Current Date

Search
Close this search box.
Search
Close this search box.

സൂറ: യൂസുഫിന്റെ വേറിട്ട ചിത്രീകരണം

വായിക്കുന്തോറും വിസ്മയം തീർക്കുന്ന അധ്യായമാണ് സൂറ: യൂസുഫ് . തീർത്തും വ്യത്യസ്തമായ രീതിയിലുള്ള നാടകീയമായ ആവിഷ്കാരമാണ് അതിന്റെ പ്രത്യേകത. ആ അധ്യായം മന:പ്പാഠം പഠിക്കാൻ തുടങ്ങിയ കാലത്ത് ഒരു തിരക്കഥപോലെ കഥാരംഗങ്ങളെ കോർത്തു കോർത്ത് രംഗങ്ങളായി പഠിക്കുന്ന രീതിയായിരുന്നു അവലംബിച്ചത്. അങ്ങനെ പഠിക്കാൻ ശ്രമിച്ച മറ്റൊരധ്യായം സൂറ: കഹ്ഫാണ്. എങ്കിലും ഒറ്റ കോർവയിൽ ചില പ്രത്യേക സംഭവ വികാസങ്ങളിലേക്ക് പരന്നൊഴുകുന്നതാണ് കഹ്ഫ് . ജോർദാനീ എഴുത്തുകാരൻ ഐമൻ ഉതൂമിന്റെ “അന യൂസുഫ് ” എന്ന നോവൽ വായിച്ചാൽ യൂസുഫ് അധ്യായത്തിന്റെ ബഹുവർണമായ നാടകീയ ചിത്രീകരണമാണ് മനസ്സിൽ നടക്കുക. പ്രമുഖ ഫലസ്ത്വീനീ എഴുത്തുകാരൻ അദ്ഹം ശർഖാവീ അതിനെഴുതിയ റിവ്യൂ കൂടി വായിച്ചാൽ സൂറ: യൂസുഫിന്റെ പാരായണം നിത്യ ജീവിതത്തിൽ പതിവാകും …..

നോവലിലെ ചില വാങ്മയ ചിത്രങ്ങൾ മലയാളി വായനക്കാരുമായി പങ്കുവെയ്ക്കുന്നു :-

1- ചിലർ നമ്മളെ വെറുക്കുന്നത് നമ്മുടെ ഗുണങ്ങൾ കൊണ്ടാണ് ; നമ്മുടെ തെറ്റുകൾ കൊണ്ടല്ല.
യൂസുഫ് (അ) സുന്ദരനായിരുന്നു..
കുടുംബത്തോട് സദാ ദയാ വായ്പുള്ള കൂടെപ്പിറപ്പ് ..
സ്വഭാവത്തിൽ അവരെ പോലെ ആയിരുന്നില്ല..
എന്നിട്ടും അദ്ദേഹത്തെ പൊട്ടക്കിണറ്റിലിട്ടു ചെന്നായ തിന്നുവെന്ന കള്ളക്കഥയിറക്കി. അതിനെല്ലാം കാരണമായതോ അദ്ദേഹത്തിന്റെ നിർമല സ്വഭാവത്തെ പിതാവ് ഏറെ ഇഷ്ടപ്പെട്ടിരുന്നതും

2- നാം പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്നാണ് വാക്കാലുള്ള ‘കുത്ത് ‘ വരുന്നതെന്നും ചെന്നായയിൽ നിന്ന് രക്ഷപ്പെട്ട യൂസുഫാവുന്ന ബാലൻ തന്റെ സഹോദരന്മാരുടെ ” ഇവൻ കട്ടെങ്കിൽ അവനും കട്ടിട്ടുണ്ട്” (12:77) എന്ന യാതൊരു തെളിവുമില്ലാത്ത, തീർത്തും സംഗതമല്ലാത്ത കുത്തുവാക്കിൽ നിന്ന് സുരക്ഷിതനാവാൻ യുവാവായപ്പോൾ യൂസുഫ് നബിക്ക് പോലുമായില്ല.

