Current Date

Search
Close this search box.
Search
Close this search box.

സുലൈമാന്‍ നബിയുടെ മന്ദഹാസം

ants-army.jpg

നിങ്ങളോട് വളരെയധികം ദേഷ്യപ്പെട്ട ഒരാളുടെ അടുത്ത് കയറി ചെല്ലുമ്പോള്‍ അയാള്‍ നിങ്ങളുടെ മുഖത്ത് നോക്ക് പുഞ്ചിരിച്ചാല്‍ അത് നിങ്ങള്‍ക്ക് ആശ്വാസമാകുമോ? സഹോദരങ്ങളുടെയും കൂട്ടുകാരുടെയും മുഖത്തു നോക്കി പുഞ്ചിരിക്കുമ്പോള്‍ നിങ്ങള്‍ക്കത് സന്തോഷം നല്‍കുന്നുണ്ടോ? നിങ്ങളെ പരിശോധിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍ നിങ്ങളോട് പുഞ്ചിരിച്ചാല്‍ ശരീരത്തിന് അത് പകര്‍ന്നു നല്‍കുന്ന ശമനം നിങ്ങള്‍ അനുഭവിച്ചിട്ടുണ്ടോ? പുഞ്ചിരിയെന്നത് ഒരു മാന്ത്രിക പ്രവര്‍ത്തനമാണെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ? നിങ്ങളോട് പുഞ്ചിരിക്കുന്ന ഒരാളോട് ആകര്‍ഷണീയത നിങ്ങള്‍ അനുഭവിച്ചിട്ടില്ലേ? പ്രിയ വായനക്കാരാ, പുഞ്ചിരിയെന്നത് ഒരു ശാസ്ത്രവും സാമൂഹികവും സാമ്പത്തികവും നയതന്ത്രപരവുമായ ബന്ധങ്ങള്‍ നന്നാക്കുന്ന ഒരു കലയുമായി മാറിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ട് ചിരിയുടെ മനശാസ്ത്രം എന്ന പേര്‍ നല്‍കി ഒരു ശാസ്ത്രശാഖയായി തന്നെ അംഗീകരിച്ചിരിക്കുകയാണതിനെ. തെളിഞ്ഞ പുഞ്ചിരിക്ക് പകരം വെക്കാന്‍ മറ്റൊന്നുമില്ല. മനസ്സുകളെ ആകര്‍ഷിക്കുന്നതിന് പിന്നിലെ രഹസ്യമാണത്. ശരിയായ ആരോഗ്യത്തിന്റെ പ്രതീകം കൂടിയാണത്.

മഹാനായ പ്രവാചകന്‍ സുലൈമാന്‍ നബിയുടെ ഉറുമ്പുമായുള്ള സംഭവം വിവരിക്കുന്നിടത്ത് ഖുര്‍ആന്‍ അദ്ദേഹത്തിന്റെ ചിരിയെ കുറിച്ച് പരാമര്‍ശിക്കുന്നുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അങ്ങനെ അവരെല്ലാം ഉറുമ്പുകളുടെ താഴ്‌വരയിലെത്തി. അപ്പോള്‍ ഒരുറുമ്പ് പറഞ്ഞു: ”ഹേ, ഉറുമ്പുകളേ, നിങ്ങള്‍ നിങ്ങളുടെ മാളങ്ങളില്‍ പ്രവേശിച്ചുകൊള്ളുക. സുലൈമാനും സൈന്യവും അവരറിയാതെ നിങ്ങളെ ചവുട്ടിത്തേച്ചുകളയാനിടവരാതിരിക്കട്ടെ.” അതിന്റെ വാക്കുകേട്ട് സുലൈമാന്‍ മന്ദഹസിച്ചു. അദ്ദേഹം പറഞ്ഞു: ”എന്റെ നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും നിനക്കിഷ്ടപ്പെട്ട സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കാനും എനിക്കു നീ അവസരമേകേണമേ. നിന്റെ അനുഗ്രഹത്താല്‍ സച്ചരിതരായ നിന്റെ ദാസന്മാരില്‍ എനിക്കും നീ ഇടം നല്‍കേണമേ.” (27: 18) സുസ്‌മേര വദനരായും പുഞ്ചിരിച്ചു കൊണ്ടും ആളുകളെ അഭിമുഖീകരിക്കാന്‍ പ്രവാചകന്‍(സ) വിശ്വാസികളെ പ്രേരിപ്പിച്ചിട്ടുണ്ട്. നബി(സ) പറഞ്ഞു: ‘ഒരു നന്മയും നിങ്ങള്‍ നിസ്സാരമാക്കരുത്, പ്രസന്നവദനനായി തന്റെ സഹോദരനെ കണ്ടുമുട്ടുന്നതാണെങ്കില്‍ പോലും.’ മറ്റൊരിക്കല്‍ പറഞ്ഞു: ‘നിന്റെ സഹോദരന്റെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നത് സ്വദഖയാണ്.’

തന്റെ അനുയായികളോട് വളരെ നന്നായി പുഞ്ചിരിക്കുന്ന വ്യക്തിത്വമായിരുന്നു പ്രവാചകന്‍ മുഹമ്മദ്(സ). അബ്ദുല്ലാഹ് ബിന്‍ ഹാരിഥ് അത് സാക്ഷ്യപ്പെടുത്തുന്നു: ‘അല്ലാഹുവിന്റെ ദൂതരേക്കാള്‍ കൂടുതല്‍ മന്ദഹസിക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല.’

‘പുഞ്ചിരിക്കാനറിയാത്തവന്‍ കട തുറക്കാതിരിക്കുകയാണ് നല്ലത്’ എന്ന പഴഞ്ചൊല്ലും അതിന്റെ പ്രസക്തി തന്നെയാണ് വിളിച്ചോതുന്നത്. മനസ്സിന്റെ ഉള്ളില്‍ നിന്നും ഉയരുന്ന ആത്മാര്‍ഥമായ പുഞ്ചിരിക്ക് മനസ്സുകളെ ആകര്‍ഷികുന്ന മാന്ത്രിക ശക്തിയുണ്ട്. മുഖത്തിനത് കൂടുതള്‍ ശോഭയും തെളിമയും നല്‍കുന്നു. കൃത്രിമമായി ഉണ്ടാക്കുന്ന ചിരിയെ കുറിച്ചല്ല ഇതെന്ന് പ്രത്യേകം മനസ്സിലാക്കുക. ഇന്ന് മനുഷ്യന്‍ പ്രകൃതം മാറ്റുന്നതിനും നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍ നീക്കുന്നതിനുമുള്ള ഒരു നാഗരിക പ്രതിഭാസമായി മാറിയിക്കുകയാണ് പുഞ്ചിരി. എങ്ങനെ ഒരാളോട് പുഞ്ചിരിക്കണം എന്നു പഠിപ്പിക്കുന്ന കോഴ്‌സുകള്‍ വരെ ഇന്നുണ്ട്.

ഉറുമ്പുകള്‍ ധാരാളമായി വസിക്കുന്ന താഴ്‌വരയിലൂടെ കടന്നു പോയ സുലൈമാന്‍ നബിയുടെയും സൈന്യത്തിന്റെയും ഖുര്‍ആന്‍ വിവരിക്കുന്ന സംഭവത്തില്‍ നിന്നും ചില കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം:

1. ഉറുമ്പുകളുടെ സംസാരം കേട്ട സുലൈന്‍മാന്‍ നബിയുടെ പുഞ്ചിരി വലിയ ഒരാള്‍ തന്നെ ഭയക്കുന്ന ദുര്‍ബലനോടുള്ള ചിരിയുടെ സ്ഥാനത്താണുള്ളത്. തനിക്ക് ഉപദ്രവിക്കാന്‍ ഉദ്ദേശ്യമില്ല എന്ന ആശയമാണത് പങ്കുവെക്കുന്നത്.
2. ഭരണാധികാരിയുടെ ദ്രോഹം ഭയക്കുന്ന ദുര്‍ബലനായ പ്രജയുടെ നേരെയുള്ള നീതിമാനായ ഒരു ഭരണാധികാരിയുടെ പുഞ്ചിരിയുടെ സ്ഥാനത്താണതുള്ളത്. ഭരണാധികാരിയുടെ ഉപദ്രവത്തെ കുറിച്ച ഭയം പ്രകടിപ്പിക്കുന്നതാണ് ദുര്‍ബലരുടെ പ്രവര്‍ത്തനങ്ങള്‍.
3. സുലൈമാന്‍(അ) തന്റെ പ്രജകളുടെ കാര്യത്തില്‍ വീഴ്ച്ച വരുത്തുന്ന ആളല്ലെന്ന് ആ മന്ദഹാസം വ്യക്തമാക്കുന്നു. വളരെ ശാന്തനായും ക്രിയാത്മകമായുമായി കാര്യങ്ങളോട് പ്രതികരിക്കുന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം എന്ന് ഇത് വ്യക്തമാക്കുന്നു.
4. വളരെ ചെറുതും ദുര്‍ബലവുമായ സൃഷ്ടിയായ ഉറുമ്പ് തന്റെ പ്രജകളെ സംരക്ഷിക്കാന്‍ വീടുകളിലേക്ക് പോകാന്‍ നല്‍കുന്ന നിര്‍ദേശം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ആ അത്ഭുതമാണ് പുഞ്ചിരിയായി അവിടെ വിടര്‍ന്നത്.
5. ദുര്‍ബലരുടെയും പീഡിതരുടെയും ആവശ്യങ്ങളും ഉത്തരം ചെയ്യപ്പെടേണ്ടതാണെന്നും ഈ സംഭവം പഠിപ്പിക്കുന്നു.
6. എത്ര ദുര്‍ബലനാണെങ്കിലും സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്.
7. പ്രജകള്‍ എത്ര വലിയവനാണെങ്കിലും ചെറിയവനാണെങ്കിലും, ശക്തനാണെങ്കിലും ദുര്‍ബലനാണെങ്കിലും ഭരണാധികാരി അവരോട് പുഞ്ചിരിക്കണം.
8. തന്റെ അവകാശം സംരക്ഷിക്കപ്പെടുമെന്ന നിര്‍ഭയത്വം പുഞ്ചിരിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു.
9. ഹൃദയ വിശാലതയുടെ അടയാളമാണ് പുഞ്ചിരി.
10. നിസ്സാരമായ ഒരു ചെറിയ ജീവിക്ക് പോലും ജീവിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുന്ന വിശാലാര്‍ത്ഥത്തിലുള്ള സാമൂഹ്യനീതിയെ കുറിക്കുന്നതാണ് ഈ സംഭാഷണം.

(ഇറാഖിലെ ഖുര്‍ദിസ്താനില്‍ നിന്നുള്ള എഴുത്തുകാരനും ഗവേഷകനുമാണ് ലേഖകന്‍.)

Related Articles