ഒരു ഗ്രന്ഥം നല്ലപോലെ ഗ്രഹിക്കാൻ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആ ഗ്രന്ഥത്തിന്റെ പ്രതിപാദനരീതി, സാങ്കേതികഭാഷ, സവിശേഷമായ ആവിഷ്‌കാര ശൈലി എന്നിവയെക്കുറിച്ചും അറിവുണ്ടായിരിക്കണം. പ്രത്യക്ഷവാക്യങ്ങൾക്കു പിന്നിലായി, അതിലെ പ്രതിപാദനങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും ദൃഷ്ടിയിലുണ്ടാകണം. സാധാരണ നാം വായിച്ചുവരാറുള്ള ഗ്രന്ഥങ്ങളിൽ ഈ വസ്തുതകളെല്ലാം അയത്‌നം ലഭ്യമായതുകൊണ്ട് പ്രതിപാദ്യവിഷയത്തിന്റെ ആഴത്തിലിറങ്ങിച്ചെല്ലാൻ വിശേഷിച്ചൊരു വിഷമവും ആരും നേരിടാറില്ല. എന്നാൽ, ഇതര കൃതികളിൽ കണ്ടു പരിചയിച്ച വിധത്തിൽ ഇവയൊന്നും വിശുദ്ധഖുർആനിൽ അനായാസം കണ്ടെത്താനാവില്ലെന്നതാണ് പരമാർഥം. ശരാശരി വായനക്കാരന്റെ മനസ്സോടെ ഖുർആൻ പാരായണം ആരംഭിക്കുന്ന ഒരാൾക്ക് ആ ഗ്രന്ഥത്തിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യലക്ഷ്യങ്ങളും കണ്ടെത്താൻ കഴിയുന്നില്ല. പ്രതിപാദനരീതിയും ആവിഷ്‌കരണശൈലിയും ഏറക്കുറെ അപരിചിതമായും തോന്നുന്നു. മിക്ക സ്ഥലങ്ങളിലും വാക്യങ്ങളുടെ പശ്ചാത്തലം അവ്യക്തവുമാണ്. നാനാ സൂക്തങ്ങളിൽ ചിതറിപ്പരന്ന സാര-സത്യങ്ങൾ ഏതാണ്ടൊക്കെ ആസ്വദിക്കുന്നുവെങ്കിലും ദിവ്യവചനങ്ങളുടെ സാക്ഷാൽ ചൈതന്യം നുകരുന്നതിൽ അനുവാചകൻ പരാജയപ്പെടുന്നു എന്നതാണിതിന്റെ ഫലം. ശരിയായ ഗ്രന്ഥപരിജ്ഞാനം നേടാൻ കഴിയാതെ, ഗ്രന്ഥത്തിലങ്ങിങ്ങു ചിതറിക്കിടന്ന ഏതാനും തത്ത്വ രത്‌നങ്ങൾകൊണ്ട് അയാൾക്ക് തൃപ്തിയടയേണ്ടിവരുന്നു. ഖുർആനെ സംബന്ധിച്ച് സംശയഗ്രസ്തരായിത്തീരുന്ന പലർക്കും, ഈ ഗ്രന്ഥത്തിന്റെ പഠനത്തിന് അവശ്യം ആവശ്യമായ പ്രാഥമിക കാര്യങ്ങളറിയാത്തതാണ് അവരുടെ മാർഗഭ്രംശത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന്. ഇങ്ങനെയുള്ള വായനക്കാർ ഖുർആന്റെ താളുകളിൽ ഭിന്നവിഷയങ്ങൾ അവിടവിടെ ചിതറിക്കിടക്കുന്നത് കാണുമെന്നല്ലാതെ, നിരവധി സൂക്തങ്ങളുടെ ഉദ്ദേശ്യം അവരെ സംബന്ധിച്ചേടത്തോളം അവ്യക്തമാകുന്നു. അനേകം വാക്യങ്ങളിൽ മുത്തുമണികളുടെ വെട്ടിത്തിളക്കം ദൃശ്യമാണെങ്കിലും വാചകഘടനയിൽ അവ തീരെ ചേർച്ചയില്ലാതെ തോന്നുന്നു. പ്രതിപാദനരീതിയും ഭാഷാശൈലിയും വശമില്ലാത്തതിനാൽ ഒട്ടനേകം സ്ഥലങ്ങളിൽ സാക്ഷാലുദ്ദേശ്യത്തിൽനിന്ന് എങ്ങോ വഴുതിപ്പോവുകയും, പശ്ചാത്തല പരിജ്ഞാനം ഇല്ലായ്ക മൂലം പലേടത്തും ഗുരുതരമായ തെറ്റുധാരണകൾക്ക് വശംവദരായിത്തീരുകയും ചെയ്യുന്നു.
എങ്ങനെയുള്ള ഗ്രന്ഥം?
എന്താണ് ഖുർആൻ? അതിന്റെ അവതരണവും ക്രോഡീകരണവും എവ്വിധം? അതിന്റെ പ്രതിപാദ്യം എന്ത്? എല്ലാ ചർച്ചകളും ഏതു ലക്ഷ്യത്തിലേക്ക് നയിക്കുന്നു? വൈവിധ്യമാർന്ന അനേകം വിഷയങ്ങൾ ഏതൊരു കേന്ദ്രവിഷയവുമായി ബന്ധിച്ചിരിക്കുന്നു? ആശയപ്രകാശനത്തിന് ഏത് ശൈലിയും സമർഥനരീതിയുമാണ് സ്വീകരിച്ചിട്ടുള്ളത്? ഇതുപോലുള്ള നിരവധി സുപ്രധാന ചോദ്യങ്ങൾക്ക് തുടക്കത്തിൽത്തന്നെ വ്യക്തവും വളച്ചുകെട്ടില്ലാത്തതുമായ മറുപടി ലഭിക്കുന്നപക്ഷം വായനക്കാരന് അനേകം അപകടങ്ങളിൽനിന്ന് രക്ഷപ്പെടാവുന്നതാണ്. അയാളുടെ പഠന-പരിചിന്തന സരണി തുറസ്സായിത്തീരുകയും ചെയ്യും. എന്നാൽ, ‘മതപരമായൊരു ഗ്രന്ഥം’ എന്ന സങ്കൽപത്തോടെ വായന ആരംഭിക്കുന്ന ഒരാളുടെ മനസ്സിൽ ‘മത’ത്തിന്റെയും ‘ഗ്രന്ഥ’ത്തിന്റെയും പൊതു സങ്കൽപം നിലനിൽക്കും. പക്ഷേ, ആ സാങ്കൽപികചിത്രത്തിന് പാടെ വിപരീതമായ വസ്തുതയെ അഭിമുഖീകരിക്കുമ്പോൾ അതുമായി പൊരുത്തപ്പെടാൻ കഴിയാതെ ഏതോ അപരിചിത മഹാനഗരത്തിന്റെ ഇടവഴിയിൽപ്പെട്ട പരദേശിയെപ്പോലെ വഴിതെറ്റി, വിഷയതന്തു കിട്ടാതെ വരികൾക്കിടയിൽ ഉഴലുകയും ചെയ്യുന്നു. വിശ്വസാഹിത്യത്തിൽത്തന്നെ മാതൃകയില്ലാത്ത, സവിശേഷമായൊരു ഗ്രന്ഥമാണ് താൻ വായിക്കാൻ പോകുന്നതെന്ന യാഥാർഥ്യം നേരത്തേ ധരിപ്പിച്ചിരുന്നുവെങ്കിൽ ഈ പ്രയാസത്തിൽനിന്ന് വായനക്കാരനെ രക്ഷിക്കാമായിരുന്നു. അതെ, ലോകത്തെ മറ്റെല്ലാ ഗ്രന്ഥങ്ങളിൽനിന്നും ഭിന്നമായ സവിശേഷരീതിയിലാണ് ഖുർആൻ ക്രോഡീകൃതമായിട്ടുള്ളത്. പ്രതിപാദനം, ഉള്ളടക്കം, രചന എന്നിവയിലെല്ലാം അത് നിസ്തുലമാണ്. നാളിതുവരെയുള്ള ഗ്രന്ഥ പരിചയത്തിൽനിന്ന് മനസ്സിൽ പതിഞ്ഞിരിക്കുന്ന ‘പുസ്തക സങ്കൽപം’ ഈ ഗ്രന്ഥത്തെ മനസ്സിലാക്കാൻ സഹായകമല്ലെന്ന് മാത്രമല്ല, ഒട്ടേറെ പ്രതിബന്ധമായിരിക്കുകയും ചെയ്യും. ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കിൽ നേരത്തേ രൂപവത്കരിച്ചുവെച്ച സങ്കൽപങ്ങൾ എടുത്തുമാറ്റി, ഇതിന്റെതായ അദ്ഭുതസവിശേഷതകൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. ( തുടരും )
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5