Current Date

Search
Close this search box.
Search
Close this search box.

കണ്ണിന് ഉടമയെ ഒറ്റിക്കൊടുക്കാൻ കഴിയുമോ?

يَعْلَمُ خَائِنَةَ الْأَعْيُنِ وَمَا تُخْفِي الصُّدُورُ കള്ളനോട്ടവും അന്തർഗതങ്ങളുമെല്ലാം അല്ലാഹു അറിയുന്നു. ( 40: 19) എന്ന ഖുർആൻ വാക്യത്തിന്റെ ശാസ്ത്രീയ രഹസ്യങ്ങളെക്കുറിച്ച് ഞാൻ എല്ലായ്പ്പോഴും ചിന്തിക്കുകയും കൂടുതൽ പ‍ഠക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കള്ളനോട്ടം എന്നതിന്റെ ശരിയായ വിവക്ഷ എന്താണന്നും എന്നെ ഏറെ ചിന്തിപ്പിച്ച കാര്യമാണ്. കണ്ണിന് അതിന്റെ ഉടമയെ ഒറ്റിക്കൊടുക്കാനും തലച്ചോറിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെ നമ്മുടെ അനുവാദമില്ലാതെ വെളിപ്പെടുത്താൻ സാധിക്കുമോ എന്നതും മറ്റൊരു ചോദ്യമാണ്. ഇതിനൊക്കെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തരം കണ്ടെത്താൻ സാധിക്കുമോ എന്നാണ് ഈ ചെറിയ കുറിപ്പിലൂടെ ഞാൻ ശ്രമിക്കുന്നത്.

ഈ ആയത്തിനെ വ്യാഖ്യാനിച്ച് ഇബ്നു അബ്ബാസ് പറഞ്ഞതിപ്രകാരമാണ്: ഒരാൾ ഒരന്ന്യ സ്ത്രീക്കു നേരെ നോട്ടമെറിയുമ്പോൾ തന്റെ കൂട്ടാളികൾ അത് കാണുന്നുവെങ്കിൽ അവൻ പെട്ടന്ന് നോട്ടം പിൻവലിക്കുന്നത് കാണാം. കൂട്ടുകാർ അവനെ അവ​ഗണിക്കുന്നുവെങ്കിൽ ആ നോട്ടത്തിലവൻ മുന്നോട്ട് തന്നെ പോവുകയും കണ്ണുകളാൽ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവർ അവനെ ശ്രദ്ധിക്കുന്നത് കൊണ്ടാണല്ലോ ആ നോട്ടം പിൻവലിച്ചത്. അവളുടെ സ്വകാര്യ ഭാഗങ്ങൾ കാണാൻ ആഗ്രഹിക്കുന്നുവെന്നാണല്ലോ അതിലൂടെ മനസ്സിലാക്കേണ്ടത്. ഇതു തന്നെയാണ് കള്ള നോട്ടത്തിന്റെ വിവക്ഷ.

ശൈഖ് ശഅ്റാവിയുടെ വ്യാഖ്യാനം ഇങ്ങനെയാണ്: അല്ലാഹുവിന്റെ അറിവ് ഏറെ സമ​ഗ്രമാണന്നും അവനിൽനിന്നും യാതൊന്നും മറഞ്ഞിട്ടില്ലന്നും മനസ്സിലാക്കുക. അല്ലാഹുവിന്റെ സൃഷ്ടിയെ കുറിച്ചും അനുവദനീയമല്ലാത്തവയിലേക്ക് നിങ്ങളുടെ നോട്ടം തിരിഞ്ഞ് പോവുന്നതിനെ കുറിച്ചും അല്ലാഹുവിന് നന്നായി അറിയാം. അല്ലാഹുവിന്റെ സമ​ഗ്രമായ അറിവിനെയും അവൻ എല്ലാം വീക്ഷിക്കുന്നുണ്ടന്നും വിശ്വാസിക്ക് ഉറപ്പുണ്ടായിരുന്നങ്കിൽ ഇത്തരം വഞ്ചനാപരമായ കണ്ണുകൾ ഉണ്ടാകുമായിരുന്നില്ല.

ഇമാം ഇബ്നു കഥീർ പറഞ്ഞതിന്റെ ചുരക്കമിതാണ്: ഇവിടെ അല്ലാഹു തന്റെ സമ്പൂർണമായ അറിവിനെകുറിച്ചാണ് പറയുന്നത്. അതിൽ ഏറെ ​ഗൗരവപ്പെട്ടതും നിസ്സാരവും വലുതും ചെറുതുമെല്ലാം ഉൾപ്പെടും. അത് കൊണ്ട് നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ടവിധം സൂക്ഷിക്കുക. അവൻ എല്ലാം കാണുകയും അറിയുകയും നിരീക്ഷിക്കുകയും ചെയ്യുന്നുവെന്ന ബോധത്തോടെയാവണം നമ്മുടെ ജീവിതം. നിശ്ചയം അല്ലാഹു കണ്ണുകളുടെ കള്ളനോട്ടങ്ങളെ നന്നായി അറിയുന്നവനാണ്. മാറിടങ്ങളിലൊളിച്ചുവെച്ച സകല രഹസ്യങ്ങളും അവൻ അറിയുന്നു.

ഇതെല്ലാം ജനങ്ങളുടെ അശ്രദ്ധയിലുള്ള കട്ട്‌നോട്ടത്തെ കുറിച്ചുള്ള പരാമർശങ്ങളാണ്. ഇതൊക്കെയും അല്ലാഹു അറിയുന്നുവെന്നും നാം അറിയണം. മനുഷ്യൻ രഹസ്യമായി കണ്ടതും മറ്റുള്ളവരിൽനിന്ന് മറച്ചുപിടിക്കാൻ ആഗ്രഹിക്കുന്നതുമായ എന്തും ശാസ്ത്രീയമായി പുറത്തെടുക്കാനും അവ അറിയാനും കാണാനും സാധിക്കുമെന്നും ആധുനിക ശാസ്ത്രം നമ്മെ പഠിപ്പിക്കുന്നണ്ടല്ലോ. മാറിടം മറച്ചുവച്ച സകലതും കണ്ണുകൾ തുറന്ന് കാട്ടുകയാണ് ചെയ്യുന്നത്.

ചിലർ ജനങ്ങളുടെ അഭിമാനത്തിലേക്കും നോട്ടം നിഷിദ്ധമാക്കിയതിലേക്കും ഏറെ നേരം എത്തിനോക്കാൻ ശ്രമിക്കുന്നത് കാണാം. ഒരു കുറ്റവാളിക്ക് തന്റെ പ്രവൃത്തി മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ ആകാശ ഭൂമിയിലെ ഒരു ചെറിയ ആറ്റംപോലും അല്ലാഹുവിന്റെ അറിവിന്റെ പരിധിയിൽനിന്ന് പുറത്തല്ലന്നതാണല്ലോ വസ്തുത. ഭൂമിയിൽ കണ്ണുകളുടെ വഞ്ചന അല്ലാഹുവിനേക്കാൾ നന്നായറിയുന്ന ഒരു സൃഷ്ടിയുമില്ലല്ലോ. ഒരുദാഹരണത്തിലൂടെ അതിങ്ങനെ മനസ്സിലാക്കാം. ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പുരുഷ ഡോക്ടർക്ക് സ്ത്രീയുടെ ശരീരം കാണൽ അനുവദനീയമാണ്. എന്നാൽ ചികിത്സയുടെ ഭാഗമല്ലാത്ത മറ്റൊരിടത്തിലേക്ക് ഡോക്ടറുടെ കണ്ണ് നീങ്ങിയാൽ മറ്റൊരാളും അതറിയില്ലല്ലോ.

2015 ൽ ഗാർഡിയൻ വെബ്‌സൈറ്റിൽ How your eyes betray your thoughst എന്ന തലക്കെട്ടിൽ ഒരു ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കുകയുണ്ടായി.

കണ്ണുകൾക്ക് ചിന്തകളെ എങ്ങനെ വെളിപ്പെടുത്താനാവും? നീണ്ട പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിൽ, കണ്ണിൽ ഒളിഞ്ഞിരിക്കുന്ന ചെറു ചലനങ്ങൾ നിരന്തരം നടക്കുന്നുണ്ടന്നും അത് ഉറക്കിൽ വരെ സംഭവിക്കുന്നുവെന്നും ശാസ്ത്രജ്ഞർ കണ്ടെത്തുകയുണ്ടായി. സത്യം അസത്യം വിചാര വികാരങ്ങൾ എന്നിവയിൽ വ്യക്തി മറക്കാൻ ശ്രമിക്കുന്നതെന്തൊക്കെയാണോ അതെല്ലാം വെളിപ്പെടുത്താൻ മസ്തിഷ്‌ക കോശങ്ങളുമായി കണ്ണ് നിരന്തരം ആശയ വിനിമയം നടത്തുന്നതായി ഈ പഠനം പറയുന്നു. സ്‌നേഹം വെറുപ്പ് മോശമായ പ്രവൃത്തികൾ ഇതൊന്നും മറ്റൊരാൾ അറിയാൻ ആരും താൽപര്യപ്പെടില്ല. ഇതൊക്കെ തിരിച്ചറിയാതെയും നിയന്ത്രിക്കാൻ സാധിക്കാതെയും കണ്ണുകളാണ് ചെയ്യുന്നത് ! ഈ ചലനങ്ങൾ നഗ്‌നനേത്രങ്ങളാൽ നിരീക്ഷിക്കുക സാധ്യമല്ല. ആധുനിക ക്യാമറകളുടെ സഹായത്തോടെ ഇതൊക്കെ ഒപ്പിയെടുക്കാൻ കഴിയുമെന്നും ശാസ്ത്രം പറയുന്നുണ്ട്. മനുഷ്യ മസ്തിഷ്‌കത്തിൽ സംഭവിക്കുന്ന അതീവ ഗൗരവമുള്ള സംഗതികളാണിതെല്ലാം.

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരുടെ അഭിപ്രായം കൂടി ഇവിടെ ചേർത്ത് വായിക്കണം. തലച്ചോറിനെ ദൃശ്യവൽക്കരിക്കാനോ അതിലുള്ളത് വായിച്ചെടുക്കാനോ സാധ്യമാക്കുന്ന ഉപകരണങ്ങൾ ഭാവിയിൽ ആവശ്യമായി വരില്ല. നേതൃചലനങ്ങളെ കുറിച്ചും ഉപബോധമനസ്സിനെകുറിച്ചുമെല്ലാമുള്ള പഠനങ്ങളിലൂടെതന്നെ ഇവയെല്ലാം നിരീക്ഷിക്കാൻ സാധിക്കുമെന്നാണ് അവർ പറയുന്നത്.

വിവ- അബൂ ഫിദ

Related Articles