Current Date

Search
Close this search box.
Search
Close this search box.

സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം വിറക് കത്തിക്കുന്നവർ

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَٰدًا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ﴿١﴾

വിശ്വസിച്ചവരേ, നിങ്ങള്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളുമായി സ്‌നേഹബന്ധം സ്ഥാപിച്ച് അവരെ രക്ഷാധികാരികളാക്കരുത്. നിങ്ങള്‍ക്കു വന്നെത്തിയ സത്യത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെയും നാടുകടത്തുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അങ്ങനെ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ അവരുമായി സ്വകാര്യത്തില്‍ സ്‌നേഹബന്ധം പുലര്‍ത്തുകയാണ്. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ നന്നായി അറിയുന്നുണ്ട്. നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ നിശ്ചയമായും നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു.

*****

മദീന സ്വതന്ത്ര റിപ്പബ്ലിക്കായി അതിന്റെ സന്തോഷത്തിന്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ ഹിജ്റ എട്ടാം വർഷം റമദാന്റെ തൊട്ടു മുമ്പത്തെ ചില നാളുകൾ. പ്രവാചകൻ (സ) ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു. എന്തിനെന്നോ എങ്ങോട്ടെന്നോ ആരോടും പറഞ്ഞില്ല. സമീപ ഗോത്രങ്ങൾക്കെല്ലാം സന്ദേശമറിയിച്ചു.

“അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരൊക്കെ
റമളാൻ മാസത്തിൽ മദീനയിലെത്തണം.”

ഗിഫാർ, മുസയ്ന, അശ്ജഅ്, ജുഹയ്ന, അസ്ലം ഈ ഗോത്രങ്ങളെല്ലാം മദീനയിലെത്തി.
മുഹാജിറുകളും അൻസാറുകളുമെല്ലാം ചേർന്നപ്പോൾ വലിയൊരു ജനാവലി. തന്റെ പരിപാടിയെക്കുറിച്ചു ഖുറൈശികൾക്ക് ഒരു വിവരവും ലഭിക്കരുത്. നബി തങ്ങൾ ആഗ്രഹിച്ചത് അത്രമാത്രം.

Also read: നെൽസൺ മണ്ടേലയുടെ പൈതൃകവും ഇസ്രായേലി ലോബിയിസ്റ്റുകളുടെ നുണകളും

അൻസ്വാരികളുടെ 99% മദീനത്തുകാരാണ്. മുഹാജിറുകളുടേത് 50:50 . ഹാത്വിബ് ഇബ്നു അബീ ബൽതഅ: മദീനയിലും മക്കത്തും വരുത്തനാണ്. കൂടെയുള്ളവരാരും ഇസ്ലാമിന്റെ സൗഭാഗ്യം ലഭിക്കാത്തവർ. പ്രായമായ ഉപ്പയും ഉമ്മയും സാമ്പത്തിക ഭദ്രതയില്ലാത്ത സഹോദരിമാരും മാത്രം മക്കത്ത് , അതും ഖുറൈശികളുടെ ഔദാര്യത്തിൽ കഴിച്ചുകൂട്ടുന്നവർ. അതിനിടയിൽ അസുഖകരമായ ഒരു സംഭവം നടന്നു. ഹാത്വിബ് പ്രമുഖ സ്വഹാബിയാണ്. ബദ്റിൽ പങ്കെടുത്ത ആളാണ്. മക്കയിലുള്ള ഒരു ബന്ധുവിന് അദ്ദേഹം കത്തെഴുതി. കത്തിൽ നബി (സ)യുടെ തയ്യാറെടുപ്പിനെക്കുറിച്ചും മറ്റും സൂചിപ്പിച്ചു കൊണ്ട് .

കത്ത് മക്കയിലേക്കു പോകുന്ന സാറ എന്ന സ്ത്രീയെ ഏൽപിച്ചു. അതി രഹസ്യമാവാൻ സമ്മാനങ്ങളും വാഗ്ദാനം ചെയ്തു. നല്ല ഉള്ളുള്ള മുടിയുള്ള സ്ത്രീയായിരുന്നു സാറ , അവരാ കത്ത് മുടിക്കെട്ടിനകത്താണ് ഒളിപ്പിച്ചത്. ആരുമില്ലാത്ത തന്റെ കുടുംബാംഗങ്ങൾ വരുന്ന അടിയന്തര സാഹചര്യത്തെ കുറിച്ച് ജാഗ്രരാവട്ടെ, വേണ്ട ഭക്ഷണ വിഭവങ്ങൾ വാങ്ങി സംരക്ഷിച്ച് പട്ടിണിയില്ലാതെ കഴിയട്ടെ എന്ന തീർത്തും വ്യക്തിപരമായ , കുടുംബാംഗങ്ങളോടുണ്ടാവുന്ന സ്വാഭാവികമായ അനുകമ്പ മാത്രമാണ് ഹാത്വിബിനുണ്ടായിരുന്നുള്ളൂ. സൈനിക മുന്നേറ്റത്തിന്റെ രഹസ്യം ചോർത്തുക എന്ന കുലംകുത്തിത്തരമല്ല; പ്രത്യുത മനുഷ്യത്വ പരമായ രക്ത ബന്ധുക്കളോടുള്ള കറകളഞ്ഞ സ്നേഹം മാത്രം. ഏതായാലും നബി (സ)ക്ക് വഹ് യ് മൂലം വിവരം കിട്ടി.

പ്രവാചകൻ ഉടനെത്തന്നെ ആ സ്ത്രീയെ പിടികൂടാൻ മൂന്നു പേരെ നിയോഗിച്ചു. അലി(റ), സുബൈർ(റ), മിഖ്ദാദ്(റ) എന്നീ വീര പോരാളികളെ . ഏറ്റവും വേഗത്തിൽ കുതിരകളെ പായിക്കുന്ന സുപ്രസിദ്ധ സ്വയം സന്നദ്ധ സേവകർ .അവർ കാറ്റിനേക്കാൾ വേഗത്തിൽ യാത്ര ചെയ്തു. ഖാഖ് തോട്ടത്തിൽ വച്ചു സാറയെ പിടികൂടി. അവരിൽ നിന്നു കത്തു വാങ്ങാൻ ഭീഷണിപ്പെടുത്തേണ്ടി വന്നു. കത്തുവായിച്ച് മൂന്നുപേരും ക്ഷുഭിതരായി, ആ സ്ത്രീയേയും കൂട്ടി മദീനയിൽ വന്നു. നിജസ്ഥിതി അറിയാൻ ഹാത്വിബിനെയും വരുത്തി.

Also read: ഡല്‍ഹിയിലെ മുഗള്‍ ഗാര്‍ഡനിലൂടെ ഒരു ദിനം

“എന്താണ് ഇക്കാണിച്ചത്..?” : നബി(സ) ഒറ്റച്ചോദ്യമേ ചോദിച്ചുള്ളൂ.  ഹാത്വിബ് ഗദ്ഗദത്തോടെ പശ്ചാത്താപ വിവശനായി വിശദീകരിക്കാൻ തുടങ്ങി: “എന്റെ ബന്ധുക്കളുടെ രക്ഷ കരുതി അയച്ച കത്താണിത്. എനിക്കവരല്ലാതെ ഈ ലോകത്താരുമില്ല എന്ന് താങ്കൾക്കറിയാമല്ലോ?”

കത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ലഘു വിശദീകരണം നൽകി. മക്കയിലുള്ള അദ്ദേഹത്തിന്റെ സ്വത്തിന്റെയും കുടുംബത്തിന്റേയും സുരക്ഷിതത്വം കരുതി എഴുതിയതായിരുന്നു.

എന്തു ശിക്ഷ ഏറ്റുവാങ്ങാനും അദ്ദേഹം തയ്യാറായിരുന്നു. നബി (സ) മാപ്പു കൊടുത്തു. ആ സംഭവം അങ്ങനെ അവസാനിച്ചു.

റമദാൻ പതിനഞ്ചിനു പ്രവാചകനും (സ ) സംഘവും പുറപ്പെടുകയാണ്. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം (റ) വിനെ മദീനയുടെ ചുമതല ഏൽപിച്ചു. പ്രവാചകൻ (സ) യാത്രക്കൊരുങ്ങി.

ആ കത്തെങ്ങാനും മക്കത്തെത്തിയിരുന്നുവെങ്കിൽ, ഹാത്വിബിന്റെ വേണ്ടപ്പെട്ടവരിൽ നിന്നും അത് ലീക്കായിരുന്നുവെങ്കിൽ മക്കാ വിജയത്തിന് നാം മനസ്സിലാക്കിയ നിറം ലഭിക്കില്ലായിരുന്നു. രൂക്ഷമായ യുദ്ധം തന്നെ നടന്നേനേ , ഒരു സന്ധിക്കും വകുപ്പുണ്ടാവുമായിരുന്നില്ല. ഒരു പക്ഷേ മക്ക മൊത്തം കത്താൻ മാത്രം സ്ഫോടകാത്മകമായ തീ പിണരായേനെ , അല്ലാഹു കാത്തു.

Also read: ഈ ഉദ്ധരണികൾ നിങ്ങൾക്കും വെളിച്ചമാവട്ടെ

ഇതാണ് സൂറ: മുംതഹിനയിലെ ആദ്യ സൂക്തങ്ങളുടെ ചരിത്ര പശ്ചാത്തലം. സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം വിറക് കത്തിക്കുന്ന ഹാത്വിബുമാർ സൂക്ഷ്മത കൈകൊണ്ടില്ലെങ്കിൽ തീ പടർന്ന് ഒരു പട്ടണമങ്ങനെ തന്നെ കത്തിയേക്കുമെന്ന ഖിയാമത്തുവരെ വരാനുള്ള ആരോടുമുള്ള ഉദ്ബോധനമാണത്.

لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ
ശത്രുക്കളോടുള്ള ചങ്ങാത്തം ഉപദ്രവം ചെയ്യുമെന്ന് സാരം. മനുഷ്യൻ സാമൂഹ്യ ജീവിയാവുന്നത് സമാജത്തിന് വേണ്ടി ഇത്തരം ചില ത്യാഗങ്ങൾ ചെയ്യുമ്പോഴാണെന്ന് ഈ സൂക്തങ്ങൾ പറയാതെ പറയുന്നു.

Related Articles