Current Date

Search
Close this search box.
Search
Close this search box.

ഗ്രന്ഥാവിഷ്‌കരണം

മുസ്‌ലിംകൾക്ക് പ്രാരംഭഘട്ടത്തിൽത്തന്നെ നമസ്‌കാരം നിർബന്ധമാക്കിയിരുന്നു. ഖുർആൻപാരായണം നമസ്‌കാരത്തിന്റെ അവശ്യഘടകമായും നിശ്ചയിച്ചിരുന്നു. തന്നിമിത്തം ഖുർആന്റെ അവതരണത്തിനൊപ്പം അത് മനഃപാഠമാക്കുന്ന പതിവും മുസ്‌ലിംകളിൽ നടപ്പിൽവന്നു. ഓരോ ഭാഗം അവതരിക്കുംതോറും അവരത് ഹൃദിസ്ഥമാക്കി. അങ്ങനെ, നബിതിരുമേനി തന്റെ എഴുത്തുകാരെക്കൊണ്ട് ഖുർആൻ രേഖപ്പെടുത്തിവെപ്പിച്ചിരുന്ന ഈന്തപ്പനമട്ടലുകളിലും എല്ലിൻകഷണങ്ങളിലും തോൽതുണ്ടുകളിലും പരിമിതമായില്ല അതിന്റെ സുരക്ഷിതത്വം. പ്രത്യുത, അവതരിച്ചുകൊണ്ടിരിക്കെത്തന്നെ ദശക്കണക്കിനും ശതക്കണക്കിനും തുടർന്ന് ആയിരക്കണക്കിനും മനുഷ്യഹൃദയങ്ങളിൽ അത് മുദ്രിതമായി; ഒരു ചെകുത്താനും ഒരക്ഷരം മാറ്റിമറിക്കാൻ ഇടമുണ്ടായില്ല.

നബിതിരുമേനിയുടെ വിയോഗാനന്തരം അറേബ്യയിൽ മതംമാറ്റക്കുഴപ്പം തലപൊക്കുകയും അതിനെ നേരിടാനുള്ള യത്‌നത്തിൽ അവിടത്തെ സഖാക്കൾക്ക് രക്തരൂഷിത പോരാട്ടങ്ങൾ നടത്തേണ്ടിവരുകയും ചെയ്തു. ഖുർആൻ ആദ്യന്തം മനഃപാഠമാക്കിയിരുന്ന ഒട്ടേറെ സ്വഹാബികൾ പോരാട്ടങ്ങളിൽ രക്തസാക്ഷികളായി. ഇതേത്തുടർന്ന്, ഖുർആന്റെ സംരക്ഷണത്തിന് ഏകമാർഗം ആശ്രയിക്കുന്നത് യുക്തമല്ലെന്നും ഹൃദയഫലകങ്ങളിലെന്നപോലെ ഗ്രന്ഥത്താളുകളിലും അതെഴുതി സൂക്ഷിക്കാൻ ഏർപ്പാടുചെയ്യണമെന്നും ഉമർ ചിന്തിച്ചുറച്ചു. ഈ കാര്യം ഒന്നാം ഖലീഫ അബൂബക്‌റിന് വിശദീകരിച്ചുകൊടുത്തു. അൽപം ആലോചിച്ചശേഷം അബൂബക്ർ അതിനോടു യോജിക്കുകയും നബിതിരുമേനിയുടെ എഴുത്തുകാരൻ (കാതിബ്) ആയിരുന്ന സൈദുബ്‌നു സാബിതിനെ ഈ സേവനത്തിന് നിയോഗിക്കുകയും ചെയ്തു.

നബിതിരുമേനി ലിഖിതരൂപത്തിൽ വിട്ടേച്ചുപോയ ഖുർആന്റെ എല്ലാ ഭാഗങ്ങളും ശേഖരിക്കുക, സ്വഹാബികളിൽ ആരുടെയെല്ലാം പക്കൽ ദിവ്യഗ്രന്ഥം മുഴുവനായോ ഭാഗികമായോ എഴുതിവെക്കപ്പെട്ടതായുണ്ടോ അതും കരസ്ഥമാക്കുക, കൂടാതെ ഖുർആൻ ഹൃദിസ്ഥമാക്കിയ വരുടെ സഹകരണം തേടുകയും ചെയ്യുക. ഈ മൂന്നു മാധ്യമങ്ങളുടെയും സംയുക്ത സാക്ഷ്യത്താൽ പരിപൂർണ സുബദ്ധത ഉറപ്പുവരുത്തിയശേഷം ഖുർആന്റെ ഓരോ വാക്കും സനിഷ്‌കർഷം ‘മുസ്ഹഫി’ൽ രേഖപ്പെടുത്തുക-ഇതായിരുന്നു നിശ്ചിത വ്യവസ്ഥ. ഇപ്രകാരം വിശുദ്ധ ഖുർആന്റെ ആധികാരികമായ ഒരു കോപ്പി എഴുതിത്തയ്യാറാക്കി, നബി തിരുമേനിയുടെ പത്‌നി ഹഫ്‌സ്വയുടെ പക്കൽ സൂക്ഷിക്കാനേൽപിച്ചു. പ്രസ്തുത കോപ്പി പകർത്താനും തങ്ങളുടെ കൈവശമുള്ള കോപ്പികൾ അതുമായി ഒത്തുനോക്കി ശരിപ്പെടുത്താനും ജനങ്ങൾക്ക് പൊതു അനുവാദം നൽകുകയും ചെയ്തു.

അറേബ്യയിൽ എല്ലായിടത്തും അറബിതന്നെയായിരുന്നു ഭാഷ. എന്നാൽ, വിവിധ പ്രദേശങ്ങളുടെയും ഗോത്രങ്ങളുടെയും സംസാരഭാഷകളിൽ അൽപസ്വൽപ വ്യത്യാസങ്ങളുണ്ടായിരുന്നു; നമ്മുടെ നാടുകളിൽ ഒരേ ഭാഷ സംസാരിക്കുന്നവർക്കിടയിൽത്തന്നെ വിവിധ നഗരങ്ങളിലും ജില്ലകളിലുമൊക്കെ വ്യത്യാസങ്ങൾ ഉള്ളതുപോലെ. ഖുർആൻ അവതരിച്ചത് മക്കയിൽ ഖുറൈശികൾ സംസാരിച്ചുവന്ന ഭാഷയിലായിരുന്നു. എങ്കിലും ഇതര പ്രദേശക്കാർക്കും ഗോത്രക്കാർക്കും അവരവരുടെ ഉച്ചാരണ പ്രയോഗരീതികളനുസരിച്ച് അത് വായിച്ചുകൊള്ളാൻ ആദ്യത്തിൽ അനുവാദം നൽകിയിരുന്നു. വാക്കുകൾ തങ്ങൾക്ക് പരിചിതമായ ഉച്ചാരണരീതിയിൽ വായിക്കുന്നു എന്നതല്ലാതെ, ഇതുമൂലം അർഥവ്യത്യാസങ്ങളൊന്നും സംഭവിക്കുമായിരുന്നില്ല. എന്നാൽ, അചിരേണ ഇസ്‌ലാമിനു പ്രചാരം സിദ്ധിച്ചുവന്നപ്പോൾ പൂർവസ്ഥിതി തുടരുന്നത് അനാശാസ്യമായിത്തോന്നി. മരുഭൂമികൾ താണ്ടി അറബികൾ ലോകത്തിന്റെ വലിയൊരു ഭാഗം അധീനപ്പെടുത്തി. ഇതര ജനപദങ്ങൾ ഇസ്‌ലാമിൽ പ്രവേശിച്ചുകൊണ്ടിരുന്നു. അറബി-അനറബി സങ്കലനം അറബിഭാഷയെ ഗണ്യമായി സ്വാധീനിച്ചു. മേലിലും ഇതര ഉച്ചാരണരീതികളനുസരിച്ച് ഖുർആൻ വായിക്കാൻ അനുവദിക്കുന്നത് പല കുഴപ്പങ്ങൾക്കും കാരണമായേക്കുമെന്ന് ന്യായമായും ആശങ്കകളുണ്ടായി. ഉദാഹരണത്തിന്, ഒരുവൻ അപരന്ന് പഥ്യമല്ലാത്ത രീതിയിൽ പാരായണം ചെയ്യുമ്പോൾ ദിവ്യവചനങ്ങൾ ബോധപൂർവം അലങ്കോലപ്പെടുത്തുകയാണെന്നു ധരിച്ച് പരസ്പരം വഴക്കുണ്ടായേക്കാം. കേവലം ഭാഷാപരമായ ഈ ലഘുവ്യത്യാസങ്ങൾതന്നെ കാലാന്തരത്തിൽ മാറ്റത്തിരുത്തലുകൾക്ക് വാതിൽ തുറന്നുകൊടുത്തെന്നും വരാം. അറബി-അനറബി സങ്കലനംകൊണ്ട് ഭാഷാവൈകൃതം സംഭവിച്ചാൽ വികലഭാഷയിൽ കൈകാര്യം ചെയ്യുകമൂലം ഖുർ ആന്റെ ഭാഷാഭംഗി വിനഷ്ടമാവുകയും ചെയ്‌തേക്കാം. ഈവക കാരണങ്ങളാൽ, ഖലീഫ അബൂബക്‌റിന്റെ നിർദേശപ്രകാരം ആധികാരികമായി രേഖപ്പെടുത്തപ്പെട്ട ഖുർആന്റെ അംഗീകൃതകോപ്പിയുടെ ശരിപ്പകർപ്പുകൾ മാത്രമേ ഇസ്‌ലാമിക രാഷ്ട്രാതിർത്തിക്കുള്ളിലെവിടെയും പ്രസിദ്ധീകരിക്കാൻ പാടുള്ളൂവെന്നും ഉച്ചാരണഭേദങ്ങളോടെ എഴുതപ്പെട്ട എല്ലാ മുസ്ഹഫുകളുടെയും പ്രസാധനം നിരോധിക്കണമെന്നും ഹദ്‌റത് ഉസ്മാൻ പ്രമുഖ സ്വഹാബികളുമായി കൂടിയാലോചിച്ച് തീരുമാനിച്ചു.

ഉസ്മാൻ, ഔദ്യോഗികതലത്തിൽ പകർപ്പെടുത്ത് നാനാരാജ്യങ്ങളിലേക്കും കോപ്പികൾ അയച്ചുകൊടുത്തിരുന്ന, സ്വിദ്ദീഖുൽ അക്ബറിന്റെ ആധികാരിക മുസ്ഹഫുമായി പ്രത്യക്ഷരം യോജിച്ചതത്രേ ഇപ്പോൾ നമ്മുടെ കൈയിലിരിക്കുന്ന ഖുർആൻ. ലോകത്തിന്റെ പല ഭാഗങ്ങളിൽ പ്രസ്തുത ആധികാരിക കോപ്പികൾ ഇന്നും സ്ഥിതിചെയ്യുന്നുണ്ട്. ഖുർആന്റെ സുരക്ഷിതത്വത്തിൽ ആർക്കെങ്കിലും അണുവോളം സംശയമുണ്ടെങ്കിൽ സംശയനിവൃത്തിവരുത്തുക സുസാധ്യമാണ്. പശ്ചിമാഫ്രിക്കയിലെ പുസ്തകക്കടയിൽനിന്ന് ഒരുകോപ്പി വാങ്ങി, ജാവയിൽ ഖുർആൻ മനഃപാഠമാക്കിയ ഒരാൾ പാരായണം ചെയ്യുന്നതുമായി അതിനെ തട്ടിച്ചുനോക്കട്ടെ; അഥവാ, ലോകത്തിലെ വൻകിട ലൈബ്രറികളിൽ സൂക്ഷിച്ചിരിക്കുന്ന, ഖലീഫാ ഉസ്മാന്റെ കാലംതൊട്ടിന്നോളം പല നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട മുസ്ഹഫുകളുമായൊത്തുനോക്കട്ടെ. ആരെങ്കിലും വള്ളിപുള്ളി വ്യത്യാസം കാണുന്ന പക്ഷം, ചരിത്രപ്രധാനമായ ആ മഹാ കണ്ടുപിടിത്തം ലോകത്തെ അറിയിക്കാൻ തീർച്ചയായും അയാൾ ബാധ്യസ്ഥനാണ്! ഖുർആൻ ദൈവദത്തമായ ഗ്രന്ഥമോ എന്ന് ഒരാൾക്ക് സംശയിക്കാൻ സ്വാതന്ത്ര്യമുണ്ട്; പക്ഷേ, നമ്മുടെ കൈവശമിരിക്കുന്ന ഖുർആൻ ഒരു ഏറ്റക്കുറച്ചിലുമില്ലാതെ, മുഹമ്മദ്‌നബി ലോകസമക്ഷം സമർപ്പിച്ചിരുന്ന ഖുർആൻതന്നെ എന്ന വസ്തുത ഒട്ടും സംശയത്തിനിടമില്ലാത്ത ചരിത്രയാഥാർഥ്യം മാത്രമാണ്. മാനവചരിത്രത്തിൽ ഇത്രമേൽ സ്ഥിരപ്പെട്ട മറ്റൊരുകാര്യവും കാണുകയില്ല. ഇതിന്റെ സുബദ്ധതയിൽ സംശയംപുലർത്തുന്ന ഒരാൾക്ക്, റോമൻ എംപയർ എന്നൊരു സാമ്രാജ്യം ലോകത്തുണ്ടായിരുന്നോ എന്നും മുഗളന്മാർ ഇന്ത്യ ഭരിച്ചിരുന്നോ എന്നും നെപ്പോളിയൻ എന്നൊരാൾ ജീവിച്ചിരുന്നോ എന്നും സംശയിക്കാവുന്നതാണ്. ഇത്തരം ചരിത്രയാഥാർഥ്യങ്ങളിൽ സംശയം പ്രകടിപ്പിക്കുന്നത് അറിവിന്റെയല്ല, അറിവുകേടിന്റെ ലക്ഷണമാണ്.( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles