Current Date

Search
Close this search box.
Search
Close this search box.

സന്മാര്‍ഗം കാണിക്കുന്ന ഖുര്‍ആനെന്ന നിധി

q2.jpg

ജനങ്ങളെ അന്ധകാരത്തില്‍ നിന്നും പ്രകാശത്തിലേക്ക് നയിക്കുന്നതിനായി അല്ലാഹു അവതരിപ്പിച്ച നിയമങ്ങളാണ് വേദഗ്രന്ഥങ്ങള്‍. തീര്‍ത്തും അജ്ഞതമുറ്റിയ ഹൃദയങ്ങള്‍ക്ക് വിജ്ഞാനത്തിന്റെ കിരണങ്ങളേകാനും, വെറുപ്പും വിദ്വേഷവും നിറഞ്ഞ മനസ്സില്‍ സമാധാനവും, സ്‌നേഹവും വളര്‍ത്തിയെടുക്കാനും വേദഗ്രന്ഥങ്ങള്‍ വഴി കാണിക്കുന്നു.

ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ്. അതായത് അല്ലാഹു പ്രവാചകനോട് നടത്തിയ സംസാരവും, പ്രവാചകന് നല്‍കിയ ബോധനവുമാണ് അത്. അപ്രകാരം തന്നെ തൗറാത്ത് മൂസാ നബിയിലേക്കും, ഇഞ്ചീല്‍ ഈസാ നബിയിലേക്കും അവതരിപ്പിച്ചിരിക്കുന്നു.

വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ്. അല്ലാഹു പ്രവാചകന്മാര്‍ക്ക് ബോധനം നല്‍കിയെന്നത് നിഷേധിക്കുന്നവന്‍ വിശ്വാസിയല്ല. ‘നൂഹിനും തുടര്‍ന്നുവന്ന പ്രവാചകന്മാര്‍ക്കും നാം ബോധനം നല്‍കിയപോലെത്തന്നെ നിനക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികള്‍, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം ബോധനം നല്‍കിയിരിക്കുന്നു. ദാവൂദിന് സങ്കീര്‍ത്തനവും നല്‍കി.’ (നിസാഅ് 163)

അല്ലാഹുവാണ് എല്ലാ വേദഗ്രന്ഥങ്ങളും അയച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ അവന്റെ സന്ദേശങ്ങള്‍ക്ക് മാറ്റവുമില്ല. വിശദാംശങ്ങളില്‍ വൈവിധ്യമുണ്ടായിരുന്നെങ്കില്‍ പോലും അവയുടെ ആകെത്തുക ഒന്ന് തന്നെയായിരുന്നു. അവയെല്ലാം ക്ഷണിക്കുന്നത് അല്ലാഹുവിന് മാത്രം വഴിപ്പെടണമെന്നും, അവനില്‍ പങ്ക് ചേര്‍ക്കരുതെന്നുമുള്ള ആശയത്തിലേക്കാണ്. ‘നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: ‘നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.’ (നഹ്‌ല് 36)

അല്ലാഹു അവസാനം ഇറക്കിയ വേദഗ്രന്ഥത്തിന്റെ (ഖുര്‍ആന്‍) സംരക്ഷണചുമതല അവന്‍ തന്നെ ഏറ്റെടുത്തിരിക്കുന്നു. ഒരു അക്ഷരത്തില്‍ പോലും മാറ്റമില്ലാത്ത ഒരേയൊരു വേദഗ്രന്ഥമാണത്. വിശുദ്ധ ഖുര്‍ആനില്‍ കൈകടത്തല്‍ നടന്നിട്ടുണ്ടെന്നോ, അതിലേക്ക് പുറമെ നിന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്നോ ബുദ്ധിയുള്ളവരാരും പറയുകയില്ല.

കാരണം ബുദ്ധി അംഗീകരിക്കുന്ന കാര്യമല്ല അത്. ദൈവിക നിയമത്തിന്റെ അവസാന പതിപ്പാണ് വിശുദ്ധ വേദം എന്നത് തന്നെയാണ് കാരണം. ഇനി ഒരു പ്രവാചകനോ, വേദഗ്രന്ഥമോ വരാനില്ല. ആരെങ്കിലും വിശുദ്ധ ഖുര്‍ആനില്‍ കൈകടത്തല്‍ നടന്നുവെന്ന് സങ്കല്‍പിക്കുന്നുവെങ്കില്‍ ഒടുവിലത്തെ വേദഗ്രന്ഥവും നഷ്ടപ്പെടാന്‍ സാധ്യതയുള്ളതാണെന്നും, അല്ലാഹുവിന്റെ മാര്‍ഗം സുരക്ഷിതമല്ല എന്നും കണക്കാക്കേണ്ടി വരും. അതാവട്ടെ വിശുദ്ധ ഖുര്‍ആന്റെ തന്നെ വാഗ്ദാനത്തിന് വിരുദ്ധമാണ് താനും ‘തീര്‍ച്ചയായും നാമാണ് ഈ ഖുര്‍ആന്‍ ഇറക്കിയത്. നാം തന്നെ അതിനെ കാത്തുരക്ഷിക്കുകയും ചെയ്യും.’ (ഹിജ്ര്‍ 9)

സന്മാര്‍ഗത്തിന്റെ കിരണങ്ങള്‍ സുരക്ഷിതമാണെന്നതിന് സംഭവലോകം സാക്ഷിയാണ്. പതിനാല് നൂറ്റാണ്ടുകള്‍ കഴിഞ്ഞതിന് ശേഷവും ഖുര്‍ആന്റെ കാര്യത്തില്‍ വിശ്വാസികള്‍ ഏകാഭിപ്രായക്കാരാണ്. ഭാഷാപരവും, ആശയപരവുമായ മഹത്വം കൊണ്ട് വായനക്കാരില്‍ അല്‍ഭുതം സൃഷ്ടിച്ച് കൊണ്ടേയിരിക്കുകയാണ് അത്.

ഖുര്‍ആനെ അവിശ്വസിച്ച, അവഗണിച്ചവരെ അത് പല തലത്തില്‍ നിന്ന് കൊണ്ട് വെല്ലുവിളിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെയും, ഭാഷസൗകുമാര്യത്തിന്റെയും കുലപതികളായിരുന്ന ജനതയെയാണ് ഖുര്‍ആന്‍ വെല്ലുവിളിച്ചതെന്ന് നാം മനസ്സിലാക്കണം. ‘അതല്ല; ഇത് ഇദ്ദേഹം കെട്ടിച്ചമച്ചതാണെന്നാണോ അവര്‍ വാദിക്കുന്നത്? പറയുക: എങ്കില്‍ ഇതുപോലുള്ള പത്ത് അധ്യായം നിങ്ങള്‍ കെട്ടിച്ചമച്ച് കൊണ്ടുവരിക. അതിനായി അല്ലാഹുവിനു പുറമെ നിങ്ങള്‍ക്ക് കിട്ടാവുന്നവരെയൊക്കെ വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്മാരെങ്കില്‍.’ (ഹൂദ് 13)
വെല്ലുവിളിയോടൊപ്പം, അത് സ്വീകരിക്കാന്‍ ലോകത്തുള്ള ചരാചരങ്ങള്‍ അശക്തരാണെന്നും ഖുര്‍ആന്‍ കുറിക്കുന്നുണ്ട് ‘പറയുക: മനുഷ്യരും ജിന്നുകളും ഒത്തൊരുമിച്ചു ശ്രമിച്ചാലും ഈ ഖുര്‍ആന്‍ പോലൊന്ന് കൊണ്ടുവരാനാവില്ല അവരെല്ലാം പരസ്പരം പിന്തുണച്ചാലും ശരി.’ (ഇസ്‌റാഅ് 88)

അതൊരു അപകടകരമായ വെല്ലുവിളിയായിരുന്നു. മുഹമ്മദ് സ്വയം രൂപപ്പെടുത്തിയ ഒരു സമാഹാരമായിരുന്നു വിശുദ്ധ വേദമെങ്കില്‍ പ്രസ്തുത വെല്ലുവിളിക്ക് മറുപടിയില്ലാതെ ഇത്രയും നൂറ്റാണ്ടുകള്‍ കഴിഞ്ഞുപോകുമായിരുന്നില്ല. ഖുര്‍ആനിന്റെ സൗന്ദര്യത്തോട് കിടപിടിക്കുന്ന, അതിന്റെ അക്ഷരങ്ങളെപ്പോലെ മനംമയക്കുന്ന, വിജ്ഞാനം പ്രസരിക്കുന്ന ഒരു ഗ്രന്ഥം ലോകത്തിന് ഇന്നേവരെ പരിചിതമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അദൃശ്യകാര്യങ്ങള്‍, അഥവാ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വളരെ വ്യക്തമായി വിശദീകരിക്കുകയെന്നത് ഖുര്‍ആന്റെ ഈ അമാനുഷികതയുടെ ഭാഗമാണ്. പ്രവാചക പ്രബോധനത്തിന്റെ ശത്രുവായിരുന്ന അബൂലഹബ് നരകാവകാശിയാണെന്നും, അയാള്‍ അവിശ്വാസിയായി തന്നെ മരിക്കുമെന്നും ഖുര്‍ആന്‍ വളരെ നേരത്തെത്തന്നെ വ്യക്തമാക്കിയത് ഇതിന്റെ ഭാഗമാണ്. പ്രവാചക നിയോഗത്തിന്റെ പ്രാരംഭത്തിലാണ് അബൂലഹബിനെ ശപിക്കുന്ന സൂറത്തുല്‍ മസദ് അവതരിക്കുന്നത്. തന്റെ ജീവിതത്തില്‍ ഒരിക്കലും, കളവായിട്ടാണെങ്കില്‍ പോലും താന്‍ വിശ്വാസിയാണെന്ന് അയാള്‍ പ്രഖ്യാപിച്ചില്ല.

ഖുര്‍ആന്‍ കൈവരിച്ച ഭാഷാസാഹിത്യത്തിന്റെ പൂര്‍ണത തന്നെയാണ് അതിന്റെ മറ്റൊരു അമാനുഷിക ദൃഷ്ടാന്തം. ഖുര്‍ആനില്‍ നിന്നാണ് അറബ് സമൂഹം തങ്ങളുടെ ഭാഷാനിയമങ്ങള്‍ ആവിഷ്‌കരിച്ചതെന്നത് അതിന്റെ  ഏറ്റവും വലിയ തെളിവാണ്.

വിശുദ്ധ ഖുര്‍ആനില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് തയ്യാറായ ഭാഷാവിദഗ്ദര്‍ അതുമായി ബന്ധപ്പെട്ട കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തി. വിശുദ്ധ ഖുര്‍ആന്‍ പ്രയോഗിച്ച ഓരോ പദത്തിനും സാന്ദര്‍ഭികമായ സവിശേഷതയും അര്‍ത്ഥവും ഉണ്ടെന്നും, തല്‍സ്ഥാനത്ത് മറ്റേതൊരു പര്യായപദം വെച്ചാലും അവ ലഭിക്കുകയില്ലെന്നും അവര്‍ ഉദാഹരണ സഹിതം സ്ഥാപിച്ചു. പ്രശസ്ത വിശുദ്ധഖുര്‍ആന്‍ വ്യാഖ്യാതാവായ ഇബ്‌നു അതിയ്യ അന്‍ദലുസി പറയുന്നത് ഇപ്രകാരമാണ് ‘വിശുദ്ധ വേദത്തില്‍ നിന്ന് ഒരു പദം അടര്‍ത്തിയെടത്ത് തല്‍സ്ഥാനത്ത് വെക്കാന്‍ പറ്റിയ ഒരു പദത്തിന് വേണ്ടി തിരഞ്ഞാല്‍ അറബിയില്‍ നിന്ന് ഒരു പദം ലഭിക്കുകയില്ല.’

എന്നാല്‍ വിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയില്‍ ഏറ്റവും മഹത്തരമായത് ശാസ്ത്രീയമുഖത്തോട് കൂടിയുള്ളതാണ്. ആധുനിക ലോകത്തോട് തീര്‍ത്തും യോജിക്കുന്നതും അത് തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ അതിഗംഭീരമായ ശാസ്ത്രീയ മുന്നേറ്റത്തോട് കൂടിയാണ് അതിന്റെ മഹത്വം അധികരിച്ചത്. ശാസ്ത്ര മേഖലയിലുണ്ടായ കണ്ടെത്തലുകള്‍ മനുഷ്യന്റെ മുന്നില്‍ സൃഷ്ടികളെയും പ്രപഞ്ചത്തെയും കുറിച്ച പുതി രഹസ്യങ്ങളുടെ വിശാലമായ കവാടങ്ങള്‍ തുറന്ന് കൊടുത്തു. പ്രസ്തുത പ്രാപഞ്ചിക നിയമങ്ങള്‍ക്കോ, വ്യവസ്ഥകള്‍ക്കോ സംഭവിക്കുന്ന ഒരു നിസ്സാര തകരാറ് പോലും ലോകത്തിന്റെ തകര്‍ച്ചക്ക് വഴിവെക്കുമെന്ന് ശാസ്ത്രലോകം തറപ്പിച്ച് പറഞ്ഞു.

ഈ ശാസ്ത്രീയ സത്യങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആന്‍ സൂചന നല്‍കുന്നുവെന്നത് മുസ്‌ലിംകളും അല്ലാത്തവരുമായ ശാസ്ത്രജ്ഞന്മാര്‍ ഒരുപോലെ അംഗീകരിച്ച കാര്യമാണ്. വിശുദ്ധ ഖുര്‍ആന്റെ സത്യസന്ധതക്കും, ദൈവത്തില്‍ നിന്നുള്ള ബോധനമാണ് അത് എന്നതിനുമുള്ള തെളിവാണത്. എന്നല്ല പലശാസ്ത്രജ്ഞര്‍ക്കും ഇസ്‌ലാമിക ദര്‍ശനത്തിന്റെ വെള്ളിവെളിച്ചം ലഭിക്കാനും അത് കാരണമായിരിക്കുന്നു.

പ്രശസ്ത ഫ്രഞ്ച് സര്‍ജറി വിദഗ്ദനായിരുന്ന മോറീസ് ബുകായ്, ഭ്രൂണശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ കീത്ത് മൂര്‍, ജര്‍മന്‍ ഭൂമിശാസ്ത്രജ്ഞനായ ആല്‍ഫ്രഡ് ക്രോണെര്‍ തുടങ്ങിയവര്‍ അവരില്‍ ഉള്‍പെടുന്നു.

സമുദ്രാന്തരാളങ്ങളില്‍ തിരമാലകള്‍ തട്ടുതട്ടായി രൂപപ്പെട്ടിരിക്കുന്നുവെന്നും, അവ സമുദ്രോപരിതലത്തിലെ തിരമാലകളെപ്പോലെയല്ല ചലിക്കുകയെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം; അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനു മീതെ കാര്‍മേഘവും. ഇരുളിനുമേല്‍ ഇരുള്‍ഒട്ടേറെ ഇരുട്ടുകള്‍. സ്വന്തം കൈ പുറത്തേക്കു നീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്!’ (നൂര്‍ 40)

ഇപ്രകാരം തന്നെ മനുഷ്യന്റെ ഗര്‍ഭപാത്രത്തിലെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ട് ‘പിന്നെ നാമവനെ ബീജകണമാക്കി ഭദ്രമായ ഒരിടത്ത് സ്ഥാപിച്ചു. അനന്തരം നാം ആ ബീജത്തെ ഭ്രൂണമാക്കി മാറ്റി. പിന്നീട് ഭ്രൂണത്തെ മാംസക്കട്ടയാക്കി. അതിനുശേഷം മാംസത്തെ എല്ലുകളാക്കി. എല്ലുകളെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് നാമതിനെ തീര്‍ത്തും വ്യത്യസ്തമായ ഒരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു. ഏറ്റം നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണന്‍ തന്നെ.’ (മുഅ്മിനൂന്‍ 14-15)

ആധുനിക ശാസ്ത്രം സ്ഥിരീകരിച്ച വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിച്ച ശാസ്ത്രീയ യാഥാര്‍ത്ഥങ്ങളെക്കുറിച്ച വിരലിലെണ്ണാവുന്ന ഉദാഹരണങ്ങള്‍ മാത്രമാണിവ. ഇപ്രകാരം ലോകം അംഗീകരിക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെ പറഞ്ഞുവെക്കുക വഴി സന്മാര്‍ഗത്തിന്റെ നിധി മാനവകുലത്തിന് മുന്നില്‍ തുറന്ന് വെക്കുകയാണ് ഖുര്‍ആന്‍ ചെയ്തത്. പ്രസ്തുത അമൂല്യ നിധിയിലെ രത്‌നങ്ങളും, മണിമുത്തുകളും അനുയോജ്യമായ കാലത്ത് കണ്ടെത്തുകയെന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്തം.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles