Quran

ഖാബീലിന്റെയും ഹാബീലിന്റെയും കഥയിൽ നിന്നുള്ള 14 പാഠങ്ങൾ

പ്രവാചകൻ ആദം (അ )ന്റേയും അദ്ദേഹത്തിന്റെ പുത്രന്മാരായ ഖാബീലിന്റെയും -അധർമിയും കൊലപാതകിയും -ഹാബീലിന്റെയും -ധർമാനുസാരിയും പീഡിതനും -കഥയിൽ നിന്ന് ശേഖരിക്കാവുന്ന 14 പാഠങ്ങൾ ചുവടെ ചേർക്കുന്നു. ഖുർആനിലെ അധ്യായമായ സൂറ മാഇദയിലെ 27-31 ആയത്തുകളിലാണ് ഈ കഥ വിവരിക്കുന്നത്. ജൂതന്മാർ, ക്രൈസ്തവർ, മുഹമ്മദ് നബി (സ )യും അദ്ദേഹത്തിന്റെ അനുയായികൾ എന്നിവരുമായി ബന്ധപ്പെട്ട്  നിരവധി സന്ദർഭങ്ങളിൽ കഥ പരാമർശിച്ചിരിക്കുന്നു.

പ്രസ്തുത പാഠങ്ങൾ താഴെ :-

1. അല്ലാഹുവിലുള്ള ഏക മതം ഇസ്‌ലാമാണ്. (ആലു ഇമ്രാൻ -19).അതല്ലാത്ത മറ്റൊന്നും സ്വീകാര്യമല്ല. (ആലു ഇമ്രാൻ -85).അതിനാൽ ആദം (അ ) മുതൽ മുഹമ്മദ് (സ ) വരെയുള്ള എല്ലാ പ്രവാചകന്മാരും അല്ലാഹുവല്ലാതെ വേറെ ദൈവവും സ്രഷടാവു മില്ലെന്നും അവനെ മാത്രം ആരാധിക്കാനുമാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്.(അൽ -അമ്പിയാഅ -25).

മറ്റെല്ലാ മതങ്ങളും ഇസ്‌ലാമിന്റെ വികലമായ പതിപ്പുകളേയോ മനുഷ്യനിർമിത അന്ധവിശ്വാസങ്ങളേയോ വിശ്വാസപ്രമാണങ്ങളേയോ ആണ് പ്രതിനിധീകരിക്കുന്നത്. തന്റെ സ്രഷ്ടാവും യജമാനുമായ അല്ലാഹുവിനോട് മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ ആത്മീയ അപരാധങ്ങൾ ബഹുദൈവവിശ്വസം, നിരീശ്വരവാദം, അജ്ഞേയതാവാദം എന്നിവയാണ്. തീർച്ചയായും ബലി (കുർബാൻ )എന്നത് ആദം (അ )യുടെ കാലത്ത് വിശ്വാസപരമായും ആചാരപരമായും ഇസ്‌ലാമിക ആരാധനയുടെ ഒരു വശമായിരുന്നു.

2. ‘വായിക്കുക ‘ എന്ന കല്പനയോടെയാണ് കഥ ആരംഭിക്കുന്നത്. അല്ലാഹു മുഹമ്മദ് (സ ) ക്ക് അറിയിച്ചു കൊടുത്ത അറിവിന്റെ ഭാഗമാണീ കഥ എന്നാണതിനർത്ഥം. അത് അന്തർജ്ഞാനത്തിന്റെയോ ആർജിത അറിവിന്റേയോ ഭാഗമല്ലാത്തതിനാൽ തന്നെ പ്രവാചകൻ (സ )യോട് സർവ്വജ്ഞനായ സ്രഷ്ടാവ് അദ്ദേഹത്തിന് അവതരിച്ചത് കേവലം പാരായണം ചെയ്യാൻ മാത്രമാണ് ആവശ്യപ്പെട്ടത്.

3. നബി (സ )യോട് കഥ സത്യത്തിൽ  വായിക്കാൻ നിർദേശിക്കപ്പെട്ടതിൽ നിന്ന് കഥ സത്യവും പരമാർത്ഥവുമാണെന്ന് വ്യക്തമാണ്. അത് ഒരുതരത്തിലും കെട്ട്കഥയോ ഐതിഹ്യമോ അല്ല. അല്ലാഹു അവതരിപ്പിക്കുകയും വിശുദ്ധ ഖുർആനിൽ രേഖപ്പെടുത്തി പാരായണം ചെയ്യപ്പെടുകയും ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളും പോലെ ഈ കഥയും ഒരു ദൃഷ്ടാന്തമാണ്. അതിനുപുറമെ അനേകം തത്വജ്ഞാനങ്ങളും നിത്യജീവിതത്തിനുതകുന്നതും പ്രായോഗികവുമായ നിരവധി പാഠങ്ങളും അത് ഉൾകൊള്ളുന്നു.

4.ഈ കഥ അവരോട് വായിച്ചു കേൾപ്പിക്കാനുള്ളതാണ്. “അവർ ” എന്നത് കൊണ്ട് പ്രാഥമികമായി ജൂതന്മാരെയും ക്രൈസ്തവരെയുമാണ് ഉദ്ദേശിക്കുന്നതെങ്കിലും മുസ്‌ലിംകളെയും സകല മനുഷ്യകുലത്തേയും ഉൾകൊള്ളുന്നു.

പ്രവാചകരാൽ അറിയിച്ചു തരുന്ന സന്ദേശങ്ങൾക്ക് അവരുമായി പ്രത്യക്ഷമോ പരോക്ഷമോ വിദൂരമോ അടുത്തതോ ആയ യാതൊരു ബന്ധമോ പദവിയോ വിശേഷാധികാരമോയില്ല. സത്യവും നീതിയും പരമോന്നതവും നിഷ്പക്ഷവുമാണ്. ഓരോരുത്തരും അവരവരുടെ ഭാരം വഹിക്കുന്നവരും സ്വന്തം വിധിയുടെ യജമാനനുമാണ്. ഖുർആൻ പറയുന്നു :”പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല “. (ഫാത്വിർ -18).

ആദം (അ )മിന്റെ മകനായിട്ട് പോലും തന്റെ സഹോദരനെ കൊന്ന പാപത്തിൽ നിന്ന് ഖാബീലിനെ ഒഴിവാക്കാനായില്ലെങ്കിൽ സ്വന്തം തെറ്റുകളുമായി ബന്ധപ്പെട്ട് മധ്യസ്ഥതക്കും സഹായത്തിനുമുള്ള അഭയസ്ഥാനമായി എന്ത് പ്രതീക്ഷയാണ് മറ്റുള്ളവർക്കുള്ളത്. പ്രവാചകരെയും സത്യത്തേയും കുറിച്ച ദുർവൃത്തികൾക്ക്  മറ്റാരെയും പോലെ ജൂതരും ക്രൈസ്തവരും ഉത്തരവാദികളാണ്.

5. ഗർവ്വിനാലും ആത്മവഞ്ചനയാലും ഉടലെടുത്ത അസൂയയാലാണ് ഖാബീൽ ഹാബീലിനെ കൊന്നത്. (“എന്നിട്ട്‌ തന്‍റെ സഹോദരനെ കൊല്ലുവാന്‍ അവന്‍റെ മനസ്സ്‌ അവന്ന്‌ പ്രേരണ നല്‍കി. അങ്ങനെ അവനെ കൊലപ്പെടുത്തി”.സൂറ മാഇദ, 30). മനുഷ്യകുലത്തിന്റെ അന്ത്യപ്രവാചകൻ എന്ന നിലയിൽ മുഹമ്മദ് നബി (സ ) പലപ്പോഴും പലരുടെയും -പ്രത്യേകിച്ചും പകയുള്ള ജൂതന്മാരുടെയും ക്രൈസ്തവരുടെയും -അതിരില്ലാത്ത അസൂയയുടെയും ആക്രമണത്തിന്റെയും പാത്രമാകുമെന്ന് ഈ കഥയിലൂടെ അല്ലാഹു പരസ്യപ്പെടുത്തുകവും താക്കീത് നൽകുകയും അതിനായി അദ്ദേഹത്തെ ഒരുക്കുകയും ചെയ്യുന്നു.

അദ്ദേഹത്തിനും അവിടുത്തെ പിൻപറ്റുന്നവർക്കുമായി അവതരിച്ച ഇസ്‌ലാമിക സന്ദേശത്തിനും ഇത് ബാധകമാണ്. അതിനാൽ നബി (സ ) പറഞ്ഞു :”ഏതെങ്കിലും കാര്യത്താൽ അനുഗ്രഹീതരായ ഏവരും ഒഴിച്ചുകൂടാനാവാത്ത വിധം അസൂയക്ക് വിധേയരായിട്ടുണ്ട് “.അസൂയ അനുഗ്രഹത്താൽ ആരംഭിക്കുന്നു. നബി (സ ) കൂടുതലായി അനുഗ്രഹിക്കപ്പെടുകയും മുസ്‌ലിങ്ങൾ കൂടുതലായി വിജയം കൈവരിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തോടും മുസ്‌ലിങ്ങളോടുമുള്ള ശത്രുത എന്നും വലുതും തീക്ഷ്ണവുമായിരിക്കും. ഇത് മനസ്സിലാക്കിയ ഒരുവൻ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും നബി (സ )ക്കുമെതിരെ ആഗോളതലത്തിൽ ഇന്ന് നടക്കുന്ന ബഹളങ്ങളിൽ ഒട്ടും   അത്ഭുതപ്പെടില്ല. ഇസ്‌ലാമിക സന്ദേശവും ഖുർആനും പ്രവചിച്ചത് പോലെ  ഇസ്‌ലാമോഫോബിയയുടെ മൂലകാരണം വളരെയധികം വ്യക്തമാണ്.

പല സന്ദർഭങ്ങളിലും മുസ്‌ലിംകൾ ചെയ്ത കുറ്റമെന്നത് അവർ മുസ്‌ലിംകളും ദിവ്യമായ സത്യത്തെ പിന്തുടരുകയും അതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്തുവെന്നത് മാത്രമാണ്. പൊതുവെ കാപട്യം, കളവ്, അനശ്വരത്വം, അഴിമതി, വിഡ്ഢിത്വം എന്നിവ ഇന്ന് ലോകത്തിൽ പരമോന്നതമായി വാഴുന്നു. വിഷം പുരണ്ട കോപ്പ പോലെ, അവ സ്വാതന്ത്രം, ജനാധിപത്യം, ആധുനികത്വം, പുരോഗതി, ആഗോളവത്കരണം, സംസ്കാരശുദ്ധീകരണം എന്നിവയുടെ പേരിലാണ് അപ്രകാരം ചെയ്യുന്നത്. പിശാച് ഒരിക്കലും വിശ്രമിക്കുന്നില്ല. സത്യം, നന്മ, സ്വഭാവദാർഢ്യം എന്നിവ പ്രവർത്തനരഹിതമാണ്. അവ അല്പം മാത്രം മതിയെങ്കിലും മിക്കപ്പോഴും ഏറ്റവും വലിയ തെറ്റുകളായാണ് അവ മാറുന്നത്. ഖേദകരമെന്ന് പറയട്ടെ, ഖാബീലിന്റെ ആത്മാവിനെ സാർവത്രികമായ ശരിയും നാശത്തെ ലോകത്തിന്റെ സത്യവും വെളിച്ചവുമായാണ് ഇന്ന്  കണക്കാക്കുന്നത്.

