തജ്‌വീദ് (വിശുദ്ധ ഖുർആനിൻ്റെ ശരിയായ പാരായണ നിമയങ്ങൾ പഠന വിധേയമാകുന്ന വിജ്ഞാന ശാഖ) അഗാധമായി ഗ്രഹിക്കാൻ വർഷങ്ങളുടെയും ചിലപ്പോൾ ദശകങ്ങളുടെയും ദൈർഘ്യമേറിയ പരിശീലനം വേണ്ടതിനാൽ തന്നെ ഖാരിആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.(ഖുർആൻ തജ്‌വീദനുസരിച്ച് പാരായണം ചെയ്യുന്ന പുരുഷന് ആണ് ഈ പദമുപയോഗിക്കുന്നത്. ഖാരിഅത്ത് എന്നാണ് സ്ത്രീലിംഗ പദം.)
സ്കോട്ട്ലാൻ്റിലെ ഗ്ലാസ്ഗോയിൽ പ്രവർത്തിക്കുന്ന പ്രമുഖ ആക്ടിവിസ്റ്റും നിയമ ബിരുദധാരിയുമായ മദീനാ ജാവേദ് എന്ന ഇരുപത്തിയഞ്ചുകാരിയെ സംബന്ധിച്ചിടത്തോളം ഖാരിഅത്ത് എന്ന പദവയിലേക്കുള്ള യാത്ര കുഞ്ഞായിരിക്കുമ്പോൾ തന്നെ തുടങ്ങിയിരുന്നു. അന്ന് ഖത്തറിൽ ജീവിക്കുമ്പോൾ തജ്‌വീദ് ക്ലാസുകളിൽ പങ്കെടുത്തിരുന്ന ഉമ്മയോടൊപ്പം കുട്ടിയായ ജാവേദും കൂടുകയും അവിടെ കേട്ടിരുന്ന കാര്യങ്ങൾ മനസ്സിലേക്ക് ആവാഹിക്കുകയും ചെയ്തിരുന്നു.
അവിടന്നങ്ങോട്ട് ഏകദേശം ഇരുപത് വർഷങ്ങൾക്ക് ശേഷം 2017ൽ ഗ്ലാസ്ഗോയിലെ സെൻ്റ് മാരീസ് കത്തീഡ്രൽ മദീനാ ജാവേദിനെ അതിഥിയായി ക്ഷണിക്കുകയും മർയം ബീവിയെക്കുറിച്ചും ഈസാ നബിയെക്കുറിച്ചും പ്രതിപാദിക്കുന്ന ഖുർആനിക സൂക്തങ്ങൾ പാരായണം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ മധുരതരമായ പാരായണം ശ്രോദ്ധാക്കളുടെ ഹൃദയത്തിൽ ചെന്ന് തൊട്ടു. മദീനാ ജാവേദിനതൊരു അഭിമാനകരമായ മുഹൂർത്തമായിരുന്നു. പക്ഷേ, താൻ പാരായണം ചെയ്ത വീഡിയോ ഓൺലൈനായി പ്രസിദ്ധപ്പെടുത്തിയപ്പോൾ ലോകത്തിൻ്റെ വിദൂര ദിക്കുകളിൽ നിന്ന് വരെ അപ്രതീക്ഷിതമായി നിരവധി മോശമായ പ്രതികരണങ്ങളാണ് ജാവേദിനെ തേടിയെത്തിയത്. പിന്നീട് മാസങ്ങളോളം വിദ്വേഷ സന്ദേശങ്ങളുടെയും ഭീഷണികളുടെയും ഇരയായി മാറുകയായിരുന്നു മദീനാ ജാവേദ്. ഒരു വേള പ്രൊഫൈൽ നെയിം മാറ്റാനും ഓൺലൈൻ ലോകത്ത് നിന്ന് അപ്രത്യക്ഷമാകേണ്ട സ്ഥിതിവിശേഷത്തിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചേർന്നു. പോലീസിൻ്റെ പക്കൽ അവരുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തതിനാൽ വല്ല വിധേനയും ഫോൺ വിളിക്കാൻ തുനിഞ്ഞാൽ പോലീസ് ഉടനടി അവരുടെയടുത്ത് എത്തിച്ചേരുകയും ചെയ്തു.
