Current Date

Search
Close this search box.
Search
Close this search box.

വിശുദ്ധ ഖുർആൻ: എഴുത്തും ക്രോഡീകരണവും

വിശുദ്ധ ഖുർആൻ രണ്ട് ഘട്ടമായിട്ടാണ് അവതരിക്കുന്നത്. ഒന്നാമത്തെ ഘട്ടത്തിൽ വിശുദ്ധ ഖുർആൻ പൂർണമായി അവതരിച്ചു. അത് ലൈലതുൽ ഖദ്റിന്റെ രാവിലായിരുന്നു. രണ്ടാമത്തെ ഘട്ടമെന്നത് ജിബരീൽ മാലാഖ മുഖേന വ്യത്യസ്ത സന്ദർഭങ്ങളിലായി പ്രവാചക ഹൃദയത്തിലേക്ക് അവതരിച്ചതാണ്. അത് 23 വർഷങ്ങളോളം നീണ്ടുനിന്ന ഒന്നായിരുന്നു. പ്രവാചകൻ(സ)യുടെ മരണത്തിന് ശേഷം ഖുർആൻ മന:പാഠമാക്കിയ ഒരുപാട് സ്വഹാബികൾ രക്തസാക്ഷികളായപ്പോൾ, പ്രവാചക അനുചരന്മാർ വിശുദ്ധ ഖുർആൻ നഷ്ടപ്പെടുമോ എന്ന ഭയത്താൽ ഖുർആന്റെ സംരക്ഷണാർഥം ക്രോഡീകരണത്തിന് ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു.

കൃത്യമായ ക്രമത്തോടെ സംരക്ഷിക്കുക എന്ന അർഥത്തിൽ വിശുദ്ധ ഖുർആനിൽ «الجمع» എന്ന പദം പലതവണ വന്നിട്ടുണ്ട്. പ്രവാചകൻ മുഹമ്മദ്(സ)യെ അഭിസംബോധന ചെയ്ത് വിശുദ്ധ ഖുർആൻ പറയുന്നു: {لاَ تُحَرِّكْ بِهِ لِسَانَكَ لِتَعْجَلَ بِهِ *إِنَّ عَلَيْنَا جَمْعَهُ وَقرآنهُ *فَإِذَا قرآناهُ فَاتَّبِعْ قرآنهُ *ثُمَّ إِنَّ عَلَيْنَا بَيَانَهُ *} (അൽഖിയാമ: 16‌- 19). ഈ അർഥത്തിലാണ് പ്രവാചകനും, അനുചരന്മാരും, അവരെ തുടര്ന്നുവന്ന സച്ഛരിതരായവരും മനസ്സിലാക്കിയത്. ഇപ്രകാരം നാം ജീവിക്കുന്ന കാലത്തിലും, അന്ത്യദിനം വരെയും മനസ്സിലാക്കപ്പെടുന്നതാണ്.

അവർ ഖുർആൻ ശരിയായ വിധത്തിൽ പഠിപ്പിക്കുകയും, പഠിച്ചുകൊണ്ടിരിക്കുകയും മനപാഠമാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരാണ്. അവർ നിർബന്ധ നമസ്കാരങ്ങളിലും, സുന്നത്ത് നമസ്കാരങ്ങളിലും, തെളിവുകൾ ഉദ്ധരിക്കുമ്പോഴും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിനു വേണ്ടി മന:പാഠമാക്കുന്നവരാണ്. സാധാരണ എഴുത്ത്, ക്രോഡീകരണം എന്ന അർഥത്തിലാണല്ലോ «الجمع»  എന്ന പദം ഉപയോഗിക്കപ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് വിശുദ്ധ ഖുർആനിന്റെ ക്രോഡീകരണം നടന്നത്.

ഒന്ന്: പ്രവാചകനിൽ നിന്ന് നേരിട്ട് കേട്ട് എഴുതുക

പ്രവാചക അനുചരന്മാർ വിശുദ്ധ ഖുർആൻ മന:പാഠമാക്കുന്നതിൽ  വലിയ താൽപര്യമുള്ളവരായിരുന്നു. അവരുടെ എണ്ണം എത്രയാണെന്ന് കണക്കാക്കുവാൻ കഴിയുമായിരുന്നില്ല. അവർ ഒരുപാട് പേരുണ്ടായിരുന്നു. അവർ ഈ വിശുദ്ധ ഖുർആൻ അവർക്ക് ശേഷമുള്ളവർക്ക് കൈമാറി. അത് രണ്ട് രൂപത്തിലായിരുന്നു. ഒന്ന്, പ്രവാചക കൽപനയെ തുടർന്ന് സ്വഹാബികളെല്ലാവരും വിശുദ്ധ ഖുർആൻ എഴുതിവെച്ചിരുന്നു. വിശുദ്ധ ഖുർആൻ എഴുതിവെക്കപ്പെട്ട ശേഷമാണ് പ്രവാചകൻ അല്ലാഹുവിലേക്ക് യാത്രയാകുന്നത്. രണ്ട്, ഖുർആൻ ഹൃദിസ്ഥമാക്കിയ സ്വഹാബികളിൽ നിന്ന് തുടർന്നുവരുന്നവർ കേട്ട് പഠിക്കുകയായിരുന്നു. കൂടാതെ, ചൊല്ലി പഠിപ്പിക്കുകയും ചെയ്തിരുന്നു. ഓരോ പദവും എങ്ങനെ ഉച്ചരിക്കണമെന്ന് പ്രവാചകൻ പഠിപ്പിച്ച അനുചരന്മാരാണ് തുടർന്നുവരുന്നവർക്ക് പഠിപ്പിച്ചുകൊടുക്കുന്നത്.

രണ്ട്: അബൂബക്കർ(റ)വിന്റെ കാലത്തെ മുസ്ഹഫ് രൂപത്തിലുള്ള ക്രോഡീകരണം

മുസൈലിമത്തുൽ കദ്ദാബുമായി യമാമയിൽ നടന്ന യുദ്ധത്തിൽ ഖുർആൻ മന:പാഠമാക്കിയ ഓരുപാട് സ്വഹാബികൾ രക്തസാക്ഷികളായി. ഇതിനെ തുടർന്ന് അബൂബക്കർ(റ) ഉമർ(റ)വുമായി ഖുർആൻ ക്രോഡീകരിക്കേണ്ടതിന്റെ ആവശ്യകതയെ മുൻനിർത്തി ശൂറാ നടത്തി. അങ്ങനെ ഹൃദിസ്ഥമാക്കിയവരിൽ നിന്നും, എല്ലുകളിലും, ഇലകളിലും, തോലുകളിലും എഴുതിവെക്കപ്പെട്ടവയിൽ നിന്നുമായി ഒറ്റ മുസ്ഹഫ് പിറവിയെടുത്തു. ഏറ്റവും പ്രധാനപ്പെട്ട ഈ ഖുർആൻ ക്രോഡീകരണത്തിന് അബൂബക്കർ(റ) തെരഞ്ഞെടുത്തത് സൈദ് ബിൻ സാബിത്ത് അൻസാരി(റ)വിനെ ആയിരുന്നു. മരിക്കുന്നതുവരെ ആ ഏടുകൾ അബൂബക്കർ(റ)വിന്റെ കൈകളിലായിരുന്നു. പിന്നീട് ഉമർ(റ) മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ കൈകളിലും, മരണ ശേഷം ഉമർ(റ)വിന്റെ പുത്രി ഹഫ്സ(റ)യുടെ കൈകളിലുമായിരുന്നു.

അബൂബക്കർ(റ)വിന്റെ വിശേഷണങ്ങളിൽ ഉയർന്നു നിൽക്കുന്നതാണ് വിശുദ്ധ ഖുർആൻ ആദ്യമായി ക്രോഡീകരിച്ച വ്യക്തി എന്ന വിശേഷണം. സഅ്സഅത്ത് ബിൻ സൗആൻ പറയുന്നു: ‘ആദ്യമായി രണ്ട് ചട്ടകളിലായി വിശുദ്ധ ഖുർആൻ ക്രോഡീകരിച്ചത് അബൂബക്കർ(റ)വാണ്. അതുപോലെ, കലാലയുടെ( മക്കളും സഹോദരിയും ഇല്ലാത്തവർ) അനന്തരാവകാശത്തിൽ വിധി നിർണയം നടത്തിയതും’. അലിയുബിൻ അബീത്വാലിബ് പറയുന്നു: അബൂബക്കറിന് അല്ലാഹു കാരുണ്യം ചൊരിയട്ടെ, അദ്ദേഹമാണ് വിശുദ്ധ ഖുർആൻ ആദ്യമായി രണ്ട് ചട്ടകളിലായി (മുസ്ഹഫ്) ക്രോഡീകരിച്ചത്’. അബൂബക്കർ(റ) ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യത്തിന് യുവാവായ കേവലം ഇരുപത്തിയൊന്ന് വയസ്സ് മാത്രമുണ്ടായിരുന്ന സൈദ് ബിൻ സാബിത്ത്(റ)വിനെയായിരുന്നു തെരഞ്ഞെടുത്തത്. ഏൽപിക്കപ്പെട്ട കാര്യത്തിൽ അദ്ദേഹം സമർഥനായിരുന്നു. സൈദ്(റ)വിന് ഇത് ഒരു പുതുമയുള്ള കാര്യമായിരുന്നില്ല. കാരണം, പ്രവാചകന്റെ വഹ് യ് എഴുത്തുകാരനായിരുന്നു സൈദ് ബിൻ സാബിത്ത്(റ).

മൂന്ന്: ഉസ്മാൻ(റ)വിന്റെ കാലത്തെ ഖുർആൻ ക്രോഡീകരണം

ദുന്നൂറെയ്ൻ(ഇരട്ട പ്രകാശം) എന്ന് വിശേഷിക്കപ്പെടുന്ന ഉസ്മാൻ(റ)വിന്റെ കാലത്ത്, വ്യത്യസ്ത മുസ്ഹഫുകളെ ഒറ്റ മുസ്ഹഫായി ക്രോഡീകരിക്കുകയായിരന്നു. അനസ് ബിൻ മാലിക്ക്(റ)വിൽ നിന്ന് നിവേദനം: ഹുദൈഫത്ത് ബിൻ യമാൻ ഉസ്മാൻ(റ)വിന്റെ അടുക്കൽ വന്നു. ഈ സമയം സിറിയക്കാർ ഇറാഖുകാരുമായി യുദ്ധം ചെയ്ത് അസർബൈജാനും, അർമേനിയയും വിജയിച്ചടക്കുകയാണ്. ആ സമയത്താണ് വിഭിന്ന ശൈലിയിലുള്ള ഖുർആൻ പാരായണം ഹുദൈഫ കേൾക്കുന്നത്. അത് അദ്ദേഹത്തെ ഭയപ്പെടുത്തി. അങ്ങനെ, ഹുദൈഫ(റ) ഉസ്മാൻ(റ)വിനോട് ഇക്കാര്യം പറഞ്ഞു; അല്ലയോ വിശ്വാസികളുടെ നേതാവെ, ജൂതന്മാരും ക്രിസ്ത്യാനികളും അവരുടെ ഗ്രന്ഥത്തിൽ അഭിപ്രായവ്യത്യാസപ്പെട്ടതു പോലെ നമ്മുടെ സമൂഹത്തിന് ദുരന്തങ്ങൾ വന്നെത്തുതിന് മുമ്പ് താങ്കൾ അവരെ കാര്യം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അങ്ങനെ ഹഫ്സ(റ)യുടെ അടുക്കലേക്ക് മുസ്ഹഫ് കൊണ്ടുവരാൻ അദ്ദേഹത്തെ അയച്ചു. അതിൽ നിന്ന് പകർപ്പെടുക്കുകുയും ശേഷം ആ മുസ്ഹഫ് അവർക്ക്  തിരിച്ചുകൊടുക്കേണ്ടതുമാണ്. ഹഫ്സ(റ) മുസ്ഹഫ് ഉസ്മാൻ(റ)വിന്റെ അടുക്കലേക്ക് അയച്ചു. അപ്രകാരം സൈദ് ബിൻ സാബിത്ത്, അബ്ദുല്ല ബിൻ സുബൈർ, സഈദ് ബിൻ ആസ്, അബ്ദുറഹ്മാൻ ബിൻ ഹാരിസ് ബിൻ ഹിഷാം തുടങ്ങിയവരോട് അതിന്റെ പകർപ്പ് തയാറാക്കാൻ ഉസ്മാൻ(റ) ആവശ്യപ്പെട്ടു. ഉസ്മാൻ(റ) ഖറൈശികളായ ഈ മൂന്ന് പേരോടും പറഞ്ഞു; നിങ്ങൾ മൂന്നുപേരും സൈദ് ബിൻ സാബിത്തും ഖുർആനിന്റെ ഏതെങ്കിലും കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയാണെങ്കിൽ, ഖുറൈശികളുടെ ഭാഷാ ശൈലിയിലാണ് നിങ്ങൾ എഴുതേണ്ടത്. കാരണം ഖുറൈശികളുടെ ഭാഷാ ശൈലിയിലാണ് ഖുർആൻ അവതരിച്ചിട്ടുള്ളത്. അവർ അപ്രകാരം ചെയ്തു. മുസ്ഹഫിന്റെ പകർപ്പുകള് അവർ തയാറാക്കി. വാങ്ങിയ മുസ്ഹഫ് ഹഫ്സ(റ)വിനു തന്നെ തിരിച്ചുനൽകി. ശേഷം, പകർപ്പെടുത്ത മുസ്ഹഫ് വ്യത്യസ്ത ഭാഗങ്ങളിലേക്കായി അയച്ചുകൊടുത്തു. മറ്റു ഏടുകളും, മുസ്
ഹഫ് രൂപത്തിലുളളതുമെല്ലാം കത്തിച്ച് കളയാൻ ഉസ്മാൻ(റ) കൽപന പുറപ്പെടുവിച്ചു.

ഉസ്മാൻ(റ) മുഹാജിറുകളെയും അൻസാറുകളെയും ഒരുമിച്ച് കൂട്ടി ഇക്കാര്യത്തിൽ ചർച്ച നടത്തി. അതിൽ സമൂഹത്തിലെ ഉയർന്ന വ്യക്തികളും പണ്ഡിതന്മാരുമുണ്ടായിരുന്നു. അവരിൽ പ്രധാനിയായി അലിയുബിൻ അബീ ത്വാലിബുമുണ്ടായിരന്നു. അവർക്കുമുന്നിൽ ഉസ്മാൻ(റ) ഈ പ്രതിസന്ധി അവതരിപ്പിക്കുകയും, വിഷയം പഠിക്കുകയും, ചർച്ച നടത്തുകയും ചെയ്തതിന് ശേഷമാണ് ഉസ്മാൻ(റ) ഇത്തരമൊരു അഭിപ്രായത്തിലെത്തുന്നത്. അങ്ങനെ ഈ ഏകകണ്ഠമായ തീരുമാനം നടപ്പിൽ വരുകയായിരുന്നു. അന്നേരം ഇതിനെ വിമർശിച്ച് ആരും രംഗത്തുവന്നിരുന്നില്ല.

ഏഴ് ശൈലികളും ഉൾകൊള്ളുന്നതാണോ മുസ്ഹഫ് ഉസ്മാനി?

ശൈഖ് മുഹമ്മദ് സ്വാദിഖ് ഉർജൂൻ അഭിപ്രായപ്പെടുന്നു: അബൂബക്കർ(റ) ക്രോഡീകരിച്ച മുസ്ഹഫായിരുന്നു പിന്നീട് മുസ് ലിംകൾ ഐക്യപ്പെട്ട ഖുർആനിന്റ അടിസ്ഥാനം. വിശുദ്ധ ഖുര്ആന് ഏഴ് ശൈലിയിൽ അവതരിച്ചിട്ടുണ്ടെന്ന് സ്വഹീഹിൽ വന്നതുപോലെ, ആ മുസ്ഹഫ് (അബൂബക്കർ(റ) തയാറാക്കിയ മുസ്ഹഫ്) ഏഴ് ശൈലികൾ ഉൾകൊളളുന്നതായിരുന്നില്ല. ഇത് അവസാനത്തെ സംഭവമായിരുന്നു. പ്രവാചക ജീവിതത്തിന്റെ അവസാന നാളുകളിലെ ജീവതത്തെ അവർ മനസ്സിലാക്കി. ഏഴു ശൈലികൾ എന്നത് തുടക്ക കാലത്ത് ഉമ്മത്തിന്റെ എളുപ്പം കണക്കിലെടുത്തായിരുന്നു. അവർക്കിടയിലെ ഭാഷ ഐക്യപ്പെടുകയും, ജനങ്ങൾ പരസ്പരം കൂടികലരുകയും, ഖുർആൻ പ്രചരിക്കുകയും ചെയ്തപ്പോൾ ആ വിധി ഇല്ലാതായിപോയി.

ഇമാം ത്വഹാവി പറയുന്നു: ഖുർആനിന്റെ ഭാഷയിലല്ലാത്തവർക്ക് ഖുർആന് പെട്ടെന്ന് സ്വീകരിക്കുന്നത് പ്രയാസമായതിനാലാണ് ഏഴ് ശൈലികൾ കാണപ്പെടുന്നത്. കാരണം, അവർ നിരക്ഷരരായിരുന്നു. അവരിലെ കുറച്ചുപേർ മാത്രമാണ് എഴുതാനറിയുന്നവരായി ഉണ്ടായിരുന്നത്. ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്ക് മാറുകയെന്നത് പ്രയാസകരമായ സംഗതിതന്നെയാണ്. അപ്രകാരം പ്രയാസം ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു “الأحرف السبعة” (ഏഴ് ശൈലികൾ). അത് പദങ്ങളിലെ വ്യത്യാസം മാത്രമായിരുന്നു. അർഥത്തിൽ മാറ്റമുണ്ടായിരുന്നില്ല. അങ്ങനെ, അവരിൽ എഴുത്ത് വ്യാപിച്ചപ്പോൾ, അവരുടെ ശൈലികളെ പ്രവാചക ശൈലിയിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. അപ്രകാരം അവർക്ക് ആ പദങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.  അന്നേരം അതിനെതിരായ ശൈലിയിൽ ആരും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയുണ്ടായില്ല. ഈയൊരു ഏകീകൃതമായ ഭാഷാ ശൈലിയാണ് മുസ്ഹഫായി മാറുന്നത്.

ഉസ്മാൻ(റ) വ്യത്യസ്ത സ്ഥലങ്ങളിലേക്ക് അയച്ച മുസ്ഹഫിന്റെ എണ്ണം എത്രയാണ്?

മുസ്ഹഫ് ക്രോഡീകരണത്തിൽ നിന്ന് വിരമിച്ച ശേഷം ആ മുസ്ഹഫുകൾ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് അയക്കുകയും, ഇതിനെതിരാകുന്ന എല്ലാ മുസ്ഹഫുകളും കത്തിച്ചുകളയണമെന്ന് ഉസ്മാൻ(റ) കൽപന പുറപ്പെടുവിച്ചു. പലഭാഗങ്ങളിലേക്കായി ഉസ്മാൻ(റ) അയച്ച മുസ്ഹഫിന്റെ എണ്ണത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് എന്നീ അഭിപ്രായങ്ങൾ അവയുമായി ബന്ധപ്പെട്ട് കാണാവുന്നതാണ്. ഓരോ മുസ്ഹഫും ഓരോ ഭാഗത്തേക്ക് അയക്കുമ്പോൾ നിർദേശം നൽകാൻ കഴിവുളളരേയും കൂടെ അയച്ചിരുന്നു. പ്രവാചകനിൽ നിന്ന് മുത്തവാത്തിറായി (ഒരു പാട് നിവേദനം ചെയ്യുന്ന) വന്ന രീതിയിൽ പഠിപ്പിക്കേണ്ടിതിന് വേണ്ടിയായിരുന്നു അത്. അബ്ദുല്ലാഹിബിൻ സാഇബ് മക്കയിലേക്കും, മുഗീറത് ശിഹാബ് സിറിയയിലേക്കും, അബൂ അബ്ദുറഹ്മാൻ സുൽമി കൂഫയിലേക്കും, ആമിർ ബിൻ ഖൈസ് ബസ്വറയിലേക്കുമായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. സൈദ് ബിൻ സാബിത്ത് കൽപിക്കപ്പെട്ടത് മദീനക്കാർക്ക് ഓതികൊടുക്കുന്നതിന് വേണ്ടിയായിരുന്നു. മനുഷ്യ ചരിത്രത്തിൽ മറ്റൊരു ഗ്രന്ഥവും സംരക്ഷിക്കപ്പെട്ടിട്ടില്ലാത്ത വിധമാണ് വിശുദ്ധ ഖുർആൻ ഇവിടെ സംരക്ഷിക്കപ്പെടുന്നത്. അത് അല്ലാഹു ഏറ്റടുത്ത ദൗത്യമാണ്. ‘തീർച്ചയായും  നാമാണ് ആ ഉത്ബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്’.

അബൂബക്കർ(റ)വിന്റെയും ഉമർ(റ)വിന്റെയും ഖുർആൻ ക്രോഡീകരണങ്ങൾ തമ്മിലുള്ള വ്യത്യാസം

വിശുദ്ധ ഖുർആൻ മന:പാഠമാക്കിയ  പ്രവാചക അനുചരന്മാർ രക്തസാക്ഷികളാകുന്ന സന്ദർഭത്തിൽ വിശുദ്ധ ഖുർആനിൽ നിന്നും വല്ലതും നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമായിരുന്നു  അബൂബക്കർ(റ)വിനെ ഖുർആൻ ക്രോഡീകരണത്തിലേക്ക് നയിച്ചത്. കാരണം ഏകീകൃതമായ സ്വഭാവത്തിലുള്ള മുസ്ഹഫ് വിശുദ്ധ ഖുർആനിന് അപ്പോൾ ഉണ്ടായിരുന്നില്ല. എന്നാൽ, വിശുദ്ധ ഖുർആൻ വ്യത്യസ്ത ശൈലിയിൽ പാരായണം ചെയ്യപ്പെടുകയും, അവർക്കിടയിലെ പാരായണത്തിൽ പരസ്പരം വിയോജിപ്പുണ്ടാവുകയും, അത് ഏതെങ്കിലും തരത്തിലുള്ള വിപത്തിന് കാരണമാകുമോ എന്ന ഭയത്താലാണ് ഉസ്മാൻ(റ) ഏകീകൃത സ്വഭാവത്തിലുള്ള ഖുർആൻ ക്രോഡീകരണത്തിന് തുനിയുന്നത്. സൂക്തങ്ങളും, അധ്യായങ്ങളും ക്രമപ്പെടുത്തി ഒരൊറ്റ മുസ്ഹഫ് ഉസ്മാൻ(റ) സാധ്യമാക്കുകയും, അവശേഷിക്കുന്ന ഖുർആൻ കത്തിച്ചുകളയാൻ ആവശ്യപ്പെടുകയും ചെയ്തു. ഖുറൈശികളുടെ ഭാഷാ ശൈലിയാണ് ഉസ്മാൻ(റ) അവലംബിച്ചത്.കാരണം, ഖുർആൻ ആ ശൈലിയിലാണല്ലോ അവതരിച്ചത്. ഇതായിരുന്നു അബൂബക്കർ(റ)വിന്റെയും ഉമർ(റ)വിന്റെയും ഖുർആൻ ക്രോഡീകരണങ്ങൾ തമ്മിലെ വ്യത്യാസം.

വിശുദ്ധ ഖുർആൻ ആകാശത്തിലായിരിക്കെ, അല്ലാഹുവിന്റെ സംരക്ഷണത്തിലായിരുന്നു. ആകാശത്ത് നിന്ന് ഭൂമിയിലേക്കുള്ള വഴിയിലും, ഭൂമിയിലേക്ക് അവതരിച്ചപ്പോഴും അപ്രകാരമായിരന്നു. വിശുദ്ധ ഖുർആൻ എഴുതിവെക്കുന്നത് പ്രവാചക കാലത്തും, സച്ഛരിതരായ ഖലീഫമാരുടെ കാലത്തും വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. ഓരോ ഘട്ടവും അല്ലാഹുവിന്റെ അനുഗ്രഹത്താലും സഹായത്താലും നല്ല രീതിയിൽ മുന്നോട്ടുപോയി. ആ ഓരോ ഘട്ടത്തിനും വ്യതിരക്തയും പ്രത്യേകതയുമുണ്ട്.

അവലംബം: islamonline.net
വിവ: അർശദ് കാരക്കാട്

Related Articles