Current Date

Search
Close this search box.
Search
Close this search box.

ഫാതിഹയും മുഅവ്വിദതൈനിയും തമ്മിലുള്ള ബന്ധം

മുഅവ്വിദതൈനിയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ മറ്റൊരു സംഗതി, ഖുര്‍ആനിന്റെ പ്രാരംഭവും പരിസമാപ്തിയും തമ്മിലുള്ള യോജിപ്പാണ്. വിശുദ്ധ ഖുര്‍ആന്‍ അതിന്റെ അവതരണ ക്രമമനുസരിച്ചല്ല ക്രോഡീകരിച്ചിരിക്കുന്നത്. ഇരുപത്തി മൂന്നു വര്‍ഷക്കാലത്തിനിടക്ക് വ്യത്യസ്ത സാഹചര്യങ്ങളും സംഭവങ്ങളും ആവശ്യങ്ങളും പരിഗണിച്ച് അവതരിച്ചുകൊണ്ടിരുന്ന സൂക്തങ്ങളെയും സൂറകെളയും റസൂല്‍(സ) തിരുമേനി സ്വന്തംനിലക്ക് ഇന്നു കാണപ്പെടുന്ന രൂപത്തില്‍ ക്രോഡീകരിക്കുകയുമായിരുന്നില്ല. പ്രത്യുത, നാമിന്ന് കാണുന്ന രൂപത്തില്‍ തിരുമേനി(സ) ഖുര്‍ആന്‍ ക്രോഡീകരിച്ചത്, ആ ക്രമത്തില്‍ ക്രോഡീകരിക്കാന്‍ ഖുര്‍ആന്‍ ഇറക്കിക്കൊടുത്ത അല്ലാഹു കല്‍പിച്ചതനുസരിച്ചാണ്.

ഈ ക്രമപ്രകാരം ഖുര്‍ആനിന്റെ തുടക്കം ഫാതിഹ സൂറയും ഒടുക്കം മുഅവ്വിദതൈനി സൂറകളുമാകുന്നു. ഈ രണ്ടറ്റങ്ങളെയും ഒന്നു നിരീക്ഷിച്ചുനോക്കുക. തുടക്കത്തില്‍ സര്‍വലോകനാഥനും ദയാപരനും കരുണാവാരിധിയും വിധിദിനത്തിനധിപനുമായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അടിമ ബോധിപ്പിക്കുന്നു: നിനക്കുമാത്രമേ ഞാന്‍ ഇബാദത്ത് ചെയ്യൂ. നിന്നോടു മാത്രമേ ഞാന്‍ സഹായം തേടൂ. എനിക്കേറ്റം ആവശ്യമായിട്ടുള്ള സഹായം, എനിക്കു സന്മാര്‍ഗം കാണിച്ചുതരിക എന്നതാകുന്നു. അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതികരണമായി, നേര്‍വഴി കാണിച്ചുകൊടുക്കാന്‍ അവന്ന് ഖുര്‍ആന്‍ മുഴുവന്‍ നല്‍കിയിരിക്കുന്നു.

അത് സമാപിക്കുന്നതിങ്ങനെയാണ്: പ്രഭാതോദയത്തിന്റെ നാഥനും, മനുഷ്യരുടെ നാഥനും, മനുഷ്യരുടെ രാജാവും, മനുഷ്യരുടെ ആരാധ്യനുമായ അല്ലാഹുവിനോട് അവന്റെ ദാസന്‍ ബോധിപ്പിക്കുന്നു: ഞാന്‍ എല്ലാവിധ കുഴപ്പങ്ങളില്‍നിന്നും ദ്രോഹങ്ങളില്‍നിന്നും നിന്നോട് സുരക്ഷിതത്വം തേടുന്നു. പ്രത്യേകിച്ച്, പൈശാചിക ജിന്നുകളും പൈശാചിക മനുഷ്യരുമുണ്ടാക്കുന്ന സന്ദേഹങ്ങളില്‍നിന്ന് നിന്നോട് ശരണം തേടുന്നു; എന്തുകൊണ്ടെന്നാല്‍, സന്മാര്‍ഗം പിന്തുടരുന്നതിന് ഏറ്റവുമധികം തടസ്സമുണ്ടാക്കുന്നത് അവരാകുന്നു. ആ തുടക്കവും ഈ ഒടുക്കവും തമ്മിലുള്ള യോജിപ്പ് മനക്കണ്ണുള്ള ആര്‍ക്കും അദൃശ്യമായിരിക്കുകയില്ല.

 

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles