Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനില്‍ നിന്നും ആയത്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ ?

ഖുര്‍ആനില്‍ നിന്നും പല ആയത്തുകളും നഷ്ടപ്പെട്ടു പോയിട്ടുണ്ടെന്നും പലതരം ഖുര്‍ആനുകളുണ്ട് എന്നുമുള്ള വിമര്‍ശനമുണ്ടല്ലോ. ഉസ്മാന്‍ (റ) ന്റെ നിര്‍ദേശപ്രകാരം തയ്യാറാക്കിയ ഖുര്‍ആന്‍ പ്രതി മാത്രം നിലനിര്‍ത്തുകയും ബാക്കിയുള്ളവയെല്ലാം കരിച്ചു കളയുകയുമല്ലേ ചെയ്തത് ? നിലവിലുള്ള ഖുര്‍ആനില്‍ നിന്ന് വ്യത്യസ്തമായ ഖുര്‍ആനും ഉണ്ടായിരുന്നു എന്നല്ലേ ഇതില്‍നിന്ന് മനസ്സിലാവുന്നത്?

ഖുര്‍ആന്റെ ക്രോഡീകരണ ചരിത്രം മനസ്സിലാക്കിയാല്‍ ഈ സംശയം ഉണ്ടാവുകയില്ല. അതിനാല്‍ എങ്ങനെയാണ് ഖുര്‍ആന്‍ ക്രോഡീകരണം നടന്നത് എന്നത് നമുക്കു പരിശോധിക്കാം.

യഥാര്‍ത്ഥത്തില്‍, ഖുര്‍ആനിന്റെ അവതരണത്തോടൊപ്പം തന്നെ ഓരോ ആയത്തും ഏത് സൂറത്തിലാണ് ഉള്‍ക്കൊള്ളിക്കേണ്ടതെന്ന് പറഞ്ഞുകൊടുത്തുകൊണ്ടുള്ള ദൈവികമായ ക്രോഡീകരണവും നടന്നിരുന്നു. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ച പടച്ചവന്‍ തന്നെ അതിന്റെ ക്രോഡീകരണം തന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കു ന്നുവെന്നതാണ് വാസ്തവം. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അതിന്റെ (ഖുര്‍ആനിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക’ (75:17,18).

മുഹമ്മദി(സ)ന് ഓരോ സൂക്തവും അവതരിപ്പിക്കപ്പെടുമ്പോള്‍ അത് എത്തിച്ചുകൊടുക്കുന്ന ജിബ്രീല്‍(അ)തന്നെ അത് ഏത് അധ്യായത്തില്‍ എത്രാമത്തെ വാക്യമായി ചേര്‍ക്കേണ്ടതാണെന്നു കൂടി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഖുര്‍ആന്‍ എഴുതിവെക്കുന്നതി നുവേണ്ടി സന്നദ്ധരായ പ്രവാചകാനുചരന്മാര്‍ ‘കുത്താബുല്‍ വഹ് യ്’ (ദിവ്യബോധനത്തിന്റെ എഴുത്തുകാര്‍) എന്നാണ് അറിയപ്പെട്ടിരുന്നത്. അന്‍സാറുകളില്‍ പെട്ട ഉബയ്യ്ബ്‌നു കഅ്ബ്, മുആദുബ്‌നു ജബല്‍, സൈദുബ്‌നുസാബിത്ത്, അബൂസൈദ് (റ) എന്നിവരായിരുന്നു അവരില്‍ പ്രധാനികള്‍. തുകല്‍ കഷ്ണങ്ങളിലായിരുന്നു അവര്‍ പ്രധാനമായും ഖുര്‍ആന്‍ എഴുതിവെച്ചിരുന്നത്. പ്രവാചകന്(സ) ഏതെങ്കിലും സൂക്തം അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം ഈ എഴുത്തു കാരെ വിളിക്കും. ജിബ്രീല്‍ അദ്ദേഹത്തോട് നിര്‍ദേശിച്ച ക്രമം അദ്ദേ ഹം എഴുത്തുകാരോട് പറയും. അഥവാ ഈ സൂക്തങ്ങള്‍ ഏത് അധ്യായത്തില്‍ എത്രാമത്തെ വചനങ്ങളായി ചേര്‍ക്കണമെന്നും നിര്‍ദേശം നല്‍കും. ഇതുപ്രകാരം അവര്‍ എഴുതിവെക്കും. ഇതായിരുന്നു രീതി. ഇങ്ങനെ പ്രവാചക(സ)ന്റെ കാലത്തുതന്നെ ഖുര്‍ആന്‍ അവതരണത്തോടൊപ്പം തന്നെ അതിന്റെ ക്രോഡീകരണവും നടന്നിരു ന്നുവെന്നതാണ് വാസ്തവം.

