Quran

സൂറത്തു ലുഖ്‌മാനിലെ 11 ജ്ഞാനപാഠങ്ങൾ

കാര്യങ്ങൾ കണ്ടെത്തി, അവയെ ഉൾക്കൊണ്ട്, അനുയോജ്യമായ അർത്ഥതലവും വിവരണവും നൽകുന്ന നിരന്തര പ്രക്രിയയെയാണ് ഇസ്‌ലാമിൽ ‘അറിവ് ‘ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. സിദ്ധാന്തം , പരിശീലനം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുന്ന ഒരു ത്രിമാന പ്രക്രിയയാണത്.

അറിവാർജിക്കുന്നതിന്റെയും പ്രയോഗിക്കുന്നതിന്റെയും മൂർദ്ധന്യാവസ്ഥയാണ് ജ്ഞാനം. അതുതന്നെയാണ് അറിവിന്റെ നിലനില്പിനുള്ള കാരണമെന്നും കണക്കാക്കുന്നു. വിഷയങ്ങളുടെ യാഥാർഥ്യവും ആത്യന്തിക സത്യവും മനസ്സിലാക്കുവാനും അതുവഴി അസ്തിത്വത്തെ തന്നെ ശരിയായ വിധത്തിൽ വിലയിരുത്തുവാനും പ്രാപ്തമാക്കുന്ന കഴിവിനെ  ജ്ഞാനം എന്ന് നിർവചിക്കാം.

ശരിയായ അറിവിന്റെ ഉചിതവും ഫലപ്രദവുമായ ഉപയോഗമാണ് ജ്ഞാനമെന്ന് പറയാം .വാസ്തവത്തിൽ, കൃത്യമായ ലോകവീക്ഷണത്തിന്റെ ചട്ടക്കൂടിൽ വാർത്തെടുത്ത ശരിയായ അറിവെന്നത് ശരിയായ ജ്ഞാനത്തിന്റെ മുന്നുപാധിയാണ്.

ഇക്കാരണത്താലാണ് ജ്ഞാനത്തെ അറബിയിൽ “ഹിക്മത്ത് ” എന്ന് പറയുന്നത്. ‘നിയന്ത്രിക്കുക, ആധിപത്യം സ്ഥാപിക്കുക, ഭരിക്കുക, നയിക്കുക ‘ എന്നീ അർത്ഥങ്ങൾ വരുന്ന “ഹകമ” എന്ന പദത്തിൽ നിന്നാണത് ഉത്ഭവിച്ചത്. അതെ വാക്കിൽ നിന്നുതന്നെയാണ് “ഹുകുമത്ത് “(ഗവണ്മെന്റ് ) “ഹുകും “(ഭരണകൂടം, അധികാരം, നിയന്ത്രണം ), “ഹകീം “(നേതാവ്, സേനാധിപൻ ) തുടങ്ങിയ വാക്കുകളും ഉണ്ടായത്.

അതിനാൽ,തനിക്ക് മുന്നിലുള്ള സാഹചര്യങ്ങളേയും പരിതഃസ്ഥിതികളേയും നിയന്ത്രിക്കുന്നതും നയിക്കുന്നതും താനാണെന്ന് തോന്നിക്കുമാറ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നിപുണനും അറിവുള്ളവനുമായിരിക്കും ഒരു വിവേകിയായ വ്യക്തി.

നേരെമറിച്ച്, ആശയങ്ങളും സിദ്ധാന്തങ്ങളും സ്പഷ്ടമായ യാഥാർത്ഥ്യങ്ങളുടെയും അനുഭവങ്ങളുടെയും തലത്തിലേക്ക്  വിവർത്തനം ചെയ്യാതെ അവയെ സൃഷ്ടിക്കുന്നതും കൂട്ടിച്ചേർക്കുന്നതുമല്ല ജ്ഞാനം. ചിന്തകനും പ്രഭാഷകനുമുൾപ്പെടെ ഒരാൾക്കും മനസ്സിലാക്കാൻ കഴിയാത്തവിധം കാര്യങ്ങളെക്കുറിച്ച് വാദിക്കുന്നതും സംസാരിക്കുന്നതും ജ്ഞാനമല്ല.

