Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ പാരായണം കേട്ടിരിക്കുന്നതും ആരാധനയാണ്

ഹൃദയത്തിന്റെ ശോഭ നഷ്ടപ്പെട്ടുവെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ നിങ്ങൾ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു എന്നാണ് അതിനർത്ഥം. സൃഷ്ടികളോടുള്ള സഹവാസത്തിൽ മടുപ്പ് അനുഭവപ്പെടുകയും സങ്കടങ്ങളും ആവലാതികളും നിങ്ങളുടെ മേൽ കുമിഞ്ഞ് കൂടുകയും ചെയ്യുന്നുവെങ്കിൽ നഷ്ടപ്പെട്ട് പോയ ആ ദിവ്യ ശോഭ തിരിച്ചുപിടിക്കാൻ നിങ്ങൾ പരിശ്രമിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. എന്നാൽ, ആ പരിശ്രമത്തിൽ വിജയം നേടാനുള്ള ഏക മാർഗ്ഗം ദൈവിക വചനത്തിലേക്ക് മടങ്ങുകയെന്നതാണ്.

അസ്മാഉൽ ഹുസ്‌ന പാരായണം ചെയ്ത് കൊണ്ട് തിരുനബി അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു: ”അല്ലാഹുവേ, നീ നിനക്ക് സ്വയം വെച്ച നാമങ്ങൾ കൊണ്ടും വിശുദ്ധ ഖുർആനിൽ പരാമർശിച്ച നിന്റെ നാമങ്ങൾ കൊണ്ടും നിന്റെ സൃഷ്ടികൾക്ക് പഠിപ്പിച്ചു കൊടുത്ത നിന്റെ നാമങ്ങൾ കൊണ്ടും ഞാൻ നിന്നോട് ചോദിക്കുന്നു. വിശുദ്ധ ഖുർആൻ ഞങ്ങളുടെ ഹൃദയ വസന്തമാക്കിത്തരേണമെ. ഞങ്ങളുടെ കണ്ണിലെ പ്രകാശമാക്കി മാറ്റേണമെ. ഞങ്ങൾ അനുഭവിക്കുന്ന വിഷമങ്ങളും പ്രയാസങ്ങൾക്കുമുള്ള പരിഹാരമാക്കിത്തരേണമെ”.

വിശുദ്ധ ഖുർആൻ കാഴ്ചയുടെ വെളിച്ചവും ഹൃദയവസന്തവും ദുരിതങ്ങൾക്കെതിരെയുള്ള പരിചയും പ്രയാസങ്ങളിൽ നിന്നുള്ള ഹൃദയ ശമനിയും വിശ്വാസികൾക്ക് കാരുണ്യവും സൻമാർഗികൾക്കുള്ള വഴികാട്ടിയും നിഷേധികൾക്കെതിരെയുള്ള ദൈവിക വചനവുമാണെന്ന് തിരുനബിയുടെ പ്രാർത്ഥനയിൽ നിന്നുതന്നെ നമുക്ക് മനസ്സിലാക്കിയെടുക്കാനാകും. പാരായണം ചെയ്തും കേട്ടും ചിന്തിച്ചുമുള്ള ഖുർആനിക ആരാധനക്ക് വലിയ മാധുര്യമാണുള്ളത്. വിശുദ്ധ ഖുർആൻ ശ്രദ്ധിച്ചു കേൾക്കുന്നത് തന്നെ ആരാധനയാണെന്നത് പലരും അറിയാതെ പോകുന്ന ഒന്നാണ്. അല്ലാഹു പറയുന്നു: ‘ഖുർആൻ പാരായണം ചെയ്യപ്പെടുമ്പോൾ നിങ്ങളത് സശ്രദ്ധം ശ്രവിക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക; എങ്കിൽ നിങ്ങൾക്ക് കാരുണ്യ വർഷമുണ്ടായേക്കാം'(അഅ്‌റാഫ്: 204).

