Current Date

Search
Close this search box.
Search
Close this search box.

സൂറത്തുകളും അധ്യായങ്ങളും ഒന്നോ ?

ലോകത്ത് നിരവധി രചനകൾ ഉണ്ടായിട്ടുണ്ട്. കഥകൾ, കവിതകൾ, നോബൽ സമ്മാനം പോലും നേടിക്കൊടുത്ത നോവലുകൾ തുടങ്ങി വ്യത്യസ്ഥങ്ങളായ രചനകൾ നമുക്ക് കാണുവാൻ കഴിയും. എന്നാൽ ഇതിൽ നിന്നെല്ലാം വിശുദ്ധ ഖുർആന്റെ രചനയെ വേറിട്ട് നിർത്തുന്നത് എന്താണ്. ഒന്നാമതായി ഖുർആൻ പടച്ച റബ്ബിന്റെ കലാമാണ് എന്ന നമ്മുടെ അടിസ്ഥാന വിശ്വാസത്തിലുപരി, ലോകത്തുള്ള മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് അതിന്റെ രചനാ വ്യതിരിക്തതയെ വ്യത്യസ്ഥമാക്കുന്നത് എന്താണെന്ന് നാം ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. ലോകത്തുള്ള ഏതൊരു ഗ്രന്ഥം നാം പരിശോധിച്ചാലും അതിലെല്ലാം പ്രത്യേകമായൊരു ക്രമം നമുക്കതിൽ കാണാം. നിരവധി അക്ഷരങ്ങൾ കൂടിച്ചേർന്ന് പദങ്ങളായും, നിരവധി പദങ്ങൾ ചേർന്നത് വചനങ്ങളായും മാറുന്ന ഒരു രീതി.

അങ്ങനെ, നിരവധി അദ്ധ്യായങ്ങൾ സമാഹരിച്ച് അതൊരു ഗ്രന്ഥരൂപത്തിലായി വരുന്നു. വിശുദ്ധ ഖുർആനിലെ സൂറത്തുകളെ മലയാളത്തിൽ നാം ‘ അദ്ധ്യായമെന്നും’ ഇഗ്ലീഷിൽ നാമതിനെ ‘chapter’ എന്നും വിളിക്കുന്നു.! ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നാമിത് നിശ്ചയിച്ചത് എന്ന് ചിന്തിക്കേണ്ടതുണ്ട്. നാം അദ്ധ്യായങ്ങൾ എന്ന് വിളിക്കുന്നതല്ല വിശുദ്ധ ഖുർആനിലെ സൂറകൾ. നാം നിശ്ചയിച്ചു വെച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുർആനിലെ സൂറകൾ പുലർത്തുന്നില്ല. ഉദാ: നാമൊരു നോവൽ എഴുതുകയാണെങ്കിൽ അതിലെ ഒന്നാം ഭാഗത്തിന് കേരളം എന്ന തലക്കെട്ടാണ് നാം നൽകിയതെങ്കിൽ പ്രസ്തുത ഭാഗത്ത് കേരളത്തെപറ്റിയാകും നാം എഴുതുക. പേരിനോട് നീതി പുലർത്തുന്ന, അല്ലെങ്കിൽ അടുത്ത ഭാഗവുമായി ആ ഗ്രന്ഥത്തെ വേർതിരിക്കുന്ന, മാറ്റി നിർത്തുന്ന ഒരു അതിർത്തി, എന്നതിനെയാണ് യഥാർത്ഥത്തിൽ അദ്ധ്യായം എന്ന് പറയുക.! എന്നാൽ വിശുദ്ധ ഖുർആൻ പരിശോദിക്കുമ്പോൾ നമുക്ക് കാണാൻ കഴിയുന്നത് ഉദാ: സൂറത്തുൽ ‘ബഖറ’യിൽ പശുവിനെക്കുറിച്ചല്ല അല്ലാഹു പഠിപ്പിക്കുന്നത്. ഒന്നോ രണ്ടോ വചനങ്ങൾ. അതും മനുഷ്യന് ദൃഷ്ടാന്തവും ഉൽബോദനവുമായാണ് അവതരിപ്പിക്കുന്നത്. ഓരോ സൂറയും വിഷയ വൈവിദ്യങ്ങളുടെ കലവറയാണ്. ഇവക്കെല്ലാം കേവലം അദ്ധ്യായം എന്ന് പേരിട്ടാൽ ഒട്ടും യോജിക്കുന്നതുമല്ല.

ഒരു ഗ്രന്ഥത്തിന്റ അദ്ധ്യായം എന്ന് നാം പറയുന്ന സന്ദർഭത്തിൽ അതിനൊരു പ്രത്യേകമായ ഒരു ക്രമം ഉണ്ടാകും. വിഷയങ്ങൾ ക്രിത്യമായ ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നത് കൊണ്ടാണ് നാമതിനെ അദ്ധ്യായം എന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ഒന്നാം അദ്ധ്യായം കഴിഞ്ഞാൽ 2-ാം അദ്ധ്യായം ഇങ്ങനെ ഒരു ക്രമത്തിലാണ് മനുഷ്യ രചനകൾ എല്ലാം നാം കാണുക. അതുപോലെ, ഒരദ്ധ്യായത്തിൽ പരാമർശിച്ച കാര്യം ഗ്രന്ഥകാരൻ അടുത്ത അദ്ധ്യായത്തിൽ സൂചിപ്പിക്കുകയില്ല. ഒന്നില്ലെങ്കിൽ അദ്ധേഹം’ നേരെത്തെ നാം പറഞ്ഞുവെല്ലോ’ or അടിക്കുറിപ്പായിട്ട് ‘ പരിശോദിക്കുക’ എന്നിങ്ങനെയുള രൂപത്തിലായിരിക്കും മനുഷ്യ രചനകൾ നാം കാണുക. പക്ഷെ, വിശുദ്ധ ഖുർആന്റെ സൂറകൾ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി നിൽക്കുന്നതാണ് നാം കാണുന്നത്. ഒരേ കാര്യങ്ങൾ തന്നെ പരിശുദ്ധ ഖുർആനിൽ വ്യതസ്ഥ ഭാഗങ്ങളിലായി ആവർത്തിക്കുന്നത് കാണാം. അതിന്റെ യുക്തി പിന്നീട് വിശദീകരിക്കും. മനുഷ്യ രചനകളിൽ ഒരദ്ധ്യായത്തിൽ നിന്നും അടുത്ത അദ്ധ്യായത്തിലേക്ക് ഒരു പാരസ്പര്യം ഉണ്ടാകും. അനുവാചകൻ വായിക്കുമ്പോൾ തന്നെ അതനുഭവപ്പെടും. മാത്രമല്ല, ഗ്രന്ഥകാരൻ തന്റെ ഗ്രന്ഥത്തിന് ക്രത്യമായാ ഒരു ക്രമവും നിശ്ചയിച്ചിട്ടുണ്ടാകും. വായനക്കാരൻ ആ ക്രമം തെറ്റിച്ചു വായിക്കുകയാണെങ്കിൽ അനുവാചകന് ഗ്രന്ഥകാരൻ ഉദ്ധേശിച്ച ആശയം ഒരിക്കലും ലഭിക്കുകയില്ല. ഉദാ: 10 അദ്ധ്യായങ്ങളുള്ള ഒരു നോവലെടുത്ത് നാം അതിന്റെ 10-ാം അദ്ധ്യായമാണ് ആദ്യം വായിക്കുന്നതെങ്കിൽ, ശേഷം 7,5 എന്നിങ്ങനെ ക്രമംതെറ്റിച്ചു കഴിഞ്ഞാൽ ഗ്രന്ഥകാരൻ ഉദ്ധേശിച്ച ആശയം നമുക്ക് ഗ്രഹിക്കാൻ കഴിയില്ല. ഇവിടെ അത്ഭുതമുളവാക്കുന്ന കാര്യം എന്തെന്നാൽ വിശുദ്ധ ഖുർആനിലേക്ക് നാം കടന്ന് വരുമ്പോൾ അതിലെ ഏതൊരു സൂറത്തിലേക്കും നമുക്ക് നേരിട്ട് സമീപിക്കാം എന്നതാണ്. ആ ക്രമം തെറ്റിച്ചു വായിച്ചാലും ആസ്വധിക്കാനും ആശയം ഗ്രഹിക്കുവാനും കഴിയും. നമുക്കിടയിൽ തന്നെ ഒട്ടുമിക്ക ആളുകൾക്കും കൂടുതലും അറിയുന്നത് അവസാന ജുസ്ഇലേ സൂറകളാണ്. ആദ്യ ഭാഗത്തെ സംബന്ധിച്ച് മിക്ക ആളുകൾക്കും യാതൊരു ധാരണയുമില്ല. അതൊന്നും തന്നെ അവരെ വിശുദ്ധ ഖുർആനിലെ അവസാന സൂറകൾ പഠിക്കുന്നതിനോ, മനസ്സിലാക്കുന്നതിനോ യാതൊരു തടസ്സവും സൃഷ്ടിക്കുന്നില്ല.

മനുഷ്യ രചനകളിലെല്ലാം തന്നെ എഴുത്തുകാരൻ ഒന്നാമതായി എഴുതുന്ന അദ്ധ്യായം ആയിരിക്കും അദ്ധേഹത്തിന്റെ ഗ്രന്ഥത്തിൽ ആദ്യം വെക്കുക. അവസാനം എഴുതുന്നത് അവസാന ഭാഗത്തും. പക്ഷെ, വിശുദ്ധ ഖുർആന്റെ സൂറകൾ അവിടെയും വ്യതിരിക്തമായി നിൽക്കുന്നതാണ് നാം കാണുന്നത്. ഒന്നാമതായി അവതരിച്ച സൂറത്തുൽ ‘അലഖ്’ നാം കാണുന്നത് 96-ാം സൂറ ആയിട്ടാണ്. ഇനി, സൂറത്തുകൾ ക്രോഡീകരിക്കപ്പെട്ടത് വലിപ്പത്തിന്റെ അടിസ്ഥാനത്തിലാണോ, അതുമല്ല.

അങ്ങനെയെങ്കിൽ ഏറ്റവും വലിയ സൂറത്തുൽ ബഖറ ഒന്നാമതും, എറ്റവും ചെറിയ സൂറത്തുൽ കൗഥർ അവസാനവുമാണ് വരേണ്ടത്. ഇനി, വിഷയാടിസ്ഥാനത്തിലാണോ അതുമല്ല. നിരവധി വിഷയങ്ങളുടെ കലവറയാണ് ഓരോ സൂറയും. ഉദാ: സൂറത്തുൽ ബഖറ; പശുവിനെപ്പറ്റിയാണ് എന്ന് കരുതി ഒരാൾ വായിക്കുകയാണെങ്കിൽ മറ്റൊരു ചിത്രമായിരിക്കും നമുക്കത് തരിക. പ്രവാചൻ(സ) യുടെ സീറയാണെന്ന് കരുതി സൂറ: മുഹമ്മദിനെ സമീപിച്ചാൽ അതും അനുവാചകന് അനുഭവപ്പെടുന്നതല്ല. സൂറകളുടെ നാമങ്ങളോട് പൊരുത്തപ്പെടാത്ത നിരവധി വിഷയങ്ങളും നമുക്ക് കാണാൻ കഴിയും എന്നതാണ്. ലോകത്തുള്ള ഇതര ഗ്രന്ഥങ്ങളിലെല്ലാം നാം അദ്ധ്യായം എന്ന് വിളിക്കാൻ ഉപയോഗിക്കുന്ന മാനദണ്ഡങ്ങളൊന്നും തന്നെ വിശുദ്ധ ഖുർആൻ പുലർത്തുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ, അദ്ധ്യായം അല്ല സൂറത്ത്. പക്ഷെ, നാം അദ്ധ്യായം എന്ന് വിളിക്കാൻ കാരണം നമ്മുടെ പരിമിതി കൊണ്ടാണ്. പ്രപഞ്ച നാഥന്റെ ഗ്രന്ഥത്തിലെ സൂറകളെ ഏത് വിധത്തിൽ വിളിക്കണം എന്നതിന് തൃപ്തികരമായ ഒരുത്തരമില്ല എന്നതാണ് ശരി. വിശുദ്ധ ഖുർആന്റെ സൂറത്തുകൾക്ക് മറ്റു മനുഷ്യ രചനകൾക്കൊന്നും തന്നെ ഇല്ലാത്ത പ്രത്യേകമായ ഒരു രീതിശാസ്ത്രം അത് പ്രകടമാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. മനഷ്യ രചനകൾക്കെല്ലാമത് അതീതവുമാണ്.

 

Related Articles