Current Date

Search
Close this search box.
Search
Close this search box.

പഠനരീതി

വിശുദ്ധ ഖുർആൻ പോലൊരു ഗ്രന്ഥത്തെ അനേകായിരമാളുകൾ അനേകം ഭിന്ന ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്. ഈ എല്ലാ തരക്കാരുടേയും ഉദ്ദേശ്യതാൽപര്യങ്ങൾ കണക്കിലെടുത്ത് ഉപദേശം നൽകുക സാധ്യമായ കാര്യമല്ല. അന്വേഷകരുടെ ഈ ഘോഷയാത്രയിൽ, ഖുർആൻ മനസ്സിലാക്കാനും മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളിൽ എന്തുമാർഗനിർദേശമാണത് നൽകുന്നതെന്നറിയാനും ആഗ്രഹിക്കുന്ന സത്യാന്വേഷകരിൽ മാത്രമേ എനിക്ക് താൽപര്യമുള്ളൂ. അങ്ങനെയുള്ളവർക്ക് ഖുർആൻ പഠനസംബന്ധമായി ചില ഉപദേശങ്ങൾ നൽകാനും പൊതുവിൽ ഈ വിഷയകമായി നേരിടാവുന്ന ചില പ്രയാസങ്ങൾ പരിഹരിക്കാനും ഞാൻ ശ്രമിക്കാം:

ഒരാൾ-ഖുർആനിൽ വിശ്വസിക്കട്ടെ, വിശ്വസിക്കാതിരിക്കട്ടെ-ഈ ഗ്രന്ഥം മനസ്സിലാക്കാൻ യഥാർഥത്തിലാഗ്രഹിക്കുന്നുവോ? എങ്കിലാദ്യം, നേരത്തേ രൂപവത്കൃതമായ ധാരണകളിൽനിന്നും സിദ്ധാന്തങ്ങളിൽനിന്നും അനുകൂലമോ പ്രതികൂലമോ ആയ താൽപര്യങ്ങളിൽനിന്നും മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുക. ഗ്രഹിക്കാനുദ്ദേശിച്ചുമാത്രം തുറന്നഹൃദയത്തോടെ പഠനം ആരംഭിക്കുക. അങ്ങനെയല്ലാതെ, ചില പ്രത്യേക ചിന്താഗതികൾ മനസ്സിൽവെച്ച് പാരായണം ചെയ്യുന്നവർ ഖുർആന്റെ വരികളിൽ സ്വന്തം ചിന്താഗതികളാണ് വായിക്കുക. ഖുർആന്റെ ഗന്ധംപോലും അവരെ സ്പർശിക്കുകയില്ല. ഒരു ഗ്രന്ഥത്തെ സംബന്ധിച്ചും ആശാസ്യമല്ല ഈ പഠനരീതി. വിശേഷിച്ച്, ഖുർആൻ ഇത്തരം വായനക്കാർക്ക് അതിന്റെ ആശയപ്രപഞ്ചത്തിലേക്ക് വാതിൽ തുറന്നുകൊടുക്കുകയേ ഇല്ല.

ഖുർആനിൽ സാമാന്യമായൊരു ജ്ഞാനം മാത്രമേ ഒരാൾക്കുദ്ദേശ്യമുള്ളൂവെങ്കിൽ ഒരാവൃത്തി വായിച്ചാൽ മതിയെന്നുവരാം. എന്നാൽ, ആ മഹദ്ഗ്രന്ഥത്തിന്റെ ആഴങ്ങളിലിറങ്ങിച്ചെല്ലാനാഗ്രഹിക്കുന്നവർ രണ്ടോ നാലോ തവണ വായിച്ചാലും മതിയാകുന്നതല്ല. പല പ്രാവശ്യം, ഓരോ തവണയും ഓരോ പ്രത്യേക രീതിയിൽ വായിക്കേണ്ടതുണ്ട്. ഒരു വിദ്യാർഥിയെപ്പോലെ പെൻസിലും നോട്ട്ബുക്കും കൈയിൽ കരുതി ആവശ്യമായ പോയന്റുകൾ കുറിച്ചെടുക്കുകയും വേണം. ഇപ്രകാരം വായിക്കാൻ സന്നദ്ധതയുള്ളവർ, ഖുർആൻ ഉന്നയിക്കുന്ന ചിന്താ-കർമ പദ്ധതികളെക്കുറിച്ച് പൊതുവായൊരു വീക്ഷണം ഉദ്ദേശിച്ചുകൊണ്ടുമാത്രം രണ്ടുതവണയെങ്കിലും ആദ്യന്തം വായിക്കേണ്ടതാണ്. ഈ പ്രാരംഭ പഠനമധ്യേ ഖുർആന്റെ സമ്പൂർണചിത്രം സമഗ്രമായൊന്നു നിരീക്ഷിക്കുക. അതുന്നയിക്കുന്ന മൗലിക സിദ്ധാന്തങ്ങൾ എന്തെല്ലാമാണെന്ന് കാണുക. അവയിൽ പ്രതിഷ്ഠിതമാകുന്ന ജീവിത വ്യവസ്ഥിതിയുടെ സ്വഭാവമെന്താണെന്ന് മനസ്സിലാക്കാനും കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇതിനിടയിൽ വല്ലേടത്തും വല്ല ചോദ്യവും മനസ്സിലുദിക്കുന്ന പക്ഷം അതെപ്പറ്റി അപ്പോൾ അവിടെവെച്ചുതന്നെ ധൃതിപ്പെട്ട് തീരുമാനമെടുക്കാതെ, അത് കുറിച്ചുവെക്കുകയും ക്ഷമാപൂർവം വായന തുടരുകയും ചെയ്യുക. തീർച്ചയായും മുന്നോട്ടെവിടെയെങ്കിലും അതിനുള്ള മറുപടി ലഭിക്കാനാണ് സാധ്യത. മറുപടി ലഭിച്ചുകഴിഞ്ഞാൽ ചോദ്യത്തോടൊപ്പം അതും കുറിച്ചുവെക്കുക. അഥവാ, പ്രഥമ വായനയിൽ തന്റെ ചോദ്യത്തിനുത്തരം ലഭിച്ചില്ലെങ്കിൽ ക്ഷമാപൂർവം രണ്ടാമതും വായിച്ചുനോക്കുക. സ്വാനുഭവം വെച്ചുപറഞ്ഞാൽ, അവഗാഹമായ രണ്ടാമത്തെ പാരായണത്തിൽ അപൂർവമായി മാത്രമേ ഏതെങ്കിലും ചോദ്യത്തിനുത്തരം ലഭിക്കാതിരുന്നിട്ടുള്ളൂ.

സവിസ്തര പഠനം
ഇവ്വിധം ഖുർആനെക്കുറിച്ച് ഒരു സമഗ്രവീക്ഷണം സാധിച്ചശേഷം സവിസ്തരമായ പഠനം ആരംഭിക്കേണ്ടതാകുന്നു. ഇവിടെ വായനക്കാരൻ ഖുർആനിക ശിക്ഷണങ്ങളുടെ ഓരോ വശവും പഠിച്ച് നോട്ട് ചെയ്യേണ്ടതാണ്. ഉദാഹരണമായി, മാനുഷ്യകത്തിന്റെ ഏത് മാതൃകയാണ് ഖുർആൻ അഭിലഷണീയമായിക്കാണുന്നതെന്നും ഏതു മാതൃകയിലുള്ള മനുഷ്യനാണതിന്റെ ദൃഷ്ടിയിൽ അനഭിലഷണീയനെന്നും മനസ്സിലാക്കാനാഗ്രഹിക്കുന്നുവെന്നിരിക്കട്ടെ, വിഷയം സുഗ്രഹമാകേണ്ടതിനായി, അഭിലഷണീയവും അനഭിലഷണീയവുമായ മനുഷ്യമാതൃകകളുടെ ഭിന്ന സവിശേഷതകൾ തന്റെ നോട്ട്ബുക്കിൽ കുറിച്ചുവെക്കേണ്ടതാണ്. അപ്രകാരംതന്നെ ഖുർആനിക വീക്ഷണത്തിൽ മനുഷ്യമോക്ഷത്തിനു നിദാനമായ കാര്യങ്ങളേതെല്ലാമാണെന്ന് അറിയുകയാണുദ്ദേശ്യമെന്നിരിക്കട്ടെ, ഇതും വ്യക്തതയോടെ വിശദമായി അറിയാനുള്ള ക്രമം, തന്റെ നോട്ടിൽ മോക്ഷഹേതുക്കളെന്നും നാശഹേതുക്കളെന്നും രണ്ടു ശീർഷകങ്ങൾ പരസ്പരാഭിമുഖമായി കുറിക്കുകയും ദിവസേന ഖുർആൻ പാരായണ മധ്യേ രണ്ടുതരം കാര്യങ്ങളും നോട്ട്‌ചെയ്തുപോരുകയുമാകുന്നു. ഇങ്ങനെ വിശ്വാസം, സദാചാരം, അവകാശബാധ്യതകൾ, സാമൂഹികത, നാഗരികത, സാമ്പത്തികം, രാഷ്ട്രീയം, നിയമം, സംഘടന, യുദ്ധം, സന്ധി എന്നുവേണ്ട ജീവിതപ്രശ്‌നങ്ങളോരോന്നിനെക്കുറിച്ചുമുള്ള ഖുർആനികാധ്യാപനങ്ങൾ കുറിച്ചുവെക്കുകയും ഓരോ ജീവിതമേഖലയുടെയും പൊതുവായ ചിത്രമെന്തെന്നും ആ എല്ലാ ചിത്രങ്ങളും സമുച്ചയിക്കപ്പെടുമ്പോൾ രൂപപ്പെടുന്ന സമ്പൂർണ ജീവിതചിത്രം മനസ്സിലാക്കാൻ ശ്രദ്ധിക്കുകയും വേണ്ടതാണ്.

ഇനി, ഏതെങ്കിലും ഒരു പ്രത്യേക ജീവിതപ്രശ്‌നത്തിൽ ഖുർആന്റെ വീക്ഷണഗതി കണ്ടെത്താനാണ് ഒരാൾക്ക് ഉദ്ദേശ്യമെങ്കിൽ അതിന് ഏറ്റവും മെച്ചമായ പഠനരീതി ഇതാണ്: ആദ്യമായി ബന്ധപ്പെട്ട പ്രശ്‌നം എന്താണെന്ന്, തദ്വിഷയകമായുള്ള പ്രാചീനവും ആധുനികവുമായ ഗ്രന്ഥങ്ങൾ ആഴത്തിൽ പഠിച്ച് വിലയിരുത്താൻ ശ്രദ്ധിക്കുക. പ്രശ്‌നത്തിന്റെ മൗലികബിന്ദുക്കൾ എന്തെല്ലാമാണ്? മനുഷ്യർ തദ്‌സംബന്ധമായി ഇന്നോളം എന്തെല്ലാം ചിന്തിക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്? എന്നിട്ടും അപരിഹാര്യമായി അവശേഷിക്കുന്ന വസ്തുതകൾ എന്തെല്ലാം? പ്രശ്‌നത്തിൽ എവിടെച്ചെന്നാണ് മനുഷ്യചിന്ത ഗതിമുട്ടിനിൽക്കുന്നത്? എന്നെല്ലാം വ്യക്തമായി മനസ്സിലാക്കുക. അനന്തരം, പരിഹാരാർഹങ്ങളായ പ്രശ്‌നങ്ങൾ മുന്നിൽവെച്ച് ഖുർആൻ പാരായണം ചെയ്യുക. ഇങ്ങനെയൊരു പ്രശ്‌നത്തിന്റെ പരിഹാരാർഥം ഖുർആൻ വായിക്കാനിരുന്നാൽ അതിനുമുമ്പ് പലവട്ടം വായിച്ചിരിക്കാവുന്ന സൂക്തങ്ങളിൽത്തന്നെ ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി ലഭിക്കുമെന്നതാണ് വ്യക്തിപരമായി എന്റെ അനുഭവം. ഈയൊരു വിഷയവും അവിടെ മറഞ്ഞിരിപ്പുണ്ടായിരുന്നു എന്ന ചിന്ത അതിന് മുമ്പൊരിക്കലും മനസ്സിലുദിച്ചിരിക്കയേ ഇല്ല!( തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles