Current Date

Search
Close this search box.
Search
Close this search box.

ക്രോഡീകരണം

അൽപം ചിന്തിക്കുന്നപക്ഷം, ഖുർആൻ അവതരിച്ച ക്രമത്തിൽത്തന്നെ നബിതിരുമേനി അത് ക്രോഡീകരിക്കാതിരുന്നതെന്തുകൊണ്ട് എന്ന പ്രശ്‌നവും ഇതേ വിവരണംകൊണ്ട് പരിഹൃതമാവുന്നു.

ഇരുപത്തിമൂന്ന് വർഷക്കാലം ഖുർആൻ അവതരിച്ചുകൊണ്ടിരുന്നത് പ്രബോധനം ആരംഭിക്കുകയും വികസിക്കുകയും ചെയ്ത ക്രമത്തിലാണ്. പ്രബോധനത്തിന്റെ വളർച്ചക്കനുസരിച്ചുള്ള ഈ ക്രമം പ്രസ്ഥാനം പരിപൂർണത പ്രാപിച്ചശേഷവും ഉചിതമായിരിക്കയില്ലെന്ന് അതിനാൽ സ്പഷ്ടമാണ്. അനന്തര സ്ഥിതിവിശേഷങ്ങൾക്കനുഗുണമായ മറ്റൊരു ക്രമീകരണമാണ് പ്രബോധന പരിപൂർത്തിക്കുശേഷം ആവശ്യമായിട്ടുളളത്. ഖുർആന്റെ പ്രഥമ സംബോധിതർ ഇസ്‌ലാമിനെക്കുറിച്ച് തീരെ അജ്ഞരും അപരിചിതരുമായിരുന്നതുകൊണ്ട് പ്രാരംഭ ബിന്ദുവിൽനിന്നുതന്നെ അധ്യാപനം തുടങ്ങേണ്ടതുണ്ടായിരുന്നു. പ്രബോധന പരിപൂർത്തിക്ക് ശേഷമാവട്ടെ, അവർ ഖുർആനിൽ വിശ്വസിച്ച് ഒരു പാർട്ടിയായി രൂപംകൊണ്ട ജനമായിത്തീർന്നിരുന്നു. പ്രവാചകൻ താത്ത്വികമായും പ്രായോഗികമായും സമ്പൂർണമാക്കി തങ്ങളെ വഹിപ്പിച്ച ബാധ്യത തുടർന്ന് നിർവഹിക്കാൻ അവർ ബാധ്യസ്ഥരുമായിരുന്നു. അതിനാൽ, ഇപ്പോൾ പ്രഥമവും പ്രധാനവുമായ ആവശ്യം, വിശ്വാസികളുടെ ഈ സമൂഹം സ്വന്തം ബാധ്യതകളും ജീവിത നിയമങ്ങളും പൂർവപ്രവാചകരുടെ സമുദായങ്ങളിൽ പ്രകടമായിരുന്ന വൈകല്യങ്ങളും നല്ലപോലെ അറിഞ്ഞിരിക്കുകയും, അങ്ങനെ ഇസ്‌ലാമിനെക്കുറിച്ച് അപരിചിതമായ ലോകത്തിന് ദൈവികനിർദേശം എത്തിച്ചുകൊടുക്കാൻ മുന്നോട്ടുവരുകയും ചെയ്യുക എന്നതായിത്തീർന്നു.

വിശുദ്ധഖുർആൻ എവ്വിധമുള്ള ഗ്രന്ഥമാണെന്ന് മനസ്സിലായിക്കഴിഞ്ഞാൽ, ഓരോ വിഷയം ഓരോ സ്ഥലത്തായി സ്വരൂപിക്കുകയെന്നത് അതിന്റെ പ്രകൃതിയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് സ്വയംതന്നെ വ്യക്തമാവുന്നതാണ്. മദീനാകാലത്തെ പ്രതിപാദനങ്ങൾ മക്കാജീവിതാധ്യാപനങ്ങൾക്ക് മധ്യേയും മക്കീ കാലഘട്ടത്തിലെ പ്രമേയങ്ങൾ മദനീ ശിക്ഷണങ്ങൾക്കിടയിലും പ്രാരംഭകാല പ്രഭാഷണങ്ങൾ പിൽക്കാല പ്രബോധനങ്ങൾക്ക് നടുവിലും മറിച്ചും മാറിമാറി വരണമെന്ന് ഖുർആന്റെ പ്രകൃതി താൽപര്യപ്പെടുന്നു. അങ്ങനെ, സമ്പൂർണ ഇസ്‌ലാമിന്റെ സമഗ്രമായൊരു ചിത്രം അനുവാചകദൃഷ്ടിയിൽ തെളിഞ്ഞുവരണം. ഒരിക്കലും ഒരിടത്തും അത് അപൂർണമോ ഭാഗികമോ ആവരുത്. ഖുർആനിക പ്രബോധനം അതിന്റെ സമ്പൂർണതക്ക് ശേഷം ഇതാണാവശ്യപ്പെടുന്നത്.

ഇനി, ഖുർആൻ അവതരണക്രമത്തിൽ ക്രോഡീകരിച്ചാൽത്തന്നെ പിൽക്കാലത്തെ ജനങ്ങൾക്കത് പ്രയോജനപ്രദമാകണമെങ്കിൽ ഓരോ സൂക്തവും അവതരിച്ച കാലവും തീയതിയും അവതരണ പശ്ചാത്തലവും പരിതഃസ്ഥിതിയും രേഖപ്പെടുത്തി, ഖുർആന്റെ അഭേദ്യമായ ഒരനുബന്ധമായി പ്രസിദ്ധീകരിക്കേണ്ടിവരുമായിരുന്നു. ഇതാകട്ടെ, ദിവ്യവചനങ്ങളുടെ ഒരു സമാഹാരം എന്നെന്നേക്കുമായി ക്രോഡീകരിച്ചു സുരക്ഷിതമാക്കിവെച്ചതുകൊണ്ട് അല്ലാഹു ഉദ്ദേശിച്ചതെന്തോ അതിനുതന്നെ വിരുദ്ധമായിട്ടുള്ളതാണ്. അന്യവചനങ്ങളുടെ ഒരു കലർപ്പും പങ്കാളിത്തവുമില്ലാതെ ദിവ്യവചനങ്ങൾ തനതായ സംക്ഷിപ്ത രൂപത്തിൽ ക്രോഡീകരിക്കപ്പെടണമെന്നാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നത്. കുട്ടികളും വൃദ്ധരും, സ്ത്രീകളും പുരുഷന്മാരും, നഗരവാസികളും ഗ്രാമീണരും, പണ്ഡിതരും പാമരരുമെല്ലാം അതു വായിക്കണം. എല്ലാ കാലത്തും എല്ലാദേശത്തും എല്ലാതരം പരിതഃസ്ഥിതികളിലും അതു വായിക്കപ്പെടണം. ധൈഷണികമായും വൈജ്ഞാനികമായും ഭിന്നവിതാനങ്ങളിലുള്ള മനുഷ്യർ, തങ്ങളിൽനിന്ന് ദൈവം എന്താഗ്രഹിക്കുന്നു, എന്താഗ്രഹിക്കുന്നില്ല എന്നെങ്കിലും അതുമുഖേന അറിഞ്ഞിരിക്കണം-ഇതായിരുന്നു അല്ലാഹുവിന്റെ ഇംഗിതം. ദിവ്യവചനങ്ങളുടെ ഇത്തരമൊരു സമാഹാരത്തോടൊപ്പം ഒരു നീണ്ട ചരിത്രവും എഴുതിപ്പിടിപ്പിക്കേണ്ടിവന്നാൽ, അനിവാര്യമായി അതും വായിക്കണമെന്നുവന്നാൽ, പ്രസ്തുത ദൈവികാഭീഷ്ടംതന്നെ വിഫലമായിത്തീരുമെന്ന് വ്യക്തമാണ്.

ഖുർആന്റെ നിലവിലുള്ള ക്രോഡീകരണക്രമത്തെ വിമർശിക്കുന്നവർക്ക് ആ ഗ്രന്ഥത്തിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെപ്പറ്റി ഒന്നും അറിഞ്ഞുകൂടെന്നതാണ് പരമാർഥം. കേവലം ചരിത്ര-സാമൂഹികശാസ്ത്ര വിദ്യാർഥികൾക്കുവേണ്ടി അവതീർണമായൊരു ഗ്രന്ഥമാണിതെന്നുവരെ അവർ ധരിച്ചുവെച്ചതായി തോന്നുന്നു.

ഖുർആന്റെ ക്രമത്തെ സംബന്ധിച്ച് വായനക്കാർ അറിഞ്ഞിരിക്കേണ്ട മറ്റൊരു വസ്തുത, പിൽക്കാലക്കാരല്ല അതിന്റെ കർത്താക്കളെന്നതാണ്. പ്രത്യുത, നബിതിരുമേനിതന്നെയാണ് അല്ലാഹുവിന്റെ നിർദേശപ്രകാരം ഖുർആൻ ഇന്നത്തെ രൂപത്തിൽ ക്രോഡീകരിച്ചത്. ഒരധ്യായം അവതരിക്കുമ്പോൾതന്നെ തിരുമേനി തന്റെ എഴുത്തുകാരെ വിളിപ്പിച്ച് അത് എഴുതിവെപ്പിക്കുകയും ഇന്ന അധ്യായം ഇന്ന അധ്യായത്തിന്റെ പിറകിൽ അല്ലെങ്കിൽ മുന്നിൽ ചേർക്കണമെന്ന് നിർദേശിക്കുകയും പതിവായിരുന്നു. ഒരു സ്വതന്ത്ര അധ്യായമായിരിക്കാൻ ഉദ്ദേശിക്കപ്പെടാതെ വല്ല ഭാഗവുമാണവതരിക്കുന്നതെങ്കിൽ അത് ഇന്ന അധ്യായത്തിൽ ഇന്ന സ്ഥലത്ത് രേഖപ്പെടുത്തണമെന്ന് അവിടുന്ന് നിർദേശം നൽകും. അനന്തരം അതേ ക്രമമനുസരിച്ച് തിരുമേനി തന്നെ നമസ്‌കാരത്തിലും മറ്റു സന്ദർഭങ്ങളിലും ഖുർആൻ പാരായണം ചെയ്തിരുന്നു. അതേക്രമത്തിൽ അവിടത്തെ സഖാക്കളും അത് ഹൃദിസ്ഥമാക്കി. ഇതായിരുന്നു ഖുർആന്റെ ക്രോഡീകരണത്തിന് സ്വീകരിച്ചുവന്ന സമ്പ്രദായം. ആകയാൽ, വിശുദ്ധഖുർആന്റെ അവതരണം പൂർത്തിയായിട്ടുണ്ടെന്നത് ഒരു അംഗീകൃത ചരിത്രയാഥാർഥ്യമാണ്. അതിന്റെ അവതാരകനായ അല്ലാഹുതന്നെയാണ് അതിന്റെ സമാഹർത്താവും. അത് ഹൃദയത്തിൽ ഏറ്റുവാങ്ങിയ പ്രവാചകനിലൂടെത്തന്നെയാണ് അത് ക്രോഡീകരിക്കപ്പെട്ടതും. ഇതിലൊന്നും ആർക്കും കൈകടത്താൻ കഴിയുമായിരുന്നില്ല.( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles