Current Date

Search
Close this search box.
Search
Close this search box.

ഖിയാമുല്ലൈലും ഖിയാമുന്നഹാറും

يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾
يَا أَيُّهَا الْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾

ഖുർആനിൽ അവതരണ കാലത്തിലും സ്ഥലത്തിലും അർഥത്തിലും സമാനമായതും തുടർച്ചയായതുമായ രണ്ട് സൂറകളുണ്ട്, സൂറ: മുസ്സമ്മിലും സൂറ: മുദ്ദഥിറും അവയുടെ സമാനത (യാ മുസ്സമ്മിൽ) (യാ മുദ്ദഥിർ) പുതച്ചു മൂടിയവനേ എന്നാണെന്നു നമുക്കറിയാം. രണ്ടു സൂറകളുടേയും ആഹ്വാനം ഖിയാമാണ്. അഥവാ ഒന്നാമത്തെ ഖിയാമിന്റെ തുടർച്ചയാണ് രണ്ടാമത്തെ ഖിയാം. അധ്യായങ്ങളുടെ തുടർച്ചയിലും സൂക്തങ്ങളുടെ വിന്യാസത്തിലും ഈ ക്രമാനുഗതിത്വം കാണാം.

ഒരേ ക്രിയയുടെ രണ്ട് ഭാവങ്ങൾ, വ്യത്യസ്ത ദിശകളിൽ. ആദ്യത്തെ കാര്യം തീർത്തും ആത്മീയമാണെങ്കിൽ രണ്ടാമത്തേത് ദൗത്യപരം . ആദ്യത്തേത് പടച്ചവനിലേക്കുള്ള കയറിപ്പോക്കാണെങ്കിൽ രണ്ടാമത്തേത് പടപ്പുകളിലേക്കുള്ള ഇറങ്ങി വരൽ .
ഒന്നാമത്തേത് വ്യക്തി ബോധ്യമാണെങ്കിൽ രണ്ടാമത്തേത് സാമൂഹ്യ ബാധ്യത. പ്രബോധകരെന്ന നിലക്ക് രണ്ടും അനിവാര്യം. രാത്രി മുഴുവൻ ആരാധനയിൽ കഴിഞ്ഞ് പകൽ മുഴുവൻ കിടന്നുറങ്ങുന്നവനോ പകൽ മുഴുവൻ വിവിധ മേഖലകളിൽ സജീവമായിരുന്നു രാത്രി മുഴുവൻ സുഖ സുഷുപ്തിയിൽ കഴിയുന്നവനോ അല്ല പ്രവാചകനും പ്രബോധകനുമെന്ന ഉണർത്തലാണീ സൂക്തങ്ങൾ .

ഒന്നാമത്തെ ഖിയാമിന്റെ ഉള്ളടക്കം പ്രാർത്ഥന, പ്രകീർത്തനം , പാരായണം എന്നിവയാണെങ്കിൽ
(അതിന്‍റെ പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു അല്‍പം കുറച്ചു കൊണ്ട് ,അല്ലെങ്കില്‍ വര്‍ദ്ധിപ്പിച്ചു കൊണ്ട് ,ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക ) എന്നാണാഹ്വാനം. എന്നാൽ പകലിൽ നിർവഹിക്കാനുള്ളത് എല്ലാവരിലും ഉള്ള പ്രബോധനവും അതിന്റെ പരിശ്രമങ്ങളും അതിനായുള്ള പോരാട്ടങ്ങളുമാണ്. അതിനു വേണ്ടിയുള്ള മണ്ണൊരുക്കലും മുന്നൊരുക്കവുമാണ് . (നിൻറെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
നിൻറെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും, പാപം വെടിയുകയും ചെയ്യുക ,കൂടുതൽ നേട്ടം കൊതിച്ചു കൊണ്ട്‌ നീ ഔദാര്യം ചെയ്യരുത്‌. നിൻറെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.)എന്നിവ.

ഈ പദവിലേക്ക് ഉയർത്തുക തന്നെയാണ് മുസ്സമ്മിലിലെ തുടർന്നുള്ള സൂക്തങ്ങളും (തീർച്ചയായും നാം നിൻറെ മേൽ ഒരു കനപ്പെട്ട ‘വാക്ക്‌ ‘ ഇട്ടുതരുന്നതാണ്‌. തീർച്ചയായും രാത്രിയിൽ എഴുന്നേറ്റു നമസ്കരിക്കൽ കൂടുതൽ ശക്തമായ ഹൃദയസാന്നിദ്ധ്യം നൽകുന്നതും വാക്കിനെ കൂടുതൽ നേരെ നിർത്തുന്നതുമാകുന്നു. തീർച്ചയായും നിനക്ക്‌ പകൽ സമയത്ത്‌ ദീർഘമായ ജോലിത്തിരക്കു വരാനിരിക്കുന്നുണ്ട്‌) അഥവാ ഖിയാമുന്നഹാറിലേക്കുള്ള ആത്മീയ പാഥേയമൊരുക്കുന്നതാണ് പ്രബോധകന്റെ ഖിയാമുല്ലൈൽ എന്ന് സാരം.

