Current Date

Search
Close this search box.
Search
Close this search box.

വ്യാഖ്യാനഭേദങ്ങൾ

ഖുർആനെ സംബന്ധിച്ച് പൊതുവേ ജനമനസ്സിൽ തറച്ചുനിൽക്കുന്ന മറ്റൊരു ചോദ്യമിതാണ്: ദൈവികഗ്രന്ഥത്തിന്റെ ആവിർഭാവത്തിനുശേഷം ഭിന്നിപ്പിലും കക്ഷിമാത്സര്യത്തിലും പെട്ടിരിക്കുന്നവരെയും സ്വമതത്തെ തുണ്ടംതുണ്ടമാക്കിയവരെയും ഖുർആൻ അതികഠിനമായി ഭർത്സിക്കുന്നുണ്ട്; അതേസമയം, ഖുർആനിക നിയമങ്ങളുടെത്തന്നെ വ്യാഖ്യാനങ്ങളിൽ സാരമായ അഭിപ്രായഭിന്നതകൾ കാണപ്പെടുകയും ചെയ്യുന്നു. പിൽക്കാല പണ്ഡിതന്മാർക്കിടയിൽ മാത്രമല്ല, പൂർവികരായ ഇമാമുകൾക്കും താബിഇകൾക്കും ഇടയിൽത്തന്നെ, നബിയുടെ സഖാക്കൾക്കിടയിൽപ്പോലും! ഇതെത്രത്തോളമെന്നാൽ, നിയമപ്രധാനമായ ഒരു സൂക്തത്തിനെങ്കിലും സർവാംഗീകൃതമായ ഒരു വ്യാഖ്യാനമുള്ളതായി കാണുന്നില്ല. അപ്പോൾ മതഭിന്നതയെ സംബന്ധിച്ച ഖുർആനികാധിക്ഷേപം ഇവർക്കെല്ലാം ബാധകമാണോ? അല്ലെങ്കിൽ ഖുർആൻ വിരോധിച്ച കക്ഷിത്വവും ഭിന്നതയും എവ്വിധമുള്ളതാണ്?

ഇതൊരു വിപുലമായ പ്രശ്‌നമാണ്. സവിസ്തര ചർച്ചക്ക് സന്ദർഭമില്ലാത്തതുകൊണ്ട് സാമാന്യവായനക്കാരന്റെ സംശയനിവൃത്തിക്കാവശ്യമായ ചില കാര്യങ്ങൾ മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. ദീനിൽ യോജിച്ചവരും ഇസ്‌ലാമിക സംഘടനയിൽ ഒന്നിച്ചവരുമായിരിക്കെ, കേവലം നിയമവിധികളുടെ വ്യാഖ്യാനങ്ങളിൽ സത്യസന്ധമായ ഗവേഷണഫലമായുണ്ടാകാവുന്ന ആരോഗ്യകരമായ അഭിപ്രായഭിന്നതകൾക്ക് ഖുർആൻ ഒരിക്കലും എതിരല്ല. മറിച്ച് , വക്രവീക്ഷണത്തിൽനിന്നുയിർകൊണ്ടതും കക്ഷിമാത്സര്യത്തിലേക്ക് നയിക്കുന്നതുമായ സ്വേച്ഛാ പ്രേരിതമായ ഭിന്നിപ്പിനെയാണത് ഭർത്സിക്കുന്നത്. ഈ രണ്ടുതരം ഭിന്നതകൾ അതതിന്റെ സ്വഭാവത്തിൽ വ്യത്യസ്തമായതുപോലെ, അനന്തരഫലങ്ങളെ വിലയിരുത്തുമ്പോഴും അവതമ്മിൽ തീരെ സാമ്യതയില്ല. അതുകൊണ്ടുതന്നെ അവയെ ഒരേ മാനദണ്ഡംകൊണ്ടളക്കാനും പാടുള്ളതല്ല.

ആദ്യം പറഞ്ഞ ഭിന്നത ഉദ്ഗമനത്തിന്റെ അന്തസ്സത്തയും ചലനബദ്ധമായ ജീവിതത്തിന്റെ ചൈതന്യവുമാണ്. പ്രത്യുൽപന്നമതികളും പ്രതിഭാശാലികളുമടങ്ങിയ ഏതു സമൂഹത്തിലും അതുണ്ടായിരിക്കും. ബുദ്ധിയുള്ള മനുഷ്യരുടെയല്ലാത്ത കേവലം പൊങ്ങുതടികളുടേതായ സമൂഹം മാത്രമേ അതിൽനിന്നൊഴിവാകൂ. പക്ഷേ, അങ്ങനെയല്ല, രണ്ടാമതു പറഞ്ഞ ഭിന്നത. അത് ഏതൊരു ജനവിഭാഗത്തിൽ തലപൊക്കിയിട്ടുണ്ടെങ്കിലും അവരെ ശിഥിലമാക്കിക്കളഞ്ഞിട്ടുണ്ട്. അത്തരം ഭിന്നതകൾ ആരോഗ്യത്തിന്റെ ലക്ഷണമല്ല; രോഗലക്ഷണമാണ്. അതിന്റെ പ്രത്യാഘാതങ്ങൾ ഒരു സമുദായത്തിനും ഗുണപ്രദമായിരിക്കുകയുമില്ല. ഈ ദ്വിവിധമായ ഭിന്നതകളുടെ അന്തരം വ്യക്തമായി മനസ്സിലാക്കപ്പെടേണ്ടതാണ്.( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles