Current Date

Search
Close this search box.
Search
Close this search box.

സത്യം ചെയ്ത് പ്രതിപാദിക്കുന്ന കാര്യം

endworld.jpg

അഞ്ച് കാര്യങ്ങളെ പിടിച്ചാണയിട്ടാണ് അധ്യായം ആരംഭിക്കുന്നത്. എന്നാല്‍ സത്യം ചെയ്ത് പ്രതിപാദിക്കുന്ന കാര്യം എവിടെ? ചിലര്‍ അഭിപ്രായപ്പെടുന്നത് അത് വാചകഘടനയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നാണ്. നിശ്ചയം നിങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുക തന്നെ ചെയ്യും എന്നോ നിശ്ചയം നിങ്ങള്‍ വിചാരണ ചെയ്യപ്പെടുക തന്നെ ചെയ്യും എന്നോ നിശ്ചയം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമെന്നതോ ആവാം അത്. തുര്‍ന്നുള്ള സൂക്തങ്ങളില്‍ വരുന്ന ‘ഞങ്ങള്‍ നുരുമ്പിയ അസ്ഥികളായാലോ?’ എന്ന ചോദ്യം അതിനെ കുറിക്കുന്ന തെളിവായി അവര്‍ അഭിപ്രായപ്പെടുന്നു. അതായത് നുരുമ്പിയ എല്ലുകളായി മാറിയതിന് ശേഷവും ഞങ്ങളെ പുനരുജ്ജീവിപ്പിക്കുമോ എന്ന ചോദ്യമാണ് ചോദിക്കുന്നത്.

സത്യം ചെയ്ത് പ്രതിപാദിക്കുന്ന കാര്യം വാചകഘടനയില്‍ മറഞ്ഞ് കിടക്കുന്നുണ്ടെന്നുള്ളതാണ് അഭിപ്രായപ്പെട്ടവരുണ്ട്. അന്ത്യദിനം സംഭവിക്കുമെന്ന കാര്യമാണത്. സമാനമായ രീതിയില്‍ സത്യം ചെയ്ത് ആരംഭിക്കുന്ന സൂറത്തു അദ്ദാരിയാത്തിലും സൂറത്തുല്‍ മുര്‍സലാത്തിലും അതാണ് അല്ലാഹു പറയുന്നത്.

വാചകഘടനയില്‍ തന്നെ സത്യം ചെയ്തുകൊണ്ട് പരാമര്‍ശിക്കുന്ന കാര്യം വന്നിട്ടുണ്ടെന്നുള്ളതാണ് രണ്ടാമത്തെ അഭിപ്രായം. ‘അന്ന് ചില ഹൃദയങ്ങള്‍ വെപ്രാളപ്പെടുന്നു. അവരുടെ കണ്ണുകള്‍ ഭീതിനിറഞ്ഞതാണ്.’ എന്നതാണ് അക്കാര്യം.

‘ഭീകരമായ ആ പ്രകമ്പന ഗര്‍ജനമുണ്ടാവുകയും തുടര്‍ന്ന് മറ്റൊരു പ്രകമ്പനംവും കൂടി സംഭവിക്കുകയും ചെയ്യുന്ന ദിവസം.’ എന്ന സൂക്തത്തെ വിശദീകരിച്ച് ഇബ്‌നു അബ്ബാസ് പറയുന്നു: ഒന്നാമത്തെയും രണ്ടാമത്തെയും കാഹളമൂത്താണവ. ഭൂരിഭാഗം മുഫസ്സിറുകളും ഇതേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. മറ്റൊരു അഭിപ്രായം ‘ഭീകരമായ ആ പ്രകമ്പന ഗര്‍ജനമുണ്ടാവുന്ന ദിനം’ സൂറത്തുല്‍ മുസ്സമിലില്‍ പറയുന്ന ‘അത് ഭൂമിയും പര്‍വതങ്ങളും കിടുകിടാ വിറക്കുകയും പര്‍വതങ്ങള്‍ മണല്‍ക്കൂനകളെന്നോണം ചിതറിപ്പോവുകയും ചെയ്യുന്ന ദിനം.’ (അല്‍മുസ്സമ്മില്‍: 14) ആണെന്നുള്ളതാണ്. അതിനെ തുടര്‍ന്നു വരുന്നത് എന്നതുകൊണ്ടുദ്ദേശ്യം സൂറത്തുല്‍ ഹാഖ്ഖയിലെ ‘ഭൂമിയെയും പര്‍വതങ്ങളെയും പൊക്കിയെടുത്ത് ഒറ്റയടിക്ക് ഉടച്ചു ധൂളീകരിച്ചു’ (അല്‍-ഹാഖ്ഖ: 14) എന്ന സൂക്തത്തില്‍ പറയുന്നതാണ്.

