(إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْراً فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُم ..)
എല്ലാ വര്‍ഷത്തിലും പവിത്രമായ മാസങ്ങളെന്നത് നാലാണ്. അവയില്‍ മൂന്നു മാസങ്ങള്‍ തുടര്‍ച്ചയായും, ഒരു മാസം വേറിട്ടുമാണ് വരുന്നത്. ആ പവിത്ര മാസങ്ങളെന്നത് അല്ലാഹു തെരഞ്ഞെടുക്കുകയും, ശ്രേഷ്ഠമാക്കുകയും ചെയ്ത മാസങ്ങളാണ്. കൂടാതെ, ആ മാസങ്ങളില്‍ അക്രമം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍, ആ (നാല്) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്. ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷമത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.’ (തൗബ: 36)
പവിത്രമാക്കപ്പെട്ട മാസങ്ങളില്‍ സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് മഹത്തമായ പ്രതിഫലവും, അക്രമം പ്രവര്‍ത്തിക്കുന്നതിന് കൊടിയ ശിക്ഷയും കണക്കാക്കപ്പെടുന്നുവെന്നതാണ് ‘നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അക്രമം പ്രവര്‍ത്തിക്കുന്നത് ഏത് സമയത്തും കൊടിയ തെറ്റായിട്ടാണ് കാണുന്നതെങ്കിലും, ഈ മാസങ്ങളില്‍ പ്രവര്‍ത്തിക്കുകയെന്നത് വലിയ തെറ്റായി ഗണിക്കപ്പെടുന്നു. എന്നാല്‍ അല്ലാഹു കാര്യങ്ങളെ ഉദ്ദേശിക്കുന്നതുപോലെ ശ്രേഷ്ഠമായി കാണുന്നു. ജനങ്ങളുടെ അടുക്കല്‍ ദിവസങ്ങളും മാസങ്ങളും ശ്രേഷ്ഠമാണെന്നതുപോലെ അല്ലാഹുവിന്റെ അടുക്കലും ശ്രേഷ്ഠമാണ്. അല്ലാഹു മലക്കുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നും ദൂതന്മാരെ തെരഞ്ഞെടുത്തു. വാക്കുകളില്‍ നിന്ന് അവനെ സ്മരിക്കാനുള്ള നാമങ്ങള്‍ തെരഞ്ഞെടുത്തു. ഭൂമിയില്‍ നിന്ന് മസ്ജിദുകളെ തെരഞ്ഞെടുത്തു. മസ്ജിദുകളില്‍ നിന്ന് മൂന്ന് മസ്ജിദുകളെ പ്രത്യേകമായി തെരഞ്ഞെടുത്തു. മാസങ്ങളില്‍ നിന്ന് വിശുദ്ധ റമദാനെയും, നാല് പവിത്ര മാസങ്ങളെയും തെരഞ്ഞെടുത്തു. ദിവസങ്ങളില്‍ നിന്ന് പ്രത്യേകമായി ജുമുഅയും, രാവുകളില്‍ നിന്ന് ലൈലത്തുല്‍ ഖദ്‌റും തെരഞ്ഞെടുത്തു. അല്ലാഹു ശ്രേഷ്ഠമാക്കിയതെന്തോ അതിനെ നാം ശ്രേഷ്ഠമായി കാണേണ്ടതുണ്ട്. പണ്ഡിതരുടെ അടുക്കല്‍ കാര്യങ്ങള്‍ മഹത്തരമാകുന്നത് അല്ലാഹു മഹത്വമാക്കിയതുകൊണ്ടാണ്. പ്രവാചകന്‍(സ) പറയുന്നു: ‘ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസത്തെ പോലെ കാലം കറങ്ങികൊണ്ടിരിക്കുന്നു. വര്‍ഷമെന്നത് പന്ത്രണ്ട് മാസങ്ങളാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാകുന്നു. തുടര്‍ച്ചയായി വരുന്ന ദുല്‍ഖഅ്ദ, ദുല്‍ഹജ്ജ്, മുഹര്‍റം എന്നിവയും, ജമാദക്കും ശഅ്ബാനിനുമിടയില്‍ വരുന്ന റജബുമാണത്.’ (ബുഖാരി)
അറബികള്‍ ഇസ്‌ലാമിന് മുമ്പ്, പവിത്ര മാസങ്ങളെ ശ്രേഷ്ഠമായി കാണുകയും, ആ മാസങ്ങളില്‍ യുദ്ധം നിഷിദ്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് അവര്‍ മാസങ്ങളെ നീട്ടിവെക്കുന്ന രീതിയാണ് സ്വീകരിച്ചത്. അഥവാ, യുദ്ധങ്ങള്‍ കാരണമായി പരിശുദ്ധ മാസങ്ങളെ വൈകിപ്പിക്കുകയോ നേരത്തെയാക്കുകയോ ചെയ്തു. ധിക്കാരമാര്‍ന്നതും, നിര്‍ണിതമാക്കപ്പെട്ട മാസങ്ങളില്‍ യുദ്ധം വിലക്കപ്പെട്ടതിനെ മാറ്റിപ്പണിയുന്ന ഈയൊരു രീതി അല്ലാഹു നിഷിദ്ധമാക്കി. അല്ലാഹു പറയുന്നു: ‘വിലക്കപ്പെട്ട മാസം പുറകൊട്ട് മാറ്റുകയെന്നത് സത്യനിഷേധത്തിന്റെ വര്‍ധനവ് തന്നെയാകുന്നു. സത്യനിഷേധികള്‍ അത് മൂലം തെറ്റിലേക്ക് നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത് അനുവദനീയമാക്കുകയും, മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയത് ഏതോ അത് അനുവദനീയമാക്കുവാനും വേണ്ടിയാണ് അവരത് അങ്ങനെ ചെയ്യുന്നത്. അവരുടെ ദുഷ്പ്രവര്‍ത്തികള്‍ അവര്‍ക്ക് ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.’ (തൗബ: 37)
ഇസ്‌ലാം സമൂഹത്തിലേക്ക് കടന്നുവരുകയും, പവിത്രമായ മാസങ്ങളെ സംരക്ഷിക്കുകയും, ശത്രുക്കള്‍ യുദ്ധത്തിന് പുറപ്പാട് നടത്താതിരിക്കുകയുമാണെങ്കില്‍ ആ മാസങ്ങളില്‍ യുദ്ധംനിഷിദ്ധമാക്കുകയും ചെയ്തു. ‘വിലക്കപ്പെട്ട മാസങ്ങളില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസങ്ങളില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറമില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയെക്കാള്‍ ഗുരുതരമാകുന്നു.’ (അല്‍ബഖറ: 217)
പവിത്ര മാസങ്ങളുടെ ശ്രേഷ്ഠത:
ദുല്‍ഖഅ്ദ: തുടര്‍ച്ചയായി വരുന്ന മൂന്ന് പവിത്ര മാസങ്ങളിലെ ആദ്യ മാസമാണിത്. മക്കയിലേക്ക് ഹജ്ജിന് പോകുന്നത് മൂലം യുദ്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനാലാണ് ദുല്‍ഖഅ്ദ എന്ന് ഈ മാസത്തെ വിളിക്കുന്നത്. ദുല്‍ഖഅ്ദ ഹജ്ജ് മാസങ്ങളില്‍ ഒന്നാകുന്നു. ‘ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു.’ (അല്‍ബഖറ: 97) ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ‘ശവ്വാല്‍, ദുല്‍ഖഅ്ദ, ദുല്‍ഹജ്ജിലെ പത്ത് എന്നിവ ഹജ്ജിന്റെ മാസങ്ങളാകുന്നു.’ ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു: ‘വര്‍ഷത്തില്‍ ഹജ്ജിന്റെ മാസങ്ങളിലല്ലാതെ ഹജ്ജിന് വേണ്ടി ഇഹ്‌റാമില്ല.’ (ബുഖാരി)
ഈ മാസത്തിന്റെ ശ്രേഷ്ഠതകളില്‍പെട്ടതാണ് അത് ഉംറയുടെയും മാസമാകുന്നുവെന്നത്. പ്രവാചകന്‍(സ)യുടെ നാല് ഉംറയും ദുല്‍ഖഅ്ദ മാസത്തിലായിരുന്നു. അനസ് ബിന്‍ മാലിക്ക്(റ) പറയുന്നു: പ്രവാചകന്‍ നാല് ഉംറ നിര്‍വഹിച്ചിരുന്നു. ഹജ്ജിന്റെ കൂടെയുള്ള ഉംറയൊഴിച്ച് ബാക്കിയെല്ലാം ദുല്‍ഖഅ്ദ മാസത്തലായിരുന്നു. ഹുദൈബിയയില്‍ നിന്നുള്ള ഉംറ, അടുത്ത വര്‍ഷത്തെ- ഹുദൈബിയ സന്ധിക്ക് ശേഷമുള്ള ഉംറ, ഹുനൈനിലെ യുദ്ധ മുതലുകള്‍ വീതിച്ച് ജിഅ്‌റാനില്‍ നിന്നുള്ള ഉംറ, ഹജ്ജിന്റെ കൂടെയുള്ള ഉംറ എന്നിവയാണത്. (ബുഖാരി) ഉമ്മുല്‍മുഅ്മിനീന്‍ ആയിശ(റ) പറയുന്നു: ദുല്‍ഖഅ്ദയിലല്ലാതെ പ്രവാചകന്‍(സ) ഉംറ ചെയ്തിട്ടില്ല. (ഇബ്‌നു മാജ)
പ്രവാചകന്റെ ഉംറ ഏറ്റവും അനുയോജ്യമായ സമയത്തായിരിക്കണമെന്ന് അല്ലാഹു തീരുമാനിച്ചിരുന്നു. ഹജ്ജ് നിര്‍വഹിക്കപ്പെടുന്ന മാസങ്ങളില്‍ ഉംറയും നിര്‍വഹിക്കപ്പെടുന്നു. ഈ മാസങ്ങള്‍ ആരാധനക്കായി പ്രത്യേകമാക്കപ്പെട്ട മാസങ്ങളാണ്, അതിനുള്ള സമയവുമാണ്. ഉംറയെന്നത് ചെറിയ ഹജ്ജാണ്. അതിനുള്ള ഏറ്റവും അനുയോജ്യമായ സമയമെന്നത് ഹജ്ജിന്റെ മാസങ്ങളും, ദുല്‍ഖഅ്ദയും, ദുല്‍ഖഅ്ദയുടെ മധ്യവുമാണ്. ദുല്‍ഖഅ്ദ മാസത്തില്‍ ഉംറ നിര്‍വഹിക്കുന്നതിനെ ജാഹിലിയ്യ കാലത്ത് ഏറ്റവും മോശമായി കണ്ടിരുന്നു. അതിനാല്‍, ജാഹിലിയ്യത്തിനെതിരായി പ്രവാചകന്‍(സ) ദുല്‍ഖഅ്ദ മാസത്തില്‍ കൂടുതല്‍ ഉംറ നിര്‍വഹിച്ചു. ഈ മാസത്തില്‍ ഉംറ അനുവദനീയമാകുന്നതാണെന്ന് വ്യക്തമാക്കുന്നതിനും, ജാഹിലിയ്യ മനോഗതിയെ ഇല്ലായ്മ ചെയ്യുന്നതിനുമായാണ് പ്രവാചകന്‍(സ) ഇപ്രകാരം ചെയ്തത്.
ദുല്‍ഖഅ്ദ മാസത്തിന് മറ്റൊരു ശ്രേഷ്ഠയുണ്ട്. അത് മൂസാ പ്രവാചകന് അല്ലാഹു നിശ്ചയിച്ച മുപ്പത് ദിനങ്ങളാണ്. ‘മൂസാക്ക് ഞാന്‍ മുപ്പത് രാത്രി നിശ്ചയിച്ചുകൊടുത്തു.’ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ മുജാഹിദ് പറയുന്നു: അത് ദുല്‍ഖഅ്ദ മാസമാകുന്നു. ‘പത്ത് കൂടി ചേര്‍ത്ത് അത് പൂര്‍ത്തിയാക്കുകയും ചെയ്തു’ (അല്‍അഅ്‌റാഫ്: 142) അദ്ദേഹം പറയുന്നു: അത് ദുല്‍ഹജ്ജിലെ പത്താകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ‘മുപ്പത് രാത്രികള്‍’ എന്നത് ദുല്‍ഖഅ്ദ മാസത്തിലെ രാവുകളാണ്. ഈ മാസത്തിലെ ദിനങ്ങളെന്നത് അല്ലാഹു മഹത്വപ്പെടുത്തിയ മാസങ്ങളില്‍ പെട്ടതാണ്. ആ അവസരങ്ങളെ ഉപയോഗപ്പെടുത്തകയെന്നതും, അതില്‍ അശ്രദ്ധരാകാതിരിക്കുകയെന്നതും, തെറ്റുകള്‍ വെടിഞ്ഞ് അല്ലാഹുവിനെ അനുസരിക്കുകയെന്നതും നമ്മുടെ മേല്‍ നിര്‍ബന്ധമാകുന്നു.
ദുല്‍ഹജ്ജ്: ഹിജ്‌റ കലണ്ടറിലെ അവസാനത്തെ മാസമാണിത്. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളില്‍ അഞ്ചാമതായ ഹജ്ജിന്റെ കര്‍മങ്ങള്‍ സംഭവിക്കുന്നത് ഈ മാസത്തിലാണ്. ദുല്‍ഹജ്ജ് എട്ട് മുതല്‍ പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന കാലയളവില്‍ കാരുണ്യവാന്റെ ദാസന്മാര്‍ ഇഹ്‌റാമോടുകൂടി ഹജ്ജിന്റെ കര്‍മങ്ങള്‍ ആരംഭിക്കുകയും, വിടവാങ്ങല്‍ ത്വവാഫോടുകൂടി ഹജ്ജ് പൂര്‍ണമായി പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഈ മാസത്തിലാണ് അറഫാ ദിനം. അത് ദുല്‍ഹജ്ജിലെ ഒമ്പതാമത്തെ ദിനമാണ്. ശ്രേഷ്ഠമായ ദിനങ്ങളില്‍പെട്ട ദിനവുമാണ്. അറഫയില്‍ നില്‍ക്കുകയെന്നത് ഹജ്ജിന്റെ റുക്‌നാണ്. കാരുണ്യവാന്റെ ദാസന്മാര്‍ പ്രതിനിധിസംഘങ്ങളെ തുല്യതയില്ലാത്ത വിധം അറഫയില്‍ വരവേല്‍ക്കുന്നു. വിനയാന്വിതരായി അല്ലാഹുവിന്റെ തൃപ്തിയും പ്രതീയും തേടി, ദുനിയാവില്‍ നിന്നും അതിന്റെ അലങ്കാരങ്ങളില്‍ നിന്നും വിട്ട് പുനരുന്ഥാന നാളിനെ മനസ്സിലേക്ക് കൊണ്ടുന്ന് അവര്‍ അറഫയില്‍ നില്‍ക്കുന്നു. അങ്ങനെ അവര്‍ക്ക് മേല്‍ അല്ലാഹു കാരുണ്യം ചൊരിയുകയും, അവരെ ആദരിക്കുകയും, മലക്കുകള്‍ അവരുടെ പശ്ചത്താപത്തിന് സാക്ഷികളാവുകയും ചെയ്യുന്നു. അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ‘അറഫാ ദിനത്തെക്കാള്‍ ശ്രേഷ്ഠമായ ഒരു ദിനം അല്ലാഹുവിന്റെ അടുക്കലില്ല. അല്ലാഹു ഭൂമിയോട് അടുത്ത ആകാശത്തേക്ക് ഇറങ്ങിവരുന്നു. ആകാശത്തുള്ളവര്‍ ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ അഭിമാനം കൊള്ളുന്നതാണ്. തുടര്‍ന്ന് പറയും: പൊടിപുരണ്ടും, തലമുടി പാറിപറന്ന അവസ്ഥയിലായും എന്റെ അടുക്കല്‍ പ്രയാസപ്പെട്ട് വന്ന എന്റെ ദാസന്മാരിലേക്ക് നോക്കൂ. അവര്‍ വന്നിട്ടുള്ളത് എന്റെ ശിക്ഷ കണ്ടുകൊണ്ടല്ല, കാരുണ്യം തേടികൊണ്ടാണ്. അറഫാ ദിനത്തെക്കാള്‍ നരക മോചനം നല്‍കപ്പെടുന്ന മറ്റൊരു ദിനവും കാണുകയില്ല. (ഇബ്‌നു ഹിബ്ബാന്‍)
ദുല്‍ഹജ്ജിലെ പത്തെന്നത് നഹ്‌റിന്റെ- ബലിയുടെ ദിനമാണ്, ഈദിന്റെ ദിനമാണ്. ഇസ്‌ലാമിന്റെ റുക്‌നായ-അടിസ്ഥാനമായ ഹജ്ജ് നിര്‍വഹിക്കുന്നതിന് വന്നിട്ടുള്ള ദാസന്മാര്‍ക്ക് രക്ഷിതാവിങ്കല്‍ നിന്ന് പാരിതോഷകം നല്‍കപ്പെടുന്നതാണ്. അവര്‍ ഈദ് നമസ്‌കാരിച്ച് അല്ലാഹുവിലേക്ക് അടുക്കുകയും, ബലിയറിക്കുകയും ചെയ്യുന്നതാണ്.
മുഹര്‍റം: ഹിജ്‌റ കലണ്ടര്‍ തുടങ്ങുന്ന മാസമാണ് മുഹര്‍റം. അതോടൊപ്പം, നന്മയുടെ, കൂടുതല്‍ അല്ലാഹുവിലേക്ക് അടുക്കുവാനുള്ള മാസവുമാണ്. ഈ മാസത്തില്‍ പ്രത്യേകമായിട്ടുള്ളതാണ് നോമ്പ്. പ്രവാചകന്‍(സ) പറയുന്നു: ‘റമദാന്‍ കഴിഞ്ഞാല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പാണ് മുഹര്‍റത്തിലെ നോമ്പ്.’ (മുസ്‌ലിം) എത്രത്തോളം മുഹര്‍റത്തില്‍ നോമ്പെടുക്കാന്‍ കഴിയുന്നുവോ അത്രയും അത് ഉത്തമവും ശ്രേഷ്ഠവുമാണ്. ഈ മാസത്തിലെ ശ്രേഷ്ഠമായ ദിനമാണ് ആശൂറാഅ്. മുഹര്‍റത്തിലെ പത്താമത്തെ ദിനമാണ് ആശൂറാഅ്. ഈ ദിനത്തില്‍ നോമ്പെടുത്ത് അല്ലാഹുവിലേക്ക് അടുക്കുകയെന്നത് പുണ്യകരമായിട്ടുള്ള കാര്യമാണ്. പ്രവാചകന്‍(സ) മദീനയിലേക്ക് വന്നപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് ദിനം നോമ്പെടുക്കുന്നതായി കണ്ടു. പ്രവാചകന്‍ ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് ശ്രഷ്ഠമായ ദിനമാണ്. ശത്രുക്കളില്‍ നിന്ന് അല്ലാഹു ബനൂഇസ്‌റാഈലരെ രക്ഷിച്ച ദിനമാണ്. അതിനാല്‍ മൂസാ പ്രവാചകന്‍ നോമ്പെടുത്തിരുന്നു. പ്രവാചകന്‍ പറഞ്ഞു: നമുക്കാണ് അവരെക്കാള്‍ മൂസാ പ്രവാചകനില്‍ അവകാശമുള്ളത്. അപ്രവാചകന്‍ നോമ്പെടുക്കുകയും, അവരോട് നോമ്പെടുക്കാന്‍ കല്‍പിക്കുകയും ചെയ്തു. (ബുഖാരി)
റജബ്: പ്രവാചകന്‍ മുഹമ്മദ്(സ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തായ, ഇസ്‌റാഅ്-മിഅ്‌റാജ് യാത്രയുടെ സ്മരണ നിലനില്‍ക്കുന്ന മാസമാണ് റജബ്. പരിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറാമിനെയും, അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്‌സയെയും ചേര്‍ത്തുനിര്‍ത്തുന്ന മഹത്തായ ഇസ്‌റാഅ്-മിഅ്‌റാജ് യാത്രയെ സ്മരിക്കുന്ന പവിത്ര മാസം. ഇത് ആ രണ്ട് മസ്ജുദികളെ സംരക്ഷിക്കുന്നതിനും, പ്രതിരോധിക്കുന്നതിനുമുള്ള വിളംബരം കൂടിയാണ്. ഏതെങ്കിലുമൊന്നിനെ നഷ്ടപ്പെടുത്തുകയെന്നത് മറ്റൊന്നിനെ നഷ്ടപ്പെടുത്തുക എന്നത് തന്നെയാണ്. രാത്രിയില്‍ സംഭവിച്ച ആ മഹത്തായ യാത്ര, ഉണര്‍ച്ചയിലായിരിക്കുമ്പോഴുള്ള ശാരീരികവും മാനിസകവുമായ യാത്രയാണ്.
അത് വിശുദ്ധ ഖുര്‍ആന്‍ ബലപ്പെടുത്തുന്നുണ്ട്. അല്ലാഹു ഇസ്‌റാഇന്റെ അമാനുഷികതയെ കുറിച്ച് പറയുന്നു: ‘തന്റെ ദാസനെ (നബിയെ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്‌സായിലേക്ക്- അതിന്റെ പരിസരം നാം അനുഗ്രഹീതമാക്കിയിരിക്കുന്നു, നിശായാത്ര ചെയ്യിച്ചവന്‍ എത്ര പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ (അല്ലാഹു) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമെത്രെ.’ (അല്‍ഇസ്‌റാഅ്: 1) മിഅ്‌റാജ് യാത്രയെ കുറിച്ച് അല്ലാഹു പറയുന്നു: ‘നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല, ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉത്‌ബോധനം മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്. കരുത്തുള്ള ഒരു വ്യക്തി. അങ്ങനെ അദ്ദേഹം (സാക്ഷാല്‍ രൂപത്തില്‍) നിലകൊണ്ടു. അദ്ദേഹമാകട്ടെ അത്യുന്നതമായ മണ്ഡലത്തിലായിരുന്നു. പിന്നെ അദ്ദേഹം അടുത്തു വന്നു. അങ്ങനെ അദ്ദേഹം കൂടുതല്‍ അടുത്തു. അങ്ങനെ അദ്ദേഹം രണ്ടു വില്ലുകളുടെ അകലത്തിലോ അതിനെക്കാള്‍ അടുത്തോ ആയിരുന്നു. അപ്പോള്‍ അവന്‍ (അല്ലാഹു) തന്റെ ദാസന് അവന്‍ ബോധനം നല്‍കിയതെല്ലാം ബോധനം നല്‍കി. അദ്ദേഹം കണ്ട ആ കാഴ്ച (അദ്ദേഹത്തിന്റെ) ഹൃദയം നിഷേധിച്ചിട്ടില്ല. എന്നിരിക്കെ അദ്ദേഹം (നേരില്‍) കാണുന്നതിന്റെ പേരില്‍ നിങ്ങള്‍ അദ്ദേഹത്തോട് തര്‍ക്കിക്കുകയാണോ? മറ്റൊരു ഉറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്. അറ്റത്തെ ഇലന്തമരത്തിനടുത്ത് വെച്ച്. അതിനടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം. ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തരുന്നപ്പോള്‍. (നബിയുടെ) ദൃഷ്ടി തെറ്റിപോയിട്ടില്ല. അതിക്രമിച്ചുപോയിട്ടുമില്ല. തീര്‍ച്ചയായും തന്റെ രക്ഷിതാവിന്റെ അതിമഹത്തായ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹം കാണുകയുണ്ടായി. (അല്‍ഖമര്‍: 1-18)
ഈ പവിത്രമായ മാസങ്ങളില്‍ അല്ലാഹു നമുക്ക് ഇരട്ടി നന്മയാണ് പ്രദാനം ചെയ്തിട്ടുള്ളത്. ശ്രേഷ്ഠമായ, അല്ലാഹുവിന്റെ അടുക്കല്‍ പവിത്രമായ ഈ മാസങ്ങളില്‍ അത് നേടിയെടുക്കാന്‍ നാം കൂടുതല്‍ തയാറെടുക്കേണ്ടതുണ്ട്.
വിവ: അര്‍ശദ് കാരക്കാട്
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU