Current Date

Search
Close this search box.
Search
Close this search box.

അസ്മും തവക്കുലും

فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ
…നീ ഒരു തീരുമാന (അസ്മ്)മെടുത്ത്‌ കഴിഞ്ഞാൽ അല്ലാഹുവിൽ ഭരമേൽപിക്കു( തവക്കുൽ ചെയ്യു)ക. തന്നിൽ ഭരമേൽപിക്കുന്നവരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നതാണ്‌. 3:159

ഏതു പ്രവർത്തനത്തിന്റെയും തുടക്കം നിശ്ചയദാർഢ്യമാണ്. ഒരു പദ്ധതി ഉറപ്പിച്ച് കഴിഞ്ഞാൽ മറ്റുള്ളവർ എന്തു പറയുമെന്ന് നാം നോക്കേണ്ടതില്ല ; നാം ശരിയായിരിക്കുന്നിടത്തോളം , അഥവാ ചെയ്യാൻ പോവുന്നത് ശരിയെന്ന് ഉറപ്പുണ്ടെങ്കിൽ, ദൃഢനിശ്ചയവുമായി മുന്നോട്ട് പോവുക . ഏറ്റെടുത്ത ജോലിയെ കുറിച്ച് ബോധ്യവും അറിവും കഴിവും ഉള്ളതാണെങ്കിൽ അഥവാ അത് പ്രവർത്തിച്ചില്ലെങ്കിൽ, നമ്മുടെ അറിവ് വെറുതെ പാഴായിപ്പോകുമെന്നു മാത്രമല്ല തുടർന്നും നമ്മുടെ പ്രവർത്തനങ്ങളിൽ ഈ അമാന്തം വഴിമുടക്കിക്കൊണ്ടിരിക്കും. ഏതു പ്രവർത്തനത്തിന്റെയും തുടക്കം നിശ്ചയദാർഢ്യമാണ്. തുടർന്ന് റബ്ബിൽ ഭരമേല്പിച്ച് ചെയ്തു തുടങ്ങലാണ് . Well begun is half done എന്ന് ഇംഗ്ലീഷുകാർ പറയുന്നതും ഇതേയർഥത്തിലാണ്.

ഈ സൂക്തം വിശദീകരിച്ച് ഇമാം ഇബ്‌നു ജരീർ ത്വബരി പറയുന്നു: “ നിങ്ങളെ മാനസികമായി വിഷമിപ്പിച്ച സംഗതികളിൽ നിങ്ങളുടെ ദൃഢനിശ്ചയം ശരിയാണെങ്കിൽ നിങ്ങളുടെ കൂട്ടാളികൾ അനുകൂലിച്ചാലും പ്രതികൂലിച്ചാലും ഉറച്ച കാൽവെപ്പോടെ മുന്നോട്ട് തന്നെ
തുടരുക. കാര്യങ്ങളിൽ ദൃഢബോധ്യവും വിശ്വാസവും പ്രാർത്ഥനയും പരിശ്രമവുമാണ് അനിവാര്യമായിട്ടുള്ളത്. തുടർന്നുണ്ടാവുന്ന എല്ലാ കാര്യങ്ങളിലും അവന്റെ വിധിയിൽ സംതൃപ്തരായിരിക്കുക. അവനെ വിശ്വസിക്കുന്നവരെ അവൻ സ്നേഹിക്കാതിരിക്കില്ല;
അവൻ സ്നേഹിച്ചാലോ അവരെ സംബന്ധിച്ചിടത്തോളം അവൻ സംപ്രീതനാവും. പിന്നീടതിന്റെ പൂർത്തീകരണവും അവന്റെ വിധിയാലെ സംഭവിച്ചു കൊള്ളും …തഫ്സീറുത്ത്വബരി: [7/343]).

ഈ ആയത്തിലും സൂറ: മുഹമ്മദ് 21 ൽ വന്ന അസ്മ് എന്ന ( فَإِذَا عَزَمَ الْأَمْرُ) പ്രയോഗവും കുറിക്കുന്നത് ദൃഢനിശ്ചയവും ബോധ്യപ്പെട്ട സത്യവുമായുള്ള മുന്നോട്ടുള്ള പ്രയാണത്തിന് തയ്യാറാവുക എന്നതാണ് ശരിയായ പ്രവർത്തന രീതി എന്നാണ്. ഇമാം ഹറാവി പറയുന്നു: “ഉദ്ദേശ്യം സ്വമേധയാ അല്ലെങ്കിൽ പരമേധയാ നേടിയെടുക്കുക എന്നതാണ് “അസ്മ്”.
ഇബ്‌നുൽ അഥീർ പറയുന്നത് നോക്കൂ: “ അസ്മാണ് നിങ്ങളുടെ അഭിപ്രായവും അദ്ധ്വാനവും ഉരുവപ്പെടുത്തുന്നത്. അതിൽ റബ്ബിന്റെ ഉതവി സ്വാഭാവികമായും വന്നു ചേർന്നു കൊള്ളും” “നിശ്ചയദാർഢ്യമാണ് അചഞ്ചലത” ( العزيمة حزم)
എന്ന അറേബ്യൻ ചൊല്ല് ആ അർഥത്തിലാണ് നാം കാണുന്നത്.ചുരുക്കിപ്പറഞ്ഞാൽ ഏതു പ്രതിസന്ധികളെയും അതിജീവിച്ച് അവ പരിഹരിക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും നേടിയെടുക്കാനാണ് ഈ സൂക്തം നേർക്കു നേരെ നമ്മോട് തേടുന്നത്.
إذا كنتَ ذا رأي فكُنْ ذا عَزِيمَةٍ فإنَّ فَسادَ الرَّأْيِ أنْ تَتَردَّدا
എന്ന് മുതനബ്ബി പറയുന്നത് അതേ ആശയത്തിലാണ്.
നിനക്കഭിപ്രായമുണ്ടെങ്കിൽ ഉറച്ച് മുന്നേറൂ,
ശങ്കയോടെ നില്ക്കൽ അഭിപ്രായ ദൗർബല്യത്തെ കുറിക്കുന്നുവെന്നർഥം
وإن كنتَ ذَا عزمٍ فانْفِذْه عاجلاً فإنَّ فسادَ العزم أن يتقيَّدا
എന്ന പ്രസ്താവനയിലൂടെ അലി (റ) ഗദ്യഭാഷയിൽ പറയുന്നതും അതേ ആശയം തന്നെ.

പൗരുഷവും ധീരതയുമെല്ലാം സാർഥകമാവുന്നത് ചലനാത്മകതയും ബോധ്യവും ഉൾചേരുമ്പോൾ മാത്രമാണെന്ന് ശൈഖ് ഗസാലി പഠിപ്പിച്ചത് ഈ ആയത്തിന്റെ ക്യത്യമായ ദാർശനിക വായനയാണ്.ഉഹ്ദ് യുദ്ധത്തിലെ വിജയവും ആദ്യഘട്ടത്തിലുണ്ടായ പരാജയവും ഈ പശ്ചാത്തലത്തിലൊന്ന് വായിച്ചു നോക്കൂ.യുദ്ധ പദ്ധതി പ്ലാൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ ആശങ്ക പ്രകടിപ്പിച്ചയാളുകളുടെ അഭിപ്രായത്തെ മാറ്റിവെച്ച് ദൃഢനിശ്ചയത്തിന്റെ പ്രഖ്യാപനം നടത്തിയത് പോരാളികളിൽ ആത്മവിശ്വാസം സന്നിവേശിപ്പിക്കാൻ പര്യാപ്തമായിരുന്നു.നബി (സ) തന്റെ സന്ദേശം സമൂഹത്തിനെത്തിക്കുവാൻ ഏറ്റവും കഠിനമായ വിപത്തുകളാണ് നേരിട്ടത്. പ്രതികൂല സാഹചര്യങ്ങൾ, ക്ഷമയോടെ, അചഞ്ചലമായ ദൃഢനിശ്ചയത്തോടെ, സർവ്വശക്തനായ നാഥന്റെ കൽപ്പന അനുസരിച്ചു ഉമ്മത്ത് മുന്നേറിയതിന്റെ ഫലമാണ് ഇന്ന് നാമനുഭവിച്ചു കൊണ്ടിരിക്കുന്ന ആത്മധൈര്യം.(ഉദാ: ഹിജാബ്).അത് നഷ്ടപ്പെടുന്നതോടെ നമ്മുടെ വീര്യം ചോർന്ന് പോവും.
തുടർന്ന് നാം നടത്തുന്ന പ്രവർത്തനകളും പ്രാർത്ഥനകളുമെല്ലാം അസ്മില്ലാത്തവയായി മാറും.
എണ്ണത്തിലും വണ്ണത്തിലും മാത്രം വിശ്വാസം ഉണ്ടാവുന്നതോടെ നബി (സ) ഉപമിച്ച ചണ്ടി പണ്ടാരങ്ങളാവാൻ പിന്നീട് അധികം സമയം വേണ്ടി വരില്ല.

നീ ഉദ്ദേശിച്ചാൽ എനിക്ക് പൊറുത്തു തരേണമേ എന്ന വായുവിൽ കെട്ടിയിട്ടു കൊണ്ടുള്ള പ്രാർഥനക്ക് പകരം
പാപമോചനം ഉറപ്പായും ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രാർഥിക്കാൻ നബി (സ)പഠിപ്പിച്ചത് അസ്മും തവക്കുലും ഒന്നിച്ചാലുള്ള ഘനം ബോധ്യപ്പെടുത്താനായിരുന്നു. ആത്മവിശ്വാസമില്ലാത്ത ദൃഢനിശ്ചയത്തിന് ഒരു ഗുണവുമില്ല. പ്രതീക്ഷയില്ലാത്ത ഭരമേല്പിക്കലും പ്രാർഥനയുമെല്ലാം അങ്ങനെ തന്നെ.

Related Articles