6. ആദം (അ )യും അദ്ദേഹത്തിന്റെ കുടുംബവും നാമുൾപ്പെട്ട പിൻതലമുറയിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തമല്ലാത്ത ഭൗതിക ജീവിതമാണ് നയിച്ചത്. അല്ലാഹു സ്വകരങ്ങളാൽ അവന്റെ രൂപകല്പനയനുസരിച്ച് സൃഷ്‌ടിച്ച, മലക്കുകളോട് സാഷ്ടാംഗം ചെയ്യാൻ കല്പിക്കപെട്ട, എല്ലാ വസ്തുക്കളുടേയും പേര് പഠിപ്പിക്കപ്പെട്ട, ഭൗതിക ദ ത്യവും ലക്ഷ്യവും പൂർത്തിയാക്കാൻ എന്ത് ചെയ്യണമെന്ന് പഠിപ്പിച്ച പ്രവാചകനാണ് ആദം (അ ). മാർഗ്ഗം, സമ്പ്രദായം, വ്യവസ്ഥ, സാഹചര്യം എന്നിവ മാറ്റങ്ങൾക്ക് വിധേയമാകുമ്പോളും  ജീവന്റെ അസ്തിത്വം എല്ലായ്‌പോഴും ഒരുപോലെ തുടരുന്നു.

ഡാ ർവേനിയൻ പരിണാമം എന്ന ഒരു സിദ്ധാന്തമോ, മനുഷ്യസമാനമായ പ്രാകൃത ജീവികൾ ആണെന്ന കാരണത്താൽ  ആദിമ മനുഷ്യർ ഗുഹകളിൽ താമസിച്ചിരുന്നു എന്ന വിശ്വാസമോ ശരിയല്ല. അവ മനുഷ്യനാൽ നിർമിതമായ ഏറ്റവും വലിയ കള്ളന്യായങ്ങളും  തട്ടിപ്പുകളുമാണ്. ചരിത്രാതീതവും പ്രാകൃതവും അപരിഷ്‌കൃതവുമായ കാലഘട്ടങ്ങളിൽ നിന്ന് ആധുനികവും പുരോഗമനവും പരിഷ്‌കൃതവുമായ ഘട്ടങ്ങളിലേക്കുള്ള പ്രസ്ഥാനമെന്ന് വാദിക്കുന്ന ചരിത്രത്തിന്റേയും നാഗരികതയുടേയും മുഴുവൻ ആശയങ്ങളും പുനർ പരിശോധിക്കുകയും പുനർ നിർവചിക്കുകയും ചെയ്യേണ്ടതുണ്ട്. ആധുനിക പടിഞ്ഞാറൻ നാഗരികത സത്യത്തെ തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാക്കുകയും കളങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

7. ആദം (അ )യും അദ്ദേഹത്തെ അനുഗമിക്കുന്നവരും മികച്ച പരിഷ്‌കൃതരായിരുന്നു. ജീവിതത്തെ പൂർണരൂപത്തിൽ മനസ്സിലാക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്തവരാണവർ. അവർ തങ്ങളുടെ ജീവിത ദൗത്യം പൂർത്തീകരിക്കുകയും മരണാനന്തര ജീവിതത്തിൽ സ്വപ്രവർത്തനങ്ങളുടെ ഫലം കൊയ്യുകയും ചെയ്യുകയാണ്. നാമോരുത്തരും ചെയ്യേണ്ടതും നേടേണ്ടതുമായ കാര്യങ്ങളാണ് അവർ കൃത്യമായി ചെയ്യുകയും നേടുകയും ചെയ്തത്. ഒരാൾ അതെത്ര കൃത്യമായി ചെയ്യണമെന്നത് അപ്രസക്തമാണെങ്കിലും അങ്ങനെ ചെയ്യുമ്പോൾ നാം പിന്നോട്ടും മുന്നോട്ടുമെന്ന പോലെ അകത്തേക്കും പുറത്തേക്കും നോക്കേണ്ടതാണ്.

അസത്യം, മിഥ്യ, ഉപരിപ്ലത  എന്നിവയല്ല നാഗരികത കൊണ്ടുദ്ദേശിക്കുന്നത് മറിച്ച് സത്യം, ഉദ്ദേശ്യം, ലക്ഷ്യം എന്നിവയാണ്. അത് ഈ ലോകത്തിന്റെ പരിധിയിലുള്ള പ്രത്യക്ഷവും ഹ്രസ്യവുമായ ആനന്ദത്തേക്കാൾ ഇഹ -പര ലോകത്തെ ശാശ്വതമായ ശുഭാന്ത്യമാണ്. ഭൂതകാലത്തിന്റെ തേജസ്സും വർത്തമാനകാലത്തെ ആവേശവും നഷ്ടപ്പെടുത്തികൊണ്ട് ഭാവിയിലേക്ക് കുതിച്ചു കയറുന്നതല്ല നാഗരികത. മറിച്ച് ഭൂതകാലം, വർത്തമാനകാലം, ഭാവികാലം എന്നിവ തമ്മിലുള്ള ഒരു സമന്വയമാണത്. പുരോഗതിയുടേയും നാഗരികതയുടേയും ആശയങ്ങളെ തെറ്റിദ്ധരിക്കാനും തെറ്റായി പ്രയോഗിക്കാനുമുള്ള കുറ്റക്കാർ ആധുനികതയും ആധുനിക ചിന്താഗതിയുമാണെന്നത് അനിഷേധ്യമാണ്. ചുരുക്കത്തിൽ, ആദാമും ഭാര്യയും ഹാബീലും അവരുടെ കാലടികൾ പിന്തുടരുന്നവരും പരിഷ്‌കൃതരും വിജയികളുമാണ്. എന്നാൽ ഖാബീലും അവനെ പിൻപറ്റുന്നവരും അജ്ഞരും പ്രാകൃതരും പരാജിതരുമാണ്. ഓരോ യഥാർത്ഥ വിശ്വാസിയും ആദം (അ )നെപോലെ പരിഷ്‌കൃതരും പുരോഗമനവാദിയും വിജയിയുമാവാനാണ് ആഗ്രഹിക്കുന്നത്. ഒരു വശത്ത് ആധികാരിക നാഗരികതയും പുരോഗതിയും മറുവശത്ത് ആത്മീയ -സദാചാര ലംഘനങ്ങളും പരാജയങ്ങളും അനിശ്ചിതത്വവും സംശയവും ഒരിക്കലും ഒരുമിച്ച് ചേർക്കാനാവുന്നതല്ല. ജീവിതത്തിന്റേയും നാഗരികതയുടേയും യഥാർത്ഥ അർത്ഥം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അല്ലാഹു തന്റെ പ്രവാചകന്മാരെ അയച്ചത്.

8. മനുഷ്യ ഉല്പത്തിയിൽ നിന്ന ഒരു അധ്യായമാണ് കഥ സൂചിപ്പിക്കുന്നത്. ശാശ്വതമായ മനുഷ്യസ്വഭാവത്തിന്റെയും അഭിനിവേശത്തിന്റെയും ശക്തിയുടേയും ബലഹീനതയുടെയും പ്രകടനവും ഒടുങ്ങാത്ത പരീക്ഷണരംഗമായ ജീവിതത്തിന്റെ മാതൃകയുമാണത് . അതിനുപുറമെ നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തിന്റെ സൂക്ഷ്മജഗത്തുമാണീ കഥ.

ഖാബീലും ഹാബീലും ബലിയർപ്പിച്ചുവെന്ന് കഥയിൽ നിന്ന് വ്യക്തമാകുന്നു. തന്റെ പെണ്മക്കളെ ആണ്മക്കൾക്ക് വിവാഹം ചെയ്ത് കൊടുക്കാൻ ആദം (അ )നെ അല്ലാഹു അനുവദിച്ചു. അക്കാലത്ത് അത് അനിവാര്യമായിരുന്നു. മിക്ക ഖുർആൻ വ്യാഖ്യാതാക്കളും വിവരിച്ചിരിക്കുന്നതെന്തെന്നാൽ, ഓരോ ഗർഭത്തിലും ആദം (അ )ന് ഇരട്ടക്കുട്ടികളെ -ആണും പെണ്ണും -ലഭിക്കുകയും അദ്ദേഹം ഒരു ഇരട്ടയുടെ പെണ്ണിനെ മറ്റേ ഇരട്ടയിലെ ആണിനു നൽകുകയും ചെയ്തു. ഹാബീലിന്റെ സഹോദരി ഖാബീലിന്റെ സഹോദരിയോളം സുന്ദരിയല്ലാത്തതിനാൽ ഖാബീൽ തന്റെ സഹോദരന് പകരം തനിക്കുവേണ്ടി അവളെ ആഗ്രഹിച്ചു. ഇരുവരോടും ആദം (അ ) ബലിയർപ്പിക്കാൻ ആവശ്യപ്പെടുകയും ആരുടെ ബലി സ്വീകരിക്കുന്നുവോ അവന് ഖാബീലിന്റെ സഹോദരിയെ വിവാഹം ചെയ്ത് തരാമെന്ന് സമ്മതിക്കുകയും ചെയ്തു.

അങ്ങനെ മതപരമായ ഒരു ആചാരമെന്ന നിലയിൽ അവർ ത്യാഗങ്ങൾ അർപ്പിച്ചു(സൂറ മാഇദ -27). ആട്ടിടയനായ ഹാബീൽ കൊഴുപ്പും ആരോഗ്യവുമുള്ള ആടിനേയും കർഷകനായ ഖാബീൽ ചീഞ്ഞ ചെടിയുടെ ഒരു കെട്ടും അർപ്പിച്ചു. ബലി വിതരണം ചെയ്യാൻ വേറെ ആരും തന്നെ ഇല്ലാത്തതിനാൽ അല്ലാഹുവിന്റെ സ്വീകരണത്തിന്റെ അടയാളമായി സ്വർഗത്തിൽ നിന്ന് ഒരു ജ്വാല വന്ന് ഹാബീലിന്റെ ബലി ദഹിപ്പിക്കുകയും പടച്ചവന്റെ നീരസത്തിന്റെയും നിരസനത്തിന്റെയും അടയാളമായി ഖാബീലിന്റെ ബലി ഉപേക്ഷിക്കപെടുകയുമുണ്ടായി.

9. മനുഷ്യൻ അന്തർലീനമായി ഉത്തമനാണ്. സ്നേഹവും അനുകമ്പയുമുള്ളവനാകാൻ കടപ്പെട്ടവനായിരിക്കെ അവൻ  തിന്മയെ പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. വെറുക്കാനും ക്രൂരത കാണിക്കാനും മാത്രമേ അവൻ പഠിക്കുന്നുള്ളൂ.ഭൂമിയിൽ അനന്തരമായി ഒരു തിന്മയും ലഭിച്ചിട്ടില്ലെന്നിരിക്കെ മനുഷ്യർ പിശാചിന്റെ സഹായത്തോടെ അവയെല്ലാം അവയെല്ലാം കണ്ടു പിടിക്കുന്നു. ഒന്ന് പരിശോദിച്ചാൽ, പിശാച് പോലും തിന്മയെ
സൃ ഷ്ടിച്ചിട്ടില്ലെന്ന്  മനസ്സിലാക്കാനാവും. അവൻ ബോധപൂർവ്വം അങ്ങനെ തിരഞ്ഞെടുക്കുകയായിരുന്നു. അതുവരെ യാതൊരു കൊലയും നടന്നിട്ടില്ലാത്തതിനാൽ ഹാബീലിനെ കൊല്ലാൻ തീരുമാനിച്ചപ്പോൾ അതെങ്ങനെ നിർവഹിക്കണമെന്ന് ഖാബീലിന് അറിയില്ലായിരുന്നു. അങ്ങനെ അവന് പിശാചി ന്റെ സഹായം  ആവശ്യമായിവന്നു. പ്രവാചകൻ (സ ) പറഞ്ഞു : “കൊലപാതകക്കുറ്റത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒരു ഭാഗം, ഭൂമിയിൽ കൊലപാതക പരമ്പര കണ്ടുപിടിച്ച ആദമിന്റെ ആദ്യ പുത്രന് നൽകിയിട്ടല്ലാതെ ഒരു മനുഷ്യനും അന്യായമായി കൊല്ലപ്പെടുന്നില്ല “(ബുഖാരി ).

10. വിശ്വാസത്തിന്റേയും പ്രവർത്തനത്തിന്റേയും മതമാണ് ഇസ്‌ലാം. ദൈവബോധം, ദൈവഭീതി, സുരക്ഷിതത്വം, പരമമായ മുൻകരുതൽ, സ്രഷ്ടാവിന്റെ മാർഗത്തിലുള്ള ആത്മസമർപ്പണം എന്നീ അർത്ഥമുള്ള തഖ്‌വയാണ് അതിന്റെ മൂർദ്ധന്യാവസ്ഥ. നമ്മുടെ കർമങ്ങൾ സ്വീകരിക്കാനുള്ള ഉപാധിയും അതുതന്നെയാണ്. പ്രവർത്തനം, ഉത്പാദനക്ഷമത, സമഗ്രമായ മികവ് എന്നീ തലങ്ങൾ ഉൾപ്പെടുന്ന ഇസ്‌ലാമിൽ കാര്യങ്ങൾ ചെയ്യുന്നതിന് തഖ്‌വ മാത്രം പര്യാപ്തമല്ല പകരം കർമ്മങ്ങൾ ഒന്നാം തരവും ഫലപ്രദവും ആത്മാർത്ഥവും പൂർണ്ണ ഹൃദയത്തോടെയുമായിരിക്കണം. മധ്യമനിലപാടുകളെയും ആത്മാർത്ഥയില്ലായ്മയേയും ഒരിക്കലും ഉൾകൊള്ളാവുന്നതല്ല.

സ്വാർത്ഥതയും അഹങ്കാരവും കാരണത്താൽ അന്ധനായ ഖാബീൽ ദൈവികസത്യത്തിന്റെ ഈ യുക്തി മനസ്സിലാക്കുന്നതിലും അതിനെ അംഗീകരിക്കുന്നതിലും പരാജയപ്പെട്ടു. തന്റെ ബലി സ്വീകരിച്ചില്ലെന്നറിഞ്ഞു പ്രകോപിതനും പരിഭ്രാന്തനുമായ ഖാബീൽ ഹാബീലിനോട് പറഞ്ഞു :”നിശ്ചയം ഞാൻ നിന്നെ കൊല്ലുക തന്നെ ചെയ്യും “(സൂറ മാഇദ 27). ആത്മാർത്ഥതയും മൂല്യവുമില്ലാത്തതിനാലാണ് ബലി സ്വീകരിക്കാതിരുന്നതെന്ന് (സൂറ മാഇദ 27) ഹാബീൽ പറഞ്ഞെങ്കിൽ പോലും ഉണർന്ന് യാഥാർഥ്യം ഗ്രഹിക്കുവാൻ ഖാബീൽ തയ്യാറായിരുന്നില്ല. സ്വന്തം തെറ്റുതന്നെയാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് അവൻ മനസ്സിലാക്കിയില്ല. തുടർന്ന്, ത്യാഗവും ആചാരക്രമവുമായി ബന്ധപ്പെട്ട് ഖുർആൻ അതേ തത്വം ആവർത്തിക്കുന്നു :”അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്‌ “.സൂറ ഹജ്ജ്, 37)

11. മനുഷ്യന്റെ ശുദ്ധപ്രകൃതവുമായി തിന്മ ഒരിക്കലും പൊരുത്തപ്പെടുന്നില്ല.തിന്മ  ഒരുവന്റെ ഹൃദയത്തിൽ  പ്രവേശിച്ച് അതിനെ കീഴടക്കുമ്പോൾ, തനിക്കും തന്റെ പ്രവർത്തനങ്ങൾക്കുമുള്ള ഒരു ആവാസ വ്യവസ്ഥയാണ് അതുവഴി തിന്മ സൃഷ്ടിച്ചെടുക്കുന്നത്. അത് അവിടെ നിന്ന് മുഴുവൻ സത്തയിലേക്കും വ്യാപിക്കുന്നു. ഒരു വ്യക്തിയുടെ ഹൃദയത്തേയും  ആത്മാവിനേയും മനസ്സിനേയും ഇരുണ്ടതാക്കുകയും ഇരുണ്ടതാക്കുകയും ദുഷിപ്പിക്കുകയും അങ്ങനെ അവനെ പൂർണമായി -ആത്മീയമായും ധാർമികമായും ബുദ്ധിപരമായും -നശിപ്പിക്കുകയും ചെയ്യുകയെന്നതാണ് തിന്മയുടെ ലക്ഷ്യം. ക്രമേണ ഈ അവസ്ഥ ആ ദുഷ്ടന് തന്നെ വ്യക്തമാവും. എന്നിരുന്നാലും അത് അംഗീകരിക്കുവാനും മാറ്റം വരുത്തുവാനുമുള്ള ധൈര്യമോ ഉദ്ദേശമോ സന്ദർഭോചിത നീക്കങ്ങളോ അവന്റെ ഭാഗത്ത് നിന്നുണ്ടാവില്ല. ഖാബീൽ അധർമത്തിന്റെയും പാപത്തിന്റെയും അഗാധത്തിലേക്ക് വീണുപോയതിന്റെ അടയാളമായിരുന്നു സഹോദരൻ ഹാബീലിന്റെ കൊലപാതകം. അവൻ അധർമികളുടെയും ദുഷ്പ്രവർത്തകരുടെയും(സൂറ മാഇദ -29) പരാജിതരുടെയും(സൂറ മാഇദ -30) കൂട്ടത്തിലാണെന്ന് അവന്റെ പ്രവൃത്തികളിൽ നിന്ന് തന്നെ വ്യക്തമാണ്.

ഖാബീൽ വിധേയനായ ദുഷ്പ്രക്രിയയുടെ പര്യാവസാനം കൊലപാതകമായിരുന്നു. തന്റെ ദുഷ്പ്രവൃത്തികളാൽ ദുരിതവും വിഷാദവുമല്ലാതെ മറ്റൊരു ഗുണവുമുണ്ടായില്ലെന്ന് ഖാബീൽ മനസ്സിലാക്കിയപ്പോൾ എല്ലാ തിന്മയുടെയും അവസാനത്തിൽ സംഭവിക്കുന്നതുപോലെ അവനും പശ്ചാത്തപിച്ചു  (സൂറ മാഇദ -31). എന്നാൽ അത് നന്നേ വൈകിപ്പോയെന്ന് അവന് ബോധ്യമായി. അവന്റെ വികാരങ്ങളിൽ സത്യസന്ധതയും മനസ്താപവും കുറവായിരുന്നു.വാസ്തവത്തിൽ,  നന്മക്കും തിന്മക്കും ഒരുമിച്ച് നിൽക്കാൻ  മാത്രം വലുതും പര്യാപ്തവുമല്ല ഒരു വ്യക്തിയുടെ ജീവിതം.

12. യഥാർത്ഥത്തിൽ ഭൂമിയിലെ ഉപദേഷ്ടാവായി, മികച്ച പദവിയിലും രൂപത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യനാണ് തന്റെ അസ്തിത്വത്തെ തിന്മക്കും പാപത്തിനും മുന്നിൽ അടിയറവ് വെച്ച് താഴ്ന്നവരിൽ ഏറ്റവും  താഴ്ന്നവനായിത്തീരുന്നത് (സൂറ തീൻ :4-5). അതിന്റെ ഫലമായി അവൻ മൃഗങ്ങളെക്കാൾ മോശവും വഴിതെറ്റിയവനുമാകുന്നു (സൂറ അ ‘റാഫ് -179). കൊല്ലപ്പെട്ട തന്റെ സഹോദരന്റെ മൃതദേഹം എങ്ങനെ നീക്കം ചെയ്യാമെന്നും കുഴിച്ചിടാമെന്നും മനസ്സിലാകാതിരിക്കുകയും അത് പഠിപ്പിക്കാൻ അല്ലാഹു കാക്കയെ അയക്കുകയും ചെയ്തപ്പോൾ ഖാബീലിനും അത്തരമൊരു ഭയാനക അവസ്ഥ അനുഭവപ്പെട്ടു. കാക്ക വന്ന് നിലം മാന്തിക്കുഴിക്കുകയും ഹാബീലിന്റെ നിശ്ചലമായ ശരീരം എങ്ങനെ മറമാടാമെന്നു കാണിക്കുകയും ചെയ്തപ്പോൾ ഖാബീൽ ആക്രോശിച്ചുകൊണ്ട് പറഞ്ഞു :”എന്തൊരു കഷ്ടം! എന്‍റെ സഹോദരന്‍റെ മൃതദേഹം മറവുചെയ്യുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെ ആകാന്‍ പോലും എനിക്ക് കഴിയാതെ പോയല്ലോ”(സൂറ മാഇദ -31). “നന്മയില്ലെങ്കിൽ മനുഷ്യൻ ഏറ്റവും അശുദ്ധനും മൃഗങ്ങളിൽ ഏറ്റവും ക്രൂരനും കാമവും ആർത്തിയും സംബന്ധിച്ച് ഏറ്റവും നികൃഷ്ടനുമാണെന്ന് ” അരിസ്റ്റോട്ടിൽ പറഞ്ഞത് ഇത്തരം ആളുകളെ കുറിച്ചാണ്. ഇതേ അഭിപ്രായമാണ് മാർക് ട്വൈനുമുള്ളത്. അദ്ദേഹം പറഞ്ഞു :”എല്ലാ മൃഗങ്ങളിലും മനുഷ്യൻ മാത്രമാണ് ക്രൂരൻ. കാര്യങ്ങൾ ചെയ്യുന്നതിന്റെ സന്തോഷത്തിനായി വേദന അടിച്ചേൽപ്പിക്കുന്നത് അവൻ മാത്രമാണ്. ”

13. ധൈര്യമെന്നത് അഹങ്കാരമോ വിവേചനമോ പരുഷതയോ ഭ്രാന്തോ ധിക്കാരമോ അല്ല. യുക്തിയെ പിന്നിലാക്കി, തന്റെ പ്രേരണകൾക്കും വികാരങ്ങൾക്കും തന്റെമേൽ നിയന്ത്രണം നൽകുകയും അതനുസരിച്ചു പ്രവർത്തിക്കുന്നതും ധീരതയല്ല. ഒരു ധീരൻ “ആദ്യം തന്റെ ലക്ഷ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, എല്ലാ വശങ്ങളും ആലോചിച്ച്, ലാഭ -നഷ്ട കണക്കുകൾ നോക്കി, ഒരു പദ്ധതി തയ്യാറാക്കുകയും തുടർന്ന് വേറൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലി ആരംഭിക്കുകയും ചെയ്യുന്നു “(ജാഫർ സുബ്ഹാനി ). ചിലപ്പോഴൊക്കെ ജാഗ്രത, നയതന്ത്രം, അനുരഞ്ജന എന്നിവയെ അവലംബിക്കുന്നത് ധൈര്യത്തിന് എതിരല്ല.

