Current Date

Search
Close this search box.
Search
Close this search box.

ആ പലഹാരം വേണ്ടെന്ന് പറയല്ലേ

لَّا يَنْهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمْ يُقَٰتِلُوكُمْ فِى ٱلدِّينِ وَلَمْ يُخْرِجُوكُم مِّن دِيَٰرِكُمْ أَن تَبَرُّوهُمْ وَتُقْسِطُوٓا۟ إِلَيْهِمْ إِنَّ ٱللَّهَ يُحِبُّ ٱلْمُقْسِطِينَ ﴿٨﴾

മതത്തിന്റെ പേരില്‍ നിങ്ങളോട് പൊരുതുകയോ, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ ആട്ടിപ്പുറത്താക്കുകയോ ചെയ്യാത്തവരോട് നന്മ ചെയ്യുന്നതും നീതി കാണിക്കുന്നതും അല്ലാഹു വിലക്കുന്നില്ല. നീതി കാട്ടുന്നവരെ തീര്‍ച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നു.

*****

അസ്മാ ബിന്ത് അബീബക്ർ (റ)അതി ബുദ്ധിമതിയായിരുന്നു. പ്രത്യുൽപന്നമതിത്വത്തിന് പേര് കേട്ടവർ. ഹിജ്റ: യിൽ കൂടെയുണ്ടായിരുന്ന സ്വന്തം ഉപ്പാക്കും കൂട്ടുകാരനും വേണ്ട ഭക്ഷണം അവരുടെ അരപ്പട്ട രണ്ടായി പകുത്ത് ഒരു ഭാഗം കൊണ്ട് ഭക്ഷണസാധനങ്ങളടങ്ങുന്ന സഞ്ചി കെട്ടാനുപയോഗിച്ചത് നാം ചരിത്രത്തിൽ പഠിച്ചതാണ്. അസ്മ (റ)യുടെ ഈ ബുദ്ധിയാണ് പ്രവാചകൻ (സ)അവർക്ക് ദാതു ന്നിതാഖൈൻ എന്ന് വിശേഷിപ്പിക്കാൻ നിമിത്തമായത്.

അബൂ ബക്ർ (റ) നേരത്തെ ഒരു കല്യാണം കഴിച്ചിരുന്നു ,ഖതീല എന്നായിരുന്നു അവരുടെ പേര്. പ്രവാചക പത്നി ആഇശ (റ) യുടെ മാതാവ് ഉമ്മു റൂമാനിന് മുമ്പ് അബൂബക്ർ (റ) വിവാഹം കഴിച്ച നാടൻ സ്ത്രീയായിരുന്നു ഖതീല . ആദർശപ്പൊരുത്തം വിവാഹ ബന്ധം തുടർന്ന് പോകാൻ വേണ്ട സംഗതിയാണല്ലോ ?! കുറച്ചു കാലത്തെ ബന്ധത്തിന് ശേഷം അദ്ദേഹം അവരെ ത്വലാഖ് ചെയ്തു. ഉമ്മു റൂമാനാണ് തുടർന്ന് അസ്മയേയും വളർത്തിയത്. അസ്മയുടെ വിവാഹം സുബൈറുബ്നു അവ്വാമുമായി നടന്നതും പിന്നീടവർ ഗർഭിണിയായതുമെല്ലാം മക്കയുടെ ഏതോ പ്രാന്തപ്രദേശത്ത് നിന്ന് ഖതീല: അറിയുന്നുണ്ടായിരുന്നു. മോളെ എങ്ങിനെയെങ്കിലും കാണണമെന്ന ആ അമ്മ മനസ്സ് അതോടെ അസ്വസ്ഥമായി. രണ്ടു മൂന്നു ദിവസത്തെ തയ്യാറെടുപ്പിൽ ചില പലഹാരങ്ങളും മോൾക്കും പേരകുട്ടിക്കുമുള്ള ഉടുപ്പുകളടക്കം തയ്യാറാക്കി സഹോദരന്റെ കൂടെ മദീനത്തേക്ക് പുറപ്പെട്ടു. ഏറെ പ്രയാസപ്പെട്ടാണ് മദീനത്തേക്കെത്തുന്നത്. വീടന്വേഷിച്ചു കണ്ടുപിടിക്കാനും പണിപ്പെട്ടു.

അവസാനം വീടിന്റെ വാതുക്കൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ അസ്മക്കു എന്തു ചെയ്യണമെന്നറിയാതെയായി. വീട്ടിലെ ഭൃത്യനെ രഹസ്യമായി അനുജത്തി ആഇശയുടെ വീട്ടിലേക്ക് പറഞ്ഞ് വിട്ട് അളിയനോട് ഇതു സംബന്ധമായ മത വിധി എന്താണെന്ന് പെട്ടെന്നറിഞ്ഞ് വരാനായാണ് അങ്ങനെ ചെയ്തത്. ഈ സന്ദർഭത്തിലാണ് സൂറ: മുംതഹിനയിലെ എട്ടാമത്തെ സൂക്തമവതരിച്ചതെന്ന് ഹദീസ് / തഫ്സീർ ഗ്രന്ഥങ്ങൾ പറയുന്നു:
“മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു. (60.8) ”

ദൈവദൂതൻ പറഞ്ഞതു ( “അതെ, നിങ്ങളുടെ അമ്മയോട് കുടുംബ ബന്ധം ചേർക്കുക.” ) എന്നത് അക്ഷരാർഥത്തിൽ പാലിച്ച് വയറു നിറച്ചും ഭക്ഷണവും ഖൽബ് നിറച്ച് സ്നേഹവും വിളമ്പിയാണ് അമ്മയേയും അമ്മാവനേയും അസ്മാ ( റ ) അന്ന് യാത്രയാക്കിയത്.

ഇത് സ്വന്തം ആദർശത്തിലല്ല എന്നതിന്റെ പേരിൽ ബന്ധുക്കളോടും അയൽവാസികളോടും തനി സാധാരണക്കാരായ നാട്ടുകാരോടും അകലം പാലിക്കുന്നവരോടുള്ള ഓർമ്മപ്പെടുത്തലാണ്. മാതാപിതാക്കളോടും രാജ്യനിവാസികളോടും നാം പുലർത്തേണ്ട മുസ്വാഹബതും ഹുസ്നുൽ ഖുലുഖും മകാരിമുൽ അഖ്ലാഖും പ്രമാണങ്ങൾ പഠിപ്പിക്കുന്നത് നന്മയുടെ വ്യത്യസ്ത പേരുകളിലാണ്. (2:224,31:15, 60:8)

വിഗ്രഹങ്ങളുള്ള വീട്ടിലായിരുന്നു ഇബ്രാഹീം (അ) ഏറെക്കാലം ജീവിച്ചിരുന്നത്. അച്ഛൻ പുറത്താക്കിയപ്പോഴാണ് സലാം പറഞ്ഞ് അവിടന്ന് പടിയിറങ്ങിയത്.ഹിജ്റ ചെയ്യുംവരേക്കും നബി (സ) നമസ്കരിച്ചിരുന്നതും ത്വവാഫ് ചെയ്തിരുന്നതും ഖൈലൂല / ചെറിയ വിശ്രമം നടത്തിയിരുന്നതുപോലും വിഗ്രഹങ്ങളുള്ള കഅ്ബയിലായിരുന്നു. അന്നൊന്നും ബാധകമല്ലാതിരുന്ന വലാ -ബറാ വർത്തമാനങ്ങൾ ചരിത്രത്തിൽ വന്ന അവസ്ഥാന്തരങ്ങൾ പഠിക്കാതെ ഹാപ്പി ക്രിസ്തുമസ്, ഹാപ്പി ഓണം എന്നു ആശംസിക്കുമ്പോഴേക്കും തെറിച്ചു പോവുന്ന അഖീദയും തൗഹീദുമാണ് പക്ഷേ ചില പ്രബോധകന്മാർ പോലും പരസ്യമായി ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്.

രാജ്യനിവാസികളുടെ ആഘോഷ വേളകളിൽ മുസ്‌ലിംകൾ ആശംസകൾ അർപ്പിക്കുന്നത് തെറ്റാണെന്ന ഫത് വ തൽക്കാലം മലേഷ്യയിലേയേ സഊദിയിലേയോ ഫത് വാ നിർമ്മാണ ഫാക്ടറികളിൽ മാറ്റിവെക്കുക. നമ്മുടെ പെരുന്നാളുകൾക്ക് അവർ ആശംസകൾ അറിയിക്കുന്ന സാഹചര്യത്തിൽ അവരുടെ ആഘോഷ വേളകളിൽ തിരിച്ച് അങ്ങോട്ടും ആശംസിക്കുന്നതിന്റെ പ്രസക്തി ഇക്കാലത്ത് വർധിക്കുകയാണ് ചെയ്യുന്നത്. നന്മക്ക് നന്മ പ്രതിഫലം നൽകാനും അഭിവാദനത്തിന് അതിനേക്കാൾ നല്ലതോ, ചുരുങ്ങിയത് അത്രയെങ്കിലുമോ തിരികെ നൽകാനും മുസ്‌ലിംകൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഖറദാവി ,ഇബ്നു ബയ്യ: എന്നീ പണ്ഡിതന്മാരുടെ ഈ വിഷയ സംബന്ധിയായ ഫത് വ.

”നിങ്ങൾ അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനേക്കാൾ നല്ലതോ, അത്രയെങ്കിലുമോ തിരികെ നൽകുക” (4: 86) എന്ന ആയത്താണ് ആ വിഷയത്തിൽ അവരുടെ തെളിവ്.ബിർറ് / ഇഹ്സാൻ എന്നത് ഇസ്ലാം നമ്മെ പഠിപ്പിക്കുന്ന നന്മയാണ്. അവർ തരുന്ന ഭക്ഷണം മതപരമായി അനുവദനീയമാണെങ്കിൽ സ്വീകരിക്കുന്നതും അവർക്ക് തിരിച്ചും വയറ് നിറച്ച് തിന്നാൻ കൊടുക്കുന്നതുമെല്ലാം ആ ബിർറിന്റെ ഭാഗം തന്നെ.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles