ്ട് അത് തള്ളപ്പെടേണ്ടതാണ് എന്നും വാദിക്കുന്നു. യഹ് യ ബ്നു അബീ അസ് യദിന്റെ റിപ്പോർട്ട് ശൃംഘലയിൽ നബിയിൽ നിന്ന് കേട്ട സ്വഹാബിയുടെ പേര് പറഞ്ഞിട്ടില്ലാത്തതിനാൽ ‘മുർസൽ’ ആയാണ് വന്നിട്ടുള്ളതെന്നും അതിനാൽ തെളിവിന് പറ്റില്ലെന്നും ഇബ്നു ഹസം തന്റെ അൽ ഇഫ്കാം ഫീ ഉസ്വൂലിൽ അഹ്കാം എന്ന കൃതിയിൽ എഴുതുന്നുണ്ട്.

അൽ ഖത്വീബ് ബഗ്ദാദി തന്റെ അൽ ഫഖീഹ് വൽ മുതഫഖിഹ് എന്ന കൃതിയിൽ ഇതേ വാക്യം അൽ ഔസാഇയിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. പക്ഷെ നിവേദക പരമ്പര നബിയിൽ എത്താതെ സ്വഹാബിയിൽ അവസാനിക്കുക (മൗഖൂഫ് )യാണ്. പറഞ്ഞത് നബിയല്ല, സ്വഹാബിയാണ് എന്നർഥം. ഇബ്നു അബ്ബാസ് നാലാം ഖലീഫയായ അലിയോട് പറഞ്ഞതായാണ് അത് വന്നിട്ടുള്ളത്. അലിയുമായി തർക്കിക്കാൻ ഖവാരിജ് വിഭാഗം വന്നപ്പോൾ അവരെപ്പറ്റി ഇബ്നു അബ്ബാസ് പറഞ്ഞതായാണ് അത് വന്നിട്ടുള്ളത്. അതിങ്ങനെ: “അല്ലയോ അബുൽ ഹസൻ, ഖുർആൻ വിധേയപ്പെടുന്നതാണ്, ഒരു പാട് അർഥമുഖങ്ങൾ ഉള്ളതാണ്. താങ്കൾ ഒരു വ്യാഖ്യാനം പറയും , അവർ മറ്റു വ്യാഖ്യാനങ്ങൾ പറയും. അതിനാൽ തർക്കിക്കുമ്പോൾ നബിചര്യ വെച്ച് തർക്കിക്കുക. സുന്നത്തിനെ കളവാക്കാൻ അവർക്ക് കഴിയില്ലല്ലോ.” ഈ വചനവും ദുർബലമാണ്. കാരണം നിവേദക ശ്രേണിയിൽ വിശ്വാസത്തിലെടുക്കാൻ പറ്റാത്ത യഹ് യ ബ്നു അബ്ദില്ല എന്നൊരാളുണ്ട്.

‘ഖുർആനുമായി നമ്മുടെ ഇടപഴക്കം എങ്ങനെ ?’ എന്ന പുസ്തകത്തിൽ ഡോ.യൂസുഫുൽ ഖറദാവി ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട്. ഓരോ ഖുർആനിക സൂക്തങ്ങളും പല പല അർഥങ്ങൾ ആവാഹിക്കുന്നുണ്ടോ ? ഖറദാവി എഴുതുന്നു: ഖവാരിജുമായി തർക്കിക്കാൻ ഇമാം അലി, ഇബ്നു അബ്ബാസിനെ പറഞ്ഞയക്കുമ്പോൾ നൽകിയ ഉപദേശമായിട്ടാണ് ചിലർ ഈ വാക്യം ഉദ്ധരിച്ചിരിക്കുന്നത്. അലി പറഞ്ഞുവത്രെ:’ ഖുർആൻ വെച്ച് ഖവാരിജുകളോട് തർക്കിക്കരുത്. ഖുർആനിന് പല അർഥങ്ങൾ ആവാമല്ലോ. അതിനാൽ നബിചര്യ / സുന്നത്ത് വെച്ച് തർക്കിക്കുക.’

അലിയിലേക്ക് ചേർത്തു പറഞ്ഞ ഈ വാക്യം അദ്ദേഹം തന്നെ പറഞ്ഞതാണെന്ന് ഉറപ്പ് വരുത്താൻ താൻ അന്വേഷിച്ചെങ്കിലും അന്വേഷണം വിജയം കണ്ടില്ലെന്ന് ഖറദാവി എഴുതുന്നു. പക്ഷെ ഈ വാക്യമാവട്ടെ വളരെ പ്രശസ്തവുമാണ്. പ്രശസ്തി ഉണ്ട് എന്നത് ഒരു കാര്യത്തിന് തെളിവല്ലെന്നും ഖറദാവി പറയുന്നു.

അദ്ദേഹം തുടരുന്നു : ” ചിലയാളുകൾ അലിയുടെതായി വന്ന വാക്യം തങ്ങളുടെ വിതണ്ഡവാദങ്ങൾക്ക് ഊന്നുവടിയായി ഉപയോഗിക്കുകയാണ്. ഓരോ ആയത്തിനും തീർത്തും വ്യത്യസ്തമായ പരസ്പര വിരുദ്ധം പോലുമായ വ്യാഖ്യാനം സാധ്യമാണ് എന്നാണവർ പറയുന്നത്. എത്രത്തോളമെന്നാൽ ഒരു കാര്യത്തിനും അതിന് എതിരായ കാര്യത്തിനും ഒരേ സൂക്തത്തിൽ നിന്ന് അവർ തെളിവുകൾ കണ്ടെത്തുന്നു! ഇക്കൂട്ടരുടെ വാദം അംഗീകരിച്ചാൽ ഇസ്ലാമിക ശരീഅത്തിന്റെ ഒന്നാം പ്രമാണം ഖുർആൻ ആണെന്ന് പറയുന്നതിൽ എന്തർഥമാണുണ്ടാവുക? ഖുർആനെ ഖുർആൻ തന്നെ വിശേഷിപ്പിച്ച, ‘വ്യക്തമായ ഗ്രന്ഥം , പ്രകാശം, ജനങ്ങൾക്ക് വഴി കാട്ടുന്നത്, സത്യത്തെയും അസത്യത്തെയും വ്യവഛേദിക്കുന്നത്’ തുടങ്ങിയ വാക്കുകൾക്ക് ഒരർഥവും അപ്പോൾ ഉണ്ടാവുകയില്ല.

ജനങ്ങൾക്ക് വഴികാട്ടിയും സത്യാസത്യങ്ങൾ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡവുമായ ഈ സുവ്യക്ത ഗ്രന്ഥം നിഗൂഢാത്മകവും പാശ്ചാത്യമോ പൗരസ്ത്യമോ ആയ ഏത് വ്യാഖ്യാനങ്ങൾക്കു വഴങ്ങുന്നതും ആവുന്നത് എങ്ങനെയാണ്? നിങ്ങൾക്കിടയിൽ തർക്കമുണ്ടായാൽ അല്ലാഹുവിലേക്ക് മടക്കണം എന്നല്ലേ ഖുർആൻ പറയുന്നത്. അല്ലാഹുവിലേക്ക് മടക്കുക എന്നാൽ ഖുർആനിലേക്ക് മടക്കുക എന്നാണ് അർഥമെന്ന കാര്യത്തിൽ പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്. പ്രവാചകനിലേക്ക് മടക്കുക എന്നാൽ സുന്നത്തിലേക്ക് മടക്കുക എന്നും. ഖുർആൻ സൂക്തങ്ങൾ എങ്ങനെയും വ്യാഖ്യാനിക്കാമെന്ന് വന്നാൽ തർക്കിക്കുന്നവരോട് ഖുർആനിലേക്ക് മടങ്ങൂ എന്നു പറയുന്നതിൽ അർഥമില്ലാതാകും…. ഖുർആനിക സൂക്തങ്ങളിലെ ആശയങ്ങൾ തന്നെ തർക്ക വിധേയമാണെന്ന് വന്നാൽ വേറൊരു തർക്കം തീർക്കാൻ അവയ്ക്ക് എങ്ങനെയാണ് കഴിയുക ? അതേ സമയം ഒന്നിലധികം വായനക്ക് സാധ്യതയുള്ളത് (മുതശാബിഹാത് ) എന്ന അർഥത്തിൽ ചില സൂക്തങ്ങൾ ഖുർആനിലുണ്ട്. അതായിരിക്കാം ഇബ്നു അബ്ബാസിനോട് അലി (അങ്ങനെയൊരു സംഭാഷണം നടന്നിട്ടുണ്ടെങ്കിൽ ) പറഞ്ഞിട്ടുണ്ടാവുക.”

അഹ്മദ്ബ്നു അലി ഹാരിസി

സൂക്ഷ്മമായ അറബി ഭാഷാ പ്രയോഗങ്ങളെക്കുറിച്ചാണ് ‘ഹമ്മാൽ’ എന്ന പദത്തിലെ സൂചനയെന്ന് ഒമാനി പണ്ഡിതനും ചിന്തകനുമായ അഹ്മദ്ബ്നു അലി ഹാരിസി പറയുന്നു. വാക്കുകളുടെ പ്രത്യക്ഷാർഥം മാത്രം എടുത്താൽ മതിയാവില്ല. പല വായനകൾക്ക് അപ്പോൾ സാധ്യതയുണ്ടാവും. പക്ഷെ ആധുനികതയുടെ ചിന്താ പരിസരത്ത് നിന്ന് അത്തരം വായനകൾ നടത്തുന്നത് ഉസ്വൂലുകൾക്ക് /സർവാംഗീകൃത തത്ത്വങ്ങൾക്ക് എതിരായിത്തീരും എന്നും അദ്ദേഹം പറയുന്നുണ്ട്. വിശുദ്ധ വാക്യങ്ങളെ ആ നിലയിൽ കാണാതെ നിസ്സാരവൽക്കരിക്കുന്ന പ്രവണത ഉണ്ടായേക്കും. ദീനിന്റെ സമുന്നത ലക്ഷ്യങ്ങളിൽ നിന്ന് അകന്നു പോകുന്ന വ്യാഖ്യാനങ്ങളാവും അപ്പോൾ രൂപപ്പെടുക.