ചൈനീസ് ജനറലും സൈനിക തന്ത്രജ്ഞനും മുനിയുമായ സൺ സൂ ഒരിക്കൽ പറഞ്ഞു :”എപ്പോൾ യുദ്ധം ചെയ്യാൻ കഴിയുമെന്നും എപ്പോൾ അതിന് കഴിയില്ലെന്നും അറിയുന്നവർ വിജയിക്കും “. ഭ്രാന്തും അശ്രദ്ധയും ‘ധൈര്യമായും ‘ അഹിംസയും ജാഗ്രതയും മുൻകരുതലും ‘ഭീരുത്വമായും ‘ തെറ്റിദ്ധരിക്കരുത്. താൻ ധീരനാണെന്നാണ് ഖാബീൽ വിചാരിച്ചതെങ്കിലും യഥാർത്ഥത്തിൽ അവൻ ഭീരുവായിരുന്നു. തന്റെ നിന്ദ്യമായ ഭ്രാന്തുകളേയും മൃഗീയ സ്വഭാവത്തേയും അവൻ പിന്തുടർന്നു. നേരെമറിച്ച്, ഇതിനെതിരെ പ്രവർത്തിച്ചതിനാൽ ഹാബീൽ ധീരനും നായകനുമാണ്. സര്വലോകരക്ഷിതാവായ അല്ലാഹുവിനെ മാത്രമാണദ്ദേഹം ഭയന്നത് (സൂറ മാഇദ -28). തന്റെ ദൗർബല്യത്തെയും ആഗ്രഹങ്ങളെയും കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഭീരുവും അവിവേകിയുമായ ഖാബീലിനോട് അവസാന പാഴ് ശ്രമമെന്ന നിലയിൽ ഹാബീൽ പറഞ്ഞു :”എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ കൈനീട്ടുന്നതല്ല. തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു. എന്‍റെ കുറ്റത്തിനും, നിന്‍റെ കുറ്റത്തിനും നീ അര്‍ഹനായിത്തീരുവാനും, അങ്ങനെ നീ നരകാവകാശികളുടെ കൂട്ടത്തിലാകുവാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്‌. അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം “(സൂറ മാഇദ 28-29).

തീർച്ചയായും അനാവശ്യമായും നിരുത്തരവാദപരമായും ‘മാലാഖമാർ ചവിട്ടാൻ ഭയപെടുന്നിടത്തേക്ക് തിരിക്കു’ന്നതോ ക്രൂരശക്തിയുടെയും നിഷ്ടൂരമായ ആക്രമത്തിന്റെയും അടിമയായിരിക്കുന്നതോ ധീരതയല്ല. ജനങ്ങളാലോ അവരുടെ ആചാര -ആഗ്രഹങ്ങളാലോ അടിമകളാകുന്നതല്ല മറിച്ച് പൂർണമായും അല്ലാഹുവിന് കീഴടങ്ങുകയും അവനെ ആരാധിക്കുകയുമാണ് യഥാർത്ഥ സ്വാതന്ത്രത്തിനുള്ള ഏക ഉറപ്പെന്ന പോലെ ജനങ്ങളെ ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ഭയപെടുന്നതാണ് യഥാർത്ഥ ധൈര്യത്തിനുള്ള ഏക ഉറപ്പ്. വിശുദ്ധ ഖുർആൻ അപ്രകാരം പറയുന്നു :”ഇനി, അവര്‍ സമാധാനത്തിലേക്ക് ചായ്‌വ് കാണിക്കുകയാണെങ്കില്‍ നീയും അതിലേക്ക് ചായ്‌വ് കാണിക്കുകയും, അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക. തീര്‍ച്ചയായും അവനാണ് എല്ലാം കേള്‍ക്കുകയും അറിയുകയും ചെയ്യുന്നവന്‍. ഇനി അവര്‍ നിന്നെ വഞ്ചിക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം തീര്‍ച്ചയായും നിനക്ക് അല്ലാഹു മതി “(സൂറ അൻഫാൽ 61-62).

നബി (സ )ഉപദേശിച്ചു :”ജനങ്ങളെ, ശത്രുക്കളെ നേരിടാൻ (യുദ്ധത്തിൽ )നിങ്ങൾ ആഗ്രഹിക്കരുത്. ക്ഷോഭങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ അല്ലാഹുവിനോട് യാചിക്കുക. എന്നാൽ ശത്രുവിനെ അഭിമുഖീകരിക്കേണ്ടി വന്നാൽ ക്ഷമയവലംബിക്കുക “(ബുഖാരി ). ഭീരുത്വം, കഴിവില്ലായ്മ, അലസത എന്നിവയിൽ നിന്ന് നബി (സ ) അല്ലാഹുവിനോട് അഭയം തേടുകയും അത് പിന്തുടരാൻ മുസ്‌ലിങ്ങളെ പഠിപ്പിക്കുകയും ചെയ്തു (അബൂ ദാവൂദ് ). മൂസ (അ )യുടെയും ഹാറൂൺ (അ )യുടെയും അദ്ധ്യാപനങ്ങളെ സംശയിച്ചതിനാൽ ഇസ്‌റാഈലൻ ജനതയിൽ ഭൂരിഭാഗവും ഭീരുക്കളായിരുന്നു (സൂറ മാഇദ -22,24).അല്ലാഹുവിനെ ഭയപ്പെടുകയും അവന്റെ അനുഗ്രഹത്തിന് പാത്രമാവുകയും ചെയ്തതിനാൽ അവരിൽ ചിലർ അസാധാരണ ധൈര്യം കാഴ്ചവെച്ചു (സൂറ മാഇദ -23). ഈയൊരു പശ്ചാത്തലത്തിലാണ് ഖാബീലിന്റെയും ഹാബീലിന്റെയും കഥ തയ്യാറാക്കിയതെന്നത് ശ്രദ്ധേയമാണ്.

14. മനുഷ്യ ജീവിതവും അതുമായി ബന്ധപ്പെട്ടതെല്ലാം –മനുഷ്യ രക്തം, മനുഷ്യ സ്വത്ത്, മാനുഷിക സ്വാതന്ത്ര്യം, മാനുഷിക ക്ഷേമം, മാനുഷിക ബഹുമാനം, അന്തസ്സ് —ഇസ്‌ലാമിൽ ഏറ്റവും പവിത്രമായവയാണ്. ഏത്‌ മാർഗ്ഗേണയും അവ ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. എല്ലാ മാനുഷിക വ്യവസ്ഥകളും അജണ്ടകളും പദ്ധതികളും സ്ഥാപനങ്ങളും നിലനിൽക്കുന്നതും പ്രധാനമായും ഇത്തരം മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനുമാണ്. ഇക്കാരണത്താലാണ് ഈ വിഷയം വ്യക്തമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖുർആൻ ഖാബീലിന്റെയും ഹാബീലിന്റെയും കഥ ഉപയോഗിച്ചത്. അതിനാൽ, കഥ അവസാനിച്ച ഉടനെ അല്ലാഹു അത് സ്ഥിതീകരിച്ചുകൊണ്ട് പറയുന്നു:”പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു”(സൂറ മാ ഇ ദ -32).

ഈ സന്ദേശം ഇസ്‌റാഈൽ ജനതയെ അഭിസംബോധന ചെയ്യുന്നതാണെങ്കിലും എക്കാലത്തെയും സർവർക്കും ബാധകമാണ്. വാക്യത്തിന്റെ തുടക്കത്തിലെ ‘നാം ഇസ്‌റാഈൽ ജനതക്ക് വിധി നൽകുകയുണ്ടായി ‘ എന്ന പ്രയോഗം ഈ ധാർമ്മികതയുടെ സാർവത്രികവും ശാശ്വതവുമായ സാധുതയിൽ നിന്ന് വ്യതിചലിക്കുന്നില്ല. ‘ഈ പ്രയോഗം അതിന്റെ ആദ്യകാല വ്യാഖ്യാനത്തെയാണ് സൂചിപ്പിക്കുന്നത് ‘(മുഹമ്മദ് അസദ് ).

തീർച്ചയായും ഈ കാഴ്ചപ്പാടിനെ തുടർന്നാണ് ഒരു റിപ്പോർട്ടിൽ നബി (സ ) ത്വവാഫ് ചെയ്തപ്പോൾ കഅബയുമായി ഇപ്രകാരം ആശയവിനിമയം നടത്തിയതെന്ന് പറയുന്നത് :”നീയെത്ര ശുദ്ധമാണ് !നിന്റെ സുഗന്ധം എത്ര ശുദ്ധമാണ് !നീയെത്ര ശ്രേഷ്ഠമാണ് !എത്ര ശ്രേഷ്ഠമാണ് നിന്റെ പവിത്രത !മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണ, ഒരു വിശ്വാസിയുടെ പവിത്രത നിന്റെ (കഅബ )പവിത്രതയേക്കാൾ അല്ലാഹുവിന് വലുതാണ്. അത് അവന്റെ സ്വത്തിന്റെയും രക്തത്തിന്റെയും പവിത്രതയാണ്, അവനെ കുറിച്ച് നല്ലതല്ലാത്ത ഒന്നും ചിന്തിക്കാത്തത് പോലും (പവിത്രമാണ് )”;(ഇബ്നു മാജ ).

ഇസ്‌ലാമിക നാഗരിക ഉണർവ്വിന്റെ രൂപരേഖയെ പ്രതിനിധീകരിക്കുന്ന തന്റെ വിടവാങ്ങൽ ഹജ്ജ് വേളയിലും നബി (സ ) പറഞ്ഞു :”തീർച്ചയായും നിങ്ങളുടെ മാസത്തിലും (പവിത്രമായ ദുൽഹജ്ജ് )നിങ്ങളുടെയീ നഗരത്തിലും (പവിത്രമായ മക്ക )നിങ്ങളുടെയീ ദിവസത്തെ (നഹ് ർ [ബലി ]ദിനം ) പവിത്രത പോലെ നിങ്ങളുടെ രക്തവും സ്വത്തും ബഹുമാനവും പരസ്പര പവിത്രമാണ് (ബുഖാരി ).

 

വിവ- മിസ്‌ന അബൂബക്കർ

Author
മിസ്‌ന അബൂബക്കർ
Facebook Comments
Related Articles
Show More

ഡോ. സ്പാഹിക് ഒമര്‍

Dr. Spahic Omer, an award-winning author, is an Associate Professor at the Kulliyyah of Islamic Revealed Knowledge and Human Sciences, International Islamic University Malaysia (IIUM). He studied in Bosnia, Egypt and Malaysia. In the year 2000, he obtained his PhD from the University of Malaya in Kuala Lumpur in the field of Islamic history and civilization. His research interests cover Islamic history, culture and civilization, as well as the history and theory of Islamic built environment.

Check Also

Close
Close
Close