Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുര്‍ആനില്‍ അറബിയല്ലാത്ത പദങ്ങളുണ്ടോ?-2

അറബിവത്കരിക്കപ്പെട്ട പദങ്ങള്‍ അറബികളുടെ പ്രയോഗങ്ങളില്‍ കണ്ടെത്താന്‍ കഴിയുന്നതാണ്. ഗദ്യങ്ങളിലും പദ്യങ്ങളിലും ഇത്തരത്തിലുളള പ്രയോഗങ്ങള്‍ അവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നു. അവരുടെ പ്രയോഗങ്ങളില്‍ നിന്ന് :-

ഒന്ന് : ഇമ്‌റുല്‍ ഖൈസ് അദ്ദേഹത്തിന്റെ കവിതാസമാഹാരമായ ‘മുഅല്ലഖ’യില്‍ ‘സജന്‍ജല്‍’ (السجنجل)
എന്ന അറബിയല്ലാത്ത പദം ഉപയോഗിക്കുന്നുണ്ട്.
(مهفهفة بيضاء غير مفاضة ترائبها مصقولة كالسجنجل)

രണ്ട് : വെളളിയില്‍നിന്ന് നിര്‍മിച്ചെടുക്കുന്ന മുത്തുകള്‍ എന്നര്‍ഥം വരുന്ന പേര്‍ഷ്യന്‍ പദമായ ‘ജുമാന്‍’ (الجمان) ലബീദ് ബ്‌നു റബീഅയുടെ ‘മുഅല്ലഖ’യില്‍ കാണാവുന്നതാണ്.
(وتضيء في وجه الظلام منيرة كجمانة البحري سل نظامها)

മൂന്ന് : അഅ്ശയുടെ കവിതയില്‍ തുന്‍ബൂര്‍, സന്‍ജ് (طنبور, صنج) എന്നീ അനറബി പദങ്ങള്‍ പ്രയോഗിക്കുന്നുണ്ട്.
(وطنابير حسان صوتها عند صنج كلما مس أرن)

നാല് : ജഹന്നം (جهنم) എന്ന പദം അന്‍തറത് ബ്‌നു ശദ്ദാദിന്റെ കവിതയില്‍ കാണാം.
(ماء الحياة بذلة كجهنم وجهنم بالعز أطيب منزل)
ഇമാം സുയൂത്വി ഈ പദത്തെ കുറിച്ച് പറയുന്നത് അനറബി പദമാണെന്നാണ്. പേര്‍ഷ്യന്‍ പദം അറബിവത്കരിക്കപ്പെട്ടതാണെന്നും പറയുന്നു. മറ്റു ചിലര്‍ പറയുന്നത് ഹീബ്രു ഭാഷയിലെ കഹ്‌നാം (كهنام) എന്ന പ്രയോഗമാണെതെന്നാണ്.
ഇതെല്ലാം അറബികളുടെ പ്രയോഗങ്ങളാണ്. ആ പ്രയോഗങ്ങളില്‍ വിശുദ്ധ ഖുര്‍ആനിലുമുണ്ട്. അവര്‍ ഇതിനെ മോശമായി ഗണിക്കുന്നവരായിരുന്നില്ല. ആയതിനാല്‍, അറബികള്‍ ഖുര്‍ആന്‍ അറബിയല്ലെന്ന് പറയുകയും ചെയ്തില്ല.
ചില ഉദാഹരണങ്ങള്‍:-
ഇസ്തബര്‍ക്ക് (استبرق)- പരുക്കന്‍ – (പേര്‍ഷ്യന്‍ പദം)
മര്‍ജാന്‍ (مرجان)- പവിഴം
സിജ്‌ല് (السجل)- ഗ്രന്ഥം – (പേര്‍ഷ്യന്‍ പദം)
ത്വഫിഖ (طفقا)- ഉദ്ദേശിച്ചു
ഖിസ്ത്വാസ് (القسطاس)- നീതി – (റോമന്‍ പദം)
സിജ്‌ല് (السجل)- ഗ്രന്ഥം – (പേര്‍ഷ്യന്‍ പദം)
റഖീം (الرقيم)- ഫലകം – (റോമന്‍ പദം)
മുഹ്‌ല് (المهل)- തിളപ്പിച്ച സൈത്ത് – (മൊറോക്കന്‍)
സുന്‍ദുസ് (السندس)- മൃതുലമായ മുണ്ട് – (ഇന്ത്യന്‍)
മിശ്കാത് (المشكاة) – (എത്യോപ്യന്‍)
ദരിയ്യ് (الدري)- തിളങ്ങുന്നത് – (എത്യോപ്യന്‍)
അലീം (الأليم)- വേദനിപ്പിക്കന്ന – (ഹീബ്രു)
യമ്മ് (اليم)- കടല്‍ – (ഖിബ്ത്വീ)
ബതാഇന്‍ (بطائنها)- (ഖിബ്ത്വീ)
അബ്ബ (الأب)- ചെടികള്‍ – (മൊറോക്കന്‍)
നാശിഉല്ലൈല്‍ (إن ناشئة الليل)- ഇബ്‌നു അബ്ബാസ്(റ) പറയുന്നു: രാത്രിയില്‍ എഴുന്നേല്‍ക്കുന്നതിനാണ് ‘നശഅ’ എന്നുപറയുന്നത്. ഇത് എത്യോപ്യക്കാരുടെ ഭാഷയാണ്.
കിഫ്‌ലൈന്‍ (كفلين من رحمته)- അബൂ മൂസല്‍ അശ്അരി പറയുന്നു: ഇരട്ടി എന്നാണ് അതിന്റെ അര്‍ഥം. എത്യോപ്യന്‍ ഭാഷയാണത്.
കസ്‌വറ (القسورة)- സിംഹം – (എത്യോപ്യന്‍)
വിശുദ്ധ ഖുര്‍ആന്‍ അറബിയലല്ല എന്ന വാദം അടിസ്ഥാനപരമായ നിലനില്‍ക്കുന്നതല്ല. കാരണം, അറബികള്‍ ഉപയോഗിച്ചിരുന്ന ശരിയായ പ്രയോഗം തന്നെയാണ് ഖുര്‍ആനിലും കാണാന്‍ കഴിയുന്നത്. ഭാഷകളെന്നത് പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നവയാണ്. ഹീബ്രു ഭാഷയിലെ ഒരുപാട് പദങ്ങള്‍ അറബിഭാഷയില്‍ നിന്ന് രൂപംകൊണ്ടതാണ്. അതുപോലെ, തുര്‍ക്കി ഭാഷയിലെ ഒരുപാട് പദങ്ങള്‍ അറബി ഭാഷയില്‍ നിന്നുണ്ടായിട്ടുളളതാണ്. കൂടാതെ, സുറിയാനി ഭാഷ പരിഗണിക്കുമ്പോള്‍, അത് സെമിറ്റിക് ഭാഷകളില്‍പ്പെട്ടവയാണ്. അറബി ഭാഷയുടെ സഹോദര ഭാഷയായിട്ടാണ് സുറിയാനി ഭാഷയെ ഭാഷാപണ്ഡിതര്‍ ഗണിച്ചിട്ടുളളത്. അഥവാ, ഭാഷകള്‍ പരസ്പരം കൂടിനില്‍ക്കുന്നവയാണ്.

അവലംബം: al-forqan.net
വിവ: അര്‍ശദ് കാരക്കാട്

Related Articles