ഈ ഖുർആനിക അധ്യാപനങ്ങളുടെ പ്രാധാന്യം വിശദീകരിച്ച് പണ്ഡിതൻ ഇബ്നു ആശൂർ (റഹ്) പറഞ്ഞത് ശ്രദ്ധിക്കുക:
( ഈ പറഞ്ഞ വാചകങ്ങളുടെ സാരാംശം ഇതാണ് :രാത്രിയിൽ എഴുന്നേറ്റ് നമസ്കരിക്കുക. അതാണ് കൂടുതൽ ശക്തവും ആത്മീയമായി ആഴത്തിലുള്ള സ്വാധീനവുമുണ്ടാക്കുന്നത്. കാരണം പകൽ വെറുതെയിരിക്കാൻ പോലും കഴിയാത്തത്ര പ്രവർത്തന ബാഹുല്യം പ്രവാചകനായ പ്രബോധകനുണ്ടാവുമെന്നും ബഹുദൈവ വിശ്വാസികളുമായി സംവാദങ്ങളും ദുർബലരായ വിശ്വാസികളുടെ ശാക്തീകരണവും പീഡിതർക്ക് വേണ്ടിയുള്ള ത്യാഗങ്ങളുമെല്ലാം ചെയ്യേണ്ടത് ആ നേരത്താണല്ലോ ?! (അത്തഹ്‌രീറു വത്തൻവീർ, 462/92).

പ്രവാചകൻ (സ) രാത്രിയിൽ ഏറിയ പങ്കും പടച്ചവനോടൊപ്പവും പകലിൽ എതിരാളികളും ധിക്കാരികളുമുൾപ്പടെയുള്ള
പടപ്പുകളോടൊപ്പവുമായിരുന്നു. (അല്ലാഹുവിന്റെ അടിയാൻ [നബി] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടു നിന്നപ്പോൾ, അവര്‍ അദ്ദേഹത്തിന്റെ മേൽ (കൂട്ടം കൂടി) തിങ്ങിക്കൊണ്ടിരിക്കുമാറായി എന്നും (വഹ്‌യു നൽകപ്പെട്ടതായി പറയുക, (നബിയേ) പറയുക: ‘നിശ്ചയമായും ഞാൻ എന്റെ റബ്ബിനെ മാത്രമേ വിളി (ച്ചു പ്രാര്‍ത്ഥി)ക്കുന്നുള്ളൂ; അവനോടു ഞാൻ ഒരാളെയും പങ്കുചേര്‍ക്കുന്നതുമല്ല’ )72: 19-20

ഖിയാമുല്ലൈൽ അതിന്റെതായ ആത്മീയോൽകർഷകവും സംസ്കരണത്തിന് ഉപോൽബലകവുമാണെങ്കിൽ കൂടി അത് മതപരമായി ഐശ്ചികമോ പ്രോത്സാഹന പരിധിക്കുള്ളിൽ ഉള്ളതോ ആണ് . സമയ ലഭ്യതക്കനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാനും സാധിക്കും. എന്നാൽ ഖിയാമുല്ലൈൽ എന്ന നിലയിൽ നിർവഹിക്കേണ്ട പ്രബോധനവും പ്രവർത്തനങ്ങളും നിർബന്ധബാധ്യതയാണെന്ന് പ്രമാണങ്ങൾ ഊന്നിപ്പറയുന്നത്. അതാണെങ്കിലോ നീണ്ട സമയപരിധിയിൽ (time span) നിർവഹിക്കേണ്ടതുമാണ്.

ഇന്ന് നാം – വിശിഷ്യാ ഈ നാളുകളിൽ – ഖിയാമുല്ലൈൽ പുനരുജ്ജീവിപ്പിക്കുകയും പുന: സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. നാം പ്രാർത്ഥിക്കേണ്ടതുപോലെ തന്നെ പ്രാർത്ഥിക്കുകയും നമസ്കരിക്കുകയും ചെയ്യേണ്ടതുണ്ട്. അതുപോലെയോ അതിനേക്കാളധികമോ പകലിലെ ഖിയാമിന് വേണ്ടി പ്രവൃത്തിക്കണം :
(നിൻറെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും
നിൻറെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും,
പാപം വെടിയുകയും ചെയ്യുക ,കൂടുതൽ നേട്ടം കൊതിച്ചു കൊണ്ട്‌ നീ ഔദാര്യം ചെയ്യരുത്‌.
നിൻറെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക.)
അതിനുള്ള ആത്മബലം നല്കുന്നതാവട്ടെ പാതിരാവിലെ നമ്മുടെ റുകൂഉം സുജൂദും പാരായണവും പ്രകീർത്തനങ്ങളും പ്രാർഥനയുമെല്ലാം .

വിവ : ഹഫീദ് നദ്‌വി കൊച്ചി

Related Articles