Current Date

Search
Close this search box.
Search
Close this search box.

വ്യക്തിസ്വാതന്ത്ര്യം ഖുര്‍ആനില്‍

freedom.jpg

വ്യക്തിസ്വാതന്ത്ര്യമെന്നത് ഓരോരുത്തര്‍ക്കും നിര്‍ബന്ധമായും ലഭിക്കേണ്ട ഒന്നാണെന്നാണ് ഖുര്‍ആനിക വീക്ഷണം. നിര്‍ഭയമായി രാജ്യത്തിനകത്ത് സഞ്ചരിക്കുന്നതിനും രാജ്യത്തിന് പുറത്ത് പോവുന്നതിനുമുള്ള സ്വാതന്ത്ര്യമാണ് വ്യക്തി സ്വാതന്ത്ര്യം കൊണ്ടുദ്ദേശിക്കുന്നത്. ന്യായമായ കാരണമൊന്നും ഇല്ലാതെ അവനെ തടഞ്ഞു വെക്കാന്‍ പാടില്ല. അല്ലാഹു പറയുന്നത് കാണുക:
‘നിങ്ങള്‍ അതിരുവിടരുത്, അതിരുവിടുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ലെന്ന് തീര്‍ച്ച.’ (അല്‍-ബഖറ : 190)
‘അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുന്നില്ല.’ (ആലുഇംറാന്‍ : 3)

‘ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശം വിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു.’ (അല്‍-മാഇദ : 32) ഒരു വ്യക്തിക്ക് നേരം കയ്യേറ്റം നടത്തുന്നതിനെയാണ് ഈ സൂക്തങ്ങളെല്ലാം നിഷിദ്ധമാക്കുന്നത്. അതില്‍ മുസ്‌ലിമെന്നോ നിഷേധിയെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവൊന്നും കല്‍പ്പിക്കുന്നില്ല. അബൂദര്‍റ്(റ) ഉദ്ധരിക്കുന്ന ഖുദ്‌സിയായ ഹദീസ് വ്യക്തമാക്കുന്നതും അത് തന്നെയാണ്. ‘തന്റെ നാഥന്‍ പറയുന്നതായി പ്രവാചകന്‍(സ) പറഞ്ഞു: ‘അല്ലയോ അടിമകളേ, അക്രമത്തെ ഞാന്‍ എന്റെ മേല്‍ നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ക്കിടയിലും നാം അതിനെ നിഷിദ്ധമാക്കി. അതിനാല്‍ നിങ്ങള്‍ പരസ്പരം അക്രമം പ്രവര്‍ത്തിക്കരുത്.’ (മുസ്‌ലിം)

അപ്രകാരം അതിക്രമം പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അതിക്രമിയെ തടഞ്ഞുനിര്‍ത്തല്‍ അതിക്രമം വെടിയുന്നത് പോലെ നിര്‍ബന്ധമാണ്. അല്ലാഹു പറയുന്നു: ‘നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്കു വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല.’ (അല്‍-മാഇദ : 2) ‘ഈ അക്രമികളുടെ പക്ഷത്തേക്ക് ചാഞ്ഞുപോകരുത്. ചാഞ്ഞുപോയാല്‍ നരകീയ ശിക്ഷയില്‍ അകപ്പെടും.’ (ഹൂദ് : 112) അനസ്(റ) ഉദ്ധരിക്കുന്ന ഹദീസും സമാനമായ ആശയം തന്നെയാണ് ഉയര്‍ത്തുന്നത്. നബി(സ) ഒരിക്കല്‍ പറഞ്ഞു :  ‘അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും നിന്റെ സഹോദരനെ നീ സഹായിക്കുക.’ അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു : അല്ലാഹുവിന്റെ ദൂതരേ, അക്രമിക്കപ്പെട്ടവനെ ഞങ്ങള്‍ സഹായിക്കുന്നു, എന്നാല്‍ അക്രമിയെ എങ്ങനെ സഹായിക്കും? അപ്പോള്‍ നബി(സ) മറുപടി കൊടുത്തു: ‘അവന്റെ കൈക്ക് പിടിക്കണം.’

വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് വീടുകളുടെ പവിത്രത. വീടും അതിന്റെ സ്വകാര്യതയും ഖുര്‍ആന്‍ അംഗീകരിച്ചു കൊടുത്തിട്ടുള്ള കാര്യമാണ്. അനുവാദമില്ലാതെ മറ്റൊരാളുടെ വീട്ടില്‍ പ്രവേശിക്കുന്നത് ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്. ഒരാളുടെ വീടിനെ കുറിച്ച് ചുഴിഞ്ഞന്വേഷണം നടത്തുന്നതും, വാതിലിന് പിന്നില്‍ നിന്ന് കാര്യങ്ങള്‍ ഒളിഞ്ഞ് കേള്‍ക്കുന്നതും ഖുര്‍ആന്‍ വിലക്കിയിരിക്കുന്നു. ഖുര്‍ആന്‍ പറയുന്നു: ‘അല്ലയോ വിശ്വസിച്ചവരേ, നിങ്ങളുടേതല്ലാത്ത വീടുകള്‍ക്കകത്ത് പ്രവേശിക്കാതിരിക്കുവിന്‍ ആ വീട്ടുകാരുടെ സമ്മതമറിയുകയും അവര്‍ക്കു സലാം പറയുകയും ചെയ്യുന്നതുവരെ. ഈ സമ്പ്രദായമാകുന്നു നിങ്ങള്‍ക്കുത്തമമായിട്ടുള്ളത്. മറ്റൊരിടത്ത് പറയുന്നു : ‘അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.’ (അല്‍-ഹുജുറാത് : 1) എന്നാല്‍ പവിത്രത പിച്ചിചീന്തപ്പെടുന്ന അവസ്ഥയില്‍ ചുഴിഞ്ഞന്വേഷിക്കാന്‍ അനുവാദംനല്‍കുന്നുണ്ട്.

മറ്റൊരാളുടെ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നു കയറ്റം നടത്തുന്ന് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അത് ചെയ്യുന്നത് എന്തു കാരണത്തിന്റെ പേരിലായാലും ഇസ്‌ലാം വിലക്കുന്നു. അതിലാണ് അവന്റെയും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും മുഴുവന്‍ മനുഷ്യരുടെയും നന്മ കുടികൊള്ളുന്നത്.

വിവ : നസീഫ്‌

Related Articles