Current Date

Search
Close this search box.
Search
Close this search box.

ശ്രോതാവായി് ഖുര്‍ആനെ സമീപിക്കുക

വിശുദ്ധ ഖുര്‍ആന്‍ ഒരു അധ്യായത്തില്‍ തന്നെ ഗൗരവത്തോടെ പലവട്ടം ആവര്‍ത്തിച്ച ഒരു സൂക്തമാണ് ”ഖുര്‍ആനെ വിചിന്തനത്തിന് നാം സരളമാക്കിയിരിക്കുന്നു, വല്ല വിചിന്തകനുമുണ്ടോ” (സൂറത്തുല്‍ ഖമര്‍). ഖുര്‍ആനോടുള്ള നമ്മുടെ സമീപനമാണ് നമ്മുടെ ഭാഗദേയം നിര്‍ണയിക്കുന്നത്. ദൂതനെ പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിന് മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്യുന്നതിനൊപ്പം അദ്ദേഹം കൊണ്ടു വന്ന സന്ദേശം അവഗണിക്കുകയും ചെയ്യുന്ന അവസ്ഥ പലപ്പോഴും കാണാം. വിശുദ്ധ ഖുര്‍ആന്‍ നമുക്ക് എത്തിച്ചു തരികയാണ് നബി(സ) ചെയ്തിട്ടുള്ളത്. നബി(സ)ക്ക് വേണ്ടി സ്വലാത്ത് ചൊല്ലുന്നത് നല്ലതാണ്; ചൊല്ലേണ്ടതുമാണ്. എന്നാല്‍ സ്വലാത്തിനോട് കാണിക്കുന്ന താല്‍പര്യത്തിന്റെ പത്തിലൊരംശമെങ്കിലും അദ്ദേഹം കൊണ്ടു വന്ന സന്ദേശത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളുന്നതില്‍ മുസ്‌ലിം സമുദായം കാണിക്കുന്നുണ്ടോ? അതിലെ പരാജയം അംഗീകരിച്ച് തിരുത്താന്‍ തയ്യാറായാലല്ലാതെ റമദാനും ഖുര്‍ആനും നമുക്ക് അനുകൂലമായി സാക്ഷി പറയില്ല.

ഒരു വസ്തുതക്ക് അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ നിലകൊള്ളുന്നതിനാണ് സാക്ഷ്യമെന്ന് പറയുന്നത്. എന്നെ പാരായണം ചെയ്ത് അതിലൂടെ നേടിയ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ഈ മനുഷ്യന്‍ ജീവിതത്തില്‍ ഇന്നയിന്ന തിരുത്തല്‍ വരുത്തിയിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ സാക്ഷിപറയുക. റമദാന്റെ സാക്ഷ്യവും അങ്ങനെ തന്നെയാണ്.

ഖുര്‍ആനോടുള്ള സമീപനത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഖുര്‍ആന്‍ ഓതുമ്പോള്‍ നാം വായനക്കാരനല്ല, മറിച്ച് ശ്രോതാവായിരിക്കണം എന്നതാണ് ഒന്നാമത്തേത്. ഖുര്‍ആനോടുള്ള നമ്മുടെ സമീപനം അല്ലാഹുവിനോടുള്ള സ്‌നേഹത്തില്‍ നിന്നും ഉണ്ടാവുന്നതായിരിക്കണം. ഓരോ രാത്രിയും ലോകത്ത് കോടിക്കണക്കിന് രൂപയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ സിംഹഭാഗവും പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കുന്നതിനായി ചെലവഴിക്കപ്പെടുന്നതാണ്. പ്രിയപ്പെട്ടവരുടെ ശബ്ദം കേള്‍ക്കള്‍ സ്‌നേഹം നമ്മോട് താല്‍പര്യപ്പെടുതാണ്. സ്‌നേഹമുള്ളവരുടെ വര്‍ത്തമാനം കേള്‍ക്കാന്‍ താല്‍പര്യമുണ്ടാവുന്നത് സ്വാഭാവികമാണ്. ‘അല്ലാഹുവിനോട് അങ്ങേയറ്റത്തെ സ്‌നേഹം പുലര്‍ത്തുന്നവരാണ് സത്യവിശ്വാസികള്‍’. അല്ലാഹുവെ അതിരറ്റ് സ്‌നേഹിക്കുന്നവര്‍ക്ക് സ്വാഭാവികമായും അല്ലാഹുവിന്റെ സംസാരം കേള്‍ക്കാന്‍ കൊതിയുണ്ടാവും. ആ കൊതിയായിരിക്കണം നമ്മെ ഖുര്‍ആനിലേക്ക് അടുപ്പിക്കേണ്ടത്. ഖുര്‍ആന്‍ അല്ലാഹുവിന്റെ സംസാരമാണെന്നത് സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട കാര്യമാണ്.

അല്ലാഹുവിന്റെ സംസാരം കേള്‍ക്കുമ്പോള്‍ നാം അതിനോട് പ്രതികരിക്കണം. അതാണ് പ്രവാചക ജീവിതത്തില്‍ നിന്ന് മനസ്സിലാവുന്നത്. سَبِّحِ اسْمَ رَبِّكَ الأَعْلَى എന്ന ആയത്ത് ഇറങ്ങിയപ്പോഴാണ് നബി സുജൂദില്‍ سبحان ربي الاعلى പതിവാക്കിയതെന്നും فسبح بحمد ربك العظيم എന്ന സൂക്തം അവതരിച്ചപ്പോഴാണ് നബി(സ) റുകൂഇല്‍  سبحان ربي العظيم എന്ന് ചൊല്ലിയെന്നും കാണാം. സാധാരണ നാം ഓതുമ്പോള്‍ ഇങ്ങനെ പ്രതികരിക്കല്‍ അഭികാമ്യവും പാരായണ മര്യാദയില്‍ പെട്ടതുമാണ്.أليس الله بأحكم الحاكمين എന്ന് പാരായണം ചെയ്യുമ്പോള്‍ بلى وأنا على ذلك من الشاهدين എന്ന് വിളിക്കുത്തരം ചെയ്യുന്ന പോലെ പ്രതികരിക്കണമെന്ന് തഫ്‌സീറുകളില്‍ കാണാം. ഇത്തരത്തില്‍ ഭക്തിപൂര്‍വം ഖുര്‍ആനോട് പ്രതികരിക്കുന്ന സ്വഭാവം നാം വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

ഖുര്‍ആന്‍ ഓതുമ്പോല്‍ സാവധാനം അതിനെ കുറിച്ച് ചിന്തിച്ചും ആലോചിച്ചും ഓതണമെന്നതാണ് രണ്ടാമത്തെ കാര്യം. ഖുര്‍ആന്‍ എപ്പോഴും എണ്ണത്തേക്കാള്‍ ഗുണത്തിനാണ് പ്രാധാന്യം നല്‍കിയിട്ടുള്ളതെന്ന് കാണാം. ”മരണവും ജീവിതവുമുണ്ടാക്കിയവന്‍ നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍.” (അല്‍മുല്‍ക്: 2)
”ഭൂമിക്കു മുകളിലുള്ളതെല്ലാം നാം അതിന് അലങ്കാരമായി പടച്ചതാകുന്നു; മനുഷ്യരില്‍ ഏറ്റവും നന്നായി കര്‍മം ചെയ്യുന്നവരാരെന്നു പരീക്ഷിക്കാന്‍വേണ്ടി.” (അല്‍കഹ്ഫ്: 7)
ഖുര്‍ആന്‍ മുന്തിയ പരിഗണന നല്‍കുന്നത് ഗുണമേന്മക്കാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. അത് കഴിഞ്ഞിട്ടുള്ള പരിഗണന മാത്രമാണ് എണ്ണത്തിനും അളവിനുമുള്ളത്. പലപ്പോഴും നാം തിരക്കിട്ട് ഓതിതീര്‍ക്കുമ്പോള്‍ അതിന്റെ ഗുണമേന്മയാണ് കൈമോശം വരുന്നത്. അതിനായി നാം ഖുര്‍ആന്റെ ഭാഷ പഠിക്കാന്‍ സാധ്യമാകുന്നത്ര പഠിക്കാന്‍ ശ്രമിക്കണം. വേണ്ടതും വേണ്ടാത്തതുമെല്ലാം പഠിക്കാനും സ്വായത്തമാക്കാനും ആവശ്യത്തിലേറെ വ്യഗ്രത കാണിക്കുന്നവരാണല്ലോ നമ്മള്‍. ഇഹത്തിലും പരത്തിലും നമുക്ക് ഉപകാരപ്പെടുന്ന ഖുര്‍ആന്റെ ഭാഷ പഠിക്കുന്നതില്‍ നാം കാണിക്കുന്ന ഉദാസീനത എത്രയും പെട്ടന്ന് അവസാനിപ്പിക്കേണ്ടതാണ്. ഖുര്‍ആന്‍ മൂലഗ്രന്ഥത്തില്‍ നിന്ന് ആസ്വദിക്കുന്നത് പോലെ പരിഭാഷകളില്‍ നിന്ന് ആസ്വദിക്കാനാവില്ല. ഖുര്‍ആന്റെ പൂര്‍ണ ചൈതന്യം ഉള്‍ക്കൊള്ളണമെങ്കില്‍ അതിന്റെ മൂലഗ്രന്ഥത്തില്‍ നിന്ന് തന്നെ വായിക്കണമെന്ന് ഖുര്‍ആനുമായി അത്ര നല്ല ബന്ധമില്ലാത്ത വില്യം മൂര്‍ വരെ പറഞ്ഞിട്ടുണ്ട്. إِنَّا نَحْنُ نُحْىِۦ وَنُمِيتُ وَإِلَيْنَا ٱلْمَصِيرُ എന്ന സൂക്തമാണ് അതിന് ഉദാഹരണമായി അദ്ദേഹം എടുത്തു കാണിച്ചിട്ടുള്ളത്. ഇതിലെ ആറ് പദങ്ങളില്‍ അഞ്ച് ‘നാം’ വന്നിട്ടുണ്ട്. ഇങ്ങനെ അഞ്ച് ‘നാം’ ഇത്ര ശക്തമായും ഭംഗിയായും അവതരിപ്പിക്കാന്‍ മറ്റൊരു ഭാഷയിലും സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്.

അറബി ഭാഷ പഠിക്കുകയെന്നത് ഉത്സാഹിച്ചാല്‍ നടക്കാത്ത കാര്യമല്ല. കാരണം ബാങ്കിന്റെ ശബ്ദം പോലും കേട്ടിട്ടില്ലാത്ത എത്രയോ ആളുകള്‍ അത് സ്വായത്തമാക്കിയത് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ തന്നെ നമുക്ക് കാണാം. മുഹമ്മദ് അസദ്, മെര്‍മഡ്യൂക് പിക്താള്‍, മര്‍യം ജമീല തുടങ്ങിയ പ്രശസ്തര്‍ അക്കൂട്ടത്തിലുണ്ട്. പ്രശസ്തരല്ലാത്ത നിരവധി പേര്‍ വേറെയും ഉണ്ടാവും. ഇവരെല്ലാം ഇസ്‌ലാം സ്വീകരിച്ച് അറബി ഭാഷയും ഖുര്‍ആനും പഠിച്ച് ഖുര്‍ആന് പരിഭാഷ എഴുതി എന്ന് പറയുന്നത് ‘ഖുര്‍ആന്‍ എളുപ്പമാക്കി’ എന്നതിന്റെ തെളിവാണ്. ഏറ്റവും ചുരുങ്ങിയത് ഓതിയാല്‍ അതിന്റെ ആശയം ഗ്രഹിക്കാനുള്ള നിലവാരത്തിലെങ്കിലും നാം എത്തണം.

ഒരു തോട്ടമുടമ അതിലെ ജോലിക്കാരന് വേണ്ട നിര്‍ദേശങ്ങള്‍ ഒരു കുറിപ്പായി എഴുതി നല്‍കിയിരിക്കുകയാണ്. അവന്‍ തോട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം അതില്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. വിശ്വസ്തനായ ആ ജോലിക്കാരന്‍ ആ കുറിപ്പ് വായിച്ച് വൈകുന്നേരം വരെ തോട്ടത്തിലൂടെ ഓടി നടക്കുകയാണ്. ഇതാണ് പലരുടെയും ഖുര്‍ആന്‍ പാരായണത്തിന്റെ അവസ്ഥ. ഈയൊരു അവസ്ഥക്ക് മാറ്റം വരുത്താന്‍ നാം തയ്യാറാവേണ്ടതുണ്ട്.

തയ്യാറാക്കിയത്: നസീഫ്‌

Related Articles