3- റബ്ബ് നമുക്ക് തന്ന നന്മ എല്ലാവരോടും ഒരു പോലെ പറയരുതെന്ന് മനസ്സിലാക്കാൻ ആ ഉടപ്പിറപ്പുകളുടെ അസൂയ കാരണമായി..
കാരണം ചിലർക്കെങ്കിലും ദൃഷ്ടികൾ കുടുസ്സായിരിക്കും; അത്തരക്കാരുടെ ഹൃദയങ്ങൾ വളരെ ഇടുങ്ങിയതാവും ….അവർ നോക്കുന്നത് സ്വന്തം കൈയിലുള്ളതിനെക്കാൾ മറ്റുള്ളവരുടെ കയ്യിലുള്ളതിലേക്കാവും … അത്തരം മനസ്സുകൾ പാരമ്പര്യമല്ല; വ്യക്തിഗതമാണ്

4- കുറ്റവാളികൾ ചിലപ്പോൾ ഉപദേശകരുടെ വസ്ത്രം ധരിക്കുമെന്ന് മനസ്സിലാക്കാൻ കഴിയുന്നത് ചെറിയ സംഭവമല്ല.
പിശാച് മുമ്പ് നമ്മുടെ പിതാവായ ആദം (അ)മിനോട് പറഞ്ഞു:
“ഞാൻ നിങ്ങൾക്ക് അനശ്വരതയുടെ മരം ഏതെന്ന് പറഞ്ഞു തരട്ടേ?? (20:120)
അപ്രകാരം തന്നെ യൂസുഫിന്റെ സഹോദരന്മാർ പിതാവായ യഅ്ഖൂബിനോടു പറഞ്ഞു:
“ഞങ്ങൾ അവന്റെ ഉപദേശികളാണ് , സംരക്ഷകരും ” (12:11 – 12)

5- തിന്മകൾ ഏറ്റക്കുറച്ചിലുള്ളതാവാം.ആളുകൾ അവരുടെ നന്മയിൽ വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ അവരുടെ തിന്മയിലും വ്യത്യസ്തരാണ്. ഗൂഢാലോചനക്കിടയിൽ ഒരു ജേഷ്ടൻ പറഞ്ഞത് : നിങ്ങൾ യൂസുഫിനെ കൊല്ലരുത് ( 12:10)എന്നാണ്.
ഉപ്പാന്റെയടുത്ത് സംരക്ഷിക്കപ്പെട്ടു കൂടായെന്ന അസൂയ എല്ലാവരേയും പോലെ അയാൾക്കുമുണ്ടായിരുന്നു.

6- നമ്മുടെ ആശങ്കകൾ പിന്നീട് നമുക്കെതിരെയുള്ള
കോടാലിയായി മാറുമെന്ന് മനസ്സിലാക്കാം …
യഅ്ഖൂബ് (അ) മക്കളോട് പങ്ക് വെച്ച
“ചെന്നായ അവനെ തിന്നുമെന്ന് ഞാൻ ഭയപ്പെടുന്നു.” (12:13) എന്ന ആശങ്ക ” അവനെ ചെന്നായ തിന്നുവെന്ന്” (12:17) പറഞ്ഞ് സഹോദരങ്ങൾ പിതാവിന്റെ മുതലെടുത്തു …

7- തികഞ്ഞ കുറ്റകൃത്യം ചെയ്യുമ്പോഴും ചില പഴുതുകൾ ക്രിമിനലുകൾ അറിയാതെ ന്യായാധിപന് വീണുകിട്ടും.( divine loopholes) ..കുറ്റവാളിക്ക് ശ്രദ്ധിക്കാൻ കഴിയാത്ത വലിയ ഒരു പഴുതായിരുന്നു “ചെന്നായ തിന്നിട്ടും കീറാത്ത കുപ്പായം “. അതെ, അവർ സുന്ദരമായ തിരക്കഥയുണ്ടാക്കിയിട്ടും യൂസുഫിന്റെ കുപ്പായം കീറാൻ മറന്നു. കുട്ടിയെ തിന്നിട്ടും ഒരു പോറലുപോലുമേല്ക്കാത്ത കുപ്പായം അങ്ങിനെ ചരിത്രത്തിലെ ദൈവിക പഴുതായിരുന്നു.

8 -നന്മയും തിന്മയും നമ്മൾ ഉപയോഗിക്കുന്ന രീതിയിൽ നിന്നാണ് ഉരുവം കൊള്ളുന്നത്.
ഉപരി സൂചിത കുപ്പായം ഒരുകാലത്ത് അവരുടെ നുണയുടെ ഉപകരണമായിരുന്നു.
പിന്നീട് രാജാവിന്റെ കൊട്ടാരത്തിൽ കഥാനായകന്റെ നിരപരാധിത്വത്തിന്റെ തെളിവായി മാറുന്നുണ്ട്. കഥാന്ത്യത്തിൽ പിതാവിന്റെ മരുന്നായും ചികിത്സയായുമത് വികസിക്കുന്ന നാടകീയത (dramatic elements) പ്രത്യേകം ശ്രദ്ധിക്കണം.

9- ഈ ലോകത്തെ എത്ര വിലപ്പെട്ട വസ്തുവും ഭൗതിക വിപണിയിൽ നാമമാത്ര തുകക്ക് വില്ക്കപ്പെടുമെന്ന്
യൂസുഫിന്റെ ചരിത്രം സാക്ഷി . അടിമച്ചന്തയിൽ വില്ക്കപ്പെട്ട പയ്യൻ ആ നാട്ടിലെ ഭാവി ഭരണാധികാരിയായിരുന്നുവെന്ന് വാങ്ങിയവരോ വിറ്റവരോ അറിഞ്ഞിരുന്നില്ല.

10- സ്കൂളുകളും സർവ്വകലാശാലകളും പാഠപുസ്തകങ്ങളുമെല്ലാം വെറും നിമിത്തങ്ങൾ മാത്രം.
യഥാർത്ഥ ഗുരു പടച്ചവനാണ് :
“സ്വപ്നങ്ങളുടെ വ്യാഖ്യാനം അദ്ദേഹത്തെ പഠിപ്പിക്കാം.” 12: 6, 21,101
“നാം അവന് അധികാരവും ജ്ഞാനവും നൽകിയിട്ടുണ്ട്” (12:22)
ഒരാളുടെ തഖ്വയുടെ അളവനുസരിച്ച് റബ്ബാണ് അറിവ് നൽകുന്നത്.
” അല്ലാഹുവിനെ ഭയപ്പെടുക, അവൻ നിങ്ങളെ പഠിപ്പിക്കും.” (2 : 282 )
വിഷയം ഒരിക്കലും ബുദ്ധിയുടെ വിഷയമായിരുന്നില്ല, പ്രത്യുത ഹൃദയങ്ങളുടെ കാര്യമായിരുന്നു!

11- ഉദാരമനസ്കൻ തന്റെ വേണ്ടപ്പെട്ടവരെ ഒറ്റിക്കൊടുക്കുന്നില്ലെന്ന് യൂസുഫ് നബിയുടെ ചരിത്രം വ്യക്തമാക്കുന്നു. താൻ സഞ്ചരിച്ച ഇടങ്ങളെ കുറ്റം പറയുന്നവനോ താൻ കുടിച്ച കിണറ്റിൽ തുപ്പുന്നതോ
മാന്യന്മാർക്ക് ചേർന്നതല്ല . പരമാവധി അത്തരം സന്ദർഭങ്ങളിൽ :
” റബ്ബ് ശരണം, അവനാണ് എന്റെ വാസസ്ഥലം മഹത്തരമാക്കിയത്” ( 12:23)എന്നാവും വെളിപ്പെടുത്തൽ .

12- തെറ്റ് പറ്റാത്തത് റബ്ബിന്റെ സംരക്ഷണത്തിലുള്ളവർക്കാണെന്നും തന്റെ ആഗ്രഹങ്ങൾക്ക് പിന്നാലെ പായുന്നവൻ അവയുടെ പരീക്ഷണങ്ങളിൽ പെടുമെന്നും ആരെങ്കിലും നാഥനോടൊപ്പമുണ്ടെങ്കിൽ അവന്റെ പ്രയാസങ്ങളിൽ അവനോടൊപ്പമുണ്ടാവുമെന്നും മനസ്സിലാക്കാൻ യൂസുഫ് ചരിത്രം ധാരാളം !

13- നാം ചെയ്യാൻ ആഗ്രഹിക്കാത്തത് ചെയ്യാൻ ലോകം മുഴുവൻ നമ്മെ നിർബന്ധിക്കാനാവില്ലെന്നു മണിയറക്ക് പകരം ജയിലറ തെരെഞ്ഞെടുത്ത യൂസുഫെന്ന യുവാവിന്റെ കഥ വ്യക്തമാക്കുന്നു.
സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും പഴിച്ച്
തന്റെ തെറ്റുകളെ ന്യായീകരിക്കുന്നവനല്ല; അടഞ്ഞ വാതിലിന്റെയും സുന്ദരികളായ സ്ത്രീകളുടേയും പ്രലോഭനങ്ങളിൽ വിനഷ്ടമാവാനുള്ളതല്ല വിശ്വാസിയുടെ ശക്തിയും സൗന്ദര്യവുമെന്ന് വ്യക്തമാവാൻ സൂറ: യൂസുഫ് 23-33 വരെയുള്ള തിരക്കഥ എമ്പാടും.

14 – ഉപ്പയുടേയും ഉമ്മയുടേയും സംരക്ഷണത്തിൽ നിന്ന് പൊട്ടക്കിണറ്റിന്റെ ഇരുട്ടിലേക്കും വഴിവാണിഭക്കാരനിൽ നിന്നും കൊട്ടാരത്തിലേക്കും മണിയറയിൽ നിന്നും ജയിലറയിലേക്കും തുടർന്ന് അധികാര സ്ഥാനങ്ങളിലേക്കും വ്യത്യസ്ഥ രീതിയിൽ ഉത്ഥാന പതനങ്ങൾക്കു വിധേയനാവേണ്ടി വരുന്നതാണ് വിശ്വാസിയുടെ ജീവിതമെന്നും അന്തിമ വിശകലനത്തിൽ നഷ്ടമെന്ന് പറയുവാൻ അവനൊന്നും ഉണ്ടാവില്ലെന്നും നാമറിയുന്നത് യൂസുഫ് നബിയുടെ ചരിത്രം വായിച്ചാലാണ്.

15- റബ്ബ് എന്തെങ്കിലും നന്മ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ആർക്കുമത് മറയ്ക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കാൻ പ്രസ്തുത ചരിത്രം മതി.

16- അടിച്ചമർത്തപ്പെട്ട ധാരാളം നിരപരാധികൾ ജയിലിൽ ഉണ്ടെന്നും പാപം ചെയ്യാത്തതിന്റെ പേരിലും ആളുകൾ ജയിലിൽ പോകാമെന്നും പൂർണമായ നീതി പുലർത്താൻ ദൈവിക കോടതിയിലേ സാധ്യമാവൂ എന്നും അനീതി ആളുകൾക്കിടയിൽ എക്കാലത്തും സുപരിചിതമാണെന്നുമുള്ള ചില ചിത്രങ്ങൾ നമുക്കീ ചരിത്രത്തിൽ ദീക്ഷിക്കാം..

17- വിശ്വാസത്തിന്റെ മാധുര്യം ജീവിതത്തിന്റെ കയ്പ്പിനെ കീഴടക്കും. യൂസുഫിന്റെ വിശ്വാസത്തിന്റെ മാധുര്യം അദ്ദേഹത്തിന്റെ തടവറയുടെ കയ്പ്പ് മറപ്പിക്കുവാൻ പോന്നതായിരുന്നു. സത്യപ്രബോധകൻ ഏത് ഇരുട്ടറയിലാണെങ്കിലും അവന്റെ നിയോഗിത ലക്ഷ്യം മറക്കില്ല എന്നും ഈ ചരിത്രം ഉണർത്തുന്നു.

18- എല്ലായിടത്തും പ്രാർഥനകൾക്ക് ഇടമുണ്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന കഥാംശങ്ങളാണ് സൂറ: യൂസുഫിലുടനീളം. കൊട്ടാരത്തിൽ അല്ലാഹുവിനോട് പ്രാർഥിക്കുന്ന യൂസുഫ് ജയിലിലെ തടവുകാരനാവുമ്പോഴും അവനോട് തന്നെയാണ് പ്രാർഥിക്കുന്നത് , മന്ത്രി പദവിലെത്തിയിട്ടും
അദ്ദേഹത്തിന്റെ പ്രാർത്ഥനാ മുഖം മാറുന്നില്ല.

19- യഥാർത്ഥ ലോഹത്തിന് എത്ര
സ്ഥലം മാറിയാലും ഗുണം കുറയില്ല.
ജയിലിൽ, പൊതുവെ ജയിൽ പുള്ളികളിൽ കാണാത്ത നന്മ നിറഞ്ഞ പ്രകൃതം അദ്ദേഹത്തിലവർ കണ്ടെത്തി വിളംബരം ചെയ്യുന്നു :”ഞങ്ങൾ നിങ്ങളെ നന്മ ചെയ്യുന്നവരിൽ ഒരാളായി കാണുന്നു” (12:36 )രാജ്യത്തെ ഭരണാധികാരിയായപ്പോഴും അവിടുത്ത്കാർക്ക് അദ്ദേഹത്തോട് ക്ഷമ ചോദിച്ച് കൊണ്ട് ഉണർത്താനുള്ളതും അതേ വാചകങ്ങൾ മാത്രമായിരുന്നു (12:44)

20- എല്ലാ തിന്മകൾക്കും പിന്നിൽ അസൂയയാണെന്ന് യൂസുഫ് കഥയിൽ നിന്ന് മനസ്സിലാക്കാം.
ആകാശ / സ്വർഗത്തിൽ മനുഷ്യൻ ചെയ്ത ആദ്യത്തെ പാപമാണിത്. അതവിടെ നിന്ന് അവരെ ഇറക്കിവിടാൻ മാത്രം ശക്തമായിരുന്നു.ഭൂമിയിലെത്തി മനുഷ്യൻ ചെയ്ത ആദ്യത്തെ പാപവും അസൂയ തന്നെയായിരുന്നു. തദ്വാരാ ഹാബീൽ സ്വസഹോദരൻ ഖാബീലിനാൽ വധിക്കപ്പെടുകയായിരുന്നു. അതേ അസൂയ കൊണ്ട് തന്നെയാണ് യൂസുഫിനെ ഉടപ്പിറപ്പുകൾ പൊട്ടക്കിണറ്റിൽ തള്ളിയതും.

21- അഴിമതിക്ക് കാരണം വിഭവങ്ങളുടെ അഭാവമല്ല; കൈകാര്യം ചെയ്യുന്നവരുടെ ദുരുപയോഗമാണ്. ഈജിപ്തിലെ ജനങ്ങളെ വരൾച്ചയിൽ നിന്ന് രക്ഷിച്ചപ്പോൾ യൂസുഫ് (അ) അവർക്ക് പുതിയ വിഭവങ്ങളൊന്നും കൊണ്ടുവന്നില്ല; മറിച്ച് പഴയ വിഭവങ്ങളുടെ ഉപഭോഗത്തിന്റെ പുതിയ ഭരണപരമായ മാനസിക പക്വത നടപ്പിലാക്കുകയായിരുന്നു.
അഥവാ മിച്ച ബഡ്ജറ്റ് നടപ്പിലാക്കാൻ ഉപഭോഗ സംസ്കാരത്തിന്റെ അച്ചടക്കം അനിവാര്യമാണെന്ന് തെര്യപ്പെടുത്തുകയായിരുന്നു അദ്ദേഹം.

22- ഈ ലോകം ശരിയും തെറ്റും തമ്മിലുള്ള ഉഗ്രമായ സംഘർഷത്തിന്റേതാണ്. അന്ത്യനാൾ വരെ അതു തുടരുകയും ചെയ്യും. അവിടെ സൈനികർ മാത്രമാണ് മാറുന്നത്.. രാജ പത്നിയുമായുള്ള സമരം യൂസുഫിന്റെ പാതിവ്രത്തത്തിന്റേയും കെട്ടിലമ്മയുടെ
കാമത്തിന്റെയുമാണ്. ബാല്യത്തിൽ സഹോദരങ്ങളുമായുള്ള അദ്ദേഹത്തിന്റെ പിണക്കങ്ങൾ ആരുടേയും കുട്ടിക്കാലത്തെ സ്നേഹത്തിന്റെയും കുട്ടിക്കുശുമ്പിന്റേതുമൊക്കെയായിരുന്നു ..

23- ആസൂത്രണം ചെയ്യാനും സ്വേച്ഛയെ നിയന്ത്രിക്കാനുമുള്ള പാഠങ്ങൾ ധാരാളമുണ്ട് യൂസുഫ് ചരിത്രത്തിൽ . വരൾച്ച നേരിടാൻ മാത്രമല്ല; സഹോദരന്റെ സ്നേഹം നഷ്ടപ്പെടാതിരിക്കാനും വേണ്ടത് ബോധപൂർവ്വമായ ഇടപെടലുകളാണെന്ന് ഈ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

24- ആരും ചിന്തിക്കാത്ത ആയുധമാണ് റബ്ബ് എപ്പോഴും യുദ്ധത്തിനായി തിരഞ്ഞെടുക്കുന്നതെന്ന് മനസ്സിലാക്കാൻ ഈ ചരിത്രം ഹേതുവാണ്. ജയിലിന്റെ മതിലുകൾ തകർത്ത് യൂസുഫിനെ പുറത്തുകടത്താനുള്ള ശക്തരും പരുഷരുമായ ദൂതന്മാരെ അയയ്ക്കാൻ അവന് കഴിയുമായിരുന്നു. പക്ഷേ രാജാവിന്റെ സ്വപ്നത്തിലൂടെ എത്ര സുന്ദരമായാണ് അദ്ദേഹത്തെ പുറത്തു കൊണ്ട് വന്നത്.

25- സ്ഥാനങ്ങൾ ബാധ്യതയാണെന്നും ആദരവല്ലെന്നും
മനസ്സിലാക്കാനുമുള്ള ചിലയിടങ്ങൾ യൂസുഫ് ചരിതത്തിലുണ്ട്. ഭൂമിയിലെ ഖജനാവുകൾ സ്വന്തമാക്കാനുള്ള വ്യഗ്രതയല്ല; മറിച്ച് അവ വിതരണം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുൻഗണനാക്രമം . അതിനേക്കാൾ കൂടുതൽ സമൂഹത്തിന് ആവശ്യമുള്ളത് ബോധ്യപ്പെട്ടിരുന്നുവെങ്കിൽ ആ ബാധ്യത തന്നെ
ആവശ്യപ്പെടുമായിരുന്നു!

26- സ്നേഹത്തിന് കണ്ണില്ലെങ്കിലും അകക്കണ്ണുണ്ടെന്നും നിറമില്ലെങ്കിലും മണമുണ്ടെന്നും മനസ്സിലാക്കാൻ യൂസുഫിന്റെ രംഗാവിഷ്കാരം ഉപകാരപ്പെടും. സ്നേഹിച്ചിട്ടുള്ളവർക്ക് മാത്രമേ അത് തിരിച്ചറിയൂ. അതുകൊണ്ടാണ് യൂസുഫിന്റെ കുപ്പായമവരുടെ കൈയ്യിലുണ്ട് എന്നറിയുന്നതിന് മുമ്പ് അന്ധനായിരുന്ന യഅ്ഖൂബ് സ്വന്തം പുത്രന്റെ സുഗന്ധം കണ്ടെത്തിയത്.
അത് വിളിച്ച് പറഞ്ഞതും.

27- റബ്ബിനോടല്ലാതെ ആരോടും നമ്മുടെ സങ്കടവും ദുഃഖവും പരാതിപ്പെടരുതെന്ന് യൂസുഫ് ചരിത്രം മനസ്സിലാക്കിത്തരുന്നു.

28- ബന്ധം നിലനിർത്തുന്നതിന് പലതും അവഗണിക്കണമെന്നും
ചിലതെങ്കിലും മനസ്സിലാകാത്തത് പോലെ പ്രവർത്തിക്കണമെന്നും അർഥഗർഭമായ നിശബ്ദത തുടർന്നാൽ സംഘർഷം ചെറുക്കുവാനും ലക്ഷ്യം നേടുവാനും കഴിയുമെന്ന് യൂസുഫ് നബിയുടെ രംഗാവിഷ്കാരം ബോധ്യപ്പെടുത്തുന്നു.
ﺳﻴﺪ ﻗﻮﻣﻪ ﺍﻟﻤﺘﻐﺎﺑﻲ
എന്നാൽ പൊട്ടത്തരമല്ലെന്നും വലിയ നന്മകൾ പ്രതീക്ഷിച്ച് തൽക്കാലം പുലത്തുന്ന നിശബ്ദതയാണെന്നും യൂസുഫ് നബി (അ ) ജീവിതത്തിന്റെ അവസാന രംഗങ്ങൾ മനസ്സിലാക്കിത്തരുന്നു.

(ഐമൻ ഉതൂമ് എന്ന എഴുത്തുകാരന്റെ സർഗ്ഗാത്മക ശൈലി കൂടുതൽ ബോധ്യപ്പെടാൻ അന യൂസുഫ് വായിക്കുകതന്നെ വേണം …)

Related Articles