Current Date

Search
Close this search box.
Search
Close this search box.

സപ്തവാനങ്ങളെയും പടച്ചവന്‍

sky1.jpg

‘നിങ്ങള്‍ക്കു മീതെ സുഭദ്രമായ സപ്തവാനങ്ങള്‍ സ്ഥാപിച്ചില്ലയോ?’ ഭൂമിയെയും അതിലുള്ളതിനെയും കുറിച്ച സംസാരത്തിന് ശേഷം വാനലോകത്തേക്ക് നീങ്ങുകയാണ്. ഏഴ് ആകാശങ്ങളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. അല്ലാഹു അവയെ സൃഷ്ടിക്കുകയും ഭദ്രമാക്കുകയും ചെയ്തു. നാം കാണാത്ത തൂണുകളാല്‍ അവയെ ഉയര്‍ത്തി നിര്‍ത്തി. അല്ലാഹു അതിനെ കുറിച്ച് പറയുന്നത് കാണുക: ‘ആകാശത്തെ നാം നമ്മുടെ ശക്തിയാല്‍ സൃഷ്ടിച്ചു. നമുക്കതിനു കഴിവുണ്ട്.’ (51:47) മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: ‘ഇവരൊരിക്കലും മുകളിലുള്ള മാനത്തേക്കു നോക്കിയിട്ടില്ലേ, നാം അത് എവ്വിധം നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിരിക്കുന്നു? അതിലെവിടെയും ഒരു വിടവുമില്ല.’ (50: 6) ശക്തവും ഭദ്രവുമായ നിര്‍മിതിയാണത്. കാലചംക്രമണമൊന്നും അതിന് പോറലേല്‍പ്പിക്കുന്നില്ല.

ഏഴ് ആകാശങ്ങള്‍ എന്നുള്ളത് വിശുദ്ധ ഖുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ ശക്തിപ്പെടുത്തിയിട്ടുള്ള കാര്യമാണ്. അല്ലാഹു പറയുന്നു: ‘പടിപടിയായി സപ്തവാനങ്ങള്‍ സൃഷ്ടിച്ചവന്‍.’ (67:3)
‘സപ്തവാനങ്ങളെ സൃഷ്ടിച്ചവനാരോ, അവനത്രെ അല്ലാഹു. ഭൂമിയിലും അവയെപ്പോലുള്ളത് സൃഷ്ടിച്ചവന്‍.’ (65:12) ഈ സൂക്തത്തില്‍ പറയുന്ന ‘അവയെ പോലുള്ളത്’ എന്താണെന്ന് വിശദീകരിച്ചിട്ടില്ല. അത് എണ്ണത്തെയാണോ കുറിക്കുന്നത്? അതോ നിര്‍മാണത്തെയാണോ? അതൊന്നുമല്ല പ്രാധാന്യത്തെയാണോ? സൂക്ഷ്മമായി അറിയുന്നത് അല്ലാഹുവിന് മാത്രം.

ഏഴ് ആകാശങ്ങള്‍
വിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത രീതികളില്‍ ആവര്‍ത്തിച്ചു വന്നിട്ടുള്ള ഒരു പ്രയോഗമാണ് ‘ഏഴ് ആകാശങ്ങള്‍’ എന്നുള്ളത്. ഈ അധ്യായത്തില്‍ ‘നിങ്ങള്‍ക്ക് മുകളില്‍ നാം ഭദ്രമായ ഏഴെണ്ണം നിര്‍മിച്ചു’ എന്നും അല്‍മുല്‍ക് അധ്യായത്തില്‍ ‘പടിപടിയായുള്ള ഏഴ് ആകാശങ്ങള്‍’ എന്നും പറഞ്ഞിരിക്കുന്നു. അപ്രകാരം സൂറത്ത് നൂഹില്‍ നൂഹ് നബി പറയുന്നതായി വിവരിക്കുന്നത് കാണുക: ‘അല്ലാഹു തട്ടുതട്ടായി സപ്തവാനങ്ങളെ സൃഷ്ടിച്ചിട്ടുള്ളത് കാണുന്നില്ലയോ?’ (71:15) സൂറത്തുല്‍ മുഅ്മിനൂനില്‍ ‘ത്വറാഇഖ്’ (മാര്‍ഗങ്ങള്‍) എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ‘നിങ്ങള്‍ക്കു മീതെ നാം ഏഴു മാര്‍ഗങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.’ (23:17)

ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക്, പ്രത്യേകിച്ചും ആധുനിക മുഫസ്സിറുകള്‍ ‘സമാവാത്’ കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്നതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഭദ്രമായ ഏഴെണ്ണം കൊണ്ടുദ്ദേശിക്കുന്നത് പ്രസിദ്ധമായ സപ്തഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന പാതയാണെന്ന് ഇമാം മുഹമ്മദ് അബ്ദുവിനെ പോലുള്ള മുഫസ്സിറുകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനേക്കാള്‍ മഹത്തായ സൃഷ്ടികളുണ്ടെങ്കിലും ആളുകള്‍ക്ക് സുപരിചിതമായതിനാല്‍ അവയെ പ്രത്യേകം പരാമര്‍ശിച്ചു. അതിനപ്പുറം ആകാശ ലോകങ്ങളുണ്ട്. കാലചംക്രമണം സ്വാധീനിക്കാത്ത തരത്തില്‍ കെട്ടുറപ്പിലും ഭദ്രതയിലും മികച്ചതായിട്ടാണതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. (തഫ്‌സീറു ജുസ്ഉ അമ്മ – ഇമാം മുഹമ്മദ് അബ്ദു)

അപ്രകാരം ശൈഖ് അബ്ദുല്‍ ഖാദിര്‍ മഗ്‌റബി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ സൂറത്തുല്‍ മുല്‍കിലെ മൂന്നാമത്തെ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞിരിക്കുന്നത് അതുകൊണ്ടുദ്ദേശിക്കുന്നത് സപ്തഗ്രഹങ്ങളാണെന്നാണ്. അക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ പരിചിതമായിരുന്ന ഏഴ് ഗ്രഹങ്ങളാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് മഹാനായ താഹിര്‍ ബിന്‍ ആശൂര്‍ പറഞ്ഞിട്ടുള്ളത്. ശനി, വ്യാഴം, ചൊവ്വ, സൂര്യന്‍, ശുക്രന്‍, ബുധന്‍, ചന്ദ്രന്‍ എന്നിവയായിരുന്നു അവര്‍ക്ക് അക്കാലത്ത് പരിചിതമായിരുന്ന ഗ്രഹങ്ങള്‍. വളരെ വ്യക്തമായിട്ടുള്ള ഒരു സാധ്യതയാണിത്. കാരണം അഭിസംബോധിതര്‍ ഏഴ് ആകാശങ്ങളെ കണ്ടിട്ടില്ല, പില്‍ക്കാലത്ത് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഗ്രഹങ്ങളെ കുറിച്ചും അവര്‍ക്ക് അറിയില്ല, അവര്‍ക്ക് പരിചിതമായിട്ടുള്ള ഏഴ് ഗ്രഹങ്ങള്‍ അവ മാത്രമാണ്.

യഥാര്‍ത്ഥത്തില്‍ ഭാഷാപരമായ നാമമോ ഗോളശാസ്ത്ര സാങ്കേതിക പദമോ അല്ല ‘സമാവാത്’. അതിന് ഭാഷാപരമായും ആളുകളുടെ പ്രയോഗത്തിലും ഏഴു ഗ്രഹങ്ങളേക്കാള്‍ വിശാലതയും സമഗ്രതയുമുണ്ട്. മാത്രമല്ല സാധാരണ ജനങ്ങള്‍ക്ക് ഈ ഗ്രഹങ്ങളില്‍ സൂര്യനെയും ചന്ദ്രനെയും മാത്രമേ അറിയുകയുള്ളൂ. ശാസ്ത്ര വിജ്ഞാനമുള്ളവര്‍ക്കാണ് അതിനപ്പുറമുള്ളവയെ അറിയുക. ഭൂമിയോട് ചേര്‍ന്നുള്ള ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങളെ മാത്രമാണ് നാം കാണുന്നത്.

അതുകൊണ്ട് അര്‍ത്ഥമാക്കുന്നത് സപ്തവാനങ്ങളും അതില്‍ സഞ്ചരിക്കുന്നവയും അവക്കെല്ലാം മുകളിലുള്ള അല്ലാഹുവിന്റെ ‘അര്‍ശും കുര്‍സി’യുമാണ്. അല്ലാഹു പറയുന്നു: ‘അവന്റെ സിംഹാസനം (الكرسي) വാനലോകങ്ങളിലും ഭൂമിയിലും വ്യാപിച്ചിരിക്കുന്നു. അവയുടെ സംരക്ഷണം അവനെ ഒട്ടും ക്ഷീണിപ്പിക്കുന്നതല്ല. അവന്‍ അത്യുന്നതനും അതിഗംഭീരനും തന്നെ.’ (2:255) ‘അവരോട് ചോദിക്കുക: `സപ്തവാനങ്ങളുടെയും മഹദ് സിംഹാസനത്തിന്റെയും നാഥനാര്?` തീര്‍ച്ചയായും അവര്‍ പറയും: `അല്ലാഹു.` പറയുക: `എങ്കില്‍ നിങ്ങള്‍ ഭയപ്പെടാത്തതെന്ത്?’ (23:86-87) (തുടരും)

വിവ: നസീഫ്‌

നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിച്ചു
കത്തിജ്ജ്വലിക്കുന്ന ഒരു വിളക്കും നാം സ്ഥാപിച്ചു

Related Articles