ഇത്തരം ദുരനുഭവം നേരിട്ടപ്പോൾ മുസ്ലിം സമുദായം ഒരിക്കൽ പോലും പ്രതികരണമറിയിച്ചില്ല എന്നതാണ് വസ്തുത. യു.കെയിലെ പല മുസ്ലിം കമ്മ്യൂണിറ്റികളിലും സ്ത്രീകൾ പബ്ബിക് ആയി ഖുർആൻ പാരായണം ചെയ്യുന്നത് പലപ്പോഴും അവഗണിക്കപ്പെടുന്നത് അസാധാരണമായ കാഴ്ചയൊന്നുമല്ല. എന്നാൽ, ഇതൊന്നും ജാവേദിനെ സാരമായി ബാധിച്ചതേയില്ല. പാരായണം ചെയ്യുന്നയാളുടെ നിറം, വസ്ത്രം, ലിംഗം എന്നിവയ്ക്കപ്പുറം പാരായണം ചെയ്യപ്പെടുന്ന സൂക്തങ്ങളുടെ അർത്ഥങ്ങളിൽ ജനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അവർ ശക്തമായി വിശ്വസിച്ചു. പിന്നീട്, എല്ലാത്തിനുമപ്പുറം പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് ജാവേദ് തിരിച്ചറിയുകയായിരുന്നു. ഓൺലൈനിൽ അവരുടെ പാരായണം ശ്രവിച്ച ശേഷം, ജീവിതത്തിൽ ആദ്യമായി പബ്ലികിൽ ഒരു സ്ത്രീ ഖുർആൻ ഓതുന്നത് കേട്ട നിരവധി മുസ്ലിം സ്ത്രീകളുടെ കത്തുകൾ ആ പാരായണം തങ്ങളെ വലിയൊരളവോളം സ്വാധീനിച്ചെന്നും പറഞ്ഞ് ജാവേദിനെ തേടിയെത്തി.
#ഫീമെയ്ൽ റെസിറ്റേഴ്‌സ്


ബോസ്നിയ, ഇന്തോനേഷ്യ, മലേഷ്യ, നൈജീരിയ, അൾജീരിയ തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള പബ്ലികിൽ അവർ കേൾക്കത്തക്ക വിധം സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാൽ, വെസ്റ്റിലെ ചില മുസ്ലിം മത കമ്മ്യൂണിറ്റികളിലുള്ളവർ അഭിപ്രായപ്പെടുന്നത് പുരുഷന്മാരടങ്ങുന്ന ശ്രോദ്ധാക്കളുടെ മുന്നിൽ സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യാൻ പാടില്ലെന്നാണ്. അവർ സ്ത്രീകളുടെ ശബ്ദത്തെപ്പോലും മറയ്ക്കപ്പെടേണ്ട ‘ഔറത്ത്’ ആയിട്ടാണ് നോക്കിക്കാണുന്നത്.
ഓൺലൈൻ ലോകത്ത് ലഭിക്കപ്പെടുന്ന ഖുർആൻ പാരായണങ്ങളിലധികവും പുരുഷന്മാരാണ് പോസ്റ്റ് ചെയ്യുന്നതെന്ന് ശ്രദ്ധിച്ച ജാവേദ് തനിക്ക് ദുരനുഭവം നേരിട്ട വർഷം തന്നെ ഖുർആൻ പാരായണത്തിൻ്റെ വിശുദ്ധ പാരമ്പര്യത്തെ പുനരുദ്ധരിക്കാനും അവബോധം വളർത്താനുമായി മുസ്ലിം പെൺകുട്ടികളും സ്ത്രീകളും ഓൺലൈനിൽ ഖുർആൻ പാരായണം പങ്ക് വെക്കുന്നതിനെ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ട് #ഫീമെയ്ൽ റെസിറ്റേഴ്‌സ് എന്നയൊരു ക്യാമ്പയിന് പ്രാരംഭം കുറിച്ചു. ഇന്ന് ട്വിറ്റർ, ടിക്ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ഈ ഹാഷ്ടാഗ് സെർച്ച് ചെയ്യുമ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം നിരവധി മുസ്ലിം പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഖുർആൻ പാരായണങ്ങൾ ലഭ്യമാണ്.
“ഞാനെൻ്റെ എല്ലാ ഊർജ്ജവും അഭിനിവേഷവും സുന്ദരമായ എന്തെങ്കിലും സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മറ്റൊരു സ്ത്രീയും പബ്ലിക്കായി ഖുർആൻ പാരായണം ചെയ്യുന്നില്ലെന്ന് ഞാനന്ന് തിരിച്ചറിയുകയും അവിടെ നിലനിന്നിരുന്ന ഒരദൃശ്യമായ പ്രതിബന്ധം ഇല്ലാതാക്കുകയുമാണ് ഞാൻ ചെയ്തത്.” – മദീനാ ജാവേദ് അൽ ജസീറയോട് പറഞ്ഞു. #ഫീമെയ്ൽ റെസിറ്റേഴ്‌സ് എന്ന എൻ്റെ ക്യാമ്പയിൻ സ്ത്രീകളുടെ ഖുർആൻ പാരായണത്തിന് ഒരു പുതുജീവൻ നൽകുകയായിരുന്നു. ഈയൊരു സുന്ദരമായ കൊച്ചു വിഭാഗം ഓൺലൈനിൽ സാധാരണയായി പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തു. ഓൺലൈൻ രംഗം എല്ലാ സ്ത്രീകൾക്കും പങ്ക് വെക്കാനുള്ളയൊരിടമായി മാറുകയും അത് വഴി പുരുഷന്മാരോടൊന്നിച്ച് അവരുടെ സഹോദരിമാരായി നില കൊണ്ട് മഹത്തായ പാരമ്പര്യത്തെ പുനരുദ്ധരിക്കുക എന്നത് തന്നെയായിരുന്നു തൻ്റെ കാഴ്ചപ്പാടുമെന്നും ജാവേദ് കൂട്ടിച്ചേർത്തു.
“ഖുർആൻ പാരായണത്തിൻ്റെ സൗണ്ട് ട്രാക്ക് കേൾക്കപ്പെടുന്നത് പുരുഷന്മാരുടേതാണധികവും “
ഖുർആൻ പാരായണം ഇസ്ലാമിൽ വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്, വിശിഷ്യാ വിശുദ്ധ റമളാൻ മാസത്തിൽ. എന്നാൽ, ഖുർആൻ ആപ്പുകളിൽ പോലും സ്ത്രീകളുടെ പാരായണം ലഭ്യമല്ല എന്നതാണ് വസ്തുത. അത് കൊണ് തന്നെയാണ് 2015ൽ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിയൻ തിയോളജിക്കൽ സെമിനാരിയിലെ ഇസ്ലാം ആൻ്റ് ഇൻ്റർറിലീജിയസ് എൻഗേജ്മെൻ്റിലെ അസോസിയേറ്റ് പ്രൊഫസറായ ജെറുഷ താനർ റോഡ്സ് ഖുർആൻ എക്സ്പ്ലോറർ എന്ന കമ്പനിയുടെ ആപ്പിലേക്കും വെബ്സൈറ്റിലേക്കും ഖുർആൻ പാരായണം ചെയ്യുന്ന സ്ത്രീകളെ ചേർക്കണമെന്നാവശ്യപ്പെട്ട് ‘ ആഡ് ഫീമെയ്ൽ റെസിറ്റർ’ (#Addafemalereciter) എന്ന പേരിലൊരു ഓൺലൈൻ പെറ്റീഷൻ ലോഞ്ച് ചെയ്തത്. ആറ് വർഷങ്ങൾക്കിപ്പുറം ക്യു. എ.ടി എന്ന ഒരേയൊരു ആപ്പ് മാത്രമാണ് തങ്ങളുടെ ഓത്തുകാരുടെ പട്ടികയിൽ ഒരു ഖാരിഅത്തിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്തോനേഷ്യയിൽ നിന്നുള്ള പ്രമുഖ ഖാരിഅത്തായ മർയ ഉൽഫയാണ് ഈ ആപ്പിൽ ഫീച്ചർ ചെയ്യപ്പെട്ടിട്ടുള്ള ഏക സ്ത്രീ സാന്നിധ്യം.