 

മുഹമ്മദ് അബൂ ഹാശിം സവാലിമ

ജോർദാനി ഗവേഷകനും പ്രബോധകനുമായ മുഹമ്മദ് അബൂ ഹാശിം സവാലിമ എത്തിച്ചേരുന്ന നിഗമനം ഇതാണ് :” ഈ വിഷയം ഞാൻ കുറച്ചേറെ പഠിച്ചപ്പോൾ എനിക്ക് ബോധ്യമായ ഒരു കാര്യമുണ്ട്. ആൾക്കാരെ വഴിതെറ്റിക്കുന്ന വ്യാഖ്യാനങ്ങൾ ചമയ്ക്കാൻ വേണ്ടിയാണ് മേൽ വാക്യത്തെ പൊതുവെ ഉപയോഗിക്കുന്നത്. ചില ആധുനിക ആശയങ്ങളുമായും പ്രവണതകളുമായും ഖുർആനിക സൂക്തങ്ങളെ ചേർത്തു കെട്ടാൻ വേണ്ടിയാണിത്.” സെക്യുലറിസ്റ്റുകളും ലിബറലുകളും സ്ത്രീവാദികളുമൊക്കെയാണ് ഈ വഴി തെറ്റിയ വ്യാഖ്യാനങ്ങളെ ഏറ്റുപിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭാഷയുടെ സൂക്ഷ്മ തലങ്ങൾ തേടിയാണ് വ്യത്യസ്ത വായനകളെങ്കിൽ അത് സാധൂകരിക്കപ്പെടും. മോഡേണിറ്റിയുടെ ആശയങ്ങളോടൊപ്പിക്കാനാണ് വ്യാഖ്യാന കസർത്തുകളെങ്കിൽ അത് അംഗീകരിക്കാൻ പറ്റുകയുമില്ല.

 

ഡോ.അഹ്മദ് റഖബ്

ഖുർആൻ വ്യാഖ്യാന വിഭാഗത്തിൽ അധ്യാപകനായ ഡോ.അഹ്മദ് റഖബും ഇതിനോട് യോജിക്കുന്നു. ഖുർആൻ വ്യാഖ്യാന കലയിൽ ആണ്ടു മുങ്ങുന്നവർക്ക് നേരത്തെ പരിചിതമല്ലാത്ത പല ആഖ്യാന തലങ്ങളും പുറത്ത് കൊണ്ടുവരാൻ സാധിക്കും. പക്ഷെ മറ്റൊരു സന്ദർഭത്തിൽ ഇമാം അലി പറഞ്ഞ വാക്കുകൾ ഓർത്തു കൊണ്ടാവണമത്. അലിയോട് ഒരാൾ ചോദിച്ചു: നിങ്ങളുടെ അടുത്ത് (ഖുർആൻ അല്ലാത്ത) വേറെ ഗ്രന്ഥമുണ്ടോ ? അലി : ഇല്ല, അല്ലാഹുവിന്റെ ഗ്രന്ഥമേയുള്ളൂ. പിന്നെ ഖുർആൻ പ്രതി അല്ലാഹു ഒരാൾക്ക് നൽകുന്ന ഗ്രാഹ്യങ്ങളും.

വഴി തെറ്റിയ വ്യാഖ്യാനങ്ങൾക്ക് അദ്ദേഹം ചില ഉദാഹരണങ്ങളും നിരത്തി. താൻ ഭൂമിയിലേക്ക് ഒരു പ്രതിനിധിയെ നിശ്ചയിക്കാൻ പോകുന്നു എന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞപ്പോൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെയും രക്തം ചിന്തുന്നവരെയുമോ എന്നവർ തിരിച്ച് ചോദിക്കുന്നത്, ഭൂമിയിൽ അതിന് മുമ്പും മനുഷ്യ വാസമുണ്ടായിരുന്നു എന്നതിന് തെളിവായി ചിലർ ചൂണ്ടിക്കാട്ടുന്നു. ഇത് തെറ്റാണ്, ഖുർആനിന് എതിരുമാണ്. കളിമണ്ണിൽ നിന്ന് ഞാൻ മനുഷ്യരെ സൃഷ്ടിക്കാൻ പോകുന്നു എന്ന് മലക്കുകളോട് തന്നെ അല്ലാഹു മറ്റൊരു സന്ദർഭത്തിൽ പറയുന്നുണ്ടല്ലോ. അപ്പോൾ മനുഷ്യ കുലത്തിന്റെ ആദിപിതാവ് ആദം എന്ന പോയിന്റിൽ നിന്നേ തുടങ്ങാൻ പറ്റൂ. വ്യാഖ്യാന സ്ഖലിതങ്ങൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles