Current Date

Search
Close this search box.
Search
Close this search box.

ഖുർആനിലെ ധീരത

ധൈര്യം,സ്ഥൈര്യം,ഗാംഭീര്യം ,ശക്തി, വിവേകം എന്നിവക്ക് സമാനമായ പദങ്ങൾ അറബിയിൽ ഇല്ലാഞ്ഞിട്ടല്ല അവയുടെ നാനാർത്ഥ പദങ്ങളായ ബഅ്സ്, ഖുവ്വത്, ഹിക്മത് എന്നി പദങ്ങൾ മാത്രമാണ് വിശുദ്ധ ഖുർആൻ ഉപയോഗിച്ചിട്ടുള്ളത്. അഥവാ ധീരത,ധൈര്യം എന്നതിന്റെ നേർക്ക് നേരെയുള്ള പദമായ ‘ശജാഅത് ‘ എന്ന പദം ഉപയോഗിക്കാതെ തന്നെ ധീരരായ തലമുറകളെ വാർത്തെടുത്തതാണ് ഖുർആൻ ഉണ്ടാക്കിയ ധീരതാ വിപ്ലവം . ഖുർആനിലെ 2:190,8:16/45/60/65 എന്നു തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്നും മനസ്സിലാകുന്ന ആശയം ഉൾക്കൊള്ളുന്നവനെ ഇബ്നുൽ ഖയ്യിം(റഹ്) തന്റെ റൂഹ് , ഫുറൂസിയ്യ എന്നീ ഗ്രന്ഥങ്ങളിൽ 5 ഘട്ടങ്ങളായി പറയുന്നുണ്ട്.

1-ധീരൻ (ഹുമാം)അഥവാ നിശ്ചയദാർഢ്യമുള്ളവൻ..
2-മുന്നേറുന്നവൻ ( മിഖ്ദാം ) ആരെയും ഭയക്കാതെ മുന്നോട്ട് മാത്രം ഗമിക്കുന്നവൻ..
3- വിക്രമൻ (ബാസിൽ ) യാതൊരു വിധ ഭയവും ഏശാത്തവൻ..
4-നായകൻ ( ബത്വൽ) മറ്റുള്ളവരുടെ ധീരതകൾ ബത്വലിന്റെ മുമ്പിൽ നിഷ്പ്രഭമാവുന്നു..
5 – വിക്രാന്തൻ (സ്വിൻദീദ്) ധീരോദാത്തം എപ്പോഴും നെഞ്ചുറപ്പോടെ നില്ക്കുന്നവൻ ..
ഇപ്പറയുന്ന അർത്ഥത്തിലെല്ലാം നബി (സ) ഒന്നാം സ്ഥാനത്താണ് . നബി (സ)യുടെ ധീരതയെ കുറിച്ച് മൗദൂദി (റഹ്) തന്റെ പ്രസിദ്ധമായ ഒരു പ്രഭാഷണത്തിൽ പറയുന്നുതിങ്ങനെ :

അദ്ദേഹം മക്കയിൽ പരസ്യമായി പ്രബോധനം നിർവഹിച്ചത് തന്റെ രക്തത്തിന് ദാഹിച്ചിരിക്കുന്നശത്രുകൾക്കിടയിലാണെറിയണം. തന്റെയും തന്റെ അനുചരന്മാരുടേയും ബദ്ധവൈരികൾക്കിടയിൽ കഴിയുമ്പോഴും ഒരു നിമിഷനേരത്തേക്ക് പോലും പ്രബോധന ദൗത്യത്തിൽ നിന്ന് മാറി നിന്നിട്ടില്ല അദ്ദേഹം .മറിച്ച്, തുടർച്ചയായ 13 വർഷത്തോളം അവിടെ പ്രബോധന പ്രവർത്തനങ്ങൾ നിർവ്വഹിച്ച് കൊണ്ടേയിരുന്നു. എല്ലാ തരത്തിലുമുള്ള എതിർപ്പുകളും ശത്രുതയും സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോവുകയായിരുന്നു നബി. മദീനയിലെത്തിയ ശേഷമാണെങ്കിലും അഭിമുഖീകരിക്കേണ്ടി വന്നത് കടുത്ത യുദ്ധങ്ങളുടെ സാഹചര്യമായിരുന്നു. ചില യുദ്ധസന്ദർഭങ്ങളിൽ പ്രവാചകൻ (സ) രണ്ടോ മൂന്നോ അനുചരന്മാരോടൊപ്പം തനിച്ചായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിലും അദ്ദേഹം ഒരടി പോലും പിന്നോട്ട് വലിച്ചിട്ടില്ല. ഹുനൈൻ യുദ്ധ സന്ദർഭത്തിൽ വിശ്വാസികൾ ചിതറി ഓടിക്കൊണ്ടിരുന്നപ്പോൾ പ്രവാചകൻ നിന്നിടത്ത് നിൽക്കുകയല്ല ചെയ്തത്. പ്രത്യുത, ശത്രുക്കളിലേക്ക് ഒറ്റക്ക് മുമ്പോട്ട് പോവുകയായിരുന്നു. താനാരാണെന്ന് അറിയിക്കാതെ ഒളിച്ചല്ല പോയത്. “ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണെന്നും കള്ളവാദിയല്ലെന്നും അബ്ദുൽ മുത്തലിബിന്റെ പേരക്കുട്ടിയാണെന്നും ” പ്രഖ്യാപിച്ച് കൊണ്ടാണ് മുന്നോട്ട് അദ്ദേഹം നീങ്ങിക്കൊണ്ടിരുന്നത്. ദഅ് വ: പ്രവർത്തനത്തിന് ഇറങ്ങുന്നവൻ അദ്ദേഹത്തെ പോലെ ധൈര്യശാലി ആയിരിക്കണം. ധീരതയുടെ രൂപകങ്ങളായ നബിയും അനുയായികളും ഹൃദയം കൊണ്ട് ഭക്തരും ശരീരം കൊണ്ട് ശക്തരുമായിരുന്നു.മൽപിടുത്തത്തിൽ റുകാന:യെ മലർത്തിയടിച്ച ചരിത്രമാണ് നബി (സ)ക്കുള്ളത്. ഓട്ടത്തിൽ കുതിരയെ തോൽപിച്ച സലമതു ബ്നു അക് വഉം കായിക ക്ഷമതയിൽ മികച്ചു നിന്ന ഖൈസുബ്നു സഅദും ദ്വന്ത യുദ്ധത്തിൽ ഏത് ഗുസ്തിക്കാരേയും പിന്നിലാക്കിയ മുഹമ്മദു ബ്നു ഹനഫിയ്യയുമെല്ലാമാണ് തഖ് വയേയും ഖുവ്വയേയും (ഭക്തി + ശക്തി) സംയോജിപ്പിച്ചവരെന്നും അവരൊക്കെ ഹൃദയത്തിൽ തഖ് വ നിറച്ച് ഏതു ഘട്ടത്തിലും ധീരതയോടെപിരടി നേരെ നിറുത്തിയ അബ്ത്വാലു (ഹീറോസ്) കളായിരുന്നുവെന്നും ചരിത്രം സാക്ഷി .

സന്മാർഗമവലംബിച്ചവർക്കും (20:123), വിശ്വസിക്കുകയുംസൽകർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവർക്കും(2: 62 ), ഇഹ്സാനോടെ കർമ്മങ്ങളെ പൂർണ്ണമാക്കുന്നവർക്കും ( 2: 112)

ചെയ്ത നന്മകൾ വിളിച്ചു പറയാത്തവർക്കും (2: 262) രഹസ്യമായും പരസ്യമായും ദാനധർമങ്ങൾ നിർവഹിക്കുന്നവർക്കും (2:274) ആരാധനാ കാര്യങ്ങളിൽ കൃത്യത പാലിക്കാൻ ശ്രദ്ധിക്കുന്നവർക്കും (2 : 277) ദൈവമാർഗത്തിൽ രക്തസാക്ഷികളാവുന്നവർക്കും (3: 170) കർമങ്ങളെ സംസ്കരിക്കുന്നവർക്കും (6:48 ) കർമങ്ങളിൽ ഭക്തി സന്നിവേശിപ്പിക്കുന്നവർക്കും (7:35)അല്ലാഹുവിന്റെ വലിയ്യുകൾക്കും(10: 62 ) സ്ഥേയസോടെ ഉറച്ചുനില്ക്കുന്നവർക്കും (46:13) അവരുടെ ധീരതയുടെയും സ്ഥൈര്യത്തിന്റേയും ഫലമായി ഖുർആൻ വാഗ്ദാനം ചെയ്യുന്ന പാരത്രിക പ്രതിഫലം لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ( പേടിയോ ദുഃഖമോ അനുഭവിക്കേണ്ടി വരില്ല) എന്ന വാഗ്ദാനമാണ് . ഇഹലോകത്ത് ധൈര്യവും സ്ഥൈര്യവും ഇല്ലാത്തവർക്ക് സത്യ മാർഗ്ഗത്തിൽ പിടിച്ച് നിൽക്കാനാവില്ല. ഇനി അത്തരം ആളുകൾ ഈ മാർഗ്ഗത്തിൽ പ്രവർത്തിച്ചാൽ തന്നെ അവരുടെ ഭീരുത്വം കാരണം മറ്റു വിശ്വാസികൾക്ക് നഷ്ടവും അപകടവുമായിരിക്കും അവർ വരുത്തി വെക്കുക എന്നതിന് വർത്തമാന കാല സംഭവങ്ങൾ തന്നെ ധാരാളം.

Related Articles