Current Date

Search
Close this search box.
Search
Close this search box.

മനുഷ്യരാശിക്ക്‌ മാർഗദർശകം

ഖുർആൻ അഖില മനുഷ്യരാശിയുടെ മാർഗദർശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാൽ, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുർആൻ വായിച്ചുനോക്കുന്ന ഒരാൾക്ക് കാണാൻകഴിയുന്നത്. ചിലപ്പോഴൊക്കെ അത് മാനവകുലത്തെ പൊതുവായി ആഹ്വാനം ചെയ്യുന്നുവെങ്കിലും അറബികളുടെ അഭിരുചികളും ആചാരവിചാരങ്ങളുമായി, അറേബ്യയുടെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുർആന്റെ പ്രതിപാദനങ്ങളധികവും. ഇതൊക്കെ കാണുമ്പോൾ മനുഷ്യവർഗത്തിന് മാർഗദർശകമായി വന്ന ഒരു ഗ്രന്ഥത്തിൽ ഇത്രയേറെ ആനുകാലികതയും ദേശീയ-സാമുദായികച്ചുവയും എന്തുകൊണ്ടാണെന്ന് വായനക്കാരൻ ചിന്തിച്ചുപോവുന്നു. പ്രശ്‌നത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകാത്തതിന്റെ ഫലമായി, ഖുർആൻ സമകാലികരായ അറബികളുടെ ഉദ്ധാരണാർഥം അവതരിപ്പിച്ചതാണെന്നും പിന്നീടതിനെ വലിച്ചുനീട്ടി മാനുഷ്യകത്തിന്റെ ശാശ്വത മാർഗദർശകഗ്രന്ഥമായി പ്രതിഷ്ഠിച്ചതായിരിക്കണമെന്നും അയാൾ സംശയിക്കാനിടവരുന്നു.

കേവലം വിമർശിക്കാൻ വേണ്ടി വിമർശിക്കുന്നവരുടെ കാര്യം ഇരിക്കട്ടെ; പ്രശ്‌നം യഥാർഥമായും മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവരോട് എനിക്ക് ഉപദേശിക്കാനുള്ളത്, ആദ്യമായി ഖുർആൻ ഒന്നുകൂടി വായിച്ചുനോക്കണമെന്നാണ്. അറബികൾക്ക് പ്രത്യേകമെന്നോ സ്ഥലകാലപരിതഃസ്ഥിതികൾകൊണ്ട് പരിമിതമെന്നോ സത്യത്തിൽ തോന്നാവുന്ന വല്ല ആദർശസിദ്ധാന്തവും ഖുർആൻ ഉന്നയിച്ചിട്ടുണ്ടെങ്കിൽ, അങ്ങനെ വല്ല സദാചാരതത്ത്വമോ നിയമചട്ടമോ വിവരിച്ചിട്ടുണ്ടെങ്കിൽ അതത് സ്ഥാനങ്ങളിൽ അതെല്ലാം ഒന്ന് അടയാളപ്പെടുത്തട്ടെ.

ഒരു പ്രത്യേക ഭൂഭാഗത്തിലെയും കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്ത് അവരുടെ ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളെ ഖണ്ഡിക്കുന്നുവെന്നതും, ന്യായസമർഥനത്തിന് അവർക്കു ചുറ്റിലുമുള്ള വസ്തുതകളവലംബിച്ച് ഏകദൈവത്വത്തെ സ്ഥാപിക്കുന്നുവെന്നതും ഖുർആന്റെ സന്ദേശം കാലികമോ പ്രാദേശികമോ ആണെന്ന് വിധികൽപിക്കാൻ മതിയായ കാരണങ്ങളല്ല. പരിഗണനീയമായ വസ്തുത ഇതാണ്: ബഹുദൈവത്വഖണ്ഡനമായി ഖുർആൻ ഉന്നയിക്കുന്ന കാര്യങ്ങൾ അറേബ്യൻ മുശ്‌രിക്കുകളുടെയെന്നപോലെ ലോകത്തിലെ മറ്റേതു ബഹുദൈവത്വവിശ്വാസത്തിനും തുല്യനിലയിൽ ബാധകമാകുന്നില്ലേ? അപ്രകാരംതന്നെ, ഏകദൈവത്വ സ്ഥാപനത്തിന് ഖുർആൻ സമർപ്പിച്ച ന്യായങ്ങൾ സ്ഥലകാലപരമായ ചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ. ‘അതെ’ എന്നാണ് മറുപടിയെങ്കിൽ, ഒരു പ്രത്യേക കാലഘട്ടത്തിൽ ഒരു പ്രത്യേക സമുദായെത്ത അഭിമുഖീകരിച്ച് ഉന്നീതമായി എന്നതുകൊണ്ടുമാത്രം ഒരു സാർവലൗകികസന്ദേശത്തെ കാലികവും പ്രാദേശികവുമായി മുദ്രകുത്താൻ ഒരു ന്യായീകരണവുമില്ല. ആദ്യന്തം നിരപേക്ഷമായി (Abstract) ഉന്നയിക്കപ്പെട്ടതും ഏതെങ്കിലുമൊരു പരിതഃസ്ഥിതിയുമായി സംയോജിപ്പിക്കാതെ വിശദീകരിക്കപ്പെട്ടതുമായ ഒരു പ്രത്യയശാസ്ത്രവും ജീവിതവ്യവസ്ഥയും ചിന്താപ്രസ്ഥാനവും ഇന്നോളം ലോകത്തുണ്ടായിട്ടില്ലെന്നതാണ് പരമാർഥം. ഒന്നാമത്: അത്രമേൽ സമ്പൂർണമായ നിരപേക്ഷത സാധ്യമല്ല. സാധ്യമെങ്കിൽത്തന്നെ, ആ രീതിയിൽ ഉന്നീതമായ ആദർശസിദ്ധാന്തങ്ങൾ ഗ്രന്ഥത്താളുകളിൽ അവശേഷിക്കുകയല്ലാതെ തലമുറകളുടെ ജീവിതത്തിൽ അലിഞ്ഞുചേർന്ന് പ്രായോഗിക ജീവിതവ്യവസ്ഥയായി രൂപംകൊള്ളുക തീരെ അസംഭവ്യവുമാണ്.

ചിന്താപരവും ധാർമികവും നാഗരികവുമായ ഒരു പ്രസ്ഥാനത്തെ രാഷ്ട്രാന്തരീയ തലത്തിൽ പ്രചരിപ്പിക്കുക ലക്ഷ്യമാണെങ്കിൽ തുടക്കത്തിൽത്തന്നെ അതിനെ തികച്ചും രാഷ്ട്രാന്തരീകരിക്കാൻ ശ്രമിച്ചുകൊള്ളണമെന്നില്ല. അത് ഫലപ്രദവുമല്ല എന്നതാണ് പരമാർഥം. മാനവജീവിത വ്യവസ്ഥിതിക്കടിസ്ഥാനമായി ആ പ്രസ്ഥാനം ഉന്നയിക്കുന്ന ആദർശസിദ്ധാന്തങ്ങളെയും മൗലികതത്ത്വങ്ങളെയും പ്രസ്ഥാനത്തിന്റെ ജന്മഭൂമിയിൽത്തന്നെ പൂർണശക്തിയോടെ സമർപ്പിക്കുകയാണ് യഥാർഥത്തിലേറ്റവും ശരിയായ മാർഗം. ആരുടെ ഭാഷയും ആചാര-വിചാരങ്ങളും സ്വഭാവചര്യകളുമായി പ്രസ്ഥാനനായകൻ ഇഴുകിച്ചേർന്നിരിക്കുന്നുവോ ആ ജനതയുടെ മനസ്സിൽ അതിനെ കരുപ്പിടിപ്പിക്കുകയെന്നതാവണം അയാളുടെ പ്രഥമപ്രവർത്തനം. അങ്ങനെ തന്റെ സിദ്ധാന്തങ്ങൾ സ്വന്തം നാട്ടിൽ പ്രാവർത്തികമാക്കുകയും തദടിസ്ഥാനത്തിൽ ഒരു ജീവിതവ്യവസ്ഥ വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്യുകവഴി ലോകത്തിന്റെ മുന്നിൽ ഒരു മാതൃക സമർപ്പിക്കുകയാണ് കരണീയമായിട്ടുള്ളത്. അപ്പോൾ, അന്യരാജ്യങ്ങളും ജനങ്ങളും അങ്ങോട്ട് ശ്രദ്ധതിരിക്കും. ചിന്താശീലരായ ആളുകൾ മുന്നോട്ടുവന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കാനും അവരവരുടെ നാടുകളിൽ അതിനെ നടപ്പിൽവരുത്താനും ശ്രമിക്കുന്നതാണ്.

ചുരുക്കത്തിൽ, ഒരു ചിന്താ-കർമപദ്ധതി ആരംഭത്തിൽ ഒരു പ്രത്യേകജനതയിൽ സമർപ്പിക്കപ്പെട്ടതും ന്യായസമർഥനശേഷി മുഴുക്കെ ആ ജനതയെ ബോധവാന്മാരാക്കാൻ നിയോഗിക്കപ്പെട്ടതും പ്രസ്തുത പദ്ധതി കേവലം സാമുദായികമോ ദേശീയമോ ആയിരുന്നുവെന്നതിന് തെളിവാകുന്നില്ല. ഒരു ദേശീയ സാമുദായിക വ്യവസ്ഥയെ സാർവദേശീയവും സാർവജനീനവുമായ വ്യവസ്ഥയിൽനിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വതസ്വഭാവമുള്ള ഒരു വ്യവസ്ഥയിൽനിന്നും വേർതിരിക്കുന്ന സവിശേഷതകൾ യഥാർഥത്തിൽ ഇവയാണ്: ദേശീയ-സാമുദായികവ്യവസ്ഥ ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും അഭ്യുന്നതിക്കുവേണ്ടിയും അവരുടെ പ്രത്യേക അവകാശതാൽപര്യങ്ങൾക്കുവേണ്ടിയും വാദിക്കുന്നു. ഇതര ജനസമുദായങ്ങളിൽ പ്രാവർത്തികമാക്കാനരുതാത്ത ആദർശ-സിദ്ധാന്തങ്ങളെയായിരിക്കും അതു പ്രതിനിധാനം ചെയ്യുന്നത്. ഇതിന് വിപരീതമായി, സാർവദേശീയ വ്യവസ്ഥ എല്ലാ മനുഷ്യർക്കും തുല്യപദവിയും തുല്യാവകാശങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ ആദർശ- സിദ്ധാന്തങ്ങളിൽ സാർവലൗകികത ഉൾക്കൊളളുകയും ചെയ്യുന്നു. അപ്രകാരംതന്നെ, കാലികമായ ഒരു വ്യവസ്ഥ അനിവാര്യമായും കാലത്തിന്റെ ചില തകിടംമറിച്ചിലുകൾക്കും ശേഷം തികച്ചും അപ്രായോഗികമായിത്തീരുന്ന ആദർശ-സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായിരിക്കും. എന്നാൽ, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകൾക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങൾ. ഈ പ്രത്യേകതകൾ കണക്കിലെടുത്ത് ഖുർആൻ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കൽപത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താൻ കഴിയുമോ എന്ന് ശ്രദ്ധാപൂർവം ഒന്ന് ശ്രമിച്ചുനോക്കുക!( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles