Current Date

Search
Close this search box.
Search
Close this search box.

പ്രബോധകഗ്രന്ഥം

ഈ വിവരണത്തിൽനിന്ന്, ഖുർആന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ് ആരംഭിച്ചതെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. പ്രാരംഭം മുതൽ പരിപൂർത്തിവരെയുള്ള ഇരുപത്തിമൂന്ന് സംവത്സരത്തിനകം ഈ പ്രബോധനം പിന്നിട്ട ഓരോരോ ഘട്ടങ്ങളിലും ഉപഘട്ടങ്ങളിലും അവയുടെ ബഹുവിധ ആവശ്യങ്ങൾക്കനുഗുണമായി ഖുർആന്റെ ഓരോ ഭാഗം അവതരിക്കുകയായിരുന്നു. ഇവ്വിധമൊരു ഗ്രന്ഥത്തിൽ ഡോക്ടറേറ്റ് ബിരുദത്തിനുള്ള തിസീസിലെന്നപോലൊരു രചനാരീതി കാണുകയില്ലെന്നത് സ്പഷ്ടമാണ്.

പ്രബോധനത്തിന്റെ വികാസ- പരിണാമങ്ങൾക്കൊപ്പം അവതരിച്ചുകൊണ്ടിരുന്ന ഖുർആന്റെ ചെറുതും വലുതുമായ ഭാഗങ്ങൾതന്നെ പ്രബന്ധങ്ങളുടെ രൂപത്തിൽ പ്രകാശനം ചെയ്യപ്പെടുകയായിരുന്നില്ല. പ്രത്യുത, പ്രഭാഷണങ്ങളായി അവതരിക്കുകയും അതേരൂപത്തിൽ പ്രചരിപ്പിക്കപ്പെടുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവ പ്രഭാഷണശൈലിയിലാണ്. ഈ പ്രഭാഷണങ്ങളാവട്ടെ, ഒരു കോളേജ് പ്രൊഫസറുടെ ലക്ചർ രീതിയിലായിരുന്നില്ല; ആദർശപ്രബോധകന്റെ പ്രഭാഷണങ്ങളായിരുന്നു. അദ്ദേഹത്തിന് ഹൃദയത്തേയും മസ്തിഷ്‌കത്തേയും വിചാരത്തേയും വികാരത്തേയും ഒരേസമയം വശീകരിക്കേണ്ടതുണ്ടായിരുന്നു.

ഭിന്നരുചികളേയും ഭിന്ന മനസ്സുകളേയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു. പ്രാസ്ഥാനിക പ്രവർത്തനങ്ങൾക്കു മധ്യേ അസംഖ്യം ഭിന്ന പരിതഃസ്ഥിതികളഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ വാദം, സാധ്യമായ എല്ലാ വശങ്ങളിലൂടെയും ജനമനസ്സിൽ പ്രതിഷ്ഠിക്കുക, വിചാരഗതികളിൽ വിപ്ലവാത്മകമായ മാറ്റംവരുത്തുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കുക, പ്രതിപ്രവർത്തനങ്ങളുടെ നട്ടെല്ലൊടിക്കുക, അനുയായികൾക്ക് സംസ്‌കരണ പരിശീലനങ്ങൾ നൽകുക, അവരിൽ ആവേശവും ആത്മധൈര്യവും വളർത്തുക, ശത്രുക്കളെ മിത്രങ്ങളും നിഷേധികളെ വിശ്വാസികളുമായി മാറ്റുക, പ്രതിയോഗികളുടെ വാദമുഖങ്ങളെ തകർക്കുകയും അവരുടെ ധാർമികശക്തി നശിപ്പിക്കുകയും ചെയ്യുക-അങ്ങനെ ഒരാദർശത്തിന്റെ പ്രബോധകന്, ഒരു പ്രസ്ഥാനത്തിന്റെ നേതാവിന് അവശ്യം ആവശ്യമായ എല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാൽ, ഈ പ്രവർത്തനങ്ങൾക്കിടയിൽ അല്ലാഹു പ്രവാചകനവതരിപ്പിച്ച പ്രഭാഷണങ്ങൾ തീർച്ചയായും ഒരു ആദർശ പ്രബോധനത്തിന് പോന്നവിധമായിരിക്കും-ആയിരിക്കുകയും വേണം. കോളേജ് ലെക്ചററുടെ രീതി അതിലന്വേഷിക്കുന്നത് ശരിയല്ല.( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles