Current Date

Search
Close this search box.
Search
Close this search box.

ഖുർആന്റെ അടിസ്ഥാനം

ഈ വിഷയകമായി, വായനക്കാരൻ ഏറ്റവും മുമ്പേ ഖുർആന്റെ അന്തസ്സത്ത-അതു സമർപ്പിക്കുന്ന അടിസ്ഥാന ആദർശം- അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. അയാളത് അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ. ഏതു നിലക്കും, ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കിൽ പ്രാരംഭബിന്ദു എന്ന നിലയിൽ ഖുർആനും അതിന്റെ പ്രബോധകനായ മുഹമ്മദ്‌നബിയും വിവരിച്ചിരിക്കുന്ന അടിസ്ഥാനംതന്നെ അറിഞ്ഞിരിക്കേണ്ടതാണ്.

1. അഖില പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും വിധികർത്താവുമായ ഏകദൈവം തന്റെ അനന്തവിസ്തൃത സാമ്രാജ്യത്തിന്റെ ഒരു ഭാഗമായ ഭൂതലത്തിൽ മനുഷ്യനെ സൃഷ്ടിച്ചു. അവന് അറിയാനും ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുകൾ പ്രദാനംചെയ്തു. നന്മ-തിന്മകൾ വിവേചിച്ചറിയാനുള്ള യോഗ്യത നൽകി. ഇച്ഛാസ്വാതന്ത്ര്യവും വിവേചനസ്വാതന്ത്ര്യവും കൈകാര്യാധികാരങ്ങളും നൽകി. അങ്ങനെ, മൊത്തത്തിൽ ഒരുവിധത്തിലുള്ള സ്വയംഭരണം (Autonomy) നൽകി അവനെ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിച്ചു.

2. ഈ സമുന്നതപദവിയിൽ മനുഷ്യരെ നിയോഗിക്കുമ്പോൾ ദൈവം ഒരുകാര്യം അവരെ നല്ലപോലെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു; അതിതാണ്:

നിങ്ങളുടെയും നിങ്ങളുൾക്കൊള്ളുന്ന സമസ്ത ലോകത്തിന്റെയും ഉടമസ്ഥനും ആരാധ്യനും ഭരണാധിപനും ഞാനാകുന്നു. എന്റെ ഈ സാമ്രാജ്യത്തിൽ നിങ്ങൾ സ്വാധികാരികളല്ല. ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനക്കും അനുസരണത്തിനും അടിമത്തത്തിനും അർഹനായി ഞാൻ മാത്രമേയുള്ളൂ. നിങ്ങളെ സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നൽകി നിയോഗിച്ചിരിക്കുന്ന ഈ ഭൂതലത്തിലെ ജീവിതം നിങ്ങൾക്കൊരു പരീക്ഷണമാണ്. ഇതിനുശേഷം, നിങ്ങൾ എന്റെ സവിധത്തിൽ മടങ്ങിവരേണ്ടതുണ്ട്. നിങ്ങളുടെ പ്രവർത്തനങ്ങൾ കണിശമായി പരിശോധിച്ച്, ആർ പരീക്ഷയിൽ വിജയംവരിച്ചുവെന്നും ആരെല്ലാം പരാജിതരായെന്നും അപ്പോൾ ഞാൻ വിധികൽപിക്കും. നിങ്ങളെ സംബന്ധിച്ചിടത്തോളം, അതിനാൽ, ശരിയായ കർമനയം ഒന്നുമാത്രമേയുള്ളൂ; എന്നെ നിങ്ങളുടെ ഒരേയൊരു ആരാധ്യനും വിധികർത്താവും ആയി അംഗീകരിക്കുക; ഞാൻ നൽകുന്ന സാന്മാർഗിക നിർദേശമനുസരിച്ച് മാത്രം പ്രവർത്തിക്കുക; നശ്വരമായ ഐഹികജീവിതം പരീക്ഷണാലയമാണെന്നറിഞ്ഞുകൊണ്ട് പാരത്രിക ജീവിതത്തിൽ വിജയികളാവുകയാണ് നിങ്ങളുടെ സാക്ഷാൽ ലക്ഷ്യമെന്ന ബോധത്തോടുകൂടി ജീവിതം നയിക്കുക. ഈ നയമാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ (അതു തെരഞ്ഞെടുക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്) ഇഹലോകത്ത് നിങ്ങൾക്ക് സമാധാനവും സംതൃപ്തിയും ലഭിക്കും; എന്റെയടുത്ത് തിരിച്ചുവരുമ്പോൾ, അനശ്വര സുഖാനന്ദത്തിന്റെ ഗേഹമായ സ്വർഗലോകം ഞാൻ നിങ്ങൾക്ക് നൽകുകയും ചെയ്യും. ഇതിനു വിപരീതമായുള്ള ഏതൊരു ജീവിതനയവും നിങ്ങളെ സംബന്ധിച്ചിടത്തോളം അബദ്ധം മാത്രമാണ്. അതാണ് സ്വീകരിക്കുന്നതെങ്കിൽ (അതിനും നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്) ഇഹലോകത്ത് നിങ്ങൾക്ക് നാശവും അസ്വാസ്ഥ്യവും അനുഭവിക്കേണ്ടിവരും; ഐഹികലോകം പിന്നിട്ട് പാരത്രികലോകത്ത് എത്തുമ്പോഴാകട്ടെ ശാശ്വതമായ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഗർത്തമായ നരകത്തിൽ തള്ളപ്പെടുകയുംചെയ്യും.

3. ഈ വസ്തുതകൾ വേണ്ടപോലെ ബോധ്യപ്പെടുത്തിയാണ്, പ്രപഞ്ചനാഥൻ മനുഷ്യവർഗത്തിന് ഭൂമിയിൽ സ്ഥാനം നൽകിയത്. ആദിമ ദമ്പതികൾ(ആദം, ഹവ്വ)ക്ക് ഭൂമിയിൽ തങ്ങളുടെ സന്തതികൾ പ്രവർത്തിക്കേണ്ടതിനാധാരമായ മാർഗനിർദേശവും നൽകുകയുണ്ടായി. ഈ ആദിമമനുഷ്യർ അജ്ഞതയിലും അന്ധകാരത്തിലുമല്ല ഭൂജാതരായിരുന്നത്. പ്രത്യുത, പൂർണമായ പ്രകാശത്തിലാണ് ദൈവം ഭൂമിയിൽ അവരുടെ അധിവാസത്തിനാരംഭം കുറിച്ചത്. യാഥാർഥ്യത്തെക്കുറിച്ച് തികച്ചും ബോധവാന്മാരായിരുന്നു അവർ. അവരുടെ ജീവിതനിയമം അവർക്കറിയിച്ചുകൊടുത്തിരുന്നു. ദൈവികാനുസരണം (ഇസ്‌ലാം) ആയിരുന്നു അവരുടെ ജീവിതമാർഗം. ഇതേ കാര്യം, ദൈവത്തിന്റെ ആജ്ഞാനുവർത്തികളായി-മുസ്‌ലിംകളായി-ജീവിക്കണമെന്ന വസ്തുത അവർ സ്വസന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. എന്നാൽ, പിന്നീടുള്ള നൂറ്റാണ്ടുകളിൽ മനുഷ്യർ ഈ ശരിയായ ജീവിതപഥ(ദീൻ)ത്തിൽനിന്ന് വ്യതിചലിച്ച് നാനാവിധമായ അബദ്ധനയങ്ങൾ അവലംബിക്കുകയുണ്ടായി. അശ്രദ്ധയാൽ അവർ അതിനെ വിനഷ്ടമാക്കുകയും അലങ്കോലപ്പെടുത്തുകയും ചെയ്തു. ഏകനായ ദൈവത്തിന് പങ്കാളികളെ കൽപിച്ചു. മനുഷ്യരും മനുഷ്യേതരരുമായ, ഭൗതികവും ഭാവനാപരവുമായ, ആകാശ- ഭൂമികളിലെ അനേകമനേകം അസ്തിത്വങ്ങളിൽ അവർ ദിവ്യത്വം ആരോപിച്ചു. ദൈവദത്തമായ യാഥാർഥ്യജ്ഞാനത്തിൽ (അൽഇൽമ്) അവർ പലതരം ഊഹ-അനുമാനങ്ങളും തത്ത്വശാസ്ത്രങ്ങളും ആദർശ-സിദ്ധാന്തങ്ങളും കലർത്തി, അസംഖ്യം മതങ്ങൾ പടച്ചുവിട്ടു. ദൈവം നിർദേശിച്ചുതന്ന നീതിനിഷ്ഠമായ ധാർമിക-നാഗരിക നിയമങ്ങളെ (ശരീഅത്) പരിവർജിച്ചുകൊണ്ടോ വികൃതമാക്കിക്കൊണ്ടോ സ്വേച്ഛകൾക്കും സ്വാർഥത്തിനും പക്ഷപാതങ്ങൾക്കും അനുസൃതമായുള്ള ജീവിതനിയമങ്ങൾ കെട്ടിച്ചമച്ചു. തദ്ഫലമായി ദൈവത്തിന്റെ ഭൂമിയിൽ അക്രമവും അനീതിയും നടമാടി.

4. ദൈവം മനുഷ്യന് പരിമിതമായ സ്വാധികാരം നൽകിയിരുന്നതിന്റെ വെളിച്ചത്തിൽ, വഴിതെറ്റിയ മനുഷ്യരെ തന്റെ പ്രകൃത്യതീത ഇടപെടൽവഴി സത്യപഥത്തിലേക്ക് ബലാൽക്കാരം തിരിച്ചുകൊണ്ടുവരുക ഉചിതമായിരുന്നില്ല. മനുഷ്യവർഗത്തിന്-അവരിലുള്ള വിവിധ ജനസമുദായങ്ങൾക്ക്-ഭൂലോകത്ത് പ്രവർത്തിക്കാൻ അവധി നിശ്ചയിച്ചിരുന്നത് പരിഗണിക്കുമ്പോൾ, ദൈവധിക്കാരം പ്രകടമായ ഉടനെ മനുഷ്യരെ നശിപ്പിച്ചുകളയുക എന്നതും ശരിയായിരുന്നില്ല. ഇതെല്ലാം പരിഗണിച്ച്, മനുഷ്യാരംഭം മുതൽക്കേ ദൈവം ഏറ്റെടുത്ത ബാധ്യത, മനുഷ്യന്റെ സ്വാധികാരം നിലനിർത്തിക്കൊണ്ടുതന്നെ അവരുടെ മാർഗദർശനത്തിന് ഏർപ്പാട് ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു. ദൈവം സ്വയം ഏറ്റെടുത്ത ഈ ബാധ്യതയുടെ നിർവഹണത്തിനായി അവനിൽ വിശ്വസിക്കുന്നവരും അവന്റെ പ്രീതിയെ പിൻതുടരുന്നവരുമായ ഉത്തമ മനുഷ്യരെത്തന്നെ ദൈവം ഉപയോഗപ്പെടുത്തി. അവരെ തന്റെ പ്രതിനിധികളായി നിശ്ചയിച്ചു. തന്റെ സന്ദേശങ്ങൾ അവർക്കയച്ചുകൊടുത്തു. അവർക്ക് യാഥാർഥ്യജ്ഞാനം നൽകി. ശരിയായ ജീവിതനിയമം പഠിപ്പിച്ചു. ഏതൊരു സൻമാർഗത്തിൽനിന്ന് മാനവകുലം വ്യതിചലിച്ചുവോ അതിലേക്ക് വീണ്ടും അവരെ ക്ഷണിക്കാൻ ആ മഹാത്മാക്കളെ നിയോഗിക്കുകയും ചെയ്തു.

5. ഇങ്ങനെയുള്ള പ്രവാചകന്മാർ വിവിധ രാജ്യങ്ങളിലും ജനസമുദായങ്ങളിലും ആഗതരായിക്കൊണ്ടിരുന്നു. അവരുടെ ആഗമനത്തിന്റെ സുവർണശൃംഖല സഹസ്രാബ്ദങ്ങളോളം തുടർന്നു. അങ്ങനെ, ആയിരമായിരം പ്രവാചകന്മാർ നിയോഗിതരായി. അവരുടെയെല്ലാം ‘ദീൻ’ ഒന്നുതന്നെയായിരുന്നു–പ്രഥമ ദിവസംതൊട്ട് മനുഷ്യന്നറിയിക്കപ്പെട്ടിരുന്ന ശരിയായ ജീവിതനയംതന്നെ. അവരെല്ലാം ഒരേ സന്മാർഗത്തെ–പ്രാരംഭത്തിൽ മനുഷ്യന് നിർദേശിച്ചുകൊടുത്തിരുന്ന ശാശ്വതമായ ധാർമിക–നാഗരിക തത്ത്വങ്ങളെ–പിൻപറ്റിയവരായിരുന്നു. അവരുടെയെല്ലാം ദൗത്യവും ഒന്നുതന്നെയായിരുന്നു. അതെ, സത്യദീനിലേക്കും സൻമാർഗത്തിലേക്കും സമസൃഷ്ടികളെ ക്ഷണിക്കുക, ഈ ക്ഷണം സ്വീകരിച്ച് മുന്നോട്ട് വരുന്നവരെ സംഘടിപ്പിക്കുക, അവരെ ദൈവികനിയമത്തിന് വിധേയരും ലോകത്ത് ദൈവികനിയമത്തിന് വിധേയമായി ഒരു സാമൂഹികവ്യവസ്ഥ സ്ഥാപിക്കാൻ ശ്രമിക്കുന്നവരും ദൈവികനിയമത്തിന്റെ ലംഘനത്തെ തടയാൻ സദാ സന്നദ്ധരുമായ ഒരു സമുദായമായി വാർത്തെടുക്കുക. പ്രവാചകന്മാർ അവരവരുടെ കാല-ദേശങ്ങളിൽ ഈ മഹത്തായ ദൗത്യം ഏറ്റവും ഭംഗിയായി നിറവേറ്റിപ്പോന്നു. പക്ഷേ, സംഭവിച്ചത് എല്ലായ്‌പ്പോഴും മറ്റൊന്നായിരുന്നു. മനുഷ്യരിൽ വലിയൊരു വിഭാഗം പ്രവാചകപ്രബോധനം കൈക്കൊള്ളാൻ മുന്നോട്ടുവന്നതേയില്ല; അത് കൈയേറ്റ് ഇസ്‌ലാമികസമുദായം എന്ന നിലപാട് അംഗീകരിച്ചവർതന്നെ കാലാന്തരത്തിൽ സത്യപഥത്തിൽനിന്ന് വ്യതിചലിച്ചുപോവുകയും ചെയ്തു. അവരിൽ ചില ജനവിഭാഗങ്ങൾ ദൈവികസന്മാർഗത്തെ തീരെ കളഞ്ഞുകുളിച്ചപ്പോൾ വേറെ ചിലർ ദൈവികനിർദേശങ്ങളെ മാറ്റിമറിക്കുകയും സ്വയംകൃതാദർശങ്ങളുടെ സങ്കലനംകൊണ്ട് അതിനെ വികൃതമാക്കുകയും ചെയ്തു.

6. അവസാനമായി, പൂർവപ്രവാചകന്മാർ നിർവഹിച്ചുപോന്നിരുന്ന അതേ ദൗത്യനിർവഹണത്തിനായി മുഹമ്മദ് നബിയെ അറേബ്യയിൽ നിയോഗിച്ചു. തിരുമേനിയുടെ സംബോധന പൂർവപ്രവാചകന്മാരുടെ വഴിപിഴച്ച അനുയായികളോടും മനുഷ്യവർഗത്തോട് പൊതുവിലുമായിരുന്നു. അവരെയെല്ലാം ശരിയായ ജീവിതനയത്തിലേക്ക് ക്ഷണിക്കുക, അവർക്കെല്ലാം വീണ്ടും ദൈവികസന്മാർഗനിർദേശം എത്തിച്ചുകൊടുക്കുക, ആ ബോധനവും മാർഗദർശനവും അംഗീകരിക്കുന്നവരെ ഒരു സംഘടിതസമൂഹമായി വാർത്തെടുക്കുക-ഇതായിരുന്നു അവിടത്തെ ദൗത്യം. ഈ നവസമൂഹം സ്വന്തം ജീവിതവ്യവസ്ഥ ദൈവികസന്മാർഗത്തിൽ കെട്ടിപ്പടുക്കാനും അതേ മാർഗമവലംബിച്ച് ലോകസംസ്‌കരണത്തിന് പ്രയത്‌നിക്കാനും ബാധ്യസ്ഥമായിരുന്നു. ഈ പ്രബോധനത്തിന്റെയും മാർഗദർശനത്തിന്റെയും ആധാരഗ്രന്ഥമത്രെ ഖുർആൻ; മുഹമ്മദ് നബിക്ക് അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുർആൻ. ( തുടരും )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles