ഇതെഴുതുമ്പോള്‍ എന്റെ മുന്നില്‍ രണ്ടുദ്ദേശ്യമാണുള്ളത്: ഒന്ന്, ഖുര്‍ആന്‍ പാരായണം ആരംഭിക്കുന്നതിനു മുമ്പായി ഒരു സാമാന്യ വായനക്കാരന്‍ നല്ലപോലെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക. പഠനമാര്‍ഗം സുഗമവും സുഖകരവുമാകാന്‍ അവ ആദ്യമേ ഗ്രഹിച്ചിരിക്കേണ്ടതാവശ്യമാണ്. അല്ലാത്തപക്ഷം, പാരായണമധ്യേ ആ പ്രശ്‌നങ്ങള്‍ ഇടക്കിടെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുമെന്നു മാത്രമല്ല, പലപ്പോഴും അവ മനസ്സിലാക്കാത്തതുകൊണ്ടു മാത്രം ഖുര്‍ആനിക ജ്ഞാനത്തിന്റെ ആഴങ്ങളിലിറങ്ങാന്‍ വഴികാണാതെ വായനക്കാരന്‍ വര്‍ഷങ്ങളോളം ഉപരിതലത്തില്‍ കറങ്ങിത്തിരിയുകയും ചെയ്യും. രണ്ട്, ഖുര്‍ആന്‍പഠനമധ്യേ പൊതുവെ ജനഹൃദയങ്ങളിലുയര്‍ന്നുവരാറുള്ള ചില ചോദ്യങ്ങള്‍ക്ക് ആദ്യമേ മറുപടി നല്‍കുക. ആദ്യമാദ്യം എന്റെത്തന്നെ മനസ്സില്‍ പൊങ്ങിവന്നതോ പില്‍ക്കാലത്ത് അന്യരില്‍നിന്ന് എനിക്കു നേരിടേണ്ടിവന്നതോ ആയ പ്രശ്‌നങ്ങള്‍ മാത്രമേ ഞാനിവിടെ കൈകാര്യം ചെയ്യുന്നുള്ളൂ. അവ കൂടാതെ വേറെയും ചില ചോദ്യങ്ങള്‍ മറുപടി അര്‍ഹിക്കുന്നതായുണ്ടെങ്കില്‍ എന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നഭ്യര്‍ഥിക്കുന്നു. അടുത്ത പതിപ്പ് പ്രസിദ്ധീകരിക്കുമ്പോള്‍ -ഇന്‍ശാഅല്ലാ- അവയ്ക്കുള്ള മറുപടി ഈ മുഖവുരയില്‍ ചേര്‍ക്കുന്നതാണ്.
നിസ്തുല ഗ്രന്ഥം
പൊതുവെ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിത വിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളും വാദങ്ങളും തെളിവുകളും ഗ്രന്ഥ രചനാപരമായ സവിശേഷ ക്രമത്തില്‍ തുടരെ വിവരിച്ചിരിക്കും. ഇക്കാരണത്താല്‍, ഖുര്‍ആനെക്കുറിച്ച് അപരിചിതനായ ഒരാള്‍ ആദ്യമായി അത് വായിക്കാനുദ്യമിക്കുമ്പോള്‍, സാധാരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായംതന്നെയാണ് ഖുര്‍ആനിലും സ്വീകരിച്ചിരിക്കുന്നതെന്ന് സ്വാഭാവികമായും പ്രതീക്ഷിക്കും. അതായത്, ആദ്യമായി പ്രതിപാദ്യം, തുടര്‍ന്ന് മുഖ്യവിഷയം, ശേഷം വിവിധ അധ്യായങ്ങളും ഉപശീര്‍ഷകങ്ങളുമായി വിഭജിച്ച് യഥാക്രമം ഓരോ പ്രശ്‌നവും ചര്‍ച്ചചെയ്തിരിക്കുമെന്നും ബഹുമുഖ ജീവിതത്തിന്റെ ഓരോ വകുപ്പും ഓരോ മേഖലയും വേറിട്ടെടുത്ത് തല്‍സംബന്ധമായ നിയമനിര്‍ദേശങ്ങളെല്ലാം ക്രമത്തില്‍ പ്രതിപാദിച്ചിരിക്കുമെന്നും അയാള്‍ പ്രതീക്ഷിക്കും. പക്ഷേ, വായിച്ചുതുടങ്ങുമ്പോള്‍ ഇതിനെല്ലാം വിപരീതമായി, തനിക്ക് അന്യവും അപരിചിതവുമായ മറ്റൊരു രീതിയിലാണ് ഖുര്‍ആനെ അയാള്‍ കാണുന്നത്. വിശ്വാസം സംബന്ധിച്ച കാര്യങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത് വിധികള്‍, ആദര്‍ശപ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപ-വിമര്‍ശനങ്ങള്‍, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്കുള്ള സൂചനകള്‍ എന്നിവയെല്ലാം ഖുര്‍ആനില്‍ ഇടവിട്ട്, മാറിമാറി വരുന്നു. ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു; വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മൂന്നാമതൊന്നും പൊടുന്നനെയാണ് ആരംഭിക്കുന്നത്. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന്, വേറെ വിഷയം കടന്നുവരുന്നു. സംബോധകനും സംബോധിതരും ഇടക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു. വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും അടയാളം പോലും ഒരിടത്തും കാണാനില്ല. ചരിത്രമാണ് വിവരിക്കുന്നതെങ്കില്‍ ചരിത്രാഖ്യാനരീതിയിലല്ല; തത്ത്വശാസ്ത്രമോ ദൈവശാസ്ത്രമോ ആണ് പ്രതിപാദ്യമെങ്കില്‍ പ്രകൃത ശാസ്ത്രങ്ങളുടെ ഭാഷയിലല്ല; മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും കുറിച്ച പരാമര്‍ശം പദാര്‍ഥ- ശാസ്ത്രവിവരണരീതിയിലോ, നാഗരിക-രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ പ്രതിപാദനം സാമൂഹിക വിജ്ഞാനീയങ്ങള്‍ പ്രതിപാദിക്കുന്ന വിധത്തിലോ അല്ല. നിയമവിധികളും നിയമങ്ങളുടെ മൗലികതത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിതന്മാരുടേതില്‍നിന്ന് തീരെ ഭിന്നമായ ശൈലിയിലാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യതിരിക്തമായ വിധത്തിലത്രേ ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ചിരപരിചിതമായ ‘ഗ്രന്ഥസങ്കല്‍പ’ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിക്കുന്നു. പ്രതികൂല വീക്ഷണകോണില്‍നിന്നു നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശങ്ങളും സംശയങ്ങളും പ്രകടിപ്പിക്കുന്നു. അനുകൂല വീക്ഷണഗതിക്കാരാകട്ടെ, സംശയനിവൃത്തിക്ക് കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന ‘ക്രമരാഹിത്യ’ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തിയടയുന്നു, ചിലപ്പോള്‍. വേറെചിലപ്പോള്‍ കൃത്രിമമാര്‍ഗേണ വാക്യങ്ങള്‍ക്ക് പരസ്പരബന്ധം സ്ഥാപിച്ച് വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു. ചിലപ്പോള്‍ ഈ ‘ശാകലികത്വം’ ഒരു സിദ്ധാന്തമായിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഫലമോ? ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്, രചയിതാവിന്റെ ഉദ്ദേശ്യത്തിനു വിപരീതമായ അര്‍ഥകല്‍പനകള്‍ക്കിരയായി ഭവിക്കുന്നു! ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5