ഇവ്വിഷയകമായി നിവേദനം ചെയ്യപ്പെട്ട ഏതാനും ഹദീസുകള്‍ കാണുക: ഉഥ്മാന്‍ (റ) പറഞ്ഞു: ”ദൈവദൂതന് (സ) ഒരേ അവസരത്തില്‍ വിവിധ അധ്യായങ്ങള്‍ അവതരിക്കാറുണ്ടായിരുന്നു. അങ്ങനെ അവതരിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം എഴുത്തുകാരെ വിളിച്ച് ഈ ആയത്തുകള്‍ ഇന്ന വിഷയം പ്രതിപാദിക്കുന്ന ഇന്ന സൂറത്തില്‍ രേഖപ്പെടുത്തുകയെന്ന് കല്‍പിക്കുമായിരുന്നു” (സുനനു അബീദാ വൂദ്, കിതാബു സ്വലാത്ത്, ബാബു മന്‍ ജഹ്‌റ ബിഹാ)

ആഇശ (റ) പറയുന്നു: നബി (സ) ഫാത്വിമ(റ)യോട് പറഞ്ഞു: ”എല്ലാ വര്‍ഷവും ജിബ്രീല്‍ ഒരു പ്രാവശ്യം ഖുര്‍ആന്‍ പൂര്‍ണമായും ഓതി തന്നിരുന്നു. ഈ വര്‍ഷം രണ്ടു പ്രാവശ്യം ജിബ്രീല്‍ ഖുര്‍ആന്‍ പൂര്‍ണമായും ഓതി തന്നു. എന്റെ മരണം സമീപിച്ചതായി ഞാന്‍ കാണുന്നു.” (സ്വഹീഹുല്‍ ബുഖാരി).

ക്രോഡീകൃതരൂപത്തിലുള്ള മനഃപാഠമാക്കല്‍

ഖുര്‍ആനിന്റെ പ്രധാനപ്പെട്ട സംരക്ഷണം മനഃപ്പാഠമാക്കലിലൂടെയായിരുന്നുവെന്നതിനാല്‍ തന്നെ ക്രോഡീകരണവും ആ രൂപത്തില്‍ തന്നെയായിരുന്നു. മനഃപാഠമാക്കുവാന്‍ നബി (സ) പ്രേരിപ്പിക്കുകയും ആയിരങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ മനഃപ്പാഠമാക്കുകയും ചെയ്തിരുന്നു. ഈ മനഃപാഠമാക്കല്‍ നബി (സ) പഠിപ്പിച്ച ക്രമത്തിലും രീതിയിലുമായിരുന്നു. നമസ്‌കാരത്തില്‍ പാരായണം ചെയ്യേണ്ട സൂക്തങ്ങള്‍ മനഃപാഠമാക്കല്‍ ഓരോരുത്തര്‍ക്കും നിര്‍ബന്ധമായിരുന്നു. ”അതിനാല്‍ സൗകര്യമായ അളവില്‍ ഖുര്‍ആന്‍ പാരായണം (നമസ്‌കാരത്തില്‍ ചെയ്യുക എന്ന ഇസ്ലാമിന്റെ ആദ്യകാലത്ത് അവതരിച്ച ഖുര്‍ആന്‍ വചനം (73:20) തന്നെ മനഃപാഠമാക്കലിന്റെ പ്രാധാന്യം പഠിപ്പിക്കുന്നതാണ്. ”എഴുന്നേറ്റ് രാത്രിയില്‍ കുറഞ്ഞ സമയമൊഴികെ നിശാ നമസ്‌കരിക്കുക അഥവാ രാവിന്റെ പകുതി അല്ലെങ്കില്‍ അല്‍പം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. സാവകാശം ഖുര്‍ആന്‍ പാരായണം ചെയ്യുക (ഖുര്‍ആന്‍ 13:1-3)യെന്ന ദൈവികനിര്‍ദേശം പാലിച്ച് കൊണ്ട് രാത്രി നമസ്‌കാരം നിര്‍വഹിച്ചിരുന്ന നബിയും വലിയൊരു സംഘം പ്രവാച കാനുചരന്മാരും സ്വാഭാവികമായും ഖുര്‍ആന്‍ മനഃപാഠമാക്കിയിരിക്കണം ”താങ്കളും ഒരു സംഘം അനുയായികളും രാവിന്റെ മൂന്നില്‍ രണ്ടു ഭാഗവും ചിലപ്പോള്‍ പകുതിയും ചിലപ്പോള്‍ മൂന്നില്‍ ഒരു ഭാഗവും നമസ്‌കരിക്കാറുണ്ട് എന്ന് താങ്കളുടെ രക്ഷിതാവ് അറിയുക തന്നെ ചെയ്യുന്നുവെന്നാണ് അവരെപ്പറ്റി ഖുര്‍ആന്‍ (73:20) പ്രസ്താവിക്കുന്നത്. രാത്രി നമസ്‌കാരത്തില്‍ മാത്രമല്ല, നിര്‍ബന്ധവും ഐച്ഛികവുമായ മറ്റു നമസ്‌കാരങ്ങളിലും ഖുര്‍ആന്‍ പാരായണം ചെയ്യല്‍ നിര്‍ബന്ധമായതുകൊണ്ട് തന്നെ അന്ന് ജീവിച്ചിരുന്ന മുസ്ലിംകളെല്ലാം സ്വാഭാവികമായും പരമാവധി ഖുര്‍ആന്‍ മനഃപാഠമാ ക്കിയിട്ടുണ്ടായിരുന്നിരിക്കണമെന്ന് മനസ്സിലാക്കാവുന്നതാണ്.