ഹൃദയത്തെയും ശരീരത്തെയും കീഴടക്കുന്ന മാന്ത്രികത

ഖുർആൻ പാരായണം കേൾക്കുന്നത് ഹൃദയത്തെ വലിയ രീതിയിൽ സ്വാധീനിക്കുകയും അതിനുമേൽ അധികാരം ചെലുത്തുകയും ചെയ്യും. നഷ്ടപ്പെടുത്താനാകാത്ത ആനന്ദമാണത്. വിശുദ്ധ ഖുർആൻ സത്യമാണെന്നും അതു പാരായണം ഹൃദയത്തെ സ്വാധീനിക്കുമെന്നതിനാലാണ് സത്യനിഷേധികൾ ജനങ്ങളെ അതിൽ നിന്നും തടഞ്ഞത്. ഖുർആൻ തന്നെ അത് വിവരിക്കുന്നു: ‘നിങ്ങൾ ഈ ഖുർആൻ ശ്രവിക്കരുത്. അത് ഓതപ്പെടുമ്പോൾ അപശബ്ദമുണ്ടാക്കുക, എങ്കിൽ നിങ്ങൾ ജേതാക്കളായേക്കാം എന്ന് നിഷേധികൾ ജൽപിച്ചു'(ഫുസ്വിലത്ത്: 26).

ഒരു മനുഷ്യന് നേടിയെടുക്കാവുന്ന എല്ലാ കാര്യങ്ങളും അങ്ങേക്ക് ഞങ്ങൾ തരാം എന്ന് പറഞ്ഞ് ദൈവിക പ്രബോധനത്തിൽ നിന്നും തിരുനബിയുടെ മനസ്സ് മാറ്റാൻ വന്ന അറബികളിലെ പ്രമുഖനായ വ്യക്തിയോട് പ്രവാചകൻ ചോദിച്ചു: ‘അബുൽ വലീദ്, നിനക്ക് പറയാനുള്ളത് തീർന്നോ?’. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഉടനെ തിരുനബി ഫുസ്വിലത്ത് അധ്യായം അദ്ദേഹത്തിന് ഓതിക്കൊടുത്തു. ‘ഇനി, അവർ അവഗണിച്ചു പോകുന്ന പക്ഷം താങ്കൾ പറയുക: ആദും സമൂദും അഭിമുഖീകരിച്ച കഠോര ശിക്ഷ പോലുള്ളത് ഞാനിതാ നിങ്ങൾക്ക് മുന്നറിയിപ്പ് തരുന്നു!'(ഫുസ്വിലത്ത്: 13) എന്ന സൂക്തമെത്തിയപ്പോൾ ആ വ്യക്തി പ്രവാചകനോട് പാരായണം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചു. പിന്നീട് അദ്ദേഹം തന്റെ സമൂഹത്തിലേക്ക് തിരിച്ചുവന്നത് പോയ അവസ്ഥയിലല്ലായിരുന്നു. ജനങ്ങൾ സംഭവം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: പ്രവാചകൻ പറഞ്ഞ വാക്കുകൾ മനുഷ്യന്മാർക്കോ ജിന്നുകൾക്കോ പറയാൻ സാധ്യമാകുന്ന ഒന്നല്ല. ദൈവമാണ, അതിന് വല്ലാത്ത മാധുര്യമുണ്ട്. അത് എല്ലാത്തിനെയും മികക്കുമെന്നല്ലാതെ അതിനെ അതിജയിക്കാൻ മറ്റൊന്നിനും സാധ്യമല്ല.

അങ്ങനെയെങ്കിൽ വിശ്വാസികളുടെ അവസ്ഥയെന്തായിരിക്കും? അവരാണ് സൃഷ്ടികളിൽ ഏറ്റം സൂക്ഷ്മശാലികളും ദൈവിക കൽപനകളോട് കൂടുതൽ വിധേയത്വമുള്ളവരും. ഖുർആൻ പാരായണം കേൾക്കുന്നത് തന്നെ എത്രമാത്രം മാധുര്യമാണ്. നിശബ്ദതയും അവയവ അടക്കവുമാണ് ഹൃദയത്തിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും മഹത്തരണായത്. പ്രവാചകനിലേക്കാണ് വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ടത്. എന്നിട്ടും അതിന്റെ പാരായണം കേൾക്കുന്നത് തിരുനബി അതിയായി ഇഷ്ടപ്പെട്ടു.

അബ്ദില്ലാഹ് ബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു; എന്നോട് ഒരിക്കൽ നബി(സ്വ) പറഞ്ഞു: ‘എനിക്ക് ഖുർആൻ പാരായണം ചെയ്തു തരൂ’. വിശുദ്ധ ഖുർആൻ അങ്ങയിലേക്കാണ് ഇറക്കപ്പെട്ടത്, അങ്ങയോടാണോ ഞാൻ ഓതിത്തരേണ്ടത്? ഞാൻ ചോദിച്ചു. പ്രവാചകൻ പറഞ്ഞു: ‘ഞാനത് മറ്റൊരാളിൽ നിന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്നു’. ഞാൻ പ്രവാചകന് നിസാഅ് അധ്യായം ഓതിക്കൊടുത്തു. ‘നബിയേ, എല്ലാ സമുധായത്തിൽ നിന്നും ഓരോ സാക്ഷിയെയും അവർക്കു സാക്ഷിയായി താങ്കളെയും നാം ഹാജരാക്കുമ്പോൾ എന്തായിരിക്കും സ്ഥിതി?'(നിസാഅ്: 41) എന്ന സൂക്തമെത്തിയപ്പോൾ തിരുനബി(സ്വ) പറഞ്ഞു: ‘അവിടെ നിർത്തൂ’. ഞാൻ നോക്കുമ്പോൾ പ്രവാചകന്റെ രണ്ടു കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് മഹാനായ ഇബ്‌നു ബത്താൽ പറയുന്നു: വിശുദ്ധ ഖുർആനിലെ സൂക്തങ്ങളിൽ ചിന്തിക്കാനും മനസ്സിലാക്കാനും വേണ്ടിയായിരിക്കും മറ്റൊരാളിൽ നിന്നും കേൾക്കാൻ നബി(സ്വ) ആഗ്രഹിച്ചത്. കാരണം, കേൾക്കുന്ന ആൾക്ക് അതിൽ നന്നായി ചിന്തിക്കാനാകും. ഓതുന്നവനെക്കാൾ കേൾക്കുന്നവനായിരിക്കും ഏറ്റവും കൂടുതൽ ഉന്മേഷവാനാവുക. ഓതുന്നവനെ സംബന്ധിച്ചെടുത്തോളം അവൻ പാരായണത്തലും അതിന്റെ നിയമങ്ങളിലും വ്യാപൃതനായിരിക്കും. പാരായണം ചിന്താപൂർവം കേൾക്കുകയെന്നത് സത്യവിശ്വാസികളുടെ വിശേഷണമാണ്. അല്ലാഹുവിനും അവർക്കുമിടയിലെ ഈമാനികമായ ബന്ധത്തിന്റെ ഭാഗമാണത്.

അല്ലാഹു പറയുന്നു: ‘രക്ഷിതാവിങ്കൽ നിന്നു തനിക്കവതീർണമായതിൽ റസൂൽ തിരുമേനി വിശ്വസിച്ചിരിക്കുന്നു; സത്യവിശ്വാസികളും. അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും ദൂതരിലും- അവർ ആർക്കിടയിലും ഒരു വിവേചനവും കൽപിക്കില്ലെന്ന നിലപാടിൽ- അവരൊക്കെയും വിശ്വാസമർപ്പിക്കുകയുണ്ടായി. അവർ പ്രഖ്യാപിച്ചു: ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. നാഥാ, ഞങ്ങൾക്ക് പൊറുത്തുതരേണമേ, നിന്നിലേക്ക് തന്നെയാണ് മടക്കം'(ബഖറ: 285).

ആദം സന്തതികളെ മാത്രമല്ല ഖുർആൻ സ്വാധീനിച്ചത്, മറിച്ച് ജിന്നുകളും ഖുർആനിൽ ആകൃഷ്ടരായിരുന്നു. ‘നബയെ പറയുക: ഒരു സംഘം ജിന്നകുൾ ഖുർആൻ ശ്രദ്ധാപൂർവം കേൾക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യസന്ദേശം ലഭിച്ചു. എന്നിട്ട്, സ്വന്തം സമൂഹത്തിന് അവർ ഉദ്‌ബോധനം നൽകി: സൽപാന്ഥാവിലേക്ക് വഴികാട്ടുന്ന അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ ശ്രവിക്കുകയും തന്മൂലം ഞങ്ങളതിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ഇനി മേൽ നാഥനോട് ഒരാളെയും ഞങ്ങൾ പങ്കാളികളാക്കുകയേയില്ല, തീർച്ച'(ജിന്ന്: 1,2), ‘നേർവഴിയുടെ സന്ദേശം ലഭിച്ചപ്പോൾ അതിൽ ഞങ്ങൾ വിശ്വസിച്ചു. അപ്പോൾ, തന്റെ നാഥനിൽ ആരൊരാൾ വിശ്വസിക്കുന്നുവോ അവൻ യതൊരു അവകാശ ലംഘനവും അനീതിയും പേടിക്കേണ്ട'(ജിന്ന്: 13). മൃഗങ്ങളിൽ പോലും ഖുർആന്റെ സ്വാധീനമുണ്ടായിട്ടുണ്ട്.

ചിന്തിക്കാത്തവൻ മരിച്ചവന് തുല്യമാണ്

ചിന്തിക്കാതിരിക്കുകയെന്നത് ഹൃദയം അന്ധമായവരുടെ വിശേഷണമാണ്. അല്ലാഹുവിന്റെ ഉപദേശങ്ങൾക്ക് ഉത്തരം നൽകാത്ത നിഷേധികളെ അല്ലാഹു ആക്ഷേപിക്കുന്നുണ്ട്; ‘ജിന്നിലും മനുഷ്യരിലും ധാരാളം പേരെ നരകത്തിലേക്കായി നാം സൃഷ്ടിച്ചിരിക്കുന്നു- അവർക്ക് ഹൃദയങ്ങളുണ്ട്, അതുകൊണ്ടവർ സത്യം ഗ്രഹിക്കില്ല; കണ്ണുകളുണ്ട്, അവകൊണ്ടവർ സത്യം കണ്ടെത്തില്ല; കാതുകളുണ്ട്, അവകൊണ്ടവർ സത്യം ശ്രവിക്കില്ല. കാലികളെപ്പോലെയാണവർ; അല്ല, അവയെക്കാൾ വഴിപിഴച്ചവർ. അവർ തന്നെയാണ് ബോധശൂന്യന്മാർ!'(അഅ്‌റാഫ്: 179), ‘എന്നാൽ മരിച്ചവരെ കേൾപിക്കാൻ താങ്കൾക്കാവില്ല തന്നെ. പിന്തിരിഞ്ഞു പോകുന്നുവെങ്കിൽ ബധിരരെ ശ്രവിപ്പിക്കാനും താങ്കൾക്ക് കഴിയില്ല. അന്ധരെ തങ്ങളുടെ ദുർമാർഗത്തിൽ നിന്ന് സന്മാർഗ പ്രാപ്തരാക്കാനും താങ്കൾക്ക് സാധിക്കുന്നതല്ല. നമ്മുടെ സൂക്തങ്ങളിൽ വിശ്വസിക്കുകയും വിധേയത്വം പ്രകടിപ്പിക്കുന്നവരാവുകയും ചെയ്തവരെ മാത്രമേ താങ്കൾക്ക് കേൾപിക്കാനാകൂ'(റൂം: 52,53).

യഹൂദികളുടെ അവസ്ഥയും അല്ലാഹു വിവരിക്കുന്നുണ്ട്: ‘ജൂതന്മാരിൽ പെട്ട ചിലർ വാക്കുകൾ സ്ഥാനഭ്രംശം വരുത്തുകയാണ്. നാവുകൾ വക്രീകരിച്ചും മതത്തെയധിക്ഷേപിച്ചും അവരിങ്ങനെ ജൽപിക്കും: ഞങ്ങൾ കേൾക്കുകയും ധിക്കരിക്കുകയും ചെയ്യുന്നു; നീ ശ്രവിക്കുക, നിനക്കു കേൾക്കാൻ കഴിയാതിരിക്കട്ടെ; റാഇനാ എന്നും അവർ പറയും. എന്നാൽ, ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; താങ്കൾ ശ്രവിക്കുകയും ഞങ്ങളെ ശ്രദ്ധിക്കുകയും ചെയ്താലും എന്ന് അവർ ബോധിപ്പിച്ചിരുന്നുവെങ്കിൽ അതവർക്ക് ഋജുവും ഉദാത്തവുമായിരുന്നു. പക്ഷെ, തങ്ങളുടെ സത്യ നിഷേധം നിമിത്തം അവരെ ശപിച്ചിരിക്കുകയാണ് അല്ലാഹു. തന്മൂലം വളരെക്കുറച്ചേ അവർ വിശ്വസിക്കൂ!'(നിസാഅ്: 46), ‘പാപം പേറുന്ന ഒരു വ്യക്തിയും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുന്നതല്ല. പാതകഭാരം മൂലം സാഹസപ്പെടുന്ന ഒരാൾ തന്റെ ചുമടു പേറാൻ ആരെയെങ്കിലും വിളിക്കുകയാണെങ്കിൽ -ബന്ധുവാണെങ്കിൽ പോലും-വഹിപ്പിക്കപ്പെടില്ല. അദൃശ്യാവസ്ഥയിൽ തങ്ങളുടെ നാഥനെ പേടിക്കുകയും നമസ്‌കാരം യഥായോഗ്യം നിർവഹിക്കുകയും ചെയ്യുന്നവർക്കേ അങ്ങയുടെ താക്കീത് ഫലപ്രദമാകൂ. ഒരാൾ വിശുദ്ധി പാലിക്കുന്നുവെങ്കിൽ സ്വനന്മക്കു വേണ്ടിയാണ് അവനതു ചെയ്യുന്നത്; അല്ലാഹുവിങ്കലേക്കാണ് മടക്കം. അന്ധനും കാഴ്ചയുള്ളവനുമോ ഇരുളും വെളിച്ചവുമോ തണലും ചുടുവെയിലുമോ ജീവനുള്ളവരും മരിച്ചവരുമോ തുല്യമാവുകയില്ല. നിശ്ചയം, താനുദ്ദേശിക്കുന്നവരെ അല്ലാഹു കേൾപിക്കുന്നു. ശ്മശാനപ്രാപ്തരെ ശ്രവിപ്പിക്കാൻ അങ്ങേക്കാവില്ല'(ഫാത്വിർ: 1922).

ഖുർആൻ പാരായണം ശ്രവിക്കേണ്ടതെങ്ങനെ?

കേൾവിക്ക് ആസ്വാധ്യമാകുന്ന ആളുകളിൽ നിന്നാണ് നാം ഖുർആൻ പാരായണം കേൾക്കുക. ത്വാഊസ്(റ) പറയുന്നു: ജനങ്ങളിൽ വെച്ച് ഏറ്റവും നന്നായി ഖുർആൻ പാരയണം ചെയ്യുന്നവൻ ആരാണ്? ആരുടെ ശബ്ദമാണ് ഏറ്റവും മധുരിതമായത്? എന്ന് ഒരിക്കൽ പ്രവചാകൻ ചോദിക്കപ്പെട്ടു. ഉടനെ പ്രവാചകൻ മറുപടി പറഞ്ഞു: ‘വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന ഒരാളെ കണ്ടാൽ അവൻ അല്ലാഹുവിനെ ഭയപ്പെടുന്നതായി നിനക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ അവനാണ് ഏറ്റവും നന്നായി ഓതുന്നവനും അവന്റെ ശബ്ദമാണ് ഏറ്റവും നല്ല ശബ്ദവും'(മുസ്ലിം). എന്നാൽ എങ്ങനെയാണ് ഖുർആൻ പാരായണം ചെയ്യേണ്ടതെന്ന് ചോദിക്കുന്നവരോട് രണ്ട് കാര്യങ്ങളാണ് നിർദേശിക്കാനുള്ളത്:

1- ഈ ആരാധന ശരീരത്തിനും മനസ്സിനും ആനന്ദവും ആത്മാവിന്റെ പൂർത്തീകരണവുമാണെങ്കിൽ അതിനായി ത്യാഗം ചെയ്യാൻ നാം സന്നദ്ധരാകില്ലേ? നിങ്ങൾ അതിന്റെ മാധുര്യം മനസ്സിലാക്കിയാൽ നിങ്ങൾക്ക് അതിന്റെ ഉത്തരവും ലഭിക്കും.

2- കേൾക്കുകയെന്നത് ഏറ്റം ലളിതമായ ആരാധനയാണ്. വീട്ടിൽ നിന്നും ജോലിക്കിടയിലും വാഹനത്തിലായിരിക്കുമ്പോഴും നമുക്കത് സാധ്യമാകും. ഹൃദയ സാന്നിധ്യമുണ്ടെങ്കിൽ ഇരിക്കുമ്പോഴും നടക്കുമ്പോഴും കിടക്കുമ്പോഴും നമുക്ക് ഖുർആൻ പാരാണം ചെയ്യാനാകും.
മന്ത്രോച്ചാരണം പോലെ ഖുർആൻ പാരായണം ചെയ്യുന്നത് ഹൃദയത്തിന് നൈർമല്യമുണ്ടാക്കാനും കൺതടങ്ങളിൽ കണ്ണീർ പൊടിയാനും കാരണമാകും. ഇമാം നവവി പറയുന്നു: ഖുർആൻ പാരായണം ചെയ്യുമ്പോൾ കരയുന്നത് മഹോന്നതരും സൽവൃത്തരുമായ ആളുകളുടെ അടയാളമാണ്.

വിവ- മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍

Related Articles