എന്താണ് റാജിഫ?
ശാന്തമായി നിലകൊള്ളുന്ന ഗോളങ്ങള്‍ പ്രകമ്പനം കൊള്ളുന്ന സംഭവമാണത്. അഥവാ ഭൂമിയെയും പര്‍വതങ്ങളെയും പോലുള്ളത് ശക്തമായി ചലിക്കുകയും കിടുകിടാ വിറപ്പിക്കപ്പെടുകയും ചെയ്യും. ഭൂമിയും പര്‍വതങ്ങളും തന്നെയാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്ന് പറഞ്ഞവരുമുണ്ട്.

‘റജ്ഫ്’ എന്നതിന് ചലനമെന്നാണ് അര്‍ഥം. സൂറത്തുല്‍ മുസ്സമില്‍ 14-ാം സൂക്തത്തില്‍ പ്രസ്തുത അര്‍ത്ഥത്തിലാണത് ഉപയോഗിച്ചിട്ടുള്ളതെന്ന് കാണാം. അലോസരമുണ്ടാക്കുന്ന വലിയ ശബ്ദം, ഘോരശബ്ദം എന്നും അതിന് അര്‍ത്ഥമുണ്ട്. ‘റജഫ’ എന്നത് മേഘത്തിലേക്ക് ചേര്‍ത്ത് പറയുമ്പോള്‍ മേഘത്തില്‍ നിന്നും മുഴങ്ങുന്ന വലിയ ശബ്ദമാണത്. അല്ലാഹു പറയുന്നത് കാണുക: ‘കിടിലംകൊള്ളിക്കുന്ന ഒരു ശബ്ദം ബാധിച്ച അവര്‍ സ്വഭവനങ്ങളില്‍ ചേതനയറ്റു വീണടിഞ്ഞുപോയി.’ (അല്‍-അഅ്‌റാഫ്: 91) ഈയര്‍ത്ഥത്തില്‍ ‘റാജിഫ’ എന്നത് ഇടിവെട്ടുന്ന ശബ്ദം പോലുള്ള ഭീകരവും കഠിനവുമായ വലിയ ശബ്ദമാണത്.

മറ്റൊന്നിനെ പിന്തുടര്‍ന്ന് വരുന്നത് എന്ന അര്‍ത്ഥത്തിലാണ് ‘റാദിഫ’ ഉപയോഗിച്ചിരിക്കുന്നത്.

ഭയംപൂണ്ട ഹൃദയങ്ങള്‍
‘ഖുലൂബുല്‍ വാജിഫ’ അസ്വസ്ഥതയും ഭീതിയും നിറഞ്ഞ ഹൃദയങ്ങളെയാണ് കുറിക്കുന്നത്. കാലികളെ അവയുടെ വേഗത കൂട്ടുന്നതിന് വെറളി പിടിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദം ‘ഈജാഫ്’ ആണെന്നത് ശ്രദ്ധേയമാണ്. മുഫസ്സിറുകള്‍ ‘വാജിഫ’ എന്നതിന് പല അര്‍ഥങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഒരേ ആശയത്തെ തന്നെയാണ് കുറിക്കുന്നത്. ഭയം, അസ്വസ്ഥത, ഉത്കണ്ഠ, വെപ്രാളം തുടങ്ങിയ അര്‍ത്ഥങ്ങളാണ് അവര്‍ നല്‍കിയിട്ടുള്ളത്.

വെപ്രാളം പൂണ്ട ഹൃദയങ്ങളുടെ ഉടമകളായവരുടെ കണ്ണുകളെ വിശേഷിപ്പിക്കുന്നത് ഭയം നിറഞ്ഞതായിരിക്കുമെന്നാണ്. ചുറ്റുപാടും കാണുന്ന കാഴ്ച്ചകള്‍ അവരുടെ കണ്ണുകളെ അടപ്പിച്ചു കളയും. മറ്റൊരിടത്ത് അല്ലാഹു പറയുന്നത് കാണുക: ‘നരകത്തിനു മുന്നില്‍ ഹാജരാക്കപ്പെടുമ്പോള്‍ അവര്‍ അപമാനഭാരത്താല്‍ കുനിഞ്ഞുപോകുന്നതും നരകത്തെ ഒളികണ്ണിട്ടുനോക്കുന്നതും നിനക്കു കാണാം.’ (അശ്ശൂറ: 45)

മൊഴിമാറ്റം: നസീഫ്

സത്യം ചെയ്യാനുപയോഗിച്ചിരിക്കുന്ന അഞ്ച് പദങ്ങള്‍

Related Articles