അഭിപ്രായങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ഖുർആൻ ആപ്പുകളിൽ സ്ത്രീ ശബ്ദങ്ങൾ ചേർക്കാത്തതിന്റെ രണ്ടാമത്തെ കാരണം വളരെ കുറച്ചു പേർ മാത്രമേ അവരുടെ ഇടയിൽ പബ്ലിക്കിന് ലഭ്യമായിട്ടുള്ളതും പകർപ്പാവകാശ പ്രശ്നമില്ലാത്തവരുമെന്നും താനർ റോഡ്സ് പറഞ്ഞു.
“സ്ത്രീകളുടെ ഖുർആൻ പാരായണം ചെയ്യുന്നത് റെക്കോർഡ് ചെയ്യുന്ന കൂടുതൽ ശ്രമങ്ങളുണ്ടാകണം ” – താനർ റോഡ്സ് പറഞ്ഞു. “ഇവിടെയിതാ മൂന്ന് ഖാരിഅത്തുകളുണ്ടല്ലോ എന്ന് പറയുമ്പോൾ നോ പറയൽ ബുദ്ധിമുട്ടാണുതാനും ” – താനർ റോഡ്സ് കൂട്ടിച്ചേർത്തു.
ഖാരി അല്ലെങ്കിലും ഖുർആൻ അൽപമെങ്കിലും പാരായണം ചെയ്യാനറിയൽ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം നിർബന്ധമാണ്. ശബ്ദ വൈവിധ്യം ആ നിർബന്ധമാകലിന്റെ ഭാഗമാണ്.


2019 ലെ റമദാനിലെ ബോസ്നിയ സന്ദർശന വേളയിലാണ് മദീനാ ജാവേദ് ജീവിതത്തിൽ ആദ്യമായി ഒരു സ്ത്രീയുടെ ഖുർആൻ പാരായണം പള്ളിയുടെ അകത്തളങ്ങളിൽ പുറത്തേക്കൊഴുകുന്നത് കേൾക്കുന്നത്.
“ആ യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞാൻ ഒരു നിമിഷമെടുത്തു. പൊതുവേ മുസ്ലിം സൗണ്ട് ട്രാക്കുകൾ പുരുഷന്മാരുടേതായിരിക്കും. എങ്ങനെയാണ് ഒരു സ്ത്രീ അതും പള്ളിയിൽ വെച്ച് ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാനാവുക ?. ഞാൻ ആ സുന്ദരമായ ഖുർആൻ പാരായണം കേട്ട് കൊണ്ടേയിരുന്നു. മനോഹരമായിരുന്നു അത് ” – ജാവേദ് പറഞ്ഞു.
ആയിരത്തി നാനൂറ് വർഷങ്ങൾക്ക് മുമ്പ് , പ്രവാചക കാലത്ത് പുരുഷന്മാരും സ്ത്രീകളും കേൾക്കത്തക്ക വിധം സ്ത്രീകൾ ഖുർആനോതുന്നത് സാധാരണ സംഭവമായിരുന്നു. എല്ലാവർക്കും കേട്ടാസ്വദിക്കാനാകും വിധത്തിൽ അവരുടെ സുന്ദരമായ പാരായണം തെരുവുകളിൽ പ്രതിധ്വനിക്കാറുണ്ടായിരുന്നു.
അവരിലൊരാളായിരുന്നു ഉമ്മു വറഖ. പ്രവാചകാനുയായികളിൽ നിന്ന് ഖുർആൻ മുഴുവനും ഹൃദ്യസ്ഥമായ ചുരുക്കം ചിലരിൽ ഇവരും പെടുന്നു. അവർ മറ്റുള്ളവർക്ക് ഖുർആൻ പഠിപ്പിച്ചു കൊടുക്കുകയും അത് വഴി അവരുടെ വീടിനരികിലൂടെ കടന്നു പോകുന്നവർക്ക് അവരുടെ പാരായണം കേൾക്കാനിട വരികയും ചെയ്തിരുന്നു.
കുറേ മിനുട്ടുകൾ സ്പോട്ടിഫൈയിൽ ഖുർആനിക അധ്യായങ്ങളുടെ ലിസ്റ്റ് സ്ക്രോൾ ചെയ്തിട്ടും ഫീഡിൽ ഒരൊറ്റ സ്ത്രീയുടെയും പാരായണം കണ്ടെത്താനായില്ലെന്ന് മദീനാ ജാവേദിന്റെ സുഹൃത്ത് ഫദീല സെൽബർഗ് സെയ്ബ് പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെയാണ് ഇരുപതാം നൂറ്റാണ്ടിലെ തുടക്കത്തിലെ ഈജിപ്തിലെ ഖാരിഉകളുടെ അപൂർവും പുരാതനവുമായ റെക്കോർഡിംഗുകൾ ടിറ്ററിൽ കഴിഞ്ഞ വർഷം ജാവേദിന് കണ്ടെത്താൻ കഴിഞ്ഞപ്പോൾ അതൊരു വൈകാരിക നിമിഷമായി പരിണമിച്ചത്. കഴിഞ്ഞ എട്ട് ദശകങ്ങളായി, ഈജിപ്തിൽ റേഡിയോ മുഖേന സ്ത്രീകളുടെ ഖുർആൻ പാരായണം സംപ്രേഷണം ചെയ്യുന്നത് നിരോധിക്കപ്പെട്ടിട്ടുണ്ട്.
” കഴിഞ്ഞ ഒരു നൂറ്റാണ്ടായി ഒരു ആത്മീയമായ ലബോട്ടമി ഇവിടെ ഉടലെടുത്തിട്ടുണ്ട്. കാരണം, സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്ന ഒരു വലിയ ശേഖരം നമ്മുടെ ചരിത്രത്തിന്റെ ഭാഗമായി വേണമായിരുന്നു. പക്ഷേ, അവിടെ ഒരു വിടവ് നില നിൽക്കുന്നുണ്ട് ” – സെയ്ബിനെ ഉദ്ധരിച്ച് ജാവേദ് പറഞ്ഞു. “അത് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അത് കൊണ്ട് തന്നെ അത് നോർമലാണു താനും. അത് കൊണ്ട് തന്നെ അതിൽ ഒരു അപാകതയുണ്ടാകാൻ പാടില്ല”.
“പാരായണം ചെയ്യാനാകുന്നത് തന്നെ ഒരു അനുഗ്രഹമാണ് “
യു.കെയിൽ നിന്നുള്ള അസ്മ എൽബദാവി തങ്ങളുടെ ഖുർആൻ പാരായണം ഓൺലൈനായി ചെയ്ത അനേകം സ്ത്രീകളിൽ ഒരാളാണ്. താൻ കുട്ടിയായിരിക്കുമ്പോൾ തന്നെ ഉമ്മ ഖുർആൻ ഓതാൻ പഠിപ്പിച്ചിരുന്നുവെന്ന് അവർ അൽ ജസീറയോട് പറഞ്ഞു . മുസ്ലിം കമ്മ്യൂണിറ്റികളിൽ നടന്നിരുന്ന മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ മക്കൾ മത്സരിക്കുന്നതിൽ എത്രത്തോളം ഓരോ ഉമ്മമാരും അഭിമാനം കൊണ്ടിരുന്നുവെന്ന് അസ്മ ഓർത്തെടുത്തു.
“ഖുർആൻ പഠിക്കലും പാരായണം ചെയ്യലും ഒരു പ്രിവ്ലേജായി കാണപ്പെട്ടു “- അവർ അൽ ജസീറയോട് പറഞ്ഞു.
“എന്നെ സംബന്ധിച്ചിടത്തോളം , സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് കണ്ടു വളർന്ന ഒരാളാണ് ഞാൻ . എന്തോ ചില കാരണങ്ങളാൽ അതിപ്പോൾ എവിടെയും കാണാത്ത പോലെ അനുഭവപ്പെടുന്നു. നിഷിദ്ധമാക്കപ്പെട്ടിട്ടില്ലെങ്കിലും അങ്ങനെയാണെന്ന മട്ടിലാണ് നിലവിലെ സ്ഥിതി വിശേഷം. സ്ത്രീകൾ ഖുർആനോ താൻ പാടില്ലെന്ന ഒരു ധാരണ ജനങ്ങൾക്കിടയിൽ വന്നു ഭവിച്ചിട്ടുണ്ട് “.
“സ്ത്രീകൾ ഖുർആൻ പാരായണം ചെയ്യുന്നത് ഓൺലൈനിൽ ഷെയർ ചെയ്യുമ്പോൾ അത് മറ്റു സ്ത്രീകളെ ഖുർആൻ പഠിച്ച് പാരായണം ചെയ്യുന്നത് ആസ്വദിക്കാൻ സമയം കണ്ടെത്താൻ പ്രചോദിപ്പിക്കുന്നു. എല്ലാത്തിനുമപ്പുറത്ത് തന്റെ സൃഷ്ടാവിനോടപ്പമുള്ള സംഭാഷണമാണിതെന്ന് ഓർത്താൽ മതി” – അസ്മ കൂട്ടിച്ചേർത്തു.
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ വലിയ വലിയ മുസ്ലിം സംഘടനകൾ അവരുടെ പരിപാടികളുടെ ഭാഗമായി സ്ത്രീകൾക്ക് ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിത്തുടങ്ങിയിയിരിക്കുന്നുവെന്ന് താനർ റോഡ്സ് പറഞ്ഞു.
“സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഖുർആൻ പഠിക്കുന്നത് മൂല്യവത്തായ കാര്യമാണ്. അതൊരു ആരാധനയായത് കൊണ്ട് തന്നെ അത് വിലമതിക്കാൻ ആവാത്തതാണ് ” – താനർ റോഡ്സ് പറഞ്ഞു. “ഖുർആൻ പാരായണം ചെയ്യുന്നത് പുണ്യ പ്രവൃത്തിയാണ്. അത് കൂടുതൽ
ശബ്ദങ്ങളിൽ ഓതപ്പെടുന്നത് ഉപകാരപ്രദമായിരിക്കും “.
“ദൈവിക വചനങ്ങൾ സമ്പൂർണമാണ്”
ഇത്തരത്തിലുള്ള നിരവധി ഉദ്യമങ്ങൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതൃത്വം നൽകപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ മാസം അമാലിയ എന്ന വെബ്സൈറ്റ് മുസ്ലിംകളോട് വെള്ളിയാഴ്ചകളിൽ പ്രത്യേകം ഓതാൻ നിർദേശിക്കപ്പെടുന്ന സൂറത്തുൽ കഹ്ഫ് ലോകത്തിന്റെ പല ദിക്കുകളിലുളള ഖാരിഅത്തുകൾ ഓതിയതിന്റെ ഒരു പ്ലേലിസ്റ്റ് സമാഹരിക്കുകയുണ്ടായി. ഖാരിഅത്തുകളുടെ ഓത്തുകൾ കേൾക്കാൻ പാടില്ലെന്ന് ധരിച്ചു വെച്ചിരിക്കുന്ന സ്ഥലങ്ങളിൽ മാറ്റങ്ങളുണ്ടാകാൻ സമയമെടുക്കുമെന്ന് ജാവേദ് പറഞ്ഞു. അത് കൊണ്ട് തന്നെയാണ് അവർ സാധ്യമാവുന്നത്ര കമ്മ്യൂണിറ്റികൾ സന്ദർശിക്കുന്നതും സംസാരിച്ച് അവരെ ബോധവാന്മാരാക്കുന്നതും. ബ്രിട്ടീഷ് മ്യൂസിയത്തിലും സ്കോട്ടിഷ് പാർലമെന്റിലും ഇതിനിടയിൽ മദീനാ ജാവേദിന് ഖുർആൻ പാരായണം ചെയ്യാൻ അവസരം ലഭിക്കുകയുണ്ടായി.
ടെക്സാസ് കേദ്രീകരിച്ച് പ്രവർത്തിക്കുന്ന മുസ്‌ലിം സ്പെയ്സ് എന്ന കൂട്ടായ്മ സംപ്രേഷണം ചെയ്ത ഒരു പ്രോഗ്രാമിലും അവർക്ക് പാരായണം ചെയ്യാനായി.
“പാരായണം ചെയ്യുന്നത് ഇഷ്ടപ്പെടാനാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. അങ്ങനെ ചെയ്യാനാവുന്നത് ഒരനുഗ്രഹം കൂടിയാണ് ” – ജാവേദ് പറഞ്ഞു. “ദൈവിക വചനങ്ങൾ സമ്പൂർണമാണ്. ഞങ്ങൾ കഴിയാവുന്നത്ര നല്ല രീതിയിൽ പാരായണം ചെയ്യാൻ ശ്രമിക്കുക തന്നെ ചെയ്യും ” – ജാവേദ് കൂട്ടിച്ചേർത്തു.
വിവർത്തനം: മുഹമ്മദ് ഫാഇസ്