അത്തരം പ്രവൃത്തികൾ ബൗദ്ധിക ചാപല്യത്തിന്റെയും വ്യതിയാനത്തിന്റെയും ദുർക്രമീകരണത്തിന്റെയും ലക്ഷണങ്ങളാണ്. അമൂർത്തമായ ആശയങ്ങളിൽ അനിയന്ത്രിതമായി മുഴുകുന്നതിനെയോ അറിയപെടാത്തതോ അറിയാത്തതോ ആയ കാര്യങ്ങൾ അനുമാനിക്കുന്നതിനെയോ ഒരു തരത്തിലും ജ്ഞാനമായി ഗണിക്കാവുന്നതല്ല.

നിരീശ്വരവാദം, പുരോഗമനവാദം, സുഖഭോഗവാദം, വിജ്ഞാനശാസ്ത്രം, ധാർമിക ആപേക്ഷികതാവാദം എന്നിവയാണ് ഉത്തരാധുനിക കാലഘട്ടത്തിന്റെ സത്ത്. ഈ കാലഘട്ടത്തിലെ മിക്ക മനുഷ്യരും വിദ്യാസമ്പന്നരാണെങ്കിലും ചുരുക്കം ചിലരേ ശരിയായ അറിവുള്ളവരായിട്ടുള്ളൂ. അതിൽ തന്നെ വിവേകശാലികൾ വളരെ വിരളമാണ്. അറിവും വിവേകവും സാമൂഹിക നിർമിതിയായി മാറുകയാണ്.

ഉത്തരാധുനിക കാലഘട്ടത്തിന്റെ പ്രചാരത്തിലുള്ള ഈ ധാർമികതയാൽ അതിന്റെ ആഗോളവത്‌കൃത വിദ്യാഭ്യാസ സമ്പ്രദായം പലപ്പോഴും പിഴവുകളുള്ളതും വഴിതെറ്റിക്കുന്നതുമായ സ്വാർത്ഥത, അത്യാഗ്രഹം, പൊങ്ങച്ചം, ഏകമാന പരിജ്ഞാനം എന്നിവയെ അതിരുവിട്ട് പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ വിവേകമെന്നത് വെറുമൊരു മരീചികയായി മാറുന്നു. അതിന് വ്യാജവും വഞ്ചനാപരവുമായ അടിത്തറ ഉണ്ടാവുകയെന്നത് ഒരിക്കലും സാധ്യമല്ല.

താരതമ്യേന  ഹ്രസ്വ അദ്ധ്യായമായ സൂറ :ലുഖ്‌മാനിൽ  പരാമർശിക്കുന്ന ജ്ഞാനത്തെക്കുറിച്ചുള്ള പാഠങ്ങൾ താഴെ പറയുന്നവയാണ് :-

1. വിശുദ്ധ ഖുർആനും നബി (സ ) യുടെ മാതൃക ജീവിതവുമാണ് സകല വിജ്ഞാനങ്ങളുടേയും സ്രോതസ്സ് (ലുഖ്‌മാൻ 1).

ഇസ്‌ലാമിക വിജ്ഞാനത്തിലും സംസ്കാരത്തിലും തത്വശാസ്ത്രത്തിന്റെ പരിധിയെന്നത് വെളിപാടിനാൽ അല്ലാഹു അറിയിച്ചു തന്ന അസ്തിത്വ യുക്തിവാദത്തിന്റെ അതിര് കവിയാൻ പാടില്ല. ഈ പരിധിക്കുള്ളിൽ നിന്ന് കൊണ്ട്  തന്നെയാണ് ആധികാരിക ഇസ്‌ലാമിക തത്വചിന്ത, അടിസ്ഥാന ചോദ്യങ്ങളുടെ ഒരു നിര തന്നെ ഉന്നയിക്കുകയും സ്രഷ്ടാവും പരിപാലകനുമായ അല്ലാഹു നൽകിയ ഉത്തരങ്ങളുടേയും ആത്യന്തിക നിർദേശങ്ങളുടെയും വെളിച്ചത്തിൽ അവക്ക് ഉത്തരം നൽകാൻ ശ്രമിക്കുകയും ചെയ്യുന്നത് . സ്വതന്ത്രമായോ മറ്റു ശാസ്ത്രങ്ങളുമായി സഹകരിച്ചോ ഇസ്‌ലാമിക തത്വചിന്തക്ക് അപ്രകാരം ചെയ്യാവുന്നതാണ്.

ഒരു മുസ്‌ലിം തത്വചിന്തകൻ പ്രഥമമായി ദിവ്യമായ മാർഗദർശനത്തിന്റെയും  സത്യത്തിന്റെയും  ശേഷം വിവേകത്തിന്റെയും ആരാധകനും പിൻഗാമിയുമായിത്തീരുന്നു. യുക്തിയും വെളിപാടും തമ്മിൽ യോജിക്കുന്ന ഒരു സന്തുലിത പ്രവർത്തനമാണ് ഇസ്‌ലാമിക തത്വചിന്ത ശാസ്ത്രം. ദൈവങ്ങളെ ഒന്നുകിൽ മനുഷ്യവത്കരിക്കുകയോ അല്ലെങ്കിൽ പൂർണമായും നിരസിക്കുകയോ ചെയ്യുന്ന, മനുഷ്യനും അവന്റെ പരിമിതമായ കഴിവുകൾക്കും സാമർഥ്യങ്ങൾക്കും ദിവ്യത്വം സങ്കല്പിക്കുന്ന, പ്രകൃതിയെ അപഹരിക്കുകയോ മോശമായി ഉപയോഗിക്കുകയോ ചെയ്യുന്ന അശ്ലീലവും ആജ്ഞേയവാദിയുമായ പാശ്ചാത്യ തത്വചിന്തയുടെ കീഴിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക്  ജ്ഞാനമായി യാതൊരു ബന്ധവുമില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ജ്ഞാനത്തെ ദുരുപയോഗം ചെയ്യലാണത്.

അതുകൊണ്ടാണ്, മതങ്ങൾക്ക് വെല്ലുവിളിയും പകരക്കാരനുമായി, സമഗ്ര തത്വചിന്തകൾ ആയിരത്തിൽപരം വർഷങ്ങൾ ഉണ്ടായിട്ടുപോലും ഒരു അടിസ്ഥാന ചോദ്യത്തിന് സംക്ഷിപ്തമായി ഉത്തരം നൽകുകയോ മനുഷ്യരാശി അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‍നം പരിഹരിക്കുകയോ ചെയ്തിട്ടില്ലെന്ന് പറയപ്പെടുന്നത്.

തീർച്ചയായും, സ്വകാരണത്താൽ സത്യം അവ്യക്തമായ ഒരു ലക്ഷ്യമായി തന്നെ തുടരും. കാരണങ്ങൾ ശക്തമാണെങ്കിലും സർവ ശക്തമല്ല. അത് മുന്നോട്ട് പോകുന്നിടത്തോളം കാലം മാത്രം നല്ലതും വിശ്വസനീയവുമാണ്. അത് മന്ദഗതിയിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവ സത്യത്തിന്റെ ശ കലങ്ങളല്ലാതെ മറ്റൊന്നും വിളവെടുക്കില്ല. അത് അതിന്റെ പരിധിയിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും.

2. സർവശക്തനായ അല്ലാഹു മാത്രമാണ് സർവ്വജ്ഞൻ.

പ്രസ്തുത അദ്ധ്യായത്തിൽ അല്ലാഹു സ്വയം രണ്ട് തവണ ‘യുക്തിമാൻ ‘എന്നും (ലുഖ്‌മാൻ 9, 27) മൂന്ന് തവണ ‘സൂക്ഷ്മജ്ഞൻ’ എന്നും (ലുഖ്‌മാൻ 16, 29, 34)’എല്ലാം അറിയുന്നവൻ ‘(ലുഖ്‌മാൻ 34), ‘മനുഷ്യ മനസ്സിലുള്ളത് അറിയുന്നവൻ ‘(ലുഖ്‌മാൻ 23) എന്നിവ ഓരോ തവണയും വിശേഷിപ്പിക്കുക വഴി അവന്റെ യുക്തിയുടെ മാഹാത്മ്യം വ്യക്തമാക്കുന്നു.

3. അദ്ധ്യായം ആരംഭിക്കുന്നത് ദിവ്യമായ വിവേകത്തേയും  (ലുഖ്‌മാൻ 2) അവസാനിക്കുന്നത് ദിവ്യമായ അറിവിനേയും വിജ്ഞാനത്തെയും (ലുഖ്‌മാൻ 34)പരാമർശിച്ചുകൊണ്ടാണ്.

മറ്റെല്ലാ കാര്യങ്ങളും -അത് അസ്തിത്വത്തിന്റെ ഏത് തലത്തിലുള്ളതാണെങ്കിലും -ഈ രണ്ട് ധ്രുവങ്ങൾക്കിടയിലാണ് നിലനിൽക്കുന്നത്. ജീവിതത്തിന്റെ ആധികാരികതയുടേയും വിശ്വസ്തതയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഏക ഉറവിടം ഇപ്പറഞ്ഞ പവിത്രമായ അറിവും വിവേകവുമാണ്.

4. അവഗണന, അഹങ്കാരം, ധിക്കാരം, വ്യർത്ഥമായ മോഹങ്ങൾ തുടങ്ങിയവ ശരിയായ അറിവിന്റെയും വിവേകത്തിന്റെയും മാർഗത്തിൽ നേരിടേണ്ടി വരുന്ന ഭീകരമായ തടസ്സങ്ങളാണ്. (ലുഖ്‌മാൻ 6, 7, 20, 21)

ഇവ ജനങ്ങളുടെ കഴിവുകളെ അടച്ചുപൂട്ടുകയും അവരെ പൂർണമായും അന്ധരാക്കുകയും ചെയ്യുന്നു. തന്മൂലം ജനങ്ങൾ അലക്ഷ്യമായി അലഞ്ഞുതിരിയുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത്തരക്കാരാണ് യാതൊരു അറിവോ , മാർഗ്ഗദർശനമോ, വെളിച്ചം നൽകുന്ന ഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിച്ചു കൊണ്ടിരിക്കുന്നത് (ലുഖ്‌മാൻ 20).

5.ലുഖ്‌മാൻ (അ )ന് തത്വജ്ഞാനം നൽകപ്പെടുകയായിരുന്നുവെന്ന് അല്ലാഹു വ്യക്തമാക്കുന്നു. അദ്ദേഹം സ്വകഴിവാൽ അവ ആർജിച്ചെടുക്കുകയായിരുന്നില്ല (ലുഖ്‌മാൻ 12).

അറിവിന്റെയും ജ്ഞാനത്തിന്റെയും ഏക സ്രോതസ്സ്  അല്ലാഹുവാണ്. അതവൻ ഉദ്ദേശിക്കുന്നവർക്ക് അവന്റെ ഇച്ഛയും തീരുമാനവും അനുസരിച്ച്  നൽകുന്നു. ജ്ഞാനത്തെക്കുറിച്ച് ഖുർആൻ പറയുന്നു :
“അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് അഗാധമായ അറിവ് ‎നല്‍കുന്നു. അത്തരം അറിവ് നല്‍കപ്പെടുന്നവന്ന്, ‎കണക്കില്ലാത്ത നേട്ടമാണ് കിട്ടുന്നത്. എന്നാല്‍ ‎ബുദ്ധിമാന്മാര്‍ മാത്രമേ ഇതില്‍നിന്ന് ‎പാഠമുള്‍ക്കൊള്ളുന്നുള്ളൂ” (2:269).

6. സ്വർഗ്ഗത്തിൽ നിന്നും മാർഗനിർദ്ദേശമായ വെളിപാടിൽ നിന്നും അകലുക വഴി മനുഷ്യന് യഥാർത്ഥ അറിവോ ജ്ഞാനമോ കൈവരിക്കാനും ഗ്രഹിക്കാനും കഴിയില്ല.

അതിനാൽ, മനുഷ്യൻ അറിവുള്ളവനും ജ്ഞാനിയും അതുവഴി ഭൂമിയിൽ വിജയിയുമായി തീരുന്നതിന് വേണ്ടി വിവേകമുള്ള ഖുർആൻ ഒരു വഴികാട്ടിയും കാരുണ്യവുമായി അവന് നൽകിയിരിക്കുന്നു(ലുഖ്‌മാൻ 3, 4, 5).

അല്ലാഹുവിന്റെ വചനങ്ങളും ഇച്ഛയും അനുഗ്രഹവുമില്ലാതെ വ്യക്തിക്കോ സമൂഹത്തിനോ  ഭൂമിയിൽ യഥാർത്ഥവും സുസ്ഥിരവുമായ വിജയം കൈവരിക്കുക സാധ്യമല്ല.

7. ഒരുവന്  ജ്ഞാനം ലഭിച്ചിട്ടുണ്ടെന്നതിന്റെ ആദ്യ ലക്ഷണം അവൻ തനിക്ക് ലഭിച്ച ഈ അനുഗ്രഹത്തെ അംഗീകരിക്കുകയും താഴ്മയും നന്ദിയുമുള്ളവനായിരിക്കും എന്നതാണ് (ലുഖ്‌മാൻ 12).

ഈ മനോഭാവം അജ്ഞത, അഹങ്കാരം, വ്യർത്ഥമായ മോഹങ്ങൾ തുടങ്ങിയവയുടെ നേർവിപരീതമാണ്.

8. ലുഖ്‌മാൻ (അ ) വളരെയധികം വിവേകശാലിയായിരുന്നു. ‘ജ്ഞാനി’, ‘മുനി’  എന്ന വിശേഷണങ്ങൾ അദ്ദേഹത്തിന് ഉചിതമാണ്.

അദ്ദേഹം മകന് നൽകിയ തത്വസമ്പൂർണമായ ഉപദേശങ്ങളിൽ തന്നെ  അദ്ദേഹത്തിന്റെ ജ്ഞാനം പ്രകടമാണ് (ലുഖ്‌മാൻ 13-19). അവ ജീവിതത്തെ ശരിയായി അറിയുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതിനെ അടിസ്ഥാനപ്പെടുത്തുന്നു.

കേവലം സിദ്ധാന്തങ്ങൾ എന്നതിലുപരി അദ്ദേഹത്തിന്റെ ഉപദേശങ്ങൾ  പ്രായോഗിക തലത്തിലും പ്രസക്തമാണ്. അവ കാര്യങ്ങൾ, അർത്ഥങ്ങൾ, അനുഭവങ്ങൾ എന്നിവയുടെ ഭൗതിക ക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയില്ലാതെ ഭൂമിയിലുള്ള മറ്റെന്തും അനർത്ഥവും മനുഷ്യന്റെ ആത്യന്തിക നന്മക്കായി ഉപയോഗിക്കാൻ കഴിയാത്തതുമാകുന്നു.

9. തന്റെ കാഴ്ചപാടുകളും വിലയിരുത്തലുകളും പ്രവർത്തനങ്ങളും യുക്തിയിൽ അടിസ്ഥിതമായിരിക്കണമെന്ന് ലുഖ്‌മാൻ (അ ) തന്റെ മകനോട് ആവശ്യപെടുന്നു.

യുക്തിരഹിതവും അപ്രസക്തവുമായ യാതൊരു പ്രവൃത്തിയും അവനിൽ നിന്നുണ്ടാവരുതെന്ന് ഉണർത്തിയതോടൊപ്പം അന്തസ്സും അഭിമാനവുമുള്ള മനുഷ്യാനായിത്തീരാനും  നിർദേശിച്ചു. ശക്തനും പ്രഗത്ഭനുമായ വ്യക്തിയായി വളരുവാനും പ്രയോജനകാരിയായ സാമൂഹിക അംഗമാവാനും മകനെ ഉപദേശിച്ച അദ്ദേഹം സമൂഹത്തിന് ഒരു ബാധ്യതയാകാതെ മുതൽകൂട്ടാവാനും കല്പിച്ചു.

ജ്ഞാനം വ്യക്തികളെയും അവരുടെ വ്യക്തിപരമായ വാക്കുകളേയും  മാത്രമല്ല മുഴുവൻ സമൂഹത്തേയും സംസ്‌കാരത്തെയും നാഗരികതയേയും പ്രചോദിപ്പിക്കുകയും പടുത്തുയർത്തുകയും ചെയ്യുന്നു. തീർച്ചയായും മനുഷ്യരാശിയുടെ സമ്പൂർണ്ണക്ഷേമമാണ് ഏറ്റവും വലിയ സ്വർഗീയ ദാനം എന്ന നിലയിൽ ജ്ഞാനത്തിന്റെ ലക്ഷ്യം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു യഥാർത്ഥ ജ്ഞാനിയാകാനാണ് ലുഖ്‌മാൻ (അ ) തന്റെ മകനോട് ആവശ്യപ്പെടുന്നത്.

10. സിദ്ധാന്തവും അനുഷ്ഠാനവും ജ്ഞാനത്തിന്റെ ഭാഗമാണെങ്കിലും അമൂർത്തമായ ആശയങ്ങൾ അവയേക്കാൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ഇക്കാരണത്താലാണ് പ്രവാചകൻ (സ )യുടെ മാതൃകാപരമായ ജീവിതത്തെ -സുന്നത്തിനെ -ജ്ഞാനം(ഹിക്മത്ത് ) എന്ന് വിളിക്കുന്നത്.

‘സുന്നത്ത് ‘ എന്നത് കേവലം ഖുർആനിന്റെ വ്യാഖ്യാനവും പ്രയോഗവുമല്ല, മറിച്ച് ഇസ്‌ലാമിന്റെയും അതിന്റെ അനന്തമായ ജ്ഞാനത്തിന്റേയും മനുഷ്യ മാതൃകയാണ്. ഇഹത്തിലും പരത്തിലും ശരിയായ രീതിയിൽ ജീവിക്കുന്നതും വിജയം കൈവരിക്കുന്നതുമാണ് യഥാർത്ഥ യുക്തി.

11. മനുഷ്യന് സാധിക്കാത്തതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ പഠിപ്പിക്കുന്നത് പോലെ അവന് സാധിക്കുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങളും ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്  (ലുഖ്‌മാൻ 10, 34).

ഒരുവന് ചെയ്യാൻ കഴിയാത്തതും ചെയ്യാൻ പാടിലാത്തതുമായ കാര്യങ്ങൾ എന്തെന്ന് അറിയുന്നതാണ് അറിവിന്റെ അടിസ്ഥാനവശം. എല്ലാ ജ്ഞാനത്തിന്റേയും പരിധിയെയാണത് സൂചിപ്പിക്കുന്നത്.

വിവ. മിസ്‌ന അബൂബക്കര്‍

Facebook Comments
Show More

Related Articles

Close
Close