Current Date

Search
Close this search box.
Search
Close this search box.

ഹാമാന്‍ – ഖുര്‍ആനില്‍ ചരിത്രപരമായ അബദ്ധമോ?

quran.jpg

‘ഫറവോന്‍ പറഞ്ഞു: ‘അല്ലയോ പ്രമാണിമാരേ, ഞാനല്ലാതെ നിങ്ങള്‍ക്കൊരു ദൈവമുള്ളതായി എനിക്കറിയില്ല. അതിനാല്‍ ഹാമാനേ, എനിക്കുവേണ്ടി കളിമണ്ണ് ചുട്ട് അത്യുന്നതമായ ഒരു ഗോപുരമുണ്ടാക്കുക. മൂസയുടെ ദൈവത്തെ ഞാനൊന്ന് എത്തിനോക്കട്ടെ. ഉറപ്പായും അവന്‍ കള്ളം പറയുന്നവനാണെന്ന് ഞാന്‍ കരുതുന്നു’ ( അല്‍ഖസസ് 38). വിശുദ്ധ ഖുര്‍ആനെതിരെ സംശയം ജനിപ്പിക്കാന്‍ ഓറിയെന്റലിസ്റ്റുകള്‍ നിരന്തരമായി ഉന്നയിക്കുന്ന വിഷയങ്ങളിലൊന്നാണ് ഫറോവയുടെ അടുത്ത കൂട്ടാളിയായ ‘ഹാമാന്‍’ എന്നത് ഖുര്‍ആനില്‍ വന്ന ചരിത്രപരമായ ഒരു അബദ്ധമാണ് എന്നത്. മൂസാ നബിയുടെയും ബനൂ ഇസ്രായേലികളുടെയും ഫറോവയുമായുള്ള പോരാട്ടം വിവരിക്കുന്നിടത്ത് ബൈബിള്‍ ഹാമാന്റെ പേര് പ്രതിപാദിക്കുന്നില്ല എന്നതാണ് അവരുന്നയിക്കുന്ന പ്രധാന പ്രശ്‌നം. പുരാതന ഗ്രീക്ക് ചരിത്രത്തിലെവിടെയും പ്രസ്തുത നാമം പരാമര്‍ശിക്കുന്നില്ല, പൗരാണിക ഈജിപ്ത് ചരിത്രം രേഖപ്പെടുത്തിയ സ്ഥലത്തും ഹാമാനെ ദര്‍ശിക്കാനാവുന്നില്ല, എബ്രായ ബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഗ്രന്ഥങ്ങളില്‍ ഒന്നായ എസ്‌തേറിന്റെ പുസ്തകത്തിലാണ് ഹാമാന്റെ പേര് വന്നിട്ടുള്ളത്. ബാബിലോണിയന്‍ രാജാവായ എക്കോപറോഷിന്റെ മന്ത്രിയുടെ നാമമാണ് ഹാമാന്‍. അദ്ദേഹമാകട്ടെ ബാബിലോണിയയിലുണ്ടായിരുന്ന യഹൂദരോട് അങ്ങേയറ്റം ശത്രുത പുലര്‍ത്തുകയും അവരെ ആക്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ജൂതന്മാര്‍ അദ്ദേഹത്തിന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷപ്പെട്ടത് അദ്ദേഹം സുന്ദരിയായ ജൂതസ്ത്രീയെ വിവാഹം കഴിച്ചതിന് ശേഷമാണ്.

ചുരുക്കത്തില്‍, മൂസാനബിയുടെയും ഫിര്‍ഔന്റെയും ജീവിത കാലത്ത് ഈജിപ്തില്‍ ഹാമാന്‍ ഉണ്ടായിരുന്നില്ല . മൂസാനബിയുടെ മരണത്തിന് ശേഷം ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാബിലോണിയയില്‍ ഹാമാന്‍ എന്ന ഒരു വ്യക്തി ജീവിച്ചത്. അതിനാല്‍ തന്നെ ഖുര്‍ആന് ചരിത്രപരമായ വലിയ അബദ്ധം പിണഞ്ഞു എന്നതാണ് അവരുടെ പ്രധാന ആക്ഷേപം.
ഇസ്‌ലാമിക് റിസര്‍ച്ച് അക്കാദമിയുടെ മുന്‍ ജനറല്‍ സെക്രട്ടറി ആയിരുന്ന ഡോ. അബ്ദുല്‍ ജലീല്‍ ശലബി പറയുന്നു. ‘ ബാബിലോണിയയില്‍ ഹാമാന്‍ എന്ന ഒരു വ്യക്തി ഉണ്ടാകുന്നതിന് യുക്തിപരമായി തന്നെ തടസ്സമല്ല, മൂസാ നബിയുടെ കാലത്ത് ജീവിച്ച ഹാമാന്‍. ഒരേ പേരുള്ള വ്യക്തികള്‍ വ്യത്യസ്ത പ്രദേശത്തുണ്ടാകുക സ്വാഭാവികമാണ്. മാത്രമല്ല എസ്‌തേറില്‍ പ്രതിപാദിക്കപ്പെട്ട രാജാവും മന്ത്രിയുമെല്ലാം വെറും സാങ്കല്‍പിക കഥാപാത്രങ്ങള്‍ മാത്രമാണ്. തൗറാത്തിലല്ലാതെ മറ്റൊരിടത്തും പ്രസ്തുത ചരിത്രം രേഖപ്പെടുത്തിയത് കാണില്ല. അന്നത്തെ ഗ്രീക്ക് ചരിത്രം രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളിലൊന്നും പ്രസ്തുത പേര് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ബാബിലോണിയന്‍ കെട്ടുകഥകളില്‍ നിന്നെടുത്തവയാണത്.
ഹഖാഇഖുല്‍ ഇസ് ലാം ഫീ മുവാജഹതു ശുബുഹാതില്‍ മുഷക്കിക്കീന്‍’  എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഹാമാന്‍ എന്നത് ഏതെങ്കിലും ഒരു വ്യക്തിയുടെ പേരല്ല . മറിച്ച് ഫറോവയുടെ പകരക്കാര്‍ക്ക് ഉപയോഗിക്കുന്ന പദമാണത്. ഈജിപ്തിലെ ഭരണാധികാരികള്‍ക്ക് ഫിര്‍ഔന്‍ എന്നുപയോഗിക്കുന്നതു പോലെയാണ് പ്രസ്തുത പദവും ഉപയോഗിക്കുന്നത്.

എന്നാല്‍ പ്രസ്തുത വിഷയത്തില്‍ യുക്തിപരവും പ്രാമാണികവുമായ അഭിപ്രായം മൂസായും ഫിര്‍ഔനും എന്ന ഗ്രന്ഥത്തില്‍ ഫ്രഞ്ച് ഇസ്‌ലാമിക ചിന്തകനായ മോറിസ് ബുക്കായ് നല്‍കിയ വിശദീകരണമാണ്: ‘യൂസുഫ് നബിയുടെയും മൂസാ നബിയുടെയും ചരിത്രം ഖുര്‍ആനിലും ബൈബിളിലും നാം പരിശോധിക്കുകയാണെങ്കില്‍ രണ്ടും വിഭിന്നമാണെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഖുര്‍ആനില്‍ ഹാമാനെ പറ്റി പ്രതിപാദിച്ചത് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന എഞ്ചിനീയര്‍മാരുടെ തലവനായിട്ടാണ്. പക്ഷെ, ഫിര്‍ഔന്റെ കാലത്തുള്ള ഒരു ഹാമാന്റെയും ചരിത്രം ബൈബിള്‍ വിവരിക്കുന്നില്ല, പൗരാണിക ഈജിപ്ത് ഭാഷയായ ‘ഹീരോഗോള്‍വിഹി’ല്‍ ഹാമാന്‍ എന്ന പദം ഞാന്‍ എഴുതി പുരാതന ഈജിപ്തിന്റെ ചരിത്രം രചിച്ച ഭാഷാ പണ്ഡിതനെ ഞാന്‍ കാണിക്കുകയുണ്ടായി. ഖുര്‍ആനില്‍ വന്നതാണെന്ന് പറയാതെ ഏഴാം നൂറ്റാണ്ടിലെ അറേബ്യന്‍ ചരിത്ര ഏടുകളില്‍ വന്നതാണ് ഈ പദം എന്നു പറഞ്ഞു. ഏഴാം നൂറ്റാണ്ടിലെ അറബി ഏടുകളില്‍ പ്രസ്തുത പദം വരിക എന്നത് അസംഭവ്യമാണ്. കാരണം ഹീരോഗോള്‍വിഹില്‍ എന്ന പൗരാണിക ഈജിപ്ഷ്യന്‍ ഭാഷ അന്നുണ്ടായിരുന്നില്ല. ഇത് ഒന്നുകൂടി സ്ഥിരീകരിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ വ്യക്തികളുടെ ചരിത്രം രേഖപ്പെടുത്തിയ ‘ഒല്ലാമെന്‍ഡ് റാങ്ക്’ എന്ന നിഘണ്ടു പരിശോധിക്കാന്‍ എന്നോട് ഉപദേശിക്കുകയും ചെയ്തു. ഞാന്‍ പ്രസ്തുത നിഘണ്ടു പരിശോധിച്ചപ്പോള്‍ പൗരാണിക ഈജിപ്ഷ്യന്‍ ഭാഷയിലും ജര്‍മന്‍ ഭാഷയിലും ഹാമാന്‍ എന്ന പദം വന്നതായി ശ്രദ്ധയില്‍പെട്ടു. കല്ലുപയോഗിച്ചുള്ള ഗോപുര നിര്‍മാണപ്രവര്‍ത്തനങ്ങളുടെ തലവന്‍ എന്നാണ് ഹാമാന്‍ എന്ന പദത്തിന് അതില്‍ വിവര്‍ത്തനം നല്‍കപ്പെട്ടിട്ടുള്ളത്. ഞാന്‍ അതിന്റെ ഫോട്ടോസ്റ്റാറ്റെടുത്ത് അദ്ദേഹത്തിന്റെയടുത്ത് കൊണ്ടുപോയി. ജര്‍മന്‍ ഭാഷയിലുള്ള ഖുര്‍ആന്റെ പരിഭാഷയില്‍ വന്ന ഹാമാന്‍ എന്ന പദവും കാണിച്ചുകൊടുത്തു. അദ്ദേഹം അതില്‍ അങ്ങേയറ്റം അല്‍ഭുതം പ്രകടിപ്പിക്കുകയുണ്ടായി.
ഖുര്‍ആന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥത്തില്‍ ഹാമാന്‍ എന്ന പദം രേഖപ്പെടുത്തിയിരുന്നെങ്കില്‍ വിരോധികള്‍ അത് സത്യപ്പെടുത്തുമായിരുന്നു. പക്ഷെ, പുരാതന ഈജിപ്ഷ്യന്‍ ഭാഷയില്‍ ഉല്ലേഖനം ചെയ്യപ്പെട്ട പ്രസ്തുത പദം ഖുര്‍ആനില്‍ ഇത്തരത്തില്‍ പ്രതിപാദിക്കപ്പെട്ടുവെങ്കില്‍ വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതക്ക് അതു തന്നെ ധാരാളം മതി’.

ക്രിസ്തുവിന്റെ മരണത്തിന് ശേഷം അതികകാലം പൗരാണിക ഈജിപ്ഷ്യന്‍ ഭാഷ നിലനിന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. നാമാവശേഷമായ ആ ഭാഷ വായിക്കാനും എഴുതാനും അറിയുന്നവര്‍ പില്‍ക്കാലങ്ങളില്‍ അപൂര്‍വമായെ ഉണ്ടായിരുന്നുള്ളൂ. ക്രിസ്തു വര്‍ഷം 394-ലാണ് അവസാനമായി പ്രസ്തുത ഭാഷയിലെഴുതപ്പെട്ട ഏടുകള്‍ കണ്ടെടുത്തിട്ടുള്ളത്. അതിനാല്‍ തന്നെ ഹാമാന്‍ എന്നത് മൂസാ നബിയുടെയും ഫറോവയുടെയും കാലത്തെ നിര്‍മാണ വിദഗ്ധര്‍ക്ക് ഉപയോഗിച്ച പദമാണ് എന്നതാണ് ചരിത്രപരമായും യുക്തിപരമായും മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

ഖുര്‍ആനിലെ ഹാമാന്‍ കല്ലുപണിക്കാരനോ?

Related Articles