പ്രവാചകകാലത്ത് അവതരിക്കപ്പെട്ട ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയുരുന്ന നിരവധി പേര്‍ ജീവിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. അവരെല്ലാം മനഃപാഠമാക്കിയത് പ്രവാചകന്‍ (സ) പഠിപ്പിച്ച ക്രമത്തിലായിരുന്നു. പാരായണക്കാരുടെ മനസ്സുകളിലുണ്ടായിരുന്ന ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ട രൂപത്തി ലായിരുന്നുവെന്ന് സാരം.

ഇബ്‌നു അംറ് (റ) പറയുന്നു: ഞാന്‍ ഖുര്‍ആന്‍ പൂര്‍ണമായും ശേഖരിച്ച് എല്ലാ രാത്രിയിലും അത് മുഴുവന്‍ പാരായണം ചെയ്തിരുന്നു. ഈ വിവരം നബി(സ)ക്ക് ലഭിച്ചു. അദ്ദേഹം പറഞ്ഞു: നീ എല്ലാ മാസവും ഒരു പ്രാവശ്യം പൂര്‍ണമായി ഓതുക. (ഇബ്‌നു മാജ 1114, അഹ്മദ് 6873, നസാഈ 8064. ഈ ഹദീഥ് സ്വഹീഹാണെന്ന് ശൈഖ് അല്‍ബാനി സ്വഹീഹ് ഇബ്‌നു മാജ 1114 യില്‍ പറഞ്ഞിട്ടുണ്ട്.

ഉബാദ (റ) പറയുന്നു: നബി(സ)യുടെ സമീപം ഒരാള്‍ പാലായനം ചെയ്തു വന്നാല്‍ അയാള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാനായി ഞങ്ങളില്‍ ഒരാളെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. (മുസ്‌നദ് അഹ്മദ് ഹദീഥ് നമ്പര്‍ 22260, ത്വബ്‌റാനി, ബൈഹഖി, ഹാക്വിം. ഈ ഹദീഥ് സ്വഹീഹാണെന്ന് ഇമാം ദഹബി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മുസ്തദ്റക്: 1/41).

അനസ് (റ) പറയുന്നു: നബി(സ)യുടെ കാലഘട്ടത്തില്‍ നാല് പേര്‍ ഖുര്‍ആന്‍ പൂര്‍ണമായി മനഃപാഠമാക്കിയിരുന്നു. അവരെല്ലാം അന്‍സ്വാരികളായിരുന്നു. അവര്‍ ഉബയ്യ്, മുആദ് ബിന്‍ ജബല്‍, അബൂ സൈദ്, സൈദ് ബിന്‍ സാബിത് (റ) എന്നിവരാണവര്‍. (സ്വ ഹീഹുല്‍ ബുഖാരി, കിതാബ് മനാഖിബില്‍ അന്‍സ്വാര്‍, ബാബ് മനാഖിബില്‍ അന്‍സ്വാര്‍ സ്വഹീഹ് മുസ്ലിം കിതാബി ഫദാഇലി സ ഹാബ (റ), ബാബി മിന്‍ ഫദാഇലി ഉബയ്യ ഈ കഅബ് വിമാ അത്തഹി മിനല്‍ അന്‍സ്വാര്‍, മുസ്‌നദ് അഹ്മദ് 13441)

രേഖകളിലുള്ള ക്രോഡീകരണം
മനഃപാഠമാക്കുകയും അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തതോടൊപ്പം തന്നെ അവതരിക്കപ്പെടുന്ന സൂക്തങ്ങള്‍ രേഖപ്പെടുത്തിവെക്കാനും നബി(സ)യുടെ നിര്‍ദേശമുണ്ടായിരുന്നു. പ്രസ്തുത നിര്‍ദേശം വെറുതെ ആ ആയത്തുകള്‍ എവിടെയെങ്കിലും എഴുതിവെക്കാനായിരുന്നില്ല; മറിച്ച് ഏത് സൂറത്തില്‍ എത്രാമത്തെ ആയത്തായാണ് അത് രേഖപ്പെടുത്തേണ്ടത് എന്ന് കൂടി പ്രവാചകന്‍ (സ) പറഞ്ഞു കൊടുക്കുമായിരുന്നു. നബിവിയോഗത്തിനുമുമ്പ് പല സ്ഥ ലങ്ങളിലായിട്ടാണ് ഖുര്‍ആന്‍ പൂര്‍ണമായി എഴുതപ്പെട്ടിരുന്നതെങ്കിലും അവയിലെല്ലാം നബി (സ) പറഞ്ഞ സൂറത്തുകളുടെയും ആയത്തുകളുടെയും ക്രമം പാലിച്ചിരുന്നു. ഖുര്‍ആനില്‍ തന്നെ ആലേഖനം ചെയ്യപ്പെട്ട ഗ്രന്ഥമായാണ് ഖുര്‍ആനിനെ പരിചയപ്പെ ടുത്തുന്നത് എന്നതില്‍ നിന്ന് അങ്ങനെയുള്ള രേഖകള്‍ മുഹമ്മദ് നബി(സ)യുടെ കാലത്ത് തന്നെ സുലഭമായിരുന്നുവെന്ന് വ്യക്തമാ വുന്നുണ്ട്. ”അല്ലാഹുവിങ്കല്‍ നിന്നുള്ള ദൂതന്‍ വക്രതയില്ലാത്ത സ ന്ദേശങ്ങള്‍ അടങ്ങിയ പരിശുദ്ധ ഏടുകള്‍ പാരായണം ചെയ്യു ‘(ഖുര്‍ആന്‍ 98:2-3)വെന്ന വചനത്തില്‍ നിന്ന് പ്രവാചകകാലത്ത് തന്നെ ഖുര്‍ആന്‍ ഏടുകള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്.

ഒരു സൂക്തം അവതരിപ്പിക്കപ്പെട്ടാല്‍ വഹ യ് എഴുത്തുകാരെ വിളിച്ച് പ്രവാചകന്‍ അക്കാര്യം അറിയിക്കുകയും അത് ഇന്ന സൂറത്തില്‍ എത്രാമത്തെ വചങ്ങളായി എഴുതിവെക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്യാറുണ്ടായിരുന്നതായി വ്യക്തമാക്കുന്ന നിവേദനങ്ങളുണ്ട്. ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബി(സ)ക്ക് ഒരു സൂറത്ത് അവതരിക്കുമ്പോള്‍ ചില എഴുത്തുകാരെ വിളിച്ച് ഈ സൂറത്തിനെ ഈ വിഷയം പ്രതിപാദിക്കുന്ന ഭാഗത്ത് വെക്കുക’ എന്നു പ്രവാചകന്‍ കല്‍പിക്കുമായിരുന്നു. (ജാമിഉത്തിര്‍മിദി 3086, സ്വഹീഹാണെന്ന് ഇമാം തിര്‍മിദി വ്യക്തമാക്കി).

ഓരോ ഖുര്‍ആന്‍ വചനങ്ങളും അവതരിപ്പിക്കപ്പെടുമ്പോള്‍ ഓരോ ആയത്തുകളെയും ഏതേത് സൂറത്തുകളിലാണ് വെക്കേണ്ടതെന്ന് നബി (സ) എഴുത്തുകാരോട് പറഞ്ഞിരുന്നു. (അബൂദാവൂദ് 786).

ഇതിനു സമാനമായ ഉദ്ധരണികള്‍ മുസ്‌നദ് അഹ്മദ് (401), ഇബ് നു ഹിബ്ബാന്‍ (43), മുസ്തദ്‌റക് ഹാകിം (280), സുനനു നസാഈ (7694), സുനനു ബൈഹഖി (766), ബസാര്‍ (349),ഔസത് ത്വബ്‌റാനി (1638) ത്വഹാവീ മആനില്‍ ആസാര്‍ (735) ഇബ്‌നു അബീ ദാവൂദ് അല്‍ മസാഹിഫ് (8) മുതലായ ഹദീഥ് കൃതികളില്‍ കാണാം.

ഉസ്മാന്‍ (റ) പറഞ്ഞതായി ഇമാം അഹ്മദ് ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. നബി(സ)യുടെ മേല്‍ നിശ്ചിത ആയത്തുകള്‍ ഉള്ള സൂറത്തുകള്‍ അവതരിക്കാറുണ്ടായിരുന്നു. ഒരു ആയത്ത് അവതരിക്കുമ്പോള്‍ ചില എഴുത്തുകാരെ വിളിച്ച് നബി(സ) ഇങ്ങനെ പറയും: ഈ ആയത്തിനെ ഇന്ന വിഷയം പരാമര്‍ശിക്കുന്ന സൂറത്തില്‍ എഴുതി ചേര്‍ക്കുക. (അഹ്മദ് 501). ഇങ്ങനെ വ്യത്യസ്ത ഭാഗങ്ങളിലായി നബി(സ)യുടെ കാലഘട്ടത്തില്‍ തന്നെ ഖുര്‍ആന്‍ പൂര്‍ണമായി എഴുതപ്പെട്ടിരുന്നു. (അല്‍ ഇത്ഖന്‍ 1/200).

ബറാഅ് (റ) പറയുന്നു. സൂറത്തുന്നിസാഇലെ 9-ാം ആയ അവതരിച്ചപ്പോള്‍ നബി (സ) പറഞ്ഞു. നീ സൈദി(റ)നെ എന്റെയടുത്തേക്ക് വിളിക്കുക. അദ്ദേഹം പലകയും മഷിക്കുപ്പിയും കൊണ്ട് വരട്ടെ. ശേഷം സൈദിനോടായി നബി (സ) പറഞ്ഞു. ‘നീ എഴുതുക. ( സ്വഹീഹുല്‍ ബുഖാരി, കിതാബ് ഫദാഇലില്‍ ഖുര്‍ആന്‍, നൂസുലുല്‍ വഹിയി വ അവ്വലു മാ നസല).

നബി(സ)യുടെ മരണത്തിനുമുനി തന്നെ ഖുര്‍ആന്‍ പൂര്‍ത്തീകരിക്കപ്പെടുകയും പാരായണം ദുര്‍ബലപ്പെടുത്തപ്പെട്ട സൂറത്തുകളെയും ആയത്തുകളെയുമെല്ലാം ഒഴിവാക്കി ശരിയായ ക്രമീകരണത്തില്‍ ഇന്നു നിലവിലുള്ള ഖുര്‍ആന്‍ പോലെ അനുചരന്മാര്‍ക്ക് കൈമാറുകയും ചെയ്തിരിന്നുവെന്ന് ഹദീഥുകളില്‍ നിന്ന് മനസ്സിലാവുന്നുണ്ട്.
ആഇശ (റ) പറയുന്നു: നബി (സ) ഫാത്വിമ(റ)യോട് പറഞ്ഞു എല്ലാ വര്‍ഷവും ജിബ്രീല്‍ ഒരു പ്രാവശ്യം ഖുര്‍ആന്‍ പൂര്‍ണമായും ഓതി തന്നിരുന്നു. ഈ വര്‍ഷം രണ്ടു പ്രാവശ്യം ജിബിരീല്‍ ഖുര്‍ആന്‍ പൂര്‍ണമായും ഓതി തന്നു. എന്റെ മരണം സമീപിച്ചതായി ഞാന്‍ കാണുന്നു. (സ്വഹീഹുല്‍ ബുഖാരി).

നബി (സ) മരണപ്പെടുന്നതിന് ആറു മാസം മുമ്പ് സമ്പൂര്‍ണമായി ജിബ്രീല്‍ (അ) ഓതിക്കൊടുക്കുകയും അതിനെ സ്വഹാബത്തിനു പഠിപ്പിച്ചു കൊടുക്കുകയും പല ഭാഗങ്ങളിലായി അതെല്ലാം രേഖപ്പെടുത്തപ്പെടുകയും ചെയ്തതിന് ശേഷമാണ് നബി (സ) ഇഹലോകവാസം വെടിഞ്ഞത് എന്ന യാഥാര്‍ഥ്യമാണ് ഈ ഹദീഥ് വെളിപ്പെടുത്തുന്നത്.

വ്യത്യസ്ത ഖുര്‍ആനുകളോ?

അല്ലാഹു പഠിപ്പിച്ച രീതിയില്‍ മാത്രമേ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടുള്ളൂവെന്നാണ് മുസ്ലിംകള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. ഇതിനര്‍ത്ഥം ഒരൊറ്റ രീതിയില്‍ മാത്രമേ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടുള്ളൂവെന്നല്ല. വ്യത്യസ്തമായ ഖുര്‍ആന്‍ പാരായണ രീതികളുണ്ട്. ആരെങ്കിലും സ്വന്തമായി നിര്‍മിച്ചവയല്ല. പ്രസ്തുത പാരായണരീതികള്‍; എല്ലാം പ്രവാചകന്‍ (സ) പഠിപ്പിച്ചവ തന്നെയാണ്. പ്രവാചകനില്‍ നിന്ന് നിരവധി ശിഷ്യന്‍മാര്‍ നേരിട്ട് പഠിച്ചവയാണവ. ഖുര്‍ആനിന്റെ വ്യത്യസ്തമായ പാരായണരീതികള്‍ക്കാണ് ഖിറാഅത്തുകള്‍ എന്ന് പറയുക.

പ്രവാചകനില്‍(സ) നിന്ന് വ്യത്യസ്തരീതികളിലുള്ള ഖുര്‍ആന്‍ പാരായണം പഠിച്ച സ്വാഹാബിമാര്‍ ആ രീതികളെല്ലാം അടുത്ത തലമുറയ്ക്കും പഠിപ്പിച്ചു കൊടുത്തു; അവര്‍ അടുത്ത തലമുറക്കും അടുത്ത തലമുറയിലുള്ളവര്‍ അതിന്നടുത്ത തലമുറയിലുള്ളവര്‍ക്കും ഈ ഖിറാഅത്തുകള്‍ പഠിപ്പിച്ചുകൊടുത്തു. ഒരേ ഉഥ്മാനീ മുസ്ഹഫ് തന്നെ വ്യത്യസ്ത രീതികളില്‍ പാരായണം ചെയ്യുന്ന സമ്പ്രദായങ്ങള്‍ വളര്‍ന്നുവന്നത് അങ്ങനെയാണ്. പ്രസിദ്ധരും പാരായണ രീതികളെപ്പറ്റി കൃത്യമായി അറിയാവുന്നവരുമായ പാരായണ വിദഗ്ധരിലൂടെയും അറിയപ്പെടുന്ന പാരായണക്കാരിലൂടെയുമാണ് പ്രവാചകനില്‍ നിന്ന് നേരിട്ട് ഖുര്‍ആന്‍ പഠിച്ചിട്ടില്ലാത്തവര്‍ അതിന്റെ പാരായണ രീതികളെല്ലാം അഭ്യസിച്ചത്. പ്രവാചകനില്‍ നിന്ന് സ്വീകാര്യവും പരമ്പര മുറിയാത്തതുമായ കണ്ണികളിലൂടെ നിവേദനം ചെയ്യപ്പെട്ടതും ഖിറാഅത്തിന്റെ ഇമാമായി അറിയപ്പെടുന്നവരില്‍ നിന്ന് നിരവധി പേരുള്‍ക്കൊള്ളുന്ന ശൃംഖലകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ഇന്നുവരെ എത്തിയതുമായ രീതികള്‍ മാത്രമാണ് സ്വീകാര്യമായി ഗണിക്കപ്പെടുന്നത്. ഇങ്ങനെയുള്ള പാരായണങ്ങളാണ് മുതവാത്തിറായ ഖിറാഅത്തുകളായി അറിയപ്പെടുന്നത്. ഇങ്ങനെ അറിയപ്പെടുന്ന പത്ത് പാരായണ രീതികളാണ് ഇന്നുള്ളത്.

ഖിറാഅത്തുകളുടെ അംഗീകാരം

പ്രവാചകനില്‍ നിന്ന് എന്ന രൂപത്തില്‍ വ്യത്യസ്തങ്ങളായ പാരായണരീതികള്‍ നില നിന്നിരുന്ന രണ്ടും മൂന്നും തലമുറകളിലാണ് ഖിറാഅത്തുകളിലെ നെല്ലും പതിരും വേര്‍ തിരിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളുണ്ടായത്. സമൂഹത്തില്‍ നില നിന്നിരുന്നവ്യത്യസ്തമായ ഖിറാഅത്തുകള്‍ പരിശോധിച്ച് അവയില്‍ പ്രവാചകനില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ളവ സ്വീകരിക്കുകയാണ് ഖിറാഅത്തിന്റെ പണ്ഡിതന്മാര്‍ ചെയ്തത്.

ഒരു പാരായണരീതി അംഗീകരിക്കപ്പെടണമെങ്കില്‍ മൂന്നു മാനദണ്ഡങ്ങളാണുള്ളത്. അതിന്റെ നിവേദകശൃംഖല മുറിയാത്തതാവുക; ഇതിലെ ഓരോരുത്തരും വിശ്വസ്തരും സത്യസന്ധരും സദ്കര്‍മികളും നല്ല ഓര്‍മ്മശക്തിയുള്ളവരുമാവുക, നിവേദകശൃംഖലയിലെ കണ്ണികളിലൊന്നും അബദ്ധങ്ങള്‍ കടന്നുവരാന്‍ യാതൊരു സാധ്യതയുമില്ലാത്തതുമാവുക എന്നതാണ് ഒന്നാമത്തെ മാനദണ്ഡം. പാരായണരീതി അറബിവ്യാകരണനിയമങ്ങളുമായും അന്നത്തെ ഭാഷാപ്രയോഗങ്ങളുമായും പൂര്‍ണമായും ഒത്തുപോകുന്നതാവണമെന്നതാണ് രണ്ടാമത്തെ മാനദണ്ഡം. ഖലീഫ ഉഥ്മാന്റെ കാലത്ത് തയ്യാറാക്കിയ ഏതെങ്കിലും ഒരു കോപ്പിയുമായി പൂര്‍ണമായും യോജിച്ചുവരുന്നതാകണം പാരായണരീതിയെന്നതാണ് മൂന്നാമത്തെ മാനദണ്ഡം. ഇതില്‍ ഏതെങ്കിലുമൊരു മാനദണ്ഡം ഒത്തുവന്നിട്ടില്ലെങ്കില്‍ ആ പാരായണീയതി അറിയപ്പെടുക ശാദ്(അസാധാരണം) എന്നോ, സ്വീകാര്യമായ പരമ്പരയോട് കൂടിയുള്ളതാണെങ്കിലും ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പൂര്‍ണമായി വിജയിക്കുന്നില്ലെങ്കില്‍ അതിനെ സ്വഹാബിമാരുടെ വ്യാഖ്യാനമായി (തഫ്‌സീര്‍) പരാമര്‍ശിക്കുമെങ്കിലും സ്വീകാര്യമായ പാരായണരീതിയായി അംഗീകരിക്കുകയില്ല. സ്വീകാര്യമായ പാരമ്പരയോടുകൂടിയുള്ളതല്ലാത്ത പാരായണങ്ങളെ വ്യാജം (ബാത്വില്‍) എന്ന് വിളിച്ച് മാറ്റി നിര്‍ത്തുകയാണ് ഖിറാഅത്തിന്റെ പണ്ഡിതന്മാര്‍ ചെയ്യുക. എത്രത്തോളം സൂക്ഷ്മമായാണ് ഒരു ഖിറാഅത്ത് നബിയില്‍ നിന്നുള്ളത് തന്നെ യാണോയെന്ന് മുസ്ലിം സമൂഹം തീരുമാനിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഈ സ്വീകരണരീതി. പ്രവാചകനില്‍ നിന്നുള്ളതാണോ എന്ന് സംശയിക്കുന്ന തരത്തിലുള്ള യാതൊന്നുമില്ലാത്തതാണ് മുതവാത്തിറായി അറിയപ്പെടുന്ന സ്വീകാര്യമായ മുഴുവന്‍ ഖിറാഅത്തുകളും എന്നര്‍ത്ഥം.

വ്യത്യസ്ത ഹര്‍ഫുകളിലുള്ള ഖുര്‍ആനിന്റെ അവതരണത്തെക്കുറിച്ച് അറിയാത്തതു കൊണ്ടാണ് ഇക്കാര്യത്തില്‍ തര്‍ക്കങ്ങളുണ്ടായത്. ഏഴു ഹര്‍ഫുകളിലായാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടത് എന്ന് പ്രവാചകനില്‍ നിന്ന് തന്നെ അവര്‍ പഠിച്ചതോടെ പ്രസ്തുത തര്‍ക്കവും തീര്‍ന്നതായി മനസ്സിലാകുന്നുണ്ട്. പ്രവാചക വിയോഗത്തിനു ശേഷം ജീവിച്ച സ്വഹാബിമാര്‍ക്ക് ഏഴു ഹര്‍ഫുകളിലാണ് ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന വസ്തുത കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി നിവേദനങ്ങളുണ്ട്. ഉഥ്മാന്‍ (റ) മിമ്പറില്‍ നിന്നും ചോദിച്ചു. ഈ ഖുര്‍ആന്‍ ഏഴു ഹര്‍ഫുകളിലായി അവതീര്‍ണമായി. ഓരോന്നും സമ്പൂര്‍ണവും മതിയായതുമാണ് എന്നു നബി (സ) പറഞ്ഞതിന് ആരാണ് സാക്ഷിയുള്ളത്? അപ്പോള്‍ എണ്ണപ്പെടാനാകാത്ത വിധം വലിയൊരു സംഘം എഴുന്നേറ്റു നിന്ന് അതിനു സാക്ഷികളായി.” (അബൂയഅ്‌ലാ മുസ്‌നദ്; മജ്മഉ സവാഇദ് 7 155)

എഴുത്ത് വ്യാപകമായി നിലനിന്നിരുന്നിട്ടില്ലാത്ത കാലത്ത്, വ്യത്യസ്ത വാമൊഴികള്‍ സ്വീകരിച്ചിരുന്ന വ്യത്യസ്ത സ്ഥലങ്ങളിലുള്ളവര്‍ക്ക് ഒരേ ശൈലിയിലുള്ള പാരായണം പ്രയാസകരമാണന്നതിനാല്‍ അല്ലാഹു തന്നെ അവതരിപ്പിച്ചതാണ് ഏഴ് ഹര്‍ഫുകളിലായുള്ള ഖുര്‍ആന്‍ പാരായണമെന്നും നബി(സ)യുടെ കാലത്ത് തന്നെ അത് നിലനിന്നിരുന്നുവെന്നുമുള്ള വസ്തുതകള്‍ മനസ്സിലാക്കാത്തതുകൊണ്ടാണ് വ്യത്യസ്ത ശൈലികളിലുള്ള ഖുര്‍ആനുകള്‍ മുഹമ്മദ് നബി(സ)ക്കു ശേഷം ഖുര്‍ആനില്‍ കളങ്കങ്ങളുണ്ടായിയെന്നതിനുള്ള തെളിവാണെന്ന് ചില വിമര്‍ശകന്മാര്‍ ആരോപിക്കുന്നത്. അല്ലാഹു അവതരിപ്പിച്ച ഏഴ് ശൈലികളിലുമുള്ള ഖുര്‍ആന്‍ പാരായണം നബി (സ) തന്റെ അനുയായികളെ പഠിപ്പിച്ചിരുന്നുവെന്ന വസ്തുത നടേ ഉദ്ധരിച്ച നിവേദനങ്ങള്‍ വ്യക്തമാക്കുന്നു. ഏഴ് ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടും ഖുര്‍ആനില്‍ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ”അവര്‍ ഖുര്‍ആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കല്‍ നിന്നുള്ളതായിരുന്നെങ്കില്‍ അവരതില്‍ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു” (4:82) വെന്ന ഖുര്‍ആന്‍ വചനത്തിലെ പരാമര്‍ശം ഏഴ് ഹര്‍ഫുകള്‍ക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹര്‍ഫിലുള്ള ഖുര്‍ആനിലെ വചനങ്ങള്‍ തമ്മിലോ വ്യത്യസ്ത ഹര്‍ഫുകള്‍ തമ്മിലോ വരുധ്യമൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചു കൊണ്ട് വ്യത്യസ്ത ശൈലികളില്‍ അവതരിക്കപ്പെട്ടിട്ടുപോലും ഖുര്‍ആനില്‍ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്.

Related Articles