Current Date

Search
Close this search box.
Search
Close this search box.

Quran

ഖുർആൻ പറഞ്ഞ വാർദ്ധക്യം .!

മനുഷ്യന്റെ ജീവിതത്തിൽ അവന് ശാരീരികമായും മാനസികമായും മാറ്റം സംഭവിക്കുന്ന ഒരു ഘട്ടാണ് വാർദ്ധക്യം. ആരോഗ്യ പരിരക്ഷയ്‍ക്കൊപ്പം വൈകാരിക പിന്തുണയും കിട്ടേണ്ട ഘട്ടം. പേശികളുടെ അശക്തി, ബലക്ഷയം, കാഴ്ച മങ്ങൽ ഇവയെല്ലാം തന്നെ അതിനെ അടയാളപ്പെടുത്തുന്നു. വൈകാരിക പിന്തുണക്ക് ഏറെ പ്രാധാന്യമുള്ള ഘട്ടമാണ് വാർദ്ധക്യം. അത് സ്വന്തം മക്കളിൽ നിന്നും കിട്ടാതെ വരുമ്പോഴാണവർ ഏകാന്തതയുടെ തീഷ്ണതയും ഒറ്റപ്പെടലിന്റെ ഭാരവും അനുഭവിക്കുന്നത്.

വാസ്തവത്തിൽ വാർദ്ധക്യം എന്നുള്ളത് ശൈശവത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്. ശൈശവത്തിന്റെ പ്രിയങ്കരമായ നിഷ്കളങ്കതയില്ലാതെ! വൃദ്ധൻ, അതുവരെ താൻ ആർജിച്ചതിൽ നിന്നെല്ലാം പിറകോട്ട് നടക്കുകയാണ്.. കഴിഞ്ഞതും പഠിച്ചതുമൊക്കെയും അയാൾ മറക്കുന്നു.. അയാളുടെ ഞാഡീ ഞരമ്പുകൾ ദുർബലമാകുന്നു.. ചിന്താശക്തി ക്ഷയിക്കുന്നു.. സഹന ശേഷി കുറയുന്നു.. ആ വൃദ്ധന്റെ ചാപല്യങ്ങളോട് മക്കൾക്ക് വെറുപ്പാണ് തോന്നുക.! അങ്ങേയറ്റത്തെ കാരുണ്യം നമ്മുടെ മനസ്സിലില്ലെങ്കിൽ അതിനോട് നമുക്ക് പരിഹാസമാണ് തോന്നുക.! അവരുടെ വളഞ്ഞ നട്ടെല്ലും പല്ലില്ലാത്ത മോണകളും മക്കളെ അസ്വസ്ഥപ്പെടുത്തുന്ന കാലത്താണ് നാം ജീവിക്കുന്നത്..!

മാതാപിതാക്കൾ വാർദ്ധക്യം പ്രാപിച്ചാൽ എങ്ങനെ വർത്തിക്കണമെന്ന് വിശുദ്ധ ഖുർആൻ വളരെ സുന്ദരമായി സൂറത്തുൽ: ഇസ്റാഇന്റെ 23-24 വചനങ്ങളിൽ ആവിഷ്കരിക്കുന്നത് കാണാം..!
” وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوۤا۟ إِلَّاۤ إِیَّاهُ وَبِٱلۡوَ ٰ⁠لِدَیۡنِ إِحۡسَـٰنًاۚ إِمَّا یَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَاۤ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَاۤ أُفࣲّ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلࣰا كَرِیمࣰا”
(തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്‌. അവരോട് നീ മാന്യമായ വാക്ക് പറയുക.)
“وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّیَانِی صَغِیرࣰا”
(കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്‍റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക.)

വാർദ്ധക്യത്തിന്റെ മഹിമ ചിത്രീകരിക്കുന്ന മനോഹരമായ രണ്ട് സൂക്തങ്ങൾ.! ശൈശവസ്മൃതികൾ ഇളക്കിവിട്ടു കൊണ്ടും സ്നേഹത്തിന്റെയും അനുകമ്പയുടെയും സഹാനുഭൂതിയുടെയും വികാരങ്ങളെ ഉദ്ദീപിപ്പിച്ചുകൊണ്ടുമുള്ള വചനങ്ങൾ അതിന്റെ സുതാര്യമായ നിഴലുകൾ വായനക്കാരന്റെ ഭാവനയിൽ സൃഷ്ടിക്കുന്നു…! ” അവരിൽ ഒരാളോ ഇരുവരോ നിന്റെയടുക്കൽ വാർദ്ധക്യം പ്രാപിച്ചാൽ വെറുപ്പിന്റെ വാക്ക് നീ പറഞ്ഞുപോകരുത്” വിശുദ്ധ ഖുർആനിന്റെ ശാസനയാണിത്. വാർദ്ധക്യത്തിന് അതിന്റേതായ മഹത്വമുണ്ട്.”നിന്റെയടുക്കൽ” എന്ന പ്രയോഗം വാർദ്ധക്യത്തിന്റെ ബലഹീനതയിലുണ്ടാകുന്ന അഭയാന്വേഷണത്തെയാണ് ദ്യോതിപ്പിക്കുന്നത്.!

മക്കളിൽ നിന്ന് മാതാപിതാക്കൾക്ക്  ഞെരുക്കവും നിന്ദ്യവും അമാന്യമായ സമീപനവും ഉണ്ടാവരുത്.! പിന്നീട് സൂക്തം “കാരുണ്യത്തിന്റെ ചിറകുകൾ വിനയപൂർവ്വം നീ അവർക്ക് താഴ്ത്തി കൊടുക്കുക” എന്ന് ശാസിക്കുന്നു. ഇവിടെ വചന ബോധനം ഹൃദയങ്ങളുടെ ശാദ്വലതലങ്ങളിലേക്ക് ഇരച്ച് കയറുന്നു…വിനയത്തിൽ നിന്ന് അടർന്ന് വീഴുന്ന കാരുണ്യം…ആ വിനയത്തിനാകട്ടെ അടക്കത്തിന്റെയും അനുസരണത്തിന്റെയും ചിറകുകൾ… റാഞ്ചാൻ വരുന്ന പരുന്തിൽ നിന്നും ഒരമ്മ തന്റെ കുഞ്ഞിനെ മാറോട് ചേർത്ത് തന്റെ തൂവൽസ്പർശത്തിനടിയിൽ ഒളിപ്പിക്കുന്ന തള്ളക്കോഴിയെ പോലെ ആയിരുന്നു നമ്മുടെ മാതാപിതാക്കൾ…! അതുകൊണ്ട് സ്നേഹവായ്പ്പും പരിചാരണവുമാണവർക്കിന്നാവിശ്യം.. അവസാനം മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന പ്രാർത്ഥനയോടെ സൂക്തം അവസാനിക്കുന്നു.!

വാർദ്ധക്യത്തിന്റെ അവശതയെ വാർദ്ധക്യത്തിന്റെ വിവശതയെ, അതിന്റെ ഏകാന്തതയെ, അതിന്റെ നിസ്സാഹയതയെ, മന:ചാപല്യങ്ങളേ, മന: പ്രയാസങ്ങളെ , മൗന നൊമ്പരങ്ങളെ ഹൃദ്യമായ നിലയിൽ ഒരു ശാസനയോടു കൂടി സൂക്തം മനോഹരമായി വരച്ചിടുന്നു..! വാർദ്ധക്യത്തിന്റെ വേദനകളും യാതനകളും ഒരു നിമിഷം മനുഷ്യഭാവനയെ ഒപ്പിയെടുക്കുന്നു..! അനുവാചകന്റെ മനസ്സ് നിറയ്ക്കുന്ന സമൂർത്തമായ മുഹൂർത്തം..! ഓരോ മനുഷ്യ ശരീരത്തിലും ഒരു ശസ്ത്രക്രിയക്കും മായ്ച്ചുകളയാൻ പറ്റാത്ത വിധത്തിലുള്ള അത്ഭുതമായി പൊക്കിൾക്കുഴിയെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു. മായാത്ത മുദ്രയായി അതിനെ പതിപ്പിച്ചിരിക്കുന്നു.! മാതൃത്വത്തിന്റെയും വാർദ്ധക്യത്തിന്റെയും തേട്ടമായി അതിനെ അടയാളപ്പെടുത്തിയിരിക്കുന്നു..!

Related Articles